Translate

Saturday, May 27, 2017

കത്തോലിക്കാവിശ്വാസികളെ വിഡ്ഢികളാക്കുന്ന കോട്ടയംരൂപത

ബിജു ഉതുപ്പ് വിവാഹക്കുറിക്കേസില്‍ കോട്ടയംരൂപതയുടെ അപ്പീല്‍ കേരളഹൈക്കോടതിയും തള്ളി!

ക്‌നാനായകത്തോലിക്കാ നവീകരണസമിതി

സ്വവംശ വിവാഹനിഷ്ഠ പാലിക്കാത്തതിന്റെപേരില്‍ രൂപതാംഗങ്ങളെ പുറത്താക്കുന്ന കോട്ടയംരൂപതയുടെ നടപടിയില്‍ ബഹു. ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കോട്ടയം രൂപതയിലെ കിഴക്കേ നട്ടാശ്ശേരി ഇടവകയില്‍ ഒറവണക്കളത്തില്‍ ബിജു ഉതുപ്പിന് ടി ഇടവക വികാരി ഫാ. ജോര്‍ജ് മഞ്ഞാങ്ങല്‍ വിവാഹക്കുറി നിഷേധിച്ചതിനെതിരായി 1989-ല്‍ കോട്ടയം മുനിസിഫ് കോടതിയില്‍ ബിജു ഉതുപ്പ് കേസ് കൊടുക്കുകയും, 1990 നവം. 24-ന്, ഒരു മാസത്തിനകം വിവാഹക്കുറി കൊടുക്കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് കിഴക്കേ നട്ടാശ്ശേരി പള്ളിവികാരി ഫാ. ജോര്‍ജ്ജ് മഞ്ഞാങ്ങലിനും അന്നത്തെ കോട്ടയം രൂപതയുടെ ബിഷപ്പായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശ്ശേരിക്കുമെതിരായി വിധിയും ഡിക്രിയും കോട്ടയം അഡീഷണല്‍ മുന്‍സിഫ് കോടതിയില്‍നിന്നു പുറപ്പെടുവിക്കുകയുണ്ടായി.
ഈ വിധിയില്‍ വിവാഹക്കുറി കൊടുക്കണമെന്ന ഉത്തരവിനുപുറമേ, വി. ബൈബിളിലെ തിരുവചനങ്ങള്‍, പൗരസ്ത്യതിരുസംഘത്തിന്റെ കാനോന്‍ നിയമങ്ങള്‍, 12-ാം പീയൂസ് മാര്‍പാപ്പായുടെ Motu proprio എന്ന അപ്പസ്‌തോലിക് ലെറ്റര്‍, ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 25, കോട്ടയം രൂപതയുടെ സ്ഥാപന ബുള്‍, സുപ്രീം കോടതിയുടെ വിധികള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കോട്ടയം രൂപതയുടെ സ്വവംശവിവാഹനിഷ്ഠയും, അതിന്റെപേരില്‍ നടത്തുന്ന പുറത്താക്കല്‍നടപടിയും, നിയമവിരുദ്ധവും മനുഷ്യാവകാശലംഘനവുമാണെന്ന പരാമര്‍ശം ബഹു. കോടതി നടത്തിയിട്ടുണ്ട്. കൂടാതെ, വിസ്താരവേളയില്‍ ചോദ്യങ്ങള്‍ക്കുത്തരമായി ഒരു ക്‌നാനായനും ക്‌നാനായനല്ലാത്തയാളും തമ്മിലുള്ള വിവാഹം കോട്ടയംരൂപതയുടെ പള്ളികളില്‍വച്ച് നടത്തുന്നത് രൂപതയ്ക്ക് അപമാനകരവും കുറ്റകരവുമാണെന്നും, യേശു ആഗോള സാഹോദര്യത്തെപ്പറ്റി പഠിപ്പിച്ചുവെങ്കിലും അതെല്ലാം പ്രായോഗിക നിയമങ്ങളാണെന്ന് പറയുവാന്‍ സാധിക്കുകയില്ലെന്നുംമറ്റുമുള്ള പ്രസ്താവനകള്‍ മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയില്‍നിന്ന് ഉണ്ടായിട്ടുണ്ട്. ഈ പ്രസ്താവനകള്‍ കത്തോലിക്കാ മെത്രാന്മാര്‍ക്ക് നാണക്കേട് വരുത്തുന്നതാണെന്ന് ബ. കോടതി വിമര്‍ശിക്കുകപോലും ചെയ്തിട്ടുണ്ട്.
വിധി നടത്തിയെടുക്കുവാന്‍ ബിജു ഉതുപ്പിന് സാധിച്ചില്ല. ജയിലില്‍ പോയാലും വിധി നടപ്പാക്കില്ലെന്ന് മാര്‍ കുന്നശ്ശേരി വിളംബരംചെയ്തു. രണ്ടു ബസ്സു നിറയെ ഗുണ്ടകള്‍ വന്ന് ബിജുവിന്റെ വീടിന് കല്ലെറിഞ്ഞു ഭയപ്പെടുത്തി.  ബിഷപ്പിനെ ജയിലിലടയ്‌ക്കേണ്ട എന്ന് ബിജു തീരുമാനിച്ചു. പക്ഷേ, ഭാവിയില്‍ വരാന്‍പോകുന്ന പ്രശ്‌നങ്ങള്‍ക്കു തടയിടുവാന്‍ ഈ വിധി റദ്ദാക്കേണ്ടത് കോട്ടയം രൂപതയുടെ ആവശ്യമായിരുന്നു. 2004-ല്‍ ജില്ലാ കോടതിയില്‍ രൂപത അപ്പീല്‍ കൊടുത്തു. വിശ്വാസികളുടെ നേര്‍ച്ചപ്പണം ഉപയോഗിച്ച് ലക്ഷക്കണക്കിന് ഫീസ് വാങ്ങുന്ന വക്കീല്‍സമൂഹത്തെയും ഏര്‍പ്പാടാക്കി. പക്ഷേ, ദൈവം കോട്ടയം രൂപതയ്‌ക്കെതിരായിരുന്നു. 2008 ഡിസം. 20-ന് കീഴ്‌ക്കോടതിവിധി ശരിവച്ചുകൊണ്ടും അപ്പീല്‍ തള്ളിക്കൊണ്ടും കോട്ടയം രൂപതയ്‌ക്കെതിരായി എറണാകുളം അഡീഷണല്‍ ജില്ലാ കോടതിയില്‍നിന്ന് ഉത്തരവുണ്ടായി.
ഇതിനോടകം അപ്പസ്‌തോലിക് നൂണ്‍ഷ്യോ ഇടപെട്ട് വിവാഹക്കുറിയില്ലാതെ ബിജു ഉതുപ്പിന്റെ വിവാഹം നടക്കുകയും ഒരു കുട്ടിയുണ്ടാകുകയും ചെയ്തു. അപ്പീല്‍ തള്ളിയതിനാല്‍ വിധി നടപ്പാക്കേണ്ടത് സാമാന്യനീതിയാണല്ലോ. വിധി നടത്തിക്കിട്ടുവാനും കുട്ടിയുടെ മാമ്മോദീസാ നടത്തുവാനുംവേണ്ടി ബിജു ഉതുപ്പ് ഇപ്പോഴത്തെ ബിഷപ്പായ മാര്‍ മാത്യു മൂലക്കാട്ടിനെ പല പ്രാവശ്യം സമീപിക്കുകയുണ്ടായി. അപ്പോഴൊക്കെ ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുത്തിരിക്കുകയാണെന്ന് അദ്ദേഹം കള്ളം പറഞ്ഞ് ബിജുവിനെ വഞ്ചിച്ചു
കൊണ്ടിരുന്നു. 2015-ല്‍ ബിജു ഉതുപ്പ് തന്റെ കുട്ടിയുടെ മാമ്മോദീസ കിഴക്കേ നട്ടാശ്ശേരി പള്ളിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് കോട്ടയം മുനിസിഫ് കോടതിയില്‍ കേസു കൊടുത്തു. അതോടൊപ്പം, 2015 സെപ്തം. 1-ന് ബിജു ഉതുപ്പ് കേസിന്റെ അടിസ്ഥാനത്തില്‍ കോട്ടയംരൂപതയുടെ സ്വവംശവിവാഹനിഷ്ഠയുടെപേരി
ലുള്ള പുറത്താക്കല്‍നടപടി നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 'ക്‌നാനായ കത്തോലിക്കാ നവീകരണസമിതി' (KCNS) ഒരു പൊതുതാല്പര്യഹര്‍ജി കോട്ടയം ജില്ലാകോടതിയില്‍ ഫയല്‍ ചെയ്തു.  ഈ കേസുകള്‍ക്കു തടയിടാന്‍ 8 വര്‍ഷത്തിനുശേഷം 2016-ല്‍മാത്രമാണ് കോട്ടയം രൂപത ഹൈക്കോടതിയെ സമീപിച്ചത്. ഈ 8 വര്‍ഷക്കാലവും അപ്പീല്‍ കൊടുത്തിട്ടുണ്ടെന്ന് മാര്‍ മാത്യു മൂലേക്കാട്ട് നുണ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. നുണ പറയുന്നത് സാത്താനാണെന്നും നുണയന്റെ രാജാവ് ലൂസിഫര്‍ ആണെന്നും ബൈബിളില്‍ പറയുന്നുണ്ടല്ലോ. കാലാവധി കഴിഞ്ഞതിനാല്‍ അപ്പീല്‍ അപേക്ഷ സ്വീകരിക്കരുതെന്ന് ബിജുവിന്റെ വക്കീല്‍ വാദിച്ചു.  എന്നാല്‍ നേര്‍ച്ചപ്പണംകൊണ്ട് സമ്പന്നമായ കോട്ടയംരൂപത ലക്ഷങ്ങള്‍  ഫീസ് വാങ്ങുന്ന സീനിയര്‍ മോസ്റ്റ് വക്കീലിനെ ഹാജരാക്കി, ഒരു ഗുമസ്തനെ ബലിയാടാക്കിക്കൊണ്ട് അപ്പീല്‍ സ്വീകരിക്കണമെന്ന് കേണപേക്ഷിച്ചു.  അവസാനം 10000 രൂപാ പിഴ ഈടാക്കി ബഹു. കോടതി കാലതാമസം അനുവദിച്ചുകൊടുത്തു.
2017 ജനു. 30-ന് അപ്പീല്‍ അഡ്മിഷനുവേണ്ടി എടുക്കുകയും വാദത്തിനുശേഷം അന്നുതന്നെ ബഹു. ഹൈക്കോടതി അപ്പീല്‍ തള്ളിക്കൊണ്ട് തീരുമാനമെടു
ക്കുകയുംചെയ്തു. കോട്ടയം രൂപതയുടെ സീനിയര്‍ മോസ്റ്റ് അഭിഭാഷകന്‍ ഒരു ദിവസം മുഴുവന്‍ വാദിച്ചിട്ടും ട്രയല്‍ കോടതിവിധിയെയും ഒന്നാം അപ്പീല്‍ കോടതി
വിധിയെയും മറികടക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.  ബഹു. ജസ്റ്റീസ് കെ. ഹരിലാല്‍ അപ്പീല്‍ തള്ളുകയാണുചെയ്തത്. ഇതില്‍പരം ഒരു നാണക്കേട് കോട്ടയം രൂപതയ്ക്കും സീറോ-മലബാര്‍ മെത്രാന്‍സിനഡിനും ഇനി വരാനുണ്ടോ?
2017 ജനു. 30-ന് 70 പേജുള്ള ദീര്‍ഘമായ ഒരു ഉത്തരവാണ് ബഹു. ഹൈക്കോടതി പുറപ്പെടുവിച്ചത്. വിധിയില്‍ ബഹു. ഹൈക്കോടതിക്ക് ബോധ്യപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങള്‍ വളരെ ചുരുക്കമായി വിശ്വാസികളുടെ അറിവിലേക്ക് ഇവിടെ വിവരിക്കുകയാണ്: ബിജു ഉതുപ്പിന് വിവാഹക്കുറി കൊടുക്കുവാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള കീഴ്‌ക്കോടതിവിധി റദ്ദാക്കണമെന്ന കോട്ടയം രൂപതയുടെ അപേക്ഷ ബഹു. ഹൈക്കോടതി നിരാകരിച്ചു.  ബിജു ഉതുപ്പ് കോട്ടയം രൂപതയിലെ കിഴക്കേ നട്ടാശ്ശേരി ഇടവകക്കാരനാണെന്നും അദ്ദേഹത്തിന് വിവാഹക്കുറി ലഭിക്കുവാനുള്ള നിഷേധിക്കാനാവാത്ത എല്ലാ അവകാശങ്ങളും ഉണ്ടെന്നും അതിനുള്ള സകല തെളിവുകളും കീഴ്‌ക്കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും ഇതിനെ എതിര്‍ക്കുവാന്‍ കോട്ടയം രൂപതയ്ക്കു കഴിഞ്ഞിട്ടില്ലെന്നും കീഴ്‌ക്കോടതി വിധിയില്‍ വളരെ വ്യക്തമായി കാണുന്നതിനാല്‍ ഹൈക്കോടതി ഇടപെടേണ്ട ആവശ്യം വരുന്നില്ലെന്ന് വിധിയില്‍ പറഞ്ഞിട്ടുണ്ട്. സ്വവംശവിവാഹനിഷ്ഠ പാലിക്കാത്തതിന്റെപേരില്‍ രൂപതാംഗങ്ങളെ കോട്ടയം രൂപത പുറത്താക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും ബഹു. ഹൈക്കോടതി നിരീക്ഷിച്ചു.
ബഹു. ഹൈക്കോടതി പരിഗണിച്ച പ്രധാന തെളിവുകള്‍:
1.         കോട്ടയം രൂപതയുടെ സ്ഥാപനബൂളായില്‍ രൂപതാംഗങ്ങളല്ലാത്തവരെ വിവാഹം ചെയ്യരുതെന്നോ, അങ്ങനെ വിവാഹം ചെയ്തവരെ പുറത്താക്കണമെന്നോ പറഞ്ഞിട്ടില്ല. എന്‍ഡോഗമി പാലിച്ചുകൊള്ളണമെന്നും പറഞ്ഞിട്ടില്ല.
2.         ക്രിസ്തീയസഭയില്‍, പ്രത്യേകിച്ച് കത്തോലിക്കാസഭയില്‍ ജാതിയും സമുദായവുമില്ല. ഒരാള്‍ ക്രിസ്ത്യാനിയായാല്‍ അയാള്‍ ജാതി ഉപേക്ഷിച്ചു
കഴിഞ്ഞു.  അതുകൊണ്ടാണ് ദളിത് ക്രൈസ്തവര്‍ക്ക് ആനുകൂല്യം ലഭിക്കാത്തത്. സുപ്രീംകോടതി വിധികള്‍ ബഹു. ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. എല്ലാ റീത്തിലുംപെട്ടവര്‍ സമന്മാരാണ്.
3.         സ്വവംശവിവാഹനിഷ്ഠ പാലിക്കാത്തവരെ പുറത്താക്കുന്നത് കാനോന്‍ നിയമത്തിനെതിരാണ്. (കാനോന്‍ 1112 പേജ് 798, കാനോന്‍ 29, 30 മുതലായവ)
4. 12-ാം പീയൂസ് മാര്‍പാപ്പയുടെ (Motu proprio) എന്ന അപ്പസ്‌തോലിക് ലെറ്ററില്‍ (Page 37, 38) സ്വവംശവിവാഹനിഷ്ഠ ഉപേക്ഷിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
5.         വിശുദ്ധ ബൈബിളിലെ തിരുവചനങ്ങള്‍ സ്വവംശവിവാഹനിഷ്ഠക്കെതിരാണെന്ന് (മത്തായി 19:3,6), എഫേസിയര്‍ 5:23) ബഹു. ഹൈക്കോടതി പ്രത്യേകം നിരീക്ഷിച്ചിരിക്കുന്നു.
6.         ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 25-ന്റെ ലംഘനമാണ് പുറത്താക്കല്‍ നടപടി. ഒരു പൗരന്റെ മൗലികാവകാശങ്ങള്‍ക്കെതിരാണ് ഈ നടപടി.
7.         1949 മെയ് 2-ാം തീയതി മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുള്ള പൗരസ്ത്യ തിരുസംഘത്തിന്റെ വിവാഹകൂദാശ സംബന്ധിച്ച കാനോന്‍ നിയമമനുസരിച്ച് കോട്ടയം രൂപതയുള്‍പ്പെടെയുള്ള സീറോ-മലബാര്‍ സഭയിലുള്ളവരും മറ്റു റീത്തുകളില്‍പ്പെട്ടവരും സമന്മാരാണ്.  അതുകൊണ്ട്, അവരുടെ ഇടയില്‍ സ്വവംശവിവാഹനിഷ്ഠ പാലിക്കുന്നുണ്ടെങ്കില്‍ അതുപേക്ഷിക്കേണ്ടതാണെന്ന കീഴ്‌ക്കോടതിയുടെ കണ്ടെത്തല്‍ ബഹു. ഹൈക്കോടതി പ്രത്യേകം നിരീക്ഷിച്ചിരിക്കുന്നു.
സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന തിരുവചനമനുസരിച്ചും, ഇന്ത്യന്‍ ഭരണഘടന അനുസരിച്ചും കോടതിവിധി അനുസരിക്കുവാന്‍ കോട്ടയം രൂപതയ്ക്കും അതിനെ പ്രേരിപ്പിക്കുവാന്‍ അഭിവന്ദ്യ മേജര്‍ആര്‍ച്ചുബിഷപ്പിനും മെത്രാന്‍ സിനഡിനും ബാദ്ധ്യതയുണ്ട്.  പാവപ്പെട്ട വിശ്വാസികളുടെ നേര്‍ച്ചപ്പണം ഉള്ളതുകൊണ്ട് കോട്ടയം രൂപതയ്ക്ക് ഇനി സുപ്രീംകോടതിയിലും അപ്പീലുമായി പോകാം. നീതിക്കുവേണ്ടിയല്ല അനീതി നടപ്പാക്കി വിശ്വാസികളെ അടിമകളെപ്പോലെ പീഡിപ്പിക്കുവാനാണ് കോട്ടയം രൂപത കോടികള്‍ മുടക്കി സുപ്രീംകോടതിയില്‍ കയറുന്നതെന്നോര്‍ക്കണം.
കോട്ടയം രൂപത ഒരു ജനതയുടെ ജീവിതമാണ് തകര്‍ത്തുകൊണ്ടിരിക്കുന്നത്. മാമ്മോദീസാ സ്വീകരിച്ച് ക്രിസ്ത്യാനിയായ സ്വന്തം ഇടവടകപ്പള്ളിയില്‍ മരണംവരെ അംഗമായിരിക്കണമെന്നും, എല്ലാ കൂദാശകളോടുമൊപ്പം വിവാഹകൂദാശയും സ്വന്തം ഇടവകപ്പള്ളിയില്‍വച്ചു സ്വീകരിക്കണമെന്നും, മരണശേഷം ഇടവകപള്ളിയില്‍
ത്തന്നെ അടക്കം ചെയ്യപ്പെടണമെന്നും ആഗ്രഹിക്കുന്നവരാണ് എല്ലാ കത്തോലിക്കരും. വിവാഹകൂദാശ സ്വന്തം ഇടവകപ്പള്ളിയില്‍വച്ചു നടത്തുന്നതിന് സാധിക്കാതെവരികയും ഇടവകപ്പള്ളിയില്‍നിന്നു പുറത്താക്കപ്പെടുകയും ചെയ്യുമ്പോള്‍ അവന്റെ ജീവിതം അവിടംമുതല്‍ തകരുകയാണെന്ന വസ്തുത യേശുക്രിസ്തുവിന്റെ ശിഷ്യന്മാരാണെന്ന് അവകാശപ്പെടുന്ന ശ്രേഷ്ഠ മെത്രാപ്പോലീത്താമാരും മെത്രാന്മാരും അറിയാതെപോകുന്നത് അക്ഷന്തവ്യമായ തെറ്റല്ലേ? ഒന്നര ലക്ഷത്തോളംപേര്‍ കോട്ടയം രൂപതയുടെ ഈ കിരാതമായ പുറത്താക്കല്‍നടപടി വഴി പീഡിപ്പിക്കപ്പെട്ടുകഴിഞ്ഞു. അനേകം യുവതീയുവാക്കള്‍ ഈ ക്രൂരമായ പീഡനം ഭയന്ന് വിവാഹിതരാകാതെ കഴിയുന്നു. ദത്തെടുക്കുന്ന കുട്ടികളെ രൂപതയില്‍ ചേര്‍ക്കാത്തതുകൊണ്ട് അനേകം കുടുംബങ്ങള്‍ പ്രതിസന്ധിയിലാണ്. വിഭാഗീയതയുടെപേരില്‍ 90% കുടുംബങ്ങളിലും അസമാധാനം നിലനില്ക്കുന്നു. കോട്ടയം രൂപതയുടെ പുറത്താക്കല്‍ നടപടി തിരുത്തുന്നതിനോ തിരുത്തിക്കുന്നതിനോ, സീറോമലബാര്‍ മേലദ്ധ്യക്ഷന്മാരോ, മറ്റ് റീത്തുകളിലെ മെത്രാന്മാരോ വൈദികരോ ആരും തയ്യാറാവുന്നില്ല. മറിച്ച്, അവര്‍ കോട്ടയം രൂപതയില്‍നിന്നു വീണുകിട്ടുന്ന സാമ്പത്തികഅപ്പക്കഷണങ്ങള്‍ തിന്ന് അവയെ പ്രോത്സാഹിപ്പിക്കുകയാണ്.
ഏറ്റവും സ്‌നേഹമുള്ള കോട്ടയം രൂപതാംഗങ്ങളേ, സീറോ-മലബാര്‍ സഭയിലെ വിശ്വാസിസമൂഹങ്ങളേ, വി. കുര്‍ബ്ബാനയില്‍ ദിവസവും എല്ലാ കത്തോലിക്കാ പുരോഹിതന്മാരും കൂദാശാവചനങ്ങള്‍ക്കു മുന്‍പായി ചൊല്ലുന്ന ഒരു കൃതജ്ഞതാസ്‌തോത്ര പ്രാര്‍ത്ഥനയുണ്ട്. അതിലെ രണ്ടു വാചകം ഇവിടെ കുറിക്കട്ടെ. ''അങ്ങയോടുള്ള സമാനത നിലനിര്‍ത്തേണ്ടത് കാര്യമായി പരിഗണിക്കാതെ അവിടുന്നു തന്നെ ശൂന്യനാക്കി ദാസന്റെ രൂപം സ്വീകരിച്ച് വിവേകവും ബുദ്ധിയുമുള്ള അമര്‍ത്യമായ ആത്മാവോടും മര്‍ത്യമായ ശരീരത്തോടുംകൂടെ പരിപൂര്‍ണ്ണമനുഷ്യനായി സ്ത്രീയില്‍നിന്നു ജാതനായി, 'നിയമത്തിന് അധീനരായവരെ ഉദ്ധരിക്കാന്‍ നിയമത്തിനു വിധേയനാകുകയും' ഞങ്ങളുടെ രക്ഷയുടെ സ്മാരകം ഏര്‍പ്പെടു ത്തുകയും ചെയ്തു.''
ഈ പ്രാര്‍ത്ഥന പ്രവൃത്തിയില്‍ കാണി ച്ചുതരേണ്ട ഉത്തരവാദിത്വം നമ്മുടെ ബഹു. പുരോഹിതരുടേതാണ്? കോട്ടയം രൂപതയുടെ സ്വവംശവിവാഹനിഷ്ഠയും അതിന്റെപേരില്‍ നടത്തുന്ന പുറത്താക്കല്‍നടപടിയും ദത്തെടു ക്കുന്ന കുട്ടികളോടുള്ള അവഗണനയും നിയമ ത്തിനെതിരാണെന്ന് കേരളത്തിന്റെ  പരമോന്ന തകോടതി വിധിച്ചിരിക്കുകയാണ്. കോടതിവിധി മാനിച്ചെങ്കിലും നടപടി നിര്‍ത്തലാക്കേണ്ടതല്ലേ? ഇത് നിര്‍ത്തലാക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ഒരു ആവശ്യമല്ലേ? എന്‍ഡോഗമി നിര്‍ബന്ധമാക്കാതിരുന്നാല്‍ അതിന്റെ പേരില്‍ രൂപതയ്ക്ക് യാതൊരു ദോഷവും സംഭവിക്കുകയില്ല എന്നുമാത്രമല്ല കുടുംബങ്ങളിലെ അസമാധാനത്തിന് ശാശ്വതപരിഹാരമാകുകയും, ശുഷ്‌കിച്ചുവരുന്ന അംഗസംഖ്യയില്‍നിന്ന് വളര്‍ച്ച നേടുകയും ചെയ്യാം.
ചിന്തിക്കുക, പ്രതികരിക്കുക, ധീരരാവുക!
ക്‌നാനായകത്തോലിക്കാ നവീകരണ സമിതിക്കുവേണ്ടി,                   
റ്റി.ഒ. ജോസഫ് (പ്രസിഡന്റ്) ഫോണ്‍: 9447056146

ലൂക്കോസ് മാത്യു കെ. (ജന. സെക്രട്ടറി) ഫോണ്‍: 9447507584

No comments:

Post a Comment