Translate

Tuesday, November 7, 2017

KCRM പ്രോഗ്രാം റിപ്പോര്‍ട്ട് - തൊടുപുഴ - നേതൃസംഗമം



സെപ്റ്റംബര്‍ 24 ഞായറാഴ്ച രാവിലെ 10 മുതല്‍ 5 വരെ ചാഴികാട്ട് ആശുപത്രി ജംഗ്ഷനിലുള്ള വിനായകാ ഓഡിറ്റോറിയത്തില്‍ കേരളത്തിന്റെ വടക്കുമുതല്‍ തെക്കുവരെയുള്ള സഭാനവീകരണപ്രസ്ഥാനങ്ങളുടെ നേതാക്കന്മാര്‍ ഒത്തുചേര്‍ന്നു. 1. ശ്രീ എം. എല്‍ ജോര്‍ജ്ജ് (കാത്തലിക് ലേമെന്‍ അസ്സോസ്സിയേഷന്‍- കോഴിക്കോട് 2. ജോഷി ആന്റണി (ഓള്‍ ഇന്ത്യ കാത്തലിക് അസ്സോസിയേഷന്‍-പാലക്കാട്) 3. വി. കെ ജോയി (കേരള കാത്തലിക് ഫെഡറേഷന്‍-തൃശ്ശൂര്‍ 4. അഡ്വ. പോളച്ചന്‍ പുതുപ്പാറ (ഫോറം ഫോര്‍ ജസ്റ്റീസ്-അങ്കമാലി) 5. റജി ഞള്ളാനി (ഓപ്പണ്‍ ചര്‍ച്ച് മൂവ്‌മെന്റ്-കട്ടപ്പന) 6. ലൂക്കോസ് മാത്യു (ക്‌നാനായ കത്തോലിക്കാ നവീകരണസമിതി-കോട്ടയം) 7. അന്ത്രയോസ് മാറാട്ടുകുളം (വിമോചനവേദി- ചങ്ങനാശ്ശേരി) 8. ജോസഫ് പനമൂടന്‍ (ദളിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ-ചങ്ങനാശ്ശേരി) 9. കെ.കെ ജോസ്-കണ്ടത്തില്‍ (K.C.R.M-പാലാ) 10. ജോര്‍ജ്ജ് മൂലേച്ചാലില്‍ (സത്യജ്വാല-എഡിറ്റര്‍) 11. റോയി മാത്യു (കളത്തൂര്‍-നെടുങ്കണ്ടം) എന്നിവരാണു പങ്കെടുത്തത്. കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ക്രിസ്തുവിനെ പിന്‍ചെന്ന് നവീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആക്ഷന്‍ ഗ്രൂപ്പുകള്‍ക്ക് കൂട്ടായി പ്രവര്‍ത്തിക്കുന്നതിനുള്ള സാധ്യതകളാണ് നേതാക്കള്‍ ആരാഞ്ഞത്. കരടു നയരേഖ മുന്‍കൂട്ടി തയ്യാറാക്കി ചര്‍ച്ചയ്ക്കു സമര്‍പ്പിച്ചത് തൊടുപുഴ K.C.R.M യൂണിറ്റാണ്. ഒന്നിപ്പിന്റെ ഒരു വഴി എന്ന നിലയില്‍ നയരേഖ പരിഗണിച്ച സംഘടനാ തലവന്മാര്‍, കേരളത്തിലെമ്പാടും തുടര്‍ന്നു നടക്കേണ്ട ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു.
ചര്‍ച്ചയില്‍ ആദ്യമായി സംസാരിച്ചത് ശ്രീ. ജോര്‍ജ്ജ് മൂലേച്ചാലില്‍ ആണ്. അദ്ദേഹം നയരേഖയിലെ അടിസ്ഥാന വീക്ഷണങ്ങളോട് യോജിപ്പ് പ്രകടിപ്പിച്ചു. മനുഷ്യന്‍ ഒരു വെറും ജീവിയല്ല, ആദ്ധ്യാത്മിക അടിത്തറയുള്ള ഒരു വിശിഷ്ടസൃഷ്ടിയാണ്. തിന്മയ്‌ക്കെതിരെ സംസാരിക്കാനാണ് പ്രവാചകന്മാര്‍ ജന്മമെടുക്കുന്നത്. ക്രിസ്തുവിനെ ഉപേക്ഷിച്ച ക്രൈസ്തവമതങ്ങള്‍ക്കെതിരെ ഒരു പ്രത്യേക പ്രവാചകദൗത്യമാണ് നവീകരണഗ്രൂപ്പുകള്‍ക്കുള്ളത്. വിശ്വാസികളെ ചൂഷണംചെയ്യാനും അധികാരം ഉറപ്പിക്കാനുമാണ് കാനോന്‍ നിയമം നമ്മുടെമേല്‍ അടിച്ചേല്‍പ്പിച്ചത്. ഇത്തരം കാനോനുകളെ നാം തള്ളിക്കളയണം. ന്യൂനപക്ഷ സമുദായാം ഗങ്ങള്‍ക്കെതിരെ  ന്യൂനപക്ഷാവകാശം എടുത്തു പ്രയോഗിക്കുന്നുവെങ്കില്‍ അത്തരം ന്യൂനപക്ഷാവകാശം നമുക്ക് എന്തിനാണ്? വിമോചന വേദിയുടെ പ്രതിനിധിയായി സംസാരിച്ച ശ്രീ അന്ത്രയോസ് മാറാട്ടുകുളം ലൂക്കാ 4-17  ചൂണ്ടിക്കാണിച്ച് യേശുവിന്റെ പ്രവര്‍ത്തനങ്ങളില്‍ അന്ധരോടും ബന്ധിതരോടും അടിച്ചമര്‍ത്തപ്പെട്ടവരോടുമുണ്ടായിരുന്ന ഐക്യദാര്‍ഢ്യം നവീകരണപ്രവര്‍ത്തകര്‍ക്കും ഉണ്ടാകേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു. അതുകൊണ്ട് ഒരു നവീകരണ പ്രവര്‍ത്തകന്, യേശുവിന്റെ എതിര്‍പക്ഷത്ത് വ്യക്തമായി പക്ഷംചേരുന്ന സഭയോട് പലപ്പോഴും ഏറ്റുമുട്ടേണ്ടി വരുമെന്നു മുന്നറിയിപ്പു നല്‍കി. എന്തെല്ലാം സാമൂഹിക
പ്രവര്‍ത്തനങ്ങള്‍ നടത്തി ഒതുങ്ങിക്കൂടുന്ന ഒരു പ്രവണത പൊതുവേയുണ്ടെന്ന് അദ്ദേഹം എടുത്തു കാണിച്ചു. ചെറുപ്പക്കാരെ കൂടുതലായി നമ്മുടെ അണികളിലേക്ക് ആകര്‍ഷിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
തുടര്‍ന്നു സംസാരിച്ച ശ്രീ എം. എല്‍ ജോര്‍ജ്ജ് നയരേഖയെ പൊതുവായി പരാമര്‍ശിച്ചശേഷം, അത്മായരുടെ അവകാശസംരക്ഷണത്തിനുവേണ്ടി കഴിഞ്ഞ 35 വര്‍ഷത്തിലേറെയായി കാത്തലിക് ലേമെന്‍ അസ്സോസ്സിയേഷന്‍ നടത്തുന്ന നിയമപോരാട്ടങ്ങളെപ്പറ്റി വിവരിച്ചു. വേണ്ടത്ര മുന്നൊരുക്കവും ഏകോപനവുമില്ലാത്തതുകൊണ്ടാണ് പല കേസുകളിലും പലരും പരാജയപ്പെടുന്നതെന്നും അദ്ദേഹം എടുത്തു പറഞ്ഞു. കേസു ശരിയായി നടത്താന്‍ വലിയ പണച്ചെലവുണ്ട്, ലേമെന്‍ അസ്സോസ്സിയേഷന്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന കേസ് വളരെ നിര്‍ണ്ണായകമാണെന്നും എല്ലാ നവീകരണ ഗ്രൂപ്പുകളും അതില്‍ കഴിയുന്നത്ര സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അഡ്വ. പോളച്ചന്‍ പുതുപ്പാറയാണ് തുടര്‍ന്നു സംസാരിച്ചത്. നയരേഖയെയും തന്റെ മുന്‍ പ്രസംഗകരെയും അദ്ദേഹം പ്രശംസിച്ചു. ശക്തമായ പൗരോഹിത്യത്തിനെതിരേ ശക്തമായ പോരാട്ടംതന്നെ നാം നടത്തണം എന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഓള്‍ ഇന്ത്യ കാത്തലിക് അസ്സോസ്സിയേഷന്‍ പ്രതിനിധി ജോഷി ആന്റണി, അഴിമതി നിറഞ്ഞ സഭയ്‌ക്കെതിരെ ഒരു സംഘടിത ജനശക്തിയാണ് ഉയര്‍ന്നുവരേണ്ടത് എന്നു സ്ഥാപിച്ചു. നവീകരണ ഗ്രൂപ്പുകള്‍ അതിനുതക്കവിധത്തില്‍ ജനങ്ങളെ ബോധവല്‍കരിക്കണം, മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയുംവേണം. ഒരു പൊതുജിഹ്വ എന്ന നിലയില്‍ സത്യജ്വാലയുടെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു. നവീകരണ ഗ്രൂപ്പുകള്‍ക്കിടയില്‍ കിടമത്സരം ഉണ്ടാകരുതെന്ന് അദ്ദേഹം പ്രത്യേകം ഉല്‍ബോധിപ്പിച്ചു.
തുടര്‍ന്നു സംസാരിച്ച വി.കെ ജോയി സഭാശുശ്രൂഷകന്‍ ദൈവജനത്തിന്റെ സഹായി ആയിരിക്കണമെന്നും കാനോന്‍ നിയമംവഴി സമ്പത്തിന്റെയും അധികാരത്തിന്റെയും കേന്ദ്രമായി മാറിയ മെത്രാന്‍ഭരണം ക്രിസ്തുവിന്റെ വീക്ഷണത്തിന് എതിരാണെന്നും സ്ഥാപിച്ചു. ആള്‍ദൈവം ചമഞ്ഞ് അധികാരം ഭരിക്കുന്നവരുടെ മുഖംമൂടിവേഷം സഭയെ വികൃതമാക്കുകയേയുള്ളൂ. സഭയുടെ കാനോന്‍നിയമം ദൈവജനത്തിന്റെ അവകാശം നിക്ഷേധിക്കുകയാണ് ചെയ്യുന്നത്. അതിനുപകരം ജനാധിപത്യരീതിയില്‍ അധികാരം വികേന്ദ്രീകരിക്കുന്ന നിര്‍ദ്ദിഷ്ട ചര്‍ച്ച് ആക്ട് നിയമസഭ അംഗീകരിച്ച് നിയമമാക്കുകയാണു വേണ്ടത്. അതിന് സര്‍ക്കാരിനെ നിര്‍ബന്ധിക്കത്തക്ക തരത്തില്‍ നവീകരണ ഗ്രൂപ്പുകള്‍ ജനമുന്നേറ്റം സംഘടിപ്പിക്കണം.
ഓപ്പണ്‍ ചര്‍ച്ച് മൂവ്‌മെന്റിന്റെ സാരഥി റെജി ഞള്ളാനിയാണ് തുടര്‍ന്നു സംസാരിച്ചത്. ജോഷി ആന്റണിയെ ഉദ്ധരിച്ചുകൊണ്ട് നവീകരണ ഗ്രൂപ്പുകള്‍ ഡയറക്റ്റ് ആക്ഷനിലേക്ക് തിരിയണം എന്ന് ഞള്ളാനി ഓര്‍മ്മിപ്പിച്ചു. നിയമ പോരാട്ടങ്ങള്‍ നല്ലതാണെന്ന് അദ്ദേഹം സമ്മതിച്ചു. സംഘടിതശ്രമത്തിലൂടെമാത്രമേ നിയമയുദ്ധത്തിനുള്ള പണം സ്വരൂപിക്കുവാന്‍ സാധിക്കുകയുള്ളൂ. എല്ലാറ്റിലും ആദ്യം വേണ്ടത് നല്ല സംഘടനാശേഷിയും കൂട്ടായ പ്രവര്‍ത്തനവുമണ്. 'എക്‌സ് പ്രീസ്റ്റ്‌സ്-നണ്‍സ് അസ്സോസിയേഷന്‍' സെക്രട്ടറി ആയിരുന്ന ഷിബു അച്ചന്റെ അകാലനിര്യാണം നവീകരണപ്രവര്‍ത്തകര്‍ക്ക് ഒരു വലിയ നഷ്ടമാണെന്ന് അദ്ദേഹം അനുസ്മരിച്ചു. നിരാലംബരായിത്തീര്‍ന്ന അച്ചന്റെ സഹധര്‍മ്മിണിക്കും കുഞ്ഞിനും മതിയായ സഹായംചെയ്യേണ്ടത് നമ്മുടെ ബാദ്ധ്യതയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ദളിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍ പ്രതിനിധി ജോസഫ് പനമൂടന്‍ ദളിതര്‍ സഭയില്‍ ഏറ്റവും തിരസ്‌കരിക്കപ്പെടുന്ന വിഭാഗമാണെന്ന് ഓര്‍മ്മിപ്പിച്ചു. നവീകരണഗ്രൂപ്പുകള്‍ ഒന്നിച്ചു ശ്രമിച്ചാലേ ദളിത്പ്രശ്‌നം സഭാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിയൂ. കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹകരണവും അദ്ദേഹം വാഗ്ദാനംചെയ്തു.
K.C.R.M മുന്‍ സെക്രട്ടറി കെ.കെ ജോസ് കണ്ടത്തില്‍, എ.ഡി 3-ാം നൂറ്റാണ്ടു മുതല്‍ ക്രിസ്തുസഭ ട്രാക്കു തെറ്റി ഓടുകയാണെന്ന് സമര്‍ത്ഥിച്ചു. ക്രിസ്തുവിന്റെ യഥാര്‍ത്ഥമുഖം ബൈബിളില്‍പോലും ഇന്നു കാണാന്‍ കഴിയുകയില്ല. ബൈബിളിന്റെ ഒരു പുനര്‍വായനയ്ക്കുതന്നെ നവീകരണഗ്രൂപ്പുകള്‍ തയ്യാറാകണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ചര്‍ച്ചയില്‍ പങ്കുചേര്‍ന്ന പത്തു നേതാക്കന്മാരുടേയും അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് അവതരിപ്പിച്ചത് ശ്രീ. റോയി മാത്യു കളത്തൂര്‍ ആണ്. നയരേഖയെപ്പറ്റി ഒരു വിലയിരുത്തലും അദ്ദേഹം നടത്തി.
ചര്‍ച്ചാ സമ്മേളനത്തിന്റെ സംഘാടകരായിരുന്ന തൊടുപുഴ K.C.R.M യൂണിറ്റിന്റെ ജോയിന്റ് സെക്രട്ടറി സി. സി ബേബിച്ചന്‍ സംഘാടകസമിതിക്കുവേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഒക്‌ടോബറിലെ മാസാന്ത്യ സമ്മേളനത്തില്‍ ഇതു ചര്‍ച്ചചെയ്യുന്നതാണ്. അഡ്വക്കേറ്റ് ജോസ് ജോസഫായിരുന്നു ചര്‍ച്ചാസമ്മേളനത്തിന്റെ മോഡറേറ്റര്‍. യൂണിറ്റ് പ്രസിഡന്റ് കെ. ജി പോള്‍, ട്രഷറര്‍ ജോസഫ് കാരുപറമ്പില്‍, സദസ്സില്‍ നിന്ന് ജെയിംസ് പാമ്പയ്ക്കല്‍ ഇവര്‍ ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി നന്ദി പറഞ്ഞു. 4.30-ന് ചര്‍ച്ച ആദ്യഘട്ടം പൂര്‍ത്തിയായി.
പ്രൊഫ. പി.സി. ദേവസ്യ (യൂണിറ്റ് സെക്രട്ടറി)

No comments:

Post a Comment