Translate

Sunday, May 27, 2018

KCPAI Trust Bill നിയമമാക്കല്‍ എന്തുകൊണ്ട് ഒരു സാമൂഹികബാദ്ധ്യത ആവുന്നു?

ടി. ജെ. ജോസഫ് (ഫേസ്ബുക്കിൽനിന്ന്) 

കുറെ നാളുകളായി എന്റെ മനസ്സില്‍ കൂടുകെട്ടിയ ഒരു വിഷയമാണിത്. കേരളത്തിലെ ക്രിസ്ത്യാനികളുടെ പൊത് സ്വത്ത് എന്നവര്‍ ധരിച്ചിരിക്കുന്നതും തങ്ങളുടെസ്വകാര്യ സ്വത്ത് എന്ന് മെത്രാന്‍മാര്‍ തെറ്റിദ്ധരിച്ചിരിക്കുന്നതുമായ സഭാ വക സ്വത്തുക്കളുടെ ഭരണനിയന്ത്രണാവകാശം, ടി വഹകളുടെ ക്രയവിക്രയങ്ങളില്‍ രജിസ്‌ട്രേഷന്‍ (വേറെ നിവൃത്തിയില്ലാത്തതുകൊണ്ട്) നിയമങ്ങള്‍ പാലിക്കപ്പെടുന്നു എന്ന ഒറ്റക്കാര്യമൊഴിച്ച് ഒന്നിലും ഒരിടത്തും സുതാര്യമായല്ല നിര്‍വഹിക്കപ്പെടുന്നത്.

കത്തോലിക്കാസഭയില്‍, കൂരിയ, ഫിനാന്‍സ് കൗണ്‍സില്‍, കണ്‍സള്‍ട്ടേഴ്‌സ് ഫോറം, പ്രീസ്‌ററ്‌സ് കൗണ്‍സില്‍ എന്നിവയാണ് ഭരണഭാഗ്യ വിധാതാക്കള്‍. പാസ്റ്ററല്‍ കൗണ്‍സില്‍ എന്ന നപുംസകജന്മത്തെ ഈ കൂട്ടത്തില്‍ വിശുദ്ധ കാനോന്‍ കൂട്ടിയിട്ടില്ല. അകലം നിഴല്‍പ്പാട് വീഴാത്തയിടം. മുന്‍പ് പറഞ്ഞ, വലിയ മൂപ്പന്‍മാരുടെ സംഘംചേരല്‍ അതിന്റെ ഘടനയിലുള്ള നോമിനേഷന്‍ മൂലം, പ്രയോഗത്തില്‍ 'ഞാനുമെന്റെ നാല്പതു പേരു'മാവുന്നു. ഒരു നിയമക്കുറിപ്പ് ഞാന്‍ വായിച്ചു, അറിയാതെ ചിരിച്ചുംപോയി.  ഫിനാന്‍സ് ഓഫീസര്‍ (പ്രൊക്യുറേററര്‍) പോസ്റ്റിലേക്ക് വേണമെങ്കില്‍ അല്മേനിയെയും  ആവാമെന്ന്!

വസ്തുതകള്‍ ഇങ്ങനെയിരിക്കെ, സഭാസ്വത്തുക്കളുടെ ഭരണകാര്യങ്ങളില്‍ ക്രൈസ്തവസഭകളിലെ ആകെ മൊത്ത ജനസംഖ്യയില്‍ 99% വരുന്ന സിമ്പിളും ഓര്‍ഡിനറിയുമായ വിശ്വാസികള്‍ക്ക്, അവരുടെ മാതാ  പിതാക്കന്‍മാര്‍ വിയര്‍പ്പേറെ ഒഴുക്കി നേടിയ, അവരിപ്പോഴും ഒഴുക്കി നിലനിറുത്തിപ്പോരുന്ന സഭാ സ്വത്തുക്കള്‍ ഭരിക്കുന്ന കാര്യങ്ങളില്‍ ഒരവകാശവുമില്ല എന്നതാണ് എതിര്‍ക്കപ്പെടേണ്ട, സിവിലോ ക്രിമിനലോ (സിവില്‍! സിവില്‍, സിവില്‍ മാത്രമെന്ന് ഇന്നലെ വെളിച്ചപ്പെട്ട) ആയ കുറ്റം (ക്രൈം) നമ്പർ  ഒന്ന്.

ഈ െ്രെകമിനെ കൈകാര്യം ചെയ്യാന്‍, നിര്‍ഭാഗ്യവശാല്‍, ഭരണഘടനയില്‍ ക്രൈസ്തവനൊരു നിയമത്തിന്റെ കുറവുണ്ട്. നിയമം എന്നുവച്ചാല്‍ഭാരതത്തില്‍, ഇന്‍ഡ്യന്‍ പാര്‍ലമെന്റോ, സംസ്ഥാനനിയമസഭകളോ പാസ്സാക്കിയെടുത്ത നിയമമെന്തോ അത്. ജ. കെ. ടി. തോമസ്, അതു ഭംഗിയായി വ്യക്തമാക്കിയിട്ടുണ്ട്.

അതിനു വേറെ കൊടിതോരണങ്ങളൊന്നുമില്ല. അതാണ് നിയമം,അതു മാത്രമായിരിക്കണം നിയമം, അതല്ലാതെ മറ്റൊന്നുമായികൂടാ നിയമം. അതില്ലാത്ത അവസ്ഥയെ അരാജകത്വം, നിയമവാഴ്ചയുടെ ശവപ്പറമ്പ് എന്നൊക്കെ വിളിക്കാം. ഇതാണ് ക്രിസ്ത്യന്‍ മത ചുറ്റുവട്ടം ഇന്ന്.

ഇനി തലക്കെട്ടിലേക്കു വരാം:

എങ്ങനെ, എന്തുകൊണ്ട് ക്രിസ്ത്യാനി ഒഴിച്ചുള്ള നാനാജാതി മതസ്ഥര്‍ക്കും നിയുക്ത KCPAIT ബില്ലില്‍ താല്പര്യമുണ്ടാവണം? ഒരു ചര്‍ച്ചയാവാം.

ഇന്ന്, കേരളത്തിലെ സഭകള്‍ക്ക്, (തിരിച്ചു കണക്കുകള്‍ അധികാരികള്‍ പറയുമെങ്കിലും) ഏറ്റവും കൂടുതല്‍ പാല്‍ ചുരത്തുന്ന പശുവാണ് വിദ്യാഭ്യാസമേഖല. ഇതില്‍ സസ്സഹായ(aided)ങ്ങളും നിസ്സഹായ(unaided)ങ്ങളുമുണ്ട്. ഇതിലെ aided മേഖലയിലെ ആവര്‍ത്തനച്ചിലവുകളിലെ ഭീമന്‍ അംശം ജീവനക്കാരുടെ ശമ്പളമാണ്. ഇത് പരിപൂര്‍ണ്ണമായും പോവുന്നത് സര്‍ക്കാര്‍ ഖജനാവില്‍നിന്നാണ്. കേരളത്തില്‍ നോട്ടടി ഇല്ല. റവന്യു ചെലവുകള്‍ക്ക്, റവന്യു വരവ് വേണം. ഡെഫിസിറ്റ് ഫിനാന്‍സ് അന്തവും കുന്തവുമില്ലാതെ തോന്നുംപടി ആവാനും പാടില്ല. നികുതിയേതര വരുമാനം വട്ടച്ചെലവിനു പോലും തികയുകയുമില്ല. കേന്ദ്രാവിഷ്‌കൃത പദ്ധതിപ്പണം വകുപ്പു മാറി ചിലവഴിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പ്രകൃതിക്ഷോഭ -ദുരിതാശ്വാസഫണ്ടൊക്കെ ചില്ല്വാനങ്ങളെ ആവൂ. അതില്‍ തൊട്ടാലും ചോദിക്കാനാളുള്ള നാടാണു നമ്മുടെത്. മേല്‍പ്പടി കാരണങ്ങള്‍ കൊണ്ട് ചുങ്കം മാത്രം ശരണം ഗച്ഛാമി!!

അതുകൊണ്ടാണ് തീപ്പെട്ടി മുതല്‍ തീവെട്ടിക്കൊള്ള വരെയുള്ള സകല ഇനങ്ങള്‍ക്കും, ഫോബ്‌സിലോ ഫോര്‍ച്യൂണിലോ ഒക്കെക്കയറിയ യൂസഫ് അലി മുതല്‍ കുപ്പമാടത്തില്‍ കുഞ്ഞവറാന്‍ വരെ നികുതി അടയ്‌ക്കേണ്ടി വരുന്നത്. ഈ നികുതിപ്പണം കൊണ്ടു വേണം, റോഡ്, തോട്, കുളം, പാലം, വെയിറ്റിങ്ങ് ഷെഡ്ഡുകള്‍, ശൗചാലയങ്ങള്‍, മെഡിക്കല്‍ തൊട്ടു കാന്‍സര്‍ സെന്റര്‍ വരെയുള്ളവ പണിയാനും, ക്ഷേമ പെന്‍ഷനുകളുടെ വിതരണം മുതല്‍ നമ്മുടെ കുഞ്ഞുകുട്ടികളുടെ സ്‌കൂള്‍ ഭക്ഷണ വിതരണം വരെയുള്ളവ നിറവേറ്റാനും. ഈ വികസനോന്മുഖ  ക്ഷേമ ചെലവുകള്‍ക്കു പുറമേയാണ് സര്‍ക്കാര്‍ മെഷിനറി ചലിപ്പിക്കുന്ന ജോലിക്കാര്‍ക്കുള്ള വേതനത്തിനുള്ള ഭീമന്‍ തുക.

ഈ ചെലവിനത്തില്‍ ഗണനീയമായ ഒരംശം വിദ്യാഭ്യാസ മേഖലയിലേക്കു അദ്ധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കുമായുള്ള വേതനമായി ഒഴുകുന്നു. ഒഴിച്ചുകൂടാനാവാത്തതാണത്. കേരളത്തിലെ പ്രത്യേകപരിതസ്ഥിയില്‍ സര്‍ക്കാരേതര വിദ്യാഭ്യാസ മേഖലയുടെ, പ്രത്യേകിച്ച് ക്രിസ്ത്യന്‍ സഭകളുടെ, പങ്ക് നിര്‍ണ്ണായകവും വിലപ്പെട്ടതുമായിരുന്നു എന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. പണ്ടവര്‍ സ്ഥാപിച്ച സ്‌കൂള്‍/കോളജുകളിലൊക്കെഫീസേകീകരണത്തിന്റെ ചെലവില്‍, സര്‍ക്കാരില്‍ നിക്ഷിപ്തമായി ശമ്പളം കൊടുക്കല്‍. നിയമനാവകാശം സ്വകാര്യ മാനേജര്‍ക്കുതന്നെ കിട്ടുകയും ചെയ്തു. കൂടാതെ ന്യൂനപക്ഷ പരിരക്ഷയും.

ക്രിസ്ത്യന്‍ സഭകള്‍ക്കു കീഴിലുള്ള സ്‌കൂള്‍/കോളജുകളിലെ നിയമനങ്ങള്‍ മറ്റു പ്രൈവറ്റ്  മാനേജ്‌മെന്റുകളിലേതിനേക്കാള്‍ സുതാര്യമാണോ, അസുതാര്യമാണോ എന്നതിനെക്കാള്‍ ഞാനിവിടെ പരാമര്‍ശനവിഷയമാക്കുന്നത്, ആയിടങ്ങളിലെ അദ്ധ്യാപക-അനദ്ധ്യാപകര്‍ക്കുള്ള ശമ്പളം നല്‍കലിനെക്കുറിച്ചാണ്.ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ, ഏറ്റവും കുറഞ്ഞത് ഇരുപത്ശതമാനം പേരെങ്കിലും, വൈദികരോ, സന്യസ്തരോ ആയിരിക്കും.മറു ജീവനക്കാര്‍ക്കെന്നതു പോലെപൊതുഖജനാവിലെ പൊതുപണത്തില്‍ നിന്ന് സര്‍ക്കാര്‍ അവരുടെ സേവനത്തിനു പ്രതിഫലം കൊടുക്കുന്നു. ഇത്രയും ആകെ മൊത്തം ശരി.

 ക്രൈം നമ്പർ : 2

ഒരു സെക്യുലര്‍ രാഷ്ട്രത്തില്‍ നടക്കാന്‍ പാടില്ലാത്ത ഒരു ശരികേടാണ് ഞാനിനി പൊതുചര്‍ച്ചയ്ക്കു വിട്ടുതരുന്നത്. ഒരുദാഹരണം. ഒരു കത്തോലിക്കാ പുരോഹിതന്‍, സന്യാസി, സന്യാസിനി  കോളജ് അദ്ധ്യാപകന്‍ എന്നു സങ്കല്പിക്കുക. അയാള്‍ക്ക് / അവര്‍ക്കു കുടുംബമില്ല; പ്രാരാബ്ധമായുള്ളത് ആത്മീയ ജീവിതത്തിന്റെ തിക്കുമുട്ടലുകള്‍ മാത്രം. ഈ മനുഷ്യജീവി, സര്‍ക്കാരില്‍നിന്നു നികുതിക്കു ശേഷംലഭിക്കുന്ന രൂപ എന്തു ചെയ്യുന്നു.? രൂപതക്കാരനെങ്കില്‍ രൂപതയില്‍ അടയ്ക്കുന്നു; സന്യാസിയെങ്കില്‍, അയാളുടെ / അവരുടെ റിലീജിയസ് കമ്യൂണിറ്റിയുടെ തലവനെ ഏല്പിക്കുന്നു.

ഇനി ഇതിലെ ശരികേടെന്തെന്നു നോക്കൂ. രൂപതാ / സന്യാസ ആസ്ഥാന ഫണ്ടിലേക്കു പോകുന്ന പൊതു ഖജനാവിലെ പണം എന്തിനുപയോഗിക്കുന്നു? ഒരു ഭാഗം, തീര്‍ച്ചയായും സേവനം നല്കി വേതനം നേടിയ
ആള്‍ക്കു ചെലവിനു കൊടുക്കുന്നതിനായി ഉപയോഗിക്കുന്നുണ്ടാവണം. അയാള്‍ക്കു കുടുംബമില്ലെങ്കിലും മറ്റു ചെലവുകളുണ്ടാവുമല്ലൊ.

ബാക്കിയോ, അത് സഭയുടെ മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് - അവ ചാരിറ്റിയാകാം, കൃഷിയാകാംപള്ളിപണിയാവാം, വൈദികരോ, ബിഷപ്പു മാരോ ഉള്‍പ്പെടുന്ന കേസുകളുടെ നടത്തിപ്പിനാകാം, തിരുമേനിക്ക് പുതിയ കാറ് വാങ്ങാനാകാം, മററു മതസ്തരുടെയിടയില്‍ വചനപ്രഘോഷണത്തിനുമാവാം - ആരോടും കണക്കു പറയാന്‍ ബാദ്ധ്യസ്ഥതയില്ലാത്ത സഭയുടെ ലേബലൊട്ടിച്ച എന്തിനുമേതിനുമാവാം. ഇവിടെയാണ് ക്രൈംനമ്പർ : 2-ന്റെ കാതല്‍.

അപ്പോള്‍, ഞാനുന്നയിക്കുന്ന പ്രശ്‌നമിതാണ്, തലയില്‍മീന്‍ കുട്ട ചുമന്നു നാടാകെ നടന്ന് മീന്‍ വില്‍പന നടത്തുന്ന കാര്‍ത്യായനി ചേച്ചി, എല്ലാ ദിവസവും മുടങ്ങാതെ ഔസേഫു പിതാവിന്റെ രൂപത്തിനു മുന്‍പില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന കുറ്റിയില്‍ സ്വമേധയാ നിക്ഷേപിക്കുന്ന അഞ്ചു രൂപ തുട്ടിനു പുറമേ, ഉച്ചതിരിഞ്ഞു വീടണയും മുന്‍പ് അവര്‍ വാങ്ങുന്ന ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സര്‍വസാധനങ്ങളുടേയും മേലുള്ള നികുതിപ്പണത്തിന്റെ ഒരംശം, ഒരു പുരോഹിത കന്യാസ്ത്രീ ജീവനക്കാരന്‍ /കാരിയിലൂടെ ആ ചേച്ചിക്ക് ഒരു ബന്ധവുമില്ലാത്ത വേറൊരു മതത്തിന്റെ ഭണ്ഡാരത്തിലേക്ക് വേഷപ്പകര്‍ച്ച നടത്തി കടന്നുപോകുന്നു.

ഈ അനീതി നാളേറെയായി ഇവിടെ അരങ്ങു തകര്‍ത്താടിയിട്ടും, മറ്റൊരു മതസ്ഥനും ഇതിനോട് പ്രതികരിക്കാത്തത് എന്ത് എന്ന് ഞാന്‍ ആശ്ചര്യപ്പെട്ടിട്ടുണ്ട്. ഒരു പക്ഷേ, ഉപേക്ഷ കൊണ്ടാവാം, അല്ലെങ്കില്‍, എന്തിനു മറ്റൊരു കൂട്ടരെ അലോരസപ്പെടുത്തണമെന്ന നല്ലചിന്തകൊണ്ടാവാം.

ഏതായാലും, ഏതെങ്കിലും ഒരു നാളില്‍, ആരെങ്കിലുമൊരു മനുഷ്യന്‍ ഏതെങ്കിലുമൊരരമന (!) യുടെയോ, പ്രൊവിന്‍ഷ്യാള്‍ ഹൗസിന്റെയോ മുന്നില്‍ ചെന്ന്, തട്ടിപ്പറിയ്ക്കപ്പെട്ട തന്റെ വിഹിതം ചോദിച്ചാല്‍, മെത്രാച്ചന്‍/പ്രൊവിന്‍ഷ്യാള്‍, ഗോവിന്ദമേനോനായി, 'ഇന്നാ തന്റെ വീതം അഞ്ചു രൂപ'എന്നു പറയുന്നിടത്തു സംഗതികള്‍ എത്തിക്കാതിരിക്കാനും കൂടിയാണ് നമ്മള്‍, ക്രിസ്ത്യാനികള്‍ക്ക്, ജനാധിപത്യപരമായും സുതാര്യമായും നമ്മുടെ സഭാ വക ഭൗതികവസ്തുക്കള്‍ ഭരിക്കാന്‍ ഒരു നിയമനിര്‍മ്മാണത്തിന്റെ ആവശ്യകത ഉയര്‍ത്തുന്നത്.

ഞാന്‍ മുന്‍പ് കുറിച്ച പ്രസ്താവങ്ങള്‍ എന്റെ ബോധ്യമനുസരിച്ചുള്ളതാണ്; തെറ്റുകളോ കുറവുകളോ ഉണ്ടാവാം. പ്രതികരണങ്ങള്‍ വസ്തുനിഷ്ഠമാണെങ്കില്‍, തിരുത്തലുകള്‍ വരുത്താന്‍ ഞാന്‍ തയ്യാറാണ്‌.

No comments:

Post a Comment