Translate

Sunday, March 26, 2017

കപടപരിസ്ഥിതിക്കാരെ വെല്ലാന്‍ ഉന്നത മതാധികാരികള്‍ അങ്കത്തട്ടിലേക്ക്

 പി.സി റോക്കി    MOB: 9961217493

പരിസ്ഥിതി സംരക്ഷണത്തിന് എന്ന പേരില്‍ കപട പരിസ്ഥിതിക്കാര്‍ നാടിന്റെ വികസനം മുടക്കുകയാണെന്നും അതനുവദിക്കുകയില്ലെന്ന ബഹുമാനപ്പെട്ട കേരളമുഖ്യമന്ത്രിയുടെയും മറ്റൊരു മന്ത്രിയുടെയും പത്രപ്രസ്ഥാവനകള്‍ നാം വായിക്കുകയുണ്ടായല്ലോ ? ഇത് പൂര്‍ണ്ണമായും ശരിയല്ലെങ്കിലും അല്പം സത്യം ഇതിലില്ലേ എന്ന ശങ്കയുണ്ട്. എന്തെന്നാല്‍ പുഴയിലെ മണലെല്ലാം വാരി പുഴ നശിപ്പിച്ച് നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും ഫ്‌ളാറ്റ് എന്ന ഓമനപ്പേരില്‍ പത്തും പതിനഞ്ചും നിലകളുള്ള കോണ്‍ക്രീറ്റ് സൗധങ്ങള്‍ കെട്ടിപ്പൊക്കിയതുകൊണ്ട് പുഴ നശിച്ചോ, മണല്‍ ഇല്ലാതായോ ? ഫ്‌ളാറ്റുകളെല്ലാം എടുക്കാന്‍ ആളില്ലാതെ അനാഥമായി കിടക്കുകയാണെന്നുള്ളത് വേറെ കാര്യം. മഴയില്ലാഞ്ഞിട്ടാണ് പുഴയില്‍ വെള്ളമില്ലാതായതെന്ന് ന്യായീകരിക്കാന്‍ കഴിയുമല്ലോ. കുന്നുകള്‍ ഇടിച്ചു നിരത്തി നിരപ്പാക്കിയപ്പോള്‍, നെല്‍പ്പാടങ്ങള്‍ നികത്തി കൊട്ടാരങ്ങള്‍ തീര്‍ത്തപ്പോള്‍, കുളങ്ങളും ജലസ്രോതസ്സുകളും ഇല്ലാതാക്കിയപ്പോള്‍ ജലം കിട്ടാതിരിക്കുന്നത് ചുമ്മാ കപടപരിസ്ഥിതിക്കാര്‍ പറഞ്ഞുപരത്തിയതാണോ എന്നും  ജനം ചിന്തിക്കട്ടെ. പണ്ടത്തെ പരിസ്ഥിതിക്കാര്‍ വിലപിച്ചിട്ട് എന്ത് മണ്ണാങ്കട്ടയുണ്ടായി. എല്ലാം ക്രമമായും സുതാര്യമായുമല്ലേ അക്കാലത്ത് നടന്നത്.
    ഇതാണ് ചില വികസന വാദികളും രാഷ്ട്രീയക്കാരും പറയുന്നത് പരിസ്ഥിതിക്കാരില്‍ പലരും കപട പരിസ്ഥിതിക്കാരും വികസന വിരോധികളുമാണെന്ന്. കപടപരിസ്ഥിതിക്കാര്‍ക്ക് പകരം പ്രവര്‍ത്തിക്കാന്‍ യഥാര്‍ത്ഥ പരിസ്ഥിതി സംരക്ഷകരായ ചില മതാധികാരികള്‍ രംഗപ്രവേശനം ചെയ്തുതുടങ്ങിയിരിക്കുന്നു. ഇവര്‍ കാപട്യമില്ലാത്തവരും പരിശുദ്ധരും നിഷ്‌ക്കളങ്കരുമായിരിക്കണം ഇവരുടെ വരവോടെ എല്ലാം ശരിയാകും. പലതും ശരിയായിക്കൊണ്ടിരിക്കുന്നതല്ലേ നാം പല പല സ്ഥലങ്ങളിലും നിന്നു വരുന്ന പത്രവാര്‍ത്തകളില്‍ നിന്നും ഗ്രഹിച്ചുകൊണ്ടിരിക്കുന്നത്.
    മലയാറ്റൂര്‍ മലയടിവാരത്തെ കണ്ണിമംഗലം റോഡിന്റെ പ്രവേശന കവാട പരിസരത്ത് ആധുനിക രീതിയിലുള്ള ഒരു ടാര്‍മിക്‌സിങ്ങ് കമ്പനി ഈ പഞ്ചായത്തിലെ തന്നെ ഒരു വ്യവസായ പ്രമുഖന്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ഇതിനനെതിരെ ഈ പരിസരത്തെ ജനങ്ങള്‍ പഞ്ചായത്തോഫീസിനു മുമ്പില്‍ സത്യാഗ്രഹം തുടങ്ങി. ഇതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷത്തിനുവേണ്ടി ഒരു സഹായമെത്രാനും പരിസരപ്രദേശങ്ങളിലെ ഒരു ഡസനോളം പുരോഹിതരും പങ്കെടുത്ത് പ്രസംഗിച്ചു. ഇവരുടെയൊക്കെ ഫോട്ടോ സഹിതമുള്ള വാര്‍ത്ത പേപ്പറുകളില്‍ കണ്ട് ജനം ഹര്‍ഷപുളകിതരായി. മലയാറ്റൂര്‍ പ്രദേശത്തുള്ള പല അനധികൃത പാറമടകള്‍ക്കെതിരെയുള്ള സമരങ്ങളിലൊന്നും ഇവരെയൊന്നും അക്കാലത്ത് കാണാതിരുന്നത് അവരൊക്കെ ധ്യാനത്തിന് പോയിരുന്നിട്ടായിരിക്കണമെന്ന് നാട്ടില്‍ പലരും പറയുന്നത് കേട്ടു.
    22.03.2017ല്‍ എറണാകുളത്തു നടന്ന ലോകജലദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ  ഉപവാസ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത് എറണാകുളം അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ ജോര്‍ജ്ജ് ആലഞ്ചേരിയായിരുന്നു. സാമൂഹ്യസാംസ്‌കാരിക പ്രമുഖരും മറ്റു മതനേതാക്കളും ഇതില്‍ പങ്കെടുത്തിരുന്നത് പ്രശംസാര്‍ഹം തന്നെ. ഇനിയെങ്കിലും പെരിയാര്‍ മലിനീകരണം കുറയുമല്ലോ എന്ന് ആശ്വസിക്കാം.
    നൂറുകണക്കിന് മോഡേണ്‍ റൈസ്മില്ലുകളുടെ, പ്ലൈവുഡ് കമ്പനികളുടെ, ക്രഷറുകളുടെ പ്ലാസ്റ്റിക് മാലിന്യനിക്ഷേപങ്ങളുടെ ഇവയുടെയൊക്കെ മലിനീകരണങ്ങള്‍ക്കെതിരെ  ധാരാളം മതപണ്ഡിതന്മാര്‍ പങ്കെടുത്ത് പരിഹാരം ഉണ്ടാക്കുമെന്നും നമുക്ക് പ്രത്യാശിക്കാം -  ആത്മീയ കാര്യങ്ങള്‍ നടത്തിക്കഴിഞ്ഞ് ബാക്കി കിട്ടുന്ന വിലയേറിയ സമയക്രമമനുസരിച്ച്.
    പെരുമ്പാവൂരിലെ ഒരു വന്‍ വ്യവസായ സ്ഥാപനം കുടിവെള്ളം മലിനമാക്കുന്നതിനെതിരെ  ആയിരങ്ങളെ അണിനിരത്തി സമരത്തിന് നേതൃത്വം നല്‍കിയ ഒരു പാവം യുവപുരോഹിതന്‍ ഇപ്പോള്‍ സമരത്തിന്റെ കട്ടയും പടവും മടക്കി നിഷ്‌ക്രിയനായി അതേ പള്ളിയില്‍ ഇപ്പോഴും വികാരിയായി തുടരുന്നത് ആരുടെ കൈകടത്തല്‍ മൂലമാണെന്ന് പരിസരവാസികളായ വിശ്വാസികള്‍ ചോദിക്കുന്നു. ഈ സമരത്തില്‍ വികാരിയോടൊപ്പം പങ്കെടുത്തതിന്റെ പേരില്‍ പ്രമുഖ പരിസ്ഥിതി നേതാക്കളും പരിസരവാസികളായ ജനങ്ങളും കള്ളക്കേസുകളില്‍ കുടുങ്ങി കോടതി കയറിയിറങ്ങി ശാപവാക്കുകള്‍ ചൊരിഞ്ഞുകൊണ്ട് ആയുസ്സുപോലും നഷ്ടപ്പെടുത്തി കാലം തള്ളിനീക്കുകയാണ്. ആമ്മേന്‍        

No comments:

Post a Comment