Translate

Monday, August 28, 2017

ദലിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ' (DCFI) സമരത്തിലേക്ക്



ജോസഫ് പനമൂടന്‍ (സെക്രട്ടറി, ഡി.സി.എഫ്.ഐ.)

'ദലിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ'യുടെയും മറ്റ് അത്മായസംഘടനകളുടെയും നേതൃത്വത്തില്‍ 'കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ' (CBCI) അദ്ധ്യക്ഷന്‍ മാര്‍ ക്ലിമീസ് കാതോലിക്ക ബാവയുടെ അരമനയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും, 2017 ആഗസ്റ്റ് 31-ന്
1935 മുതല്‍ 1950 വരെ ഇന്ത്യന്‍ ക്രിസ്ത്യന്‍ എന്നറിയപ്പെടുകയും, എല്ലാവിധത്തിലുമുള്ള രാഷ്ട്രീയപരിരക്ഷ  അനുഭവിച്ചുവരുകയും ചെയ്തവരാണ് ഇന്ന് ദലിത് ക്രൈസ്തവര്‍ എന്നറിയപ്പെടുന്ന ജനവിഭാഗം. ഇന്ത്യന്‍ നിയമനിര്‍മ്മാണസമയത്ത് ക്രൈസ്തവസഭയില്‍ ജാതിവ്യത്യാസമില്ലെന്നും അതുകൊണ്ട് ക്രിസ്തുമതത്തിന് ജാതിസംവരണം വേണ്ട, പകരം മതന്യൂനപക്ഷാവകാശം മതിയെന്നും സഭാമേലദ്ധ്യക്ഷന്മാര്‍ ഗവണ്‍മെന്റില്‍ ആവശ്യപ്പെട്ടപ്പോള്‍ 'ഇന്ത്യന്‍ ക്രിസ്ത്യന്‍സ്' എന്ന പദവി ദളിതര്‍ക്ക് നഷ്ടപ്പെടുകയും രാഷ്ട്രീയപരിരക്ഷയില്‍നിന്ന് ഈ ജനം പിന്തള്ളപ്പെടുകയുമാണുണ്ടായത്. ഈ കൊലച്ചതി മറച്ചുവച്ചുകൊണ്ടാണ് ഈ ജനത്തെ പട്ടികജാതിയില്‍പ്പെടുത്തുവാനുള്ള സമരത്തിനു സഭാമേലദ്ധ്യക്ഷന്മാര്‍ ചുക്കാന്‍പിടിക്കുന്നത്. പട്ടികജാതി ലിസ്റ്റില്‍പ്പെടുത്തുവാനുള്ള സഭയുടെ ആഹ്വാനം സഭയില്‍ ജാതി നിലനില്ക്കുന്നു എന്നതിനുള്ള തെളിവും വി. ബൈബിളിനെ നിഷേധിക്കലുംകൂടിയാണ്.
ആയതിന്റെ കുറ്റബോധംകൊണ്ടായിരിക്കാം, സി.ബി.സി.ഐ-യും കെ.സി.ബി.സി-യും വല്ലപ്പോഴുമൊക്കെ പ്രസ്താവനകളിലൂടെ ചില മോഹനവാഗ്ദാനങ്ങള്‍ ദളിത് ക്രൈസ്തവര്‍ക്ക് നല്കിക്കൊണ്ടിരിക്കുന്നത്. 1995-ല്‍ കെ.സി.ബി.സി-യും 1996-ല്‍ സി.ബി.സി.ഐ-യും ദലിത് ക്രൈസ്തവര്‍ക്ക് സഭയുടെ സമസ്തമേഖലകളിലും 30% സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രസ്താവനകളിറക്കി. എന്നാല്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അരശതമാനം സംവരണം ആ പ്രസ്താവനകള്‍ക്കുനേരെ കൊഞ്ഞനംകുത്തുന്നതില്‍ തെല്ലും ഇളിഭ്യരാകാതെ വീണ്ടുമിതാ, ഒരു സമഗ്രനയരേഖ 2016 ഡിസംബര്‍ 14-ന് സി.ബി.സി.ഐ അദ്ധ്യക്ഷന്‍ പുറത്തുവിട്ടിരിക്കുന്നു!
സി.ബി.സി.ഐ. നയരേഖ: പ്രസക്തഭാഗങ്ങള്‍
സര്‍ക്കാരിനും സഭയ്ക്കുമിടയില്‍ ഞെരുങ്ങുന്ന അവസ്ഥയിലാണ് ദലിത് ക്രൈസ്തവരെന്ന് നയരേഖ പറയുന്നു. ദലിത് ക്രൈസ്തവര്‍ക്കു സംവരണാനുകൂല്യങ്ങള്‍ നിഷേധിച്ചിരിക്കുന്നു. സഭയ്ക്കുള്ളിലും അവര്‍ക്കു നീതി ലഭിക്കുന്നില്ല. ഇന്ത്യയിലെ കത്തോലിക്കാ സഭയില്‍ 1 കോടി 90 ലക്ഷം അംഗങ്ങളുണ്ട്. അതില്‍ 1 കോടി 20 ലക്ഷം ദലിതരാണ്. എന്നാല്‍, മെത്രാന്‍ ഉള്‍പ്പെടെ ഒരു നേതൃപദവിയിലും ആനുപാതികപ്രാതിനിധ്യം ദളിതര്‍ക്ക് ലഭിക്കുന്നില്ല.
ജാതി അടിസ്ഥാനത്തിലുള്ള വേര്‍തിരിവ് കടുത്ത സാമൂഹികതിന്മയാണെന്ന് പ്രഖ്യാപിക്കുന്ന രേഖ, രൂപതാ തലത്തില്‍ അനുയോജ്യമായ രീതിയില്‍ നടപ്പാക്കാന്‍ നല്‍കിയിരിക്കുന്ന ചില പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്:
ആരാധനാലയം, സെമിത്തേരി തുടങ്ങിയ സ്ഥലങ്ങളിലുള്‍പ്പെടെ എല്ലായിടത്തും തൊട്ടുകൂടായ്മയും വേര്‍തിരിവും നിരോധിക്കാന്‍ സമയബന്ധിത പദ്ധതി വേണം. ജാതീയമായ വേര്‍തിരിവോടെയുള്ള നടപടികള്‍ ഉടനെ അവസാനിപ്പിക്കണം. ഇടവകയിലെയും രൂപതയിലെയും കൗണ്‍സിലുകള്‍, വിദ്യാഭ്യാസ ബോര്‍ഡ്, സാമ്പത്തികസമിതി, നിയമനസമിതി തുടങ്ങിയവയില്‍ ദലിതര്‍ക്ക് ആനുപാതിക പ്രാതിനിധ്യം നല്‍കണം.                
ദലിത് ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് മീഡിയം സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ പ്രവേശനത്തിനു പ്രത്യേക പരിഗണന നല്‍കണം. കത്തോലിക്കാ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സീറ്റ് സംവരണം നല്‍കണം. പ്രധാന നഗരങ്ങളില്‍ ഹോസ്റ്റല്‍ സൗകര്യം ഉറപ്പാക്കണം.
എട്ടുമാസം ആയില്ലേ, എന്തുകൊണ്ട് ഇക്കാര്യങ്ങള്‍ നടപ്പാക്കുന്നില്ല എന്ന്, കേരളത്തിലെ ദലിത് ക്രൈസ്തവരും ദൈവസ്‌നേഹത്തിന്റെ നീരുറവ വറ്റിയിട്ടില്ലാത്ത ഒരു കൂട്ടം മനുഷ്യസ്‌നേഹികളും സി.ബി.സി.ഐ-യ്ക്കുനേരേ വിരല്‍ചൂണ്ടി ചോദിക്കുന്നു.
ദലിത്‌ക്രൈസ്തവരുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമായി ഞങ്ങള്‍ ഈ പ്രസ്താവനയെ കാണുന്നു.  ഒരു പ്രത്യക്ഷസമരമല്ലാതെ ഞങ്ങള്‍ക്കിനി മറ്റു മാര്‍ഗ്ഗമില്ല.
സമരത്തില്‍ പങ്കെടുക്കുന്ന സംഘടനകള്‍:
1.         ദലിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ - കോട്ടയം.
2.         ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ - എറണാകുളം.
3.         കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം - പാലാ.
4.         കേരള കാത്തലിക് ഫെഡറേഷന്‍ - തൃശൂര്‍.
5.         ലാറ്റിന്‍ കാത്തലിക്ക് അസ്സോസിയേഷന്‍ - എറണാകുളം.
6.         കേരള കാത്തലിക് അസ്സോസിയേഷന്‍ ഫോര്‍ ജസ്റ്റീസ് - അങ്കമാലി.
7.         ക്‌നാനായകത്തോലിക്കാ നവീകരണസമിതി - കോട്ടയം.
8.         ഓള്‍ ഇന്ത്യാ കാത്തലിക് അസ്സോസിയേഷന്‍ - പാലക്കാട്
9.         ഓപ്പണ്‍ ചര്‍ച്ച് മൂവ്‌മെന്റ് - ഇടുക്കി.
            ഈ ജനവിഭാഗത്തിന്റെ അവകാശസമരങ്ങളില്‍ പങ്കുചേരുവാന്‍ മനുഷ്യസ്‌നേഹികളായ ഏവരേയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.
ഫോണ്‍: 8606121535

No comments:

Post a Comment