Translate

Monday, April 23, 2018

സഭയ്ക്ക് രാഷ്ട്രീയത്തില്‍ ഇടപെടാമോ? - ജോസഫ് പുലിക്കുന്നേല്‍ II

(ഓശാനമാസികയുടെ 2009 ജൂലൈ ലക്കത്തിലെ എഡിറ്റോറിയല്‍ രണ്ടു ഭാഗമായി പ്രസിദ്ധീകരിക്കുന്നു)

for the first part visit http://almayasabdam.blogspot.in/2018/04/blog-post_21.html

III മാര്‍ കല്ലറങ്ങാട്ട് എഴുതുന്നു: ''ഈശോ പരസ്യ ജീവിതമാരംഭിക്കുന്നത് വളരെ തനിമയുള്ള രീതിയിലാണ്. ഐസയാസ് പ്രവാചകനെ കൂട്ടുപിടിച്ച്: ''ദരിദ്രരോടു സുവിശേഷമറിയിക്കുവാനും ബന്ധിതര്‍ക്കു മോചനം നല്‍കാനും അന്ധര്‍ക്കു കാഴ്ച നല്‍കാനും  അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യം നല്‍കാനും കര്‍ത്താവിനു സ്വീകാര്യമായ വത്സരമൊരുക്കാനും'' (ലൂക്കാ 4: 19). ഇതാണു വാസ്തവത്തില്‍ ക്രൈസ്തവരുടെ ഭരണഘടന. ഈ ഭരണഘടന വലിയൊരു ബോധിനിയാണ്. മനുഷ്യരേയും ദൈവത്തേയും കൂട്ടിയോജിപ്പിക്കുന്ന പ്രവര്‍ത്തന രേഖയാണിത്. ഈ മാഗ്നാകാര്‍ട്ടായില്‍ നിന്നാണ് മറ്റെല്ലാം ഉരുത്തിരിയുന്നത്. രാഷ്ട്രീയക്കാരില്‍നിന്ന് ഏറെ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നെങ്കിലും സഭ ഒരിക്കലും സ്റ്റേറ്റിന് എതിരല്ല. രാഷ്ട്രനിര്‍മ്മാണത്തില്‍ എന്നും തത്പരയുമാണ്.''
മാര്‍ കല്ലറങ്ങാട്ടിന്റെ പ്രസ്താവന തികച്ചും ശരിയാണ്. യേശുവിന്റെ ഈ ദൗത്യം ഇന്നത്തെ സഭ ഏറ്റെടുക്കുന്നുണ്ടോ എന്നതാണ് പ്രശ്‌നം. ദരിദ്രരോട് സുവിശേഷം അറിയിക്കുക എന്നാല്‍ അധഃസ്ഥിതരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും പക്ഷം ചേര്‍ന്ന് അവര്‍ക്ക് വിമോചനത്തിന്റെ സുവിശേഷം നല്‍കുക എന്നതാണ്. കേരളത്തിലെ സഭ ഇന്ന് ആരോടാണ് പക്ഷം ചേരുന്നത്. ദരിദ്രരോടാണോ സമ്പന്നന്മാരോടാണോ? ഇന്ന് മെത്രാന്മാര്‍ സമൂഹത്തിലെ സമ്പന്നന്മാരേക്കാള്‍ സമ്പന്നമായ ആഡംബരങ്ങളോടുകൂടി ജീവിക്കുന്നു. ദരിദ്രര്‍ക്ക് അവര്‍ നല്‍കുന്നത് കൂദാശ മാത്രമാണ്. അടിച്ചമര്‍ത്തപ്പെട്ടവരും അധഃകൃതരുമായ ജനങ്ങളെ പുനരുദ്ധരിക്കുന്നതിന് മുന്നോട്ടു വന്നത് ഗവണ്‍മെന്റാണ്. അധഃസ്ഥിതരായ കുടികിടപ്പുകാര്‍ക്ക് അഞ്ചു സെന്റ് വീതം ഭൂമി നല്കിയതും കുടിയാന്മാര്‍ക്ക് സംരക്ഷണം നല്‍കിയതും 1957-ലെ ഇ.എം.എസ്സ്. കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റാണ് . ഇതിനെയെല്ലാം സഭ സംഘടിതമായി എതിര്‍ക്കുകയായിരുന്നു. തൃശൂരിലെ പള്ളി-കുടികിടപ്പുകാര്‍ക്കുണ്ടായ അനുഭവം ഫാ. വടക്കന്‍ തന്റെ അനുഭവ കഥയില്‍ വിവരിക്കുന്നു.
''തൃശൂര്‍ രൂപത ഇന്ത്യയിലെ ഏറ്റവും വലിയ രൂപതയാണ്. ഈ രൂപതയിലെ ഏറ്റവും വലിയ ഇടവകപ്പള്ളിയാണ് ഒല്ലൂര്‍. ഒല്ലൂര്‍ പള്ളി കേരളത്തിലെ വലിയൊരു ഭൂവുടമയാണ്. കാഞ്ഞാണി-അന്തിക്കാട് പ്രദേശങ്ങളില്‍ത്തന്നെ ഒല്ലൂര്‍പ്പള്ളിയുടെ പറമ്പില്‍ അന്‍പതിലേറെ കുടികിടപ്പു കുടുംബങ്ങളുണ്ടായിരുന്നു. നിയമം പ്രാബല്യത്തില്‍ വന്നിട്ടും കുടികിടപ്പവകാശം കൊടുക്കാന്‍ പള്ളി മേധാവികള്‍ സമ്മതിച്ചില്ല. കുടികിടപ്പുകാര്‍ കുറെ ക്ഷമിച്ചു. അവസാനം അവര്‍ കുരിയച്ചിറപ്പള്ളിയില്‍ വന്ന് എന്നെ കണ്ടു. 1970-ല്‍ ഞാനന്നു വികാരിയായി കൂദാശ മുടക്കപ്പെടാതെ ഇഷ്ടപുത്രനായി കഴിയുകയാണ്. അതിനാല്‍ എന്തു ചെയ്യും? ആ പാവങ്ങളുടെ ഭാഗത്തു നിന്നാല്‍ പള്ളി കോപിക്കും. പള്ളിയുടെ ഭാഗത്തു നിന്നാല്‍ ആദ്യം ദൈവം എന്നെ പരിത്യജിക്കും, പിന്നാലെ ദൈവത്തിന്റെ ഇഷ്ടപുത്രരായ ആ പാവങ്ങളും. ഞാന്‍ കുറെനേരം ദുര്‍ബലനായിപ്പോയി. പിന്നീട് എനിക്കു പ്രകാശം കിട്ടി. പള്ളിയായാലും പടച്ചോനായാലും അവകാശപ്പെട്ട ഭൂമിക്കുവേണ്ടി പടപൊരുതുക എന്നു ഞാന്‍ അവരെ ആഹ്വാനം ചെയ്തു. അതിനെത്തുടര്‍ന്ന് വളരെ സംഘര്‍ഷാവസ്ഥകള്‍ ആ പ്രദേശത്തുണ്ടായി. അവസാനം ഉഗ്ര സമ്പത്തുള്ള ഒല്ലൂര്‍പള്ളി തോറ്റു. ഒന്നുമില്ലാത്ത ആ പാവങ്ങള്‍ ജയിച്ചു. 10 സെന്റ് ഭൂമി വീതം എല്ലാവര്‍ക്കും പള്ളികൊടുക്കേണ്ടി വന്നു. ഇങ്ങനെയുള്ള പല സംഭവങ്ങളും തൃശൂര്‍ രൂപതയുടെ വിവിധ പള്ളികളിലുണ്ടായി. നിയമം പാസ്സായിട്ടു കൊല്ലം നാലായിട്ടും പല പള്ളികളും കുടികിടപ്പവകാശം ഇനിയും കൊടുത്തിട്ടില്ല. പാവറട്ടി മുതലായ പള്ളികളുടെ പറമ്പില്‍ താമസിക്കുന്ന കുടികിടപ്പുകാരെ അവകാശം കൊടുക്കാതെ ഇന്നും പള്ളിമേധാവികള്‍ പീഡിപ്പിക്കുകയാണ്. ഈയിടെ ഒരു കുടികിടപ്പുകാരന്‍ എന്നെ വന്നു കണ്ടു. പള്ളിപ്പറമ്പിലെ 10 സെന്റ് ചോദിച്ചതിന് അദ്ദേഹത്തെ മതപരമായി ശിക്ഷിക്കുമെന്നു ബിഷപ്പ് ഭീഷണിപ്പെടുത്തിയത്രേ! അനാഥശാലയുടെ നാലു ചുമരുകള്‍ക്കപ്പുറം പുരോഗമനചിന്ത പടരാത്ത ആ അഗതികളുടെ 'പിതാവി'നെപ്പറ്റി എനിക്ക് അനുകമ്പ തോന്നുകയാണ്. എന്തിന് ഒരാളെ പറയുന്നു. തോട്ടങ്ങള്‍ ദേശസാല്‍ക്കരിക്കാന്‍ ഗവണ്‍മെന്റ് ഒരുങ്ങിയാല്‍ കേരളത്തിലെ മിക്ക മെത്രാന്മാരും 'മഴുത്തായ' എടുക്കും. അവര്‍ക്കു കോളജുകളെക്കാള്‍ പ്രിയങ്കരങ്ങളാണ് അവരുടെ ആയിരക്കണക്കിന് ഏക്കറുള്ള എസ്റ്റേറ്റുകള്‍. (എന്റെ കുതിപ്പും കിതപ്പും, ഫാ. ജോസഫ് വടക്കന്‍, പേജ്  263,264) ഇത് തൃശൂര്‍ മാത്രം നടന്ന സംഭവമല്ല. മറ്റു പല പള്ളികളിലും കൊവേന്തകളിലും ഇതേ നയമാണ് മേധാവികള്‍ സ്വീകരിച്ചത്.
ദരിദ്രരായിരുന്ന അധ്യാപകരുടെ തുച്ഛമായ ഗ്രാന്റു പോലും കൈയ്യിട്ടു വാരിയ പാരമ്പര്യമാണ് സഭയ്ക്കുള്ളത്. നിരീശ്വരരെന്ന് മാര്‍ കല്ലറങ്ങാട്ട് വിധിക്കുന്ന കമ്മ്യൂണിസ്റ്റു ഗവണ്മെന്റാണ് കുടികിടപ്പുകാര്‍ക്ക് ഭുമിയും കുടിയാന്മാര്‍ക്ക് സ്വാതന്ത്ര്യവും അധ്യാപകര്‍ക്ക് ശമ്പളവും കൊടുത്തിരുന്നത്. യേശുവിന്റെ പ്രഖ്യാപനം സഭ അനുസരിച്ചിരുന്നെങ്കില്‍ നിരീശ്വരന്മാരും കമ്മ്യൂണിസ്റ്റുകാരും കേരളത്തില്‍ ഉണ്ടാകുമായിരുന്നില്ല. മനുഷ്യരെയും ദൈവത്തേയും കൂട്ടിയോജിപ്പിക്കുന്ന ഈ മാഗ്നാകാര്‍ട്ടാ കേരളത്തില്‍ നടപ്പാക്കിയത് നിരീശ്വരരായ കമ്മ്യൂണിസ്റ്റുകാരാണെന്ന് ഓര്‍ക്കുന്നത് നന്ന്. അതുകൊണ്ടുതന്നെയാണ് അവര്‍ ജനങ്ങള്‍ക്ക് പ്രിയങ്കരരായതും.
IV മാര്‍ കല്ലറങ്ങാട്ട് എഴുതുന്നു: ''പൊതുസമൂഹത്തിനു നേതൃത്വം നല്‍കുന്നവര്‍ക്ക് ദിശാബോധവും ധാര്‍മികബോധവും ആത്മീയ വീക്ഷണങ്ങളും നഷ്ടപ്പെടുമ്പോള്‍ സഭയും രാഷ്ട്രീയത്തില്‍ ഇടപെടേണ്ടി വരുന്നു. അത് മത്സരിക്കാനുള്ള ഇടപെടലല്ല. അത് പ്രതിപക്ഷത്തിന്റെ റോളുമല്ല, വിദ്യാഭ്യാസം, ആതുരസേവനം തുടങ്ങിയ രംഗങ്ങളില്‍ പൊതുസമൂഹം പങ്കാളിത്തമാവശ്യപ്പെടുമ്പോള്‍ സഹകരിക്കാനുള്ള ബാധ്യത സഭയ്ക്കുണ്ട്. സഭാസമൂഹത്തിന്റെ കൂട്ടായ്മയും കെട്ടുറപ്പും തകര്‍ക്കാന്‍ ബാഹ്യശക്തികള്‍ ശ്രമിക്കുമ്പോഴും ഭരണാധികാരികള്‍ അവരുടെ രാഷ്ട്രീയാധികാരം ദുരുപയോഗം ചെയ്യുമ്പോഴും സഭയ്ക്ക് ഇടപെടേണ്ടിവരും. അഭിപ്രായ സമന്വയങ്ങളും ബോധവത്കരണവും നടത്തേണ്ടിവരും. മുല്യാധിഷ്ഠിത നിലപാടുകള്‍ സ്വീകരിക്കേണ്ടി വരും. ''സീസറിന്റേതു സീസറിനും ദൈവത്തിന്റേതു ദൈവത്തിനും'' (മത്താ. 22:21) എന്ന തിരുവചനത്തിനു പരിശുദ്ധ പിതാവും വില്‍ ഡ്യൂറന്റും ഒരുപോലെ പ്രാധാന്യം നല്‍കുന്നു.''
''സഭ'' എന്ന വാക്കിനെന്താണര്‍ത്ഥം? സഭ എന്നാല്‍ വിശ്വാസികളുടെ സ്വതന്ത്രകൂട്ടായ്മ എന്നാണര്‍ത്ഥം. ഈ സഭയ്ക്ക് തീര്‍ച്ചയായും രാഷ്ട്രീയത്തിലിടപെടാന്‍ അവകാശമുണ്ട്. കാരണം ഒരു ജനാധിപത്യ രാഷ്ട്രത്തിലെ പൗരന്മാരാണ് സഭാംഗങ്ങള്‍. തങ്ങളുടെ ധര്‍മ്മ നിയമങ്ങള്‍ക്കെതിരായി രാഷ്ട്രം നീങ്ങുമ്പോള്‍ പൗരരെന്ന നിലയില്‍ കൂട്ടായി ആലോചിച്ച് അതിനോടു പ്രതികരിക്കാന്‍ അവര്‍ക്കവകാശമുണ്ട്.
എന്നാല്‍ ഇന്ന് സഭയെന്നു വിവക്ഷിക്കപ്പെടുന്നത് മെത്രാന്മാരേയും പുരോഹിതരെയുമാണ്.  ഇവരാരെയും സഭാംഗങ്ങള്‍ തെരഞ്ഞെടുത്തവരല്ല.
ബഹുമാന്യനായ മാര്‍ കല്ലറങ്ങാട്ട് പറയുന്ന ''കൂലീനമായ ജനാധിപത്യം'' അവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
മാര്‍ കല്ലറങ്ങാടിനോട് ബഹുമാനപുരസ്സരം ചോദിക്കട്ടെ; അങ്ങയുടെ മെത്രാന്‍ സ്ഥാനം ആരുതന്നതാണ്? വത്തിക്കാനിലെ രാഷ്ട്രാധിപന്‍കൂടിയായ മാര്‍പാപ്പാ തന്നതല്ലേ? അങ്ങയെ പാലാ മെത്രാനായി നിയമിക്കുന്നതില്‍ പാലായിലെ വിശ്വാസികള്‍ക്കോ വൈദികര്‍ക്കോ എന്തു പങ്കാണ് ഉണ്ടായിരുന്നത്? ഒരു പങ്കും ഉണ്ടായിരുന്നില്ല. അപ്പോള്‍ അങ്ങ് സംസാരിക്കുന്നത് സഭയ്ക്കുവേണ്ടിയല്ല മറിച്ച് അങ്ങയെ നിയമിച്ച അധികാരിക്കുവേണ്ടിയാണ്. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ പൗരന്മാരെ പ്രതിനിധാനം ചെയ്യാനുള്ള അവകാശം പൗരന്മാര്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു മാത്രമാണ്. അവര്‍ തെരഞ്ഞെടുക്കുന്ന ഒരു വ്യക്തിക്കു മാത്രമേ ആ സമൂഹത്തെ പ്രതിനിധീകരിക്കാന്‍ അവകാശമുള്ളു. മാര്‍ കല്ലറങ്ങാട്ടിന് ഇന്ത്യയിലെ ഒരു പൗരനെന്ന നിലയില്‍ സംസാരിക്കാന്‍ അവകാശമുണ്ട്. ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ പക്ഷേ സഭയെ പ്രതിനിധീകരിക്കാന്‍ അവകാശമില്ല.
കേരളത്തിലെ ക്രൈസ്തവ സഭ തനിമയാര്‍ന്ന ജനാധിപത്യ മൂല്യം കാത്തു സൂക്ഷിച്ചിരുന്നു എന്ന് മാര്‍ കല്ലറങ്ങാട്ടും സമ്മതിക്കുമെന്നാണ് എന്റെ വിശ്വാസം. ''മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും'' ആയിരുന്നു ഇന്ത്യയിലെ ക്രൈസ്തവരുടെ പാരമ്പര്യ സമൂഹ നിയമം. ഈ പാരമ്പര്യ നിയമത്തില്‍ മെത്രാന്മാര്‍ക്ക് ആദ്ധ്യാത്മിക ശുശ്രൂഷ ചെയ്യാനല്ലാതെ സഭയെ പ്രതിനിധീകരിക്കാന്‍ എന്ത് അധികാരമാണുണ്ടായിരുന്നത്? സഭാ ശുശ്രൂഷകരായ വൈദികരെപോലും ഇടവക യോഗമാണ് തെരഞ്ഞെടുത്തിരുന്നത്. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുന്നതിന് എത്രയോ മുമ്പു തന്നെ ഈ ജനാധിപത്യ വ്യവസ്ഥ ക്രൈസ്തവര്‍ അംഗീകരിച്ചു കഴിഞ്ഞിരുന്നു.
പോര്‍ട്ടുഗീസുകാരുടെ ആഗമനത്തിനുശേഷം ലത്തീന്‍ സഭയുടെ കടന്നു കയറ്റത്തിലാണ് ഈ തനിമയാര്‍ന്ന പാരമ്പര്യം നഷ്ടപ്പെട്ടത്. അങ്ങു തന്നെ ''കുലീനമെന്നു'' പറയുന്ന ജനാധിപത്യ വ്യവസ്ഥയെ തച്ചുതകര്‍ത്തതിനു ശേഷം ''മെത്രാന്മാരാണ് സഭ എന്ന വാദം'' അംഗീകരിക്കാന്‍ വിഷമമുണ്ട്.
റോമാ തന്നെ ആയിരിക്കണമോ കാലാകാലത്തോളം സഭയുടെ കേന്ദ്രമെന്ന ചോദ്യത്തിന് ശ്രേഷ്ഠ മെത്രാപ്പോലീത്ത മാര്‍ വര്‍ക്കി വിതയത്തില്‍ പറയുന്നത് ഇങ്ങനെയാണ്. ''എനിക്ക് അങ്ങനെ തോന്നുന്നില്ല''.
റോമിലെ മനുഷ്യ നിര്‍മ്മിതമായ കാനോന്‍ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങേക്ക് അധികാരം ലഭിച്ചത്. ആ കാനോന്‍ നിയമം അനുസരിച്ചുള്ള അധികാരം എങ്ങിനെ ഇന്ത്യയില്‍ സാധൂകരണാര്‍ഹമാകും?
സഭാംഗങ്ങള്‍ക്ക് ഇന്ത്യയിലെ പൗരന്മാരെന്ന നിലയില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്വതന്ത്രമായി ഇടപെടാന്‍ അവകാശമുണ്ട്. എന്നാല്‍ മെത്രാന്മാര്‍ സഭാംഗങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളല്ലാത്തതിനാല്‍ അവര്‍ക്ക് സഭയെ പ്രതിനിധീകരിച്ച് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ അവകാശമില്ല. ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണ്. ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ഈ രാഷ്ട്രത്തിനുള്ളില്‍ ഒരു ഏകാധിപത്യ മതരാഷ്ട്രം രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ല. സഭയും മെത്രാനും രണ്ടാണ്. വിശ്വാസികളുടെ കൂട്ടായ്മയാണ് സഭ. മെത്രാന്‍ അവരുടെ ആത്മീയ ശുശ്രൂഷകര്‍ മാത്രമാണ്; നേതാവല്ല. സഭാംഗങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെ മെത്രാന്മാര്‍ ഇന്ന് നിഷേധിച്ചുകൊണ്ടിരിക്കുകയാണ് എന്നും കൂടി ഓര്‍ക്കുക.  

No comments:

Post a Comment