Translate

Tuesday, January 30, 2018

സഭയിലെ ഭൂമി കുംഭകോണം: ചര്‍ച്ച് ആക്ടിന്റെ അനിവാര്യത

http://www.janmabhumidaily.com/news806336

Monday 22 January 2018

ജനുവരി 22, 2018 - ജന്മഭൂമി ദിനപത്രത്തിൽ ശ്രീ. ജോർജ് മൂലേച്ചാലിൽ  ('സത്യജ്വാല' മാസിക എഡിറ്റര്‍) പ്രസിദ്ധീകരിച്ച ലേഖനം


പുലിക്കുന്നേലിന്റെ സഭാവിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ ശക്തിയും പ്രസക്തിയും സ്വീകാര്യതയും അദ്ദേഹത്തിന്റെ മരണത്തോടെ കൂടിയിട്ടുണ്ട്. കാരണം, എന്തെല്ലാമാണോ അദ്ദേഹം മുമ്പു ചൂണ്ടിക്കാട്ടി വിമര്‍ശിച്ചിരുന്നത്, അതൊന്നും അന്നു മനസ്സിലാക്കാന്‍ തയ്യാറാകാതിരുന്നവര്‍ക്കുകൂടി തെളിഞ്ഞുകാണാന്‍ കഴിയുംവിധം അതെല്ലാം ഇന്നു മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നു.

യേശു കുരിശില്‍ മരിച്ച സമയത്ത് 'ദൈവാലയത്തിലെ തിരശ്ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറിപ്പോയി' എന്നും, 'ഭൂമികുലുങ്ങി' എന്നുമൊക്കെ, ആലങ്കാരികമായിട്ടാകാം, സുവിശേഷത്തില്‍ എഴുതിയിട്ടുണ്ട്. പരസ്പരബന്ധം പ്രത്യക്ഷത്തില്‍ കാണാനാവില്ലെങ്കിലും, ഈയിടെ ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചതിനോടനുബന്ധിച്ചും ചില തിരശ്ശീല കീറലുകളും ഭൂമികുലുക്കങ്ങളും അദ്ദേഹം അംഗമായിരുന്ന സിറോ-മലബാര്‍ സഭയില്‍ സംഭവിക്കുകയുണ്ടായി.
ദൈവാലയത്തെ കൊള്ളക്കാരുടെ ഗുഹയാക്കിമാറ്റിയ യഹൂദപൗരോഹിത്യത്തിനെതിരെ ചാട്ടവാറുയര്‍ത്തുകയാണ് യേശു ചെയ്തതെങ്കില്‍, ഭാരതകത്തോലിക്കാസമൂഹം ആര്‍ജിച്ച മുഴുവന്‍ സഭാസ്വത്തുക്കളും സ്ഥാപനങ്ങളും ഒരു വിദേശമതനിയമത്തിലൂടെ ഒറ്റയടിക്കു കൈയ്ക്കലാക്കി സഭയെ കൊള്ളക്കാരുടെ പറുദീസയാക്കിയ കത്തോലിക്കാപുരോഹിതഘടനയ്‌ക്കെതിരെ ഗര്‍ജ്ജിക്കുകയാണ് പുലിക്കുന്നേല്‍ ചെയ്തത്. യേശുവിനെ, റോമന്‍ സാമ്രാജ്യത്വവുമായിച്ചേര്‍ന്ന് കുരിശിലേറ്റുവാന്‍ യഹൂദപൗരോഹിത്യത്തിനുകഴിഞ്ഞുവെങ്കില്‍, ഇന്ത്യയില്‍ ജനാധിപത്യം പുലര്‍ന്നിരുന്നതിനാല്‍, പുലിക്കുന്നേലിനെ പരമാവധി ഒരു 'സഭാദ്രോഹി'പ്പട്ടം നല്‍കി ഒറ്റപ്പെടുത്താന്‍മാത്രമേ ഇവിടുത്തെ മഹാപുരോഹിതര്‍ക്കു കഴിഞ്ഞുള്ളൂ. പുരോഹിതാനുഷ്ഠാന വിക്രിയകള്‍ക്ക് തന്റെ ശവശരീരംപോലും വിട്ടുകൊടുക്കാതിരിക്കാന്‍ പുലിക്കുന്നേല്‍ ശ്രദ്ധിക്കുകയും ചെയ്തു.
കാലത്തിന്റെ അനുകൂലത വച്ചുനോക്കുമ്പോള്‍, പുലിക്കുന്നേലിന്റെ സഭാവിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ ശക്തിയും പ്രസക്തിയും സ്വീകാര്യതയും അദ്ദേഹത്തിന്റെ മരണത്തോടെ കൂടിയിട്ടുണ്ട്. കാരണം, എന്തെല്ലാമാണോ അദ്ദേഹം മുമ്പു ചൂണ്ടിക്കാട്ടി വിമര്‍ശിച്ചിരുന്നത്, അതൊന്നും അന്നു മനസ്സിലാക്കാന്‍ തയ്യാറാകാതിരുന്നവര്‍ക്കുകൂടി തെളിഞ്ഞുകാണാന്‍ കഴിയുംവിധം അതെല്ലാം ഇന്നു മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നു. യൂറോപ്പില്‍ ഇരുണ്ട നൂറ്റാണ്ടുകള്‍ക്കു ജന്മംകൊടുത്ത പാപ്പാസാമ്രാജ്യത്തെ ചൂണ്ടിക്കാട്ടി, ഇപ്രകാരം പോയാല്‍ അതു കേരളത്തിലും സംഭവിക്കും എന്നദ്ദേഹം പ്രവചിച്ചിരുന്നു. അന്നദ്ദേഹത്തെ നിഷേധിച്ചുപറഞ്ഞവരുള്‍പ്പെടെ ഇന്ന്, ഇന്ത്യയിലെ സഭകളെല്ലാം ഇരുണ്ടയുഗത്തിലേക്കുള്ള തിരിച്ചുപോക്കിലാണെന്നു വിലയിരുത്തുന്നു. സഭയില്‍ പുരോഹിതഫാസിസം അപകടകരമായ വിധത്തില്‍ വളര്‍ന്നുവരുന്നു.
മനുഷ്യരെ അശരണരും, തങ്ങളുടെ ആശ്രിതരും അടിമകളുമാക്കുന്നതിനായി പൗരോഹിത്യം പെറ്റുകൂട്ടുന്ന അന്ധവിശ്വാസങ്ങളെയും അനുഷ്ഠാനങ്ങളെയും തിരുശേഷിപ്പുഭക്തിയെയുമെല്ലാം നിശിതമായി വിമര്‍ശിച്ചിരുന്നുവെങ്കിലും, പുലിക്കുന്നേല്‍ ഏറ്റവും ശക്തമായി ആഞ്ഞടിച്ചത് സര്‍വ്വാധിപത്യപരമായ സഭയുടെ പുരോഹിതഘടനയ്‌ക്കെതിരെ ആയിരുന്നു. യേശു 'വിജാതീയ'മെന്നു വിശേഷിപ്പിക്കുകയും അരുതെന്നു പറഞ്ഞു വിലക്കുകയും ചെയ്ത അതേ റോമന്‍ അധികാരഘടനയെ സഭയിലേക്കു സന്നിവേശിപ്പിച്ച് സഭയെ യേശുവിരുദ്ധമാക്കിയിരിക്കുന്നു എന്നതായിരുന്നു അദ്ദേഹമുയര്‍ത്തിയ സഭാവിമര്‍ശനങ്ങളുടെയും ആണിക്കല്ല്. സഭയിലെ ഈ അടിസ്ഥാനവൈരുദ്ധ്യം ബൈബിള്‍ വാക്യങ്ങള്‍ നിരത്തിയും ലോകചരിത്രം വിശകലനംചെയ്തും അദ്ദേഹം വ്യക്തമാക്കിക്കൊണ്ടേയിരുന്നു. റോമിന്റെ ആധിപത്യം എത്തുന്നതുവരെ, പൗരോഹിത്യമോ ആധിപത്യമോ കൂടാതെ 16 നൂറ്റാണ്ടുകാലം പുലര്‍ന്നിരുന്ന കേരളത്തിലെ ക്രൈസ്തവസഭയ്ക്ക്, ആ പഴയ പാരമ്പര്യത്തിലേക്കു തിരികെപ്പോകാനും സ്വതന്ത്രരാകാനും അവകാശവും കടമയുമുണ്ടെന്ന്, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഡിക്രികളുദ്ധരിച്ച് അദ്ദേഹം വീറോടെ വാദിച്ചു. എന്നാല്‍, റോമന്‍സഭാസംവിധാനം തങ്ങള്‍ക്കു തരുന്ന സാമ്പത്തിക-അധികാരസുഖങ്ങള്‍ വിട്ടുകളയാന്‍ മനസ്സുള്ളവരായിരുന്നില്ല, കേരളത്തിലെ മെത്രാന്മാര്‍. അതുകൊണ്ട്, തങ്ങളുടെ തനതു ഭാരതസഭാപൈതൃകത്തെത്തന്നെ തള്ളിപ്പറഞ്ഞ്, കേരളസഭയ്ക്ക് കല്‍ദായപൈതൃകമാണുള്ളതെന്നു വാദിക്കുകയും ആ സഭയ്ക്കു ബാധകമായ കാനോന്‍നിയമം കേരളസഭയ്ക്കുകൂടി ബാധകമാക്കുകയുമാണ് അവര്‍ ചെയ്തത്. മെത്രാന്മാര്‍ക്കെതിരെയുള്ള പുലിഗര്‍ജ്ജനം ഏറ്റവും ഉച്ചത്തില്‍ മുഴങ്ങിയത് ഈ ഘട്ടത്തിലായിരുന്നു.
തുടര്‍ന്നാണ്, ഒരു സിവില്‍നിയമംകൊണ്ടു മാത്രമേ പൗരോഹിത്യത്തെ തളയ്ക്കാനാവൂ എന്നദ്ദേഹം തിരിച്ചറിഞ്ഞതും, 'ചര്‍ച്ച് ആക്ട്' എന്ന ആശയം മുന്നോട്ടുവച്ചതും. 2004 ആഗസ്റ്റ് 21-ന്, കോട്ടയം ഡി.സി. കിഴക്കേമുറി ഹാളില്‍ അദ്ദേഹംതന്നെ വിളിച്ചുചേര്‍ത്ത പ്രമുഖരായ ക്രൈസ്തവനേതാക്കളുടെ യോഗത്തില്‍, 'ക്രൈസ്തവരുടെ സമൂഹസമ്പത്തു ഭരിക്കാന്‍, രാഷ്ട്രത്തിന്റേതായ ഒരു നിയമം വേണം' എന്ന ആശയം അദ്ദേഹം അവതരിപ്പിച്ചു. ഇന്ത്യയിലെ മറ്റെല്ലാ മതസ്ഥരുടെയും പൊതുസ്വത്തുഭരിക്കാന്‍ പ്രത്യേകംപ്രത്യേകം നിയമങ്ങളുണ്ടായിരിക്കേ, ക്രൈസ്തവസമൂഹത്തിന്റെ മതസ്വത്തു ഭരിക്കാന്‍മാത്രം നിയമനിര്‍മ്മാണം നടത്താത്തത് മതവിവേചനമാണെന്ന വാദവും അദ്ദേഹമുയര്‍ത്തി. 
ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായി നിയോഗിക്കപ്പെട്ട നിയമപരിഷ്‌കരണ കമ്മീഷന്റെ പരിഗണനയ്ക്ക് ഈ വിഷയംകൂടി ഉള്‍പ്പെടുത്തുകയുണ്ടായി. ആവശ്യമായ പഠനങ്ങള്‍ക്കും തെളിവെടുപ്പുകള്‍ക്കുംശേഷം 2009 ജനു. 26-ന്, ‘The Kerala Christian Church Properties and Institutions Trust Bill  2009 എന്ന കരടുനിയമം നിയമമാക്കാന്‍ ശുപാര്‍ശചെയ്ത് ജസ്റ്റീസ് കൃഷ്ണയ്യര്‍, അന്നത്തെ നിയമമന്ത്രി എം.വിജയകുമാറിന് സമര്‍പ്പിച്ചു. അത് ചര്‍ച്ചചെയ്തു നിയമമാക്കാനുള്ള നടപടികള്‍ വൈകാതെ തുടങ്ങുന്നതാണെന്ന്, മന്ത്രി പ്രസ്താവിക്കുകയും ചെയ്തു. എന്നാല്‍, മെത്രാന്മാര്‍ ഇളകിവശായി. വിമോചനസമരകാലത്ത് അവര്‍, 'പള്ളിവക സ്‌കൂളുകളെല്ലാം കമ്മ്യൂണിസ്റ്റുകാര്‍ പിടിച്ചെടുക്കാന്‍ പോകുന്നു' എന്നു പ്രചരിപ്പിച്ച അതേ ശൈലിയില്‍, ഈ നിയമനിര്‍മ്മാണത്തിനെതിരെയും  ഇടയലേഖനമിറക്കുകയും, അച്ചന്മാരെക്കൊണ്ടു പ്രസംഗിപ്പിക്കുകയും വിശ്വാസികളെക്കൊണ്ട് സര്‍ക്കാരിന് 'മാസ് പെറ്റീഷ'നുകള്‍ അയപ്പിക്കുകയും ചെയ്തു. അതോടെ, രണ്ടാം വിമോചനസമരം ഭയന്ന്, 'ചര്‍ച്ച് ആക്ട്' ചര്‍ച്ചചെയ്തു നടപ്പാക്കാനുള്ള ഉദ്യമം ആ സര്‍ക്കാര്‍ മാറ്റിവച്ചു. മെത്രാന്മാരോടുള്ള ഭയപ്പാടുമൂലം തുടര്‍ന്നുവന്ന യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകളും ഇക്കാര്യത്തില്‍ ഉറക്കം നടിക്കുകയാണുണ്ടായത്. 
കേരളകത്തോലിക്കാസഭയില്‍ ഇന്നു നടന്നുവരുന്ന എല്ലാ കൊള്ളരുതായ്മകള്‍ക്കും, ലൈംഗികപീഡനങ്ങളുള്‍പ്പെടെയുള്ള എല്ലാ പീഡനങ്ങള്‍ക്കും, അനധികൃതഭൂമി ക്രയവിക്രയങ്ങള്‍ക്കും, കുരിശുനാട്ടിയുള്ള വനം കൈയേറ്റങ്ങള്‍ക്കും, ന്യൂനപക്ഷാവകാശത്തിന്റെ പേരുപറഞ്ഞുള്ള വര്‍ഗ്ഗീയരാഷ്ട്രീയനീക്കങ്ങള്‍ക്കുമെല്ലാം അടിസ്ഥാനകാരണം, സഭാസ്വത്തുക്കളും സ്ഥാപനങ്ങളും ഭരിക്കാന്‍ ഒരു ആധികാരികനിയമം ഇന്ത്യയിലില്ല എന്നതാണ്. ഒരു വിദേശമതനിയമത്തിന്റെ അടിസ്ഥാനത്തിലാണ്, ഒരു പരമാധികാരരാഷ്ട്രമായ ഇന്ത്യയില്‍ ഇവിടുത്തെ ക്രൈസ്തവര്‍ ആര്‍ജിച്ച സ്വത്തു ഭരിക്കപ്പെടുന്നത് എന്നതാണ്. 
കാനോന്‍ നിയമം ഇന്ത്യക്കാരായ ക്രൈസ്തവരുടെ സഭാസ്വത്തുക്കളുടെമേല്‍ മെത്രാന്മാര്‍ക്കു നല്‍കുന്നത് സര്‍വ്വാധികാരമാണ്. ഒരു പരമാധികാരരാഷ്ട്രമായ ഇന്ത്യയിലെ സ്വത്തുക്കള്‍ ക്രയവിക്രയം ചെയ്യാനുള്ള അധികാരം താന്‍ നിയോഗിക്കുന്ന ഒരു മെത്രാനു നല്‍കാന്‍ വത്തിക്കാന്‍ രാഷ്ട്രത്തലവനായ മാര്‍പാപ്പയ്ക്ക് അവകാശമുണ്ടാകുന്നതെങ്ങനെ എന്ന ഭരണഘടനാപരമായ ചോദ്യംകൂടി ഇവിടെ ഉയരുന്നുണ്ട്. എന്തായാലും, ഈ നിയമത്തിന്റെ തണല്‍പറ്റി ഓരോ രൂപതയിലെയും മെത്രാന്മാര്‍ എത്രയോ നാളുകളായി നിര്‍ബാധം സ്ഥലങ്ങള്‍ വില്‍ക്കുകയും ആ തുകകള്‍ അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്യുന്നു! സഭയില്‍ തുടരുന്ന ഈ നിയമരാഹിത്യത്തിന്റെ അപകടം മനസ്സിലാക്കി 1980-ല്‍ മദ്രാസ് ഹൈക്കോടതിയില്‍ ജസ്റ്റീസ് ടി.സത്യദേവ് ഒരു ഉത്തരവ് പുറപ്പെടുവിച്ച വാര്‍ത്ത 1980 നവംബര്‍ 12-ലെ 'ഹിന്ദു'വില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. അതില്‍ അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്, 'സഭാസ്വത്തുഭരണത്തില്‍ ഒരു നിയമം ആവശ്യമായിരിക്കുന്നു' (Law for management of church property needed)എന്നാണ്. 
എറണാകുളത്തെ ഭൂമികുംഭകോണത്തിനെതിരെ വിശ്വാസികള്‍ കോടതിയില്‍ കേസുകൊടുത്താലും വിധി മേജര്‍ ആര്‍ച്ചുബിഷപ്പിനനുകൂലമാകാനാണു സാധ്യത. കാരണം, കാനോന്‍ നിയമപ്രകാരം മേജര്‍ ആര്‍ച്ചു ബിഷപ്പിന്റേതാണ് ആ സ്ഥലമൊക്കെയും! അതുകൊണ്ടാണ്, അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന നികുതി വെട്ടിപ്പിനും  കള്ളപ്പണത്തിനും എതിരായിമാത്രം കേസുനല്‍കിയിരിക്കുന്നത്.
നഷ്ടക്കച്ചവടമായിപ്പോയതില്‍ രൂപതയിലെ ഒരു വിഭാഗം വൈദികര്‍ക്ക് എതിര്‍പ്പുണ്ടായതുകൊണ്ടു മാത്രമാണ് ഈ ഭൂമികുംഭകോണം പുറത്തായതും വിവാദമായതും. അതുകൊണ്ടാണ്, അവരെയെല്ലാം തൃപ്തിപ്പെടുത്തുന്ന ഒരു ഒത്തുതീര്‍പ്പു ഫോര്‍മുല കണ്ടെത്തി പ്രശ്‌നം അപ്പാടെ കുഴിച്ചുമൂടാന്‍ വൈദികസമിതി തലത്തിലും മെത്രാന്‍സമിതി തലത്തിലും നീക്കങ്ങളുണ്ടായിരിക്കുന്നത്.
എന്നാല്‍, കുടത്തില്‍നിന്നു പുറത്തുചാടിയ ഈ ഭൂമികുംഭകോണക്കേസ് തിരിച്ചു കുടത്തിനുള്ളിലാക്കി അടയ്ക്കാനാവുമെന്നു തോന്നുന്നില്ല. കോടികളുടെ വിശ്വാസവഞ്ചനയില്‍ ഞെട്ടിയുണര്‍ന്ന വിശ്വാസികള്‍ അതു സമ്മതിക്കുകയില്ലതന്നെ.  മറ്റു രൂപതകളിലെ സമാന കുംഭകോണവാര്‍ത്തകള്‍ ഒന്നൊന്നായി പുറത്താക്കുന്ന പരിശ്രമത്തിലുമാണവര്‍. ചുരുക്കത്തില്‍, സഭാധികൃതര്‍ സഭയെ വഞ്ചിച്ചിരിക്കുന്നുവെന്നും അവരെ വിശ്വസിക്കാന്‍ കൊള്ളില്ല എന്നുമുള്ള ചിന്ത സഭാസമൂഹത്തില്‍ വ്യാപകമായിക്കഴിഞ്ഞു. 
 ('സത്യജ്വാല' മാസികയുടെ എഡിറ്ററാണ് ലേഖകന്‍. ഫോണ്‍: 9497088904)

 2:45 am IST

1 comment: