Translate

Friday, October 27, 2017

മാര്‍ട്ടിന്‍ ലൂഥറിന്റെ മതനവീകരണവിപ്ലവത്തിന്റെ പശ്ചാത്തലം

സത്യജ്വാല സഭാനവീകരണസ്പെഷ്യലിൽനിന്ന്     

ജോര്‍ജ് നെടുവേലില്‍ - USA

''ഇരുപതാം നൂറ്റാണ്ടിന്റെ നെട്ടപ്പുറത്തിലൂടെ തീര്‍ത്തറഞ്ഞ ഒരു ചാട്ടവാറ്''-അര്‍ത്ഥഗര്‍ഭമായ ഈ വാചകം കൊണ്ടാണ് ആംഗലസാഹിത്യകാരനായ ഏ. ജി. ഗാര്‍ഡിനര്‍ ജോര്‍ജ് ബര്‍നാര്‍ഡ് ഷായെ വിശേഷിപ്പിച്ചത്.
വിക്ടോറിയന്‍ ഇംഗ്ലണ്ടിന്റെ വങ്കത്തങ്ങളും പള്ളിമതത്തിന്റെ പൊള്ളത്തരങ്ങളുമാണ് ഷായെ ചൊടിപ്പിച്ചത്.
പതിനാറാം നൂറ്റാണ്ടിലെ കത്തോലിക്കാപള്ളിയുടെ കടിഞ്ഞാണില്ലാത്ത അനീതികള്‍ക്കും അഴിമതികള്‍ക്കും നേരെയാണ് മാര്‍ട്ടിന്‍ ലൂഥര്‍ ചാട്ടവീശിയത്. മതനവീകരണം (Reformation) എന്ന പേരില്‍ ചരിത്രത്തില്‍ അത് അറിയപ്പെടുന്നു. 1517 ഒക്ടോബര്‍ 31 -ന് ജര്‍മ്മനിയിലെ വിറ്റന്‍ബര്‍ഗ് പള്ളിയിലായിരുന്നു അതിന്റെ പിറവി. ലോകമെമ്പാടും മാര്‍ട്ടിന്‍ ലൂഥറിന്റെ മതനവീകരണയത്‌നത്തിന്റെ അഞ്ഞൂറാം വാര്‍ഷികം ആഘോഷിച്ചുകൊണ്ടിരിക്കുന്നു, 2008 -ല്‍ ആരംഭിച്ച് 2017 അവസാനംവരെ നീണ്ടുനില്‍ക്കുന്ന ഒരു ദശാബ്ദക്കാലത്തേക്ക്.
2016 ഒക്ടോബര്‍ മാസത്തില്‍ സ്വീഡനില്‍ നടന്ന അനുസ്മരണസമ്മേളനത്തില്‍ ധര്‍മ്മോപദേശം ഫ്രാന്‍സീസ് പാപ്പായുടേതായിരുന്നു. കത്തോലിക്കാസഭയിലെ ചില തലതിരിഞ്ഞ താപ്പാനകള്‍ അതില്‍ ധാര്‍മ്മികരോഷം കൊള്ളുകയുണ്ടായി.
സാഹിത്യകാരനായ ഷായുടെ നാക്കിനെയും തൂലികയെയുംകാള്‍ മൂര്‍ച്ചയേറിയതായിരുന്നു സഭാസ്‌നേഹിയായ ലൂഥറിന്റെ വാക്കുകളും തൂലികയും. അര്‍ജുനന്റെ ശരങ്ങള്‍പോലെ അവ ലക്ഷ്യവേധിയായി ഭവിച്ചു.
ചരിത്രകാരനായ ലൂയി സ്‌നയിഡര്‍ ലൂഥറിന്റെ മതനവീകരണപ്രസ്ഥാനത്തെ ചരിത്രത്തിലെ ഒരു വഴിത്തിരിവായി വിലയിരുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വഴിത്തിരിവ് ഒരു മഹാസംഭവത്തെ കുറിക്കുന്നു. എന്നാല്‍ മതനവീകരണപ്രക്രിയയെ വെറും ഒരു മഹാസംഭവംമാത്രമായി കാണാനാവില്ലെന്നാണ് ഹാര്‍വാര്‍ഡ് ചരിത്രകാരന്‍ സ്റ്റീവന്‍ ഒസ്‌മെന്റിന്റെ നിരീക്ഷണം. ഒസ്‌മെന്റിന്റെ വാക്കുകളില്‍: ''ലൂതറിന്റെ മതനവീകരണം മനുഷ്യരാശിക്കാകമാനം വിപ്ലവകരമായ മാറ്റത്തിന് പ്രചോദനമേകി. ആത്മീയസ്വാതന്ത്ര്യവും തുല്യതയും നേടിക്കൊടുത്തു. ഇന്നും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു''.
മാര്‍ട്ടിന്‍ ലൂഥറിന്റെ മതനവീകരണവിപ്ലവത്തിന്റെ കാരണങ്ങള്‍ ആരായുമ്പോള്‍ മധ്യയുഗ യൂറോപ്പിലെ ക്രിസ്തീയസഭയും സാമൂഹികജീവിതവും പഠനമര്‍ഹിക്കുന്നു. മറ്റൊന്ന് പതിനാറാം നൂറ്റാണ്ടിലെ മതവും ജനജീവിതവുമാണ്.
യൂറോപ്പിലെ മധ്യയുഗം അന്ധകാരയുഗം എന്നും അറിയപ്പെട്ടിരുന്നു. അറപ്പ് ഉളവാക്കുന്ന ഗോഥിക് ദൃശ്യങ്ങളും ചുണ്ടനക്കി തലയാട്ടി ജപിച്ചിരുന്ന ഏകാന്തവാസികളായ സന്ന്യാസിമാരും കലഹപ്രിയരായ കര്‍ഷകരും കടുത്ത അന്ധവിശ്വാസങ്ങളും ഈ യുഗത്തിന്റെ മുഖമുദ്രയായിരുന്നു. പിള്ളത്തൊട്ടില്‍മുതല്‍ പള്ളിക്കുഴിവരെ, ശിശു ജ്ഞാനസ്‌നാനം മുതല്‍ അന്ത്യലേപനംവരെ പള്ളിപ്പഞ്ചാംഗത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ക്രിസ്തീയജീവിതം. അധാര്‍മ്മികമായ അടിച്ചമര്‍ത്തലിന്റെയും കുടിലവും ദയാരഹിതവുമായ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും നുകവും പേറിയായിരുന്ന യേശുമക്കള്‍ കാലം കഴിച്ചിരുന്നത്. പള്ളിമതത്തിന്റെ ചട്ടവട്ടങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും മറുത്തുള്ള നിലനില്‍പ്പ് സ്വപ്‌നംകാണാന്‍കൂടി കഴിയുമായിരുന്നില്ല. വിശ്വാസികളുടെ അനുദിന ചര്യകള്‍, കലകളും കലാപ്രകടനങ്ങളും, ജീവിതലക്ഷ്യവും ജീവിതാന്ത്യവുമെല്ലാം നിയന്ത്രിച്ചിരുന്നതും നിശ്ചയിച്ചിരുന്നതും പള്ളിയായിരുന്നു. പള്ളിയുടെ വെച്ചുകെട്ടലുകളെല്ലാം ദൈവകല്പനകളാണെന്ന ബോധം നന്നേ ചെറുപ്പത്തിലേതന്നെ വിശ്വാസികളുടെ ശിരസ്സുകളില്‍ തറച്ചുകയറ്റിയിരുന്നു.
പുണ്യവാന്മാരെ വണങ്ങുന്നത് നിര്‍ബന്ധമായിരുന്നു. പുണ്യവാന്മാരുടെ നാമത്തിലുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ യൂറോപ്പിലെങ്ങും സാധാരണമായിരുന്നു. ഓരോ കാര്യത്തിനും പാലകപുണ്യവാന്മാര്‍ (Patron Saints) ഉണ്ടായിരുന്നു. തൊഴില്‍, ഭവനം, കുട്ടികള്‍, അസുഖം, അപകടങ്ങള്‍, യാത്ര-എല്ലാത്തിനും പുണ്യവാന്മാരുടെ മാദ്ധ്യസ്ഥ്യം യാചിച്ചിരുന്നു. പുണ്യവാന്മാരുടെ പടത്തിനുമുന്നില്‍ സ്ഥാപിച്ചിരുന്ന നേര്‍ച്ചപ്പെട്ടി വളരെ വേഗത്തില്‍ നിറയാന്‍ ഇതു സഹായിച്ചിരുന്നു. ക്രിസ്തു, വിട്ടുവീഴ്ച ചെയ്യാത്തവനെന്നാണ് വിശ്വാസികള്‍ മനസ്സിലാക്കിയിരുന്നത്. ക്രിസ്തുവിനെ നേരിട്ടു സമീപിക്കാന്‍ അവര്‍ ഭയപ്പെട്ടു. തന്മൂലം, പുണ്യവാന്മാരുടെ മാദ്ധ്യസ്ഥ്യം ആവശ്യമായിരുന്നു.
തിരുശേഷിപ്പുകളുടെ പേരിലായിരുന്നു വിശ്വാസികള്‍ മറ്റൊരു ശുദ്ധമാന തട്ടിപ്പിന് ഇരയായിരുന്നത്. കന്യകാമറിയത്തിന്റെ മുലപ്പാല്‍, ഉണ്ണിയേശുവിന്റെ തൊട്ടിലും തുണിയും, നല്ല കള്ളന്റെ കുരിശ്, യേശുവിന്റെ മുള്‍മുടി, യേശുവിന്റെ മുഖഛായ പതിഞ്ഞ വെറോനിക്കായുടെ തൂവാല, ഉണ്ണിയേശുവിനെ കിടത്തിയ ഗോശാലയിലെ കച്ചി, യേശുവിനെ കുരിശില്‍ തറച്ച ആണികള്‍, യൂദാസിനു കിട്ടിയ ഒറ്റുകാശ് - എന്നിങ്ങനെ അനേകം തിരുശേഷിപ്പുകള്‍ പണം കൊടുത്തു വണങ്ങുവാന്‍ വിശ്വാസികള്‍ നിര്‍ബന്ധിതരായിരുന്നു.
സര്‍വ്വാധികാരിയായ പള്ളിയായിരുന്നു വിശ്വാസികളുടെ അനുദിനവ്യാപാരങ്ങളുടെ ശരിതെറ്റുകള്‍ വ്യാഖ്യാനിച്ചിരുന്നത്. പാപം, പശ്ചാത്താപം, പ്രായശ്ചിത്തം - ഈ വിഷമവൃത്തത്തില്‍ വീര്‍പ്പുമുട്ടിയായിരുന്നു മധ്യയുഗ ക്രിസ്ത്യാനി കഴിഞ്ഞുകൂടിയിരുന്നതെന്ന് ഡോക്ടര്‍ കിറ്റില്‍സണ്‍ നിരീക്ഷിക്കുന്നു.
ലോകത്തില്‍ ക്രിസ്തുവിന്റെ ഏക സ്ഥാനപതിയാണ് പാപ്പായെന്നും പാപ്പാ നയിക്കുന്ന പള്ളിയിലൂടെയല്ലാതെ സ്വര്‍ഗ്ഗം നേടാനാവില്ലെന്നും കത്തോലിക്കാമതം പഠിപ്പിച്ചിരുന്നു. ഭൂമിയില്‍ ജനിച്ചവരാരും സ്വര്‍ഗ്ഗരാജ്യത്തിനവകാശികളാകാന്‍ തക്കവണ്ണം പരിശുദ്ധരല്ലെന്നായിരുന്നു സഭയുടെ വിധി. എന്നാല്‍ പോരായ്മകള്‍ പരിഹരിച്ച് പരലോകാനന്ദം നേടുന്നതിനുതകുന്ന 'ബേസ്പുര്‍ക്കാന' (Purgatory) ചൂണ്ടിക്കാട്ടി, വിശ്വാസികള്‍ക്ക് ആശയും ആശ്വാസവും സഭ പ്രദാനംചെയ്തു. ബേസ്പുര്‍ക്കാനായിലെ യാമവും യാതനയും ഇളച്ചുകിട്ടുന്നതിനുള്ള വരദാനങ്ങളും സഭ കനിഞ്ഞരുളി.
സഭയുടെ ശുദ്ധീകരണസ്ഥല (Purgatory) വ്യാപാരം വളരെ ആകര്‍ഷകവും, ആദായകരവും വിപുലവുമായിരുന്നു. ശുദ്ധീകരണ സ്ഥലത്ത് യാതനയനുഭവിക്കുന്ന ആത്മാക്കള്‍ക്ക് 'ദോഷപൊറുതി'യും, 'തണുപ്പും' 'രക്ഷയും' ലഭിക്കുന്നതിനായി പ്രാര്‍ത്ഥനകളും പൂജയും (Holy Mass) പാരിതോഷികം സ്വീകരിച്ച്, അര്‍പ്പിക്കുന്നതിന് പുരോഹിതന്മാര്‍ സദാ സന്നദ്ധരായിരുന്നു. ഇക്കാര്യത്തിനായി പ്രത്യേക പ്രാര്‍ത്ഥനാലയങ്ങള്‍ നിര്‍മ്മിക്കുവാന്‍ പണശേഷിയുള്ള വിശ്വാസികള്‍ ഉത്സാഹിച്ചിരുന്നു. പണത്തിന് പാങ്ങില്ലാത്തവര്‍ കൂട്ടംചേര്‍ന്ന് പണം സ്വരൂപിച്ച് കാര്യം നടത്തിയിരുന്നു.
പതിന്നാലും പതിനഞ്ചും നൂറ്റാണ്ടുകളില്‍ മതപരമായ കാര്യങ്ങളില്‍ വിശ്വാസികള്‍ ഏറെ താല്‍പര്യം കാണിച്ചിരുന്നു. ചില മാറ്റങ്ങളും അവര്‍ ആഗ്രഹിച്ചു. പതിന്നാലാം നൂറ്റാണ്ടില്‍ ആശ്രമങ്ങള്‍ പല പരിഷ്‌ക്കാരങ്ങളുമായി മുന്നോട്ട് വന്നു. മാര്‍പാപ്പാമാരും ചില്ലറ മാറ്റങ്ങള്‍ക്ക് മനസ്സ് കാണിച്ചു. സമൂല പരിഷ്‌ക്കരണം ആരും ആവശ്യപ്പെട്ടില്ല. എന്നാല്‍ ഒരു 'അടിച്ചുതളി' എല്ലാവരും അഭിലഷിച്ചു. യേശുക്രിസ്തുവിനെയും അക്കൂട്ടത്തില്‍ ചിലര്‍ ഉള്‍പ്പെടുത്തുകയുണ്ടായി. സമൂലപരിവര്‍ത്തനം ലൂഥറും ചിന്തിച്ചിരുന്നില്ല. പക്ഷേ വത്തിക്കാന്റെ അഹന്ത കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചു.
1305-ല്‍ ഫ്രാന്‍സ്‌കാരനായ ക്ലെമന്റ് അഞ്ചാമന്‍ മാര്‍പാപ്പായായി വാഴിക്കപ്പെട്ടു. മുന്‍ പാപ്പാമാരെപ്പോലെ, റോം ആസ്ഥാനമാക്കുവാന്‍ അദ്ദേഹം മടിച്ചു. ഫ്രഞ്ചുരാജാവിന്റെ പാവയായി, അവിഗ്‌നോനില്‍ (Avignon) അരമനയുണ്ടാക്കി വാഴ്ച്ചതുടങ്ങി. തുടര്‍ച്ചയായി എഴുപതു സംവത്സരം പാപ്പാമാര്‍ അവിഗ്‌നോനില്‍ തുടര്‍ന്നു. പാപ്പാസ്ഥാനത്തിനും കത്തോലിക്കാസഭയ്ക്കും നാണക്കേടുണ്ടാക്കിയ ഈ കാലഘട്ടം 'ബാബിലോണിയന്‍ അടിമത്തം' എന്ന് കുപ്രസിദ്ധമാണ്.
എഴുപതു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം റോം ഒരു പുതിയ മാര്‍പാപ്പായെ വാഴിച്ചു. ചരിത്രത്തിലെ ഏറ്റവും ചപലനായ പാപ്പാ ആയിരുന്നു ഉര്‍ബന്‍ ആറാമന്‍ (Urban VI). അദ്ദേഹം ഫ്രാന്‍സിന് അഭിമതനായിരുന്നില്ല. ഫ്രഞ്ചു കര്‍ദ്ദിനാളന്മാര്‍ ക്ലെമന്റ് ഏഴാമനെ അവിഗ്‌നോന്‍ പാപ്പായായി വാഴിച്ചു. കത്തോലിക്കാസഭയിലെ പ്രഥമ എതിരാളി പാപ്പാ (Anti-Pope) ആയിരുന്നു ക്ലെമന്റ് ഏഴാമന്‍.
കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ പിളര്‍പ്പിന് (The great western schism of 1378-1419) അതു തുടക്കംകുറിച്ചു. പത്രോസിന്റെ കസേരക്ക് ഒരേ സമയം രണ്ടവകാശികള്‍! ഒരാള്‍ ഇറ്റലിയില്‍, അപരന്‍ ഫ്രാന്‍സില്‍. അവര്‍ പരസ്പരം മത്സരിച്ചും ഭര്‍ത്സിച്ചും വാണരുളി. കൂടാതെ രണ്ട് കര്‍ദ്ദിനാള്‍ക്കൂട്ടം, രണ്ട് കൂരിയാ (Curia)കള്‍, രണ്ട് സാമ്പത്തികസംവിധാനം. വിശ്വാസികള്‍ക്കിത് സംഭ്രാന്തിക്കും പാപ്പാസ്ഥാനത്തോട് പുച്ഛത്തിനും ഇടയാക്കി.
രണ്ട് പാപ്പാമാരും അവരവരുടെ സിംഹാസനത്തില്‍ അള്ളിപ്പിടിച്ചിരുന്നു. സഭയിലെ ഛിദ്രത്തിനു വിരാമമിടാന്‍ 1409-ല്‍ ഇറ്റലിയിലെ പിസ നഗരത്തില്‍ ഒരു സൂനഹദോസ് ചേര്‍ന്നു. ഇറ്റലിയിലെയും ഫ്രാന്‍സിലെയും പാപ്പാമാരെ സൂനഹദോസ് സ്ഥാനഭ്രഷ്ടരാക്കി. മൂന്നാമതൊരു മാര്‍പാപ്പായെ - അലക്‌സാണ്ടര്‍ അഞ്ചാമന്‍ - വാഴിച്ചു. സ്ഥാനഭ്രഷ്ടരാക്കപ്പെട്ട പാപ്പാമാര്‍ കസേര ഒഴിയാന്‍ വിസമ്മതിച്ചു. മൂന്ന് പാപ്പാമാര്‍ ഒരേ സമയത്ത് ക്രിസ്തുവിന്റെ വികാരിമാരായി വിലസി!
കോണ്‍സ്റ്റന്‍സ് നഗരത്തില്‍ നടന്ന 1414 - 1418-ലെ സൂനഹദോസ് സഭയില്‍ ഐക്യം പുനഃസ്ഥാപിച്ചു. മാര്‍ട്ടിന്‍ അഞ്ചാമനെ പാപ്പാസ്ഥാനത്ത് അവരോധിച്ചു.
ഈ സൂനഹദോസ് ഒരു കാര്യം വ്യക്തമാക്കി: മേലില്‍ മാര്‍പാപ്പാമാരല്ല, സൂനഹദോസാണ് സഭയുടെ പരമോന്നത സംവിധാനം. റോമന്‍ കൂരിയയ്ക്കും പാപ്പാ സ്ഥാനത്തിനും ഇത് കനത്ത ക്ഷീണമുണ്ടാക്കി.
ലൂഥറിന്റെ മതനവീകരണപ്രസ്ഥാനത്തിനു തൊട്ടുമുന്‍പുള്ള കാലഘട്ടത്തിലെ സഭാപ്രശ്‌നങ്ങളും ലൂഥറിന്റെ കരങ്ങള്‍ക്കു കരുത്തേകി.
ഈ കാലഘട്ടത്തിലെ മാര്‍പാപ്പാമാര്‍ നവോത്ഥാനപാപ്പാമാര്‍ എന്നറിയപ്പെട്ടു. മാര്‍പാപ്പാമാരുടെ നേരിട്ടുള്ള ഭരണത്തില്‍ സംസ്ഥാനങ്ങളും സൈന്യങ്ങളുമുണ്ടായിരുന്നു. അവര്‍ ഏറെ സമയവും മുഴുകിയിരുന്നത് രാഷ്ട്രീയ, സാമ്പത്തിക, സൈനികകാര്യങ്ങളിലായിരുന്നു. ഒപ്പം, സ്വന്തം തറവാടിനെ തഴപ്പിക്കുന്നതിലും. വിശ്വാസികളുടെ ആത്മീയകാര്യങ്ങളില്‍ താല്‍പര്യം കുറവായിരുന്നു. ശത്രുസംഹാരം, കലകള്‍, സാഹിത്യം, മൃഗയാവിനോദം, സുഖഭോഗം ഇവയായിരുന്നു അവരുടെ ഇഷ്ടകാര്യങ്ങള്‍.
ഉതപ്പും ഇടര്‍ച്ചയും എതിര്‍പ്പും വിശ്വാസികളില്‍ സൃഷ്ടിക്കുന്നതിന് ഇവയൊക്കെ കാരണമായി.
രാഷ്ട്രീയ-സാമ്പത്തിക പരിഗണനയില്‍ സ്ഥാനം കരസ്ഥമാക്കിയവരായിരുന്നു മെത്രാന്മാര്‍. മിക്കവരും ഉന്നതകുടുംബജാതരും ഭൂസ്വാമികളുമായിരുന്നു. മെത്രാനോ കര്‍ദ്ദിനാളോ ആകുന്നതിന് പുരോഹിതാന്തസ്സ് ആവശ്യമില്ലായിരുന്നു. കൗമാരം കടക്കാത്ത കര്‍ദ്ദിനാളും ഇക്കാലത്ത് ഉണ്ടായിരുന്നു.
കത്തോലിക്കാസഭയിലെ സാമ്പത്തിക അഴിമതികള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. സഭാധികാരികളുടെ ആര്‍ത്തിയും സാമ്പത്തികനയങ്ങളും ഇതിന് ആക്കവും ആഴവും നല്‍കി. മാര്‍പാപ്പാമുതല്‍ പുരോഹിതന്മാര്‍വരെ കോഴ, സ്വജനപക്ഷപാതം (Nepotism) ബഹുസ്ഥാനിത്വം (Pluralism) ചുമതലാബോധമില്ലായ്മ എന്നിവയില്‍ അഭിരമിച്ചിരുന്നു.
മാര്‍പ്പാപ്പാ നേരിട്ടു നടത്തുന്ന എല്ലാ നിയമനങ്ങളുടെയും ആദ്യവര്‍ഷാദായം (Annet) പാപ്പായ്ക്കുള്ളതായിരുന്നു. മെത്രാന്റെ പാലിയ (Pallium) ത്തിന് പടി വേറെ. ഈ പണമിടപാടുകള്‍ പള്ളിയുടെ വരുമാനത്തില്‍ തൊടരുതെന്ന നിബന്ധനയുണ്ടായിരുന്നു. തന്മൂലം, മെത്രാന്മാര്‍ അവരുടെ ചുമടുകള്‍ വിശ്വാസികളുടെ ചുമലില്‍ കെട്ടിവച്ചിരുന്നു.
പുരോഹിതനിയമനത്തിനുള്ള കോഴ മെത്രാന്റെ കീശ വീര്‍പ്പിച്ചിരുന്നു. പുരോഹിതന്മാര്‍ അവരുടെ വിഹിതം വിശ്വാസികളെ പിഴിഞ്ഞെടുത്തു. മാമ്മോദീസ, കുമ്പസാരം, വിവാഹം, വിവാഹം അസാധുവാക്കല്‍, മരിച്ചടക്ക്: എല്ലാം പുരോഹിതന്മാര്‍ക്ക് ധനാഗമമാര്‍ഗ്ഗങ്ങളായിരുന്നു.
സഭാകോടതികളില്‍ കേസ്സുമായി പോകുന്നവര്‍ പടിയും പിഴയും കോഴയും കൊടുത്ത് മുടിഞ്ഞതുതന്നെ! ഒരു വിശ്വാസി സഭാഭ്രഷ്ടനാക്കപ്പെട്ടാല്‍, സമുദായം മൊത്തം അനുഭവിച്ചെന്നുവരാം! പുണ്യവാന്മാരുടെയും മതമേധാവികളുടെയും തിരുനാള്‍/ജന്മദിനങ്ങളില്‍ വിശുദ്ധപിരിവുകള്‍ സാധാരണമായിരുന്നു. തിരുശേഷിപ്പുകള്‍ വണങ്ങാത്തവരും തീര്‍ത്ഥാടനങ്ങള്‍ നടത്താത്തവരും ആത്മീയ അനുസരണക്കേടിന് ശിക്ഷിക്കപ്പെട്ടതുതന്നെ!
ഏറ്റവും വലിയ ചൂഷണം നടന്നിരുന്നത് ദണ്ഡവിമോചനക്കച്ചവടത്തിലായിരുന്നു. ''നേര്‍ച്ചപ്പെട്ടിയില്‍ ഇടുന്ന നാണയത്തിന്റെ മുഴക്കം കേള്‍ക്കുന്നമാത്രയില്‍ ശുദ്ധീകരണസ്ഥലത്തിലെ ആത്മാവ് സ്വര്‍ഗ്ഗത്തിലേക്ക് കുതിക്കുന്നു''- ജര്‍മ്മനിയുടെ നാല്‍ക്കവലകളില്‍ ഇതു വിളിച്ചറിയിച്ചുകൊണ്ടാണ് ജോണ്‍ ടെറ്റ്‌സല്‍ എന്ന വൈദികവൈശ്യന്‍ ദണ്ഡവിമോചനപത്രികകള്‍ ചൂടപ്പംപോലെ വിറ്റഴിച്ചിരുന്നത്.
കുരിശുയുദ്ധാവശ്യത്തിനുള്ള നല്ലൊരു ഭാഗം പണം സ്വരൂപിച്ചത് ദണ്ഡവിമോചനം വാഗ്ദാനംചെയ്തായിരുന്നു. സത്യരാജാക്കന്മാരും ഈ കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്നു. വിറ്റുവരവില്‍ ഒരംശം സഭയ്ക്കുകൊടുത്തു. ശേഷിച്ചതുകൊണ്ട് അവര്‍ യുദ്ധങ്ങള്‍ നടത്തി, കൊട്ടാരങ്ങള്‍ തീര്‍ത്തു, കോട്ടകള്‍ കെട്ടിയുയര്‍ത്തി. വെപ്പാട്ടിമാരെ വച്ചു.
കത്തോലിക്കാസഭയുടെ പരമ്പരാചാരങ്ങളുടെ പോരായ്മകള്‍ വിളിച്ചറിയിച്ചുള്ളതായിരുന്നു പതിമ്മൂന്നാം നൂറ്റാണ്ടിലെ ഫ്രാന്‍സിസ്‌ക്കന്‍ സഭാസ്ഥാപനവും, പതിനഞ്ചാം നൂറ്റാണ്ടിലെ ഹ്യൂസൈറ്റ്‌സുകളും (Hussites), ഡിവോഷനിസ്റ്റുകളും (Devotionists) മുന്നോട്ടുവച്ച നൂതനാശയങ്ങളും. എല്ലാവരും ഒന്നുപോലെ ആവശ്യപ്പെട്ടത് ത്യാഗവും ലാളിത്യവും തുളുമ്പിനിന്ന ആദിമ ക്രിസ്ത്യന്‍സമൂഹത്തിലേക്കുള്ള തിരിച്ചുപോക്കായിരുന്നു.
ആദിമക്രിസ്ത്യാനികളുടെ നന്മകളില്‍ വേരൂന്നിനിന്നത് ലൂഥറിന്റെ മതനവീകരണയത്‌നത്തിന്റെ പെട്ടെന്നുള്ള വളര്‍ച്ചയ്ക്കും വികസനത്തിനും വകയായി.
അച്ചടിവിദ്യയുടെ ആവിര്‍ഭാവത്തോടെ സാധാരണക്കാരുടെ സാക്ഷരത വര്‍ദ്ധിച്ചു. ലൂഥര്‍ രചിച്ച ജര്‍മ്മന്‍ ഭാഷയിലുള്ള ബൈബിള്‍ ജനങ്ങള്‍ ആവേശത്തോടെ സ്വീകരിച്ചു. പുരോഹിതന്മാരുടെ പള്ളിപ്രസംഗത്തിനവര്‍ ചെവി വട്ടംപിടിക്കേണ്ടതില്ല എന്നുവന്നു. മെയിന്‍സ് നഗരത്തിലെ മെത്രാന്‍ അച്ചടിവിദ്യയെ വാഴ്ത്തിയത് സ്വര്‍ഗ്ഗീയകല എന്നാണ്.
യൂറോപ്പിലെങ്ങും സര്‍വ്വകലാശാലകള്‍ ഉയര്‍ന്നുവന്നു. സര്‍വ്വകലാശാലകളില്‍നിന്നു പഠിച്ചിറങ്ങിയവര്‍ സഭാധികാരികളുടെ കൊള്ളരുതായ്മകള്‍ക്കുനേരെ വിരല്‍ ചൂണ്ടി. മധ്യകാല സര്‍വ്വകലാശാലകളിലേറെയും സഭാമാതാവിന്റെ ഉത്സാഹത്തിലും ഉടമയിലും ജന്മംകൊണ്ടവയായിരുന്നു. അത്ഭുതം എന്നു പറയണം, ആ സര്‍വ്വകലാശാലകള്‍ ലൂഥറിന്റെ മതനവീകരണസംരംഭത്തിന്റെയും ജനനീപദം ഏറ്റെടുത്തു! ഒരുപക്ഷേ യേശുക്രിസ്തുവിന്റെ ആഗ്രഹമായിരുന്നിരിക്കാം!
ലൂഥറിന്റെ മതനവീകരണശ്രമത്തിന് അച്ചടിവിദ്യ ആക്കമേകി. മുന്‍ഗാമികള്‍ക്കിത് ലഭിക്കാതെപോയി. ലൂഥറിന്റെ രചനാപാടവവും അച്ചടിയുടെ ആശയപ്രസരണശക്തിയും അദ്ദേഹത്തിന്റെ ആശയങ്ങള്‍ യൂറോപ്പിലെങ്ങും വളരെ വേഗം എത്തിച്ചു. മറ്റൊരു ശക്തമായ ഉത്തേജനമായിരുന്നു ജര്‍മ്മനിയില്‍ വളര്‍ന്നുവന്ന ദേശീയബോധം. വിശുദ്ധ റോമാസാമ്രാജ്യം, പാപ്പാമേധാവിത്വം, ലാറ്റിന്‍ഭാഷ - ഇവയെയെല്ലാം അവര്‍ വൈദേശികമായി വീക്ഷിച്ചു. മാതൃഭാഷയില്‍ ലഭ്യമായ സുവിശേഷപരിഭാഷയെ അവര്‍ ആവേശത്തോടെ സ്വീകരിച്ചു.
ദണ്ഡവിമോചനക്കച്ചവടം, പാപ്പായ്ക്കും പള്ളിക്കുംവേണ്ടിയുള്ള പലതരം കരംപിരിവുകള്‍, പിഴകള്‍ എന്നിവ വിശ്വാസികളെ രോഷംകൊള്ളിച്ചു. തങ്ങളുടെ സാമ്പത്തികവ്യവസ്ഥയെ കൊള്ളയടിച്ച് റോമിന്റെ പട്ടുപോയ പ്രതാപം പുലര്‍ത്താനുള്ള ശ്രമമായി ജര്‍മ്മന്‍
ജനത ഇവയെ കണ്ടു - എതിര്‍ത്തു.
മതനവീകരണ കാലത്തെ യൂറോപ്യന്‍ രാഷ്ട്രീയാന്തരീക്ഷവും ലൂഥറിന് ഗുണം ചെയ്തു. ശക്തരായ അനേകം രാജാക്കന്മാര്‍ ലൂഥറിനെ പിന്‍തുണച്ചു. ചുട്ടുകരിക്കപ്പെടാതെ സംരക്ഷിച്ചു. ലൂഥറിന്റെ ആശയങ്ങളെ ആശ്ലേഷിച്ചു.
ലൂഥറിന്റെ തലയ്ക്കു വിലയിട്ട പോപ്പില്‍നിന്നും, വേട്ടയാടാന്‍ ശ്രമിച്ച വിശുദ്ധ റോമാചക്രവര്‍ത്തിയില്‍ നിന്നും ലൂഥറിനെ സംരക്ഷിച്ച് അഭയംനല്‍കിയത് സാക്‌സോണിയിലെ ഫ്രെഡറിക്ക് രാജാവായിരുന്നു.
ഫ്രെഡറിക് രാജാവിന്റെയും മറ്റു രാജാക്കന്മാരുടെയും സംരക്ഷണമില്ലായിരുന്നെങ്കില്‍ ലൂഥറിന്റെയും ചരിത്രത്തിന്റെയും ഗതി മറ്റൊന്നാകുമായിരുന്നു. ലൂഥറിന്റെ മതനവീകരണപ്രസ്ഥാനത്തിന്റെ അഞ്ഞൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ലൂഥറിനെ സംരക്ഷിച്ച രാജാക്കന്മാരെ നാം നന്ദിപൂര്‍വ്വം സ്മരിക്കണം.

No comments:

Post a Comment