Translate

Wednesday, January 4, 2017

ഫാ. ടോം ഉഴുന്നാലിന്റെ മോചനം അകലുന്നു....


ഫാ. ടോം ഉഴുന്നാലിന്റെ മോചനവുമായി ബന്ധപ്പെട്ട് അബുദാബിയിലും ദുബായിലുമൊക്കെ നിരവധി ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. അദ്ദേഹം തട്ടിയെടുക്കപ്പെട്ടതിന്റെ പിറ്റേന്നു തന്നെ, അടുത്ത ദുഖവെള്ളിയാഴ്ച അദ്ദേഹത്തെ കുരിശിലേറ്റുമെന്നുള്ള വാർത്തയും ആദ്യം സംസാരമായത് ഗൾഫിലായിരുന്നു. 2016 മാർച്ച് 4 ന് യമെന്റെ തെക്കു പടിഞ്ഞാറു ഭാഗത്തുള്ള ഈഡനിലെ വി. മദർ തെരേസ്സാ സിസ്റ്റേഴ്സ് നടത്തുന്ന ഒരു വൃദ്ധസദനത്തിൽ നിന്നാണ് രാമപുരം സ്വദേശിയും സലേഷ്യൻ സഭാംഗവുമായ 56 വയസ്സുള്ള ഫാ. ടോം ഉഴുന്നാലിനെ ഭീകരർ തട്ടിയെടുത്തത്. വൃദ്ധസദനത്തിലേക്കു ഇരച്ചു കയറിയ ഭീകരറന്നു നാലു സന്യാസിനികളെയും പന്ത്രണ്ട് സാധാരണക്കാരെയും വധിച്ചു. ഒരു കാറിൽ ഫാ. ടോമിനെ അക്രമികൾ കൊണ്ടുപോകുന്നതു കണ്ട സാക്ഷികളുണ്ട്. കുറേക്കാലത്തേക്കു ഫാ. ടോമിനേപ്പറ്റി യാതൊന്നും ആരും കേട്ടില്ല. മാർച്ച് 30 നാണ് ഫാ. ടോം ജീവിച്ചിരിക്കുന്നുവെന്നതിന്റെ ആദ്യ സൂചനകൾ പുറത്തു വന്നത്. അദ്ദേഹത്തിന്റെ മോചനത്തിനു വൻതുക ആവശ്യപ്പെട്ടുവെന്നുള്ള വാർത്തകളും അന്നു പുറത്തുവന്നിരുന്നു. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, അദ്ദേഹത്തെ മോചിപ്പിക്കാൻ തീവ്രശ്രമങ്ങൾ നടക്കുന്നുവെന്ന് പിറ്റേന്നു പറഞ്ഞതോടെ അദ്ദേഹത്തിന്റെ മോചനം ആഗ്രഹിച്ചവർക്ക് അദ്ദേഹം ജീവിച്ചിരിക്കുന്നുവെന്നുറപ്പായി. ആരും പക്ഷേ, ഭീകരരുടെ വ്യവസ്ഥകളെപ്പ്പറ്റി സൂചിപ്പിച്ചില്ല. ഐ എസ് ബന്ധമുള്ള തടവുകാരെ പകരം മോചിപ്പിക്കണമെന്നോ, രാജ്യതാൽപ്പര്യത്തിനു വിരുദ്ധമായി എന്തെങ്കിലും ചെയ്യണമെന്നോ, കനത്ത മോചനദ്രവ്യം നൽകണമെന്നോ ഒക്കെ ആയിരുന്നിരിക്കാം ഭീകരർ ആവശ്യപ്പെട്ടത്. ഭാരതസഭയിലെ നിരവധി മെത്രാന്മാരും അവരുടെ സംഘടനകളും ഫാ. ടോമിനെ മോചിപ്പിക്കണമെന്ന് സർക്കാരിനോടാവശ്യപ്പെട്ടുകൊണ്ടു പുറപ്പെടുവിച്ച പരസ്യ പ്രസ്താവനകൾ വിലയിരുത്തിയാൽ അദ്ദേഹത്തിന്റെ മോചനം കേന്ദ്ര ഗവ.ന്റെ പൂർണ്ണ ഉത്തരവാദിത്വമാണെന്ന സ്വരമായിരുന്നതിൽ മുഴച്ചു നിന്നത്. 

ആയിടെ കോട്ടയത്തെത്തിയ വിദേശവകുപ്പ് സഹമന്ത്രി ജന. വി കെ സിംഗ് പറഞ്ഞത്, അദ്ദേഹം കൊല്ലപ്പെട്ടോ ജീവിച്ചിരിക്കുന്നുവോയെന്നതിനൊന്നും തെളിവുകളില്ലെന്നും, മോശമായതു സംഭവിച്ചിട്ടില്ലെന്നു കരുതുന്നുവെന്നുമാണ്. ഒപ്പം, വി. കെ സിംഗ് പറഞ്ഞ പ്രധാനപ്പെട്ടയൊരു കാര്യം, പഞ്ചാബിൽ നിന്നും തട്ടിയെടുക്കപ്പെട്ട നാൽപ്പതു പേരുടെ കാര്യത്തിലും യാതൊരു സ്ഥിരീകരണവും ലഭിച്ചിട്ടില്ലെന്നാണ്. അതായത്, കേന്ദ്ര ഗവ.നെ സംബന്ധിച്ചിടത്തോളം ഫാ. ടോം, പഞ്ചാബിൽ നിന്നു കാണാതായ നാൽപ്പതു പൗരന്മാരെപ്പോലെ തന്നെയെന്നായിരിക്കണം അദ്ദേഹം ഉദ്ദേശിച്ചത്. ഇതിലെ ദുസ്സൂചന ഭാരത മെത്രാന്മാരിലാരെങ്കിലും കണ്ടതായി ആരും പറഞ്ഞു കേട്ടിട്ടില്ല. വേണ്ടതു ചെയ്യാമെന്നു വിദേശകാര്യാലയം കൊടുത്ത ഉറപ്പിൽ വിശ്വസിച്ചു ബിഷപ്പുമാർ ശാന്തരായി - പൊതു പ്രാർത്ഥനകളിൽ ഫാ. ടോമിന്റെ പ്രസക്തിയും സാവധാനം കുറഞ്ഞുകൊണ്ടിരുന്നു. ബി ജെ പി യുമായി തലയും നിലയും മറന്നു കൂട്ടുകെട്ടുണ്ടാക്കുകയും അവരെ പിന്തുണക്കുകയും സർക്കാരിന്റെ സഹായം നിർല്ലോഭം സ്വീകരിക്കുകയും ചെയ്തുകൊണ്ടിരുന്ന ബിഷപ്പുമാർ ഭാരതസർക്കാരിനെ അന്ധമായി വിശ്വസിക്കുന്നുവെന്നു തോന്നുന്നു. അതോ, തൊട്ടാൽ പൊള്ളുന്ന ഈ സംഭവം ഇരുചെവിയറിയാതെ അവസാനിക്കണമേയെന്നവർ മുട്ടിപ്പായി പ്രാർത്ഥിക്കുകയാണോ? 

കേരളത്തിൽ ഫാ. ടോമിന്റെ മോചനത്തിനു വേണ്ടി പ്രാർത്ഥനാകൂട്ടായ്മകളും, പ്രാർത്ഥനായജ്ഞങ്ങളും മുറക്കു നടന്നുകൊണ്ടിരുന്നു. ഗുജറാത്തിൽ നിന്നും അദ്ദേഹത്തിന്റെ 73 വയസ്സുള്ള മൂത്ത സഹോദരനും രാമപുരത്തെ വീട്ടിലെത്തി സഹോദരന്റെ മോചനത്തിനു വേണ്ടി തീവ്രപ്രാർത്ഥനയിൽ മുഴുകി. ഇതിനിടയിൽ, തുടർന്നു വന്ന ദുഖ:വെള്ളിയാഴ്ച്ച അദ്ദേഹത്തെ കുരിശിലേറ്റി ഭീകരർ കൊന്നുവെന്ന വാർത്ത വന്നു. വിയന്നായിൽ നിന്നുള്ള കർദ്ദിനാൾ ക്രിസ്റ്റോഫ് ഷോൺബോൺ അദ്ദേഹത്തിന്റെ ഈസ്റ്റർ സന്ദേശവേളയിലാണ് ഇക്കാര്യം പറഞ്ഞതെന്നതുകൊണ്ടുതന്നെ ലോകം ആ വാർത്ത വിശ്വസിച്ചു. പക്ഷേ, തെക്കൻ അറേബ്യായിൽനിന്നുള്ള പോൾ ഹിന്റർ എന്ന മെത്രാൻ ഫാ. ടോം ജീവിച്ചിരിക്കുന്നുവെന്നതിനു ധാരാളം സൂചനകളുണ്ടെന്നു പറയുകയും കുരിശാരോഹണ വാർത്തയെ നിഷേധിക്കുകയും ചെയ്തതാണ് എല്ലാവരിലും പ്രതീക്ഷയുണർത്തിയതെന്നു പറയാം.

ജൂലൈ 19 ന്  ഫാ. ടോമിന്റെ ഫെയിസ് ബുക്ക് പേജിൽ അദ്ദേഹം മർദ്ദിക്കപ്പെടുന്നതിന്റെ അവ്യക്തമായ ഒരു ഹൃസ്വ ചിത്രം വന്നിരുന്നു. കണ്ണുമൂടിയിരുന്ന ആ ചിത്രത്തിലദ്ദേഹം വളരെ ക്ഷീണിതനായിരുന്നുവെന്നു മനസ്സിലാക്കാൻ കഴിയുമായിരുന്നു. ഒപ്പം അദ്ദേഹത്തെ ദേഹോപദ്രവം ചെയ്യുന്നതും കാണാമായിരുന്നു.  അതു മിക്ക ദേശീയ ചാനലുകളും പ്രക്ഷേപണം ചെയ്യുകയും ചെയ്തിരുന്നു. (link https://twitter.com/dnllm5/status/719791747463843841). ഭാരത സർക്കാർ അദ്ദേഹത്തിന്റെ മോചനത്തിനായി യാതൊന്നും ചെയ്യുന്നില്ലെന്ന് ഈ ഫെയിസ് ബുക്ക് പേജിൽ പലപ്രാവശ്യം അദ്ദേഹം എഴുതിയതായും വാർത്തകളുണ്ടായിരുന്നു. ഏതായാലും, അദ്ദേഹം കൊല്ലപ്പെട്ടിട്ടില്ലെന്നു ലോകത്തിനു മനസ്സിലാകാൻ ഇതൊക്കെ പര്യാപ്തമായിരുന്നുവെന്നു പറയാം. അപ്പോഴും, വളരെ തന്മയത്വത്തോടേ ചെയ്യേണ്ട ഒരു രാജ്യാന്തര നയതന്ത്രദൗത്യം ഇവിടുത്തെ കത്തോലിക്കാ മെത്രാന്മാരുടെ അഭ്യർത്ഥന മാനിച്ചു ബി ജെ പി ഗവ. ചെയ്തുകൊണ്ടിരിക്കുകയാണെന്നു ബിഷപ്പുമാർ വിശ്വസിച്ചിരിക്കുകയായിരുന്നിരിക്കണം. അല്ലെങ്കിൽ, സർക്കാർ ചില നടപടികൾ എടുക്കുന്നുവെന്നവർക്കു ബോദ്ധ്യപ്പെട്ടിട്ടുണ്ടാവണം. ഏതായാലും അവരുടേതായ കനത്ത അഭ്യർത്ഥനകളൊന്നും ആയിടെ പുറത്തു വന്നിരുന്നില്ല. 

അടുത്ത കാലത്ത്, എന്നെ മോചിപ്പിക്കാൻ ആരും ഒരു നടപടിയും ആത്മാർത്ഥമായി എടുത്തിട്ടില്ലായെന്ന് പറയുന്ന ഫാ. ടോമിന്റെ വീഡിയോ പുറത്തു വന്നപ്പോൾ ഭാരത മെത്രാൻ സഭയും മേജർ ബിഷപ്പുമാരും ഒരിക്കൽകൂടി ഉഷാറായി. അതു കണ്ടിട്ടാവണം സാമൂഹ്യ മാധ്യമങ്ങളിലൂടെ പല ചോദ്യങ്ങളും ഒപ്പം ഉയർന്നു വന്നത്. ഫാ. ടോമിനു മോചനദ്രവ്യം കൊടൂക്കണമെങ്കിൽ ആരാണതു കൊടുക്കേണ്ടത്? വത്തിക്കാനും ഒരു സ്വതന്ത്ര രാഷ്ട്രമാണെന്നും വത്തിക്കാനോടു കൂടുതൽ വിധേയത്തോടെ ജീവിച്ച ഈ വൈദികനുവേണ്ടി പണം മുടക്കേണ്ടതു വത്തിക്കാനാണെന്നുമുള്ള സ്വരം സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പലരുമുയർത്തി - വത്തിക്കാനു ധാരാളം പണമുണ്ടെന്ന ഒരു പൊതു ധാരണ മാത്രമല്ല ഇതിനു കാരണം. മദ്ധ്യപൂർവ്വദേശത്തു ഭീകരർ പിടി മുറുക്കിയപ്പോൾ, അവിടുള്ള എല്ലാ ഭാരതീയരേയും തിരികെ കൊണ്ടുവരാനുള്ള ക്രമീകരണങ്ങൾ ഭാരത സർക്കാർ ചെയ്തിരുന്നു; ഭാരതീയർ സന്ദർശിക്കരുതെന്നു സർക്കാർ അഭ്യർത്ഥിച്ച രാജ്യങ്ങളിൽ യെമനുമുണ്ടായിരുന്നുവെന്നും വാർത്തകളിൽ കണ്ടു. സർക്കാരിന്റെ മുന്നറിയിപ്പുകൾ വകവെക്കാതെ സഭയുടെ കാര്യത്തിന് യമനിൽപ്പോയ ഒരാളല്ലേ ഫാ. ടോമെന്ന ചോദ്യവും ഒപ്പമുണ്ടായി. പൗരന്മാരെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യമാവശ്യപ്പെട്ടപ്പോഴൊക്കെ എല്ലാ രാജ്യങ്ങളും ചോദിച്ചതു കൊടുക്കുകയല്ല ചെയ്തിട്ടുള്ളത്. ചോദിച്ചതിനേക്കാൾ പണം മുടക്കി അതിസാഹസികമായി ബന്ദികളെ മോചിപ്പിച്ച നിരവധി സന്ദർഭങ്ങളുണ്ട്, ബന്ദികളുടെ പേരിൽ ഭീകരർക്കു വഴങ്ങേണ്ടായെന്നു തീരുമാനിച്ച നിരവധി സന്ദർഭങ്ങളുമുണ്ട്. ചോദിക്കുന്നവർക്കെല്ലാം ചോദിക്കുന്നതു കിട്ടുമെന്നു വന്നാലത്തെ സ്ഥിതി വിശേഷം രാഷ്ട്രത്തിന്റെ നയപരമായ സുസ്ഥിരതയേയാണു  ബാധിക്കുന്നതെന്നും പറയാതെ വയ്യ.

മുസ്ലീം തിവ്രവാദികളെ ക്രൈസ്തവപ്രവർത്തനങ്ങളിലൂടെ പ്രകോപിപ്പിച്ചതിന്റെ ഫലം പ്രകോപിപ്പിച്ചവർ തന്നെ അനുഭവിക്കേണ്ടതല്ലേയെന്നും ചോദ്യമുണ്ടായി. ഫാ. കോൾബേ ഒരു സഹകാരിക്കുവേണ്ടി ജീവനർപ്പിച്ചല്ലോ, അങ്ങിനെയൊരു നിലപാടെടുത്തു രാജ്യത്തിന്റെയും വിശ്വാസസംഹിതയുടേയും അന്തസ്സത്ത ഉയർത്തിക്കാണിക്കാതെ എന്തു വിലകൊടുത്തും തന്നെ മോചിപ്പിക്കണമെന്ന ഒരു പുരോഹിതന്റെ അഭ്യർത്ഥനയും പലരും അസഹിഷ്ണതയോടെ കണ്ടുകൊണ്ടിരിക്കുന്നുവെന്നതും ശരിയാണ്. ഇത്തരം ചോദ്യങളും തർക്കങളും ഫെയിസ് ബുക്കിൽ ഞാൻ തന്നെ കണ്ടിരിക്കുന്നു. അവരാരും സംഘടിതരായി മുന്നോട്ടു വരാത്തതിനൊരു കാര്യമുണ്ട് - ഭാരത സർക്കാർ റ്റോമിനെ മോചിപ്പിക്കാൻ വേണ്ടി പണം മുടക്കില്ലെന്നവർ വിശ്വസിക്കുന്നു. അതിനു സാദ്ധ്യതയുണ്ടെന്നു നമ്മുടെ സഭാ നേതൃത്വം ചിന്തിച്ചുവോയെന്നെനിക്കറിയില്ല. രാജ്യത്തെ സ്നേഹിക്കുന്ന ഒരു സാധാരണ പൗരൻ, ഫാ. ടോമിനു വേണ്ട മോചനദ്രവ്യം ഭാരത സർക്കാർ കൊടുക്കണമെന്നു ആവശ്യപ്പെടുമെന്നെനിക്കും തോന്നുന്നില്ല. രാജ്യം കാക്കുന്ന നിരവധി പട്ടാളക്കാർ പലകാലങ്ങളിൽ തട്ടിയെടുക്കപ്പെട്ടിട്ടുണ്ട്. അവർക്കെല്ലാം മോചനദ്രവ്യം കൊടുത്തു മോചിപ്പിക്കുകയല്ല ഭാരത സർക്കാർ ചെയ്തുപോന്നിട്ടുള്ളത്. ഒന്നുകിൽ ബലമായി അവരെ മോചിപ്പിക്കാൻ ശ്രമിക്കും അല്ലെങ്കിൽ അതാവർത്തിക്കാതിരിക്കാൻ കനത്ത പ്രഹരങ്ങൾ ശത്രു നിരയിൽ വരുത്തും; അവരുമായുള്ള നയതന്ത്ര/സഹകരണ മേഖലകളിൽ അനിഷ്ടം പ്രകടിപ്പിച്ചു ശാന്തരായിട്ടുള്ള സന്ദർഭങ്ങളുമുണ്ട്.

ഫാ. ടോമിനു നഷ്ടപരിഹാരം സർക്കാർ കൊടുത്താൽ  രണ്ടു ശതമാനം മാത്രം വരുന്ന ക്രൈസ്തവരുടെ മേലാളന്മാർ രാജ്യത്തിൽ നിന്നും അവർക്കവകാശപ്പെട്ട സ്പെഷ്യൽ പ്രിവിലേജിന്റെ ഭാഗമായി അതു കാണുകയും, സാധാരണ ഭാരത പൗരന്റെ നോട്ടപ്പുള്ളികളായി ക്രൈസ്തവർ മാറുകയും ചെയ്യും - ഇതിന്റെ പ്രത്യാഘാതങ്ങൾ വ്വടക്കേ ഇന്ത്യൻ ക്രിസ്ത്യൻ കോളനികളിൽ ഇന്നല്ലെങ്കിൽ നാളെ ആവർത്തിക്കാനും ഇടയാകുമെന്നുറപ്പാണ്. വലിയൊരു വിവാദത്തിലേക്കും അതു വഴിതെളിക്കും. ഫാ. റ്റോം മോചിപ്പിക്കപ്പെടണമെന്നു തന്നെയാണു ഞാനും ആഗ്രഹിക്കുന്നത്. അതിനുവേണ്ടി ഒരു ഫണ്ടുസ്വരൂപിക്കാൻ സഭ തയ്യാറായാൽ നല്ലൊരു തുക എന്റെ വീതമായി അതിലുണ്ടാവും. ഇവിടെ ഉയർന്നിട്ടുള്ള ചോദ്യങ്ങളെ മറികടക്കാൻ ബി ജെ പി സർക്കാർ ശ്രമിക്കുമോയെന്നു ചോദിക്കുമ്പോഴാണ്, ചിന്തകൾ കാടു കയറുന്നത്. ഫാ. ടോമിനെ മോചിപ്പിക്കാൻ അവരെക്കൊണ്ടു പറ്റില്ലെന്ന് എന്നെങ്കിലും കേന്ദ്ര ഗവ. പറയുമെന്നും ഞാൻ കരുതുന്നില്ല. ഫാ. ടോമിനു വേണ്ടി ഒരു വൻതുക സ്വരുക്കൂട്ടൂന്നതുകൊണ്ടുള്ള നേട്ടം വിലയിരുത്തിയേക്കാവുന്ന മെത്രാൻ സമിതി ഇക്കാര്യത്തിൽ പ്രായോഗികമായി എന്തെങ്കിലും ചെയ്യുമോയെന്നും ഞാൻ സംശയിക്കുന്നു. ധീരമായ ഒരു നടപടിയെടുക്കാനുള്ള ആർജ്ജവത്തിനു വേണ്ട യുവത്വം സഭാഭരണാധികാരികൾക്കില്ലെന്നത് ഒരു പോരായ്ക തന്നെയാണ്. ഒരു കേന്ദ്ര മന്ത്രി കേരളത്തിൽ വന്നപ്പോൾ കൊടുത്ത പരാതിക്ക് അതിന്റെ വിലയേ മന്ത്രിയും കൊടുക്കാനിടയുള്ളൂ.

നാടുനീളെ പ്രാർത്ഥനായജ്ഞങൾ നടത്തപ്പെടുന്നു, പ്രതിക്ഷേധ യോഗങ്ങളും സംഘടിപ്പിക്കപ്പെടുന്നു. പക്ഷേ, ഇതൊന്നും ഐ എസ് ഭീകരുടെ മനസ്സു മാറ്റാൻ പര്യാപ്തമാണെന്നു ഞാൻ വിശ്വസിക്കുന്നില്ല. ഭീകരർക്കു പണം കൊടുത്താലും രോഗിയും പരിക്ഷീണിതനുമായ ഫാ. ടോമിനെ തിരിച്ചു കിട്ടുമെന്നും ഉറപ്പില്ല - അദ്ദേഹം ഈ നിമിഷം ജീവിച്ചിരുപ്പുണ്ടെന്നതിനും തെളിവുകളില്ല. ഭീകരർക്കിതൊരു തമാശ മാത്രം! കടുകു മണിയേക്കാൾ നൂറുമടങ്ങു വിശ്വാസത്തോടെ പ്രാർത്ഥിച്ച അനേകായിരം വിശ്വാസികളുടെ വിശ്വാസജീവിതത്തെ തന്നെ ബാധിക്കാവുന്ന സംഭവവികാസങ്ങൾ ഉണ്ടാകാതിരിക്കട്ടെയെന്നു ഞാനും പ്രാർത്ഥിക്കുന്നു. 

No comments:

Post a Comment