Translate

Sunday, October 15, 2017

101 പ്രമുഖര്‍ ചേര്‍ന്നെഴുതിയ തുറന്ന കത്ത് പ്രതികരണം


വായനയും വിമര്‍ശനവും



അഹമ്മദ് അഷറഫ് മുടിക്കല്‍

ക്രൈസ്തവസഭകളുടെ ഭരണാധികാരികളെയും ക്രൈസ്തവനേതാക്കന്മാരെയും അഭിസംബോധന ചെയ്തുകൊണ്ട് 101 പ്രമുഖര്‍ ചേര്‍ന്നെഴുതിയ തുറന്ന കത്ത് ('സത്യജ്വാല' ആഗസ്റ്റ് ലക്കം), മതസ്വാതന്ത്ര്യവും വിശ്വാസസ്വാതന്ത്ര്യവും വിശ്വാസപ്രചരണസ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്ന ഒരു ഭരണഘടനയുള്ള ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങളും ദളിതരും നേരിടുന്ന അക്രമാസക്തവും ഹിംസാത്മകവുമായ പീഡിതാവസ്ഥയെ യഥാതഥം തുറന്നുകാട്ടുന്നുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന, വര്‍ദ്ധമാനതോതിലുള്ള ചൂഷണങ്ങള്‍ക്കും അസമത്വങ്ങള്‍ക്കും വിധേയമായിക്കൊണ്ടേയിരിക്കുന്ന ജനവിഭാഗങ്ങളെ അത് പ്രതിനിധീകരിക്കുന്നു-ദലിതരെ, ദലിതാവസ്ഥകളില്‍ ജീവിക്കുന്ന ദരിദ്രരെ, ആദിവാസികളെ, കര്‍ഷകരെ, അസംഘടിതമേഖലകളിലെ തൊഴിലാളികളെ, പെട്ടെന്ന് തൊഴില്‍ നഷ്ടപ്പെടുന്ന വിഭാഗങ്ങളെ, നഗരപ്രാന്തങ്ങളിലും വിദൂരഗ്രാമങ്ങളിലും അത്യുഷ്ണവും മാലിന്യവും ഭക്ഷിച്ചുജീവിക്കാന്‍ വിധിക്കപ്പെട്ട പുറമ്പോക്കു ജീവിതങ്ങളെ, എല്ലാം. പ്രസ്തുത കത്ത് ക്രൈസ്തവ ബൈബിള്‍ഭാവുകത്വങ്ങളുടെ അഭിപ്രേരണകളാല്‍ പ്രകാശസമ്പന്നവും വിമോചകവും പ്രാമാണികവുമാണ്. എന്നുമാത്രമല്ല, ഏറെക്കുറെ പുരോഹിതവിമര്‍ശനപരവുമാണ്. അത് 'ഉപരിവിപ്ലവം' അല്ല എന്നുമാത്രമല്ല, ഉപരിവിപ്ലവ (പ്രത്യക്ഷ) യാഥാര്‍ത്ഥ്യങ്ങളുടെ പുറംകാഴ്ചകളെ അതിവര്‍ത്തിച്ച് ഘടനാപരവും ആന്തരികവുമായ യാഥാര്‍ത്ഥ്യങ്ങളിലേക്കു പ്രവേശിക്കുന്നതിന്റെ ആഖ്യാനമാതൃകകൂടിയാണ്. എന്തുകൊണ്ടെന്നാല്‍, ഉപരിവിപ്ലവ(പ്രത്യക്ഷ)ത്തിലൂടെയല്ലാതെ യാതൊരു വൈരുദ്ധ്യത്തിന്റെയും ഘടനകളിലേക്ക് മറ്റ് കുറുക്കുവഴികളില്ല. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയാധികാരവ്യവസ്ഥയ്ക്കകത്ത്, അതിനെ അതിനിര്‍ണ്ണയിച്ചും അതിനിയന്ത്രിച്ചും വ്യവഹരിക്കുന്ന രാഷ്ട്രീയപുരോഹിതവര്‍ഗ്ഗത്തിന് നേരെ വിരല്‍ചൂണ്ടാന്‍, പ്രസക്തമോ പര്യാപ്തമോ അല്ലാത്ത ക്രിസ്ത്യന്‍ 'പുരോഗമന'വ്യവഹാരങ്ങളുടെ പ്രതിവ്യവഹാരം (Counter discourse) കൂടിയാണ് പരാമര്‍ശിത തുറന്ന കത്ത് എന്ന് ഇതെഴുതുന്നയാള്‍ വിചാരിക്കുന്നു. പുരോഹിതന്മാര്‍ ശരിയല്ല (നമ്മള്‍ ശരിയാണ്) എന്ന ഏകാത്മകവും വിശകലനവിമുക്തവുമായ മനോനിലകളാല്‍ പണിതെടുക്കപ്പെട്ടതാണ് നമ്മുടെയെല്ലാം ഒരു 'പുരോഗമനം'.
101 പ്രമുഖര്‍ എഴുതിയ കത്തിനോട് പത്രാധിപര്‍ പ്രതികരിച്ചിരിക്കുന്നത് പക്ഷേ, നിര്‍ഭാഗ്യവശാല്‍ മറ്റൊരു രീതിയിലാണ്. പ്രസ്തുത കത്ത് ഒരര്‍ത്ഥത്തിലും 'ക്രൈസ്തവസമുദായത്തിന്റെ സുരക്ഷ' എന്ന അജണ്ടയാകാതിരിക്കാന്‍ പ്രസ്തുത കത്തിനു രൂപംകൊടുത്തവര്‍ ദീക്ഷിച്ചിരിക്കുന്ന പക്വവും വിശാലവുമായ ആഖ്യാനമാതൃക പത്രാധിപര്‍ ശ്രദ്ധിക്കുന്നില്ല. അത്തരം ഒരു 'സുരക്ഷ'ക്കുവേണ്ടി ഇടപെടാന്‍ പുരോഹിതനേതൃത്വത്തോട് (അങ്ങനെ ഒരു പുരോഹിതനേതൃത്വത്തെ കത്ത് വിഭാവന ചെയ്യുന്നേയില്ല) അവര്‍ ആവശ്യപ്പെടുന്നില്ല. ക്രൈസ്തവവിഭാഗങ്ങളുടെ ഉത്തരവാദപ്പെട്ട തലവന്മാര്‍, സമുദായപ്രമുഖര്‍ എന്നൊക്കെ പറയുന്നതിന് 'പുരോഹിതനേതൃത്വം' എന്ന അര്‍ത്ഥമില്ല. പുരോഹിതന്മാരുടെ ഗണത്തില്‍പ്പെടുന്ന എല്ലാ ക്രൈസ്തവപുരോഹിതരും സഭാപൗരോഹിത്യത്തിന്റെ നേര്‍രൂപങ്ങളും കാഴ്ചപ്പണ്ടവുമാണ് എന്ന് ധരിക്കുന്നത് ചരിത്രനിഷേധവും ക്രിസ്തീയപാരമ്പര്യങ്ങളെക്കുറിച്ച് അജ്ഞതയുമാണ് എന്ന് ഇതെഴുതുന്നയാള്‍ പറയും. ഇന്ന് പൊതുസമൂഹം അനുഭവിക്കുകയും ആഘോഷിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ഒരുപാട് സ്വാതന്ത്ര്യങ്ങള്‍ക്കും ബഹുസ്വരതകള്‍ക്കുംവേണ്ടി ജീവനും രക്തവും ബലിയായി നല്‍കിയവരില്‍ ഒരു വിഭാഗം, നീതിമാന്മാരായ ക്രിസ്തീയപുരോഹിതന്മാരായിരുന്നു. അപകടകരമായി എങ്ങനെ ജീവിക്കാം എന്ന് സുരക്ഷിതമായി ജീവിക്കുന്നവര്‍ക്കുമുമ്പില്‍ സ്വന്തം ജീവതംകൊണ്ട് കാണിച്ചുതന്ന ചുരുക്കം വിപ്ലവജീവിതങ്ങളില്‍ ക്രിസ്തീയപുരോഹിതന്മാരുടെ സജീവസാന്നിദ്ധ്യമുണ്ട്.     
രാഷ്ട്രീയ അന്ധവിശ്വാസികളും ഉല്പതിഷ്ണുനാട്യത്തിന്റെ അഹങ്കാരങ്ങള്‍പേറി ജീവിക്കുന്നവരുമായ കേരളീയരുടെമുമ്പില്‍ അപൂര്‍വ്വം നിമിഷങ്ങളില്‍ മനുഷ്യപക്ഷത്ത് ഉറച്ചുനില്‍ക്കുന്നതിന്റെ കൈത്തിരിവെട്ടങ്ങള്‍ പ്രകാശിപ്പിക്കുന്നവരുടെ കൂട്ടത്തില്‍ ചില ക്രിസ്തീയപുരോഹിതന്മാരുണ്ട്. തുറന്ന കത്തില്‍ മേല്‍പ്പറഞ്ഞ ഇത്തിരിവെട്ടത്തിന്റെ പ്രകാശധാരകള്‍ വായിച്ചെടുക്കുകയും ചെയ്യാം.
തുറന്ന കത്ത് 'ക്രൈസ്തവമതരാഷ്ട്രീയ'ത്തിനുള്ള ആഹ്വാനമാണ് എന്നു പറയുന്നതിലൂടെ പത്രാധിപര്‍ സൂചിപ്പിക്കുന്നത് അങ്ങനെയൊന്ന് ഇപ്പോള്‍ കേരളത്തില്‍ ഇല്ല (നിലനില്‍ക്കുന്നില്ല) എന്നാണ്. പക്ഷേ വാസ്തവം, പള്ളിരാഷ്ട്രീയം എന്ന പേരില്‍ ഈ പ്രവണത രാഷ്ട്രീയമായി നിലനില്‍ക്കുന്നുണ്ട് എന്നതാണ്. വിശദാംശങ്ങളിലേക്ക് തല്‍ക്കാലം പോകുന്നില്ല. ഇന്ത്യയിലെ ഭൂരിപക്ഷമതസ്ഥരായ ഹിന്ദുക്കളെ ആര്‍.എസ്.എസ്-സംഘപരിവാറിനു പതിച്ചുകൊടുക്കുന്നുണ്ട്, പത്രാധിപര്‍. മേല്‍പ്പറഞ്ഞ 'പള്ളിരാഷ്ട്രീയ'ത്തിന്റെ മൃദുഹിന്ദുത്വനിലപാടിനു തുല്യവും സമവുമാണ്, പത്രാധിപരുടെ നിലപാട്. ഇന്ത്യയിലെ ഹിന്ദുക്കള്‍ ഒന്നടങ്കം സംഘപരിവാര-ബി.ജെ.പി-ആര്‍.എസ്.എസ്-രാഷ്ട്രീയവിചാരകേന്ദ്രങ്ങളുടെ അടിമത്വത്തിനുപുറത്ത് ജീവിക്കുന്നവരാണ്. ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും സമത്വത്തിന്റെയും മതേതരത്വത്തിന്റെയും പാതയിലാണവര്‍. അവരില്‍ 'ക്രൈസ്തവ-ഇസ്ലാം വിരുദ്ധചിന്തകള്‍' പ്രവര്‍ത്തിക്കുന്നില്ല. അത് പ്രവര്‍ത്തിക്കുന്നത് ആര്‍.എസ്.എസ് - സംഘപരിവാരത്തിലാണ്; ഹിന്ദുക്കളിലല്ല. ഭൂരിപക്ഷമതസ്ഥര്‍ക്ക് (ഹിന്ദുക്കള്‍ക്ക്) 'വിരോധം' തോന്നിക്കുന്ന എന്തെങ്കിലും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ചെയ്തിട്ടുണ്ടെങ്കില്‍ എത്രയും വേഗം അവര്‍ 'ആത്മപരിശോധന' നടത്തി അങ്ങോട്ട് ചെന്ന് രമ്യപ്പെടണം എന്ന അതിവിചിത്രവും അറുപിന്തിരിപ്പനും ആയ ഒരു നിലപാട് പത്രാധിപര്‍ സ്വീകരിച്ചിട്ടുണ്ട്. പത്രാധിപര്‍ അത് വിശദീകരിക്കേണ്ടതുണ്ട്. മുസ്ലീങ്ങളെക്കാള്‍ വലിയ ശത്രുക്കള്‍ (bigger enemies) ക്രിസ്ത്യാനികളാണെന്ന് സംഘപരിവാരം വ്യക്തമാക്കിയിട്ടുള്ള സ്ഥിതിക്കു പ്രത്യേകിച്ചും. കാരണം, കൂടുതല്‍ വലിയ ശത്രുക്കള്‍ ക്രിസ്ത്യാനികളാണെന്ന് ബജ്‌റംഗ്ദള്‍ പ്രഖ്യാപിച്ച സ്ഥിതിക്ക് കേരളത്തിലെ ക്രിസ്ത്യാനികള്‍ കുമ്മനം രാജശേഖരന്റെ അടുത്ത് (അങ്ങോട്ട് ചെന്ന്) 'രമ്യ'പ്പെടണം എന്ന വായന പത്രാധിപരുടെ പ്രതികരണം സാദ്ധ്യമാക്കുന്നു. അദ്ദേഹം ബൈബിള്‍ ഉദ്ധരിക്കുകയും ചെയ്തിരിക്കുന്നു.
ഫോണ്‍: 9847250693
പ്രതികരണം
ശ്രീ. അഹമ്മദ് അഷറഫിന്റെ ഈ പ്രതികരണം ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണത്തിന് അവസരം നല്‍കുന്നു. അതിനുമുമ്പ്, വിവിധ ക്രൈസ്തവവിഭാഗങ്ങളില്‍പ്പെട്ട 101 പ്രമുഖര്‍ മുന്നോട്ടുവച്ച ആശങ്കകളെ ഞാന്‍ കുറച്ചു കാണുന്നില്ല എന്നു പറഞ്ഞുകൊള്ളട്ടെ. ഇന്ത്യയില്‍ ഒരു 'ഹിന്ദുത്വഫാസിസം' ധൃതഗതിയില്‍ വളര്‍ന്നു വരുന്നു എന്നത് ഒരു വസ്തുതതന്നെയാണ്. അവര്‍ എഴുതിയിട്ടുള്ളതുപോലെതന്നെ, ''നിസ്സാരമെന്നു കരുതിയതെന്തോ അതിന്നു വളര്‍ന്നു വലുതായിരിക്കുന്നു.'' ഇതിനെ എങ്ങനെ സമീപിക്കണം എന്നിടത്തുമാത്രമാണ് അഭിപ്രായവ്യത്യാസമുള്ളത്. അതു വിശദമാക്കാന്‍ ഹിന്ദുസമുദായത്തില്‍ വര്‍ഗ്ഗീയത ഉത്ഭവിച്ച ചരിത്രപശ്ചാത്തലത്തിലേക്ക് ഒന്ന് എത്തിനോക്കുകയെങ്കിലും ചെയ്യേണ്ടതുണ്ട്.
'നിസ്സാരമെന്ന്', അതായത് ഇന്ത്യയിലെ ഭൂരിപക്ഷമതസ്ഥരെ 'നിസ്സാരരെന്നു കരുതി' എന്നതുതന്നെയാണ് ഇന്ത്യയിലെ ന്യൂനപക്ഷമതനേതൃത്വങ്ങള്‍-മതസ്ഥരും-ചെയ്ത നിസ്സാരമല്ലാത്ത തെറ്റ്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. തങ്ങളുടെ മതസാമ്രജ്യവ്യാപനവും കച്ചവടവും ലക്ഷ്യമിട്ട് പോര്‍ട്ടുഗീസുകാര്‍ കേരളത്തിലെത്തിയപ്പോള്‍ മുതല്‍ ആരംഭിച്ചതാണിത്. കുരിശുയുദ്ധങ്ങളില്‍ പരാജയപ്പെട്ടതിന്റെ പകയുമായി കേരളത്തിലെത്തിയ കത്തോലിക്കരായ പോര്‍ട്ടുഗീസുകാര്‍ക്ക് മതത്തിനുവേണ്ടിയും കച്ചവടത്തിനുവേണ്ടിയും ഇവിടുത്തെ മുസ്ലീങ്ങളെ തോല്‍പ്പിക്കേണ്ടതുണ്ടായിരുന്നു. അതിനവര്‍ അറബികളുടെ ചരക്കുകപ്പലുകളും മക്കയില്‍നിന്നു മടങ്ങിവരുന്ന തീര്‍ത്ഥാടനക്കപ്പലുകളും കൊള്ളയടിക്കുകയും യാത്രക്കാരെയടക്കം കത്തിച്ചുകളയുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇവിടുത്തെ മുസ്ലീങ്ങള്‍ക്കെതിരെ 1525-ല്‍ കൊയിലാണ്ടിക്കടുത്ത് പന്തലായനിയില്‍ അവര്‍ നടത്തിയ യുദ്ധത്തില്‍ മുസ്ലീങ്ങള്‍ക്കൊപ്പം നായര്‍ യോദ്ധാക്കളുമുണ്ടായിരുന്നു എന്നതും, നാലുതലമുറകളിലെ 4 കുഞ്ഞാലിമരയ്ക്കാര്‍മാരായിരുന്നു സാമൂതിരിയുടെ നാവികപടത്തലവന്മാര്‍ എന്നതും ഇവിടെ നിലനിന്നിരുന്ന ഹിന്ദു-മുസ്ലീം ഐക്യം തെളിയിക്കുന്നുണ്ട്. പോര്‍ട്ടുഗീസുകാരുടെ സമ്മര്‍ദ്ദംമൂലം 4-ാം കുഞ്ഞാലിമരയ്ക്കാരെയും വേറെ 40 മുസ്ലീം യോദ്ധാക്കളെയും തൂക്കിക്കൊല്ലാന്‍ സാമൂതിരി പോര്‍ട്ടുഗീസുകാര്‍ക്ക് വിട്ടുകൊടുക്കുംവരെ ഈ ഐക്യം നിലനിന്നിരുന്നു. ഇവിടെ ഹിന്ദു-മുസ്ലീം ഭിന്നതയ്ക്കും മുസ്ലീങ്ങളുടെ സാംസ്‌കാരികമായ അന്യവത്കരണത്തിനും കാരണമായത് പോര്‍ട്ടുഗീസ്‌കാരിലൂടെ അരങ്ങേറിയ കത്തോലിക്കാമതരാഷ്ട്രീയമായിരുന്നു എന്നാണ് എന്റെ വിലയിരുത്തല്‍.
കേരളീയസംസ്‌കാരത്തില്‍ ഹിന്ദുക്കളോടൊപ്പം ഒറ്റ ജനതയായിക്കഴിഞ്ഞിരുന്ന ഇവിടുത്തെ നസ്രാണിക്രൈസ്തവരെ ഹിന്ദുക്കളില്‍ നിന്നകറ്റിയതും പോര്‍ട്ടുഗീസുകാരായിരുന്നു. മലബാറില്‍ മുസ്ലീങ്ങള്‍ക്ക് നായര്‍യോദ്ധാക്കള്‍ എങ്ങനെ തുണയായിരുന്നുവോ, അതുപോലെ പോര്‍ട്ടുഗീസ് മതാധിപത്യത്തെ ചെറുത്തുനിന്ന മദ്ധ്യകേരളത്തിലെ ക്രൈസ്തവര്‍ക്കും അവരുടെ തലവനായിരുന്ന ജാതിക്കുകര്‍ത്തവ്യനും തുണയായി ആയിരക്കണക്കിനു നായര്‍ യോദ്ധാക്കള്‍ വിവിധ അവസരങ്ങളില്‍ അണിനിരക്കുകയുണ്ടായിട്ടുണ്ട്. കൊച്ചി രാജാവിന്റെ പിന്തുണയോടെ നസ്രാണികള്‍ക്കുമേല്‍ മേല്‍ക്കൈ നേടിയ പോര്‍ട്ടുഗീസ് മതനേതൃത്വം 1599-ല്‍ നടത്തിയ ഉദയംപേരൂര്‍ സൂനഹദോസിലൂടെ, അവര്‍ 'കാവ്യ'രെന്നും 'പുറംജാതി'കളെന്നും 'അജ്ഞാനി'കളെന്നും അവജ്ഞയോടെ വിശേഷിപ്പിച്ചിരുന്ന ഹിന്ദുക്കളുമായുള്ള നസ്രാണികളുടെ സാമൂഹികസമ്പര്‍ക്കങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തി. ഓണമുള്‍പ്പെടെ, കേരളീയവും ഭാരതീയവുമായ എല്ലാ സാമൂഹികാചാരങ്ങളെയും 'കാവ്യര്‍ക്കടുത്ത തിന്മയുടെ കാര്യങ്ങള്‍' എന്നു വിശേഷിപ്പിച്ചുകൊണ്ട്, മഹറോന്‍ ശിക്ഷയ്ക്കുകീഴില്‍ നസ്രാണിക്കത്തോലിക്കര്‍ക്കു മുടക്കുകല്പിച്ചു. അങ്ങനെ തനതുസംസ്‌കാരത്തിന്റെ വേരുകളറത്തുമാറ്റാനും, 'ക്രൈസ്തവം' എന്ന പേരില്‍ പാശ്ചാത്യനാഗരികതയുടെയും ആചാരാനുഷ്ഠാനങ്ങളുടെയും അനുകര്‍ത്താക്കളാകാനും നസ്രാണികള്‍ നിര്‍ബന്ധിതരായി. ചുരുക്കത്തില്‍, കേരളചരിത്രത്തില്‍ പോര്‍ട്ടുഗീസുകാര്‍ നടത്തിയ മതമൗലികവാദപരമായ ഇടപെടലുകള്‍മൂലം, തങ്ങളുടെ പൈതൃകമായിരുന്ന ഇന്ത്യന്‍ സംസ്‌കാരം തള്ളിക്കളഞ്ഞ് മുസ്ലീങ്ങള്‍ തങ്ങള്‍ക്കന്യമായിരുന്ന അറബിസംസ്‌കാരവും ക്രിസ്ത്യാനികള്‍ പാശ്ചാത്യസംസ്‌കാരവും സ്വാംശീകരിച്ചു. അങ്ങനെ, ഒരേ സാംസ്‌കാരികഭൂമികയില്‍ ഒറ്റ ജനതയായി ജീവിച്ചിരുന്നവരുടെയിടയില്‍ വിള്ളലുകളുണ്ടായി. ക്രൈസ്തവ-ഇസ്ലാം മതങ്ങള്‍ നടത്തിയ വ്യാപകമായ മതപരിവര്‍ത്തനം ഈ പ്രക്രിയയ്ക്ക് ആക്കം കൂട്ടുകയും, അത് സാമുദായികമായി ഈ വിഭാഗങ്ങളുടെ രാഷ്ട്രീയശാക്തീകരണത്തിലേക്കു നയിക്കുകയുംചെയ്തു.
കേരളത്തില്‍ സംഭവിച്ചത് വ്യത്യസ്തതകളോടെ ഇന്ത്യയുടെ ഇതരഭാഗങ്ങളിലും സംഭവിച്ചു. കേരളത്തില്‍ പോര്‍ട്ടുഗീസുകാര്‍ അടിച്ചേല്‍പ്പിച്ച കത്തോലിക്കാ മതസാമ്രാജ്യത്വമാണ് മുഖ്യപ്രതിയെങ്കില്‍, വടക്കേ ഇന്ത്യയില്‍ മുഗള സാമ്രാജ്യമാണ് ഒന്നാംപ്രതി എന്നേയുള്ളൂ. ഈ രണ്ടു സാമ്രാജ്യത്വങ്ങളും മതാധിഷ്ഠിതമായിരുന്നുതാനും. ഇതെല്ലാംചേര്‍ന്ന് ഇന്ത്യയുടെ സംസ്‌കാരത്തിലുണ്ടാക്കിയ വിള്ളലുകള്‍ ബ്രിട്ടീഷുകാരുടെ നൂറ്റാണ്ടുകള്‍ നീണ്ട ആധിപത്യത്തോടെ ആഴപ്പെടുകയുംചെയ്തു.
ഇന്ത്യയിലെ ഭൂരിപക്ഷമതസ്ഥരെ സാംസ്‌കാരികമായും രാഷ്ട്രീയമായും ദുര്‍ബലപ്പെടുത്താന്‍ ഇതെല്ലാം കാരണമായി. എല്ലാ മതങ്ങള്‍ക്കും മതസ്ഥര്‍ക്കും സ്വാഗതമരുളുകയും അവര്‍ക്കെല്ലാം തങ്ങളുടെ മതസമ്പ്രദായങ്ങളില്‍ തുടരാനാവശ്യമായ സാഹചര്യങ്ങളൊരുക്കിക്കൊടുക്കുകയും ചെയ്തവരാണ് ഇവിടുത്തെ ഹിന്ദുജനതയും രാജാക്കന്മാരും. പക്ഷേ, എല്ലാ മതങ്ങളെയും അംഗീകരിക്കുന്ന ഭാരതത്തിന്റെ സര്‍വ്വമതസമഭാവനയുടെ സ്വാതന്ത്ര്യം ശ്വസിച്ചുകൊണ്ട്, തങ്ങളുടേതുമാത്രമാണു ശരിയായ മതം എന്നു വാദിക്കുന്ന ക്രൈസ്തവ-ഇസ്ലാം സംഘടിതമതങ്ങള്‍ സാമുദായികമായും രാഷ്ട്രീയമായും ശക്തിയാര്‍ജ്ജിക്കുകയാണുണ്ടായത്. അതിനനുസൃതമായി, മതപരമായി സംഘടിതരല്ലാതിരുന്ന ഹൈന്ദവജനത ദുര്‍ബലരുമായിക്കൊണ്ടിരുന്നു. മറ്റു രണ്ടു മതസ്ഥരെയുംപോലെ സംഘടിതരായിക്കൊണ്ടുമാത്രമേ തങ്ങള്‍ക്ക് സ്വന്തം രാജ്യത്തു പിടിച്ചുനില്‍ക്കാനാവൂ എന്നു ചിന്തിച്ചു തുടങ്ങാന്‍ നിര്‍ബ്ബന്ധിതരാകുകയായിരുന്നു, അവര്‍. ഈ ചിന്ത ആദ്യമുണ്ടായത് ഔറംഗസേബിന്റെ മുസ്ലീംപക്ഷപാതരാഷ്ട്രീയനയങ്ങളേത്തുടര്‍ന്നായിരുന്നു എന്നു തോന്നുന്നു. ശിവജിയുടെ നേതൃത്വത്തില്‍ ഹിന്ദുക്കള്‍ സംഘടിക്കുകയും തിരിച്ചടിക്കുകയും ചെയ്തു.
ഇന്നു ശക്തിയാര്‍ജ്ജിച്ചുവരുന്ന ആര്‍.എസ്.എസ്സിന്റെയും ഹിന്ദുത്വരാഷ്ട്രീയത്തിന്റെയും ഉത്ഭവകാലം നോക്കിയാല്‍, അടിച്ചേല്‍പ്പിക്കപ്പെട്ട വിദേശക്രൈസ്തവമേധാവിത്വമായിരുന്നു അതിനു കാരണമെന്നു കാണാം. സ്വന്തം നാട്ടില്‍ തങ്ങള്‍ അന്യരും അവഗണിക്കപ്പെട്ടവരുമായിത്തീര്‍ന്ന അവസ്ഥയില്‍ ആര്‍ക്കുമുണ്ടാകുന്ന സ്വാഭാവികപ്രതികരണമാണത്. എങ്കില്‍പ്പോലും, ഇന്ത്യയില്‍ ഇസ്ലാമിക-ക്രൈസ്തവആധിപത്യം തുടങ്ങിയതിനു നൂറ്റാണ്ടുകള്‍ക്കുശേഷം, 1914-ല്‍ മാത്രമാണ്, 'ഹിന്ദുത്വം' എന്ന ആശയത്തോടെ 'ഹിന്ദുമഹാസഭ'  എന്നൊരു പ്രസ്ഥാനമുണ്ടായത് എന്നോര്‍ക്കുക. 1920-ല്‍ സര്‍വര്‍ക്കവറുടെ നേതൃത്വത്തില്‍ അത് ഹിന്ദുത്വരാഷ്ട്രീയമാവുകയും, അതേ ആശയ അടിത്തറയില്‍ 1925-ല്‍ ഹെഡ്‌ഗേവാര്‍ ആര്‍.എസ്.എസ്. സ്ഥാപിക്കുകയും ചെയ്തു. പിന്നെയും കുറെ കഴിഞ്ഞാണ് ഈ ലക്ഷ്യപ്രാപ്തിക്കുവേണ്ടി ജനസംഘ് (ഇന്നത്തെ ബി.ജെ.പി.) എന്ന രാഷ്ട്രീയപാര്‍ട്ടി രൂപംകൊള്ളുന്നത്.
പുറകോട്ടു നോക്കിയാല്‍, മുഗള്‍ ഭരണകാലഘട്ടംമുതല്‍ നേരിയ തോതിലെങ്കിലും തുടര്‍ന്നിരുന്ന ഹിന്ദു-മുസ്ലീം വൈരം മൂര്‍ച്ഛിപ്പിച്ചുള്ള ബ്രിട്ടന്റെ ഭിന്നിപ്പിക്കല്‍ നയങ്ങളും ക്രൈസ്തവപക്ഷപാതവും അവരുടെ സംരക്ഷണത്തില്‍ നടന്ന വ്യാപകമായ മിഷണറിപ്രവര്‍ത്തനങ്ങളുമാണ്, ഹൈന്ദവസമൂഹത്തെ മതാടിസ്ഥാനത്തില്‍ സംഘടിക്കാന്‍ നിര്‍ബ്ബന്ധിതരാക്കിയതെന്ന് ഇവിടെ ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. (2016 ജനു. ലക്കം സത്യജ്വാലയിലെ 'മതഫാസിസവും മതേതരഫാസിസവും' എന്ന മുഖക്കുറിയും  ഈ ലേഖകന്റെ 'നവകൊളോണിയലിസത്തിന്റെ നാല്ക്കവലയില്‍' എന്ന ഗ്രന്ഥത്തിലെ 'ഉദയംപേരൂര്‍ സൂനഹദോസ് വിതച്ച വര്‍ഗീയവിത്തുകള്‍' എന്ന ലേഖനവും ഈ വിഷയത്തില്‍ കൂടുതല്‍ വെളിച്ചംവീശുന്നതാണ്.) ഇന്നു വളര്‍ന്നുവരുന്ന ഹിന്ദുത്വഫാസിസത്തിനു മുഖ്യഉത്തരവാദികള്‍ ഹിന്ദുക്കളല്ല എന്നു ചുരുക്കം. സ്വന്തം സാംസ്‌കാരികപൈതൃകം നിഷേധിച്ച്, മതത്തിന്റെപേരില്‍ അന്യസാംസ്‌കാരികപൈതൃകങ്ങളെ യാതൊരു വീണ്ടുവിചാരവുമില്ലാതെയും പുരോഗമനപരം എന്ന ഭാവത്തോടെയും പുല്‍കിയ ന്യൂനപക്ഷമതസ്ഥര്‍ക്കും അവര്‍ക്കു നേതൃത്വംകൊടുത്ത മതാദ്ധ്യക്ഷന്മാര്‍ക്കും അവരുടെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി ന്യൂനപക്ഷപ്രീണനം നടത്തിയ എല്ലാ ഇടതു-വലതുരാഷ്ട്രീയകക്ഷികള്‍ക്കുമാണ് ഇതില്‍ ഉത്തരവാദിത്വമുള്ളത്. ഇന്നത്തെ ഈ നടപ്പുരീതികള്‍ തുടര്‍ന്നുകൊണ്ട്, 101 ക്രൈസ്തപ്രമുഖര്‍ പറയുന്നപ്രകാരം, ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഹിന്ദുത്വഫാസിസത്തെ തടയാനാവില്ല എന്നു പറയാനാണു ഞാന്‍ ശ്രമിക്കുന്നത്. കാരണത്തെ നിവാരണംചെയ്യാതെ അതിന്റെ ഫലത്തെമാത്രമായി എങ്ങനെ തടയാനാകും?
ഇന്ത്യക്കാര്‍ എന്ന നിലയില്‍ തങ്ങളുടെ തനതു പൈതൃകത്തെ തിരിച്ചുപിടിക്കാനും, അതു സംരക്ഷിക്കാന്‍ ഒറ്റയ്ക്കു ശ്രമിക്കുന്ന ഹിന്ദുജനതയോട് സാംസ്‌കാരികമായി ഐക്യപ്പെടാനും ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ തയ്യാറാകുകയെന്നതാണ്, മതവര്‍ഗ്ഗീയതയുടെ ആസന്നമായ വിനാശത്തില്‍നിന്ന് രക്ഷപ്രാപിക്കാനുള്ള ആദ്ധ്യാത്മികവഴി എന്നു ഞാന്‍ കരുതുന്നു. കുരിശുയുദ്ധംമുതല്‍ ഇന്നും തുടരുന്ന പാശ്ചാത്യക്രൈസ്തവ-അറേബ്യന്‍ഇസ്ലാമിക മതരാഷ്ട്രീയചേരിപ്പോരുകളില്‍ അണിനിരക്കേണ്ടവരല്ല ഭാരതത്തിലെ മതന്യൂനപക്ഷങ്ങള്‍. വിദേശമതനേതൃത്വങ്ങളുടെ വിദൂരനിയന്ത്രണ(remote control)ങ്ങള്‍ക്കും അവരുണ്ടാക്കുന്ന നിയമങ്ങള്‍ക്കും വിധേയപ്പെടേണ്ടവരുമല്ല, അവര്‍. മതമെന്നാല്‍, പ്രത്യേക വസ്ത്രധാരണമോ ഭാഷയോ പാരമ്പര്യങ്ങളോ, ആരോ ഉണ്ടാക്കിയ സിദ്ധാന്തങ്ങളോ ആചാരങ്ങളോ അനുഷ്ഠാനങ്ങളോ അല്ലെന്നും, എല്ലാവരെയും എല്ലാറ്റിനെയും ഹൃദയപൂര്‍വ്വം ഉള്‍ക്കൊള്ളുന്ന ഓരോ വിശ്വമാനവികദര്‍ശനമാണെന്നും മനസ്സിലാക്കിയാല്‍, സ്വന്തം നാടിനെയും ഭാഷയെയും സംസ്‌കാരത്തെയും മുറുകെപ്പിടിച്ചുകൊണ്ടും അതിനെയെല്ലാം നിരന്തരം നവീകരിച്ചുകൊണ്ടും ഏതു മതസ്ഥനും ഏതു മതത്തിലും ജീവിക്കാനാകുമെന്നു കാണാനാകും; വിശേഷിച്ചും ഏതു ദര്‍ശനത്തെയും സ്വാഗതംചെയ്യാന്‍മാത്രം വിശാലതയാര്‍ന്ന ഭാരതസാംസ്‌കാരികഭൂമികയില്‍.
ഇപ്രകാരമുള്ള ഒരു ദേശീയോദ്ഗ്രഥനം ഇവിടുത്തെ മതന്യൂനപക്ഷങ്ങളില്‍ നടന്നാല്‍, അതിനനുകൂലമായ അനുരണനങ്ങള്‍ ഭൂരിപക്ഷഹിന്ദുസമൂഹത്തിലുണ്ടാകും. 'അങ്ങോട്ടുചെന്ന് അനുരഞ്ജനപ്പെടുക' എന്ന യേശു സന്ദേശത്തെ അക്ഷരാര്‍ത്ഥത്തിലെടുക്കേണ്ടതില്ല. മതന്യൂനപക്ഷങ്ങള്‍ തങ്ങളുടെ മതസാമുദായികത്വനിലപാടും അതിന്റെ പേരില്‍ നേടിയെടുത്തിട്ടുള്ള പ്രത്യേക അവകാശാനുകൂല്യങ്ങളും വേണ്ടെന്നുവയ്ക്കുവാന്‍ തീരുമാനിക്കുന്നെങ്കില്‍, അതുതന്നെ ഒരു അനുരഞ്ജനനീക്കമായിരിക്കും. ന്യൂനപക്ഷ വിദ്യാഭ്യാസാവകാശമെന്നപേരില്‍ ന്യൂനപക്ഷസമുദായങ്ങളിലെ എത്രയോ ആയിരങ്ങളാണ് പൊതുഖജനാവില്‍നിന്നു ശമ്പളംപറ്റുന്നത്! ഹജ്ജിനും മതാദ്ധ്യാപനത്തിനുംവേണ്ടി തങ്ങളുടെകൂടി നികുതിപ്പണം ചെലവഴിക്കുന്നത് ഭൂരിപക്ഷമതസ്ഥര്‍ കാണുന്നില്ലെന്നോ അതില്‍ അവര്‍ അമര്‍ഷം കൊള്ളുന്നില്ലെന്നോ കരുതാനാകുമോ? ന്യൂനപക്ഷപ്രീണനത്തിനുവേണ്ടി ഇതും ഇതിനപ്പുറവും ചെയ്തുകൊടുക്കാന്‍ തയ്യാറായി നില്‍ക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്കു ബദല്‍ സൃഷ്ടിക്കാനുള്ള പരിശ്രമം അവരുടെ ഭാഗത്തുനിന്നുണ്ടാകുക സ്വാഭാവികമല്ലേ? വാസ്തവത്തില്‍, തങ്ങള്‍ക്കു നല്‍കപ്പെട്ടിരിക്കുന്ന പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും വേണ്ടെന്നുവയ്ക്കാനുള്ള ആര്‍ജ്ജവമാണ് ന്യൂനപക്ഷങ്ങള്‍ അടിയന്തിരമായി പ്രദര്‍ശിപ്പിക്കേണ്ടത്. അത്തരം സമീപനങ്ങള്‍, തലയുയര്‍ത്തിത്തുടങ്ങുകമാത്രം ചെയ്തിരിക്കുന്ന ഹിന്ദുത്വ ഫാസിസത്തിന്റെ മൂര്‍ച്ച കുറയാനിടയാക്കും; തുടര്‍ന്ന് നിര്‍വീര്യമാക്കാനും.
നീതിമാന്മാരായ ക്രിസ്തീയപുരോഹിതര്‍ ഉണ്ടായിട്ടില്ലെന്നോ ഇപ്പോഴുമില്ലെന്നോ, അവര്‍ ദരിദ്രരുടെയും ആലംബഹീനരുടെയും പക്ഷത്തു നിലയുറപ്പിച്ചുനിന്നു പ്രവര്‍ത്തിച്ചിട്ടില്ലെന്നോ ഉള്ള വാദങ്ങളില്ല. എങ്കിലും, 101 ക്രൈസ്തവപ്രമുഖര്‍ എഴുതിയതുപോലെ, ''സത്യത്തിനും നീതിക്കുംവേണ്ടിയും സാധുക്കള്‍ക്കുവേണ്ടിയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടിയും പൊരുതി പാരമ്പര്യമുള്ള...കത്തോലിക്കാസഭ'' എന്നൊക്കെ നാക്കുളുക്കാതെ പറയാന്‍ സത്യസന്ധരായ ആര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല. ആഗോളതലത്തില്‍ നോക്കിയാല്‍, ഇതരജനതകളുടെമേല്‍ പാശ്ചാത്യകോയ്മയ്ക്കും ചൂഷണത്തിനും ചുക്കാന്‍പിടിക്കുകയാണ് കത്തോലിക്കാസഭ ചെയ്തത്. ഇന്ത്യയിലാകട്ടെ, ദളിത് ക്രൈസ്തവരെ തലപൊക്കാന്‍ സമ്മതിക്കാതെ കാല്‍ക്കീഴിലാക്കിയിരിക്കുകയാണ്, ഈ സഭ. അനേകനൂറ്റാണ്ടുകളായി കണ്ണില്‍ ഇത്രയും വലിയ തടികള്‍ കിടക്കേ, ദരിദ്രരുടെയും ദളിതരുടെയും പേരുംപറഞ്ഞ്, ഒരു നൂറ്റാണ്ടുമാത്രം പ്രായമുള്ള ഹിന്ദുത്വവാദികളുടെ കണ്ണിലെ കോലെടുക്കാന്‍ ഈ സഭയ്‌ക്കെങ്ങനെ കഴിയും?
ഇതുകൊണ്ടൊക്കെയാണ്, സ്വയംവിമര്‍ശനപരമായ ആത്മപരിശോധനയ്ക്കും തിരുത്തലിനും പ്രാധാന്യം നല്‍കാതെയുള്ള, ന്യൂനപക്ഷസമൂഹങ്ങളുടെയും ക്രൈസ്തവനേതൃത്വങ്ങളുടെയും പ്രതിരോധനീക്കങ്ങള്‍ ന്യൂനപക്ഷസമുദായങ്ങള്‍ക്കുതന്നെ അപകടമായിരിക്കും എന്നു പറയേണ്ടിവരുന്നത്. രോഗകാരണങ്ങളെ ഇല്ലാതാക്കിക്കൊണ്ടുള്ള ചികിത്സയാണല്ലോ ശരിയായ ചികിത്സ.
- എഡിറ്റര്‍

No comments:

Post a Comment