Translate

Monday, May 21, 2018

അച്ചനെ പിടിച്ചു !


രണ്ടാഴ്ച്ച എനിക്കു മസ്കറ്റിൽ തങ്ങേണ്ടിവന്നു, എഴുതാനും വായിക്കാനുമൊന്നും പറ്റിയില്ല. അവിടുത്തെ യൂണിറ്റിലെ സർവ്വറിനു തകരാർ, ബാക്കപ്പ് ക്ലൗഡിൽ നിന്ന് റിക്കവർ ചെയ്യാൻ താമസം വന്നു; വല്യൊരു തലവേദനയായിപ്പോയി. അബുദാബിയിൽ മടങ്ങിയെത്തിയതേ നിവർന്നിരുന്നു; സ്ഥിരമായി എനിക്ക് പള്ളിവാർത്തകൾ തന്നുകൊണ്ടിരുന്നവർ നിരാശപ്പെടുത്തിയില്ല. കയ്യൂന്നിപ്പള്ളിയിൽ കോടികൾ (ബാക്കി പറയണോ?)! കൊരട്ടിപ്പള്ളിയിലെ ആറുകോടിയുടെ സ്വർണ്ണം പോയതാണോ അവിടൊരു കന്യാസ്ത്രി മുസ്ളീമിന്റെകൂടെ ഇറങ്ങിപ്പോയതാണോ കൊരട്ടിക്കാരെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നതെന്നു നിശ്ചയം പോരാ. അവർക്കതൊക്കെ ആദ്യമായിട്ടാ, ഞങ്ങടെ കാഞ്ഞിരപ്പള്ളിയിലെ ധ്യാനകേന്ദ്രത്തിൽ നിന്നൊരു കന്യാസ്ത്രി പോയത് കറവക്കാരന്റെ കൂടെയാ. ഉള്ളിൽക്കഴിയുന്നതിലും ഭേദം ഇതൊക്കെയാണെന്നിവർ കരുതിയതിൽ തെറ്റു പറയാൻ കഴിയുമോ?
ഷംഷാബാദിന്റെ കഥ കേട്ടാൽ ആർക്കും ​സങ്കടം വരും;  മെത്രാനെയാണെങ്കിൽ അവിടുള്ളവരിപ്പോൾ BRTS (Bishop Raphel Thattil of Shamashabad) എന്നാണു  ചുരുക്കത്തിൽ വിളിക്കുന്നതെന്ന് സബർമതിയിലെ എന്റെ കസിൻഅനിൽ പറഞ്ഞു. ആ  പേരിൽ അവി​ടെ ചന്തയൊന്നു​മില്ലല്ലൊ,  അവനെന്തിനാ എഴുതാപ്പുറം വായിക്കുന്നത്? ആ മെത്രാൻ എന്തേലും ചെയ്യട്ടെ. താഴത്തു മെത്രാനെപ്പോലെ ഒല്ലൂരുകാരു വരുന്നെന്നു കേട്ട് ആലപ്പുഴക്കു രാത്രിയിൽ വണ്ടിയോടിച്ചു പോകേണ്ടല്ലൊ, സ്വന്തം രൂപതയുടെ  നാലതിർത്തിയിലും സിഞ്ചെല്ലൂസുമാരുണ്ട്; എങ്ങോട്ടു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും എത്ര ദിവസത്തേനു വേണമെങ്കിലും മാറാൻ സൗകര്യവുമുണ്ട് - അഹമ്മദാബാദിനു മാത്രമല്ലെ പോകാൻ ​ഇത്തിരി സൂക്ഷിക്കേണ്ടതുള്ളൂ. ​അവരുടെയെല്ലാ  ചോദ്യങ്ങൾക്കും മറുപടി  പറയാം, അവിടെ പിരിച്ച കാശ് മെത്രാനറിഞ്ഞിട്ടാണോയെന്നു ചോദിച്ചാൽ എന്താ പറയുക? ഇന്നല്ലെങ്കിൽനാളെ ആ ചോദ്യത്തിനു മറുപടി പറയേണ്ടി വരും താനും. അതിനാണോ വികാരി ജനറാളിനെ നിയമിച്ചതെന്നറിഞ്ഞു കൂടാ. ഉള്ള പ്രോട്ടോ സിഞ്ചെല്ലൂസച്ചനാണേൽ മെത്രാന് ഡോക്റ്ററേറ്റ് കിട്ടിയടത്തുനിന്നു തന്നെയാ തനിക്കും  കിട്ടിയതെന്നു പറഞ്ഞു നടക്കുന്നു - വിഡ്ഢിത്തരം പറയുകയും ചെയ്യുന്നു. 
പാലാക്കാരൻ മലബാറിൽ ചാണാക്കുണ്ടിൽ താമസിക്കുന്ന ഔസേപ്പച്ചൻ വാട്സാപ്പിൽ തന്ന ഒരു വാർത്ത വായിച്ചു ഞാനും തരിച്ചിരുന്നു പോയി. അച്ചനെപിടിച്ചുവെന്നായിരുന്നു തലക്കെട്ട്. ഡാഷ് പള്ളിയിലെ അച്ചൻ ഡാഷ് പള്ളി പുതുക്കി പണിതു. കമ്മറ്റിക്കാർ നോക്കിയപ്പോൾ അയിലോക്കത്തെ പള്ളിക്കാവശ്യമായി വന്നതിന്റെ പകുതിക്കാശുപോലും ചിലവായിട്ടില്ല. അവരൊരു സൂഷ്മനിരീക്ഷണകമ്മറ്റി ഉണ്ടാക്കി, സാധനങ്ങൾ വാങ്ങിയ കടക്കാരെ സമീപിച്ചു; പക്ഷെ, അവിടെ നിന്നൊന്നും അച്ചൻ കമ്മീഷൻ വാങ്ങിയിട്ടുണ്ടായിരുന്നില്ല. വീട്ടുകാർ അടിച്ചുമാറ്റിയിട്ടുണ്ടോയെന്നന്വേഷിച്ചു,  അവരിപ്പോഴും കപ്പയും ഉണക്കമീനുമായി കഴിയുന്നെന്നു കണ്ടു. അവസാനം നേർച്ച സ്വണ്ണത്തിന്റെയും പിരിവിന്റെയുമൊക്കെ കണക്കെടുത്തു, അവിടെയും കിറു കൃത്യം.
എന്തെങ്കിലും അവിഹിതം? അതും കണ്ടില്ല.​
അവസാനം സൂഷ്മക്കമ്മറ്റി എല്ലാരും പോയ തക്കം നോക്കി രാത്രി പത്തുമണിയായപ്പോൾ അച്ചന്റെ മുറിയിൽച്ചെന്നു​; ഒരത്യാവശ്യ  കാര്യം പറയാനുണ്ടെന്നു പറഞ്ഞു. അച്ചനിറ​ങ്ങിവന്നപ്പോൾ  നാലുപേരും അച്ചന്റെ കാലിൽ. എണീൽപ്പിച്ചു കാര്യം ചോദിച്ചപ്പോൾ അവർ പറഞ്ഞത്രെ,
"പൊന്നു വികാരിയച്ചോ, അച്ചൻ എങ്ങിനെയെങ്കിലും ഇവിടെനിന്നും മാറ്റം വാങ്ങണം. അച്ചനെ പിടിക്കാൻ പറ്റിയില്ലെങ്കിൽ ഞങ്ങളെ കമ്മറ്റിക്കാരോടിക്കും. അച്ചനാണെങ്കിൽ കട്ടിരിക്കുമെന്നാ അവരുടെ കണക്ക്!"

No comments:

Post a Comment