Translate

Friday, May 4, 2018

പുതിയ ചില ഉള്‍ക്കാഴ്ചകളും പ്രതീക്ഷകളും ഉയര്‍ത്തിയ ഒരു സുവര്‍ണമുഹൂര്‍ത്തം




ബാര്‍ യൂഹാനോന്‍ റമ്പാന്‍

രണ്ടു കാരണങ്ങളാല്‍ കേരളസഭയുടെ ചരിത്രത്തിലും ചര്‍ച്ച് ആക്ടിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും പുതിയ ചില ഉള്‍ക്കാഴ്ചകളും പ്രതീക്ഷകളും ഉയര്‍ത്തിയ ഒരു സുവര്‍ണമുഹൂര്‍ത്തമായിരുന്നു
, 2018 ഏപ്രില്‍ 28-ന് പാലായില്‍ നടന്ന KCRM-ന്റെ ചര്‍ച്ചാസമ്മേളനം. യാക്കോബായസഭാംഗങ്ങള്‍ക്ക് നീതിലഭിക്കാന്‍ ചര്‍ച്ച് ആക്ടല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്നു  തിരിച്ചറിഞ്ഞയാളാണ് ബാര്‍ യൂഹാനോന്‍ റമ്പാന്‍. ആ സഭയില്‍ മലങ്കര ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ചര്‍ച്ച് ആക്ട് ഇംപ്ലിമെന്റേഷന്‍ (MACCABI - മക്കാബി) എന്നൊരു പ്രസ്ഥാനത്തിനു രൂപംനല്കിയ അദ്ദേഹം AKCAAC-യുമായി സഹകരിച്ചു പ്രവര്‍ത്തിക്കാമെന്ന് പ്രഖ്യാപിക്കാന്‍ യോഗത്തില്‍ എത്തിയതായിരുന്നു, ഒന്നാമത്തെ കാരണം. 
സുപ്രീംകോടതിയില്‍നിന്നുണ്ടായിട്ടുള്ള ഒരു വിധിയുടെ ഫലമായി ഇടവകാംഗങ്ങളില്‍ ഭൂരിപക്ഷവും യാക്കോബായക്കാരാണെങ്കിലും പള്ളികളും പള്ളികളുടെ സ്വത്തുകളും ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വിട്ടുകൊടുക്കേണ്ട സാഹചര്യത്തെയാണ് യാക്കോബായസഭ ഇന്ന് നേരിടുന്നത്. തനിക്കു ബോധ്യം വന്നിട്ടുള്ള കാര്യം സഭാംഗങ്ങള്‍ക്കു ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ കഴിഞ്ഞാല്‍ ചര്‍ച്ച് ആക്ട് നടപ്പിലാക്കാന്‍ ആവശ്യപ്പെട്ട് തന്റെ സഭയില്‍നിന്ന് ധാരാളം സാധാരണക്കാര്‍  രംഗത്തുവരുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്. അവര്‍ക്ക് ബൗദ്ധികമായ പിന്തുണ നല്കാന്‍ അധികമാരും തന്റെ സഭയില്‍ അധികമാരുമില്ലെന്ന പരിമിതി ധാരാളം റിട്ട. പ്രൊഫസര്‍മാരും മറ്റും നേതൃത്വത്തില്‍ ഉള്ള KCRM-മായി സഹകരിക്കുന്നതിലൂടെ പരിഹരിക്കാനാവും എന്നാണ് തന്റെ പ്രതീക്ഷ എന്ന് അദ്ദേഹം വ്യക്തമാക്കി. സാധാരണക്കാരായ മക്കാബി പ്രവര്‍ത്തകര്‍ക്ക് ഉത്തേജനം പകരാന്‍ അവര്‍ക്കു കഴിയും എന്നു റമ്പാച്ചന്‍ പ്രത്യാശിച്ചു. ഓര്‍ത്തഡോക്‌സ് - യാക്കോബായ സഭകള്‍ തമ്മിലുള്ള പ്രശ്‌നകാരണം മെത്രാന്റെ ആധിപത്യത്തിന് ഓര്‍ത്തഡോക്‌സ് സഭാവിഭാഗം നല്കിയ ഊന്നലാണെങ്കിലും യാക്കോബായസഭയിലും ഇന്ന് മെത്രാന്മാര്‍ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ബൈബിളധിഷ്ഠിതമായി സഭാസ്വത്തുക്കള്‍ ഭരിക്കാന്‍ അവസരം നല്കുന്ന ചര്‍ച്ച് ആക്ട് നടപ്പിലാക്കേണ്ടത് എല്ലാ സഭകളുടെയും ആവശ്യമാണ്. യൂഹാനോന്‍ റമ്പാന്‍ വ്യക്തമാക്കി. 

രണ്ടാമത്തെ കാരണം, ഓരോ ഇടവകകളിലും ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍ യൂണിറ്റുകള്‍ ഉണ്ടാക്കിയാല്‍ അവയ്ക്ക് നടത്താവുന്ന നിയമാധിഷ്ഠിതവും ക്രൈസ്തവവുമായ ഒരു പ്രവര്‍ത്തനമാതൃക ഭരണങ്ങാനം ഇടവക സംരക്ഷണസമിതിയ്ക്കുവേണ്ടി ശ്രീ. പ്രിന്‍സ് പോള്‍ മാടപ്പള്ളിയും റോയി ജേക്കബ് പിണക്കാട്ടും അവതരിപ്പിച്ചതാണ്. വിരലിലെണ്ണാന്‍പോന്ന പ്രവര്‍ത്തകരേയുള്ളെങ്കിലും ഭരണങ്ങാനം ഇടവക സംരക്ഷണസമിതി ഏതാനും വര്‍ഷങ്ങള്‍കൊണ്ട് നേടിയെടുത്ത കാര്യങ്ങള്‍ (ബൈബിള്‍ കണ്‍വെന്‍ഷനിലെ ശബ്ദമലിനീകരണം, അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തിലെ നേര്‍ച്ചയപ്പവും ഭക്ഷ്യസുരക്ഷാനിയമവും, ഭക്തസാധനങ്ങളുടെ വില്പനയിലൂടെ നേടുന്ന കൊള്ളലാഭവും നികുതിവെട്ടിപ്പും, ഒരുവിധത്തിലും ലാഭകരമാക്കാനാവില്ല എന്നു ബോധ്യമുണ്ടായിട്ടും ചേര്‍പ്പുങ്കല്‍ സൂപ്പര്‍സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിനായി നടത്തുന്ന നിര്‍ബന്ധിതപിരിവ് മുതലായവയ്ക്കതിരെ നടത്തിയ കൂരിയായുമായുള്ള ചര്‍ച്ചകളും നിയമപോരാട്ടങ്ങളും വിജയവും) സ്വാഗതപ്രസംഗകന്‍ ചൂണ്ടിക്കാണിച്ചിരുന്നു.  അതിനാല്‍ പാലായിലെ സഭാധികാരികള്‍ക്ക് എതിര്‍ക്കാനാവാത്തവിധം തികച്ചും വിവരാധിഷ്ഠിതമായ ചില പ്രവര്‍ത്തനങ്ങളിലൂടെ ഉദ്ദേശിച്ച കാര്യങ്ങള്‍ സാധിച്ചതെങ്ങനെ എന്നു വിശദീകരിക്കുകയേ പ്രവര്‍ത്തകര്‍ ചെയ്തുള്ളു. സഭാധികാരികള്‍ ചെയ്ത നിയമവിരുദ്ധമായ കാര്യങ്ങള്‍, വിവരാവകാശമപയോഗിച്ച് സമ്പാദിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍, രൂപതാ കൂരിയായുടെ മുമ്പില്‍ ചൂണ്ടിക്കാണിച്ചും അത് ''ഈശോയ്ക്ക് ഇഷ്ടപ്പെട്ടിരിക്കുമോ'' എന്ന സൗമ്യമായ ചോദ്യം ചോദിച്ചുംകൊണ്ട് ഭരണങ്ങാനം ഇടവകസംരക്ഷണസമിതി നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ എല്ലാ സഭകളിലെയും വിശ്വാസികള്‍ അറിയുകയും അനുകരിക്കുകയും ചെയ്യേണ്ടതാണ്. മിക്ക ഇടവകകളിലെയും സ്ഥാവരസ്വത്തുകള്‍ ഓരോരോ കാലത്ത് ഇടവകയില്‍ നിയോഗിക്കപ്പെട്ടിരുന്ന കൈക്കാരന്മാരുടെ പേരില്‍ എഴുതിയിട്ടുള്ളതാണെന്നും കാലാകാലങ്ങളില്‍ കൈക്കാരന്മാരെ തെരഞ്ഞെടുക്കുന്നതു നിയമസാധുതയില്ലാത്ത വിധത്തിലാണെന്നും ഒക്കെ ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയ്ക്ക് തങ്ങള്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞെന്ന് സ്വാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ശ്രീ. പ്രിന്‍സ് വ്യക്തമാക്കി. അതിനാല്‍ത്തന്നെ നിലവിലുള്ള നിയമങ്ങളുപയോഗിച്ചുതന്നെ ചര്‍ച്ച് ആക്ട് കൊണ്ടുദ്ദേശിക്കുന്ന പല കാര്യങ്ങളും ഇടവകാംഗങ്ങള്‍ക്ക് നേടിയെടിക്കാനാവും. അപ്പോള്‍ ചര്‍ച്ച് ആക്ട് സഭാധികാരികളുടെകൂടി ആവശ്യമായി മാറും. 
തുടര്‍ന്ന് ശ്രീ റോയി പിണക്കാട്ട് ഓരോ ഇടവകയിലും വസ്തുതകളുടെ അടിസ്ഥാനത്തില്‍ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കാന്‍ ഒരാളെങ്കിലും തയ്യാറുണ്ടെങ്കില്‍ പ്രവര്‍ത്തനം വിജയിക്കുകതന്നെ ചെയ്യും എന്നു വ്യക്തമാക്കി. പാലാ രൂപതയിലെ കൂരിയാ അംഗങ്ങള്‍ പലവട്ടം ഒത്തുചേര്‍ന്ന് ശ്രീ. പ്രിന്‍സിനെ മണിക്കൂറുകളോളം ശ്രവിക്കാന്‍ തയ്യാറായെന്നും മെത്രാന്മാരും വികാരിയും ഒക്കെ ഇന്നും സൗഹൃദത്തോടെതന്നെ ഇടപെടുന്നുണ്ടെന്നും അനുരഞ്ജനമനോഭാവം പുലര്‍ത്തുന്നവരോട് നീതി നിഷേധിക്കാന്‍ ആത്യന്തികമായി ആര്‍ക്കും സാധിക്കില്ലെന്നും ശ്രീ. റോയി വിശദീകരിച്ചു.  
ചര്‍ച്ചകളില്‍ ഇടപെട്ട് പ്രൊഫ. പി. സി ദേവസ്യാ. ഡോ. എം കെ. മാത്യു, പ്രൊഫ. ഫിലോമിനാ ജോസഫ്, ജോര്‍ജ് മൂലേച്ചാലില്‍, ജോര്‍ജ് ജോസഫ് കെ., ആന്റോ മാങ്കൂട്ടം, ജയിംസ് ചൊവ്വാറ്റുകുന്നേല്‍ മുതലായവര്‍ സംസാരിച്ചു. ഡോ. എം പി മത്തായിയുടെയും മാര്‍ ഗീവര്‍ഗീസ് മാര്‍ കൂറില്ലോസിന്റെയും സഹകരണം മക്കാബി നേടണമെന്നും മെയ് 9-ന് നടത്താനിരുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും പരമാവധി ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് മെയ് 22-ലേക്കു മാറ്റി നടത്തണമെന്നും തുടര്‍ന്ന് തീരുമാനിച്ചു. 
ഉച്ചകഴിഞ്ഞ് 2 മണിക്ക് ശ്രീ. സി വി സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ സമാരംഭിച്ച ചര്‍ച്ചായോഗത്തില്ശ്രീ. ജോര്‍ജ് മൂലേച്ചാലിലിന്റെ സ്വാഗതപ്രസംഗവും ശ്രീ. സി വി സെബാസ്റ്റ്യന്റെ  ഉപക്രമവും ശ്രീ. ശ്രീ. കെ ജോര്‍ജ് ജോസഫ് അവതരിപ്പിച്ച AKCAAC -യുടെ പരിപാടികളുടെ റിപ്പോര്‍ട്ടും ആയിരുന്നു, ആദ്യം. വൈകുന്നേരം 6 മണിയോടെ ശ്രീ. മാത്യു തറക്കുന്നേലിന്റെ കൃതജ്ഞതയ്ക്കുശേഷം ചര്‍ച്ചാസമ്മേളനം അവസാനിച്ചു.

No comments:

Post a Comment