Translate

Friday, May 11, 2018

മുഖ്യമന്ത്രിയെ ചിരിപ്പിച്ച ചര്‍ച്ച് ആക്റ്റ് 'മണിയടി'

ഓള്‍ കേരള ചര്‍ച്ച് ആക്റ്റ് ആക്ഷന്‍ കൗണ്‍സില്‍ മെയ് 22-നു തിരുവനന്തപുരത്തു നടത്താനിരിക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിനു മുന്നോടിയായി മുഖ്യമന്ത്രിക്കു നിവേദനം സമര്‍പ്പിച്ചു. മെയ് 10നു കുമളി എസ്.എന്‍. ഓഡിറ്റോറിയത്തില്‍ 'ബഹു. മുഖ്യമന്ത്രി സ. പിണറായി വിജയനുമായി കൂടിക്കാഴ്ച' എന്ന പരിപാടിയില്‍ വെച്ചാണ് AKCAAC ചെയര്‍മാനും ഇടുക്കി ജില്ലാ കോര്‍ഡിനേറ്ററായ ശ്രീ. ജോസഫ് പുരയ്ക്കലുംകൂടി മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചത്. വിദ്യുച്ഛക്തി വകുപ്പുമന്ത്രി ശ്രി എം.എം. മണിയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. 
ചര്‍ച്ച് ആക്റ്റ് നിയമമാക്കുന്ന കാര്യം ഓര്‍മ്മിപ്പിക്കാനാണ് തങ്ങള്‍ എത്തിയതെന്നു പറഞ്ഞ് നിവേദനം നല്‍കിയ ശേഷം 'പള്ളികളിലാകെ പ്രശ്‌നമാണല്ലോ സാറേ..., പള്ളിയിലെ മണിയെല്ലാം അടിച്ചു മാറ്റിയതിനാല്‍ ഇപ്പോള്‍ പള്ളികളില്‍ കൂട്ടയടിയാണ് നടക്കുന്നത്' എന്ന് ചെയര്‍മാന്‍ സൂചിപ്പിച്ചു. അതുകേട്ട മുഖ്യമന്ത്രിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. 'യാക്കോബായക്കാര്‍ വഴിയാധാരമായി. ഇതിനെല്ലാം പരിഹാരം ചര്‍ച്ച് ആക്റ്റ് നിയമമാക്കുകയാണ്. അങ്ങയില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. അതു വലിയ പ്രതീക്ഷയാണ്.' എന്നു ചെയർമാൻ പറഞ്ഞതും 'ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ സമര്‍പ്പിച്ചിരിക്കുന്ന ബില്ല് നിയമമാക്കിയാല്‍ മതിയല്ലോ' എന്ന് ജോസഫ് സാര്‍ ചൂണ്ടിക്കാണിച്ചതുമെല്ലാം ചെറുപുഞ്ചിരിയോടെ കേട്ടിരുന്ന അദ്ദേഹവും മന്ത്രി മണിയാശാനും ഞങ്ങളുടെ പ്രതീക്ഷയെ  ഉജ്വലിപ്പിച്ചു. ഹ്രസ്വമെങ്കിലും ദീപ്തമായ ആ കൂടിക്കാഴ്ച അവിസ്മരണീയമായി. മടങ്ങുമ്പോള്‍ മനസ്സില്‍ പ്രതിധ്വനിച്ചത് മുന്‍ മുഖ്യമന്ത്രിയുടെ വാക്കുകളായിരുന്നു, 'നിങ്ങളെന്നെ ഇവിടെ ഇരിക്കാന്‍ സമ്മതിക്കില്ലല്ലേ...!' ചര്‍ച്ച് ആക്റ്റിന്റെ കാര്യമേ മിണ്ടാതെ ഓടിനടന്നതിനാല്‍ അദ്ദേഹത്തിനിപ്പോള്‍ സുഖമായി ഇരിക്കാന്‍ കഴിയുന്നുണ്ടെന്നു കരുതുന്നു!

No comments:

Post a Comment