Translate

Wednesday, February 28, 2018

സർവ്വരാജ്യ കുഞ്ഞാടുകളെ സംഘടിക്കുവിൻ.....

സീറോമലബാർ സഭയുടെ കാര്യം ഓർക്കുന്തോറും ചിരി വരും. ഈ ആഴ്ച്ച ചിരിക്കാനൊരു പ്രത്യേക കാര്യമുണ്ട്, അടുത്തിടെ മാർ തട്ടിലിന്റേതായ  ഇന്ത്യയിലെ പ്രവാസി കത്തോലിക്കർക്കുള്ള ഒരു വീഡിയോക്ലിപ്പ് വാട്സാപ്പിൽ എനിക്കും കിട്ടി. അതിൽ പറയുന്നു, പ്രവാസികളാരും ബേജാറാവണ്ട, നമുക്ക് നമ്മുടെതായ ഒരു സംവിധാനം ഉണ്ടാകുന്നതുവരെ ഷംഷാബാദ് രൂപതയിൽ തൽസ്ഥിതി തുടരുന്നതാണെന്നും, പരി. പിതാവ് വാത്സല്യപൂർവ്വം, തന്നെ പ്രവാസികളുടെ ക്ഷേമാർത്ഥം നിയമിച്ചതാണെന്നുമൊക്കെ (ഇത്രയും എളിമയോടെയും വിനയത്തോടെയും സംസാരിക്കുന്ന ഒരു പിതാവിനെ സത്യത്തിൽ ഞാൻ കണ്ടിട്ടില്ലെന്നു പറയാതെ വയ്യ - അതും ലോകത്തിലെ ഏറ്റവും വലിയ രൂപതയുടെ മെത്രാനും, നാലു ദിശകളിലായി നാലു പീഠങ്ങളുടെ അധിപനുമായിരുന്നിട്ടും). ഒക്കെയാണെങ്കിലും, പരി. പിതാവിന്റെ വാൽസല്യമെന്നു പറഞ്ഞാൽ എനിക്കത്ര ഉറപ്പില്ല. സഭയുടെ വാതിലിനും ഭരണിക്കും രാജകുമാരനുമൊക്കെ പറ്റിയത് അറിയാമല്ലോ. പരി. പിതാവിന്റെ കാരുണ്യം അൽപ്പം കൂടിപ്പോയോ എന്നാണ് കോട്ടയം രൂപതക്കാരുടെ സംശയമെന്നതും ശ്രദ്ധിക്കണം.

ഈ ക്ളിപ്പു കണ്ടതേ ഒരു കരിഞ്ഞ മണം വന്നതു പോലെ തോന്നി. അഹമ്മദാബാദിനടുത്ത് സബർമതിയിലുള്ള അനിലിനെ (എന്റെ ബന്ധു) ഞാൻ ഫോണിൽ വിളിച്ചപ്പോഴാണ്, സർവ്വടത്തും പ്രശ്നങ്ങൾ മുളക്കുന്നുവെന്ന് മനസ്സിലായത്; അവനാണ്, അഹമ്മദാബാദിൽ സംഘർഷ സാദ്ധ്യതയുണ്ടെന്നും പറഞ്ഞത്. അഹമ്മദാബാദിലെ തൽത്തേജ് പള്ളി ഗോവക്കാരും ഗുജറാത്തുകാരും മലയാളികളും ഒന്നിച്ചു നിന്നു പണിതിട്ട് 20 വർഷങ്ങളായിക്കാണില്ല. ഉദ്ഘാടനത്തിന് മുമ്പേ സീറോക്കാർ അവിടെ സ്വന്തം പണി തുടങ്ങിയതാണെന്നവൻ പറഞ്ഞു. രണ്ടു ദുഃഖവെള്ളി രണ്ടു ക്രിസ്മസ്സ് എന്നിവയൊക്കെ നടത്തി, ഒരേ ക്രിസ്തുവിന്റെ പേരിലെങ്കിലും, കഴിയുന്നത്ര അകന്നാണവർ കഴിഞ്ഞിരുന്നതെന്നാണ് അനിൽ പറഞ്ഞത്. അന്യമതസ്ഥർ മുഴുവൻ ഭയന്നു കഴിയുന്ന അഹമ്മദാബാദിൽ ഈ ഭിന്നിപ്പു വിളിച്ചു വരുത്തുന്ന അപകടത്തെ എല്ലാവരും ഭയക്കുന്നുവെന്ന് എനിക്കു മനസ്സിലായി. പിടിയിൽപെട്ട് അലറിക്കരഞ്ഞുകൊണ്ടിരുന്ന ആട്ടിൻകുട്ടിയോടൊരു ചെന്നായ ചോദിച്ച ചോദ്യം ഞാനോർമ്മിക്കുന്നു - "നീയെന്തിനാ കരയുന്നത്, നിന്നെ ഞാൻ കൊന്നില്ലല്ലൊ!" ഒരു വിധത്തിൽ നോക്കിയാൽ അഹമ്മദാബാദുകാരെന്തിനാ ഭയപ്പെടുന്നത്, 'പാരമ്പര്യം'  മുഴുവനിങ്ങു വന്നില്ലല്ലോ! നിങ്ങൾക്കു വേണ്ടാത്ത 'നമ്മുടെ സംവിധാന'വുമായി ആരെങ്കിലും വന്നാൽ സി. ജെസ്മിയെ അഹമ്മദാബാദിൽ കൊണ്ടുവന്നു പ്രസംഗിപ്പിക്കണമെന്നാണ് എനിക്കു പറയാനുള്ളത്. കുറെക്കാലം മുമ്പു തൃശ്ശൂരുണ്ടായിരുന്ന ചില ആചാരങ്ങളെപ്പറ്റി സി. ജസ്മി പറയും.

സീറോ മലബാർ വന്നാൽ സംഭവിക്കുന്നത് അറിയണമെങ്കിൽ തൃശ്ശൂരുള്ള (തട്ടിൽ പിതാവിന്റെ രൂപത) ഒല്ലൂർ ഫൊറോനാപ്പള്ളിയിൽ വന്നാലും മതി. പള്ളിയുടെ വരവുചിലവു കണക്കുകൾ കാണണമെന്നും പൊതുയോഗം വിളിക്കണമെന്നും ഒരു വിഭാഗം ജനം - അടി, ബഹളം, ബിഷപ്പിനു പരാതി, ബിഷപ്പ് ആലപ്പുഴക്കു പോകുന്നു. അടികൊണ്ടവൻ പോലിസ് സ്റ്റേഷനിൽ പോകട്ടെയെന്നു ബിഷപ്പ്. ഇപ്പോൾ ബിഷപ്പു വക അന്വേഷണക്കമ്മിഷനും, ഇടവകജനം വക പ്രതിരോധക്കമ്മറ്റിയും നേർക്കു നേർ നിൽക്കുന്നു. എറണാകുളത്താണെങ്കിൽ സർവ്വത്ര തരികിട; ടാക്സ് അടക്കുന്ന കാര്യത്തിനു ട്രസ്റ്റ്, വാങ്ങൽ-വിൽപ്പനക്ക് കാനോൺ! കാനോൺ പ്രകാരം, സഭയുടെ വകയായ ദീപികയെന്നല്ല എന്തും ബിഷപ്പിനു വിൽക്കാം, ഹെലിക്കൊപ്റ്റർ മുകളിൽ താഴത്തക്ക രീതിയിൽ അരമനകൾ പണിയുകയും ചെയ്യാം, ലംബോർഗിനി ഓഡി ബി എം ഡബ്ള്യു മുതലായവ സ്വന്തമാക്കുകയും ചെയ്യാം, ഏതു രാഷട്രീയത്തിലും കളിക്കുകയും ചെയ്യാം, കാശുണ്ടാക്കുന്ന എന്തു പണിയും ചെയ്യുകയുമാവാം; മാത്രമല്ല, റ്റി വി ചാനലുകൾ തുടങ്ങുകയും ഇഷ്ടം പോലെ തെറി കേൾക്കുകയും ചെയ്യാം. സഭാംഗങ്ങളുടെ ഭൂമി ഏതു വിധേനയും സ്വന്തമാക്കാനും ഇതിൽ ക്ളോസ്സ് കാണുമായിരിക്കണം. പ്രത്യേക കാനോനികാവകാശപ്രകാരം ആധാരത്തിൽ കാണിക്കുന്നതും കൈമാറുന്നതും രണ്ടു തുകയായാലും കുഴപ്പമില്ലെന്നു തോന്നുന്നു. എന്തായാലും, കൃത്യമായും ദൈവത്തിനുള്ളതു ദൈവത്തിനും രാജ്യത്തിനുള്ളത് രാജ്യത്തിനും കൊടുത്ത് സത്യസന്ധമായും മാതൃകാപരമായും ഒരു കൂട്ടർ കർത്താവിനു പൂർണ്ണമായും കീഴ്പ്പെട്ട് വിനയത്തോടെയും ലാളിത്യത്തിലും കഴിയുന്നു. ഒരു വല്ലാത്ത സഭ തന്നെ! പിരിക്കുമ്പോൾ 'നമ്മുടേ'തും പിരിവു കഴിഞ്ഞാൽ 'എന്റേ'തുമാകുന്ന ഇത്തരമൊരു സാധനം ലോകത്തിൽ ഇവിടെ മാത്രമേ കാണൂ. അവസാനമിതാ, എന്റെ രാജ്യം ഇവിടെയല്ല അങ്ങു റോമിലാണെന്നൊരു ബോംബും (ആലഞ്ചേരിപ്പിതാവിനെ കാണേണ്ടവർ ഇപ്പോൾ കണ്ടുകൊള്ളുക. പിടിവീഴുമെന്നു കണ്ടാൽ മല്യായും നീരവും മുങ്ങിയതുപോലൊരു മുങ്ങൽ അദ്ദേഹവും നടത്തിയേക്കാം. റോമിനാണെങ്കിൽ, ഇങ്ങിനെ കേസിൽ കുടുങ്ങിയ ഒരു മെത്രാനെ മരണംവരെ സംരക്ഷിച്ച പാരമ്പര്യവുമുണ്ട്, 'എന്റേതാ'യി റോമിൽ ഒരു വലിയ കെട്ടിടവുമുണ്ട്, അതിൽ വിശാലമായ അടുക്കളയുമുണ്ട്).

സീറോ മലബാർ പാരമ്പര്യം വന്നാൽ മാമ്മോദിസാക്ക് മാസത്തിൽ നിശ്ചിതദിവസം, വിശ്വാസികളുടെ ഡെബിറ്റ്/ക്രെഡിറ് കാർഡും അറ്റാച്ച് ചെയ്യണം (ഉദാ: അമേരിക്ക); വാർഡ്മീറ്റിങ് - എല്ലാവർക്കും മാസത്തിൽ ഒരു നേരം സദ്യ! മാസികകൾ/പത്രങ്ങൾ/ലഖുലേഖകൾ - മെത്രാൻ നിർദ്ദേശിക്കുന്നവകളെല്ലാം വരുത്തിയിരിക്കണം, മെത്രാൻ പറയുന്നതെല്ലാം വിശ്വസിച്ചിരിക്കണം. ആദ്യകുർബ്ബാന - അതിനഡ്മിഷൻ കിട്ടാൻ കുടുംബത്തിലാർക്കും ബാദ്ധ്യതകളൊന്നും പാടില്ല. വേദപാഠം - യൂണിഫോം, അൾത്താരബാലസംഘത്തിൽ നിർബന്ധിത സേവനം. ഞായറാഴ്ചകളിൽ പ്ളസ്സ് റ്റു വിദ്യാർത്ഥികൾക്ക് പ്രത്യേക 'എണ്ട്രൻസ്മുടക്കു' ക്യാറ്റക്കിസം, സർവർക്കും വല്യ അവധിക്ക് ഉഥാനോത്സവം പിന്നെ ഇന്റൻസീവും.  വിവാഹത്തിനു ഫോം എ, ബി, സി എന്നിവകൾ പൂരിപ്പിക്കണം. കുടുംബജീവിതത്തെപ്പറ്റി, അതു നടത്തിയിട്ടില്ലാത്തവർ തരുന്ന കോച്ചിങിലും പങ്കെടുക്കേണ്ടിവരും, ഓരോരുത്തരും കന്യകാ-കന്യകന്മാരെന്നു ബോദ്ധ്യപ്പെടുത്തേണ്ടിയും വന്നേക്കാം, ദശാംശം കൊടുത്തതിന്റെ കണക്കു കമ്പ്യുട്ടറിൽ വികാരി നോക്കിയെന്നുമിരിക്കും. രണ്ടു വർഷത്തോളം, ഏതെങ്കിലും പാർട്ടി മുഴുവനായോ ഭാഗികമായോ പുറത്തെങ്ങാനും ആയിരുന്നെങ്കിൽ/പോയിരുന്നെങ്കിൽ പെട്ടു! ഇതെല്ലാം ഓക്കെയാണെങ്കിലും ചോദിക്കുന്ന പണം കൊടുത്താലെ ഉദ്ദേശിക്കുന്ന സമയത്തു കുറികിട്ടൂ. കല്യാണത്തിന്റെ തലേന്ന് വധുവിന്റെയും വരന്റെയും വീട്ടിൽ വൈദികന്റെ നേതൃത്ത്വത്തിൽ പ്രത്യേക പ്രാർത്ഥന (പുതുതായി തുടങ്ങിയത്), തുടർന്നു വാർഡിലുള്ളവർക്കെല്ലാം സദ്യ. വൈദികന് എന്തെങ്കിലും കൊടുത്തേക്കുക രണ്ടായിരമോ, അയ്യായിരമോ... ഇഷ്ടം പോലെ. ഇവിടെ വേറെ ചില ആചാരങ്ങളുമുണ്ട്, അന്യജാതിക്കാരുമായാണു വിവാഹമെങ്കിൽ കുറി വേണ്ട (സിനിമാ നടികൾക്കും പരിഗണനയുണ്ട്). അവർക്കു പ്രീ കാനായുടെ കാര്യത്തിലും ഇളവുണ്ട്. രജിസ്റ്റർ ചെയ്ത വിവാഹങ്ങളാണെങ്കിൽ വികാരിയച്ചനിഷ്ടപ്പെട്ട തുക കൊടുത്താൽ പിന്നീട് ശരിയാക്കാം. കുറി ഇന്റർനെറ്റിലാക്കിയാൽ വികാരിക്കെന്തു വില? കല്യാണത്തിന്റെ തലേന്ന് ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് കുറിക്കുവേണ്ടി പറക്കേണ്ടിവന്ന സത്യവിശ്വാസിയുടെ കഥ ആർക്കു മറക്കാനാവും? നിയമമനുസരിച്ച്, അച്ചൻ വെഞ്ചരിക്കുന്നതെന്തും സഭയുടെ വക. അതിൽ കെട്ടിക്കൊണ്ടു വരുന്ന പെണ്ണും കാണുമോയെന്ന് അറിഞ്ഞു കൂടാ. എല്ലാത്തിനും ഉദാഹരണങ്ങൾ ഇഷ്ടം പോലെ! പള്ളി തരുന്ന ഒരു സർട്ടിഫിക്കറ്റും ആർക്കും വേണ്ടായെന്നതും അവയ്ക്കു സർക്കാരിൽ ഒരു വിലയുമില്ലെന്നതും വേറൊരു കാര്യം.

പള്ളിക്കകത്തേക്കു വന്നാൽ കാതടപ്പിക്കുന്ന പാട്ടും പ്രസംഗവും ഫ്രീ (ആമ്പ്ളിഫയർ കണ്ടു പിടിച്ചവനെ എന്റെ കൈയ്യിൽ കിട്ടിയിരുന്നെങ്കിൽ; അതില്ലെങ്കിൽ കരിസ്മാറ്റിക്കുമില്ലല്ലോ!) പിരിവ്, എല്ലാ ഞായറാഴ്ചകളിലുമുണ്ടാവും; വാരിക്കൊടുത്തോണം. എല്ലാവർക്കും ദൈവം തരുമത്രേ (എന്നാ പിന്നെയവർക്കു ദൈവത്തിന്റെ കൈയ്യീന്നു നേരിട്ടു വാങ്ങിക്കൂടേ?). എത്ര കിട്ടിയാലും 'മതി'യെന്നൊരു വാക്ക് ഏതെങ്കിലും മെത്രാൻ ഉറക്കത്തിൽ പോലും പറഞ്ഞതായി ഞാൻ കേട്ടിട്ടില്ല. മിക്കവാറും ഇടയലേഖനമുണ്ടാവും (അന്നു വേറേതെങ്കിലും പള്ളിയിൽ പോയി രക്ഷപ്പെടുക). ആണ്ടിൽ മിനിമം ഇരുപതു തിരുന്നാളുകൾ, അതിനു ചേർന്ന നേർച്ചഭക്ഷണം രണ്ടു കരിസ്മാറ്റിക് ധ്യാനം മുതലായവ എക്സ്ട്രാ. വീടു വെഞ്ചരിച്ചതിന്റെ കാലാവധി വൈദികന്റെ സൗകര്യമനുസരിച്ചു മാറും. പട്ടം കിട്ടിയെന്നോർത്തോണ്ട് ലോകമാസകലം പോയി വചനം പ്രസംഗിക്കാമെന്നും കൂദാശ കൊടുക്കാമെന്നും അച്ചന്മാരും ഓർക്കണ്ട. കർത്താവു പറഞ്ഞതൊന്നും നടപ്പുള്ള കാര്യമല്ല! തോമ്മാശ്ളീഹാ നാടുനീളെ നടന്നു മാമ്മോദിസാ മുക്കിയിട്ടുണ്ടെങ്കിൽ അതിന്റെ ഫലം അനുഭവിക്കുകയും ചെയ്തെന്നു കാണുക. സീറോ മലബാറിൽ എല്ലാറ്റിനും പ്രവർത്തന പരിധിയുണ്ട് - പറയുന്നതിനും പ്രവർത്തിക്കുന്നതിനും. അത്മായനു വചനം പറയണമെങ്കിൽ ബിഷപ്പിന്റെ അനുവാദം വേണം. മരിച്ചാലോ? ശവം പള്ളിക്കു വല്ലതും കൊടുക്കാനുണ്ടായിരുന്നോയെന്നു നോക്കി ബാക്കികാര്യങ്ങൾ നിശ്ചയിക്കുന്ന മതങ്ങളിൽ സീറോമലബാറുമുണ്ടെന്ന് അനുഭവങ്ങൾ! ശവക്കുഴിക്കുള്ള സ്ഥലത്തിന്റെ വിലനിലവാരം ഇപ്പോഴത്തെ സ്ഥിതിയിൽ ഒരേക്കറിന് ശരാശരി 26 കോടി (ഗ്രാമപ്രദേശങ്ങളിൽ) വന്നേക്കാം. ഇനി പള്ളിക്കു ശവക്കോട്ട സ്വന്തമായില്ലെങ്കിൽ, പൊതുസ്ഥലത്തിന്റെ ഏതെങ്കിലും കോണ് വാടകക്കെടുക്കുകയും ഏകദേശം ആനുപാതികമായി ഈ വില പള്ളിക്കു കിട്ടത്തക്ക രീതിയിൽ (ഷിക്കാഗോയിൽ ചെയ്തതുപോലെ), കല്ലറക്കുള്ള സ്ഥലം വ്യക്തികൾക്ക് വിതരണം ചെയ്യുകയും ചെയ്യും. ഒറ്റയടിക്കെല്ലാം പറയാൻ വയ്യ! അനുഭവിച്ചറിയണം. ഇപ്പറഞ്ഞതിനെന്തിനെങ്കിലും കർത്താവുമായോ തോമ്മാശ്ളീഹായുമായോ ബന്ധമുണ്ടോയെന്നു ചോദിക്കരുത്. ചുരുക്കത്തിൽ, 365 ദിവസങ്ങളിൽ 250 ദിവസങ്ങളും വിശ്വാസിക്കു പണിയും കിട്ടും, നാലു കാശിനു പണിയുന്ന ബാക്കി ദിവസങ്ങളിലെ വരുമാനവും പോയിക്കിട്ടും! ആ നിലക്ക് നോക്കിയാൽ അഹമ്മദാബാദിലുള്ളവർ ഭയക്കുന്നതിൽ കാര്യമുണ്ട്! തലമുടി നാരിഴക്കാണല്ലൊ, ഡൽഹിക്കാർ രക്ഷപ്പെട്ടത്.

വല്ലപ്പോഴും സിനഡ് കൂടുമ്പോൾ മെത്രാന്മാർ ചിന്തിക്കുക, എന്തുകൊണ്ട് ലോകമാസകലമുള്ള സ്വന്തം ജനം സ്വന്തം മതത്തെ ഇത്രമേൽ വെറുക്കുന്നുവെന്ന്. ദൈവാനുഗ്രഹം ഒരു ഗ്രാമെങ്കിലും ഉണ്ടായിരുന്നെങ്കിൽ എറണാകുളം ഇത്രമേൽ പുകയില്ലായിരുന്നെന്നും, ഈ പോക്ക്‌ നാശത്തിലേക്കാണെന്നും മെത്രാന്മാർ മനസ്സിലാക്കുന്നതും നല്ലത്. ആവശ്യം വരുന്ന സമയത്ത് ശക്തിസ്രോതസ്സുകളായ കരിസ്മാറ്റിക്കുകാരും ഷെവലിയർമാരുമൊന്നും ഒപ്പം കാണില്ലെന്നും അനുഭവത്തിൽ നിന്ന് പഠിച്ചാൽ, അതും ഉപകാരപ്പെടും. എല്ലാവരോടും എനിക്കൊരെളിയ പ്രാർത്ഥനയുണ്ട്, 'ദയവായി നിങ്ങൾ വചനം പ്രസംഗിക്കരുത്!'  

1 comment:

  1. http://mattersindia.com/2018/03/sex-workers-day-south-africa-church-draws-on-indian-initiative/

    ReplyDelete