Translate

Sunday, April 1, 2018

''പറയാത്ത വിധി ഇന്നും വേദനിപ്പിക്കുന്നു'' - ജസ്റ്റീസ് വി.ടി. രഘുനാഥ്

മിട്ടു റഹ്മത്ത് കലാം

[2018 ഫെബ്രു. 25 'സണ്‍ഡേ മംഗള'ത്തില്‍, സിസ്റ്റര്‍ അഭയാക്കേസ്സിന്റെ ഒരു ഘട്ടത്തില്‍ ആ കേസുകേട്ട ജസ്റ്റീസ് വി.ടി. രഘുനാഥിന്റെ ഓര്‍മ്മക്കുറിപ്പുകളെ ആസ്പദമാക്കി ശ്രീ മിട്ടു റഹ്മത്ത് കലാം തയ്യാറാക്കി പ്രസിദ്ധീകരിച്ച ലേഖനം]

കേരളത്തിന്റെ മനഃസാക്ഷിയെത്തന്നെ നോവിച്ച സിസ്റ്റര്‍ അഭയയുടെ മരണത്തില്‍, ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും സി.ബി.ഐ-യുമെല്ലാം അന്വേഷിച്ചിട്ടും ദുരൂഹത മാറ്റാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. ചുരുളഴിക്കാന്‍ ശ്രമിക്കേണ്ടവര്‍ ശക്തമായി കുടുക്കിട്ടതിന്റെ ഫലമായി കാലമിത്ര പിന്നിട്ടിട്ടും അഭയയ്‌ക്കെന്താണ് സംഭവിച്ചതെന്നതിന്റെ വ്യക്തമായ ചിത്രം ആര്‍ക്കുമുന്നിലുമില്ല. സിനിമയെ വെല്ലുന്ന നാടകീയതകളുള്ള അഭയയുടെ കേസ് ഡയറിയിലൂടെ....
അഭയാക്കേസിന്റെ ആദ്യമുഖം
1992 മാര്‍ച്ച് 27-നാണ് കോട്ടയം പയ്‌സ് - 10 കോണ്‍വെന്റ് ഹോസ്റ്റലിലെ താമസക്കാരിയും ബി.സി.എം. കോളേജ് പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയുമായ സിസ്റ്റര്‍ അഭയയെ കാണാതാവുന്നത്. അഭയ രാവിലെ നാലുമണിക്ക് പഠിക്കാന്‍ എഴുന്നേറ്റതായും വെള്ളം കുടിക്കാന്‍ അടുക്കളയില്‍ പോയതായും പിന്നീടു വ്യക്തമായി. അടുക്കളയിലെ ഫ്രിഡ്ജിന് സമീപത്തെ തറയില്‍ വെള്ളക്കുപ്പിയും വെള്ളവും ചെരുപ്പില്‍ ഒരെണ്ണവും കിടന്നിരുന്നതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റ് വളപ്പിനുള്ളില്‍ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു.
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. വി.വി. അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവസ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്തതും ഇന്‍ക്വസ്റ്റ് തയ്യാറാക്കിയതും. മാനസികവിഭ്രാന്തിയുള്ള കന്യാസ്ത്രീയുടെ ആത്മഹത്യയായി വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും അസ്വാഭാവിക മരണമാണെന്ന് നാട്ടുകാര്‍ക്ക് സംശയം തോന്നി. കോട്ടയം മെഡിക്കല്‍ കോളജിലെ ഡോ. രാധാകൃഷ്ണന്‍ നല്‍കിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും മുങ്ങിമരണമല്ലെന്ന് വ്യക്തമാകുന്നുണ്ട്.
കെ. കരുണാകരനായിരുന്നു അന്നത്തെ മുഖ്യമന്ത്രി. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കാനും പ്രതികളെ കണ്ടെത്താനും അദ്ദേഹം കര്‍ശനനിര്‍ദ്ദേശം നല്‍കി. പക്ഷേ, സഭാനേതൃത്വം കേസിന്റെ ഗതി മാറ്റി വിടുന്നതായി ആരോപണം ഉയര്‍ന്നു. ഇന്നത്തെപോലെ വാര്‍ത്താമാധ്യമങ്ങള്‍ ശക്തമല്ലാതിരുന്നിട്ടും അഭയാകേസ് സെന്‍സേഷണല്‍ ആയി. വിദേശപത്രങ്ങളില്‍പ്പോലും കേസിനെ ആസ്പദമാക്കിയുള്ള വാര്‍ത്തകള്‍ പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെട്ടു. ഈ സാഹചര്യത്തിലാണ് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരാന്‍ സമരമുറകള്‍ ആവിഷ്‌കരിക്കുന്നതും സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ഉണ്ടാകുന്നതും. കോണ്‍വെന്റിലെ അനാശാസ്യം നേരില്‍ കണ്ട അഭയ അത് പുറത്തുപറയുമെന്നു ഭയന്ന് മഠത്തിലുള്ളവര്‍ ചേര്‍ന്ന് നടത്തിയ കൊലപാതകം, എന്നതടക്കം പിന്നാമ്പുറകഥകള്‍ ഒന്നൊന്നായി പുറത്തുവരാന്‍ തുടങ്ങിയത് ആക്ഷന്‍ കൗണ്‍സിലിന്റെ അശ്രാന്ത പരിശ്രമത്തിലൂടെയാണ്. എവിടെയും എത്താതെയോ എത്തിക്കാതെയോ ഒച്ചിഴയുന്ന വേഗത്തിലാണ് കേസ് അന്വേഷണം നടന്നത്.
മൂന്ന് തവണ സി.ബി.ഐ. അന്വേഷിച്ചതില്‍ രണ്ടാമത്തെ തവണയാണ് അന്ന് എറണാകുളം ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആയിരുന്ന രഘുനാഥിന് മുന്നില്‍ കേസ് ഫയല്‍ എത്തുന്നത്.
ആ കാലം അദ്ദേഹം ഓര്‍ത്തെടുക്കുന്നു:
''കേസ് ഫയല്‍ എന്റെ മുന്നിലെത്തുന്നത് 2006-ലാണ്, സംഭവം നടന്ന് ഒരു ജീവപര്യന്തക്കാലത്തിനുശേഷം. ആരുടെയൊക്കെയോ താല്പര്യങ്ങള്‍ക്കുവഴങ്ങി തയ്യാറാക്കിയതാണ് പല രേഖകളുമെന്ന് ഒറ്റ നോട്ടത്തില്‍ത്തന്നെ എനിക്ക് വ്യക്തമായി. റിപ്പോര്‍ട്ടുകളില്‍ തൃപ്തി തോന്നാതിരുന്നതുകൊണ്ട് സംഭവസ്ഥലംനേരില്‍ക്കണ്ടു ബോധ്യപ്പെടാന്‍ തീരുമാനിച്ചു. അഭയ താമസിച്ചിരുന്ന മുറി, ബോഡി കിടന്നിരുന്ന കിണര്‍, ഇവ തമ്മിലുള്ള ദുരം ഒക്കെ വിധിനിര്‍ണ്ണയത്തില്‍ പ്രധാനമായതുകൊണ്ട് വ്യക്തത വേണമെന്ന് തോന്നി. സി.ആര്‍.പി.സി. 310-ാം വകുപ്പുപ്രകാരം മജിസ്‌ട്രേറ്റിന് അതിനുള്ള അധികാരവുമുണ്ട്. സ്ഥലം ചെന്നു കണ്ടു മനസ്സിലാക്കണമെന്ന് ഉത്തരവിട്ടത് അതിന്റെ അടിസ്ഥാനത്തിലാണ്. അന്വേഷണ ഉദ്യാഗസ്ഥര്‍ക്കുകൂടി നോട്ടീസ് നല്‍കി അവരുടെ സാന്നിദ്ധ്യത്തിലോ അല്ലാതെയോ സംഭവസ്ഥലം ചെന്നുകാണാന്‍ മജിസ്‌ട്രേറ്റിനെ നിയമം അനുവദിക്കുന്നുണ്ട്. പിറ്റേദിവസം ഓഫീസില്‍ നിന്നിറങ്ങിയ ഉടന്‍ എനിക്കൊരു കോള്‍ വന്നു. ഹൈക്കോടതിയില്‍നിന്ന് രജിസ്ട്രാര്‍ ആയിരുന്നു മറുതലയ്ക്കല്‍. സൈറ്റ് ഇന്‍സ്‌പെക്ഷന്‍ നടത്തിയോ? എന്നു ചോദിച്ചു. ഇല്ലെന്നുള്ള എന്റെ മറുപടിക്ക്, ഇനി പോകേണ്ട എന്ന് അദ്ദേഹം എടുത്തടിച്ചതുപോലെ പറഞ്ഞു. അതൊരു ജഡ്ജിയുടെ നിര്‍ദ്ദേശമാണെന്നാണ് കാരണം തിരക്കിയപ്പോള്‍ അറിയിച്ചത്. ഞാന്‍ പാസ്സാക്കിയത് ഒരു ജുഡീഷ്യല്‍ ഓര്‍ഡര്‍ ആയതുകൊണ്ട് ജഡ്ജിയുടെ നിര്‍ദ്ദേശം വാക്കാല്‍ പറഞ്ഞതുകൊണ്ടായില്ലെന്നും എഴുതിക്കിട്ടണമെന്നും ഞാന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന്, അവര്‍ ഫോണ്‍ കട്ട് ചെയ്തു. കുറച്ചുസമയം കഴിഞ്ഞ് ഞാന്‍ ബെഞ്ചില്‍ കയറി പതിവുപോലെ കേസ് വിചാരണ നടത്തവെ, എന്റെ അനുവാദം കൂടാതെ ഹൈക്കോടതിയില്‍ നിന്ന് സ്‌പെഷ്യല്‍ മെസ്സെഞ്ചര്‍ വന്ന് ഫയല്‍ കൊണ്ടുപോയ വിവരം സ്റ്റാഫ് എന്നെ അറിയിച്ചു. ഹൈക്കോടതിയുടെ അധികാരപരിധിയില്‍പ്പെട്ട കാര്യമായതുകൊണ്ട് മറുത്തു ചോദിക്കാനോ പരാതിപ്പെടാനോ കഴിഞ്ഞില്ല.
കേസ് സംബന്ധിച്ച രേഖകള്‍ കൈവശമില്ലാത്തതുകൊണ്ട് സ്ഥലപരിശോധന നടത്താന്‍ എനിക്കു സാധിച്ചില്ല.'' 
അനാവശ്യ ഇടപെടലിലൂടെ സ്ഥാനമാറ്റം
''കേസ് ഫയല്‍ നീക്കി മൂന്നാംദിവസം എന്നെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സ്ഥാനത്തുനിന്ന് മാറ്റിയെന്ന ഓര്‍ഡര്‍ ലഭിച്ചു. കൊച്ചിയില്‍ സബ് ജഡ്ജി ആയിട്ടായിരുന്നു നിയമനം. ശമ്പളത്തിലോ സ്റ്റാറ്റസിലോ വ്യത്യാസമില്ല. സീനിയര്‍ ആയിട്ടുള്ളവരെയാണ് പതിന്നാലു ജില്ലകളിലും ഇത്തരത്തില്‍ നിയമിക്കുക.
സാമ്പത്തികമായും മറ്റൊരു തരത്തിലും അതൊരു ബുദ്ധിമുട്ടല്ലെങ്കിലും ഞാന്‍ സി.ജെ.എം. ആയി തുടരരുതെന്ന ലക്ഷ്യത്തോടെ ആരോ മനഃപൂര്‍വ്വം ചെയ്തതാണെന്ന് മനസ്സിലായതുകൊണ്ട് ജ്യൂഡീഷ്യറിയിലെ അനാവശ്യ ഇടപെടലുകള്‍ കേസുകളെ വഴിതെറ്റിക്കുമല്ലോ എന്നത് അസ്വസ്ഥത ഉണ്ടാക്കി.
മറ്റൊന്നുകൂടി അവര്‍ ചെയ്തു. സി.ജെ.എം. എന്നുള്ള തസ്തികയിലേക്ക് ദീര്‍ഘകാലം ആരെയും നിയമിച്ചില്ല. എല്ലാം ആറിത്തണുക്കുംവരെ ആ കസേര ഒഴിഞ്ഞുതന്നെ കിടന്നു. വേറൊരു മജിസ്‌ട്രേറ്റിന് അഡീഷണല്‍ ചാര്‍ജ് ഏര്‍പ്പെടുത്തുകമാത്രമാണ് ചെയ്തത്. ഞാന്‍ പാസ്സാക്കിയ ഉത്തരവ് ഹൈക്കോടതി സ്വമേധയാ റിവിഷന് എടുത്തു. അങ്ങനെ പരിഗണനയില്‍ എടുത്തശേഷം, എന്റെ ആവശ്യം ന്യായമല്ലെന്നു പറഞ്ഞ് ആ ഓര്‍ഡര്‍ തള്ളിക്കളഞ്ഞു.
ഞാന്‍ മനസ്സിലാക്കിടിയത്തോളം എല്ലാ പഴുതുകളും അടച്ച് നടത്തിയ കൊലപാതകമല്ല അഭയയുടേത്. സമര്‍ത്ഥവും സത്യസന്ധവുമായ ഒരു സാധാരണ പോലീസുകാരന്‍ അന്വേഷിച്ചാല്‍ തെളിയാവുന്നതേ ഉണ്ടായിരുന്നുള്ളൂ തുടക്കത്തില്‍. തെളിവ് നശിപ്പിച്ചതിന്റെപേരില്‍ നാല്, അഞ്ച്, ആറ് പ്രതിസ്ഥാനങ്ങളില്‍ വന്നിരിക്കുന്നത് എസ്.പി. കെ.ടി. മൈക്കിള്‍, ഡി.വൈ.എസ്.പി. കെ. സാമുവല്‍, എ.എസ്.ഐ. വി.വി. അഗസ്റ്റിന്‍ എന്നിവരാണെന്നത് കേസ് എങ്ങനെ സങ്കീര്‍ണ്ണമായി മാറി എന്നതിനുള്ള വിശദീകരണമാണ്. ഇവരില്‍ സാമുവല്‍ മരണപ്പെടുകയും അഗസ്റ്റിന്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുകയുംചെയ്തു.
നിയമം എങ്ങനെയൊക്കെ പോകുമെന്ന് വ്യക്തമായ ധാരണ ഉള്ളവരാണല്ലോ പോലീസുകാര്‍. പ്രതികളെ രക്ഷപെടുത്താനും അഭയയുടേത് ആത്മഹത്യ ആണെന്ന് വരുത്താനും അവര്‍ നടത്തിയ കളികളാണ് കേസിന്റെ ഗതി തിരിച്ചത്. അഭയയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കേണ്ടത് കോണ്‍വന്റിനുള്ളില്‍ നിന്നുതന്നെയാണ്. സഭയിലുള്ളവരുടെ എതിര്‍പ്പ് മറികടന്ന് ആരും അതിനു മുതിരാത്തതും കേസിനെ ബാധിച്ചു. 
കൊലക്കേസ് അന്വേഷണം പൂര്‍ത്തിയാകുംവരെ വിസേറ (ആന്തരികാവയങ്ങള്‍) പ്രത്യേകമായി സൂക്ഷിക്കണമെന്ന നിയമംപോലും അഭയയുടെ കാര്യത്തില്‍ പാലിച്ചില്ല. ആര്‍.ഡി.ഓ-യുടെ ഉത്തരവുവാങ്ങി അവയവങ്ങള്‍ നശിപ്പിച്ചു. 
പ്രധാന തെളിവാകുമായിരുന്ന അവരുടെ വസ്ത്രവും കസ്റ്റഡിയില്‍നിന്ന് മാറ്റിക്കളഞ്ഞു. ഒരു ചെരുപ്പ് ഫ്രിഡ്ജിനരികില്‍നിന്നും മറ്റൊന്ന് കിണറിന്റെ പരിസരത്തുനിന്നുമാണ് ലഭിച്ചത്. ശിരോവസ്ത്രം അടുക്കള വാതിലില്‍ ഉടക്കിയ നിലയില്‍. ഇതൊക്കെ ഒരു മല്‍പ്പിടുത്തം നടന്നതിന്റെയും അഭയ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചതിന്റെയും സൂചനകളാണ്. രണ്ടോ അതില്‍ക്കൂടുതല്‍ ആളുകളോ ഏര്‍പ്പെട്ടിട്ടുണ്ടെന്നും വ്യക്തമാണ്.''
ചുവട് പിഴച്ചത് എവിടെ?
''സി.ജെ.എം. ആയി തുടരാന്‍ അന്നെന്നെ അനുവദിച്ചിരുന്നെങ്കില്‍ നീതിയുക്തമായി പ്രവര്‍ത്തിച്ച് സത്യം കണ്ടെത്താന്‍ കഴിയുമായിരുന്നു. അത് മനസ്സിലാക്കിയതുകൊണ്ടാകുമല്ലോ എന്നെ ആ സ്ഥാനത്തുനിന്ന് മാറ്റിയത്. പ്രതികള്‍ അച്ചനും കന്യാസ്ത്രീയും ആകുമ്പോള്‍ സമുദായം കൈകെട്ടി നില്‍ക്കില്ല. കൊല്ലപ്പെട്ടതും സഭയിലെ കന്യാസ്ത്രീ ആണെന്നത് അവരെന്തേ മറക്കുന്നു? വ്യക്തിതാല്‍പര്യങ്ങളേക്കാള്‍ ഭീകരവും അപകടകരവുമാണ് മതതാല്പര്യം. 
ഒരു ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍, അഭയയുടെ ബോഡി കിണറ്റില്‍ നിന്നെടുത്ത ഉടനെയുള്ള പത്തോ പന്ത്രണ്ടോ ചിത്രങ്ങള്‍ എടുത്തിരുന്നു. അന്ന് ഡിജിറ്റല്‍ അല്ല. ഫിലിം വാഷ് ചെയ്താണ് ഫോട്ടോ ലഭിക്കുക. പ്രിന്റ് ഇട്ട ഉടന്‍ നെഗറ്റീവ് ഉള്‍പ്പെടെ എല്ലാം ഒരു പോലീസുകാരന്‍ വന്ന് എടുത്തുകൊണ്ടുപോയെന്ന് അയാള്‍ മൊഴി തന്നിരുന്നത് ഓര്‍മ്മയുണ്ട്. അവയൊന്നുംതന്നെ കേസ് റെക്കോര്‍ഡിലില്ല. ആ ഫോട്ടോ കണ്ടവരുമില്ല. പൊരുത്തക്കേടുകളുള്ള ഇത്തരം പല കാര്യങ്ങള്‍ കേസിനെ ബാധിച്ചിട്ടുണ്ട്.
ഒരിക്കലും തെളിയിക്കപ്പെടരുതെന്ന നിര്‍ബന്ധബുദ്ധിയോടെ അഭയാക്കേസിലെ തെളിവുകളൊക്കെയും നശിപ്പിക്കപ്പെട്ട നിലയിലാണ്. സാന്മാര്‍ഗ്ഗികമായ അപരാധനിര്‍ണ്ണയം എന്നൊന്നുണ്ട്. മോറല്‍ കണ്‍വിക്ഷന്‍ എന്ന് ഞങ്ങള്‍ പറയും. അതിന്റെ അടിസ്ഥാനത്തില്‍ മതിയായ തെളിവുകളുടെ അഭാവത്തിലും സാഹചര്യങ്ങള്‍ വിലയിരുത്തി കോടതി ശിക്ഷ നല്‍കിയിട്ടുണ്ട്. തെളിവ് എങ്ങനെയൊക്കെ ഇല്ലാതാക്കാന്‍ ശ്രമിച്ചാലും സത്യം ജയിക്കാന്‍ ഒരെണ്ണമെങ്കിലും അവശേഷിക്കും.''
-കത്തോലിക്കരെയാകെ ലജ്ജിപ്പിക്കുംവിധം കുറ്റകരമായ മത-രാഷ്ട്രീയ ഇടപെടലുകള്‍ അഭയാക്കേസില്‍ ഉണ്ടായിട്ടുണ്ടെന്ന സംശയത്തെ ദൃഢീകരിക്കാന്‍പോന്ന ഏറ്റവും ഒടുവിലത്തെ വെളിപ്പെടുത്തല്‍ എന്ന നിലയിലാണ്, മംഗളത്തില്‍ ലക്ഷക്കണക്കിനു വായനക്കാര്‍ വായിച്ചുകഴിഞ്ഞ ഈ ലേഖനം സത്യജ്വാലയില്‍ പ്രസിദ്ധീകരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട്, മുമ്പ് ഡി.വൈ.എസ്.പി. വര്‍ഗീസ് പി. തോമസ് നടത്തിയ വെളിപ്പെടുത്തലിനു സമാനമാണ്, ജസ്റ്റീസ് വി.ടി. രഘുനാഥിന്റെ ഈ വെളിപ്പെടുത്തലും. 
കത്തോലിക്കാസഭാധികാരത്തിന്റെ പണശക്തിയും, രാഷ്ട്രീയതലത്തിലും ഉദ്യോഗസ്ഥതലത്തിലും നീതിന്യായരംഗത്തുവരെയുമുള്ള ഭയപ്പെടുത്തുന്ന സ്വാധീനശക്തിയും തെളിയിക്കുന്നതാണ് കാല്‍നൂറ്റാണ്ടു പിന്നിട്ട അഭയാക്കേസ്. മതപരവും സ്ഥാപനപരവും സാമുദായികവുമായി ഇത്ര വലിയ ഭീകരശക്തിയായിരുന്നിട്ടും, ആ കേസ് ഇന്നുവരെ കുഴിച്ചുമൂടി വെള്ളയടിക്കാന്‍ ആധികാരികസഭയ്ക്കായില്ല എന്നിടത്താണ്, മനുഷ്യന്റെ ധാര്‍മ്മികശക്തിയുടെ കരുത്ത് അതിനെല്ലാം മുകളിലാണ് എന്ന സത്യം വെളിപ്പെടുന്നത്. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ എന്ന ഒരേയൊരു മനുഷ്യന്റെ സ്വജീവിതം ബലികൊടുത്തുള്ള ധാര്‍മ്മികനിലപാടും നിശ്ചയദാര്‍ഢ്യവുമില്ലായിരുന്നെങ്കില്‍, എത്രയോ മുമ്പേ ഈ കേസ് അസ്തമിച്ചേനെ! അഭയയേത്തുടര്‍ന്ന് 23 കന്യാസ്ത്രീകള്‍ മദ്ധ്യകേരളത്തില്‍ത്തന്നെ ദുരൂഹസാഹചര്യങ്ങളില്‍ മരണപ്പെട്ടിട്ടുണ്ട് എന്നു കണക്കാക്കപ്പെടുന്നു. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍മാരുടെ അഭാവംമൂലം, അതെല്ലാം ഒരു പ്രശ്‌നവും കൂടാതെ ആധികാരികമായി കുഴിച്ചുമൂടപ്പെട്ടു. അധികാരസഭയോട് ഒറ്റയാള്‍പ്പട്ടാളമായി പോരാടിയ ശ്രീ. ജോസഫ് പുലിക്കുന്നേലിനോടുമാത്രമേ, സിസ്റ്റര്‍ അഭയാക്കേസില്‍ ഒറ്റയ്ക്കു പോരാടി വിജയത്തിന്റെ പാതയില്‍ നീങ്ങുന്ന ശ്രീ. ജോമോന്‍ പുത്തന്‍പുരയ്ക്കലിനെ തുലനംചെയ്യാനാവൂ.
ഈ കേസില്‍ 500 കോടി രൂപയെങ്കിലും സഭ മുടക്കിയിട്ടുണ്ടെന്ന് ആരോ എഴുതിയതിനെ വിമര്‍ശിച്ചും, ക്‌നാനായ ജനതയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നവരാണ് അഭയാക്കേസില്‍ സഭയെ വിമര്‍ശിക്കുന്നതെന്നു വാദിച്ചും, കോട്ടയം രൂപതയുടെ സ്വവംശവിവാഹനിഷ്ഠയെയും അതിന്റെ അടിസ്ഥാനത്തിലുള്ള സഭാഭ്രഷ്ടിനെയും അനുകൂലിക്കുന്നവരുടെ ഒരു നേതാവായ ശ്രീ ഡോമിനിക് സാവിയോ വാച്ചാച്ചിറയില്‍ ഒരു ലേഖനത്തില്‍ എഴുതിയിരിക്കുന്നതു കാണാനിടയായി. എന്തു വിചിത്രമായ ഒരു വാദഗതിയാണിത്! ക്‌നാനായ സമുദായത്തിലേതന്നെ ഒരു പാവം കന്യാസ്ത്രീയുടെ ദുര്‍മരണത്തില്‍ സത്യം തെളിയണം എന്നു വിചാരിക്കുന്നതെങ്ങനെ ക്‌നാനായജനതയ്‌ക്കെതിരാകും? ക്‌നാനായക്കാരന്‍തന്നെയായ ശ്രീ. ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ദൃഢനിശ്ചയത്തോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ ക്‌നാനായ സമുദായത്തിനാകെ അഭിമാനകരമല്ലാതാകുന്നതെങ്ങനെ? അധികാരികളെ ഉപകാരികളായി കാണുന്ന തലതിരിഞ്ഞ സമീപനത്തെ തിരുത്തുകയും (ലൂക്കാ. 22:25-26) ഏറ്റവും എളിയവര്‍ക്കു സഹായം ചെയ്തുകൊടുക്കുമ്പോള്‍ അതു തനിക്കാണു ചെയ്തുതന്നതെന്നു പഠിപ്പിക്കുകയും (മത്താ. 25:40), നീതിക്കുവേണ്ടി പാടുപെടാന്‍ ആവശ്യപ്പെടുകയും (മത്താ. 5:6, 10) ചെയ്ത യേശുവിനെ ധിക്കരിച്ച്, പണവും പദവിയുമുള്ള സഭാപൗരോഹിത്യത്തോടൊപ്പം നില്‍ക്കുന്നതാണ് സമുദായസ്‌നേഹം എന്നു കരുതുന്നതെന്തുകൊണ്ട്? കൊലക്കുറ്റം ആരോപിക്കപ്പെട്ട പുരോഹിതര്‍ക്കുവേണ്ടി കണക്കില്ലാത്ത നേര്‍ച്ചപ്പണം ചെലവഴിക്കുന്നതിനെ എങ്ങനെയാണു ന്യായീകരിക്കാന്‍ കഴിയുന്നത്? സഭാശുശ്രൂഷകര്‍ എന്ന നിലയിലാണ് ഈ നടപടിയെങ്കില്‍, 37 വര്‍ഷത്തിലേറെക്കാലം സ്തുത്യര്‍ഹമായി സഭാശുശ്രൂഷ ചെയ്ത മലയാറ്റൂര്‍ പളളിയിലെ ജോണിയെന്ന കപ്യാരെയും അച്ചനെ കൊന്ന കേസു നടത്താന്‍ സഹായിക്കേണ്ടതല്ലേ, സഭ?
അവസാനമായി, സിസ്റ്റര്‍ അഭയാകേസും പുരോഹിതരുള്‍പ്പെട്ട സഭയിലെ എല്ലാ കേസുകളും വിരല്‍ചൂണ്ടുന്നത്, ചര്‍ച്ച് ആക്ടിന്റെ അനിവാര്യതയിലേക്കാണ്. ചര്‍ച്ച് ആക്ട് ഉണ്ടായിരുന്നെങ്കില്‍, ഇടവകക്കാരുടെ പ്രാതിനിധ്യമുള്ള ഇടവക-രൂപതാ-സംസ്ഥാനതല ട്രസ്റ്റ് അസംബ്ലികളോ ട്രസ്റ്റ് കമ്മിറ്റികളോ ഇത്തരം കേസു നടത്തിപ്പില്‍ പണം അനുവദിക്കുമായിരുന്നില്ലതന്നെ. പുരോഹിതവര്‍ഗം ചര്‍ച്ച് ആക്ടിനെ എതിര്‍ക്കുന്നതിന്റെ മുഖ്യകാരണവും ഇതാവാം.
- ജോര്‍ജ് മൂലേച്ചാലില്‍, എഡിറ്റര്‍, സത്യജ്വാല

No comments:

Post a Comment