Translate

Monday, December 5, 2016

കട്ടപ്പനയിലെ ഋത്വിക് റോഷൻ

ങ്ങിനെ നമ്മുടെ റോമിലെ ആസ്ഥാനം ശരിയായി. ഇനിയിപ്പോ ഒരുത്തന്റേയും ഔദാര്യത്തിനു കാത്തുനിൽക്കേണ്ട കാര്യമില്ലല്ലൊ. ഇനിയൊരു സിംഹാസനംകൂടി വേണമെന്നുണ്ടെങ്കിൽ കോൺസ്റ്റന്റിനോപ്പിളിനു പോകാതെയും പറ്റും. മാത്രവുമല്ല, അത്മായർ അൾത്താരയിലേക്കു കേറിക്കേറി വരുന്നുണ്ട്; അത്മായൻ കേറാത്തിടം ഇപ്പോഴേ ശരിയാക്കി വെക്കുകയും ചെയ്യെണ്ടേ? (രക്ഷപ്പെടാൻ വഴിയുണ്ടാക്കിവെച്ചിട്ടല്ലേ രാജക്കന്മാർ കൊട്ടാരം പണിയുക!) തിരുവനന്തപുരം സൈഡിൽ ഒരു പള്ളീലച്ചൻ കാശുമേടിക്കും വിശ്വാസിക്കുഞ്ഞുങ്ങൾ കൊട്ടിപ്പാടണം - പാട്ടുകാർക്കു പൈസായില്ല. ചോദ്യമായി; പൈസക്കുവേണ്ടിയാണോ നിങ്ങൾ പള്ളിയിൽ പാടുന്നതെന്നായി അച്ചൻ. അച്ചൻ പാട്ടുകാർക്കു കൊടുക്കാൻ വാങ്ങിയ പണം തന്നാൽ മതിയെന്നായി അവർ. അവസാനം അച്ചൻ മദ്ബഹായിൽ നിന്നു ഹ്രദയസ്പർശിയായ ഒരു പ്രസംഗം. അതിൻപ്രകാരം പാട്ടുകാരെ തീവെച്ചു കൊല്ലണം! പാട്ടുകാരിലൊരാൾ പരസ്യമായി മൈക്കിനു കേറിപ്പിടിക്കുന്നു, പിന്നെ രണ്ടുപേരും പ്രസംഗിക്കുന്നു. ആ യുവാവിനായിരുന്നു അഭിപ്രായ വോട്ടെടുപ്പിൽ 75% വോട്ടുകൾ. റോമിലെ വെപ്പാർക്കി കെട്ടിടത്തിന്  അറ്റാച്ചെഡ് നാലു മുറിയും ഒരു അടുക്കളയും ഒരു ലിവിങ് റൂമുമേ കാണൂവെന്നാരെങ്കിലും കരുതിയെങ്കിൽ തെറ്റി. വജ്രം വിലയുള്ളിടത്താ, കുറേ ഏക്കറുകൾ! സീറൊ മലബാറിനേക്കൊണ്ടേ അതു പറ്റൂ. അമേരിക്കയിൽ ഒരു കൊച്ചു വെയിറ്റിങ്ഷെഡ്ഡെന്നു പറഞ്ഞു പിരിച്ചു, യൂറോപ്പിൽ വൈറ്റ് ഹൗസെന്നു പറഞ്ഞു പിരിച്ചു, ഇന്ത്യാക്കാർക്ക്  ഒരു റസ്റ്റ് ഹൗസെന്നേ അറിയൂ.

മുംബേ ബാഡ്ഗാവിലെ (ഗുഡ്ഗാവെന്നായിരുന്നു നേരത്തത്തെ പേര്) പള്ളിയോഗത്തിനു വന്നവരിൽ ആർക്കാ കൂടുതൽ വോട്ടെന്നല്ല, ആർക്കാ കൂടുതൽ 'കിട്ടി'യതെന്നു ചോദിച്ചാലെ ശരിയാവൂ. അതു പള്ളിയുടേ മുകളിൽ സ്വർഗ്ഗം (നമ്മുടെ നാട്ടിൽ, അജപാലനകേന്ദ്രമെന്നു പറയും) പണിയുന്നതു സംബന്ധിച്ച തർക്കമാണ് അടിയിൽ കലാശിച്ചത്. വികാരി പറയുന്നത്, പള്ളിക്കു കോർപ്പറേഷൻ പെർമിറ്റ് ഇല്ലെങ്കിലും കുഴപ്പമില്ല, അതിന്റെ മുകളിൽ എത്ര ചൊറിഞ്ഞാലും ആരുമൊന്നും ചെയ്യാനില്ലെന്നാ. കർത്താവേ, അങ്ങിതുവല്ലോം കാണുന്നുണ്ടോ?

ഒരു നാടൻ ഡയാനാ രാജകുമാരിയുടേ അനുഭവക്കുറിപ്പ് ഫെയിസ്ബുക്കിൽ കറങ്ങുന്നു (സത്യമായിരിക്കാനാണു സാദ്ധ്യത). രാജകുമാരി എഴുതിയ കുറിപ്പു പ്രകാരം, രാജകുമാരിയൊരു നഴ്സിങ് കോളേജിൽ പഠിപ്പീരു ജോലിക്കുള്ള ഇന്റർവ്യുവിനു പോകുന്നു. ഡയറക്റ്ററച്ചൻ പത്തുമണിയായപ്പോൾ റോൾസ് റോയിസ് (എന്റെ ഭാവനയാ) വണ്ടിയിൽ വന്നിറങ്ങി, നേരെ എയർകണ്ടീഷൻ ചെയ്ത കറങ്ങുന്ന കസേരയുള്ള മുറിയിലേക്ക് (ഇതു സത്യം, സത്യം, സത്യം!). ബാക്കിയുള്ളവർക്കു പാറ സ്ലാബിന്റെ അത്ര കട്ടിയുള്ള കസേരകൾ (ഭാവന). അച്ചൻ കര്യം പറഞ്ഞു, "മേരെ പ്യാരെ ദേശ് വാസീ, ഇതു ധർമ്മസ്ഥാപനമാണ് ഒരു കാരണവശാലും ഇരുപത്തയ്യായിരം കിട്ടില്ല, പതിനായിരം തരും. ആളുകൾ പുറത്തു ക്യു നിൽക്കുന്നു." പറഞ്ഞു തീരുന്നതിനു മുമ്പേ ഒരു തള്ള വല്യവായിലെ കരഞ്ഞോണ്ട് സെക്യുരിറ്റിയേയും തള്ളിയിട്ട് അകത്തേക്ക്. മകൻ വണ്ടിയേന്നു വീണു കോമായിൽ ആശുപത്രിയിൽ ഒരു മാസമായി കിടക്കുന്നു. "ഉണ്ടാക്കാവുന്നിടത്തോളം പൈസാ ഉണ്ടാക്കി - അതു തീർന്നു. അവനൊന്നേക്കുന്നിടം വരെ അവനെ ഡിസ്ചാർജ്ജ് ചെയ്യരുത്." തള്ള കരഞ്ഞു പറഞ്ഞു. അവനു മരുന്നൊന്നും കൊടുത്തില്ലെങ്കിലും തള്ളക്കു പരാതിയില്ലത്രേ. ഡയറക്റ്റർ കണ്ണുകാണിക്കുന്നു, കാവൽക്കാരൻ തള്ളേ പുറത്തേക്കു തള്ളുന്നു. ഡയാനാ രാജകുമാരി ചൂടാവുന്നു. ഇതാണോ ധർമ്മസ്ഥാപനമെന്നായി രാജകുമാരി. ആശുപത്രി സഭയുടേ വകയാ, അങ്ങേർക്കൊന്നും ചെയ്യാൻ പറ്റില്ല, ഇത്തരം കേസുകൾ ദിവസവും അഞ്ചെട്ടെണ്ണം വരുമെന്നായി ഡയറക്റ്റർ. ളോഹയൂരിയിട്ടു വാ ഒരുമിച്ചു തെണ്ടാമെന്നും, ഇങ്ങിനെ വരുന്നവർക്കു സൗജന്യം ചെയ്താൽ പഠിപ്പിക്കുന്നതിനു പ്രതിഫലമായി എടുക്കാത്ത ആയിരത്തിന്റെ നോട്ടുകൾ കിട്ടിയാലും മതിയെന്നും നമ്മുടെ രാജകുമാരിയും (നാണക്കേടു ഭയന്നു, വെളിപ്പെടുത്താത്ത പഴയ ആയിരത്തിന്റെ നോട്ടുകൾ സമൃദ്ധമായി ഇവരുടെ കൈയ്യിലൊക്കെ കാണുമെന്നാ രാജകുമാരി കരുതിയിരിക്കുന്നത്. നോട്ടു പിൻ വലിച്ച നവംബർ എട്ടിനു പോലും ഒരു നോട്ടും കാഞ്ഞിരപ്പള്ളിയിൽ ബാക്കിയില്ലായിരുന്നുവെന്നാ ജനം പറയുന്നത്). ഡയാനായുടെ കഥ അവസാനംവരെ വായിച്ചാൽ ഡിക്ഷണറി വായിക്കുന്നതു പോലെയാ, കരഞ്ഞു പോകും - ഇസഡ്ഡിന്റെ ഗതികേടു കാണുമ്പോൾ ആരാ കരയാത്തത്? (കാര്യത്തിനു കൊള്ളാവുന്നവർ കൂട്ടത്തിലില്ലല്ലോ!)

ബി ജെ പി ക്ക് ഈറാൻ മൂളിയിട്ട് ഒരു പ്രയോജനവും കണ്ടില്ല. കത്തോലിക്കാ സഭയുടേയും കാശുപോകും, കമ്മ്യുണിസ്റ്റുകാരുടേയും കാശു പോകും. ആരോടു പറയാൻ? ഭരണങ്ങാനത്തുനിന്നു കിട്ടിയതാ ചേർപ്പുങ്കേന്നു കിട്ടീയതാന്നു പറഞ്ഞിട്ടൂ കാര്യമില്ല. അസാധാരണ വരവ് ഇൻകം ടാക്സ് കാരേം കൂടി ബോദ്ധ്യപ്പെടുത്തണം. മാണ്ഡ്യാരൂപതക്കാർ പുതിയ നോട്ടു വരുന്നിടം വരെ കാത്തിരുന്നിട്ടാ പിരിവിനിറങ്ങിയത്. സീറോ മലബാറിനു സ്വന്തമായി ബാംഗ്ലൂരിൽ പള്ളിയില്ല. ഒരോഡിറ്റോറിയത്തിൽ കുർബ്ബാന ചൊല്ലി കർത്താവിനെ എത്രനാളാ അപമാനിക്കുന്നത്? വാങ്ങി, 18 സെന്റ് സ്ഥലം, രണ്ടു മൂന്നു കോടിക്ക് മെത്രാന്റെ പേരിൽ. വെടിക്കെട്ടു നാലു പ്രസംഗങ്ങളും ധ്യാനങ്ങളുമെല്ലാം കഴിഞ്ഞപ്പോൾ ബാംഗ്ലൂരിലുള്ള കേരളീയരെല്ലാം മുന്തിരിത്തോപ്പിലേക്കിറങ്ങി പിരിവിന്. ഇപ്പോൾ സംഘം കാഞ്ഞിരപ്പള്ളി രൂപതയിലുണ്ട്. അവിടെനിന്നു വന്ന അച്ചൻ പള്ളികളിൽ ചെന്ന് എല്ലാ കുർബ്ബാനക്കും ഒരഭ്യർത്ഥന നടത്തും, മെത്രാന്റെ അനുവാദമുണ്ടെന്നും പറയും. പിന്നെ രണ്ടുപേരുള്ള സംഘങ്ങൾ ബ്രാൻഡെഡ് ബനിയനുകളുമിട്ട് എല്ലാ വീടുകളിലും ലിസ്റ്റ് നോക്കി കേറും. ഇടക്കിടക്കവരും പിറുപിറുക്കുന്നുണ്ട്  'ദൈവമേ! നാളെയെന്തെന്നറിയില്ല.' അറിയാനെന്തിരിക്കുന്നു? സ്വന്തമായി പള്ളി പണിതാൽ, പള്ളിമുറി വേണമല്ലോ, പള്ളി മുറിയായാൽ, പാരീഷ് ഹോൾ വേണമല്ലൊ, അതായാൽ വേദപാഠത്തിനു സൗകര്യം വേണമല്ലൊ, അതായാൽ സ്വന്തം ശവക്കോട്ട വേണമല്ലൊ.....! എ ഡി മൂവായിരത്തോടെ സ്വന്തമായി ഒരു ഗ്രഹമെന്ന ആശയത്തിനു പ്രചാരം കിട്ടിയേക്കാം. ഏതായാലും, ഈ പിരിവുകാരുടെ മക്കളുടെ കാലം പോകുന്നതിനു മുമ്പ്, 'ഇരിയെടാ അവിടെ!'ന്നു കേൾക്കാറാവും. അതാണല്ലോ സീറോ സ്റ്റൈയിൽ! പിരിവുകാരെ, ചെന്നൈ, ഡൽഹി, അഹമ്മദാബാദ് മുതൽ സ്ഥലങ്ങളിലെക്കു വിടാൻ സാധ്യതയില്ല. എന്തിനാ അവിർക്കുണ്ടായ ദുരനുഭവങ്ങൾ ബാംഗ്ലൂരുകാരെ കേൾപ്പിക്കുന്നത്. 

അണക്കരക്കാരെ പഠിപ്പിച്ചിരിക്കുന്നത് ളോഹയിട്ടവരെ മുഴുവൻ യേശുവായിക്കാണണമെന്നാണ്. യേശു ആരുടേയും അളവെടുക്കാറില്ലെന്ന് അവിടുത്തെ വിശ്വാസികൾക്കറിയില്ല. ഇങ്ങിനെ ചിലയച്ചന്മാർ പറയുന്നതിലും കാര്യമുണ്ട്. അവരു നോക്കുമ്പോൾ യേശുവിനേക്കാൾ കൂടുതൽ അൽഭുതങ്ങൾ ചെയ്തിട്ടുള്ളവരാ പലരും. മറ്റാരോ അണക്കരയിൽ പണിത കെട്ടിടങ്ങൾ ഇപ്പോൾ അവരുടെ കൈവിട്ടു പോയില്ലേ? അതെന്താ നിസ്സാര അൽഭുതമാണോ? മോനിക്കായുടെ സ്ഥലവും തമ്പലക്കാട്ടേ അഗതിമന്ദിരവുമൊക്കെ കൈമറിഞ്ഞുപോകാൻ ആരോ ഉപയോഗിച്ചത് ഏതോ കടുത്ത കന്തീസായായിരിക്കാനാ സാദ്ധ്യത. ഋത്വിക് റോഷന്മാർ  കട്ടപ്പനയിൽ മാത്രമല്ല, കത്തലാങ്കൽപടിക്കലും കൂവപ്പള്ളിയിലും കണ്ടെന്നിരിക്കും.

രൂപത നിയോഗിക്കുന്ന സംഘങ്ങളെ കമ്മീഷനുകൾ എന്നാണു വിളിക്കുക. ഇംഗ്ലണ്ടിൽ പതിനഞ്ചു കമ്മീഷനുകൾ പ്രഖ്യാപിച്ചല്ലൊ! ഔദ്യോഗികമായി ചുമതലപ്പെടുത്തിയ ഒരു സംഘമെന്നും ഒരു പ്രത്യേക ഉത്തരവെന്നും മാത്രമല്ല കമ്മിഷൻ എന്ന വാക്കിനർത്ഥം. തുകയുടെ ഒരു നിശ്ചിത വിഹിതമെന്നും ഇതിനർത്ഥമുണ്ട്! ഏറ്റവും നല്ല കമ്മിഷനെന്നു പറഞ്ഞാൽ രൂപതക്കു കൂടുതൽ കമ്മീഷൻ കിട്ടത്തക്ക പദ്ധതികൾ വിഭാവനം ചെയ്യുന്ന സംഘം! കർത്താവു പോലും ഇത്ര അകലെ ചിന്തിച്ചു കാണില്ല.

1 comment:

  1. ഇത്രയും വേണ്ടായിരുന്നു, ഇതിന്റെ ഒരു നൂറിലൊന്നു നർമം പാതിരിമാർക്കും മെത്രാന്മാർക്കും ഉണ്ടായിരുന്നെങ്കിൽ പ്രസംഗം കേൾക്കാൻ ഞാൻ പള്ളിയുടെ നടയിലെങ്കിലും ചെന്നിരുന്നേനെ. രണ്ടുമൂന്നു തവണ ഞാൻ വണ്ടിയിലിരുന്ന് ചിലരുടെ പ്രസംഗങ്ങൾ കേട്ട് നോക്കി, പഴയകാലങ്ങളിൽ നിന്ന് എന്തെങ്കിലും പുരോഗമനം ഉണ്ടായോ എന്നറിയാൻ. ഒരുണ്ടയും മാറിയിട്ടില്ല, മലയാളം മോശമായതല്ലാതെ.
    ഏതെങ്കിലും ബിഷപ് ഇതിനകം ചരടുവലിക്കുന്നുണ്ടാവണം ഈ റോഷനെ തങ്ങളുടെ അരമനയിൽ വരുത്തി ഉപദേഷ്ടാവായി നിയമിക്കാൻ, ഇപ്പോൾ ഗൾഫിൽ അദ്ദേഹം വാങ്ങുന്നതിലും ശമ്പളം കൊടുത്തുകൊണ്ട്. അവർക്ക് അല്പം നല്ല ഭാഷയും പഠിക്കാമായിരുന്നു, എന്ന് ഞാൻ പറയും.

    ReplyDelete