Translate

Sunday, August 20, 2017

കുടുംബവാര്‍ഷിക കുര്‍ബാനയ്ക്ക് സ്‌ത്രോത്രകാഴ്ചയായി ലഭിക്കുന്ന പണം പോലും പള്ളി ചെലവിനെന്ന് ???



പി.സി റോക്കി മൊ: 9961217493


            കേരളത്തിലെ കത്തോലിക്ക പള്ളി ഇടവകകളിലെല്ലാം തന്നെ കുടുംബയൂണിറ്റുകള്‍ മാസംതോറും കൂടുക പതിവാണ്. ഇരുപതോ അതിലധികമോ കുടുംബങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഓരോ കുടുംബയൂണിറ്റും. ഇടവകാംഗങ്ങള്‍ കൂടുതല്‍ ഉള്ളയിടത്ത് അവയെ ഇരുപത്തഞ്ചോ അതിലധികമോ യൂണിറ്റുകളാക്കി തിരിക്കുന്നു. ഓരോ യൂണിറ്റും ഓരോ പുണ്യവാന്റെയോ, പുണ്യവതിയുടെയോ പേരിലായിരിക്കും ചേരുക. യൂണിറ്റ് യോഗത്തില്‍ തന്റെ വീട്ടില്‍ വച്ച് നടത്തിക്കൊള്ളാമെന്ന് സമ്മതിക്കുന്ന ആളുടെ വീട്ടില്‍ വച്ച് കുടുംബയോഗം നടത്തുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ പോലും കൂടാതിരിക്കുന്ന വീടുകളുടെ  ലിസ്റ്റ് നറുക്കിട്ടെടുത്ത് ആ വീട്ടിലും യോഗം കൂടാറുണ്ട്. ഇതില്‍ ഇടവക വികാരിയോ കന്യാസ്ത്രീ മഠത്തിലെ സിസ്റ്ററോ വിശിഷ്ടാതിഥിയായിരിക്കും. കൂടാതെ വൈദികപഠനം ഇടയ്ക്ക് വച്ച് ഉപേക്ഷിച്ചവരോ, വേദോപദേശ ടീച്ചര്‍മാരോ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പെന്‍ഷന്‍ പറ്റി പിരിഞ്ഞവരോ പ്രത്യേകം ക്ഷണിതാക്കളായി പങ്കെടുക്കാറുണ്ട്. 

            കുടുംബയൂണിറ്റുകള്‍ കൂടുന്നതിന്റെ ഉദ്ദേശലക്ഷ്യം കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്മ, ബന്ധുമിത്രാദികളും അയല്‍ക്കാരും മറ്റും തമ്മിലുള്ള രമ്യതയില്ലായ്മ, അതിര്‍ത്തി തര്‍ക്കം മുതലായവ പരിഹരിക്കുതിനും മറ്റുമാണ് എന്നാണ് അറിയുന്നത്. ബൈബിളിനെ പറ്റിയുള്ള പഠനചര്‍ച്ചകള്‍ക്കും കുടുംബയൂണിറ്റ് വേദിയാകാറുണ്ട്.

            എന്നാല്‍ ഇന്നിത് വിവിധ കലാപരിപാടികളായ ഡാന്‍സ്, നാടകം, മാര്‍ഗ്ഗംകളി ഇങ്ങനെ വേണ്ടതും വേണ്ടാത്തതുമായ പല പല മത്സരങ്ങളുടെയും വേദിയായി മാറിയിരിക്കയാണെന്ന് ആക്ഷേപമുയരുന്നു. കുടംബയൂണിറ്റ് ആരംഭിച്ച കാലത്ത് കടുംചായയും, ബിസ്‌ക്കറ്റും നല്‍കിയിരുന്നിടത്ത് ഇന്ന് മത്സരബുദ്ധിയോടെ മട്ടന്‍, ചിക്കന്‍ ബിരിയാണി വരെ വിളമ്പുന്ന രീതിയുണ്ടത്രേ. എത്ര ദരിദ്രകുടുംബമായാല്‍ പോലും  കുടുംബയൂണിറ്റ് യോഗം നടത്തുന്നതിന് മൂവായിരമോ അതിലധികമോ തുക പാവപ്പെട്ട കുഞ്ഞാടുകള്‍ ചിലവാക്കേണ്ടി വരുന്നു.

            ഒരു വര്‍ഷം പിന്നിടുമ്പോള്‍ കുടുംബവാര്‍ഷികമെന്ന പേരില്‍ ഒരു കുടുംബത്തില്‍ നിന്നും 500 രൂപ മുതല്‍ 1000 രൂപ വരെ പിരിച്ചെടുത്ത് മാസങ്ങളുടെ തയ്യാറെടുപ്പുകളോടെയും പരിശീലനങ്ങളോടെയും വടംവലി, നാടകം, മാര്‍ഗ്ഗംകളി ഇവ നടത്തപ്പെടുന്നു.  മത്സരവിജയികള്‍ക്ക് ഒന്നാം സമ്മാനത്തിന്റെ തുക ലാഭിക്കാന്‍ ചിലവു കുറഞ്ഞ വെറും മെഡലുകള്‍ നല്‍കുന്നു. ബാക്കി വരുന്ന തുക എവിടെപ്പോകുന്നു ??.

            കുടുംബവാര്‍ഷിക യോഗത്തില്‍ ദിവ്യബലി അര്‍പ്പിക്കുന്നതിനിടെ ബലിയുടെ കാഴ്ചസമര്‍പ്പണം എന്ന പേരില്‍ ഓരോ കുടുബാംഗങ്ങളും സ്‌തോത്രകാഴ്ച നല്‍കണമെന്ന് അനുശാസിക്കുന്നതായി അറിയുന്നു. മുമ്പ് സ്‌ത്രോത്രകാഴ്ചകളായി സ്‌ക്കൂള്‍ ബാഗുകള്‍, ബുക്കുകള്‍, കുട ഇവയാണ്  നല്‍കിയിരുന്നത്. എന്നാല്‍ എറണാകുളം അതിരുപത പെരുമ്പാവൂര്‍ മണ്ഡലം വല്ലം ഫൊറോനയുടെ കീഴിലുള്ള ചേരാനല്ലൂര്‍ സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍ പുതിയ വികാരി ചാര്‍ജെടുത്തതോടെ മുന്‍പറഞ്ഞ സിസ്റ്റത്തിന് മാറ്റം വരുത്തിയിരിക്കുകയാണെന്ന് ഈ ഇടവകയിലും പരിസര ഇടവകകളിലും ആക്ഷേപം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

            മാറ്റം ഇങ്ങനെയാണ്. വിശ്വാസികള്‍ നല്‍കുന്ന സ്‌തോത്ര കാഴ്ച വികാരി സൗജന്യമായി  നല്‍കുന്ന കാലി കവറില്‍ 100 രൂപയുടെയോ അതിലധികമോ തുക ഇട്ട് നല്‍കണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇങ്ങനെ കിട്ടുന്ന തുക പള്ളിച്ചെലവിനായി ഉപയോഗിക്കാനാണത്രേ. ബഹുമാനപ്പെട്ട കെ.സി.ബി.സി ഇത് അറിയുന്നുണ്ടോ.

            പെരിയാറിന്റെ തീരത്ത് അഞ്ച് ഏക്കറോളം വിസ്തൃതിയുള്ള ഭൂമിയില്‍ ലക്ഷങ്ങള്‍ വരുമാനമുള്ള ജാതിതോട്ടം, വാഴ, തെങ്ങ്, വൃക്ഷത്തോട്ടം എന്നിവ ചേരാനല്ലൂര്‍ സെന്റ്. സേവ്യഴ്‌സ് പള്ളിക്കുണ്ട്. ഇടവകാംഗങ്ങള്‍ പിരിവെടുത്തും ശ്രമദാനം നടത്തിയും നിര്‍മ്മിച്ച വന്‍ പാരീഷ്‌ഹോളും സ്വന്തമായുണ്ട്.  പതിനായിരം രൂപ വീതം നാനാജാതി മതസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന ഒരു സദ്യയ്ക്ക് ഹാള്‍ വാടകയായി രസീത് നല്‍കാതെ ഈടാക്കുന്നതായും അറിയുന്നു. ആഴ്ചയില്‍ മൂന്നും നാലും പരിപാടികള്‍ ഇവിടെ നടക്കാറുണ്ട്.  ഈ ഹാളിനോട് ചേര്‍ന്ന് തന്നെ ഒരു മിനി പാരീഷ്‌ഹോളുമുണ്ട്. 3000 രൂപയാണത്രേ ഇതിന്റെ വാടക. ഇവിടെയും സ്ഥിരം പരിപാടികളുണ്ട്. ഏഴ് കുരിശടിപ്പള്ളികളില്‍ നിന്നും നേര്‍ച്ചയായി വന്‍തുക ഒന്നോ രണ്ടോ മാസത്തിലൊരിക്കല്‍ ലഭിക്കുന്നുണ്ടത്രേ.

            കൂടാതെ ഞായറാഴ്ചയിലെ രണ്ട് കുര്‍ബാനകളിലുമായി സ്‌തോത്രകാഴ്ച പതിനായിരം രൂപയോളം  ഒരാഴ്ചയില്‍ ലഭിക്കുമത്രേ. ഒരു മാസത്തെ തുക നമുക്ക് ചിന്തിക്കാവുന്നതേയുള്ളൂ. ഞായറാഴ്ച കുര്‍ബാനയിലെ സ്‌തോത്ര കാഴ്ചയുടെ തുക കണക്ക് പള്ളി വാര്‍ഷിക പൊതുയോഗത്തില്‍ വായിക്കാറില്ലെന്നാണ് വിശ്വാസികള്‍ പരാതിപ്പെടുന്നത്.  കണക്ക് രേഖപ്പെടുത്തിയാല്‍ ഇതിന്റെ ദശാംശം അരമനയില്‍ കൊടുക്കേണ്ടി വരും എന്നതിനാലാണത്രേ ഇത് വായിക്കാത്തതെന്നും കേള്‍ക്കുന്നു.കെ.സി.ബി.സി യുടെ അറിവോടെയാണോ ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെന്ന് അറിയുവാന്‍ വിശ്വാസികള്‍ ആഗ്രഹിക്കുന്നു.

            അത്യാസന്ന രോഗികളുടെ മാരക രോഗങ്ങള്‍ക്കുള്ള മരുന്നിന് സര്‍ക്കാര്‍ ജി.എസ്.ടിയും സി.ഇ. എസ്.ടി.യും ഈടാക്കുമ്പോള്‍ കോടികള്‍ വരുമാനമുള്ള കത്തോലിക്കാ പള്ളികളുടെ പാരീഷ്‌ഹോളുകള്‍ക്ക് ജി.എസ്.ടിയും, സി.ഇ.എസ്.ടിയും ഈടാക്കാറുണ്ടോ???

No comments:

Post a Comment