Translate

Wednesday, September 27, 2017

ഈസ്റ്റ് ചേരാനല്ലൂര്‍ സെന്റ് സേവ്യേഴ്‌സ് കത്തോലിക്കാ പള്ളി വികാരി ചരിത്ര പുരുഷനായി മാറുുന്നു



 പി. സി. റോക്കി, ഫോൺ 9961217493



അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂരിന് എതിര്‍വശത്ത് സ്ഥിതി ചെയ്യുന്ന ചേരാനല്ലൂര്‍ സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍ പുതിയതായി ചാര്‍ജെടുത്ത വികാരിയുടെ പ്രവര്‍ത്തനങ്ങള്‍ നാടിന്റെ ചരിത്രം മാറ്റി കുറിക്കുവാന്‍ പര്യാപ്തമായി കൊണ്ടിരിക്കുന്നതായി നാടാകെ പാട്ടായിക്കഴിഞ്ഞു. കുടുംബയോഗം കൂടാതിരിക്കുന്ന വീടുകളില്‍ കുദാശ മുടക്കുമെന്ന  കാനോന്‍ നിയമത്തിലില്ലാത്ത പ്രസ്താവനയോടെയാണ് തന്റെ ആദ്യ ഓര്‍ഡര്‍ ഇദ്ദേഹം പുറപ്പെടുവിച്ചത്. രണ്ടാമത്തെ ഓര്‍ഡര്‍ കുടുംബവാര്‍ഷിക സ്‌ത്രോത്രകാഴ്ച വികാരി ദാനമായി നല്‍കുന്ന കാലി കവറില്‍ നൂറിന്റെ നോട്ടായോ അതിലധികമോ ഇട്ട് പള്ളിച്ചെലവിനായി നല്‍കണമെന്നായിരുന്നു. സ്‌ക്കൂള്‍ ബാഗ്, നോട്ട് ബുക്ക് ഇവയൊക്കെ നല്‍കുന്ന പഴഞ്ചന്‍ രീതി മാറ്റി ആധുനിക യുഗത്തിന്റെ മാറ്റത്തിനായി നോട്ടുകളായി നല്‍കണമെന്നായിരുന്നു  മറ്റൊരു നിര്‍ദ്ദേശം.  40 വര്‍ഷത്തോളം മുമ്പ് പുഴയുടെ തീരം കയ്യേറി കരിങ്കല്ലിനു കെട്ടി ഒപ്പിച്ചെടുത്ത ഒരേക്കറും പള്ളിക്കടവ് റോഡ് കയ്യേറി കിട്ടിയ അരയേക്കറോളം ഭൂമിയും ഞായറാഴ്ച കുര്‍ബാനകളിലെ സ്‌ത്രോത്രകാഴ്ചയായി ലഭിക്കുന്ന  പതിനയ്യായിരം രൂപയില്‍ കുറയാത്ത വരുമാനവും പള്ളിച്ചിലവിന് ഒന്നുമാകാത്തതിനാലത്രേ ഇത്തരം പരിഷ്‌ക്കാരങ്ങള്‍. ഏഴ് കുരിശടി പള്ളികളില്‍ നിന്നു  കിട്ടുന്ന പതിനായിരത്തോളം രൂപയും ഒന്നിനും തികയുന്നില്ലായിരിക്കാം.

ഏഴ് കപ്പേളകള്‍ പള്ളിയുടെ പേരിലുണ്ട്. കേരളത്തില്‍ മറ്റൊരു പള്ളിക്കും  ഇത്രമാത്രം കപ്പേളകള്‍ കാണുവാന്‍ വഴിയില്ലായെന്നു തോന്നുന്നു.  ആഴ്ചയില്‍ നാലഞ്ച് കല്ല്യാണസദ്യകളും മനസ്സമ്മത സദ്യകളും നാനാ ജാതി മതസ്ഥരുടേയും സ്വന്തം മതത്തില്‍ പെട്ടവരുടെയും ആഘോഷമൊന്നി ന് പതിനായിരം രൂപ വീതം ഈടാക്കുന്നുണ്ട്. ആഴ്ചയില്‍ നാല്പതിനായിരം രൂപയെങ്കിലും ജോണ് പോള്‍ രണ്ടാമന്‍ പാപ്പയുടെ പേരിലുള്ള പാരീഷ് ഹാളിന് വാടക ലഭിക്കുുണ്ട്. ആഴ്ചയില്‍ മിനി പാരീഷ് ഹാളിന് ഒരു പരിപാടിക്ക്   ലഭിക്കുന്ന  മൂവായിരം രൂപ വീതമുള്ള ഒരാഴ്ചയിലെ പന്തീരായിരം രൂപയും പള്ളിച്ചിലവിന് തികയുമോ എന്തോ !! ആര്‍ക്കറിയാം!!!

ഇങ്ങനെ ജനങ്ങളില്‍ നിന്നു  ലഭിക്കുന്ന ഹാള്‍ വാടകയില്‍ നിന്ന് സര്‍ക്കാരിന് നല്‍കേണ്ട നികുതി കുടിശ്ശിഖ മൂന്നു വര്‍ഷമായി നല്‍കാതിരുന്നിട്ടും  ബുദ്ധിമുട്ടാണത്രേ! നികുതി നല്‍കാത്തത് ഉന്നത രാഷ്ട്രീയക്കാരുടെയും ജന പ്രതിനിധികളുടെയും മതത്തിന്റെയും മറ്റും സമ്മര്‍ദ്ദം മൂലമാണെന്നാണ് കേള്‍വി.  കൂവപ്പടി ഗ്രാമപഞ്ചായത്തധികാരികള്‍ സമീപത്തെ കോടനാട്, മങ്കുഴി, ആയത്തുപടി പള്ളി പാരീഷ്‌ഹോളുകള്‍ക്ക് നികുതി ഈടാക്കുമ്പോള്‍ ചേരാനല്ലൂരിന് നികുതി ഓശാരമാണത്രേ! 'സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും' എന്ന യേശുവിന്റെ കല്പനയുടെ ലംഘനമല്ലേ ഇത്? പള്ളിയുടെ വടക്ക് വശത്ത് സ്ത്രീകള്‍ക്കു വേണ്ടി ഷീറ്റ് മേഞ്ഞ് ടൈല്‍ വിരിച്ച് മനോഹരമാക്കാന്‍ ലക്ഷങ്ങള്‍ ചിലവാക്കി.

ഇത്രയൊക്കെ വരുമാനവും പള്ളിപ്പറമ്പിലെ ജാതിയുടെയും മറ്റുള്ളവയുടെയും വരുമാനവും  പള്ളിക്കുണ്ട്. എന്നിട്ടും ഇപ്പോള്‍ പള്ളിമുറ്റം ടൈല്‍ വിരിക്കാന്‍ ഓരോ വീട്ടുകാരനും അഞ്ഞൂറു രൂപ നല്‍കണമെന്ന്  അള്‍ത്താര പ്രസംഗം. പള്ളി വികാരിക്ക് താമസിക്കാന്‍ രാജകീയ മേടപണിക്കും ലക്ഷങ്ങളുണ്ട്. മുറ്റത്ത് ടൈലും വേണ്ട ടാറും വേണ്ട എന്ന കെ.സി.ബി.സിയുടെ ആഹ്വാനം കുഞ്ഞാടുകളെ കഴുതകളാക്കാനോ? പള്ളിയുടെ തൊട്ടു മുന്‍വശത്ത് മുന്നൂറു മീറ്ററോളം അടുത്തായി സ്ഥിതി ചെയ്യുന്ന  വിശുദ്ധ പത്താം പീയൂസിന്റെ കപ്പേള പൊളിച്ച് പുതുക്കിപ്പണിയാന്‍ ഇടവക കുഞ്ഞാടുകള്‍ കഴിവിന്റെ പരമാവധി പണസഹായം നല്‍കണമത്രേ. പള്ളി വരുമാനത്തിന്റെ 25 ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കണമെന്ന  കെ.സി.ബി.സി യുടെ നിബന്ധന പാലിക്കുന്നത്  ഇത്തരത്തിലാണോ എന്നും ചര്‍ച്ചകളുണ്ട്. ഇതൊക്കെ മുന്‍ പറഞ്ഞ കാര്യങ്ങളാണോ കാരുണ്യപ്രവര്‍ത്തനം എന്നും ജനം സംശയം പ്രകടിപ്പിക്കുന്നു.  ഇത് ഒറിജിനല്‍ പിരിവച്ചനും മരാമത്തച്ചനുംതന്നെ എന്ന്  ചായക്കടകളിലും ജംഗ്ഷനുകളിലും സജീവ ചര്‍ച്ചയായിക്കഴിഞ്ഞു. 

ഇടവക പെരുന്നാള്‍ ആഡംബരരഹിതമാക്കാന്‍ ആയിരം രൂപ വച്ച്  നല്‍കണമെന്നും വികാരി ആവശ്യപ്പെട്ടത്രേ. അയ്യായിരം രുപ ആക്കുന്നതായിരുന്നു  ഉചിതമെന്ന് അവിടവിടെനിന്ന് ജനം പിറുപിറുക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ അഞ്ഞൂറു രൂപ വീതം ഇടവക പെരുന്നാളിന് പിരിച്ച് മുന്‍ വികാരി ഫാദര്‍ ജോയി ചക്യേത്ത് മിച്ചത്തുക കൊണ്ട് ഒരു വിധവക്കും പിന്നത്തെ വര്‍ഷം ഒരു പാവപ്പെട്ടവനും വീട് നിര്‍മ്മിച്ച് നല്‍കിയിരുന്നത് പ്രശംസാര്‍ഹമായിരുന്നു  എന്ന് നാട്ടുകാര്‍ ചര്‍ച്ച ചെയ്യുുന്നുണ്ട്. തന്നെയുമല്ല ഫാദര്‍ ചക്യേത്ത് ഒരു വായനശാല പള്ളി കോമ്പൗണ്ടില്‍ സ്ഥാപിച്ചതും അഭിനന്ദനീയം എന്ന് സംസാരമുണ്ട്. അതിനു മുമ്പുണ്ടായിരുന്ന വികാരി ഫാദര്‍ ഫ്രാന്‍സീസ് അരീക്കല്‍ പള്ളി കോമ്പൗണ്ടില്‍ സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക് ശാഖ സ്ഥാപിച്ചതും നാട്ടുകാര്‍ ഏറെ നന്ദിയോടെ സ്മരിക്കുുന്നു .

ഇതിനിടെ വികാരി കുരിയാക്കോസ് തേങ്ങാത്തറയും സഹ വികാരി ഫാദര്‍ സുബിനും മുന്‍ നിരയില്‍ നിന്ന്  പൊളിഞ്ഞ റോഡ് നാക്കാന്‍ സി.എല്‍.സിയുടെ നേതൃത്വത്തില്‍ തോട്ടുവ - നമ്പിള്ളി റോഡില്‍ ഫ്‌ളാഷ് മോബ് (പാട്ടിനൊപ്പം ആണും പെണ്ണും, ഡാന്‍സും, കോപ്രായങ്ങളും കാണിക്കുന്ന പരിപാടി) നടത്തുകയുണ്ടായി. ചേരാനല്ലൂരിനെ ഒരു വിശുദ്ധ നഗരമാക്കാന്‍ അഹോരാത്രം ശ്രമിക്കുന്ന  യുവനേതാക്കളുടെ നിരയില്‍ പെടുന്നയാളും പള്ളിക്കാര്യങ്ങളില്‍ മുന്‍പില്‍ കാണപ്പെടുന്ന ഒരു രാഷ്ട്രീയനേതാവും ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നു.  വികാരി മൈന്‍ഡ് ചെയ്യാത്തതിനാലും ഫോട്ടോയില്‍ കയറിപ്പറ്റാന്‍ കഴിയാഞ്ഞതിനാലും പരിഭവിച്ച് നേതാവ് സ്ഥലം വിട്ടതും രസകരമായ ചര്‍ച്ചകള്‍ക്ക് വേദിയാവുകയാണ്. ചപ്പുചവറുകള്‍ തുറന്ന  ചര്‍ച്ചകള്‍ക്കിട വരുത്തുന്നു. സ്‌പോണ്സറിംഗ് പരിപാടി നടത്തിയ സ്ഥലത്തിനോട് ചേര്‍ ഓടയില്‍ നിറയെ മാലിന്യങ്ങളും ചപ്പുചവറുകളും നിറഞ്ഞു കിടന്ന് അതൊന്നു മാറ്റാനോ വൃത്തിയാക്കാനോ മെനക്കെടാതെ നടത്തിയ ഫ്‌ളാഷ് മോബ് ഫെയ്‌സ് ബുക്കുകളില്‍ കൗതുക വാര്‍ത്തയായി പ്രചരിക്കുുന്നുണ്ട്.
കൊറ്റമം പള്ളി ഭരിച്ചിരുന്ന ഒരു മുന്‍ വൈദികന്‍ പറഞ്ഞ ചില വാചകങ്ങള്‍ കടമെടുത്ത് പ്രയോഗിക്കാം. ഉദരാനന്ദകരമായ ഭക്ഷണം കഴിച്ചും നയനാനന്ദകരമായ കരിമരുന്നുപ്രയോഗങ്ങള്‍ കണ്ടും വര്‍ണ്ണപ്പകിട്ടുള്ള ചാനല്‍ കാഴ്ച കണ്ടും ആനന്ദ സീമയിലാറാടി പള്ളി മേടയില്‍ കഴിയുവാന്‍ ഭാഗ്യം ലഭിച്ചവര്‍ വിയര്‍പ്പിന്റെയോ അദ്ധ്വാനത്തിന്റെയോ വിലയറിയാതെ ചില്ലുകൊട്ടാരങ്ങളിലിരുന്ന് ആനന്ദിക്കുമ്പോള്‍  ഇനിയും ഇതിലപ്പുറം പ്രവര്‍ത്തിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ എന്ന് പരിസരപ്രദേശങ്ങളില്‍ താമസിക്കുന്ന അന്യമതസ്ഥര്‍ അഭിപ്രായപ്പെട്ടു കേട്ടു. ആമ്മേന്‍.

No comments:

Post a Comment