Translate

Wednesday, April 19, 2017

നസ്രാണി കത്തോലിക്കാസഭയിലെ പ്രശ്‌നങ്ങള്‍ക്കുപിന്നില്‍ - ഒരു ചരിത്രാവലോകനം

ജോര്‍ജ് മൂലേച്ചാലില്‍

(എഡിറ്റോറിയല്‍, സത്യജ്വാല ഏപില്‍ 2017)

എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ തോമസ് അപ്പോസ്തലനാല്‍ ഭാരതത്തില്‍ ക്രിസ്തുമതം സ്ഥാപിതമായി എന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു. 'നസ്രാണി സഭ' എന്നായിരുന്നു ഈ സഭ അറിയപ്പെട്ടിരുന്നത്. ക്രിസ്തുമതദര്‍ശനങ്ങളെ ഭാരതീയ സാംസ്‌കാരികഭൂമികയോട് അനുരൂപപ്പെടുത്തിക്കൊണ്ടായിരുന്നു ഈ സഭ നിലനിന്നത്.
സഭയുടെ സാമൂഹികരൂപം
യേശു പ്രസംഗിച്ചത് ദൈവരാജ്യവും, പഠിപ്പിച്ചത് അതിന്റെ സനാതനനിയമങ്ങളുമായിരുന്നുവല്ലോ.  'എന്റെ രാജ്യം ഐഹികമല്ല' എന്നു പ്രഖ്യാപിച്ച 'അവിടുത്തെ രാജ്യം' ഈ ലോകത്തു സമാഗതമാക്കാന്‍ ഐഹികനിയമങ്ങള്‍ മതിയാകുമായിരുന്നില്ല. അതുവരെ നിലവിലിരുന്ന എല്ലാ നിയമങ്ങളുടെയും അന്തഃസത്തയെ വെളിയില്‍ കൊണ്ടുവരുന്ന, അവയുടെയെല്ലാം പൂര്‍ത്തീകരണമായ, സ്‌നേഹത്തിന്റെ നിയമത്തെ ആധാരമാക്കിക്കൊണ്ടേ ദൈവരാജ്യസംസ്ഥാപനം സാധ്യമാകുമായിരുന്നുള്ളൂ. അതിനാല്‍, പ്രബലര്‍ അധികാരം ഭരിക്കുന്ന സാമ്പ്രദായികരീതിക്കുപകരം, അവരെ മറ്റുള്ളവരുടെ ശുശ്രൂഷകരാക്കുന്ന സ്‌നേഹത്തിന്റേതായ ആന്തരനിയമം അവിടുന്നു സ്ഥാപിച്ചു. തന്റെ സഭയില്‍, അധികാരസംവിധാനത്തിനുപകരം സ്‌നേഹപ്രചോദിതമായ ശുശ്രൂഷാസംവിധാനമായിരിക്കണമെന്ന് യേശു കല്പിച്ചു (ലൂക്കോ. 9:48, 22:24-27, മര്‍ക്കോ. 9:35-36, മത്താ. 20: 25-28). അങ്ങനെ അധികാരികള്‍ അടിച്ചേല്‍പ്പിക്കുന്ന ബാഹ്യമായ എല്ലാ നിയമങ്ങളില്‍നിന്നും അവിടുന്ന് വിശ്വാസികളെ സ്വതന്ത്രരാക്കുകയും, ഭരണീയര്‍ എന്ന നിലയില്‍നിന്ന് അവരെ ഒരു 'രാജകീയഗണ'മാക്കി ഉയര്‍ത്തുകയുംചെയ്തു. ആദിമക്രൈസ്തവസഭയെപ്പറ്റിയുള്ള ബൈബിള്‍പരാമര്‍ശങ്ങള്‍ ഇവയെല്ലാം വ്യക്തമാക്കുന്നുണ്ട്.
സഭ ഭാരതത്തില്‍
ആദിമസഭയിലെന്നതുപോലെ ഭാരതനസ്രാണികളുടെ സഭാസമ്പ്രദായവും അധികാരകേന്ദ്രീകൃതമായിരുന്നില്ല; ശുശ്രൂഷാകേന്ദ്രീകൃതമായിരുന്നു. ആദ്ധ്യാത്മികപ്രബോധകരെയും പ്രാര്‍ത്ഥനാനുഷ്ഠാനങ്ങള്‍ക്കു നേതൃത്വംനല്‍കിയിരുന്നവരെയും സഭയുടെ ആദ്ധ്യാത്മികശുശ്രൂഷകരായാണ്, അധികാരികളായല്ല പരിഗണിച്ചിരുന്നത്. 'കത്തനാരന്മാര്‍' എന്നു വിളിച്ചുപോന്ന അവര്‍ക്കോ, ആദ്യത്തെ ഏതാനും നൂറ്റാണ്ടുകള്‍ക്കുശേഷം കല്‍ദായദേശത്തുനിന്നുമുള്ള കുടിയേറ്റക്കാര്‍ക്കുവേണ്ടി അവിടെനിന്ന് ഇവിടെ എത്തിയിരുന്ന മെത്രാന്മാര്‍ക്കോ, ഈ സഭയുടെമേല്‍ യാതൊരുവിധ ഭൗതികാധികാരവുമില്ലായിരുന്നു. സഭയുടെ ഭൗതികകാര്യങ്ങളുടെ കൈകാര്യകര്‍ത്തൃത്വം നിക്ഷിപ്തമായിരുന്നത് വിശ്വാസിസമൂഹത്തില്‍ത്തന്നെ ആയിരുന്നു. മുഴുവന്‍ കുടുംബനാഥന്മാരും ഉള്‍പ്പെട്ട ഇടവകയോഗത്തിനായിരുന്നു ഓരോ ഇടവകയുടെയുംമേല്‍ പരമാധികാരം. ഈ യോഗം കാലാകാലങ്ങളില്‍ നിയോഗിക്കുന്ന പള്ളിയോഗമാണ് ഇടവകയുടെ ദൈനംദിന ഭരണകാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത്. കത്തനാരന്മാരെ സംബന്ധിച്ചുള്ളതുള്‍പ്പെടെ, ഇടവകയുടേതായ എല്ലാക്കാര്യങ്ങളും ആലോചിച്ചു നടപ്പാക്കിയിരുന്നത് സഭാത്മകമായ ഈ സംവിധാനത്തിലൂടെയായിരുന്നു. ഏതാനും ഇടവകകളുടെ പൊതുവായതോ, നസ്രാണിസഭയുടെ മൊത്തത്തിലുള്ളതോ ആയ പ്രശ്‌നങ്ങള്‍ ആലോചിച്ചു കൈകാര്യംചെയ്യാന്‍ എല്ലാ പള്ളികളുടെയും പ്രാതിനിധ്യമുള്ള 'പള്ളിപ്രതിപുരുഷയോഗം' എന്നൊരു സമിതിയും, അതിന് അദ്ധ്യക്ഷനായി 'ജാതിക്കു കര്‍ത്തവ്യന്‍' എന്ന പേരില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഒരു സഭാമൂപ്പനും ഈ സഭയ്ക്കുണ്ടായിരുന്നു.
വിശ്വാസികളുടെ സുവിശേഷാധിഷ്ഠിതമായ രാജകീയപദവിയും സജീവമായ സഭാഭാഗഭാഗിത്വവും ഉറപ്പുവരുത്തിയ ഈ സഭാസംവിധാനം പതിനാറു നൂറ്റാണ്ടുകാലത്തോളം നിലനിര്‍ത്തിയ ലോകത്തിലെ ഏകസഭയാണ് ഭാരതനസ്രാണിസഭ. റോമന്‍ സാമ്രാജ്യപരിധിയില്‍ വളര്‍ന്ന മറ്റുസഭകളിലെല്ലാം വെറും മൂന്നു നൂറ്റാണ്ടുകാലംമാത്രമേ യേശു ഉപദേശിച്ച ഈ സഭാത്മകസംവിധാനം നിലനില്‍ക്കുകയുണ്ടായുള്ളൂ. കാരണം, ക്രിസ്തുമതത്തിനെതിരെയുള്ള പീഡനനയം പരാജയമെന്നുകണ്ട് പ്രീണനനയം സ്വീകരിച്ച റോമന്‍ ചക്രവര്‍ത്തിമാരുടെ കൈകളിലേക്ക് അവിടങ്ങളിലെ സഭകള്‍ വഴുതിവീഴുകയും, അങ്ങനെ സാമ്രാജ്യത്വപരമായ അധികാരഘടന സഭയിലേക്ക് സന്നിവേശിക്കപ്പെടുകയുംചെയ്തു. അക്രൈസ്തവമായ ഈ അധികാരഘടനയുടെ ഭാഗങ്ങളായി, മെത്രാന്‍, മെത്രാപ്പോലീത്താ മുതലായ അധികാരപദവികളുണ്ടാവുകയും പ്രത്യേക ഭരണപ്രദേശങ്ങള്‍ അവര്‍ക്ക് ഭരണത്തിനായി ലഭ്യമാകുകയും ചെയ്തു.
ലോകത്തില്‍, മറ്റെല്ലാ ക്രൈസ്തവസഭകളും ഈ റോമന്‍ സാമ്രാജ്യത്വഘടനയിലേക്ക് ആദ്യനൂറ്റാണ്ടുകളില്‍ത്തന്നെ വഴുതിവീണിരുന്നിട്ടും, കല്‍ദായസുറിയാനി മെത്രാന്മാരുടെ ആദ്ധ്യാത്മികാധിപത്യത്തിന്‍കീഴില്‍ നസ്രാണിസഭ കുറെയൊക്കെ അമര്‍ന്നിരുന്നിട്ടും, സര്‍വ്വോപരി ആ കാലഘട്ടത്തില്‍ കേരളമുള്‍പ്പെടെ മുഴുവന്‍ ഭാരതത്തിലും ബ്രാഹ്മണപൗരോഹിത്യവ്യവസ്ഥ കൊടികുത്തി വാണിരുന്നിട്ടും ഭാരതനസ്രാണികള്‍ക്ക് ക്രൈസ്തവമായ ഒരു സഭാസമ്പ്രദായം അഭംഗുരം നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നത് ഭാരതക്രൈസ്തവര്‍ക്കാകെ അഭിമാനിക്കാവുന്ന ഒരു ചരിത്രയാഥാര്‍ത്ഥ്യമാണ്. ഈ സഭാപാരമ്പര്യത്തിന്റെ പിന്നിലുണ്ടായിരുന്ന അലിഖിതനിയമത്തെ 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും' (Law of Thomas) എന്നു വിളിച്ചുപോരുന്നു.
നാമിന്നറിയുന്ന ക്രിസ്തുമതത്തിന്റെ വ്യവസ്ഥാപിതരൂപങ്ങള്‍ റോമന്‍ സാമ്രാജ്യത്വഭരണസമ്പ്രദായത്തിന്റെ മൂശയിലൂടെ രൂപപ്പെട്ടവയാണ്. അതുകൊണ്ടാണ്, വിശ്വാസികളുടെ കൂട്ടായ്മകളില്‍ നിക്ഷിപ്തമായിരിക്കേണ്ട വികേന്ദ്രീകൃത സഭാസംവിധാനത്തിനുപകരം, പുരോഹിതാധിഷ്ഠിതവും അധികാരകേന്ദ്രീകൃതവുമായ സഭാഭരണരീതി അവയ്ക്കുണ്ടായത്. പുരോഹിതനേതൃത്വത്തിന്റെ രാജകീയാധികാരം ഉറപ്പിക്കുന്നതിനും, അവര്‍ക്ക് യഥേഷ്ടം സമ്പത്താര്‍ജ്ജിക്കാനുള്ള സാഹചര്യം ലഭ്യമാക്കുന്നതിനുമായി അവര്‍തന്നെ സഭാനിമയങ്ങള്‍ക്കു രൂപംകൊടുത്തു. അതാണ് 'കാനോന്‍ നിയമം'. ബ്രാഹ്മണര്‍ അവര്‍ക്കുവേണ്ടി ഉണ്ടാക്കിയ മനുസ്മൃതിയോടു കിടപിടിക്കുന്ന ഒരു നിയമസംഹിതയാണിത്.
സാമ്രാജ്യത്വമുഖത്തോടുകൂടിയ ഈ റോമന്‍ കത്തോലിക്കാസഭയുമായി ഭാരതനസ്രാണികള്‍ ബന്ധപ്പെടുന്നത് 1498-ല്‍ വാസ്‌കോ ഡി ഗാമയുടെ ആഗമനത്തോടെ ആയിരുന്നു. തുടര്‍ന്ന്, പോര്‍ട്ടുഗീസ് മിഷനറിമാര്‍ ഈ സഭയില്‍ നടത്തിയ ഇടപെടലുകള്‍ ബൈബിളധിഷ്ഠിതമായി ഇവിടെ നിലനിന്നിരുന്ന സഭാഘടന തകിടംമറിയാനിടയാക്കുകയും അതുവരെ ഒന്നായിരുന്ന ഇവിടുത്തെ നസ്രാണിസഭയെ പലതായി ചിതറിക്കുകയുംചെയ്തു. ഇവയില്‍ കത്തോലിക്കാസഭയുടെകൂടെ നിന്ന വിഭാഗമാണ് ഇന്നത്തെ സീറോ-മലബാര്‍ സഭ. നസ്രാണിസഭയില്‍ അതുവരെ നിലനിന്നിരുന്ന സഭാസമ്പ്രദായത്തെ പോര്‍ട്ടുഗീസ്-റോമന്‍ അച്ചുതണ്ട്, പടിപടിയായി മെത്രാന്‍ഭരണസമ്പ്രദായത്തിലേക്കു നയിച്ചു. പിന്നീടു വന്ന നാട്ടുമെത്രാന്മാരും, തങ്ങള്‍ക്കു കൈവന്ന പദവിയും അധികാരങ്ങളും നിലനിര്‍ത്താന്‍വേണ്ടി, അതേ നയംതന്നെ തുടര്‍ന്നു. എങ്കിലും, അടുത്തകാലംവരെ ഈ സഭയുടെ തനിമയും ആണിക്കല്ലുമായ പള്ളിയോഗത്തിനുള്ള പ്രസക്തി കുറെയെങ്കിലും നിലനിന്നിരുന്നു.
പൗരസ്ത്യകാനോന്‍ നിയമം
ഈ സഭ ലത്തീന്‍ റീത്തില്‍ അല്ലാതിരുന്നതിനാല്‍ പാശ്ചാത്യകാനോന്‍നിയമം നസ്രാണിസഭയ്ക്കു ബാധകമായിരുന്നില്ല എന്നതാണ്, പള്ളിയോഗസമ്പ്രദായം ഇവിടെ കുറെയെങ്കിലും നിലനില്‍ക്കാന്‍ കാരണമായത്. എന്നാല്‍, 1991-ല്‍ അലക്‌സാണ്ഡ്ര്യ, അന്ത്യോക്യ, അര്‍മീനിയ, കാല്‍ഡിയ, കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നീ സഭകളിലേതെങ്കിലുമൊന്നിന്റെ പാരമ്പര്യമുള്ള പൗരസ്ത്യസഭകള്‍ക്കുവേണ്ടി ഒരു കാനോന്‍നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നു. അതാണ് പൗരസ്ത്യകാനോന്‍നിയമം. വാസ്തവത്തില്‍, ഈ കാനോന്‍നിയമം ഭാരതനസ്രാണിസഭയ്ക്കു ബാധകമല്ല. കാരണം, മുകളില്‍ പറഞ്ഞിട്ടുള്ള ഒരു സഭയുടെയും പാരമ്പര്യമല്ല ഈ സഭയ്ക്കുള്ളത്. എന്നാല്‍, ഈ സഭയുടെമേല്‍ അധികാരമുറപ്പിക്കാന്‍ കച്ചകെട്ടിയിരുന്ന റോമിലെ പൗരസ്ത്യസംഘം, കല്‍ദായസഭയുമായി ഈ സഭയ്ക്ക് ഇടക്കാലത്തുണ്ടായിരുന്ന ബന്ധത്തിന്റെ മറവില്‍, ആ സഭയുടെ പുത്രീസഭയായി വ്യാഖ്യാനിച്ചുകൊണ്ട് പൗരസ്ത്യകാനോന്‍നിയമം ഭാരതനസ്രാണിസഭയ്ക്കുകൂടി ബാധകമാക്കി. ഈ നടപടിക്കെതിരെ വിശ്വാസികളുടെ ഭാഗത്തുനിന്നു വ്യാപകമായ പ്രതിഷേധമുണ്ടായി. പ്രതിഷേധം രണ്ടുമൂന്നു കാര്യങ്ങളെ ഊന്നിയായിരുന്നു: 1) പൗരസ്ത്യറോമന്‍ സാമ്രാജ്യത്തില്‍ ജന്മംകൊണ്ടതോ, അവിടുത്തെ ഏതെങ്കിലും സഭ ജന്മംകൊടുത്തതോ ആയ സഭകളാണ് പൗരസ്ത്യസഭകള്‍ എന്നിരിക്കേ, ഭാരതത്തില്‍ സ്വതന്ത്രമായി രൂപംകൊണ്ട ഭാരതത്തിലെ അപ്പോസ്തലികസഭ പൗരസ്ത്യസഭാഗണത്തില്‍ ഉള്‍പ്പെടുന്നില്ല. 2) ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ സ്ഥാപിതമായ നസ്രാണിസഭയെ രണ്ടാം നൂറ്റാണ്ടിലോ മൂന്നാം നൂറ്റാണ്ടിലോമാത്രം രൂപംകൊണ്ട കല്‍ദായസഭയുടെ പുത്രീസഭയാക്കുന്നത് അയുക്തികമാണ്. 3) തനതു പൈതൃകവും വ്യക്തിത്വവുമുള്ള ഭാരതനസ്രാണി കത്തോലിക്കാസഭയ്ക്ക്, (സീറോ-മലബാര്‍ സഭയ്ക്ക്) രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദ്ദേശങ്ങളനുസരിച്ച്, തനതു പൂര്‍വ്വപാരമ്പര്യമായ 'മാര്‍ത്തോമ്മായുടെ നിയമ'ത്തിലേക്കും അതിനനുസൃതമായ സഭാഘടനയിലേക്കും മടങ്ങിപ്പോകാന്‍ അവകാശവും കടമയുമുണ്ട്. എന്നാല്‍ ഈ വാദങ്ങളും അവയിലൂന്നിയുള്ള നിരവധി നിവേദനങ്ങളും സഭാധികാരത്തിന്റെ ബധിരകര്‍ണ്ണങ്ങളിലാണ് പതിച്ചത്.
പൗരസ്ത്യകാനോന്‍നിയമം പാശ്ചാത്യകാനോന്‍നിയമത്തിന്റെ പരിഷ്‌ക്കരിച്ച മറ്റൊരു പതിപ്പുമാത്രമാണ്. വാസ്തവത്തില്‍, 'പൗരസ്ത്യം' എന്നു പേരുവിളിച്ചുകൊണ്ട് സാംസ്‌കാരികവ്യതിരിക്തത പുലര്‍ത്തുന്ന എല്ലാസഭകളെയും ഫലത്തില്‍ പാശ്ചാത്യവല്‍ക്കരിക്കുകയാണതു ചെയ്യുന്നത്. പാശ്ചാത്യസഭാഘടനയുടെ ആണിക്കല്ല് മെത്രാനാധിപത്യമാണ്. പാശ്ചാത്യസഭാമോഡലിലുള്ള മെത്രാന്റെ ഈ അധികാരത്തെത്തന്നെയാണ് പൗരസ്ത്യകാനോന്‍നിയമവും വ്യവസ്ഥാപിക്കുന്നത്. ഉദാഹരണത്തിന്, മെത്രാന്റെ സ്ഥാനത്തെക്കുറിച്ചും അധികാരത്തെക്കുറിച്ചുമുള്ള പ്രസക്തവകുപ്പുകള്‍ കാണുക: ''ക്രിസ്തുവിന്റെ വികാരിയും പ്രതിനിധിയും എന്ന നിലയ്ക്ക് രൂപതാമെത്രാന്‍, അജപാലനത്തിനായി തനിക്കേല്‍പ്പിക്കപ്പെട്ടിരിക്കന്ന രൂപതയെ, തന്റെ സ്വന്തം നാമത്തില്‍ ഭരിക്കുന്നു. ക്രിസ്തുവിന്റെപേരില്‍ വ്യക്തിപരമായി മെത്രാന്‍ പ്രയോഗിക്കുന്ന ഈ അധികാരം ശരിയായതും നിയമാനുസൃതവും ഉടനടി നടപ്പില്‍ വരുന്നതുമാണ്'' (178-ാം വകുപ്പ്). ''രൂപതാമെത്രാന്‍ തന്നെ ഭരമേല്‍പ്പിച്ചിരിക്കുന്ന രൂപതയെ, നിയമനിര്‍മ്മാണധികാരത്തോടും നിയമനിര്‍വ്വഹണാധികാരത്തോടും നിയമവ്യാഖ്യാനാധികാരത്തോടുംകൂടി ഭരിക്കുന്നു'' (191-ാം വകുപ്പ്).
നസ്രാണികത്തോലിക്കാസഭ, സ്വയംഭരണാധികാരമുള്ള ഒരു വ്യക്തിസഭയാണ് എന്നാണു വെയ്പ്. എന്നാല്‍ ഇത്രയും അധികാരകേന്ദ്രീകൃതമായ ഒരു നിയമത്തിന്‍കീഴില്‍, വിശ്വാസികളുടെ സമൂഹമായ സഭയ്ക്ക് സ്വയംഭരണാവകാശമുണ്ടാവുക അസാദ്ധ്യമാണല്ലോ. 'സഭ'യെന്നാല്‍ മെത്രാനും മെത്രാന്‍ സംഘവുമാണെന്ന പാശ്ചാത്യസഭാസങ്കല്പംതന്നെയാണ്, വാസ്തവത്തില്‍ പൗരസ്ത്യകാനോന്‍നിയമത്തിലും പ്രതിഫലിക്കുന്നത്. എന്നാല്‍, ഭാരതനസ്രാണികളുടെ സഭാസങ്കല്പം, ബൈബിളിലെയെന്നപോലെ, 'വിശ്വാസികളുടെ കൂട്ടായ്മയാണ് സഭ' എന്നതായിരുന്നു.
പര്‍ട്ടിക്കുലര്‍ ലോ
പൗരസ്ത്യകാനോന്‍നിയമത്തിന് വിധേയമായിക്കൊണ്ടാണെങ്കിലും, ഒരു 'മേജര്‍ എപ്പിസ്‌ക്കോപ്പല്‍ സഭ'യെന്ന നിലയില്‍ സീറോ-മലബാര്‍സഭ പ്രത്യേകമായ തനതുനിയമങ്ങള്‍ (Particular law) ക്കു രൂപംകൊടുക്കുമ്പോള്‍, നസ്രാണിപള്ളിയോഗത്തിന്റെ തനിമയെപ്പറ്റിയും അതിനടിസ്ഥാനമായിരിക്കുന്ന 'മാര്‍ത്തോമ്മായുടെ നിയമം' എന്ന ഈ സഭയുടെ അപ്പോസ്തലികപാരമ്പര്യത്തെപ്പറ്റിയും ബോധ്യമുള്ള ഈ സഭയിലെ മെത്രാന്മാര്‍ അതിന്റെ പുനഃസ്ഥാപനത്തിനു കുറെയെങ്കിലും പ്രാധാന്യംനല്‍കും എന്ന പ്രതീക്ഷ പരക്കെയുണ്ടായിരുന്നു. എന്നാല്‍, ഈ സഭയുടെ മെത്രാന്‍സിനഡ് രൂപംകൊടുത്തിരിക്കുന്ന പള്ളിയോഗനടപടിക്രമങ്ങളനുസരിച്ച,് പള്ളിയോഗം അധികാരമില്ലാത്ത ഒരു ഉപദേശകസമിതിമാത്രമാണ്. അതിന്റെ ഉദ്ദേശ്യ-ലക്ഷ്യങ്ങള്‍ നിര്‍വ്വചിച്ചിരിക്കുന്നതു കാണുക: ''ഇടവകയിലുള്ള ദൈവജനകൂട്ടായ്മയുടെ പ്രകടരൂപം എന്ന നിലയ്ക്ക് ഇടവകവികാരിയെ ഉപദേശിക്കാനും സഹായിക്കാനും, ഇടവകയുടെ അജപാലനധര്‍മ്മത്തിലും സാമ്പത്തികകാര്യങ്ങളുടെ നിര്‍വ്വഹണത്തിലും അദ്ദേഹത്തോടു സഹകരിച്ചു പ്രവര്‍ത്തിക്കാനും ഉദ്ദേശിച്ചുള്ളതാണ് പള്ളിയോഗം.''
ഈ നടപടിക്രമമനുസരിച്ച് പൊതുയോഗത്തില്‍നിന്നു ഇടവകാംഗങ്ങളെ ഒഴിവാക്കാനുള്ള അധികാരം വികാരിക്കും, ഇടവകാംഗത്വംതന്നെ റദ്ദാക്കാന്‍ മെത്രാനും അധികാരമുണ്ട് (6:3, 4 വകുപ്പുകള്‍). വേദപാഠാദ്ധ്യാപകര്‍, ഭക്തസംഘടനകള്‍, സന്ന്യസ്തര്‍ എന്നിവരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയും 1/3-ല്‍ കവിയാത്ത അംഗങ്ങളെ നോമിനേറ്റുചെയ്തും പള്ളിയോഗത്തെ ഒരു 'ഏറാന്‍മൂളിസമിതി'യാക്കാനുള്ള എല്ലാ പഴുതുകളും 9-ാം വകുപ്പിലുണ്ട്. പൊതുയോഗത്തെ എപ്പോള്‍ വേണമെങ്കിലും സസ്‌പെന്‍ഡു ചെയ്യാനുള്ള അധികാരവും മെത്രാനുണ്ട് (വകുപ്പ് 71). ഈ ചട്ടങ്ങളെ എതിര്‍ക്കുന്നതില്‍നിന്നും അതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍നിന്നും എല്ലാ വിശ്വാസികളെയും വിലക്കുന്നു, 74-ാം വകുപ്പ്!
അങ്ങനെ ഈ സഭയുടെ അപ്പോസ്തലികപൈതൃകമായ 'മാര്‍ത്തോമ്മായുടെ നിയമ'ത്തിനു കടകവിരുദ്ധമായി, വിശ്വാസിസമൂഹത്തിനുമേല്‍  ഒരു അക്രൈസ്തവ അധികാരഘടനയാണ്, പള്ളിയോഗനടപടി ക്രമങ്ങള്‍ പ്രഖ്യാപിച്ചുനടപ്പിലാക്കിയ 1998 ജൂലൈ 3 മുതല്‍ ഈ സഭയില്‍ നിലനില്‍ക്കുന്നത്.
എന്നാല്‍, പ്രസ്തുത പള്ളിയോഗനടപടിക്രമം പ്രാബല്യത്തില്‍ വരുന്നതായി വിളംബരം ചെയ്യപ്പെട്ട അതേ നിമിഷത്തില്‍ത്തന്നെ, വിളംബരംനടന്ന അതേ കാക്കനാട്ട് മൗണ്ട് തോമസ് അങ്കണത്തില്‍ വച്ചുതന്നെ, പ്രസ്തുത പള്ളിയോഗനടപടിക്രമത്തിന്റെ കോപ്പികള്‍ അഗ്നിക്കിരയാക്കിക്കൊണ്ട്, തങ്ങള്‍ അതിനു കീഴ്‌വഴങ്ങില്ലാ എന്ന് സഭാഭിമാനവും ധീരതയുമുള്ള ഒരുപറ്റം വിശ്വാസികളും വൈദികരും പ്രഖ്യാപിക്കുകയുണ്ടായി. അത് നസ്രാണി സമൂഹമൊന്നാകെ അഭിമാനത്തോടെ ഓര്‍ക്കേണ്ട ഒരു ചരിത്രസംഭവമാണ്. സഭയുടെ ശുശ്രൂഷാഘടനയെ അധികാരഘടനയാക്കിമാറ്റിയ റോമന്‍മോഡല്‍ പൗരോഹിത്യത്തിനെതിരെയുള്ള പുതുതലമുറ നസ്രാണികളുടെ അങ്കംകുറിക്കലായിരുന്നു അത്.
കൂനന്‍കുരിശുസത്യത്തില്‍നിന്നു പിന്നാക്കംപോയി റോമിന്റെ അടിമകളായി മാറിയ കേരള കത്തോലിക്കാസമുദായത്തിന്റെ പില്‍ക്കാല പ്രതിനിധികള്‍ 'പള്ളിയോഗനടപടിക്രമങ്ങള്‍' സഭാ ആസ്ഥാനത്തുതന്നെ അഗ്നിക്കിരയാക്കിയ ഈ സംഭവത്തിന് വാസ്തവത്തില്‍ കൂനന്‍കുരിശുസത്യത്തോളംതന്നെ ചരിത്രപ്രാധാന്യമുണ്ട്. കൂനന്‍കുരിശു സത്യത്തില്‍, റോമന്‍ (പൗലസ്ത്യ) അധികാരത്തെ ഇനിമേല്‍ അനുസരിക്കുകയില്ല എന്നാണ് നമ്മുടെ പൂര്‍വ്വികര്‍ സത്യംചെയ്തതെങ്കില്‍, പൗരസ്ത്യവേഷമിട്ടുവന്ന റോമന്‍ കാനോന്‍നിയമത്തെയും പള്ളിയോഗനടപടിക്രമങ്ങളെയും അംഗീകരിക്കാന്‍ നസ്രാണികള്‍ തയ്യാറല്ല എന്ന പ്രഖ്യാപനമായിരുന്നു, ഈ അഗ്നിദാഹ നടപടിയിലൂടെ അതിനു നേതൃത്വംകൊടുത്ത അത്മായ-വൈദികനേതാക്കള്‍ നടത്തിയത്.
ഇന്നത്തെ സഭാനവീകരണപ്രസ്ഥാനങ്ങള്‍, നസ്രാണികളുടെ അഭിമാനം ജ്വലിപ്പിച്ച, 1998-ലെ ദുക്‌റാനാദിനത്തിലുയര്‍ന്നുകത്തിയ ആ തീക്കുണ്ഠത്തില്‍നിന്നു സമരോജ്വലതയുടെ അഗ്നിശലാകകള്‍ ഏറ്റുവാങ്ങേണ്ടിയിരിക്കുന്നു. ഭാരതനസ്രാണി സംസ്‌കാരത്തിനന്യമായ റോമന്‍ ആധിപത്യസംസ്‌കാരത്തിനെതിരെ നമ്മുടെ മുന്‍ഗാമികള്‍ ഉയര്‍ത്തിയ തീപ്പന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടിയിരിക്കുന്നു. നസ്രാണിസഭയുടെ കാനോന്‍നിയമം 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടു'മാണെന്ന് ഉച്ചൈസ്തരം ഉദ്‌ഘോഷിക്കേണ്ടിയിരിക്കുന്നു. 'പുരോഹിതനിയമങ്ങളുടെ കൂച്ചുവിലങ്ങുകളില്‍നിന്ന് സഭാസമൂഹത്തെ മോചിപ്പിക്കുമ്പോള്‍, നിങ്ങള്‍ എന്നെത്തന്നെയാണു മോചിപ്പിക്കുന്നത്' എന്ന യേശുവിന്റെ അനുഗൃഹീത വിധിപ്രസ്താവം സഭാനവീകരണപ്രവര്‍ത്തകരുടെ അന്തഃകരണങ്ങളില്‍ ഇപ്പഴേ മുഴങ്ങിത്തുടങ്ങട്ടെ!                         -എഡിറ്റര്‍ 

No comments:

Post a Comment