Translate

Sunday, October 22, 2017

സിസ്റ്റർ അഭയയുടെ കൊലപാതകവും പുതപ്പിച്ചിരിക്കുന്ന നീതിയും




ജോസഫ് പടന്നമാക്കൽ

കോട്ടയം പയസ് മൌണ്ട് കോൺവെന്റിലെ അന്തേവാസിനിയായിരുന്ന സിസ്റ്റർ അഭയ മരിച്ചിട്ട് കാൽനൂറ്റാണ്ടിൽപ്പരം വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. 'സിസ്റ്റർ അഭയക്കൊലക്കേസ്'  1990 കാലങ്ങളിലെ പ്രക്ഷുബ്ധമായ വാർത്തകളിൽ ഒന്നായിരുന്നു.  പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും  അതിന്റെ തീ കെട്ടടങ്ങിയിട്ടില്ല. ഇത് ഒരു പാവം പെൺകുട്ടിയുടെ ദാരുണമായ കഥയാണ്. നിയമത്തിനും നീതിക്കും ബലമില്ലെന്ന സത്യം അഭയക്കൊലക്കേസ് ചൂണ്ടി കാണിക്കുന്നു. ദരിദ്രർക്കും ബലഹീനർക്കും നീതി നിഷേധിക്കപ്പെടുന്നതിന്റെ അടയാളമാണ് അവർ.  ഇന്ത്യൻ കോടതികളുടെ നീക്കങ്ങൾ വളരെ സാവധാനമായതുകൊണ്ടു ഈ കേസ് ഇന്നും അവസാനിപ്പിച്ചിട്ടില്ല. അതിലെ കുറ്റക്കാരെ ശിക്ഷിച്ചുമില്ല. കേസിനോടനുബന്ധിച്ചു 2008-ൽ രണ്ടു പുരോഹിതരെയും ഒരു കന്യാസ്‌ത്രിയെയും അറസ്റ്റു ചെയ്തിരുന്നു.

കോട്ടയം സമീപമായി അരീക്കരയെന്ന സ്ഥലത്ത് വെറും സാധാരണ കർഷകനായി ജീവിച്ച അയക്കരക്കുന്നേൽ തോമസിന്റെ മകളായിട്ടാണ് അഭയ ജനിച്ചത്. വീട്ടിലെ സാമ്പത്തിക ഭദ്രത ഇല്ലായ്മയാലും കല്ല്യാണപ്രായം വരുമ്പോൾ വിവാഹം കഴിപ്പിക്കാൻ നിവൃത്തിയില്ലാത്തതിനാലും, ചില കന്യാസ്ത്രികളുടെ പ്രേരണയാലുമാണ് ഈ പെൺകുട്ടി അന്ന് മഠത്തിൽ ചേർന്നത്. കൊല നടക്കുന്ന സമയം ഈ പത്തൊമ്പതുകാരി,  ക്നാനായി സമുദായ വക സെന്റ് ജോസഫ്സ് കോൺവെന്റിൽ നൊവിഷ്യറ്റായി   പ്രീഡിഗ്രിക്കു പഠിച്ചിരുന്നു.  പിറ്റേ ദിവസം പരീക്ഷയായിരുന്നതുകൊണ്ട് നേരം അതിക്രമിച്ചിട്ടും അവൾ  ഉറങ്ങിയിരുന്നില്ല.

1992 മാർച്ച് ഇരുപത്തിയേഴാം തിയതി അതിരാവിലെ അഭയയെ കാണുന്നില്ലെന്ന് വിവരം വന്നു. ദൃക് സാക്ഷി വിവരം അനുസരിച്ച് അവരെ മാർച്ച് ഇരുപത്തിയേഴാം തിയതി വെളുപ്പിനെ നാലുമണിക്ക് വെള്ളം കുടിക്കാനായി അടുക്കളയിൽ പോയതായി കണ്ടവരുണ്ട്. അടുക്കളയിലുണ്ടായിരുന്ന ഫ്രിഡ്ജിന്റെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. ഫ്രിഡ്ജിന്റെ അടിയിൽ ഒരു ചെരുപ്പ് കണ്ടെത്തിയിരുന്നു. മറ്റേ ചെരിപ്പ് ഹോസ്റ്റലിന്റെ കിണറിന്റെ സമീപവും. പെട്ടെന്ന് തന്നെ അവരുടെ ശരീരം കിണറിനുള്ളിൽ കാണപ്പെട്ടു. പോസ്റ്റ് മാർട്ടം ചെയ്യാൻ മൃതശരീരം അയച്ചപ്പോൾ ശരീരത്തിൽ മുറിവിന്റെ പാടുകളുണ്ടായിരുന്നു. ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടായിരുന്നില്ല. ഒരു കൊലപാതകമെന്ന് നല്ല തെളിവുകൾ ഉണ്ടായിട്ടും അഭയ മുങ്ങി മരിച്ചതെന്നും ആത്മഹത്യയെന്നും വരുത്തി വെച്ച് ലോക്കൽ പോലീസ് റിപ്പോർട്ട് തയാറാക്കി.

ആദ്യം അഭയയുടെ മരണം പത്രങ്ങളിൽ വെറും ചരമയറിയിപ്പുകൾ പോലെ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ദുരൂഹതകൾ നിറഞ്ഞ വാർത്തകളുടെ പ്രവാഹമായി മാറുകയായിരുന്നു. സംഭവങ്ങളുടെ നൂലാമാലകൾ കേരള കത്തോലിക്കാ സഭയെ തന്നെ പിടിച്ചുകുലുക്കിയിരുന്നു. കുറ്റാന്വേഷണങ്ങൾ, സാമൂഹികമായ ഉരസലുകൾ,  ഒച്ചപ്പാടുകൾ, രാഷ്ട്രീയക്കളികൾ, സമുദായത്തിന്റെ പ്രതികളെ രക്ഷിക്കാനുള്ള നെട്ടോട്ടങ്ങൾ, കേസിലേക്ക് കോടികളുടെ പണത്തിന്റെ ഒഴുക്ക് ഇതെല്ലാം അഭയക്കേസിന്റെ ഭാഗങ്ങളായി മാറിക്കഴിഞ്ഞിരുന്നു. എന്നിരുന്നാലും കൊലക്കേസിന് നാളിതുവരെയും ഒരു അവസാന തീരുമാനം കല്പിച്ചിട്ടില്ല. സ്ഥലത്തെ പോലീസ് അന്ന് അന്വേഷണങ്ങളുമായി മുമ്പോട്ട് പോയി. പക്ഷെ കുറ്റാന്വേഷണത്തിൽ മുഴുകിയിരുന്ന ഓഫിസർമാർ അഭയയുടെ മരണം ഒരു ആത്മഹത്യയായി സ്ഥിതികരിക്കുകയായിരുന്നു.

1992-ൽ ജോമോൻ പുത്തൻപുരയ്ക്കലിന്റെ നേതൃത്വത്തിൽ അഭയക്കേസിലെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷ നല്കുവാനാവശ്യപ്പെട്ടുകൊണ്ട് ഒരു കമ്മറ്റി രൂപീകരിച്ചു. അന്വേഷണത്തിൽ പോരായ്മകളും പരിമിതികളും ചൂണ്ടിക്കാണിച്ച് അതിനെതിരായി സാമൂഹിക പ്രവർത്തകരും മുമ്പോട്ടു വന്നിരുന്നു. കൂടാതെ സിബിഐ ഈ കേസ് അനേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു 67 കന്യാസ്ത്രികൾ ഒപ്പിട്ട ഒരു പെറ്റിഷൻ മുഖ്യമന്ത്രിക്കും അയച്ചു. 1993 മാർച്ച് ഇരുപത്തിയൊമ്പതാം തിയതി സി.ബി.ഐ. പുതിയ അന്വേഷണം ആരംഭിച്ചു. അഭയക്കേസിന്റെ ഘാതകനെ കണ്ടുപിടിക്കുമെന്നു പ്രതിജ്ഞ ചെയ്ത ജോമോൻ ആക്ഷൻ കൗൺസിലിന്റെ മറവിൽ കാശു തട്ടുന്നുവെന്ന ആരോപണങ്ങളുമായി അഭയയുടെ പിതാവ് തന്നെ രംഗത്തു വന്നിരുന്നു. അതിനിടയ്ക്ക് ശ്രീ പുത്തൻപുരയ്ക്കൽ   പത്ര ആഫീസുകൾ കയറിയിറങ്ങി  അഭയ മരണത്തിനുമുമ്പ് ബലാൽസംഗം  ചെയ്തുവെന്ന വാർത്തയും ഇറക്കി. ആ വാർത്തയുടെ നായകനായി അയാൾ അവിടെ നിറഞ്ഞു നിന്നിരുന്നു. ഈ കേസ് മറ്റാരും കൈകാര്യം ചെയ്യരുതെന്ന ദുരുദ്ദ്യേശ്യവും അയാൾക്കുണ്ടായിരുന്നു. കേസ് ഡയറിയുമായി ബോളിവുഡ് ഫിലിമിന്റെ പ്രൊഡക്ഷനിലും പങ്കാളിയാകാനും സാധിച്ചു. വെറും പബ്ലിസിറ്റി മാത്രം ആഗ്രഹിച്ചിരുന്ന ശ്രീ പുത്തൻപുരക്കൽ കോടതികൾക്കു പോലും ശല്യങ്ങളായിരുന്നുവെന്നു പരാമർശനങ്ങൾ ഉണ്ടായിരുന്നു. പണം ഉണ്ടാക്കാൻ വേണ്ടി സമരിയാക്കാരനായി അഭിനയിച്ചു നടക്കുന്ന ഒരു സാമൂഹിക പ്രവർത്തകനാണ് ജോമോൻ പുത്തൻ പുരയ്ക്കലെന്നും പറയുന്നു. പ്രതികളെ അറസ്റ്റു ചെയ്യുന്ന കാര്യത്തിൽ ഏറ്റവും തടസം നിന്നതും ഇദ്ദേഹമായിരുന്നു.

സിബിഐ ഓഫിസർ വർഗീസ് പി തോമസിന്റെ നേതൃത്വത്തിൽ അന്ന് കേസ് സി ബി ഐ ഏറ്റെടുത്തു. വർഗീസ് പി തോമസ് ഈ കേസ് കൈകാര്യം ചെയ്യുകയും ഇതൊരു കൊലപാതകമെന്ന് ഡയറിയിൽ റെക്കോർഡ് ചെയ്യുകയും ചെയ്തു. എന്നാൽ അക്കൊല്ലം ഡിസംബർ മാസത്തിൽ കാര്യങ്ങൾ ഒന്നുകൂടി വഷളാവുകയായിരുന്നു. കേസന്വേഷണത്തിൽ നിന്നും പിന്മാറി ശ്രീ വർഗീസ് തോമസ് തന്റെ ജോലി രാജിവെക്കുകയാണുണ്ടായത്. അതിനുശേഷം അദ്ദേഹം ഒരു പ്രസ് കോൺഫെറൻസ് വിളിച്ചുകൂട്ടി സത്യമായ ദിശയിൽ കേസന്വേഷിക്കാൻ തന്റെ മേലുദ്യോഗസ്ഥർ അനുവദിക്കുന്നില്ലായിരുന്നുവെന്നും പറഞ്ഞു. 1994 ജനുവരിയിൽ കൊച്ചിയിൽ നടത്തിയ പ്രസ്സ് കോൺഫറൻസിൽ 'തന്റെ മനസാക്ഷി തന്റെ  മുകളിലുള്ള ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അനുസരിക്കാൻ അനുവദിക്കാത്തതുകൊണ്ടു ജോലി രാജി വെച്ചുവെന്നു' അറിയിച്ചു. കേസ് ഡയറിയിൽ 'അഭയ' ആത്മഹത്യ ചെയ്‌തെന്ന് എഴുതുവാൻ ഉന്നത ഓഫിസർമാരിൽ നിന്ന് സ്വാധീനമുണ്ടായിരുന്നു. സിബിഐ യുടെ കൊച്ചി യൂണിറ്റ് മേധാവിയായിരുന്ന ത്യാഗരാജനെ ആ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ ഒരു പെറ്റിഷൻ ഫയൽ ചെയ്തിരുന്നു. 1994-ൽ ഏതാനും എംപി മാരും ത്യാഗരാജനെ ആ സ്ഥാനത്തുനിന്നും മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. തന്മൂലം ശ്രീ എം.എൽ.ശർമ്മ സിബിഐ ഡയറക്റ്റർ ആയി അഭയയുടെ ചുമതലകൾ വഹിക്കാൻ നിയമിതനായി.

ഈ കേസിനെ സംബന്ധിച്ചു സി ബി ഐ തയാറാക്കിയ 1996-ലെ ആദ്യത്തെ റിപ്പോർട്ടിൽ അഭയ  കൊല്ലപ്പെട്ടതോ, ആത്മഹത്യയോ എന്നത് സ്ഥിതികരിച്ചില്ല. അതിനുശേഷം മൂന്നു കൊല്ലം കഴിഞ്ഞു തയാറാക്കിയ റിപ്പോർട്ടിൽ ഇതൊരു കൊലപാതകമായിരുന്നുവെന്നു സ്ഥിതികരിച്ചിട്ടുണ്ട്. എന്നാൽ അതിലെ കുറ്റവാളികൾ ആരെന്നു വ്യക്തമാക്കിയിട്ടുണ്ടായിരുന്നില്ല. 2005-ൽ സിബിഐ മറ്റൊരു റിപ്പോർട്ട് തയ്യാറാക്കിയതിൽ ക്നാനായി രൂപതയിൽ രണ്ടു പുരോഹിതരും ഒരു കന്യാസ്ത്രീയും ഉൾപ്പടെ നാലുപേരെ പ്രതികളാക്കിയിരുന്നു. രൂപതയുടെ ചാൻസലരായിരുന്ന ഫാദർ തോമസ് എം കോട്ടൂർ, ഫാദർ ജോസ് പുതുക്കയിൽ, കന്യാസ്ത്രി സിസ്റ്റർ സെഫി, ഹോസ്റ്റലിലെ ഒരു അന്തേവാസി എന്നിവരെ നാർക്കോട്ടിക് ടെസ്റ്റിന് വിധേയമാക്കി. 2008 നവംബർ പത്തൊമ്പതാം തിയതി അവരിൽ പുരോഹിതരും കന്യാസ്ത്രിയുമടക്കം മൂന്നുപേരെ സി.ബി.ഐ. അറസ്റ്റു ചെയ്തു.

പയസ് കോൺവന്റിലുള്ള സിസ്റ്റർ സെഫി കോടാലികൊണ്ടു അഭയയുടെ തലയ്ക്കിട്ടു മൂന്നു പ്രാവശ്യം തല്ലിയെന്നു എറണാകുളത്തെ ചീഫ് മജിസ്‌റെറ്റിനോട് സിബിഐ വെളിപ്പെടുത്തി, കോടാലിയുടെ കൈപിടികൊണ്ടു വലത്തെ ചെവിയിൽ രണ്ടുപ്രാവശ്യം തല്ലിയ വിവരവും മൂന്നാമത്തേത് തലയിലെന്ന വിവരവും കോടതിയെ അറിയിച്ചു. സംഭവിച്ചതു മുഴുവൻ കോൺവെന്റിലെ അടുക്കളയിൽ വച്ചായിരുന്നു. തലയിൽ തല്ലിയ ഉടൻ അഭയാ ബോധം കെട്ടു പോയിരുന്ന വിവരവും സിബിഐ അറിയിച്ചു. കിണറ്റിൽ അഭയ മരിച്ചുവെന്ന് ബോദ്ധ്യം വന്ന ശേഷമാണ് കുറ്റവാളികൾ അവിടെനിന്നും പോയത്. കുറ്റവാളികളിൽ തോമസ് കോട്ടൂർ ഒന്നാം പ്രതിയും പുതുക്ക രണ്ടാം പ്രതിയും സെഫി മൂന്നാം പ്രതിയുമാണ്.  തലയിൽ അടിയേറ്റശേഷം ബോധ രഹിതയായ  അഭയയുടെ ശരീരം സിസ്റ്റർ സെഫിയുടെ സഹായത്തോടെ വലിച്ചിഴച്ച് കിണറ്റിൽ വലിച്ചെറിഞ്ഞു. അഭയയുടെ മരണം തീർച്ചയാക്കുന്നവരെ  മൂന്നുപേരും അവിടെ കാത്തിരുന്നുവെന്നും സിബിഐ പറഞ്ഞു.

 അഭയ കിണറ്റിൽ മരിച്ചതിനുശേഷം കുറ്റവാളികൾ അടുക്കളയുടെ വാതിൽ പുറത്തുനിന്നു പൂട്ടി. തെളിവുകളെല്ലാം ഉടൻ തന്നെ നശിപ്പിക്കാൻ പ്രതികൾ ആരംഭിക്കുകയും ചെയ്തു. ഇരുപത്തിയാറു വയസുള്ള സിസ്റ്റർ സെഫി അഭയയുടെ തലയ്ക്കിട്ടു ഒരു കോടാലികൊണ്ടു അടിച്ച വിവരം സിബിഐ വെളിപ്പെടുത്തിയപ്പോൾ കത്തോലിക്കാ സമുദായവും പ്രത്യേകിച്ച് ക്നാനായ സമുദായവും ഒരു ഞെട്ടലോടെയാണ് വാർത്ത ശ്രവിച്ചത്. കോൺവെന്റിലെ അടുക്കളയുടെ സമീപമായി ഒരു ചെറിയ മുറിയിൽ സിസ്റ്റർ സെഫിയും  കോട്ടൂരും പുതുക്കയും തുല്യമായി പ്രകൃതി വിരുദ്ധ ലൈംഗികത പങ്കിടുന്നത് അഭയ കണ്ടതായിരുന്നു സെഫിയെ ഈ ക്രൂര കൃത്യത്തിന് പ്രേരിപ്പിച്ചത്. സ്വന്തം മാനം നഷ്ടപ്പെടുമെന്ന ഭയം സെഫിയിൽ വൈകാരികമായ സ്ഫോടനമുണ്ടാക്കിയിരുന്നു. അടുക്കളയിൽ കണ്ട ലൈംഗിക കേളികൾ അഭയ മേലാധികാരികൾക്ക് റിപ്പോർട്ട് ചെയ്യുമെന്നും അങ്ങനെ വന്നാൽ അവരെ മഠത്തിൽ നിന്നും പറഞ്ഞു വിടുമെന്നും ഭയപ്പെട്ടു.

സിബിഐ കോടതിയിൽ പറഞ്ഞു, ഈ രണ്ടു പുരോഹിതരും കന്യാസ്ത്രീയും കൂടി സ്വാധീനമുള്ള  ഉദ്യോഗസ്ഥരുടെ സഹായത്തോടെ അഭയയുടെത് ആത്മഹത്യയെന്ന്‌ വരുത്തി വെക്കാൻ എല്ലാ തെളിവുകളും നശിപ്പിച്ചിരുന്നു. അന്വേഷണ  ഉദ്യഗസ്ഥരെയും സ്ഥലത്തെ പോലീസുകാരെയും പിന്നീട് ക്രൈം ബ്രാഞ്ചിനെ തന്നെ സ്വാധീനിക്കുകയും ചെയ്തു. ഇതിൽ കുറ്റവാളികൾ മറ്റു പലരുമുണ്ടെങ്കിലും വ്യക്തമായ തെളിവുകളോടെ ഇവരെ മാത്രമേ ഈ കൊലപാതകമായി ബന്ധപ്പെടുത്താൻ സാധിക്കുന്നുള്ളൂ. കൂടുതൽ ആളുകളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ അന്വേഷണ ഏജൻസികൾ തയ്യാറാകുന്നുമില്ല. ഡോക്ടർ സി രാധാകൃഷ്ണൻ തയ്യാറാക്കിയ മെഡിക്കൽ കോളേജിന്റെ റിപ്പോർട്ടിലും മൂന്നു ഗുരുതരമായ മുറിവുകൾ തലയിൽ കണ്ടുവെന്നുണ്ടായിരുന്നു. സിബിഐ യ്ക്ക് എതിരെ പ്രതിഷേധ റാലികളും മറ്റു പ്രകടനങ്ങളും ക്നാനായ സമുദായം സംഘടിപ്പിക്കുന്ന വിവരവും സിബിഐ കോടതിയെ ബോദ്ധ്യപ്പെടുത്തി. പ്രധാന ഉദ്ദേശ്യം കേസ് അട്ടിമറിക്കാനെന്നും കോടതിയെ അറിയിച്ചു.

കൊലപാതകത്തിന്റെ സാഹചര്യങ്ങൾ കൃത്യമായി കണ്ട ഒരു സാക്ഷി, 'സഞ്ജു മാത്യുവിന്റെ' വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു രണ്ടു പുരോഹിതരെയും ഒരു കന്യാസ്‌ത്രിയെയും സിബിഐ അന്ന് കസ്റ്റഡിയിൽ എടുത്തത്. ഈ കേസ് അന്വേഷിച്ച സബ് ഇൻസ്‌പെക്‌ടർ ശ്രീ അഗസ്റ്റിൻ ആത്മഹത്യ ചെയ്യുകയായിരുന്നു. ചിങ്ങവനം ചാലിച്ചറയിൽ വീട്ടിൽ കൈകളിൽ ഞരമ്പ് മുറിച്ച നിലയിലായിരുന്നു അഗസ്റ്റിന്റെ ശരീരം കണ്ടെത്തിയത്. തന്റെ മരണത്തിന്റെ ഉത്തരവാദിത്വം സിബിഐ ആണെന്നും അവരുടെ പീഡനങ്ങളിൽ പൊറുതി മുട്ടി മരിക്കുന്നുവെന്നും നാലു വരികളുള്ള ഒരു ആത്മഹത്യക്കുറിപ്പും മൃതദേഹത്തിനു സമീപത്തു നിന്നും ലഭിച്ചിരുന്നു. അഭയ ആത്മഹത്യ ചെയ്ത വിവരം അന്ന് തയ്യാറാക്കിയത് ശ്രീ അഗസ്റ്റിനായിരുന്നു. അഭയ കൊല്ലപ്പെട്ട ശേഷം നിർണ്ണായകമായ പല തെളിവുകളും നശിപ്പിക്കാൻ നേതൃത്വം കൊടുത്തത് മരിച്ച അദ്ദേഹമായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു.

ഈ കേസിൽ പ്രതികളെ പിടികൂടാൻ സാധിക്കുന്നില്ലെന്ന് കാണിച്ച് 1996, 1999, 2005 എന്നീ വർഷങ്ങളിൽ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയുടെ അനുവാദം തേടി ഒരു റിപ്പോർട്ട് അയച്ചിരുന്നു. എന്നാൽ മൂന്നു തവണയും സിബിഐ യുടെ അപേക്ഷ എറണാകുളം ജുഡീഷ്യൽ കോടതി തള്ളിക്കളയുകയായിരുന്നു. അന്വേഷണം തുടരാൻ കോടതി ആവശ്യപ്പെടുകയും ചെയ്തു. അതിനെ തുടർന്നാണ് മൂന്നു പ്രതികൾക്കും കുറ്റപത്രം നൽകിയത്. ലോക്കൽ പോലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് തള്ളിക്കളഞ്ഞ കേസ് കൊലപാതകമെന്ന് സിബി ഐ സ്ഥിതികരിച്ചിട്ടുണ്ടങ്കിലും  കേസിനു ഒരു തുമ്പും കിട്ടാതെ തീരുമാനമാകാതെ കേസ് നീട്ടിക്കൊണ്ടു പോവുന്നു. അഭയാക്കേസിന്റെ വഴിതിരിച്ചുവിട്ട അദൃശ്യ ശക്തികൾ കേസിനെ ഇല്ലാതാക്കാൻ ഇന്നും നിഗുഢതയിൽ അതി രഹസ്യമായി തന്നെ പ്രവർത്തിക്കുന്നു. കോടിക്കണക്കിന് രൂപയാണ് പ്രതികളെ രക്ഷിക്കാൻ അജ്ഞാതരായി ഇതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവർ ചെലവഴിച്ചുകൊണ്ടിരിക്കുന്നത്.കുറ്റവാളികൾ മൂന്നുപേരും ജാമ്യത്തിലും നടക്കുന്നു. കേസിനെപ്പറ്റി അറിയാമെന്നു ധരിക്കുന്ന മറ്റു മൂന്നു പേരെക്കൂടി നാർക്കോ അനാലിസിസിന് വിധേയമാക്കാനും സിബിഐ ശ്രമിക്കുന്നുണ്ട്.

അഭയക്കേസിന്റെ തുടക്കം മുതൽ ഇതിൽ ഉൾപ്പെട്ടിരുന്ന ഉദ്യോഗസ്ഥർക്കും കേസിനാസ്പദമായ വസ്തുതകൾക്കും അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുന്നതും പതിവായിരുന്നു. യാദൃശ്ചികമായ അത്തരം സംഭവങ്ങൾ കേസിന് തടസവും സൃഷ്ടിച്ചിരുന്നു. ഈ കേസന്വേഷണത്തോട് ബന്ധപ്പെട്ടിരുന്ന ഏതാനും ഉദ്യോഗസ്ഥരുടെ ജീവിതത്തിൽ വന്ന മാറ്റങ്ങളും ചിന്തിക്കേണ്ടതായുണ്ട്.  തുടക്കത്തിൽ കെ.ടി.മൈക്കിൾ എന്ന പോലീസ് ഓഫീസറാണ് നിർണ്ണായകമായ ഈ കേസ് കൈകാര്യം ചെയ്തത്. അദ്ദേഹം ഈ കേസ് ആത്മഹത്യയെന്നു വരുത്തി വെച്ചു. ഐ.എ.എസ് കേഡറിലുണ്ടായിരുന്ന ഓഫിസർ കിഷോറിൽ നിന്ന് അഭയ ഉപയോഗിച്ചിരുന്ന തോണ്ടി സാധനങ്ങൾ മടക്കി മേടിക്കുന്നതിനും ഉത്തരവ് നേടി. അതെല്ലാം കോർട്ടിൽനിന്നും തിരികെ മേടിച്ചതു കാരണം അഭയ ഉപയോഗിച്ചിരുന്ന തലയിൽ ഇടുന്ന മുണ്ട്, ചെരിപ്പ്, വ്യക്തിപരമായ ഡയറി, മുതലായ അതിപ്രധാനമായ തെളിവുകൾ നശിപ്പിക്കാനും സാധിച്ചു. 1997 മാർച്ച് ഇരുപതാം തിയതി സിബിഐ കേസ് പുനഃരന്വേഷണം ആരംഭിച്ചു. കെ.ടി. മൈക്കിൾ തുടക്കത്തിൽ തന്നെ ഈ കേസിന് തുരങ്കം വെച്ചെന്നും സി.ബി.ഐ. കണ്ടെത്തി. സി.ബി.ഐ. യുടെ ഈ കണ്ടെത്തൽ കേരള ഹൈക്കോടതിയ്ക്കും ബോധ്യപ്പെട്ടിരുന്നു. ഏതോ അജ്ഞാതമായ കരങ്ങൾ ആരംഭം മുതൽ ഈ കേസിനെ തുടച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നുവെന്നും സി.ബി.ഐ.യ്ക്ക് ബോധ്യപ്പെട്ടിരുന്നു. കുറ്റം തെളിയാതിരിക്കാൻ ആരോ സ്വാധീനമുള്ളവർ കുറ്റാന്വേഷണ ഏജൻസികളെയും സർക്കാരിനെയും സ്വാധീനിച്ചുകൊണ്ടിരുന്നു.

2008 നവംബർ ഇരുപത്തിയഞ്ചു വരെ കേസിൽ വേണ്ടത്ര  പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല.  കാര്യങ്ങൾ വീണ്ടും വിവാദമാവുകയും വഷളാവുകയും 2008 നവംബർ ഇരുപത്തിയഞ്ചാം തിയതി അഭയയുടെ ഓട്ടോപ്സി ചെയ്യാൻ നേതൃത്വം കൊടുത്ത സബ് ഇൻസ്‌പെക്ടർ വി.വി. അഗസ്റ്റിൻ ആത്മഹത്യ ചെയ്യുകയും ചെയ്തു. പ്രതികൾക്ക് ജാമ്യം കൊടുക്കുന്ന അപേക്ഷയിൽ രണ്ടു ജഡ്ജിമാർ തമ്മിൽ പരസ്പര വിരുദ്ധമായ കാഴ്ചപ്പാടുകൾ പ്രകടമാക്കുകയൂം ചെയ്തു. പിന്നീട് ഫോറെൻസിക്ക് ഡയറക്ടർ മാലിനിയുടെ സംഭവം സംസാര വിഷയമായി. തോമസ് കോട്ടൂരിന്റെയും ജോസ് പുതുക്കയുടെയും നാർക്കോ ടെസ്റ്റ് നടത്തിയത് നളിനിയുടെ നേതൃത്വത്തിൽ ആയിരുന്നു. അതിലെ ടെസ്റ്റ് റിപ്പോർട്ടിന്റെ സിഡി മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ഹാജരാക്കിയിരുന്നു.  സിഡിയിൽ കൃത്രിമത്വം കാണിച്ചുവെന്ന് അന്ന് ആരോപണങ്ങളുമുണ്ടായി. ജഡ്ജ് 'രാമകുമാർ' കേരളാ ഹൈക്കോടതിയിൽ നിന്ന് ഡോ. മാലിനിയെ നാർക്കോ ടെസ്റ്റിംഗ് സംബന്ധിച്ച് ചോദ്യം ചെയ്തുകൊണ്ട് കത്തയച്ചിരുന്നു. ജസ്റ്റിസ് ഹേമയും സിഡി യിൽ കൃത്രിമത്വം കാണിച്ചുവെന്നു ആരോപിച്ചിരുന്നു. കോടതിയിൽ അസൽ സീഡി ഹാജരാക്കാൻ ഓർഡറും കൊടുത്തു. ദൗർഭാഗ്യവശാൽ ജനന സർട്ടിഫിക്കേറ്റ് തിരുത്തിയ കേസിൽ ഡോ. മാലിനിയെ സർവീസിൽ നിന്ന് പറഞ്ഞു വിട്ടിരുന്നു.

തുടർച്ചയായുള്ള ഇത്തരം സംഭവപരമ്പരകളിൽ നിന്നും മനസിലാക്കേണ്ടത് ഏതോ സ്വാധീനമുള്ള വ്യക്തികൾ ആരംഭം മുതൽ അഭയക്കേസിനെ ഇല്ലാതാക്കാൻ ശ്രമിച്ചിരുന്നുവെന്നാണ്. തെളിവുകളും നശിപ്പിക്കാൻ ശ്രമിച്ചു. റിപ്പോർട്ടുകൾ തിരുത്തിയെഴുതിയിരുന്നുവെന്ന് ഉത്തരവാദിത്വപ്പെട്ടവർ അറിയുന്നതും വർഷങ്ങൾക്കു ശേഷമാണ്. കൊലപാതകമെന്ന് തീർച്ചയാക്കാൻ ഒരു ഡമ്മി ടെസ്റ്റും നടത്തിയിരുന്നു. സി.ബിഐ ഇതൊരു കൊലപാതകമെന്ന് കണ്ടെത്തിയിരുന്നെങ്കിലും ശരിയായ തെളിവിന്റെ അഭാവത്തിൽ കേസ് എങ്ങുമെത്താത്ത അവസ്ഥയിലാണ്. ഓരോരോ കാലഘട്ടത്തിലെ   ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കേസ് 2008 വരെ കാര്യമായി പുരോഗമനമില്ലാതെ അന്വേഷിക്കുകയുണ്ടായി.

പതിനാറു വർഷത്തിനുശേഷമാണ് 2008 നവംബർ പത്തൊമ്പതാം തിയതി രണ്ടു പുരോഹിതരെയും ഒരു കന്യാസ്‌ത്രിയെയും സി.ബി.ഐ   അറസ്റ്റ് ചെയ്തത്.  കൊലപാതകത്തിനും തെളിവുകൾ നശിപ്പിച്ചതിനും അവരുടെ പേരിൽ കുറ്റങ്ങൾ ചാർത്തുകയുണ്ടായി. പുരോഹിതരുടെയും കന്യാസ്ത്രിയുടെയും നാർക്കോ ടെസ്റ്റുകൾ വാർത്തകളിലും ചാനലുകളിലും ടെലിവിഷനിലും  കാണിച്ചത് വലിയ വിവാദമായിരുന്നു. അതിൽ കുറ്റവാളികൾ കുറ്റം സമ്മതിക്കുന്നുണ്ട്. രണ്ടു പുരോഹിതരുമായും ലൈംഗിക ബന്ധം ഉണ്ടായിരുന്നവെന്നു സിസ്റ്റർ സെഫി  അംഗീകരിക്കുന്നുമുണ്ട്. പുറത്താക്കിയ വീഡിയോ പൗരന്മാരുടെ അവകാശം ധിക്കരിക്കലെന്ന പേരിൽ പിൻവലിക്കുകയും ചെയ്തു.

സിസ്റ്റർ അഭയക്കേസിൽ ചരടുകൾ വലിച്ചുകൊണ്ടിരിക്കുന്ന അറിയപ്പെടാത്തവർ പലരുമുണ്ട്. കണ്ടിട്ടും കാണാതെ ആ ചരടുകൾ വലിച്ചുകൊണ്ടിരിക്കുന്നതും പള്ളിമേടകളിൽനിന്നാണ്.  ഏതു തരം ക്രിമിനൽക്കേസുകൾ എടുത്താലും അതിന്റെ പിന്നിൽ ചരട് വലിക്കാൻ കഥാപാത്രങ്ങൾ കാണും. ഇതിൽ ഒന്നാം പ്രതി കുറ്റകരമായി മൗനം ദീക്ഷിക്കുന്ന സഭാ നേതൃത്വമാണ്. പള്ളിയും പട്ടക്കാരനും ഉൾപ്പെടുന്ന ആദ്യത്തെ കേസല്ല ഇത്. മാടത്തരുവി കേസ് മുതൽ എത്രയോ കേസുകൾ തെളിയാതെ മാഞ്ഞു പോവുന്നു. സിബിഐ യും പോലീസുമല്ല മന്ത്രിസഭ തന്നെ താഴെയിടാൻ കെൽപ്പുള്ളവരാണ് സഭാ നേതൃത്വമെന്നത് കഴിഞ്ഞ കാല രാഷ്ട്രീയ സ്ഥിതികൾ തന്നെ ഉദാഹരണങ്ങളാണ്. അതിനൊക്കെ കൈത്താങ്ങും വിളക്കുമായി പത്രക്കാരും മെത്രാൻ പുരോഹിത ശിങ്കടികളും കാണും.

അഭയയുടെ മരണത്തിനുമുമ്പ് തന്നെ പയസ് മൗണ്ടിലെ രാത്രി സഞ്ചാരികളെപ്പറ്റി കോട്ടയം പട്ടണം മുഴുവൻ പാട്ടായിരുന്നു. ഇന്നും കോട്ടയം നിവാസികളിൽ അത്തരം സഞ്ചാരികളെപ്പറ്റി വിവരങ്ങൾ അറിയാവുന്ന അനേക ദൃക്‌സാക്ഷികളുണ്ട്. പക്ഷെ കോടതികളും വിസ്താരങ്ങളും സാക്ഷികളുമായി പോവാൻ ആരും തയാറാവുകയില്ല. സഭയുടെ വളർത്തുമക്കളായ കുഞ്ഞാടുകളിൽ നിന്നും ഭീക്ഷണികളും കാരണമാകാം. സത്യം അവിടെ മൂടി വെച്ചിരിക്കുകയാണ്. എല്ലാവരുടെയും ചിന്തകൾ സഭയെ രക്ഷിക്കണമെന്നുള്ളതാണ്. സത്യത്തെ വ്യപിചരിക്കുന്നതിൽ സഭ പല്ലുകാട്ടി ചിരിക്കുന്നുമുണ്ട്. അഭയയുടെ ദുരൂഹ മരണത്തിൽ സഭയ്ക്ക് പങ്കുണ്ടെന്ന് തികച്ചും വ്യക്തമായ വസ്തുതയാണ്. പതിറ്റാണ്ടുകളായി തെളിയാതെ അഭയക്കേസിന് തീർപ്പു കൽപ്പിക്കാതെ കിടക്കുന്നത് ഇതിന്റെ പിന്നിലുള്ള ശക്തി വലിയ ഒരു സമൂഹമായി പ്രവർത്തിക്കുന്നതുകൊണ്ടാണ്. ചിലർക്ക് അതിൽനിന്നും വലിയ സ്ഥാനമാനങ്ങൾ കിട്ടി. പിന്നിൽ പ്രവർത്തിച്ചവർക്കും പണമായി വലിയ തുകയും. ഇതിലെ സത്യം കോട്ടയത്തുള്ള പലർക്കും രാഷ്ട്രീയ നേതാക്കന്മാർക്കും സഭാധികാരികൾക്കും അറിയാം.

ദിനം പ്രതി പുതിയ വെളിപ്പെടുത്തലുകൾ വരാറുണ്ട്. ഈ വെളിപ്പെടുത്തലുകൾ അന്വേഷണ സംഘത്തിന്റെ മാർഗം തിരിച്ചുവിടാനുള്ള അടവുകളാണെന്നും സംശയിക്കണം. അഭയയുടെ ഈ കേസ് തെളിയണമെന്ന് ആഗ്രഹിക്കുന്ന അനേകായിരങ്ങൾ കേരളത്തിലുണ്ട്. പക്ഷെ അത് തെളിയരുതെന്ന് ചിന്തിക്കുന്നവർ അതിലേറെ ജനവുമുണ്ട്. അഭയക്കൊലക്കേസിലെ അദൃശ്യ ശക്തികളെ പുറംലോകത്തു കൊണ്ടുവരാൻ ഒരു ഇടയലേഖനം പോലും ഇറക്കാൻ തയ്യാറായിട്ടില്ല. അതേസമയം  ചാരവൃത്തി നടത്തിയിരുന്ന ഫ്രഞ്ചുകാരി മാതാഹരിയെ  യേശുവായി ചിത്രീകരിച്ചുവെന്നു പറഞ്ഞു മലയാള മനോരമയിലെ ഛായാപടം  കണ്ട പുരോഹിതർക്ക് കേരളം മുഴുവൻ ഒച്ചപ്പാടുണ്ടാക്കാൻ യാതൊരു മടിയുമുണ്ടായിരുന്നില്ല. അഭയ  കൊല്ലപ്പെട്ടതിൽ നഷ്ടപ്പെട്ടത് പാവം അവളുടെ മാതാപിതാക്കൾക്ക് മാത്രം. കുഞ്ഞുങ്ങൾക്ക് മുല കൊടുത്തിട്ടില്ലാത്ത കന്യാസ്ത്രികൾക്കോ ആഡംബര മോഡിയിൽ ജീവിതം കൊട്ടിഘോഷിക്കുന്ന പൗരാഹിത്യത്തിനോ ഒരു മകളുടെ വേർപാടിൽ ദുഃഖം അനുഭവിക്കുന്ന മാതാപിതാക്കളുടെ വേദന മനസ്സിലാവുകയില്ല.

അഭയയുടെ അപ്പൻ തോമസ് മരിക്കുന്ന വരെ മകളെപ്പറ്റി പറയുമായിരുന്നു, "എന്റെ മോളെപ്പറ്റി ചിന്തിക്കുമ്പോഴെല്ലാം ആദ്യം മനസ്സിൽ വരുന്നത് എന്നിൽ ഒരു കുറ്റബോധമാണ്. അവളെ അന്ന് കെട്ടിച്ചുവിടാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഞങ്ങളിന്ന് സന്തോഷത്തോടെ പേരക്കുട്ടികളുമായി കഴിയുമായിരുന്നു. അവരോടൊത്ത് കളിച്ച് ശിഷ്ടായുസ്സ് എനിക്ക് കഴിച്ചുകൂട്ടാൻ സാധിക്കുമായിരുന്നു. അവളും ഭർത്താവുമൊത്തുള്ള ജീവിതം എന്ത് രസകരമാകുമായിരുന്നു. ഇതാലോചിക്കുമ്പോഴൊക്കെ ഞാൻ എന്നെത്തന്നെ നിയന്ത്രിക്കുമെങ്കിലും അറിയാതെ ചിലപ്പോൾ പൊട്ടിക്കരഞ്ഞു പോവും." നൊന്തു പ്രസവിച്ച അവളുടെ അമ്മയുടെ കണ്ണീരിനും കണക്കില്ലായിരുന്നു. അവർ പറഞ്ഞു, "മകളെക്കുറിച്ചു വന്ന ഒരു സിനിമാ ഞാൻ കണ്ടിരുന്നു. അയൽക്കാരോടൊപ്പമാണ് തീയറ്ററിൽ സിനിമാ കാണാൻ പോയത്. അതിൽ ഒരു പെങ്കൊച്ചിനെ കാലിൽ വലിച്ചിട്ടു കിണറ്റിലിടുന്നത് കണ്ടപ്പോൾ എന്റെ നെഞ്ചു തകർന്നു പോയി. എന്റെ മോളെയും ആ ദുഷ്ടന്മാർ കൊന്നത് അങ്ങനെയല്ലേ?" ലീലാമ്മയുടെ വാക്കുകൾ ആരുടേയും ഉള്ളിൽത്തട്ടുന്നതായിരുന്നു.

ഈ കേസ് തെളിയാൻ സാധ്യത വളരെ കുറവായിരുന്നു. കാരണം മരണം നടന്നത് ഒരു കന്യാസ്ത്രി കോൺവെന്റിൽ ആയിരുന്നു. കേസ് തെളിയുന്നതിലുപരി കേസ് തെളിയാതിരിക്കാനുള്ള ചരടുവലികൾ കോൺവെന്റിലും മെത്രാൻ അരമനയിലും തകൃതിയായി നടക്കുന്നുണ്ടായിരുന്നു.  പാവം അഭയ, അവളുടെ ഘാതകരെ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും സഭയ്ക്കുവേണ്ടി ജീവിതം അടിയറ വെച്ച അവളുടെ മരണം ഹൃദയമുള്ളവർക്ക് കേട്ടിരിക്കാൻ കഴിയില്ലായിരുന്നു. അധികാരത്തിമിർപ്പും സമ്പന്നരോടുള്ള മമതയും ദുഷ്പ്രബുദ്ധതയും പൗരാഹിത്യത്തിന്റെ പ്രത്യേകതകളാണ്.   അഭയ!  നീ മാപ്പു നൽകിയാലും! ഇരുട്ടിന്റെ ആത്മാവായി  അലയുന്ന നിന്നെ, നിനക്കു നീതിതരാത്ത ലോകത്തിലെ വിശുദ്ധ രൂപക്കൂട്ടിനുള്ളിൽ അടച്ചിടാൻ അനുവദിക്കരുത്.






Thomas (Abhaya's Father)

No comments:

Post a Comment