Translate

Friday, September 8, 2017

സഭാനേതൃത്വത്തിന് 101 പ്രമുഖര്‍ ചേര്‍ന്നെഴുതിയ തുറന്ന കത്ത്


ആഗസ്റ്റ് ലക്കം 'സത്യജ്വാല'യില്‍നിന്ന്

അവസാനമുള്ള എഡിറ്ററുടെ പ്രതികരണം പ്രത്യേകം ശ്രദ്ധിക്കുക


[പ്രമുഖമനുഷ്യാവകാശപ്രവര്‍ത്തകനും ജേര്‍ണലിസ്റ്റുമായ ഡോ. ജോണ്‍ ദയാല്‍ 'അല്മായശബ്ദം' വെബ്‌സൈറ്റില്‍ Church Citizens' Voice (CCV)-ല്‍ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിന്റെ മലയാളം പരിഭാഷ. ശ്രീ. ജോസഫ് മറ്റപ്പള്ളിയാണ് പരിഭാഷകന്‍]


വിവിധ പ്രവര്‍ത്തനമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഭാരതക്രൈസ്തവസഭയിലെ 101 അംഗങ്ങളാണ്, ഭാരതത്തിന്റെ മൗലികമൂല്യങ്ങളായ സാമൂഹികസമത്വവും മതസൗഹാര്‍ദ്ദവും പരസ്പരസഹിഷ്ണതയും സംരക്ഷിക്കപ്പെടുന്നതില്‍ കത്തോലിക്കാസഭാനേതൃത്വത്തിന്റെ അടിയന്തിരശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഈ തുറന്നകത്തിലൂടെ, പൊതുസമൂഹത്തോട് പിന്തുണയഭ്യര്‍ത്ഥിക്കുന്നത്.

ഈ സമൂഹികാഭ്യര്‍ത്ഥനയില്‍ ഒപ്പിട്ടിരിക്കുന്നവരില്‍, ഈശോസഭാ ദൈവശാസ്ത്രജ്ഞന്മാരായ ഠ ഗ ജോണ്‍, ഫ്രാന്‍സീസ് ഗോസാല്‍വസ്, വിദ്യാഭ്യാസ വിദഗ്ധയായ Sr. നിര്‍മ്മല AC, ഡോ. മൈക്കിള്‍ വില്ല്യംസ്, സെ.സ്റ്റീഫന്‍സ് കോളേജ് ഡീന്‍ ഫാ. മോണോദീപ് ഡാനിയേല്‍, ഭാരതീയ കത്തോലിക്കാ യൂണിയന്‍ പ്രസിഡന്റ് ലാന്‍സി ഡി കുനാ, EFI ജന. സെക്രട്ടറി റവ. വിജയേഷ് ലാല്‍, ന്യു ഡല്‍ഹി YMCA പ്രസിഡണ്ട് വിജയ് റസ്സല്‍, ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ അംഗം AC മൈക്കിള്‍, സാമൂഹികപ്രവര്‍ത്തകരായ സെഡ്രിക് പ്രകാശ്, അജയ് കുമാര്‍ സിംഗ്, ഡോമിനിക് ഇമ്മാനുവേല്‍, വിര്‍ജീനിയാ സെല്‍ദാനാ, അഭിഭാഷകന്മാരായ ജെനിസ് ഫ്രാന്‍സീസ്, ടെമീനാ അറോറാ, പ്രമോദ് സിംഗ്, ജക ജോസ്, പത്രപ്രവര്‍ത്തകരായ, സുരേഷ് മാത്യു, ജേക്കബ് കനി, KM സെല്‍വരാജ്, ജോണ്‍ ദയാല്‍ എന്നിവരും ഉള്‍പ്പെടുന്നു.

 ....അതിക്രമങ്ങള്‍ക്കിരയാകുന്നവര്‍ക്കൊപ്പം നിന്ന് നിസ്സഹായരും ഒറ്റപ്പെടുത്തപ്പെട്ടവരുമായവര്‍ക്കുവേണ്ടി, പൊതുസമൂഹവുമായി ഒത്തുചേര്‍ന്ന് പൊരുതേണ്ട സമയമാണിത് എന്നും, ധീരമായ കാല്‍വെപ്പുകളിലൂടെയും നിലപാടുകളിലുടെയും എല്ലാത്തരം അതിക്രമങ്ങളെയും തടയുവാന്‍ സഭാനേതൃത്വത്തിനു കഴിയേണ്ടതുണ്ടെന്നും ഈ തുറന്ന കത്തു പറയുന്നു. കത്തിന്റെ പൂര്‍ണ്ണരൂപം താഴെ കൊടുക്കുന്നു:

എല്ലാ ക്രൈസ്തവസഭകളുടെയും ഭരണാധികാരികളോടും, ഒപ്പം എല്ലാ ക്രൈസ്തവനേതാക്കന്മാരോടും, ക്രൈസ്തവരെന്നനിലയില്‍, മതസ്വാതന്ത്ര്യമുള്ള ഒരു ജനാധിപത്യരാഷ്ട്രമെന്ന സ്ഥിതിയില്‍നിന്ന് ഒരു ഹിന്ദുരാജ്യമെന്ന അവസ്ഥയിലേക്കു ഭാരതം മാറുന്നതില്‍ നാമെല്ലാവരും അലോസരപ്പെട്ടിരിക്കുകയാണല്ലോ. നിസ്സാരമെന്നു കരുതിയതെന്തോ അതിന്നു വളര്‍ന്നു വലുതായിരിക്കുന്നു, ഭരണഘടനയെ വികലമാക്കാനുള്ള ഒരു സംഘടിതശ്രമം നടന്നുകൊണ്ടിരിക്കുന്നു. ഔദ്യോഗികസ്ഥാപനങ്ങള്‍ ഈ അവസരവാദികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതായി പലപ്പോഴും അനുഭവപ്പെടുന്നു. നിരപരാധികളെ മതജാത്യാധിഷ്ടിത പരിഗണനയില്‍, വാസ്തവവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് പരസ്യമായി വിസ്തരിക്കുകയും അതിക്രൂരമായ ശാരീരികപീഡനത്തിനു വിധേയരാക്കി നിഷ്‌കരുണം വധിക്കുകയുംചെയ്യുന്നത് അനുദിനമെന്നോണം സംഭവിച്ചുകൊണ്ടേയിരിക്കുന്നു. മാധ്യമങ്ങള്‍ സംസ്ഥാന നിയന്ത്രിത പ്രസ്ഥാനങ്ങളെപോലെയോ ഉടമയുടെ നിയന്ത്രണത്തിലായിരിക്കുന്നതുപോലെയോ നിശ്ശബ്ദത പാലിക്കുന്നു. നമ്മുടെ അവസാനത്തെ ആശ്രയം കള്ളവാര്‍ത്തകളായിക്കഴിഞ്ഞിരിക്കുന്നു.

എന്താണ് തുലാസിലായിരിക്കുന്നത്? കാലത്തിനുചേര്‍ന്ന ഒരു പുതിയ ഭാരതത്തിനുവേണ്ടി നാം വളര്‍ത്തിയെടുത്ത, നിറഞ്ഞുതുളുമ്പുന്ന സാഹോദര്യവും സമത്വവും സ്വാതന്ത്ര്യവുമുള്ള രാജ്യത്തിന്റെ പ്രൗഢമായ പാരമ്പര്യത്തുടര്‍ച്ചയും ആദര്‍ശശുദ്ധിയുമാണ് ദ്രവിച്ചുതുടങ്ങിയിരിക്കുന്നത്. കുറെ കൊലപാതകികളും സാമൂഹികവിരുദ്ധരുംചേര്‍ന്ന് അടിച്ചേല്‍പ്പിക്കുന്ന സമൂഹബന്ധിതമായ ഈ നിര്‍ബന്ധിത സാമൂഹികസംസ്‌കാരം നമ്മുടെ ഇടയിലുള്ളവരെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. എങ്ങും ഭയം നിറഞ്ഞുനില്‍ക്കുന്നു. രക്തച്ചൊരിച്ചിലിനോടും അതിക്രമങ്ങളോടുമുള്ള സാധാരണ ഭാരതീയരുടെ അമര്‍ഷമായിരുന്നു, 'എന്റെ പേരിലാവരുത്' (Not in my name) എന്ന മുദ്രാവാക്യത്തോടെയുള്ള സമൂഹത്തിന്റെ പൊട്ടിത്തെറിയില്‍ കലാശിച്ചത്.

ഈ ക്രോധം, അക്രമത്തോടു പ്രതികരിക്കേണ്ടവര്‍ പാലിക്കുന്ന നിശ്ശബ്ദതയോടുമുള്ള പ്രതികരണവും കൂടിയാണ് -ഒരു സംശയവും വേണ്ട!

സര്‍ക്കാരിന്റെ ദുരുദ്ദേശം പെരുമാറ്റത്തില്‍നിന്നും അധികാരികളുടെ ആഹ്വാനങ്ങളില്‍നിന്നും വ്യക്തമാണ്. അന്തര്‍ദ്ദേശീയമായി, തീവ്രവാദത്തിന്റെ കാര്യത്തില്‍ സമൂഹം കാണിക്കുന്ന ഈ ആക്രമണമനോഭാവം ന്യായീകരിക്കപ്പെടുന്നുണ്ടെങ്കിലും, ഈ വിചിത്ര മതാധിഷ്ഠിതദേശീയത സാധുക്കളുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും സ്ഥിതി കൂടുതല്‍ ദുര്‍ബ്ബലമാക്കിയിരിക്കുന്നു. ദളിതരും ആദിവാസികളും ന്യുനപക്ഷങ്ങളും പ്രത്യേകിച്ച്, അവരിലെ യുവതീയുവാക്കന്മാരുമാണ് ഈ അതിക്രമങ്ങള്‍ക്ക് കൂടുതലും ഇരയായിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ മൂന്നു വര്‍ഷത്തെ (2014-2016) കണക്കു നോക്കിയാല്‍ ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ മാത്രം 600-നു മുകളിലാണ്. ജീവിക്കാനും ജോലി ചെയ്യാ

നും മതാചാരങ്ങള്‍ അനുഷ്ഠിക്കാനുമുള്ള അവകാശം സാമൂഹികഉപരോധത്തിലൂടെ, ഇവിടെ സാവധാനം ഇല്ലായ്മചെയ്തുകൊണ്ടിരിക്കുന്നു. ഇതില്‍ ശാരീരികാതിക്രമങ്ങളും, ദേവാലയങ്ങള്‍ക്കുനേരെയുള്ള അതിക്രമങ്ങളും, ശുശ്രൂഷകര്‍ക്കു നേരിടേണ്ടിവന്നിട്ടുള്ള പ്രയാസങ്ങളും, കന്യാസ്ത്രീകള്‍ അപമാനിക്കപ്പെട്ടതുമെല്ലാം വരും. ദേശീയ കുറ്റാന്വേഷണ ബ്യുറോയുടെ രേഖകള്‍പ്രകാരം, 2010 ലേതിനേക്കാള്‍ (32643) വളരെ വലിയ വര്‍ദ്ധനയാണ് 2014-ല്‍ (47064) ദളിതര്‍ക്കുനേരെ ഉണ്ടായിട്ടുള്ളത്. മുസ്ലീങ്ങള്‍ക്കു നേരെയുണ്ടായിട്ടുള്ള ആക്രമണങ്ങള്‍ അപകടകരമായ നിലയിലെത്തിയിരിക്കുന്നു.

വെറുതെ കുറെ സാമൂഹികനേതാക്കന്മാരും രാഷ്ട്രീയക്കാരുംമാത്രമല്ല, ഈ സ്പര്‍ദ്ധ ഇവിടെ വിതറുന്നത്, പാര്‍ലമെന്റേറിയന്മാരും മന്ത്രിമാരുമെല്ലാം ഇക്കാര്യത്തില്‍ മുന്നിലുണ്ട്. എല്ലാവരും ഒത്തുചേരുമ്പോള്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടം ബുദ്ധിമുട്ടുള്ളതായി മാറുകയുംചെയ്യുന്നു.

യാദൃശ്ചികമെന്നോ നിശ്ചയിച്ചുറപ്പിച്ചതെന്നോ പറയാനാവില്ല, തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കും, പെട്ടെന്ന് ജോലി നഷ്ടപ്പെടുന്ന അനേകായിരങ്ങള്‍

ക്കുമെല്ലാം തലവേദന സൃഷ്ടിക്കുന്ന സര്‍ക്കാരിന്റെ വികലമായ സാമ്പത്തികപരിഷ്‌കാരങ്ങളില്‍നിന്നും തലതിരിഞ്ഞ നയങ്ങളില്‍നിന്നും പൊതുശ്രദ്ധ തിരിക്കുവാന്‍, സമൂഹത്തില്‍ ഒരു കൂട്ടര്‍ അനുവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇത്തരം വൈകാരികപ്രശ്‌നങ്ങള്‍ക്ക് കഴിയുന്നുണ്ടെന്നതും ശ്രദ്ധിക്കാതെ വയ്യ.

ഇപ്പോള്‍ ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്ന രാഷ്ട്രീയദര്‍ശനം അടിസ്ഥാനപരമായും ഭരണാഘടനാനുസൃതമായും പൊതുനന്മയെ ലാക്കാക്കി വ്യക്തികള്‍ക്ക് ലഭിക്കേണ്ട സമത്വത്തിന്റെയും വ്യക്തിത്വത്തിന്റെയും വളര്‍ച്ചയ്ക്കനുകൂലമായിട്ടുള്ളതല്ല.  തീര്‍ച്ചയായും, ഇത് നാശത്തിന്റെ ലക്ഷണംതന്നെയാണ്. വ്യക്തിയെന്ന നിലയിലും സമുദായമെന്ന നിലയിലും വിശ്വാസത്തിന്റെ ആളുകള്‍ എന്നവകാശപ്പെടുന്ന നാം പ്രതിഷേധത്തിന്റെ സ്വരം ഉയര്‍ത്തിയേ മതിയാവൂ.

സത്യത്തിനും നീതിക്കുംവേണ്ടിയും സാധുക്കള്‍ക്കുവേണ്ടിയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടിയും പൊരുതി പാരമ്പര്യമുള്ള, മഹത്തായ ഒരു വലിയ പ്രവാചകദൗത്യം നിര്‍വ്വഹിക്കാന്‍ ബാദ്ധ്യതപ്പെട്ട കത്തോലിക്കാസഭ സത്യവും നീതിയും ഉയര്‍ത്തിപ്പിടിക്കുന്നതില്‍  വൈമുഖ്യം കാണിക്കുന്നു. ഈ അതിക്രമങ്ങള്‍ക്കെതിരെ, അതാര്‍ക്കു ദോഷകരമായിരുന്നാലും, സഭ തുറന്നു പ്രതികരിക്കുമെന്ന് പലരും പ്രതീക്ഷിച്ചു - പക്ഷേ, യാതൊന്നും സംഭവിച്ചില്ല.

ഗൗരവതരമായ ഒരു ആത്മപരിശോധന നാം അവശ്യം നടത്തിയേമതിയാവൂ. ക്രൈസ്തവരെന്ന നിലയില്‍ ഭൂമിയുടെ ഉപ്പായിരിക്കാന്‍ ക്ഷണിക്കപ്പെട്ടവരാണ് നാം. യേശു നല്‍കിയ പ്രധാനപ്പെട്ട രണ്ട് കല്പനകള്‍, ദൈവത്തെ സ്‌നേഹിക്കുകയും അയല്‍ക്കാരനെ സ്‌നേഹിക്കുകയുമെന്നതാണ്. ഈ കല്പനകളോട് വിധേയത്വം പ്രഖ്യാപിച്ചിട്ടുള്ളവരുമാണ് നാം; പക്ഷേ, നാം ചെയ്യേണ്ടതുപോലെയല്ല പ്രത്യക്ഷത്തില്‍ നാം പ്രവര്‍ത്തിക്കുന്നത്.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ചൂഷണവിധേയരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ദളിതരും ആദിവാസികളും കര്‍ഷകരും അസംഘടിതരായ തൊഴിലാളികളുമെല്ലാം അനീതിക്കു വിധേയരായിക്കൊണ്ടിരിക്കുമ്പോള്‍, നാം നമ്മുടെ സഹജീവികളോട് കാണിച്ചിരിക്കേണ്ട കടമ നിര്‍വ്വഹിച്ചോയെന്നു നമ്മുടെ കുട്ടികളും യുവാക്കളും നമ്മോടു ചോദിക്കുന്നു. താത്ക്കാലിക ലാഭങ്ങള്‍ക്കുവേണ്ടി മൂല്യങ്ങളുടെ ഒരു വലിയ സാമ്രാജ്യം നാം പണയപ്പെടുത്തിയിരിക്കുന്നുവോ? നാം നിര്‍വ്വികാരരായിരിക്കുന്നുവോ? മുറിവേറ്റ വ്യാപാരിയെ അവഗണിച്ചു മുന്നോട്ടുപോയ ജെറീക്കോയിലെ വസ്ത്രാങ്കിതനായ പുരോഹിതനു സമമായിരിക്കുന്നുവോ നാം?

നിങ്ങള്‍ നയിക്കുന്ന സഭ, കാര്യങ്ങള്‍ കൈവിട്ടു പോകുന്നതിനു മുമ്പ് പ്രതികരിച്ചേ തീരൂ. മുന്‍ അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നതതാണ്. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും പീഡിപ്പിക്കപ്പെടുന്നവരുമായ ഇരകളോടൊപ്പം നില്‍ക്കുവാന്‍വേണ്ടി പൊതുസമൂഹത്തെ ഒപ്പം ചേര്‍ക്കുകയും പ്രവര്‍ത്തനനിരതരാവുകയും അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ധീരമായ നടപടികളിലേക്കു കടക്കുകയുംചെയ്യേണ്ട സമയമാണിത്.

മതിയായ ആത്മശോധന ചെയ്യാനും സത്യത്തിന്റെയും സ്‌നേഹത്തിന്റെയും നീതിയുടെയും പാതയില്‍ അചഞ്ചലമായി സമുദായത്തെ നയിക്കാനും, എല്ലാ ക്രൈസ്തവവിഭാഗങ്ങളുടെയും ഉത്തരവാദിത്വപ്പെട്ട തലവന്മാരോടും സമുദായപ്രമുഖരോടും ഞങ്ങള്‍ താഴ്മയായി അഭ്യര്‍ഥിക്കുന്നു:

1) വി.ബൈബിളിന്റെ അന്തഃസത്തയ്ക്കനുസരിച്ചുള്ള മൂല്യാധിഷ്ടിതമായ നീതി, സ്വാതന്ത്ര്യം, അവകാശങ്ങള്‍, വ്യക്തിത്വം എന്നിവയോടൊപ്പം വ്യക്തികള്‍ക്കു നിലനില്‍ക്കാനുള്ള അവകാശവും ഇപ്പോള്‍ ചോദ്യംചെയ്യപ്പെടുന്നു. ഇത്തരം എല്ലാ അവസരങ്ങളിലും സത്യത്തിലധിഷ്ടിതമായ എല്ലാ സാമൂഹികമുന്നേറ്റങ്ങളോടും ഒപ്പംചേര്‍ന്ന് അനുരഞ്ജനത്തിന്റെ പാതയിലൂടെ സമാധാനം ഉറപ്പുവരുത്തുക.

2) ഭരണഘടനാപരമായി ലഭിച്ചിട്ടുള്ള ഏതെങ്കിലും പൗരാവകാശം അവഗണിക്കപ്പെടുകയോ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയോ ഹനിക്കപ്പെടുകയോ ചെയ്യപ്പെടുന്ന എല്ലാ അവസരങ്ങളിലും പൊതുസമൂഹത്തോടൊപ്പം ചേര്‍ന്ന് സഭാധികാരികളും പ്രതികരിക്കുക.

3) രാഷ്ട്രനിര്‍മ്മാണത്തിനുതകുന്ന രീതിയില്‍ പൗരന്മാരെ വാര്‍ത്തെടുക്കുകയെന്ന ദൗത്യം, നമ്മുടെ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നതുപോലെ നിറവേറ്റാനുള്ള സുപ്രധാനമായ ദൗത്യം നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടപ്പില്‍ വരുത്തുന്നുവെന്ന് ഉറപ്പുവരുത്തുക.

4) നമ്മുടെ ദൈവശാസ്ത്രപഠനകേന്ദ്രങ്ങളും ബൈബിള്‍കോളേജുകളും വൈദികസെമിനാരികളും അവരുടെ  പരിശീലനക്രമത്തില്‍, വ്യക്തികളുടെ അവകാശങ്ങളും അധികാരങ്ങളും പരിരക്ഷിക്കപ്പെടുന്നതു സംബന്ധിച്ചുള്ള ദേശീയവും അന്തര്‍ദ്ദേശീയവുമായ നടപടിക്രമങ്ങളെക്കുറിച്ചും, നിയമങ്ങളെക്കുറിച്ചും ബോധവത്കരിക്കാന്‍ ഓരോരുത്തരെയും പ്രാപ്തരാക്കാനാവശ്യമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുക.

5) എല്ലാ വ്യത്യസ്ത വിശ്വാസക്രമങ്ങളോടും ഒത്തുചേര്‍ന്ന് ഭാരതത്തിന്റെ മൗലികമായ ആദ്ധ്യാത്മികസത്ത ഉയര്‍ത്തിപ്പിടിച്ച്, രാഷ്ട്രത്തില്‍ സമാധാനം നിലനിര്‍ത്താന്‍വേണ്ടിയും സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍വേണ്ടിയും മൂല്യങ്ങള്‍ പുനഃസ്ഥാപിക്കപ്പെടുന്നതിനുവേണ്ടിയുമുള്ള ശ്രമങ്ങളില്‍ മുന്നിട്ടിറങ്ങുകയും ചെയ്യുക.

ദൈവാനുഗ്രഹം എല്ലാവര്‍ക്കും സമൃദ്ധമായി ഉണ്ടാവട്ടെ

ഭാരതത്തെ ദൈവം അനുഗ്രഹിക്കട്ടെ!


(തുടര്‍ന്ന്, 101 പ്രമുഖരുടെ പേരുകള്‍ കൊടുത്തിരിക്കുന്നു - എഡിറ്റര്‍,'സത്യജ്വാല') 
പ്രതികരണം:  
ഇന്ത്യയിലെ 101 പ്രമുഖക്രൈസ്തവനേതാക്കള്‍ സഭാധികൃതര്‍ക്കെഴുതിയ ഈ തുറന്ന കത്തിനുപിന്നിലുള്ള ഉദ്ദേശ്യശുദ്ധി കണക്കിലെടുത്താണ് ഇതു 'സത്യജ്വാല'യില്‍ കൊടുക്കാന്‍ തയ്യാറായത്. ക്രൈസ്തവനേതാക്കള്‍, അവര്‍ എത്ര ഉന്നതപദവികള്‍ അലങ്കരിക്കുന്നവരായാലും, പൊതുവേ സ്വീകരിച്ചുകാണുന്ന പുരോഹിതവിധേയത്വപരമായ ഉപരിവിപ്ലവസമീപനത്തിന് ഉദാഹരണമായി ചൂണ്ടിക്കാട്ടാനും ഈ കത്ത് ഉപകരിക്കുമെന്നു തോന്നി. ഏതായാലും, ഈ പ്രമുഖരുടെ സമീപനത്തോടു യോജിക്കാന്‍ 'സത്യജ്വാല'യ്ക്കു കഴിയുന്നില്ല എന്നു പറയട്ടെ.

ഇവിടുത്തെ ക്രൈസ്തവസമുദായത്തിന്റെ സുരക്ഷയ്ക്കുവേണ്ടി ശക്തമായി ഇടപെടാന്‍ പുരോഹിതനേതൃത്വത്തോടാവശ്യപ്പെടുന്ന ഈ കത്ത് പരോക്ഷമായി ചെയ്യുന്നത്, ഇന്ത്യയിലെ ക്രൈസ്തവരുടെ സാമുദായികവും രാഷ്ട്രീയവുമായ നേതൃത്വം സഭാധികൃതര്‍ക്കു പതിച്ചുകൊടുക്കുകയാണ്; ക്രൈസ്തവരുടെ പ്രാതിനിധ്യമില്ലാത്ത പുരോഹിതരെ ഈ സമുദായത്തിന്റെ പ്രതിനിധികളാക്കുകയാണ് - ഇതാണ് വിയോജിപ്പിനു കാരണം. ക്രൈസ്തവമതസംവിധാനത്തിന്റെ രാഷ്ട്രീയഇടപെടല്‍ ആവശ്യപ്പെടുന്ന ഈ തുറന്ന കത്ത്, ക്രൈസ്തവമതരാഷ്ട്രീയത്തിനുള്ള ആഹ്വാനമായിത്തീരുകയാണ് എന്നും നാം കാണണം. ഇത് നിലവിലുള്ള മതസാമുദായികത്വപ്രവണതകളെ ഊതിക്കത്തിക്കാന്‍മാത്രമേ ഉപകരിക്കൂ എന്ന്, അല്പമാലോചിച്ചാല്‍ ആര്‍ക്കും കാണാവുന്നതേയുള്ളൂ. അതുകൊണ്ട്, സാമുദായികരാഷ്ട്രീയത്തില്‍ തലയിടുന്നതില്‍നിന്ന് സഭാനേതൃത്വത്തെ വിലക്കുകയാണ് ക്രൈസ്തവനേതാക്കള്‍ ചെയ്യേണ്ടത് എന്നാണ് 'സത്യജ്വാല'യുടെ നിലപാട്.

ഇന്ത്യയിലെ ഭൂരിപക്ഷമതസ്ഥരില്‍ ക്രൈസ്തവ-ഇസ്ലാംവിരുദ്ധചിന്തകള്‍ വളരുന്നുണ്ടെങ്കില്‍, അതിനു  പിന്നില്‍ അവര്‍ക്കു വിരോധംതോന്നിക്കുന്ന എന്തെങ്കിലുമൊക്കെ ചെയ്തിട്ടുണ്ടോഎന്ന് ഈ മതസമൂഹങ്ങള്‍ ആത്മപരിശോധനചെയ്തു തിരുത്തി അങ്ങോട്ടുചെന്നു രമ്യപ്പെടുകയാണു വേണ്ടത്. ''... ആദ്യം നിന്റെ സഹോദരനുമായി രമ്യപ്പെടുക....'' (മത്താ. 5:23-25) എന്നതാണല്ലോ യേശുവിന്റെ ഉപദേശം. പുരോഹിതനേതൃത്വം ഇതിനു തയ്യാറാകാത്ത സാഹചര്യത്തില്‍, സ്വതന്ത്രസമുദായനേതാക്കളാണ് അതിനു മുതിരേണ്ടത്. അതിന്, പുരോഹിതവിധേയത്വത്തില്‍നിന്നു മുക്തമായ ഒരു സമുദായനേതൃത്വം ഇനിയും ഉണ്ടാകേണ്ടിരിക്കുന്നു.

- എഡിറ്റര്‍, 'സത്യജ്വാല'


No comments:

Post a Comment