Translate

Tuesday, February 27, 2018

അണിനിരക്കൂ! സഭയുടെ നിഗൂഢവ്യവസ്ഥിതിക്കെതിരായി, ചര്‍ച്ച് ആക്ടിന്റെ സുതാര്യവ്യവസ്ഥിതിക്കുവേണ്ടി



ജോർജ് മൂലേച്ചാലിൽ mobile: 9497088904 
എഡിറ്റോറിയൽ, സത്യജ്വാല ഫെബ്രുവരി 2018 

ഒന്നര വര്‍ഷത്തിലേറെ പഴക്കമുള്ള സഭയിലെ ഭൂമികുംഭകോണവിവാദം വെറും രണ്ടുമാസം മുമ്പുമാത്രമാണ് പുറം ലോകമറിയുന്നത്. അതുവരെ ആ സംഭവം ഒരു നിഗൂഢ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു, അതുമായി ബന്ധപ്പെട്ട സഭാധികൃതര്‍. ഇതുസംബന്ധിച്ച് എന്തൊക്കെയോ ഭിന്നതകള്‍ സഭാധികാരത്തിന്റെ അകത്തളങ്ങളില്‍ പൊട്ടിപ്പുറപ്പെട്ടിരുന്നില്ലെങ്കില്‍, ഇന്നും ഈ വന്‍കുംഭകോണം നിഗൂഢമായിത്തന്നെ ഇരിക്കുമായിരുന്നു എന്നു കരുതണം. കാരണം, കൊല്ലം, തൃശ്ശൂര്‍, മാനന്തവാടി രൂപതാദ്ധ്യക്ഷന്മാര്‍ മുമ്പു നടത്തിയിരുന്ന അനധികൃത ഭൂമികച്ചവടങ്ങളെല്ലാം വര്‍ഷങ്ങളായി നിഗൂഢതയിലായിരുന്നു. മേജര്‍ ആര്‍ച്ചുബിഷപ്പ് ഉള്‍പ്പെട്ട ഭൂമികുംഭകോണവാര്‍ത്തയുടെ ആഘാതത്തില്‍ ഞെട്ടിയുണര്‍ന്ന വിശ്വാസിസമൂഹത്തിന്റെ ശ്രമഫലമായിമാത്രമാണ് അവയെല്ലാം പുറത്തായിക്കൊണ്ടിരിക്കുന്നത്.
സ്വാര്‍ത്ഥലക്ഷ്യങ്ങളും നിക്ഷിപ്തതാല്പര്യങ്ങളുമുള്ളിടത്താണ് നിഗൂഢത ആവശ്യമായിവരുന്നത്. ചെറിയ കള്ളന്മാര്‍ മുതല്‍ വന്‍ കോര്‍പ്പറേറ്റ് കള്ളന്മാര്‍വരെ നിഗൂഢതയില്‍ പ്ലാന്‍ ചെയ്താണ് തങ്ങളുടെ പദ്ധതികള്‍ നടപ്പാക്കുന്നത്. ലക്ഷ്യത്തില്‍ ഉദ്ദേശ്യശുദ്ധിയോ മാര്‍ഗ്ഗത്തില്‍ സത്യസന്ധതയോ ഇല്ലാത്തതാണ് നിഗൂഢതയെ കൂട്ടുപിടിക്കാന്‍ അവരെയെല്ലാം നിര്‍ബന്ധിതരാക്കുന്നത്. നിഗൂഢതയുടെ ഇരുട്ടാണ് ഇക്കൂട്ടരെ നിലനിര്‍ത്തുന്നതുതന്നെ.
എന്നാല്‍, യേശുവിന്റെ സഭയിലെന്തിനാണ് ഈ നിഗൂഢത? ഹൃദയശുദ്ധിയും സത്യസന്ധതയും നന്മയും പ്രഘോഷിക്കുന്ന സഭാധ്യക്ഷന്മാര്‍ എന്തിനാണ്, കള്ളന്മാരെയും കൊള്ളക്കാരെയുംപോലെ, ഇരുട്ടിന്റെ നിഗൂഢതയെ അഭയംപ്രാപിക്കുന്നത്? സഭ ഒരു കുടുംബമാണ്, കൂട്ടായ്മയാണ് എന്നൊക്കെ പറഞ്ഞ് കുടുംബനാഥന്റെ സ്ഥാ നത്തു കയറിയിരുന്നിട്ട്, കുടുംബാംഗങ്ങളറിയാതെ കുടുംബസ്വത്തു കൈയ്ക്കലാക്കി രഹസ്യത്തില്‍ മറിച്ചു വില്‍ക്കുന്നുവെങ്കില്‍, അയാള്‍ കുടുംബനാഥനാകുന്നതെങ്ങനെ? 'എന്റെ ആടുകളെ മേയ്ക്കുക' എന്ന യേശുവിന്റെ വിളിക്കു പ്രത്യുത്തരം നല്‍കാനെന്നമട്ടില്‍ രംഗപ്രവേശംചെയ്തവര്‍ തൊഴുത്തിന്റെ മുന്‍വാതിലിലൂടെ അകത്തു കടക്കാന്‍ ധൈര്യപ്പെടാതെ കള്ളന്മാരെയും കവര്‍ച്ചക്കാരെയുംപോലെ മറുവഴിയിലൂടെയാണ് അകത്തു കടക്കുന്നതെങ്കില്‍ (യോഹ.10:1-5), അവരെയെങ്ങനെ യേശുവിന്റെ ആട്ടിന്‍പറ്റത്തിന്റെ ഇടയന്മാരായി കണക്കാക്കാനാവും? കള്ളന്മാരും കവര്‍ച്ചക്കാരുമായല്ലാതെ അവരെയെങ്ങനെ നോക്കിക്കാണാനാവും? ''ഇടയന്മാര്‍ എന്റെ ആടുകളെ അന്വേഷിക്കുകയോ തീറ്റിപ്പോറ്റുകയോ ചെയ്യാതെ തങ്ങളെത്തന്നെ തീറ്റിപ്പോറ്റി.... ഇതാ, ഞാന്‍ ഇടയന്മാര്‍ക്ക് എതിരാണ്,........ ആടു മേയ്ക്കുന്ന ജോലിയില്‍നിന്നു ഞാന്‍ അവരെ നീക്കിക്കളയും... അവയെ അവരുടെ വായില്‍നിന്നു ഞാന്‍ രക്ഷിക്കും'' (എസെ. 34:710) എന്ന ദൈവികതാക്കീതു മനസ്സിലാക്കി ഇടയസ്ഥാനത്തുനിന്നു സ്വയം പുറത്തുപോകാന്‍ ഈ കള്ളയിടയന്മാര്‍ തയ്യാറായേ പറ്റൂ. അതിനവര്‍ വിസമ്മതിക്കുകയാണെങ്കില്‍, ഇരുട്ടിന്റെ നിഗൂഢതയില്‍ മറുവഴിയിലൂടെ കടന്നുവന്ന് തങ്ങളുടെ വസ്തുവകകള്‍ അപഹരിച്ച അവരെ അവിശ്വസ്തരായ കൂലിക്കാരെപ്പോലെ കരുതി സഭയെന്ന തൊഴുത്തിനു പുറത്താക്കാന്‍ ദൈവത്തിന്റെ ആട്ടിന്‍പറ്റവും തയ്യാറാകേണ്ടിയിരിക്കുന്നു. കാരണം, യേശുവിന്റെ സഭയെ കൊള്ളക്കാരുടെ ഗുഹയാകാതെ നോക്കാനുള്ള കടമ സഭാസമൂഹത്തിനുമുണ്ട്.
ഇങ്ങനെയൊക്കെ പറയേണ്ടിവരുന്നത്, വാര്‍ത്ത പുറത്തായിട്ടു രണ്ടു മാസമായിട്ടു കര്‍ദ്ദിനാള്‍ ആലഞ്ചേരി താന്‍ നേതൃത്വം കൊടുത്ത ഈ ഇടപാടു സംബന്ധിച്ച വസ്തുതകള്‍ സഭാസമൂഹത്തോടു തുറന്നുപറയാന്‍ വിമുഖത കാട്ടുന്നു എന്നതുകൊണ്ടാണ്. എന്തിന്, തന്റെ സഹായമെത്രാന്മാരോടോ വൈദികസമൂഹത്തോടോപോലും വസ്തുതകള്‍ വിശദീകരിക്കാന്‍ അദ്ദേഹം കൂട്ടാക്കുന്നില്ല. കാര്യങ്ങള്‍ ആരാഞ്ഞ തന്നെ അപമാനിക്കുകയാണ് കര്‍ദ്ദിനാള്‍ ചെയ്തതെന്ന് മാര്‍ എടയന്ത്രത്ത് പറയുന്നതിന്റെ ശബ്ദരേഖയും ലോകം മുഴുവന്‍ കേട്ടു. ഒരു ഉന്നത സഭാസ്ഥാനിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഈ സമീപനം തീര്‍ച്ചയായും യേശുവിന് എതിര്‍സാക്ഷ്യമാണ്. കേരളകത്തോലിക്കര്‍ക്ക് വലിയ ഇടര്‍ച്ചയ്ക്കാണ്, തന്റെ കുറ്റകരമായ മൗനത്തിലൂടെ അദ്ദേഹം കാരണമായിരിക്കുന്നത്. പൊതുസമൂഹത്തില്‍ അവരെയെല്ലാം ലജ്ജിതരാക്കുകയുംചെയ്യുന്നു, അദ്ദേഹം.
അസ്ഥാനത്തുള്ള ഈ മൗനത്തിലൂടെ അദ്ദേഹം ഒന്നിനൊന്നു പരിഹാസ്യനായിക്കൊണ്ടിരിക്കുകയാണെന്ന വസ്തുതയെങ്കിലും അദ്ദേഹത്തിനു കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍! ഭൂമിയിടപാടു സംബന്ധിച്ച് ഗൗരവതരമായ അനവധി ചോദ്യങ്ങള്‍ അദ്ദേഹത്തിന്റെ തലയ്ക്കുമേല്‍ തൂങ്ങിനില്‍ക്കുമ്പോള്‍ അവയ്‌ക്കെല്ലാംകൂടി, 'സാങ്കേതികപ്പിഴവുണ്ടായി' എന്ന ഒരേയൊരു മറുപടി ആവര്‍ത്തിക്കുമ്പോള്‍ എങ്ങനെ അദ്ദേഹം പരിഹാസ്യനാകാതിരിക്കും! തന്റെ ഭാഗത്ത് സാങ്കേതികമായ തെറ്റേ ഉണ്ടായിട്ടുള്ളൂ എന്നു പറയുമ്പോള്‍, യഥാര്‍ത്ഥ തെറ്റുകാര്‍ വേറെയാണ് എന്നാണല്ലോ അതിനര്‍ത്ഥം. മൗനം പാലിച്ച് ആ യഥാര്‍ത്ഥ കുറ്റക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴും അദ്ദേഹം സംശയത്തിന്റെ നിഴലിലാണ്. 'എന്റെ പരിമിതികള്‍ നിങ്ങളുടെ പ്രാര്‍ത്ഥനകള്‍കൊണ്ടു പരിഹരിക്കപ്പെടും' എന്നും, 'സത്യത്തിന്റെ പ്രകാശം പരക്കുമ്പോള്‍ എല്ലാം പരിഹരിക്കപ്പെടു'മെന്നും മറ്റുമുള്ള അദ്ദേഹത്തിന്റെ 'പുണ്യപ്രസ്താവനകള്‍' എത്രയോ ബാലിശവും പരിഹാസ്യവുമാണ്! ഭൂമികുംഭകോണം സംബന്ധിച്ച സത്യത്തിന്റെ പ്രകാശം പരക്കാനിടവരാതിരിക്കാന്‍ വായ മൂടിക്കെട്ടിവെച്ചിരിക്കുന്ന അദ്ദേഹംതന്നെ സത്യത്തിന്റെ പരക്കുന്ന പ്രകാശത്തെപ്പറ്റി വാചാലനാകുമ്പോള്‍ അതെത്ര വലിയ വിരോധാഭാസമാണ്! ഇത്ര ഗുരുതരമായി ആരോപണവിധേയനായിട്ടും, യാതൊരു ജാള്യതയും കൂടാതെ, ഭാവി പാത്രിയര്‍ക്കീസ് കസേരയില്‍ കയറിയിരുന്ന് അഹങ്കാരപ്രദര്‍ശനം നടത്തിയത് എത്ര അപഹാസ്യമായിപ്പോയി! അദ്ദേഹം തന്റെ വിശ്വാസ്യതയും പ്രതിച്ഛായയും ഏറ്റവുമേറെ കളഞ്ഞുകുളിച്ചത്, താന്‍ അത്മായരുടെ തടങ്കലിലാണ് എന്നു പറഞ്ഞ് വൈദികസമ്മേളനത്തില്‍ പങ്കെടുക്കാതെ നാടകം കളിച്ചതിലൂടെയാണ്. സഭയിലെ സുതാര്യതയ്ക്കുവേണ്ടി, അതിരൂപതയില്‍ രൂപംകൊണ്ട 'അൃരവറശീരലമെി ങീ്‌ലാലി േളീൃ ഠൃമിുെമൃലിര്യ'(അങഠ) എന്ന അത്മായ-വൈദികപ്രസ്ഥാനം അങ്കമാലിയില്‍ നടത്തിയ യോഗം കലക്കാന്‍ 'കാഞ്ഞിരപ്പള്ളി-ചങ്ങനാശ്ശേരി സ്റ്റൈലി'ല്‍ പള്ളിഗുണ്ടകള്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ ധാര്‍മ്മികമുഖം വീണ്ടും വികൃതമായി. അല്ലെങ്കില്‍, ഏറ്റവും അടുത്ത നിമിഷത്തില്‍ത്തന്നെ അദ്ദേഹം അതിനെ അപലപിക്കുകയും അതിനു നേതൃത്വം കൊടുത്തവരെ തള്ളിപ്പറയുകയും ചെയ്യണമായിരുന്നു. വളരെ വൈകി നടത്തിയ ഖേദപ്രകടനവും ഒരു നാടകമായിരുന്നുവെന്ന് അങഠ ജനു. 4-നു വൈക്കത്തു നടത്തിയ ഫൊറോനാതല യോഗം കലക്കാന്‍ അതേ വിശുദ്ധഗുണ്ടകള്‍ ആക്രോശവുമായി വീണ്ടും രംഗത്തെത്തിയപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. ഭൂമിവിവാദം സംബന്ധിച്ചു പുറത്തുവന്ന വിദഗ്ദ്ധസമിതിയുടെ റിപ്പോര്‍ട്ടു ചര്‍ച്ചചെയ്യാനോ, സഭയുടെ സാമ്പത്തികഇടപെടലുകളില്‍ സുതാര്യത ആവശ്യപ്പെടാനോ ഒന്നും, എല്ലാ സഭാസ്വത്തുക്കളുടെയും യഥാര്‍ത്ഥ ഉടമകളായ അത്മായര്‍ക്ക് അവകാശമില്ലപോലും! ഇവരൊക്കെ എന്താണു വിചാരിച്ചുവെച്ചിരിക്കുന്നത്, സീറോ-മലബാര്‍ സഭ ഒരു വെള്ളരിക്കാപ്പട്ടണമെന്നോ?
കാനോന്‍ നിയമപ്രകാരം എറണാകുളം-അങ്കമാലി അതിരൂപതാസ്വത്തുക്കളുടെമേല്‍ തനിക്കു ലഭ്യമാക്കിയിരിക്കുന്ന ഉടമസ്ഥാവകാശത്തിലും ഭരണാധികാരത്തിലുമുള്ള അമിതവിശ്വാസമാകാം, ആരെന്തു പറഞ്ഞാലും അതിനൊന്നും ഉത്തരം പറയാനുള്ള ബാധ്യത തനിക്കില്ലെന്ന തരത്തിലുള്ള മൗനത്തിനും ഈ പെരുമാറ്റങ്ങള്‍ക്കുമെല്ലാം അടിസ്ഥാനകാരണം. ഭൂമികുംഭകോണം ആരോപിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ മറ്റു മെത്രാന്മാരും ഇതേ മൗനത്തിലാണെന്നോര്‍ക്കുക. അവയൊന്നും കാര്യമായ വാര്‍ത്താപ്രാധാന്യം നേടുന്നില്ലെന്നതും ശ്രദ്ധിക്കുക. എറണാകുളത്തു ചോദ്യങ്ങള്‍ ചോദിക്കുന്നത് സഹായമെത്രാന്മാരും വൈദികരുമായിരുന്നില്ലെങ്കില്‍, കൊല്ലം-മാനന്തവാടി രൂപതകളിലെന്നപോലെ അത്മായര്‍ മാത്രമായിരുന്നെങ്കില്‍, സാങ്കേതികപ്പിഴവു പറ്റിയെന്ന കുറ്റസമ്മതംപോലും ഉണ്ടാകുമായിരുന്നില്ലെന്നു ചുരുക്കം. ഇടവകയിലെയോ രൂപതയിലെയോ ഏതെങ്കിലും ഒരു നടപടിയെ ചോദ്യംചെയ്ത്, അല്ലെങ്കില്‍ അതിനു പരിഹാരംതേടി, ഒരു മെത്രാനെ സമീപിക്കുന്ന ഒരു അത്മായനോ അത്മായസംഘത്തിനോ എന്തു പരിഗണനയാണ് ഇന്നു രൂപതയില്‍ ലഭിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. മിക്കവാറും വാദി പ്രതിയാകും, അല്ലെങ്കില്‍ മൗനംതന്നെയായിരിക്കും ഉത്തരം. സ്വേച്ഛാധികാരിയായ രാജാവ് പ്രജകളോടു പെരുമാറുന്നതുപോലെയാണ്, ഇന്നത്തെ മെത്രാന്മാര്‍ അത്മായരോട് പെരുമാറുന്നത്. തങ്ങളോട് ഉത്തരം പറയാനുള്ള ബാധ്യത രാജാവിനുണ്ടെന്ന് തലയുയര്‍ത്തിനിന്നു പറയാന്‍ പ്രജകള്‍ ഭയക്കുമെന്ന് രാജാവിനറിയാം. അവിശുദ്ധമായ ഇതേ അറിവിന്റെ ബലത്തിലാണ്, റോമന്‍  മനുസ്മൃതി എന്നു വിശേഷിപ്പിക്കാവുന്ന കാനോന്‍നിയമം കുട്ടിരാജാക്കന്മാരായി വിശ്വാസിസമൂഹത്തിന്റെ തലയ്ക്കു മുകളില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന മെത്രാന്മാരും മാര്‍ ആലഞ്ചേരിയോട് ഇടഞ്ഞു നില്‍ക്കുന്ന മെത്രാന്മാരടക്കം എല്ലാ മെത്രാന്മാരും. കാനോന്‍നിയമം തങ്ങള്‍ക്കു കനിഞ്ഞരുളിയിരിക്കുന്ന രാജകീയാധികാരത്തില്‍ സന്തുഷ്ടരാണ് എന്നതാണു വസ്തുത.
അപ്പോള്‍ അടിസ്ഥാനപ്രശ്‌നം മാര്‍ ആലഞ്ചേരിയുടെയോ മാര്‍ സ്റ്റാന്‍ലി റോമന്റെയോഒന്നും തെറ്റായ മനോഭാവമോ പെരുമാറ്റദൂഷ്യമോ അല്ല; മറിച്ച്, അവരെ അങ്ങനെയാക്കുന്ന, അവരെ സര്‍വ്വാധിപതികളാക്കുന്ന കാനോന്‍നിയമമാണ്. അതിനെ നിയന്ത്രിക്കാന്‍ അതിനുമീതെ ഒരു നിയമം ഇന്ത്യയിലില്ല എന്നതാണ്. സഭാശുശ്രൂഷകരില്‍ ആത്മീയത നിറയ്‌ക്കേണ്ടതിനുപകരം, അവരില്‍ അധികാരമദോന്മത്തത നിറയ്ക്കുന്ന ഈ അക്രൈസ്തവനിയമഗ്രന്ഥമാണ്, നമ്മുടെ പുരോഹിതരെയും മെത്രാന്മാരെയുമെല്ലാം സഭയുടെ ഭൗതികാധികാരികളാക്കുന്നത്. സത്യോന്മുഖതയും അന്വേഷണബുദ്ധിയും തനതുദര്‍ശനവും സ്വഭാവശുദ്ധിയുമുള്ള വ്യക്തിത്വങ്ങള്‍ക്കുമാത്രമേ, വച്ചുനീട്ടപ്പെടുന്ന ഭൗതികാധികാരകെണിയില്‍ വീഴാതെ ആദ്ധ്യാത്മികമൂല്യങ്ങളില്‍ ഉറച്ചു നില്‍ക്കാനാവൂ. നമ്മുടെ മെത്രാന്‍സംഘത്തില്‍ ഒരാള്‍പോലും ഈ ആദ്ധ്യാത്മികധീരതയും ആത്മബലവും ഉള്ളതായി തെളിയിച്ചിട്ടില്ല. അല്ലായിരുന്നുവെങ്കില്‍, സഭാസമൂഹത്തിന്റേതാണെന്നു കൃത്യമായറിയാവുന്ന സഭാസ്വത്തുക്കളും സ്ഥാപനങ്ങളും ഒറ്റയടിക്കു മാര്‍പാപ്പയുടേതാക്കിത്തീര്‍ത്ത കാനോന്‍ നിയമത്തിനെതിരെ ഒരു എതിര്‍ശബ്ദമെങ്കിലും ഉയര്‍ന്നേനെ; അത്, 'അന്യന്റെ വസ്തുക്കള്‍ മോഹിക്കരുത്', 'മോഷ്ടിക്കരുത്' എന്നീ ദൈവകല്പ്പനകളുടെ ലംഘനം ഉള്‍ക്കൊള്ളുന്നതാണെന്നു കണ്ട് തള്ളിക്കളഞ്ഞേനെ. ആദ്ധ്യാത്മികാവബോധത്തിന്റെ ഒരു കണികയെങ്കിലും നമ്മുടെ മെത്രാന്മാര്‍ക്കുണ്ടായിരുന്നുവെങ്കില്‍, അധികാരകേന്ദ്രീകൃതമായിരുന്ന അന്നത്തെ റോമന്‍ സമ്പ്രദായത്തെ ചൂണ്ടിക്കാട്ടി, 'ഇതു നിങ്ങളുടെ ഇടയില്‍ ഉണ്ടാകരുത്' എന്നും 'എല്ലാവരുടെയും ഭൃത്യരാകണ'മെന്നുമുള്ള യേശുവിന്റെ കല്പന (മത്താ. 20:25-28) ചവറ്റുകുട്ടയിലെറിഞ്ഞ് രൂപതാമെത്രാനെ രൂപതാതിര്‍ത്തിക്കുള്ളിലുള്ളവരുടെമേല്‍ നിയമനിര്‍മ്മാണ, നിയമവ്യാഖ്യാന, നിയമനിര്‍വ്വഹണാധികാരങ്ങളോടെ വാഴുന്ന കുട്ടിരാജാവാക്കി പ്രതിഷ്ഠിക്കുന്ന കാനോന്‍നിയമത്തെ അസ്വീകാര്യമെന്നു പറഞ്ഞ് അവര്‍ തിരസ്‌കരിക്കുമായിരുന്നു. യേശുവിന്റെ സുവിശേഷസാരം അല്പമെങ്കിലും ഇവര്‍ ഗ്രഹിച്ചിരുന്നുവെങ്കില്‍, യേശുവിനെ പരീക്ഷിക്കാന്‍ പിശാചു വെച്ചുനീട്ടിയ സാമ്പത്തികവും അധികാരപരവും മഹത്വകാംക്ഷാപരവുമായ അതേ പ്രലോഭനങ്ങളാണതിന്റെ ഉള്ളടക്കമെന്നു മനസ്സിലാക്കി ഈ റോമന്‍ രാജകീയപരീക്ഷണത്തെ  നമ്മുടെ മെത്രാന്മാര്‍ അതിജീവിക്കുമായിരുന്നു. എന്നാല്‍, യേശുവിനെ തങ്ങളുടെ സാമ്പത്തിക-അധികാര-മഹത്വവാഞ്ഛകളുടെ സാക്ഷാത്കാരത്തിനുള്ള ഒരു ഉപകരണംമാത്രമായി കണ്ട കേരളത്തിലെ മെത്രാന്മാര്‍ സുവിശേഷഗ്രന്ഥം മാറ്റിവെച്ച് റോമന്‍ കാനോന്‍നിയമഗ്രന്ഥം ഏറ്റുവാങ്ങി പ്രതിഷ്ഠിക്കുകയാണുചെയ്തത്.
തിരിഞ്ഞുനോക്കിയാല്‍, കേരളത്തില്‍ കാനോന്‍നിയമം അടിച്ചേല്‍പ്പിക്കപ്പെട്ടപ്പോള്‍മുതലാണ് ഇവിടെ പുരോഹിത ധാര്‍ഷ്ട്യത്തിന്റെയും യജമാനത്തത്തിന്റെയും തോത് കുത്തനെ ഉയരാന്‍ തുടങ്ങിയത്; വികാരിമാര്‍ പോലീസ് എസ്.ഐ.മാരെപ്പോലെയും മെത്രാന്മാര്‍ ഡി.ജി.പി.മാരെപ്പോലെയും വിശ്വാസികളോടു പെരുമാറിത്തുടങ്ങിയത്; അവര്‍ ആഢംബര സുഖഭോഗജീവിതം ആരംഭിച്ചത്; ബലാത്സംഗവീരന്മാരും കൊലപാതകികളുമായ പുരോഹിതരെ സംരക്ഷിക്കാന്‍ നേര്‍ച്ചപ്പണത്തില്‍നിന്ന് കോടികള്‍ കോടതിച്ചെലവിനായി മാറ്റാനാരംഭിച്ചത്; അവസാനം, സഭാസ്വത്തുക്കള്‍ സ്വകാര്യസ്വത്തുപോലെ വിറ്റു തുലയ്ക്കാനാരംഭിച്ചത്.... ഇതിനെല്ലാമെതിരെ എത്ര പ്രതികരിച്ചാലും ഒച്ചവെച്ചാലും മറുപടി പറയാതെ മിണ്ടാതിരിക്കുന്നതും കാനോന്‍നിയമം അവര്‍ക്കു നല്‍കുന്ന നിയമപരമായ പരിരക്ഷയുടെ ബലത്തിലാണ്; സഭാസ്വത്തു ഭരിക്കാന്‍ ഇന്ത്യയിലൊരു നിയമമില്ല എന്ന സുരക്ഷിതബോധത്തിലാണ്.
അതുകൊണ്ട്, ഒച്ചവച്ചും പ്രതിഷേധിച്ചും സമരം ചെയ്തും കേസുകള്‍കൊടുത്തുമൊക്കെ അവരെ പ്രതിരോധത്തിലും സമ്മര്‍ദ്ദത്തിലുമാക്കുന്നതിനോടൊപ്പം, സഭാസ്വത്തുക്കള്‍ ഭരിക്കാനാവശ്യമായ ഒരു നിയമനിര്‍മ്മാണത്തിനുവേണ്ടിയുള്ള ശക്തമായ ഒരു സംയോജിതനീക്കത്തിനുകൂടി അഖിലകേരളാടിസ്ഥാനത്തില്‍ രൂപംകൊടുക്കേണ്ടിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ അതിനുവേണ്ടിയുള്ള ഉദ്യമങ്ങള്‍ ഇപ്പോള്‍ത്തന്നെ പാതിവഴി എത്തിനില്‍ക്കുകയുമാണ്. അതായത്, ഈയിടെ അന്തരിച്ച ശ്രീ ജോസഫ് പുലിക്കുന്നേല്‍ 2004-ല്‍ 'ചര്‍ച്ച് ആക്ട്' എന്ന ആശയം അവതരിപ്പിച്ചപ്പോള്‍മുതലുള്ള അദ്ദേഹത്തിന്റെയും ഒട്ടേറെ സ്വതന്ത്രസഭാസംഘടനകളുടെയും പ്രവര്‍ത്തനഫലമായി, ഈ വിഷയം കേരളഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും, ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യരുടെ അദ്ധ്യക്ഷതയില്‍ നിയോഗിക്കപ്പെട്ട നിയമപരിഷ്‌കരണ കമ്മീഷനില്‍ അതൊരു വിഷയമാക്കാനും, കമ്മീഷന്‍ രൂപംകൊടുത്ത 'The Kerala Christian Church Properties and Institution Trust Bill'- എന്ന കരടുനിയമം ഗവണ്‍മെന്റിനുമുമ്പില്‍ എത്തിക്കാനും കഴിഞ്ഞിട്ടുണ്ട്. വിവിധ രൂപതകളില്‍ സഭാദ്ധ്യക്ഷന്മാരുടെ നേതൃത്വത്തിലുണ്ടായ ഭൂമികുംഭകോണങ്ങള്‍ക്കും അഴിമതികള്‍ക്കുമെതിരെ ജനരോഷം ഇരമ്പിനില്‍ക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍, ഇവരെയെല്ലാം തളയ്ക്കാനും സഭാസ്വത്തുക്കള്‍ സംരക്ഷിക്കാനും പര്യാപ്തമായ പ്രസ്തുത 'ട്രസ്റ്റ് ബില്ലി'ലേക്ക്, അഥവാ 'ചര്‍ച്ച് ആക്ടി'ലേക്ക്, ജനങ്ങളുടെയും ഗവണ്‍മെന്റിന്റെയും ശ്രദ്ധതിരിപ്പിക്കുക ഇന്ന് താരതമ്യേന എളുപ്പമാണ്. ചുരുക്കത്തില്‍, വരമ്പത്തിരിക്കുന്ന ചര്‍ച്ച് ആക്ടിനെ ശക്തമായും നിശ്ചയദാര്‍ഢ്യത്തോടുകൂടിയും ഒന്നു തള്ളിയാല്‍മതി, ഇനി അതു നിയമമാകാന്‍. അതോടെ കുറ്റവാളികളായ സഭാമേലദ്ധ്യക്ഷന്മാരെ നിയമത്തിനുമുമ്പിലെത്തിക്കാനും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാനും വിശ്വാസിസമൂഹത്തിനു കഴിയും.
നിര്‍ദ്ദിഷ്ട ചര്‍ച്ച് ആക്ടിന്റെ പ്രത്യേകത അത് ബൈബിളധിഷ്ഠിതവും ആദിമസഭയുടെയും കേരളസഭയുടെയും വിശുദ്ധപാരമ്പര്യങ്ങള്‍ക്കനുസൃതവും ആണെന്നുള്ളതാണ്. അപ്പോസ്തലന്മാരെല്ലാവരും ഒന്നിച്ചുചേര്‍ന്ന്, സഭാഭരണം സംബന്ധിച്ച് നടത്തിയ നയപ്രഖ്യാപനമാണ് (അപ്പ. പ്രവ. 6:2-4) ചര്‍ച്ച് ആക്ടിന് അടിത്തറ. ഈ നയപ്രഖ്യാപനത്തിന്റെതന്നെ വികസിതരൂപമായിരുന്നു, മൂന്നുതട്ടുകളില്‍ പ്രവര്‍ത്തിച്ചിരുന്ന നസ്രാണികളുടെ പള്ളിയോഗ സഭാഭരണസമ്പ്രദായം. അതനുസരിച്ച്, സഭാസമൂഹം തിരഞ്ഞെടുക്കുന്ന കമ്മിറ്റികളിലാണ് സഭയുടെ ഭൗതികഭരണം നിക്ഷിപ്തമായിരുന്നത്. അതേ മാതൃകയില്‍, ഇടവകകളില്‍നിന്നുള്ള പ്രതിനിധികളടങ്ങിയ ഇടവക-രൂപതാ-സംസ്ഥാനതല ട്രസ്റ്റ് അസംബ്ലികളും അവ തിരഞ്ഞെടുക്കുന്ന ട്രസ്റ്റ് കമ്മിറ്റികളുമാണ് സഭാഭരണത്തിനായി നിര്‍ദ്ദിഷ്ട ചര്‍ച്ച് ആക്ട് വിഭാവനം ചെയ്തിരിക്കുന്നത്. വികാരിക്കും മെത്രാനും മേജര്‍ ആര്‍ച്ചുബിഷപ്പിനും അതാതു ട്രസ്റ്റ് കമ്മിറ്റികള്‍ക്കും ട്രസ്റ്റ് അസംബ്ലികള്‍ക്കും ആദ്ധ്യക്ഷ്യംവഹിക്കാനും ധാര്‍മ്മികോപദേശങ്ങള്‍ നല്‍കാനുംമാത്രമാണ് അവകാശമുണ്ടാവുക. കാനോന്‍നിയമം ഉടമകളായ വിശ്വാസികളെ ഉപദേശാവകാശം മാത്രമുള്ളവരായി തരംതാഴ്ത്തിയെങ്കില്‍, ചര്‍ച്ച് ആക്ട് സുതാര്യമായി തീരുമാനങ്ങളെടുത്തു മുന്നോട്ടുപോകാന്‍ അധികാരമുള്ളവരാക്കി അവരെ ഉയര്‍ത്തുന്നു.
ചര്‍ച്ച് ആക്ട് പ്രാബല്യത്തിലാക്കിക്കൊണ്ടുമാത്രമേ, സഭയില്‍ വളര്‍ന്നുവരുന്ന സഭാഭരണപ്രശ്‌നങ്ങള്‍ക്കെല്ലാം ശാശ്വതപരിഹാരം കണ്ടെത്തുവാന്‍ നമുക്കാവുകയുള്ളൂ. ഇതു മനസ്സിലാക്കി, ചര്‍ച്ച് ആക്ട് നടപ്പിലാക്കുക എന്ന ഒരേയൊരു ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ ഒരു വിശാലവേദി കേരളത്തിലുണ്ടാകേണ്ടത് അവശ്യം ആവശ്യമായിരിക്കുന്നു. ഇപ്പോള്‍ നിലവിലുള്ള സ്വതന്ത്രസഭാസംഘടനകളും ഈ ദിശയില്‍ പുതുതായി ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്ന പ്രസ്ഥാനങ്ങളും തമ്മില്‍ത്തമ്മില്‍ കൈകോര്‍ത്താല്‍ മതി, അതു സാക്ഷാത്കരിക്കപ്പെടും.

            -എഡിറ്റര്‍ 

2 comments:

  1. http://www.mathrubhumi.com/tv/ReadMore/42864/only-pope-has-power-to-act-against-me-cardinal-to-hc/M

    ReplyDelete
  2. http://www.mathrubhumi.com/tv/ReadMore1/43090/is-alencherry-a-king-without-a-country-super-prime-time/M

    ReplyDelete