Translate

Thursday, May 18, 2017

സെക്കുലറിസവും മതവും (ഭാഗം രണ്ട്)

For the first part visit 

http://almayasabdam.blogspot.in/2017/05/blog-post_12.html
റവ.ഡോ.ജെ. ഔസേപ്പറമ്പില്‍
(തുടര്‍ച്ച)

''അഹിംസാ സത്യമസ്‌തേയം ശൗചമിദ്രിയനിഗ്രഹം
ഏതേസാമാസികംധര്‍മ്മം ചാതുര്‍വരണ്യേ അബ്രവീദ്'' (മനു: 10.63)
അഹിംസ, സത്യം, അസ്‌തേയം, ശൗചം, ഇന്ദ്രിയനിഗ്രഹം ഇതാണ് നാലുജാതികള്‍ക്കുമുള്ള പൊതുവായ മതം എന്ന് മനു പറഞ്ഞു. ഈ അഞ്ചുകാര്യങ്ങളും അനുവര്‍ത്തിച്ചാല്‍ ഒരുവന്‍ മതജീവിയായിരിക്കും; അല്ലെങ്കില്‍ കള്ളന്‍. മതത്തിലെ ഏതാചാരാനുഷ്ഠാനങ്ങളും ഏതു കള്ളനും അനുവര്‍ത്തിക്കാം. കള്ളസന്യാസികളും മതാധികാരികളും എത്രവേണമെങ്കിലും സുലഭമാണല്ലോ! സെക്കുലറിസം എല്ലാവര്‍ക്കും പൊതുവായുള്ള മതവും വ്യക്തിഗതമതങ്ങള്‍ സ്വകാര്യമതങ്ങളുമാണ്. വ്യക്തിഗതമതാചാരങ്ങള്‍ പൊതുവായ മതജീവിതത്തെ തടസ്സപ്പെടുത്തരുത്. വ്യക്തിഗതമതാചാരാങ്ങള്‍ അധര്‍മ്മമല്ലെങ്കിലും പൊതുവായ സാമൂഹികജീവിതത്തെ അലോസരപ്പെടുത്തരുത്. വ്യക്തിഗതമതാചാരങ്ങളെ പൊതുവായ മതജീവിതം നിയന്ത്രിക്കണം. അതുപോലെതന്നെ, ഒരു മതത്തിനും മറ്റു മതസത്യങ്ങളെ നിഷേധിക്കാനാവില്ല. അതു സ്വയം നശീകരണമായിരിക്കും. സത്യത്തിന്റെ ഉരകല്ല് സെക്കുലറിസമാണ്. സെക്കുലറിസം നിരാകരിക്കുന്ന ഒരു സത്യവും മതഭാഗമാകില്ല.
പ്രവാചകമതങ്ങള്‍ (Prophetic Religions)
ദൈവവും കൂദാശകളും ആചാരാനുഷ്ഠാനങ്ങളും പൗരോഹിത്യവും വ്യക്തിഗതമതഭാഗങ്ങളാണ്. അവ മതത്തിന്റെ സത്തയെ ബാധിക്കുകയില്ല. വെളിപാടു പുസ്തകങ്ങളുള്ള കുറച്ചു മതങ്ങളില്‍മാത്രമേ ദൈവങ്ങളുള്ളൂ. ലക്ഷക്കണക്കിനു മതങ്ങളുണ്ട്. അഞ്ചോ ആറോ മതങ്ങളില്‍മാത്രമേ ദൈവങ്ങളുള്ളൂ. ബുദ്ധമതത്തിന് വെളിപാടുപുസ്തകങ്ങളുണ്ടെങ്കിലും ദൈവമില്ല. കൗടില്യന്‍ തന്റെ അര്‍ദ്ധശാസ്ത്രത്തിന്റെ മുഖവുരയില്‍ അന്വീക്ഷികീ അഥവാ മോക്ഷശാസ്ത്രത്തെപ്പറ്റി പറയുന്നുണ്ട്. മോക്ഷശാസ്ത്രത്തിന് മൂന്നുദാഹരണങ്ങളാണ് കൊടുത്തിരിക്കുന്നത് -സാംഖ്യ, യോഗ, ലോകായത (metrialism). സാംഖ്യസിദ്ധാന്തത്തില്‍ സര്‍വാതിശായിത്വം അഥവാ ഗഹനത (transcendence) ഉണ്ട്, പക്ഷേ ദൈവമില്ല. യോഗസിദ്ധാന്തത്തില്‍ സര്‍വാതിശായിത്വവും ദൈവവുമുണ്ട്. ലോകായതയില്‍ സര്‍വാതിശായിത്വവും ദൈവവുമില്ല. ഇതു മൂന്നും മോക്ഷശാസ്ത്രമാണ്. നിരീശ്വരത്വവും മോക്ഷവും സമന്വയിക്കുന്നതാണെന്ന് ഫ്രാന്‍സീസ് പാപ്പാ പറയുന്നതിന് എത്രയോമുമ്പ് കൗടില്യന്‍ അത് എഴുതിവച്ചു. ഇന്നത്തെ കത്തോലിക്കാപുരോഹിതരും കൂദാശകളും ആചാരാനുഷ്ഠാനങ്ങളും ക്രിസ്തുവിന്റെ ഭൗതികമതത്തിലെ പുണ്ണും പരുവും വ്രണങ്ങളും അവ പൊട്ടുമ്പോഴത്തെ ദുര്‍ഗന്ധം വമിക്കുന്ന ചലവുമാണ്. മതാചാരങ്ങള്‍ ധനാഗമമാര്‍ഗ്ഗവുമായി ബന്ധപ്പെടുമ്പോള്‍ ഉണ്ടാകുന്ന ദുര്‍ഗതിയാണിത്. മതം നല്ല മുട്ടയാണ്, അത്യാഗ്രഹിയായ പുരോഹിതന്‍ അതു ചീമുട്ടയാക്കുന്നു - ചീത്ത മുട്ടയാണ് ചീമുട്ട.
ബുദ്ധിവഴി അന്തഃകരണ(consciousness) ത്തിലേക്കു ബന്ധപ്പെട്ട് അന്തഃകരണസത്തയായ മഹാന്തഃകരണത്തില്‍ - ദൈവത്തില്‍ - വിലയംനേടിയാണ് രക്ഷയുണ്ടാകുന്നത്. ''മെനഞ്ഞു നീയെന്നെ നിനക്കുവേണ്ടി, കനിഞ്ഞു നീയെന്‍ പ്രിയമുള്ള താതാ, വിശ്രാന്തിയില്ലിനി എനിക്കുചെറ്റും പ്രിയമുള്ള താതാ നിന്നില്‍ വിലയിക്കുവോളം'' എന്ന് വി. അഗസ്തീനോസ് പാടി. ബുദ്ധി മനസ്സുമായി ബന്ധപ്പെടും. മനസ്സ് പഞ്ചേന്ദ്രിയങ്ങളുമായി; പഞ്ചേന്ദ്രിയങ്ങള്‍ ലോകവുമായി ബന്ധപ്പെടും. താഴോട്ടു വരുന്ന ഈ ബന്ധങ്ങള്‍ നശ്വരമാണ്. വിശ്വാസവും ശരണവും എല്ലാ ആചാരാനുഷ്ഠാനങ്ങളും അതു പരികര്‍മ്മംചെയ്യുന്ന പൗരോഹിത്യവും നശ്വരമാണ.് ക്രിസ്തുമതത്തിന്റെ അധഃപതിച്ച രൂപമാണ് കത്തോലിക്കാസഭയും അതിന്റെ ആചാരാനുഷ്ഠാനങ്ങളും.
മതത്തിന്റെ സാര്‍വ്വത്രികമായ (universal)  ഉപപാദ്യമാണ് സെക്കുലറിയം; ഒരോ വ്യക്തിഗതമതവും അതിന്റെ വസ്തുനിഷ്ഠമായ (particular) പ്രതിപാദ്യമാണ് - പശുത്വവും പശുവുംപോലെ. പശുവിന് ഒടിവും മുറിവും രോഗങ്ങളും മരണവും ഉണ്ടാകുന്നു; പശുത്വത്തിന് അസുഖമുണ്ടാവില്ല. പശു പെറ്റുപെരുകും, വ്യക്തിഗത മതങ്ങളും-ക്രിസ്തീയസഭകള്‍പോലെ. സെക്കുലറിസം ശാശ്വതമായി ഏകമായിരിക്കും.
അന്തര്‍ഗതശക്തിയുള്ളതും പ്രവൃത്യുന്മുഖവുമായ സ്‌നേഹത്തിന്റെ പ്രവൃത്തികളാണ് എല്ലാ മതത്തിന്റെയും ശാശ്വതമോക്ഷമാര്‍ഗ്ഗം. എല്ലാ മതാനുഷ്ഠാനങ്ങളും പുണ്യകര്‍മ്മമാകണമെന്നില്ല. എല്ലാ നല്ല കര്‍മ്മങ്ങളും പുണ്യമാണ്. നല്ല പ്രവൃത്തികള്‍വഴി സ്വര്‍ഗ്ഗപിതാവിന് മഹത്വമുണ്ടാക്കണമെന്ന ഏക കല്പനയാണ് ക്രിസ്തുമതത്തിന്റെ സര്‍വവേദവിശ്വാസപ്രമാണം. സാമ്പത്തികാതിപ്രസരണമുണ്ടാക്കിയ മഹാര്‍ബുദത്തെ ഉണക്കാന്‍ നല്ല പ്രവൃത്തികളുടെ റേഡിയേഷന്‍ അടിക്കണം, ഓരോ മതഗാത്രത്തിലും.
ഭാരതീയചിന്ത നാലു ലക്ഷ്യങ്ങള്‍-പുരുഷാര്‍ത്ഥങ്ങള്‍ - ആണ് മനുഷ്യര്‍ക്കു ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അതാണ്, ധര്‍മ്മ-അര്‍ത്ഥ-കാമ-മോക്ഷങ്ങള്‍. ഇത് ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ - ശിക്ഷണപരമായ (discipline) വിധത്തില്‍ സമ്പത്തും അധികാരവും ജീവിതസുഖാസ്വാദനവും (wealth, power and pleasure) നടത്തുന്നതുവഴി മോക്ഷം നേടണമെന്നാണ്. മോക്ഷമെന്നാലെന്താണ്? കത്തോലിക്കാസഭ കാണിക്കുന്ന - വര്‍ണ്ണിക്കുന്ന - മോക്ഷം അസ്തിത്വത്തില്‍ ഇല്ല. മോക്ഷം മാനസികാവസ്ഥയാണ്. ഈ മാനസികാവസ്ഥയെ യോഗം എന്നു വിളിക്കാം. യോഗത്തിന് മൂന്നു നിര്‍വ്വചനങ്ങള്‍ ഉണ്ട്. യോഗ: ചിത്തവൃത്തിനിരോധഃ; യോഗ: കര്‍മ്മത്‌സുകൗശലം; യോഗോഹിപ്രഭവാപ്യയയൗ. അതായത്, ചിത്തവൃത്തിയുടെ നിയന്ത്രണം, പ്രവര്‍ത്തനത്തില്‍ കുശലത, നമ്മുടെ ഉദ്ഭവശ്രോതസ്സിലേക്ക് - അന്തഃകരണത്തിലേക്ക്-ഉള്ള പ്രവേശനം. ഇതു മൂന്നും അനുഭവവേദ്യമാണ്. ഈ മോക്ഷം നമ്മുടെ ജീവിതസാഹചര്യത്തില്‍ ആസ്വദിക്കാനുള്ളതാണ്. ഇത് സമ്പത്തും അധികാരവും മറ്റ് ആസ്വാദ്യങ്ങളും ആത്മനിയന്ത്രണത്തോടെ, നമുക്ക് അര്‍ഹതയുള്ളിടത്തോളംമാത്രം, ആസ്വദിക്കുന്ന അവസ്ഥയാണ്. ദൈവവും മതാചാരങ്ങളും അതിന്റെ ഭാഗമല്ല. സെക്കുലറിസം നല്‍കുന്ന മോക്ഷമാണ് ഏറ്റവും സാര്‍വ്വത്രികമായ മോക്ഷം. പുണ്യവാളികളും പുണ്യവാളന്മാരും ഉള്ള മോക്ഷം രണ്ടു തുട്ടുണ്ടാക്കാനായി കത്തോലിക്കാസഭയുണ്ടാക്കിയ മോക്ഷമാണ്; വിശ്വാസികളുടെ കാശടിച്ചെടുക്കാനുള്ള ചെപ്പടിവിദ്യ! കത്തോലിക്കാസഭയുടെ മോക്ഷത്തെയും ദൈവത്തെയും പറ്റിയാവാം, - രണ്ടു തുട്ടേകിയാല്‍ ചുണ്ടില്‍ ചിരിവരും തെണ്ടിയല്ലേ മതം തീര്‍ത്ത ദൈവം!' എന്നു ചങ്ങമ്പുഴ പാടിയത്. ദൈവവും മോക്ഷവും നമ്മള്‍ പ്രാപിക്കേണ്ട ലക്ഷ്യങ്ങളാണ്. മതം ഈ ലക്ഷ്യങ്ങളെ ധനസമ്പാദനമാര്‍ഗ്ഗമാക്കി. വ്യക്തിഗതമതങ്ങള്‍ക്ക് മാര്‍ഗ്ഗമേയുള്ളൂ, ലക്ഷ്യം പോയി. 'മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു' എന്നു വയലാര്‍ പാടിയത് സെക്കുലറിസത്തിന്റെ ഗാനാവിഷ്‌കാരമാണ്.
അപൗരുഷേയ വെളിപാടിന് സാധാരണ പറയുന്ന പേര് പ്രകൃതിനിയമം - പ്രാകൃതികസത്യം (natural revelation) എന്നാണ്. എഴുതപ്പെട്ടിട്ടുള്ള വെളിപാടുകളെല്ലാം അപൗരുഷേയ വെളിപാടിന്റെ ചെറിയ ഒരംശം മാത്രമാണ്. വി. ഗ്രന്ഥവ്യഖ്യാനത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍, വി. ഗ്രന്ഥത്തിനു വെളിയില്‍ അനന്തമായിക്കിടക്കുന്ന അപൗരുഷേയ വെളിപാടിലേക്കു നോക്കിമാത്രമേ കാര്യങ്ങള്‍ സുഗ്രഹമാക്കാന്‍ പറ്റൂ. സഭ ഒന്നും വ്യാഖ്യാനിക്കത്തില്ല. സഭയെന്നത് വിശ്വാസികളുടെ മാനസിക കൂട്ടായ്മയാണ്. കൂട്ടായ്മ വ്യാഖ്യാനിക്കില്ല. വേദഗ്രന്ഥങ്ങളും ഭരണഘടനയും ധാര്‍മ്മികതയും വ്യാഖ്യാനിക്കപ്പെടുന്നത് അന്തിമമായി അപൗരുഷേയ വെളിപാടിനെ (natural revelation) അടിസ്ഥാനമാക്കിയാണ്.
U.K-യ്ക്ക് എഴുതപ്പെട്ട ഭരണഘടനയില്ല. ഇന്ത്യയ്ക്കും USA.യ്ക്കും എഴുതപ്പെട്ട വിപുലമായ ഭരണഘടനയുണ്ട്. എന്നാല്‍ ഒരു ഭരണഘടനയ്ക്കും കോടതിയില്‍ വരുന്ന വിവിധങ്ങളായ നിയമപ്രശ്‌നങ്ങളെ മുന്‍കൂട്ടി കണ്ട് അവയെല്ലാം ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കാനാവില്ല. എന്നാല്‍, ഭരണഘടന വ്യക്തമായി പറയാത്ത കാര്യങ്ങളില്‍ ന്യായാധിപനു വിധി പറയേണ്ടിവരും. കീഴ്‌ക്കോടതികള്‍ ഒന്നുംതന്നെ പുതിയ നിയമവ്യാഖ്യാനങ്ങള്‍ നല്‍കാറില്ല. ഹൈക്കോടതികളും സുപ്രീംകോടതിയും പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ നിര്‍ബന്ധിതമാകും. പ്രശ്‌നങ്ങളിലേക്കുള്ള ഉള്‍ക്കാഴ്ച നല്‍കുന്നത് അപൗരുഷേയവെളിപാടാണ്.

ഫോണ്‍: 9822256275

No comments:

Post a Comment