Translate

Monday, January 1, 2018

ജോസഫ് പുലിക്കുന്നേലിന്റെ ഒസ്യത്ത് (തുടർച്ച)

ഓശാനമൗണ്ട് സ്ഥാപനങ്ങളെ സംബന്ധിച്ച്

ഞാന്‍ സ്ഥാപിച്ച ഗുഡ് സമരിറ്റന്‍ പ്രോജക്ട് ഇന്ത്യ ഏകദേശം 34 കൊല്ലമായി പൊതുജനസേവനം നടത്തിവരുന്നു. അത് എന്റെ കുടുംബത്തിനുവേണ്ടി ഞാന്‍ സ്ഥാപിച്ചതല്ല. പല ക്രൈസ്തവസ്ഥാപനങ്ങളുടെയും സ്ഥാപകന്മാര്‍ ആ സ്ഥാപനങ്ങള്‍ കുടുംബത്തിനായി സംവരണം ചെയ്യുന്ന സമ്പ്രദായമുണ്ട്. അങ്ങനെയൊരു ദുരവസ്ഥ ഈ സ്ഥാപ നങ്ങള്‍ക്ക് ഉണ്ടാവരുത് എന്ന് ഞാന്‍ എന്നും ഉറപ്പിച്ചു പറഞ്ഞിരുന്നു. എനിക്കൊരു മകനും മൂന്ന് പെണ്‍മക്കളുമാണുള്ളത്. അവര്‍ക്കാര്‍ക്കും ഓശാനമൗണ്ട് സ്ഥാപനങ്ങളുടെമേല്‍ അധികാരമുണ്ടാകരുതെന്ന് ഞാന്‍ നേരത്തെ എഴുതിയിരുന്നു.
എന്റെ 70-ാം വയസ്സില്‍ 2002-ല്‍ എന്റെ മകന്‍ രാജുവിന് ഞാന്‍ എഴുതിയ അനുശാസനം താഴെ കൊടുക്കുന്നു. (ഇംഗ്ലീഷിലെഴുതിയ ഈ അനുശാസനത്തിന്റെ തര്‍ജ്ജമ).
''ഓശാനമൗണ്ട് സ്ഥാപനങ്ങളെക്കുറിച്ച് എന്റെ മകന്‍ രാജുവിന് നല്കുന്ന അനുശാസനം
പ്രിയപ്പെട്ട രാജു,
എനിക്ക് 70 വയസ്സായി. എന്റെ പ്രതീക്ഷകള്‍ക്കപ്പുറം ദൈവം എനിക്ക് ദീര്‍ഘായുസ് തന്നിരിക്കുന്നു. നിനക്കറിയാവുന്നതുപോലെ എന്റെ സഹോദരന്മാരും സഹോദരിയും 70 നുമുമ്പ് അവശരായി. ചിലരാകട്ടെ, 60 വയസ്സിലും. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഞാന്‍ കൂടുതല്‍ ഭാഗ്യവാനാണെന്ന് തോന്നുന്നു. അതിന് ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. ഓശാനമൗണ്ട് സ്ഥാപനങ്ങളുമായി നിനക്കുള്ള ബന്ധത്തെക്കുറിച്ച് നിന്നോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദൈവം എനിക്കു തന്ന ഒരു വിശുദ്ധട്രസ്റ്റായിട്ടാണ് ഓശാനമൗണ്ട് സ്ഥാപനങ്ങളെ ഞാന്‍ കാണുന്നത്. ഞാന്‍ ദൈവത്തിന്റെ കൈയിലെ കേവലഉപകരണമായിരുന്നു. നീയും അങ്ങനെ വേണം ഇതിനെ കാണാന്‍. മുപ്പതോളം കൊല്ലത്തെ എന്റെ ആയുസ്സ് ഈ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കുവേണ്ടി ഞാന്‍ ചെലവഴിച്ചു. അത് ആഹ്ലാദകരമായ ഒരു ജോലിയായിരുന്നു. ഈ സ്ഥാപനത്തില്‍നിന്നും വളരെയധികംപേര്‍ അവരുടെ ആദ്ധ്യാത്മികദാഹം തീര്‍ത്തു. നന്ദിയോടെയുള്ള അവരുടെ ദീര്‍ഘനിശ്വാസം വമ്പിച്ച ഒരു ധനമായി ഞാന്‍ കാണുന്നു. അവയെല്ലാം നിനക്കും വരുന്ന തലമുറയ്ക്കും ഞാന്‍ നല്‍കുന്നു. രണ്ട് സ്ഥാപനങ്ങളുടെ മാനേജ്‌മെന്റ് ആവശ്യപ്പെട്ടാല്‍ നീ നിന്റെ സേവനം അവര്‍ക്ക് നല്‍കണം. ദൈവാനുഗ്രഹത്താല്‍ ഏടജക യ്ക്കും ഇഞഘട നും ഇന്ന് അര്‍പ്പിതമനസ്‌കരായ ഒരു മാനേജിംഗ് ബോര്‍ഡുണ്ട്. അവര്‍ സ്ഥാപനം നോക്കി നടത്തും. അവര്‍ ആവശ്യപ്പെടുമ്പോള്‍ വേണ്ട സഹായവും പിന്തുണയും നീ കൊടുക്കണം. ഈ സ്ഥാപനങ്ങളില്‍നിന്ന് ഒരു സാമ്പത്തികലാഭമോ പ്രശസ്തിയോ പേരോ നീ ആഗ്രഹിക്കരുത്. ഈ സ്ഥാപനങ്ങള്‍ ഒരു വിശുദ്ധപൊതുട്രസ്റ്റാണ്. ഇവ സ്ഥാപിച്ചിരിക്കുന്നത് നമ്മുടെ ഗ്രാമത്തിലും കുടുംബഭവനത്തിനും സമീപമാകയാല്‍ ബോര്‍ഡ് നിന്റെ സഹായം ചോദിച്ചേക്കാം. നീ എല്ലാ കാലങ്ങളിലും ബോര്‍ഡിനോട് സഹകരിക്കുകയും അവരെ സഹായിക്കുകയും ചെയ്യണമെന്ന് ഞാന്‍ അനുശാസിക്കുന്നു.
സ്‌നേഹത്തോടെ,
ജോസഫ് പുലിക്കുന്നേല്‍''
അധികാരവും പണവും പിടിച്ചെടുക്കേണ്ടതല്ല. ഇതിനര്‍ത്ഥം എന്റെ മക്കളോ എന്റെ ബന്ധുജനങ്ങളോ ഓശാനമൗണ്ടില്‍ ഓശാനാ സ്ഥാപനങ്ങളെ സഹായിക്കരുതെന്നല്ല,. മറിച്ച്, പ്രതിഫലേച്ഛയോ സ്ഥാനമോ ആഗ്രഹിച്ച് അത്തരം സേവനങ്ങള്‍ ചെയ്യാന്‍ പാടില്ല.
ഓശാനമൗണ്ടിന്റെ ഭാവി എന്ത് എന്നു ചോദിക്കുന്നവരുണ്ട്. അത് ഭാവിയാണ് തീരുമാനിക്കേണ്ടത്. സ്ഥാപകന്റെ ഉദ്ദേശലക്ഷ്യങ്ങളില്‍ പിന്‍തലമുറ എന്നും ഉറച്ചുനില്‍ക്കണമെന്ന് പറയാനാകില്ല. ഒരുപക്ഷേ അത് വഴിമാറി ചലിച്ചേക്കാം. എനിക്കതില്‍ ദുഃഖമില്ല. കാരണം, ക്രിസ്തു സ്ഥാപിച്ച സഭയും ഗാന്ധിജി വാങ്ങിത്തന്ന സ്വാതന്ത്ര്യവും ശ്രീനാരായണന്റെ സാമൂഹ്യ-മതസങ്കല്പനങ്ങളും നിറവേറ്റപ്പെട്ടിട്ടില്ല. ആ ചരിത്രവസ്തുത മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ഞാന്‍ ഓശാനമൗണ്ട് സ്ഥാപനങ്ങള്‍ക്ക് രൂപംകൊടുത്തത്. പക്ഷേ, എന്റെ സന്താനപരമ്പരകള്‍ ഈ വഴിമാറലിന് കാരണമാകരുതെന്ന് ഞാന്‍ ഉറച്ചു തീരുമാനിച്ചു. എല്ലാ ഓശാനമൗണ്ട് സ്ഥാപനങ്ങളും പൊതുജനസേവനത്തിന് ഉപകരിക്കുംവിധം മുന്നോട്ടുപോകണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

ഓശാനയെപ്പറ്റി

34 കൊല്ലമായി ഓശാന മാസിക ഞാന്‍ നടത്തുന്നു. ഇതിന്റെ ഭാവി എന്ത് എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. വാര്‍ദ്ധക്യവും അനാരോഗ്യവും മൂലം ഓശാന മാസിക നിര്‍ത്തേണ്ടിവരുമോ എന്ന് ഞാന്‍ ആശങ്കാകുലനാണ്.
ഈ അടുത്തയിടെ ഓശാനയുടെ ആദ്യകാലം മുതലുള്ള വരിക്കാരനും വായനക്കാരനുമായ ബഹു.  ഫാ. കെ.റ്റി. ജയിംസ് കപ്പൂച്ചിന്‍ എഴുതിയ കത്ത് താഴെ കൊടുക്കുന്നു : ''ഓശാന'യുടെ ആരംഭംമുതല്‍ മുടങ്ങാതെ വരുത്തുകയും വായിക്കുകയും ചെയ്തിരുന്ന ഒരു വ്യക്തിയാണ് ഞാന്‍. ആദ്യത്തെ കോപ്പി വായിച്ചശേഷം ഞാന്‍ അന്ന് എഡിറ്റര്‍ക്ക് എഴുതി, ഇത്തരം ഒരു മാസിക കേരള സഭയ്ക്ക് ആവശ്യമാണെന്നും എല്ലാ വിശ്വാസികള്‍ക്കും പ്രത്യേകിച്ച് അല്മായര്‍ക്ക് തങ്ങളുടെ അഭിപ്രായം തുറന്നെഴുതാനുള്ള ഒരു വേദിയായിരിക്കും ഇതെന്നും. 'ഓശാന' ഒരു ''തിരുത്തല്‍'' ശക്തിയായി ഇന്നുവരെ പ്രവര്‍ത്തിച്ചു. അതു തുടര്‍ന്നും കാണാന്‍ ആഗ്രഹിച്ചു. അത് നിര്‍ത്തിയെങ്കില്‍ വലിയ ഒരു നഷ്ടമാണ് സ്വതന്ത്രമായി ചിന്തിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക്. ഇതിനൊരു പരിഹാരം ബുദ്ധിമാനായ പുലിക്കുന്നേല്‍ സാര്‍ കണ്ടുപിടിച്ചു നടപ്പാക്കുമെന്ന് കരുതുന്നു. പുലിക്കുന്നേല്‍ സാര്‍ തന്റെ പ്രവാചക ദൗത്യം വിജയപ്രദമായി ഇത്രയുംനാള്‍ നിര്‍വ്വഹിച്ചതിന് ഒത്തിരി നന്ദി; നിര്‍ത്താതെ തുടരണമെന്ന ഒരപേക്ഷയും.''
സ്വാമി വിക്രാന്ത് ടഉആ; ഡോണ്‍ ബോസ്‌കോ ബോയ്‌സ് ഹോം, ചെന്നൈ ഓശാന മാനേജര്‍ക്ക് എഴുതിയ കത്ത് താഴെ കൊടുക്കുന്നു. 'How is the health of Mr. Joseph Pulikunnel? Please assure him of my continuous support and prayers. The December, January and February issues of Hosanna are excellent in doctrine and scholarship and objectivity, fearleseness, boldness.''
ഇത്തരം അനേകം കത്തുകള്‍ വരിക്കാരില്‍നിന്നും എനിക്ക് കിട്ടാറുണ്ട്. അതില്‍ വൈദികരും അല്‍മായരും ഉള്‍പ്പെടും. ശാരീരികാസ്വാസ്ഥ്യങ്ങള്‍ നിലനില്‍ക്കെത്തന്നെ ഓശാന മാസിക തുടര്‍ന്നും നടത്തണമെന്നാണ് എന്റെ ആഗ്രഹം. എന്നാല്‍ അച്ചടിക്കൂലിയും കടലാസിന്റെ വിലയും ക്രമാതീതമായി വര്‍ദ്ധിച്ചതിനാല്‍ മാസിക ഇന്ന് നഷ്ടത്തിലാണ് നടക്കുന്നത്. ഈ സാമ്പത്തികഭാരം എനിക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. എല്ലാ മാധ്യമങ്ങളുടെയും പ്രധാനവരുമാന മാര്‍ഗ്ഗം പരസ്യങ്ങളാണ്. പ്രസിദ്ധീകരണം ആരംഭിച്ച അന്നു മുതല്‍ ഒരിക്കല്‍പോലും ഞാന്‍ പരസ്യങ്ങള്‍ സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ വരിസംഖ്യയെ ആശ്രയിച്ചു മാത്രമേ ഓശാനയ്ക്ക് മുന്നോട്ടു പോകാനാകൂ. ഇന്ന് ഒരു കോപ്പിക്ക് 5 രൂപയാണ് വില. അത് 8 ആയി വര്‍ദ്ധിപ്പിച്ചെങ്കില്‍ മാത്രമേ ആരോഗ്യമുള്ളിടത്തോളം കാലം എനിക്ക് ഓശാന നടത്തിക്കൊണ്ടുപോകാനാകൂ. ഈ സാമ്പത്തികഭാരം വരിക്കാരില്‍ കെട്ടിവെയ്ക്കണമെന്ന് ഒരിക്കലും ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ ഇത് ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്.
നിലവിലുള്ള വരിക്കാര്‍ 30 രൂപയെങ്കിലും കൂടുതല്‍ തന്ന് മാസികയെ നിലനിര്‍ത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അതുപോലെതന്നെ സമ്പത്തുള്ളവര്‍ അവരുടെ കഴിവനുസരിച്ച് സംഭാവനയും അയച്ചുതരിക. കത്തോലിക്കാ സമുദായത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ഇടനാഴിയിലാണ് ഓശാന നില്‍ക്കുന്നത്. ചര്‍ച്ച് ആക്ട് നടപ്പിലാക്കാന്‍ ഇനിയും വളരെയധികം എഴുതേണ്ടതുണ്ട്. പ്രചാരണം നടത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ മെത്രാന്മാരുടെ വോട്ടുബാങ്ക് ഭീഷണിയെ ചെറുത്ത് നിയമനിര്‍മ്മാണം നടത്താനാകൂ; നിയമനിര്‍മ്മാണം എന്ന കാനാന്‍ദേശത്ത് നമുക്ക് പ്രവേശിക്കാന്‍ കഴിയൂ. അനാരോഗ്യവാനാണെങ്കിലും നിങ്ങളുടെ ഈ മുന്നേറ്റത്തില്‍ തൂലികകൊണ്ട് എന്നെക്കൊണ്ട് കഴിവത് ചെയ്യണമെന്ന് ഞാനാഗ്രഹിക്കുന്നു. അതിന് നിങ്ങളുടെ സഹായം അത്യന്താപേക്ഷിതമാണ്.
എന്റെ മരണശേഷം ഓശാന നിര്‍ത്തണമെന്നാണ് എന്റെ ആഗ്രഹം. കാരണംഓശാന ആരംഭിച്ചത്  ഒരു പ്രത്യേക ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ്. ആ ലക്ഷ്യം നേടിക്കഴിഞ്ഞാല്‍ ഓശാന അപ്രസക്തമാണ്. ഓശാന ഒരിക്കലും ഒരു വാര്‍ത്താപത്രികയായിരുന്നില്ല. ആശയപത്രികയായിരുന്നു. പല മഹാന്മാരും ആശയമാസികകള്‍ സ്ഥാപിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ ''ഹരിജന്‍'', ശ്രീനാരായണഗുരുസ്വാമി സ്ഥാപിച്ച ''വിവേകോദയം''. അവയെല്ലാം അവയുടെ കര്‍മ്മം നിര്‍വഹിച്ച് അപ്രത്യക്ഷമായി. പുത്തന്‍ സാഹചര്യത്തില്‍ പുതിയ ആശയങ്ങളെ അവതരിപ്പിക്കുന്നതിന് ഇത്തരം ആശയമാസികകള്‍ ആവശ്യമാണെന്ന് തോന്നുന്നു. അതുകൊണ്ട് മാസികകള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്. ഒരു വാഴക്കൂമ്പ് കുലയെ പ്രസവിച്ചിട്ടശേഷം പോളകള്‍ സ്വയം പൊഴിയുന്നതുപോലെ ഓശാനയും ചരിത്രത്തിന്റെ വീഥിയില്‍ എനിക്കുശേഷം പൊഴിഞ്ഞുപോകുന്നതാണ് നല്ലതെന്ന് ഞാന്‍ കരുതുന്നു. വി. പൗലോസ് എഴുതിയതുപോലെ ''ഗോതമ്പുമണി അഴിയാതെ പുത്തന്‍ നാമ്പുകള്‍ ഉണ്ടാവുകയില്ല.'' അതുപോലെ കാലത്തിന്റെ പാടത്ത് പുതിയ നാമ്പുകള്‍ പൊട്ടിമുളയ്ക്കാന്‍ ഓശാന നിഷ്‌ക്രമിക്കുന്നതാണ് ഉത്തമം.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 100-ാം സങ്കീര്‍ത്തനത്തിലെ അവസാനഭാഗം ആവര്‍ത്തിക്കട്ടെ, ''കര്‍ത്താവ് നല്ലവനല്ലോ. അവന്റെ അചഞ്ചലസ്‌നേഹം എന്നെന്നും നിലനില്‍ക്കുന്നു. അവന്റെ വിശ്വസ്തത സര്‍വ തലമുറകളിലും!''
ജോസഫ് പുലിക്കുന്നേല്‍
ഓശാനമൗണ്ട്, ഇടമറ്റം പി.ഒ.
മൊബൈല്‍ : 9447196214
എന്റെ സ്വര്‍ഗസ്ഥഭാര്യ കൊച്ചുറാണിയുടെ ഒന്നാം ചരമവാര്‍ഷികദിനമായ 2009 ഫെബ്രുവരി 22-ാം തീയതി പ്രസിദ്ധീകരിച്ചത്.

1 comment: