Translate

Monday, February 19, 2018

കാനോന്‍നിയമം ഒരു വിജാതീയനിയമം

ഫാ. ജോണ്‍ കൊച്ചുമുട്ടം ഫോണ്‍: 9961436124
['നസ്രാണിദീപം' ചീഫ് എഡിറ്ററായ ലേഖകന്‍, മാസികയുടെ
2018 ജനുവരി ലക്കത്തില്‍ എഴുതിയ മുഖക്കുറി]

കത്തോലിക്കാസഭയുടെ ഭരണവ്യവസ്ഥിതി കാനോന്‍നിയമത്തില്‍ അധിഷ്ഠിതമാണ്. ഈ കാനോന്‍ നിയമം ബൈബിള്‍ അധിഷ്ഠതമാണോ എന്ന സംശയമാണ് ഇതിനെക്കുറിച്ച് കൂടുതല്‍ പഠിക്കുവാന്‍ പ്രചോദനമായത്. മാത്രമല്ല, ബൈബിള്‍ അനുസരിച്ചല്ല, കാനോന്‍ നിയമമനുസരിച്ചാണ് സഭ ഭരിക്കപ്പെടുന്നതെന്ന് സഭയിലെ എത്രയും സമുന്നതനായ ഒരു അധികാരി ബഹു. കോടതിയെ ധരിപ്പിച്ചതും ഇത്തരം ഒരു പഠനത്തിനു പിന്‍ബലമായി.
വാസ്തവത്തില്‍ കാനോന്‍ നിയമം മാനുഷികനിയമമാണ്. മാനുഷികനിയമം ദൈവികനിയമത്തിനു വിധേയമായി വ്യാഖ്യാനിക്കപ്പെടണം. അതിനെ ഒരിക്കലും ദൈവികനിയമത്തിന് സമമായോ ഉപരിയായോ പ്രതിഷ്ഠിച്ചുകൂടാ. വി. മത്തായിയുടെ സുവിശേഷം 23-ാം അധ്യായം മുഴുവന്‍ മാനുഷിക നിയമങ്ങളെ ദൈവികനിയമങ്ങളായി പഠിപ്പിച്ച യഹൂദപൗരോഹിത്യത്തിന് എതിരേയുള്ള ആഞ്ഞടിക്കലായിരുന്നു.
ഭൗതികഅധികാരങ്ങളും പ്രതാപങ്ങളും തനിക്കുള്ളതാണ്. അതിനാല്‍, തന്നെ ആരാധിക്കുന്നവര്‍ക്ക് ഇതെല്ലാം നല്‍കുമെന്നാണ് സാത്താന്‍ വാഗ്ദാനംചെയ്യുന്നത് (ലൂക്ക. 4: 5-9). യേശു അവതരിച്ചത് ഭൗതികാധികാരപ്രതാപങ്ങളില്‍ വ്യാപരിക്കാനായിരുന്നില്ല. അതുകൊണ്ടാണ് എന്റെ രാജ്യം ഐഹികമല്ല എന്ന് അവിടുന്ന് പരസ്യമായി പ്രഖ്യാപിച്ചത് (യോഹ. 18:36). മാത്രമല്ല, അവിടന്ന് തന്റെ അനുയായികളോട് ശുശ്രൂഷ ആയിരിക്കണം നിങ്ങളടെ മുഖമുദ്ര എന്ന് കല്പിക്കുകയും ചെയ്തു (ലൂക്ക. 22:26; മത്താ. 20:25-28; മര്‍ക്കോ. 10:35-45; യോഹ. 13:14-17). യേശു അപ്പസ്‌തോലന്മാരെയും പിന്‍ഗാമികളെയും ഏല്പിച്ചത് ഐഹികരാജ്യമല്ല; ആത്മീയരാജ്യമാണ് എന്ന് ഇവയില്‍നിന്നെല്ലാം വ്യക്തമാണ്.
പിന്നെയെങ്ങനെ ഇന്നത്തെ ഭരണസംവിധാനക്രമങ്ങളുണ്ടായി? ഇന്നത്തെ അധികാരശ്രേണിയെ  സാധൂകരിക്കുന്ന കാനോന്‍നിയമം എങ്ങനെ നിലവില്‍വന്നു? സഭയുടെ നിയമവ്യവസ്ഥ കാനോന്‍നിയമമാണ്; അതിനാല്‍ ഈ കാനോന്‍ നിയമത്തെ സഭയുടെ വ്യക്തിനിയമമായി അംഗീകരിക്കണമെന്ന് വാദിക്കുമ്പോള്‍ കാനോന്‍ നിയമവ്യവസ്ഥ സഭയില്‍ കടന്നുവന്നതിനെക്കുറിച്ച് ശരിയായ അറിവ് ആവശ്യമാണ്.
കത്തോലിക്കാസഭയിലെ കാനോന്‍നിയമവ്യവസ്ഥയെ പാശ്ചാത്യമെന്നും പൗരസ്ത്യമെന്നും രണ്ടായി തിരിച്ചിരിക്കുന്നു. പാശ്ചാത്യലത്തീന്‍ കാനോന്‍നിയമം ഇകഇ എന്നും പൗരസ്ത്യസഭകളുടെ കാനോന്‍ നിയമം ഇഇഋഛ എന്നും ചുരുക്കെഴുത്തില്‍ അറിയപ്പെടുന്നു. 1918-ല്‍ ക്രോഡീകൃതമായ കാനോന്‍ നിയമം പരിഷ്‌കരിക്കണമെന്ന് സ്വര്‍ഗ്ഗീയ ജോണ്‍ 23-ാമന്‍ മാര്‍പാപ്പ തീരുമാനിച്ചു. ഇതിനേത്തുടര്‍ന്നാണ് സഭാപരിഷ്‌കരണത്തിനായി അദ്ദേഹം രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടിയത്. എന്നാല്‍ ജോണ്‍ 23-ാം പാപ്പയുടെ മരണത്തോടെ അദ്ദേഹത്തിന്റെ സഭാകാഴ്ചപ്പാടുകളും മരിച്ചു. സാമ്രാജ്യഭരണത്തിന്റെ മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ട വത്തിക്കാന്‍ ഭരണകൂടം മാറ്റങ്ങള്‍ക്ക് തികച്ചും എതിരായിരുന്നു. തന്മൂലം, കാനോന്‍നിയമത്തിന്റെ പരിഷ്‌ക്കരണം പൂര്‍ണ്ണമായും അവതാളത്തിലായി. 1918-ലെ കാനോന്‍നിയമവ്യവസ്ഥയ്ക്ക് കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെ 1983-ല്‍ പാശ്ചാത്യസഭകള്‍ക്കുള്ള കാനോന്‍നിയമം 1983-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമാന്‍ മാര്‍പാപ്പ പ്രഖ്യാപിച്ചു. തുടര്‍ന്ന് പ്രായോഗികമായി യാതൊരു മാറ്റവും ഇല്ലാതെതന്നെ പൗരസ്ത്യസഭകള്‍ക്കായുള്ള കാനോന്‍നിയമം മാര്‍പാപ്പ 1991-ല്‍ നടപ്പില്‍ വരുത്തി. വത്തിക്കാന്‍ കൗണ്‍സില്‍ കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷം നടപ്പില്‍ വരുത്തിയ ഈ കാനോന്‍നിയമസംഹിതകളില്‍ കൗണ്‍സിലിന്റെ അരൂപി തെല്ലും ഉള്‍ക്കൊണ്ടിട്ടില്ല എന്നത് അതിശയമായിരിക്കുന്നു! CIC -ല്‍ 1752 കാനോനകള്‍ ഉള്ളപ്പോള്‍ CCEO -ല്‍ 1540 കാനോനകളാണുള്ളത്. യഹൂദമതപുരോഹിതന്മാര്‍ അനുയായികളുടെമേല്‍ 613 നിയമങ്ങളാണ് കെട്ടിവച്ചത്. ഈ നിയമങ്ങളെയെല്ലാം രണ്ടേ രണ്ട് നിയമങ്ങളായി യേശു വെട്ടിച്ചുരുക്കി. യേശുവിന്റെ തുടര്‍ച്ച എന്ന് അവകാശപ്പെടുന്ന സഭയാകട്ടെ, യഹൂദപുരോഹിതന്മാരെയും കടത്തിവെട്ടി. ഇന്ന് 1500-ല്‍പരം നിയമങ്ങള്‍കൊണ്ട് സഭാമക്കളെ വരിഞ്ഞ് മുറുക്കിയിരിക്കുന്നു!!
മെത്രാന്‍ ക്രിസ്തുവിന്റെ വികാരിയും സ്ഥാനപതിയും എന്നാണ് കാനന്‍ നിയമം പറയുന്നത്. പൗരസ്ത്യകാനോന്‍ നിയമം 178-ാം കാനോനിയില്‍ പറയുന്നു, ''രൂപതയുടെ അജപാലനധര്‍മ്മം സ്വന്തംപേരില്‍ നടത്തുന്നതിനായി ഏല്‍പിക്കപ്പെട്ടിരിക്കുന്ന രൂപതാദ്ധ്യക്ഷന്‍ ക്രിസ്തുവിന്റെ വികാരിയും സ്ഥാനപതിയും എന്ന നിലയില്‍ അതിനെ ഭരിക്കുന്നു.'' എന്റെ രാജ്യം ഐഹികമല്ലെന്ന് യേശു അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം പ്രഖ്യാപിച്ചിട്ടുണ്ടല്ലോ. കാനോന്‍നിയമം നിര്‍വചിക്കുന്ന അധികാരാവകാശങ്ങള്‍ യേശു നല്‍കിയിട്ടില്ല. അപ്പോള്‍ അതു പിന്‍വാതിലിലൂടെ സഭ കൈവശപ്പെടുത്തിയതാണ് എന്നതില്‍ സംശയമില്ല. എങ്കില്‍ കാനോന്‍ നിയമം അനുശാസിക്കുന്ന ഭൗതികാധികാരം സഭയ്ക്ക് ആരു നല്‍കി? എങ്ങനെ ലഭിച്ചു? ഈ ചോദ്യങ്ങള്‍  പ്രസക്തങ്ങളാണ്.
'കോണ്‍സ്റ്റന്റൈന്റെ ദാനം' എന്ന കള്ളരേഖയാണ് മാര്‍പാപ്പയുടെയും അദ്ദേഹം നിയമിക്കുന്ന മെത്രാന്മാരുടെയും ഭൗതികാധികാര അവകാശങ്ങളുടെ ആധാരശില. സഭാചരിത്രകാരനായ റവ. ഡോ. സേവ്യര്‍ കൂടപ്പുഴ എഴുതിയ തിരുസഭാചരിത്രത്തില്‍ നിന്നും ഉദ്ധരിക്കട്ടെ: ''മാര്‍പാപ്പാ രാഷ്ട്രാധിപനും കൂടിയായതിന്റെ പിന്‍ബലമായിവേണം കോണ്‍സ്റ്റന്റൈന്റെ ദാനത്തെ വീക്ഷിക്കാന്‍. പാശ്ചാത്യ റോമാസാമ്രാജ്യത്തിന്റെയും സാര്‍വത്രികസഭയുടെയുംമേല്‍ മാര്‍പാപ്പയ്ക്ക് പരമാധികാരം നല്‍കിക്കൊണ്ട് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി സില്‍വെസ്റ്റര്‍ ഒന്നാമന് (314-355) നല്‍കിയ വിളംബരമായി ഇതിനെ കണക്കാക്കിപ്പോന്നു. പക്ഷേ, എട്ടാം നൂറ്റാണ്ടില്‍ മാര്‍പാപ്പയുടെ രാഷ്ട്രാധികാരത്തിനുള്ള പിന്‍ബലമായി ആരോ കെട്ടിച്ചമച്ച ഒരു വ്യാജരേഖയാണിത്. നവോത്ഥാനകാലംവരെ ഇതിന്റെ സാധുതയെ ആരും ചോദ്യം ചെയ്തിരുന്നില്ല. ഈ വ്യാജരേഖയില്‍ ചക്രവര്‍ത്തിക്കുണ്ടായ ഒരു ദിവ്യദര്‍ശനത്തെക്കുറിച്ചും, ചക്രവര്‍ത്തി കുഷ്ഠരോഗത്തില്‍ നിന്നും അത്ഭുതകരമായി വിമുക്തനായതിനെക്കുറിച്ചും നാടകീയമായി ചിത്രീകരിച്ചിട്ടുണ്ട്. ദര്‍ശനത്തില്‍ വി. പത്രോസും വി. പൗലോസും ചക്രവര്‍ത്തിയോട് ക്രിസ്തുമതം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടെന്നും, സുഖപ്രാപ്തിക്കായി സില്‍വെസ്റ്റര്‍ മാര്‍പാപ്പായെ സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടെന്നും കാണാം. ഈ രേഖയനുസരിച്ച് അന്ത്യോക്യാ, അലക്‌സാണ്ട്രിയ, ജറുസലേം, കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നീ നാലു റോമന്‍ പ്രവിശ്യകളിലും മാര്‍പാപ്പയ്ക്ക് അധികാരം നല്‍കിയിട്ടുണ്ടത്രേ! രാജകീയമായ വേഷവിധാനങ്ങളും, സ്ഥാനമാനങ്ങളും മാര്‍പാപ്പയ്ക്കും മറ്റു സഭാധികാരികള്‍ക്കും കോണ്‍സ്റ്റന്റൈന്‍ ഈ രേഖ വഴി അനുവദിച്ചിരിക്കുന്നു. സഭാധികാരികളെല്ലാം- മാര്‍പാപ്പാ, കര്‍ദ്ദിനാളന്മാര്‍, മെത്രാന്മാര്‍, വൈദികര്‍- റോമാസാമ്രാജ്യത്തിലെ രാജകീയവും ഉന്നതവുമായ വേഷവിധാനങ്ങള്‍ സ്വീകരിച്ചതിന്റെ കാരണവും ഈ രേഖയില്‍ കാണുന്നുണ്ട്. റോമാസാമ്രാജ്യത്തിലെ വിവിധ സ്ഥാനപദവികള്‍ സഭ സ്വീകരിച്ചതിനുള്ള സാധൂകരണവും ഈ രേഖയിലുണ്ട്.
രാഷ്ട്രീയാധികാരം ലഭിച്ചതോടെ സഭാധികാരികളുടെ ക്രിസ്തീയലാളിത്യവും അരൂപിയും ആഢംബരജീവിതത്തിനും വേഷവിധാനങ്ങള്‍ക്കും വഴിമാറിക്കൊടുത്തു എന്നു പറയേണ്ടിയിരിക്കുന്നു. സഭാധികാരികള്‍ രാജകൊട്ടാരങ്ങളിലെ സുഖജീവിതം ആരംഭിക്കുകയാണ്. അതോടൊപ്പംതന്നെ രാജകീയമായ പ്രൗഢികള്‍ അവരുടെ എല്ലാ വ്യാപാരങ്ങളിലേക്കും കടന്നുവന്നു.
മാര്‍പാപ്പായ്ക്ക് ലാറ്ററന്‍ കൊട്ടാരം സൗജന്യമായി ലഭിച്ചു. രാജകീയ വേഷവിധാനങ്ങളായ കിരീടവും പുറംകുപ്പായവും, ചുവന്ന ഉടുപ്പും മറ്റു രാജകീയ വസ്ത്രങ്ങളും ഉപയോഗിച്ചുതുടങ്ങി. മാര്‍പാപ്പയുടെ അംശവടി രാജാവിന്റെ ചെങ്കോലിനു പകരമായി. ഇങ്ങനെ രാജാവിന്റെ എല്ലാ വേഷവിധാനങ്ങളും സ്ഥാനമാനങ്ങളും സഭാധികാരിയായ മാര്‍പാപ്പയുടെ അവകാശമാക്കി'' (തിരുസഭാചരിത്രം, രണ്ടാം പതിപ്പ്. പേജ് 498-99).
കാനോന്‍നിയമത്തിന്റെ മറ്റൊരു സ്രോതസ് പെപ്പിന്റെ ദാനം എന്നറിയപ്പെടുന്നു. കോണ്‍സ്റ്റന്റൈന്റെ ദാനമെന്ന രേഖ അനുസരിച്ച് ഇറ്റലിയുടെ ഭരണാവകാശം മാര്‍പാപ്പ ഏറ്റെടുത്തു. പക്ഷേ, ലൊമ്പാര്‍ഡുകള്‍ പേപ്പല്‍ രാജ്യത്തെ ആക്രമിച്ചു. തുടര്‍ന്ന് റോമിലെ സഭാകൂട്ടായ്മയുടെ തലവനായ സ്റ്റീഫന്‍ മാര്‍പാപ്പാ ഫ്രാന്‍സില്‍ പോയി, രാഷ്ട്രത്തലവനായ പെപ്പിനെ സന്ദര്‍ശിച്ചു. ഫ്രാന്‍സിന്റെ രാജാവിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത പെപ്പിനെ ഫ്രാന്‍സിലെ രാജാവായി മാര്‍പാപ്പ പ്രഖ്യാപിച്ചു. മാത്രമല്ല, പെപ്പിന്റെ കുടുംബത്തില്‍നിന്നല്ലാതെ ഫ്രാന്‍സിലെ ജനത രാജാക്കന്മാരെ സ്വീകരിക്കരുതെന്ന് ആഹ്വാനവും ചെയ്തു. പെപ്പ് ഒരു വലിയ സൈന്യവുമായി ഇറ്റലിയിലെത്തി ലൊമ്പാര്‍ഡുകളെ പരാജയപ്പെടുത്തി, മാര്‍പാപ്പയ്ക്ക് ഇറ്റലിയുടെ ഭരണാവകാശം നല്‍കി. അങ്ങനെയാണ് പേപ്പല്‍ സ്റ്റേറ്റ് ഉണ്ടായത്. ഇവയുടെ നിയമങ്ങളും ആചാരങ്ങളും കീഴ്‌വഴക്കങ്ങളും പിന്നീട് കാനോന്‍നിയമത്തിന്റെ ഭാഗമായി.
മാര്‍പാപ്പായുടെ ഭൗതികാധികാരം ഉറപ്പിക്കുന്നതിന്, ഇസിദോര്‍ (560-636) എന്ന ഒരു വിശുദ്ധന്റേതെന്നപേരില്‍, കളവായി രചിച്ചുപ്രചരിപ്പിച്ച ഒരു രേഖയാണ് 'Collection of Canons of  Isidor.' പ്രസിദ്ധ ദൈവശാസ്ത്രജ്ഞനായ ഫാ. ഹാന്‍സ്‌ക്യൂങ്ങ് കാനോന്‍ നിയമത്തിന്റെ ക്രോഡീകരണത്തെക്കുറിച്ച് ഇങ്ങനെ എഴുതുന്നു: 'Gratian, the founder of canon law, wrote his law-book, which laid the foundation for all that was to follow in later times, including the 1918 code of Canon Law, quoting 324 passages from popes of the first four centuires, of which 313 are demonstrably forged' (Infallible, page 95). ആദ്യ നാലു നൂറ്റാണ്ടുകളിലെ മാര്‍പാപ്പമാരുടെ വ്യാജമായ 313 രേഖകളുള്‍പ്പെടെയുള്ള 324 രേഖകളെ ഉദ്ധരിച്ചാണ്, കാനോന്‍നിയമത്തിന് അടിസ്ഥാനമിട്ട ഗ്രേഷ്യന്‍ തന്റെ നിയമഗ്രന്ഥമെഴുതിയത്. തുടര്‍ന്നുള്ള കാലങ്ങളില്‍ 1918-ലെ കാനോന്‍നിയമം ഉള്‍പ്പെടെ സകലതും ഈ അടിത്തറയിലാണ് രൂപപ്പെട്ടത്. കള്ളരേഖകളുടെ അടിസ്ഥാനത്തില്‍ രൂപംകൊടുത്ത കാനോന്‍നിയമം ഇന്നും സഭയുടെ ഭരണനിയമമായി കൊണ്ടാടപ്പെടുന്നു!!!
കാനോന്‍നിയമം മനുഷ്യനിര്‍മിതവും കാലാകാലങ്ങളില്‍ മനുഷ്യനു മാറ്റാവുന്നതുമാണ്. അതിന് പരിശുദ്ധിയൊന്നും ഇല്ല. (നിയമം കാലത്തിനൊപ്പമായിരിക്കണം എന്ന സുപ്രീംകോടതി പരാമര്‍ശം ഇവിടെ സ്മരിക്കുന്നു.) മധ്യകാലങ്ങളില്‍, രാജാധികാര പരിവേഷിതമായിരുന്ന ഒരു കാലഘട്ടത്തില്‍, വ്യാജരേഖകളുടെ അടിസ്ഥാനത്തില്‍ രൂപംകൊടുത്ത കാനോന്‍നിയമം ക്രൈസ്തവവിശ്വാസത്തിന്റെ ഭാഗമല്ല. മാത്രമല്ല, അതില്‍ ആവിഷ്‌കരിച്ചിരിക്കുന്ന ഭൗതികഭരണവ്യവസ്ഥ ക്രിസ്തുവിന് എതിര്‍സാക്ഷ്യമാണ്, വിജാതിയവുമാണ്.
കാനോന്‍നിയമം കൈഊന്നുന്നത് സഭയുടെ ഭൗതികവസ്തുക്കളെല്ലാം റോമിലെ മാര്‍പാപ്പായുടേതാണെന്ന സങ്കല്പത്തിലാണ്. പത്രോസിന്റെ പിന്‍ഗാമിയെന്ന നിലയില്‍ മാര്‍പാപ്പയ്ക്ക് വിശ്വാസത്തെക്കുറിച്ചും സന്മാര്‍ഗത്തെക്കുറിച്ചും സഭയെ പ്രബോധിപ്പിക്കാനുള്ള അവകാശം ആരും ചോദ്യം ചെയ്യുന്നില്ല. ''വെള്ളിയും പൊന്നും എനിക്കില്ല'' (അപ്പോ. 3:6) എന്നു പറഞ്ഞ ക്രിസ്തുവിന്റെ അപ്പോസ്തലനായിരുന്ന പത്രോസിന്റെ പിന്‍ഗാമികള്‍ക്ക് സമ്പത്തും രാജ്യവും ലഭിച്ചത് വ്യാജരേഖകളിലൂടെയാണ് എന്ന് തെളിയിക്കപ്പെട്ടു. ലോകത്തെയും അതിന്റെ സമ്പത്തിനെയും യേശുവിന്റെമുമ്പില്‍ കാണിച്ച് പ്രലോഭിപ്പിച്ചു പരാജയപ്പെട്ട സാത്താന്‍, 'കോണ്‍സ്റ്റന്റൈന്റെ ദാന'മെന്ന കള്ളരേഖയിലൂടെ പിന്നീട് റോമിലെ മൂപ്പനെ പ്രലോഭിപ്പിച്ച് വിജയിച്ചു. അവയെല്ലാം സാത്താനുള്ളതായിരുന്നല്ലോ?
ക്രിസ്തുവില്‍ വിശ്വസിക്കുന്ന ദൈവജനം, ദൈവാരാധനയ്ക്കായി നിര്‍മിച്ച പള്ളിയും ക്രൈസ്തവ സേവനത്തിനായി രൂപംകൊടുത്ത സ്ഥാപനങ്ങളും ആ ദൈവജനക്കൂട്ടായ്മയുടേതാണ്. കള്ളരേഖകളുടെ അടിസ്ഥാനത്തില്‍ രൂപംകൊടുത്ത കാനോന്‍ നിയമത്തിലൂടെ അതു സ്വന്തമാക്കുവാന്‍ ആര്‍ക്കും അവകാശമില്ല. ഭരണകര്‍ത്താവും ഭരണീയരുമെന്ന വിഭജനം രാജഭരണത്തിന്റെ ക്രമമായിരുന്നു. ഭരണീയരായ ജനങ്ങള്‍ക്ക് ഭരണാധികാരത്തിന്റെ രൂപീകരണത്തില്‍ അവിടെ യാതൊരു പങ്കുമില്ല. അവര്‍ അവകാശങ്ങളില്ലാത്ത പ്രജകള്‍മാത്രം!
കാനോന്‍ നിയമം സഭയ്ക്കുള്ളില്‍ രാജാധികാരമാണ് വിഭാവനം ചെയ്യുന്നത്. കാനോന്‍നിയമം 191-ാം വകുപ്പ് മെത്രാന്മാരുടെ അധികാരം നിര്‍വചിക്കുന്നതു നോക്കുക; ''തനിക്ക് ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്ന രൂപതയെ നിയമനിര്‍മ്മാണ, ഭരണനിര്‍വഹണ, നീതിന്യായ അധികാരത്തോടുകൂടി മെത്രാന്മാര്‍ ഭരിക്കുന്നു.'' ഇന്ന് ലോകത്തില്‍ ഒരു ഭരണാധികാരിയിലും ഈ മൂന്ന് അധികാരങ്ങളും കൂട്ടായി നിക്ഷിപ്തമാകുന്നില്ല എന്നോര്‍ക്കുക.
കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കള്ളരേഖയും ഫ്രഞ്ചു രാജാവായിരുന്ന പെപ്പിന്റെ ദാനവും ഇസിദോറിന്റെ കള്ളരേഖകളുമെല്ലാം റോമന്‍ സാമ്രാജ്യത്തിനുള്ളിലുണ്ടായിരുന്ന സഭകളെമാത്രം ബാധിക്കുന്നവയാണ്. അതിപുരാതനമായ നസ്രാണിസഭയില്‍ മെത്രാന്മാര്‍ക്കും പുരോഹിതര്‍ക്കും ഈ സഭയുടെ ഭൗതികസമ്പത്തിന്റെമേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. റവ. ഫാ. കുറിയേടത്ത് മെത്രാന്മാരുടെ അധികാരത്തെക്കുറിച്ചു പറയുന്നതു നോക്കുക: ''മെത്രാന്മാര്‍ സമുദായത്തിന്റെ ഭൗതിക ഭരണത്തില്‍ ഇടപെട്ടിരുന്നോ എന്ന ചോദ്യത്തിന്, വളരെ അപൂര്‍വ്വവും അസാധാരണവുമായ സാഹചര്യങ്ങളിലല്ലാതെ മെത്രാന്മാര്‍ അങ്ങനെയുള്ള യാതൊരധികാരവും പ്രയോഗിച്ചിരുന്നില്ലെന്നും സമുദായത്തിന്റെ സാമൂഹിക-ഭൗതിക-കാര്യങ്ങളുടെ യഥാര്‍ത്ഥ നടത്തിപ്പ് സാധാരണയായി ജാതിക്കു കര്‍ത്തവ്യന്റെയും യോഗത്തിന്റെയും കൈകളിലായിരന്നു എന്നുമാണ് ചരിത്രകാരന്മാര്‍ ഏതാണ്ട് ഏകകണ്ഠമായിത്തന്നെ പറയുന്നത്'' (Authority in the Catholic community in Kerala, page: 86 - സ്വന്തം തര്‍ജ്ജമ).
1653-ല്‍ കൂനന്‍കുരിശു സത്യത്തിലേക്ക് നയിച്ച കാരണങ്ങള്‍, ഫാ. കൂടപ്പുഴ എഴുതുന്നതു നോക്കുക: ''മെത്രാന്മാര്‍ ആത്മീയകാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുകയെന്നതായിരുന്നു മലബാറിലെ രീതി. നസ്രാണികളുടെ ആര്‍ച്ചുഡീക്കനായിരുന്നു സഭയുടെ സാമ്പത്തികവും സാമൂഹികവും സാമുദായികവും ഭരണപരവുമായ എല്ലാ കാര്യങ്ങളും നടത്തിപ്പോന്നത്. മെത്രാന്റെയും ആര്‍ച്ചുഡീക്കന്റെയും അധികാരമണ്ഡലങ്ങള്‍ രണ്ടായിരുന്നു. ഇവിടത്തെ പാരമ്പര്യത്തെ മറികടന്ന് ആത്മീയവും ലൗകികവുമായ എല്ലാ കാര്യങ്ങളും റോസ്  മെത്രാന്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങി. ഇത് റോസിനോടുള്ള ആര്‍ച്ചുഡീക്കന്റെ അമര്‍ഷം വര്‍ദ്ധിപ്പിച്ചു'' (ഭാരതസഭാചരിത്രം, റവ.ഡോ. സേവ്യര്‍ കൂടപ്പുഴ, പേജ് 339).
സഭയുടെ ഭൗതികസ്വത്തുക്കള്‍ ഭരിക്കുന്നതിന് ഒരു സിവില്‍ നിയമം ആവശ്യമാണെന്ന് സമകാലിക സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സഭയ്ക്ക് ഉള്ളില്‍നിന്നുതന്നെ വൈദികര്‍ സഭയുടെ സുതാര്യതയ്ക്കുവേണ്ടി രംഗത്ത് വരുവാന്‍ തുടങ്ങിയിരിക്കുന്നു. ഇത് പലതിന്റെയും ഒരു തുടക്കമായി കണക്കാക്കാം. സ്വര്‍ഗ്ഗീയ ജസ്റ്റീസ് കൃഷ്ണയ്യര്‍ അവതരിപ്പിച്ച ചര്‍ച്ച് ആക്ട് എന്നറിയപ്പെടുന്ന സഭയുടെ ഭൗതിക സമ്പത്ത് ഭരിക്കാന്‍ ഒരു സിവില്‍ നിയമത്തിന്റെ കരട് കണ്ണടച്ച് എതിര്‍ക്കാതെ സൂക്ഷ്മമായി പഠിച്ച് കുറ്റമറ്റതാക്കിത്തീര്‍ക്കുവാന്‍ സഭാധികാരികള്‍ മുന്നോട്ടുവരുന്നില്ലെങ്കില്‍ അത് ഉണ്ടാക്കുന്ന പ്രത്യാഘാതം അതീവഗുരുതരമായിരിക്കും എന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ത്തിരിക്കുന്നത് നന്ന്.

വിദേശനിര്‍മ്മിതവും റോമാസാമ്രാജ്യത്തിനകത്തുള്ള സഭകളെ ബാധിക്കുന്നതുമായ കാനോന്‍ നിയമം നസ്രാണിസഭയ്ക്ക് ബാധകമാക്കുന്നത് യുക്തിസഹമല്ല. പൗരസ്ത്യകാനോന്‍ നിയമം അടിച്ചേല്‍പ്പിച്ചുകൊണ്ട്  നസ്രാണികള്‍ക്ക് പര്‍ട്ടിക്കുലര്‍ ലോ ഉണ്ടെന്ന് വാദിക്കുന്നത് ശുദ്ധ അസംബന്ധമാണ്. നസ്രാണികള്‍ക്ക് ഇവിടുത്തെ പശ്ചാത്തലത്തില്‍ ഇവിടെത്തന്നെ രൂപീകൃതമായ നിയമങ്ങളാണ് വേണ്ടത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യങ്ങളും ശീലങ്ങളും സാംസ്‌കാരിക ആചാരങ്ങളും ആണല്ലോ പില്ക്കാലത്ത് നിയമങ്ങളായി ഭവിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നസ്രാണിസഭയുടെ യുഗങ്ങളായി നിലകൊള്ളുന്ന വഴക്കങ്ങളൊന്നുംതന്നെ പൗരസ്ത്യ കാനോന്‍നിയമത്തിന്റെ കാനോനകളുടെ ഉറവിടമായി സ്വീകരിച്ചിട്ടില്ല എന്നത് വിസ്മയമായിരിക്കുന്നു; അതും ഈ സഭയുടെ ഓമനപ്പുത്രനായ കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ അതിന്റെ അദ്ധ്യക്ഷനായിരിക്കെ. റോമാസാമ്രാജ്യത്തിലെ സഭകള്‍ക്കുവേണ്ടി രൂപംകൊണ്ട കാനോന്‍നിയമത്തിന്റെ ഭാണ്ഡം അതേപടി തലയിലേറ്റി വിദൂരസ്ഥവും റോമാസാമ്രാജ്യത്തിന് പുറത്തുള്ളതുമായ നസ്രാണിസഭയ്ക്ക് സ്വത്വം നിലനിര്‍ത്തുവാന്‍ കഴിയുന്നില്ല എന്ന ദുരവസ്ഥയാണ് ഇന്നുള്ളത്. അതിന്റെ ബാക്കി പത്രമാണ് സീറോ-മലബാര്‍ സഭയില്‍ ഇന്ന് ഉരുണ്ടുകൂടിയിരിക്കുന്ന കാര്‍മേഘങ്ങള്‍.

No comments:

Post a Comment