Translate

Sunday, February 25, 2018

വല്ലം ഫൊറോന പള്ളിയിലെ ദീപിക ഫ്രണ്ട്‌സ് ക്ലബ് ഉദ്ഘാടന ചടങ്ങിലെ വിശേഷങ്ങളിലേക്ക് ഒരെത്തിനോട്ടം

പി.സി റോക്കി മൊ: 9961217493

            എറണാകുളം -അങ്കമാലി അതിരൂപതയുടെ കീഴിലുള്ള വല്ലം ഫോറോന പള്ളിയില്‍ 2018  ഫെബ്രുവരി 18ന് കത്തോലിക്കാ സഭയുടെ ദീപിക ദിനപ്പത്രത്തിന്റെ പ്രചാരണത്തിനും വളര്‍ച്ചക്കും കത്തോലിക്കാ സഭാംഗങ്ങളില്‍ മാധ്യമ അവബോധത്തിനും വേണ്ടി ഒരു കണ്‍വെന്‍ഷന്‍ നടത്തിയിരുന്നു. ഇതില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി, രണ്ട് ബിഷപ്പുമാര്‍, വല്ലം പള്ളി വികാരിമാര്‍ ഇവര്‍ ഉള്‍പ്പെട്ടിരുന്നു. കൂടാതെ ക്രമ സമാധാന പാലന ചുമതലയുള്ള രണ്ട് പേരും പങ്കെടുക്കുകയുണ്ടായി. കൂടാതെ ഓരോരോ യൂണിററുകളിലെ ഭാരവാഹികളും പങ്കെടുത്തിരുന്നു.
            സഭയുടെ മുഖപത്രമായിരുന്ന ഇത് ഒരിക്കല്‍ സഭാധികാരികള്‍ കോടി രൂപയ്ക്ക് വന്‍ വ്യവസായികള്‍ക്ക് വിററിരുന്നു എന്ന് നാം മാധ്യമങ്ങളില്‍ വായിച്ചിരുന്നതാണ്.  കുറെ നാള്‍ കഴിഞ്ഞ് വീണ്ടും വാങ്ങിയിരുന്നയാള്‍ക്ക് കോടികള്‍ നല്‍കി തിരിച്ച് സഭയുടെ പ്രചാരപത്രമായി വീണ്ടും പുതുമയുടെ പുതുവസ്ത്രവുമണിഞ്ഞ് ഒരു നവോഡയെപ്പോലെ സഭയ്ക്കു വേണ്ടി രംഗത്ത് എത്തിയിരിക്കുകയാണ്. എന്തുകൊണ്ട് അന്ന് ഇത് വിററു എന്നോ, കടം കയറി മുടിഞ്ഞിട്ടാണോ, സര്‍ക്കുലേഷന്‍ മുടങ്ങിയിട്ടാണോ ഇന്നത്തെ സഭയുടെ  ഭൂമി വില്‍പ്പന പോലെ ആരെയും അറിയിക്കാതെ നടത്തിയെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു. വിശ്വാസികളുടെ വിയര്‍പ്പ് തുള്ളികളുടെ ഫലമായ സഭയുടെ ഭൂമി  അവരോട് ആലോചിക്കാതെ വിററതുപോലെ ദീപികയ്ക്കു വേണ്ടി പണം മുടക്കി ഉന്നതിയിലെത്തുമ്പോള്‍ അവന് അതിലൊന്നും യാതൊരു അവകാശവുമില്ലാതെ ചങ്ങമ്പുഴയുടെ കവിതയിലേതുപോലെ മാടത്തെപ്പുലയന്‍ വാഴ വെച്ച് കുല തമ്പ്രാന് നല്‍കിയ അനുഭവമാകും എന്നും പലരും കളിയാക്കുന്നു.  
            നൂറുകണക്കിന് ഇടവകകളിലെ സഭാംഗങ്ങളും പതിനായിരക്കണക്കിന് വിശ്വാസികളും ഇത് ഏററു വാങ്ങുന്നു എന്ന് ഇതിന്റെ സപ്ലിമെന്റില്‍ പറഞ്ഞിരിക്കുന്നു. ഒന്നര വര്‍ഷത്തോളം മുമ്പ് ഇടവക പള്ളികളിലെ ഞായറാഴ്ച കുര്‍ബാനകളിലെല്ലാം എല്ലാ വീടുകളിലും ദീപിക വരുത്തണമെന്നും 3000/- രൂപ ഒരു വര്‍ഷത്തിലെ വരിസംഖ്യ അടക്കുവാന്‍ പള്ളികളിലെല്ലാം ദീപികയുടെ പ്രതിനിധികളായ വൈദികര്‍ ആഹ്വാനിച്ചിരുന്നു.പിന്നീട് ഇതിപ്പോള്‍ പുതിയ അവതാരമായി വന്നിരിക്കുകയാണെന്ന് പലയിടത്തും കുശുകുശുപ്പ് കേള്‍ക്കുന്നു.
            ഞായറാഴ്ച തോറും സഭ ഇറക്കുന്ന സത്യദീപം, വചനോത്സവം, അമ്മ മാസിക, കൂടാതെ നാലഞ്ചു സഭാ ചാനലുകള്‍, ഇടവക തിരുനാളുകളുടെ സപ്ലിമെന്റുകള്‍ ഇതൊക്കെ പോരാഞ്ഞിട്ടാണോ ദീപികയുടെ ഫ്രണ്ട്‌സ് ക്ലബ് പരിപാടിയെന്ന് വിശ്വാസികളുടെ ഇടയില്‍ നിന്നും അഭിപ്രായങ്ങള്‍ കേള്‍ക്കാനിടയായി.

            ഉന്നത നീതിന്യായ പീഠങ്ങളിലിരിക്കുന്നവരും ക്രമസമാധാന ചുമതലയുള്ളവരും അതാത് മതത്തിന്റെ ഇത്തരം പരിപാടികളില്‍ അതിഥികളായി എത്തുന്നത് ഭൂഷണമല്ല എന്ന് മററ് മതവിഭാഗക്കാരില്‍ പലരും അഭിപ്രായപ്പെട്ടതായി കേള്‍ക്കുന്നു. മറിച്ച് ഒരു സാംസ്‌കാരിക, സാമൂഹ്യ  പരിപാടിയിലാണെങ്കില്‍ ഇവര്‍ പങ്കെടുക്കുന്നത് ഉചിതമായിരിക്കും. കൂടാതെ രോഗികള്‍ക്ക് ധനസഹായം, കിടപ്പാടമില്ലാത്തവര്‍ക്ക് കിടപ്പാടം വിതരണം ചെയ്യല്‍ ഇവയിലൊക്കെ പങ്കെടുത്താല്‍ അതൊരു നല്ല കാര്യമായി അംഗീകരിക്കേണ്ടിയിരിക്കുന്നു. നാളെ ഹിന്ദു, മുസ്ലീം, ഹരിജന്‍, നായര്‍ എന്നിങ്ങനെ പല മതവിഭാഗങ്ങളില്‍ പെട്ടവരുടെയും പത്രമാസികകളുടെയും മററും പ്രചാരത്തിനു വേണ്ടി അതിഥികളായി എത്തി വേദി പങ്കിടുന്നത് ഒരു പുതിയ തുടക്കത്തിന് കാരണമാകുമെന്ന് നാട്ടിലാകെ ചര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട്.       

No comments:

Post a Comment