Translate

Tuesday, October 3, 2017

അമേരിക്കയിലെ കത്തോലിക്കാ സഭാനവീകരണപ്രസ്ഥാനക്കാരുടെ യോഗം


ചാക്കോ കളരിക്കൽ

ഓഗസ്റ്റ് 25, 2017- നടന്ന ടെലികോൺഫറൻസിൽ എടുത്ത തീരുമാനപ്രകാരം സെപ്റ്റംബർ 30 ശനിയാഴ്ച ഷിക്കാഗോയിൽവെച്ച് സഭാനവീകരണകൂട്ടായ്മയുടെ യോഗം നടക്കുകയുണ്ടായി. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽനിന്നായി സമാന മനസ്കരായ അനേകർ പ്രസ്തുത സമ്മേളനത്തിൽ  പങ്കെടുക്കുകയുണ്ടായി. അതിൽ സംബന്ധിക്കാൻ ആഗ്രഹിച്ചിരുന്ന പലർക്കും പലവിധ കാരണങ്ങളാൽ വരാൻ സാധിക്കാതെപോയി. രാവിലെ പതിനൊന്നരമണിക്ക് ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച യോഗം ഏകദേശം മൂന്നുമണിക്കൂർ നീണ്ടുനിന്നു. യോഗത്തിൽ സംബന്ധിച്ച ഓരോരുത്തരും സദസ്യർക്ക് സ്വയം പരിചയപ്പെടുത്തി. പ്രായംകൊണ്ട് പക്വതപ്രാപിച്ചവരും വിജ്ഞാനത്തിലും ജീവിതാനുഭവങ്ങളിലും ധാരാളികളുമായിരുന്നു അവരെല്ലാവരുമെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

കത്തോലിക്കാസഭയിൽ പ്രത്യേകിച്ച് കേരളത്തിലെയും അമേരിക്കയിലെയും സീറോ മലബാർ സഭയിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന നിരവധി കാര്യങ്ങളെ സംബന്ധിച്ച് യോഗം ചർച്ചചെയ്യുകയും ആനുകാലിക സാഹചര്യത്തിൽ അതിനെ വിലയിരുത്തുകയും ചെയ്തു. ചർച്ചയുടെയും വിലയിരുത്തലിൽറെയും  അടിസ്ഥാനത്തിൽ അമേരിക്കയിൽ തുടക്കം കുറിച്ചിരിക്കുന്ന നവീകരണസംരംഭം മുന്നോട്ടുകൊണ്ടുപോകണമെന്ന് യോഗം ഒന്നായി തീരുമാനിക്കുകയായിരുന്നു. ഇന്ന് കേരളത്തിലെ സഭാനവീകരണ മുന്നേറ്റത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന 'കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനത്തിൻറെ (Kerala Catholic Church Reformation Movement - KCRM) ആശയങ്ങളെയും തത്വങ്ങളെയും അംഗീകരിച്ചുകൊണ്ട് സംഘടനയുമായി സഹകരികച്ച് KCRM - North America എന്ന പേരിൽ വടക്കേഅമേരിക്കയിലും സഭാനവീകരണപ്രസ്ഥാനം മുന്നേറണമെന്നും യോഗം തീരുമാനിക്കുകയുണ്ടായി.

അമേരിക്കയിലെ സീറോമലബാർ രൂപതയിൽ സേവനംചയ്യാൻ വരുന്ന ന്യൂ ജെനറേഷൻ വൈദികർ അധികാരദുർവിനയോഗവും അല്മായർക്ക് ആവശ്യമില്ലാതെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. സ്വന്തം പള്ളി നടത്തിക്കൊണ്ടുപോകാൻ ഓരോ കുടുംബങ്ങളിൽനിന്നും ആയിരവും രണ്ടായിരവും ഡോളർ വാർഷികതലവരിയായി പിരിക്കുമ്പോൾത്തന്നെ മറ്റുസിറ്റികളിൽ പണിയുന്ന പള്ളികൾക്കായി പണപ്പിരിവും നടത്തി മനുഷ്യരെ ജീവിക്കാൻ സമ്മതിക്കാത്ത സാഹചര്യം സഭ സൃഷ്ടിക്കുന്നത് അപലപനീയമാണ്. വമ്പിച്ച സാമ്പത്തിക ഭാരം ഇടവകക്കാരുടെ ചുമലിലാക്കി മെഗാപ്പള്ളികൾ വാങ്ങിക്കുകയോ പുതുതായി നിർമ്മിക്കുകയോ ചെയ്തിട്ട് വികാരിക്ക് സ്ഥലംമാറ്റംകിട്ടി അദ്ദേഹം തടിതപ്പുന്നകാര്യം അല്മായർ തിരിച്ചറിയേണ്ടതാണ്. പലകാര്യങ്ങളിലും വൈദികരുടെ വൈകാരികപിടിവാശിയിന്ന് ഒരു രോഗമായി മാറിയിരിക്കുകയാണ്. ഏതാനും ആഴ്ചകൾക്കുമുമ്പ്  ന്യൂജേഴ്സിയിലെ ക്നാനായ പള്ളിവാങ്ങലും കൂദാശചെയ്യലും അതിനുദാഹരണമായി ചിലർ ചൂണ്ടിക്കാട്ടി. വർഷങ്ങളായി അമേരിക്കയിൽ ജീവിക്കുന്ന വിദ്യാസമ്പന്നരും മികച്ച ഉദ്ദ്യോഗസ്ഥരും സാമ്പത്തിക ഭദ്രതയുമുള്ള കഠിനാദ്ധ്യാനികളായ വിശ്വാസികളോട് വിനയമായി പെരുമാറാൻ പുത്തനച്ചന്മാർ പഠിക്കേണ്ടിയിരിക്കുന്നു. അച്ചന്മാർ മെത്രാന്മാരെയും അല്മായകൂട്ടായ്മകളെയും അനുസരിക്കാൻ കടപ്പെട്ടവരാണ്.

പണ്ടുകാലത്ത് യൂറോപ്പിൽ പള്ളിപണിജ്വരം സഭാധികാരികളുടെ ഇടയിൽ പിടിപെട്ടിരുന്നതിൻറെ ഫലമായി നിർമ്മിച്ച വമ്പൻ ദേവാലയങ്ങൾ ഇന്നനാഥമായതിനാൽ ഇടിയാവിലയ്ക്ക് വിറ്റുകൊണ്ടിരിക്കുന്നു. അതുപോലെ ഇന്ന്  സീറോ മലബാർ സഭ അല്മായരെ ഊറ്റിപ്പിഴിഞ്ഞെടുക്കുന്ന പണംകൊണ്ട് പണിയുന്ന പള്ളികളിൽ വരും തലമുറയിലെ ചെറുപ്പക്കാർ കാലുകുത്തുകയില്ലാതാകുമ്പോൾ അതും ഇടിയാവിലേയ്ക്ക് വിൽക്കേണ്ടിവരും. അമേരിക്കൻ മലയാളികൾ ഇക്കാര്യത്തിൽ ഉണർവോടെ ചിന്തിക്കേണ്ട കാലഘട്ടമാണിത്. സഭാധികാരികൾ ഇത്തരം കാര്യങ്ങൾ മുൻകണ്ടുകൊണ്ട് സഭയെ നയിക്കുമെന്ന് ബുദ്ധിയുള്ള ഒരല്മായനും തീർച്ചപ്പെടുത്താൻ സാധിക്കുകയില്ല. ടൊയോട്ടാ കൊറോളയും (Toyota Corolla) കൊന്തയുമായി അമേരിക്കൻ ജീവിതമാരംഭിച്ച മലയാളിയിന്ന് മെഴ്സിഡസ് ബെൻസും (Mercedes-Benz) മില്യൻഡോളർ വീടും വാങ്ങി വമ്പുകാണിക്കുമ്പോൾ കടംവാങ്ങിയെങ്കിലും സ്റ്റാറ്റസിനുപറ്റിയ വമ്പൻ പള്ളിയുംവേണം. സ്ത്രീകൾക്ക് വിലപ്പിടിപ്പുള്ള സാരിയും ആഭരണങ്ങളും ധരിച്ച് പള്ളിയിൽപോകണം. കൂടാതെ കോടികൾ മുടക്കിപണിയുന്ന നാട്ടിലെ വീടുകളിൽ മരപ്പെട്ടികളും വാവലുകളും പാർക്കുന്നു. സഭാധികാരികളുടെ ഇടയിലും അല്മായരുടെ ഇടയിലും വർദ്ധിച്ചുവരുന്ന പൊങ്ങച്ചചിന്താഗതി മാറ്റി ലളിതജീവിതം നയിക്കാനുള്ള ബോധവൽക്കരണം നടത്താനും സഭാനവീകരണമുന്നേറ്റം കാരണമാകേണ്ടതാണെന്നുള്ള അഭിപ്രായം യോഗവിചാരത്തിലെ ഒരു പ്രധാന വിഷയമായിരുന്നു. ദൈവത്തെ ആരാധിക്കാൻ വലിയ പള്ളികളുടെ ആവശ്യമില്ല. രണ്ടോ മൂന്നോ ആഴ്ച നാട്ടിൽ താമസിക്കാൻ കോടികൾ മുടക്കി പണിയിപ്പിച്ച വീടിൻറെ ആവശ്യമില്ല. അനാവശ്യ പള്ളിപണികളെയും വീടുപണികളെയും ക്രിസ്തീയ ചൈതന്യത്തിൽ നിരുത്സാഹപ്പെടുത്തണം. അത്തരം പള്ളിപണികൾക്കും വീടുപണികൾക്കും അനാവശ്യമായി ചിലവഴിക്കുന്ന സമ്പത്ത് നിർധനരായ സ്കൂൾകുട്ടികൾക്ക് അന്തസായി വിദ്യാഭ്യാസം ചെയ്യാനും പാവപ്പെട്ട പെൺകുട്ടികളെ കെട്ടിച്ചുവിടാനുംമറ്റുമായി വിനയോഗിക്കാൻ വിശ്വാസികളെ പ്രേരിപ്പിക്കേണ്ടതാണ്. ഫ്രാൻസിസ് മാർപാപ്പയെ അനുകരിച്ച് സഭാധികാരികളും അല്മായകുടുംബങ്ങളും ലളിതജീവിതം നയിക്കാൻ ശ്രമിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

യോഗമെടുത്ത തീരുമാനങ്ങളിൽ പ്രധാനപ്പെട്ടവ ചുവടെ ചേർക്കുന്നു: 1. നാട്ടിലെ KCRM സംഘടനയോട് യോജിച്ച് KCRM - North America എന്നപേരിൽ ഭാവി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക. 2. KCRM -ൻറെ പ്രസിദ്ധീകരണമായ 'സത്യജ്വാല' എന്ന മാസികയെ സാമ്പത്തികമായി സഹായിക്കുക. 3. സത്യജ്വാലയിൽ ഷിക്കാഗോ സീറോമലബാർ രൂപതയിലെ വിശ്വാസികളെ ബാധിക്കുന്ന കാര്യങ്ങൾ വിശകലനംചെയ്തുള്ള  ലേഖനങ്ങൾ പ്രസിദ്ധീകരിക്കാൻ സത്യജ്വാലയുടെ എഡിറ്ററുമായി ബന്ധപ്പെടുക. 4. സത്യജ്വാലവഴിയും മറ്റ് ആധുനിക സോഷ്യൽ മീഡിയാവഴിയും അമേരിക്കയിലെ സീറോമലബാർ സഭയുടെ ഭാവിയെ സംബന്ധിച്ച് വിശ്വാസികളെ  ബോധവൽക്കരിക്കുക. 5. സത്യജ്വാലമാസിക അമേരിക്കയിൽ കഴിവതും പ്രചരിപ്പിക്കുക. 6. ആവശ്യമായിവരുന്ന സാഹചര്യത്തിൽ സഭാസംബന്ധിയായ കാര്യങ്ങളെ വിശദീകരിച്ചുകൊണ്ടുള്ള ലഘുലേഖകൾ അമേരിക്കയിലെ സീറോമലബാർ ഇടവകപ്പള്ളികളിൽ വിതരണം ചെയ്യുക. 7. അമേരിക്കയിലെ സീറോമലബാർ ഇടവകകളിൽ അല്മായർക്കെതിരായി സഭാധികാരം നടത്തുന്ന എല്ലാ അതിക്രമങ്ങളെയും ഗൗരവപൂർവം പഠിച്ചശേഷം ഉചിതമെന്നുതോന്നിയാൽ അതിനെ എതിർക്കുകയും വിശേഷ താല്പര്യമെടുത്ത് അനുകൂലിച്ച് സഹായിക്കുകയും ചെയ്യുക. 8. അമേരിക്കയിലെ പല സീറോമലബാർ വൈദികരും അവരോടു കൂടിനിൽക്കുന്നവരും ചേർന്ന് വിശ്വാസികൾക്കെതിരായി കള്ളക്കേസുകൾ കൊടുക്കുന്നതായി യോഗം മനസ്സിലാക്കുന്നു. ഉദാഹരണത്തിന് സാൻ ഫ്രാൻസിസ്കോ (San Francisco) സെൻറ് തോമസ് സീറോ മലബാർ ഇടവക പള്ളി മാന്യരായ ചില സഭാപൗരർക്കെതിരായി ക്രിമിനൽ കുറ്റങ്ങൾ ചാർത്തിക്കൊണ്ട് ഫയൽ ചെയ്തിരിക്കുന്ന കള്ളക്കേസ്. ഇന്നവർ നീതിക്കുവേണ്ടി പള്ളിപരിസരത്ത് നിരാഹാര പ്രാർത്ഥനാ യജഞം നടത്തിക്കൊണ്ടിരിക്കുകയാണ്. വിശ്വാസികളെ കള്ളക്കേസിൽ കുടുക്കുന്ന പുരോഹിതതന്ത്രം അമേരിക്കയിൽ വിലപ്പോകുകയില്ലന്ന് സഭാധികാരം ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. 9. അമേരിക്കയിലെ സീറോമലബാർ രൂപതയിലെ ഏതാനുംചില വൈദികർ സ്ത്രീകളെയും പെൺകുട്ടികളെയും പീഡിപ്പിച്ചതും നേർച്ചപ്പണം അതുസംബന്ധമായ കേസൊതുക്കാൻ ഉപയോഗിച്ചതുമായ വസ്തുത രഹസ്യമായ പരസ്യമാണ്. ഇനിമുതൽ സഭാനവീകരണസമതി ഇത്തരം കാര്യങ്ങളിൽ ശക്തമായി പ്രതികരിക്കുക. 10. സമൂഹത്തിൽ നടക്കുന്ന എല്ലാവിധ വിവേചനങ്ങളേയും പ്രത്യേകിച്ച് സ്ത്രീവിവേചനം, സഭയിലെ ജാത്യാധിഷ്ഠിതവിവേചനം, ക്നാനായ സമുദായത്തിലെ ശുദ്ധരക്‌താധിഷ്ഠിതവിവേചനം തുടങ്ങിയ എല്ലാ സാമൂഹ്യവിരുദ്ധ വിവേചനങ്ങൾക്കുമെതിരായി പ്രവർത്തിക്കുക.  11. എല്ലാമാസത്തിലെയും രണ്ടാംബുധനാഴ്ച്ച ടെലികോൺഫറസ്‌ സംഘടിപ്പിച്ച് വിവിധവിഷയങ്ങളെ സംബന്ധിച്ച് ചർച്ചചെയ്യുക. ആദ്യത്തെ ചർച്ചാസമ്മേളനം നവംബറിൽ ആരംഭിക്കുന്നതാണ്.

അമേരിക്കയിലെ കത്തോലിക്കാസഭാ നവീകരണപ്രസ്ഥാനത്തെ അഥവാ കെ. സി. ആർ. എം. - നോർത്ത് അമേരിക്ക - യുടെ മുൻപോട്ടുള്ള പ്രവർത്തനങ്ങൾക്കായി താഴെ പറയുന്നവരെ യോഗം തെരഞ്ഞെടുത്തു. General Coordinator: Chacko Kalarickal; Regional Coordinators: George Poozhikala (Qubec, Canada), Abraham Kandankery (North York, Canada) Jacob Kallupurackal (Boston, Massachusetts), Alex Kavumpurath (Elmont, New York), Dr. N. P. Sheela (Bronx, New York), Joseph Padannamakkal (Valley Cottage, New York), Dr. Thomas Palackal (White Plains, New York),  Paulson Kolangaden (Belle Mead, New Jersey), Mani Maliekal (Philadelphia, Pennsylvania), Sojan Pulickal (Camp Hill, Pennsylvania), James Kureekkattil (Rochester Hills, Michigan), Jose Kalliduckil (Chicago, Illinois), (George Neduvelil (Cooper City, Florida), Andrews Cherian (North Port, Florida), Jose Puthikunnel (Los Angeles, California)


ശ്രീ ജോസ് മുല്ലപ്പള്ളിയുടെ ഓഫീസ് കെട്ടിടത്തിൽവെച്ചാണ് യോഗം കൂടിയത്. അദ്ദേഹത്തിനും ഷിക്കാഗോക്കാരുടെ സ്നേഹവിരുന്നിനും നന്ദി രേഖപ്പെടുത്തുന്നു. ആ യോഗത്തിൽ വന്നുസംബന്ധിച്ച് അതിനെ വിജയിപ്പിച്ച എല്ലാവർക്കും നന്ദി പറയുന്നു. ഈ സംരംഭത്തിന് എല്ലാവിധ സഹായസഹകരണങ്ങൾ അപേക്ഷിക്കുന്നതിനോടൊപ്പം കൂടുതൽ  താല്പര്യമുള്ളവർ Chacko  Kalarickal (586-601-5195), Jose Kalliduckil (773-943-0416) ലുമായി ബന്ധപ്പെടണമെന്ന് താത്പര്യപ്പെടുകായും ചെയ്യൂന്നു.

No comments:

Post a Comment