Translate

Wednesday, December 28, 2016

'സത്യജ്വാല'യുടെ പ്രചാരണം ഏറ്റം പ്രധാനം

സര്‍ക്കുലേഷന്‍ മാനേജര്‍ക്ക് ഒരു കത്ത്
എം. തോമസ് മഞ്ഞപ്പള്ളില്‍


'സത്യജ്വാല'യില്‍ കൊടുത്തുവരുന്ന സാമ്പത്തികസ്ഥിതി സംബന്ധിച്ച അറിയിപ്പുകളില്‍നിന്നും മാസികയുടെ പ്രസിദ്ധീകരണം, പ്രധാനമായും ഉദാരമതികളുടെ സംഭാവനയെ ആശ്രയിച്ചാണ് നടക്കുന്നത് എന്നറിയുന്നു. സംഭാവനകള്‍ തികയാതെവരുമ്പോള്‍ കടം വാങ്ങുകയെന്ന പോംവഴിയും സ്വീകരിക്കുന്നു. വരിക്കാരുടെ എണ്ണം കൂട്ടുകയെന്ന ഏറ്റം പ്രധാനമായ കാര്യത്തിലേക്ക് ഇനിയെങ്കിലും നാം തിരിയേണ്ടതില്ലേ?
62 വര്‍ഷം മുമ്പ് കോളേജില്‍ സഹപാഠിയായിരുന്നശേഷം അച്ചന്‍പട്ടം സ്വീകരിച്ച ഒരു വന്ദ്യവൈദികനെ സമീപകാലത്ത് സന്ദര്‍ശിക്കുന്നതിന് എനിക്ക് അവസരം കിട്ടി. അദ്ദേഹം ഒരു റിട്ടയര്‍ഡ് കോളേജ് അദ്ധ്യാപകന്‍കൂടിയാണ്. അങ്ങേരുടെ മേശപ്പുറത്ത് 'സത്യജ്വാല' കിടക്കുന്നതുകണ്ടിട്ടു ഞാന്‍ ചോദിച്ചു, ''അപ്പോള്‍ അച്ചന്‍ ഇതും വായിക്കുന്നുണ്ടോ?'' മറുപടി ഇതായിരുന്നു: ''എടാ, കൈയില്‍ കിട്ടുന്ന അന്നുതന്നെ ആദ്യവസാനം മുഴുവനും വായിച്ചുതീര്‍ക്കുന്ന ഒരു മാസിക ഇതുമാത്രമാണ്.'' ഇതില്‍നിന്ന് ഒരു കാര്യം ഞാന്‍ മനസ്സിലാക്കി. മൂഢമായ വിശ്വാസംകൊണ്ടു ചിന്താശക്തി നഷ്ടപ്പെടുത്തിയിട്ടില്ലാത്ത വ്യക്തികള്‍, അവര്‍ ഏതു ജീവിതാന്തസ്സിലുള്ളവരായാലും, ഈ മാസിക കൈയില്‍ വന്നാല്‍ മറിച്ചുനോക്കുക മാത്രമല്ല, ഉള്ളടക്കം മിക്കവാറും മുഴുവന്‍തന്നെ വായിക്കുകയും ചെയ്യും.
KCRM-ന്റെ ഏറ്റവും ഫലവത്തായ ആയുധം 'സത്യജ്വാല' ആണെന്നു പറയാന്‍വേണ്ടിയാണ് ഇക്കാര്യം ഇത്രയും വിസ്തരിച്ചത്. KCRM-ന്റെ പ്രതിമാസപരിപാടിയില്‍ ചുരുക്കം മുതിര്‍ന്ന പൗരന്മാര്‍ സമ്മേളിക്കുന്നുണ്ടെന്നതു നല്ലതുതന്നെ. എന്നാല്‍, അതുകൊണ്ടൊന്നും കാര്യമായ ഒരു പരിവര്‍ത്തനവും (Reformation) സഭയില്‍ നടക്കുവാന്‍ പോകുന്നില്ല. അതുകൊണ്ട്, ഇന്നത്തെ നിലയില്‍ മാസികയുടെ സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കുകയാണ് KCRM ഏറ്റെടുക്കേണ്ട ഏറ്റവും പ്രാഥമികമായ 'Task'.
മാസികയുടെ സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കുവാന്‍ എന്റെ എളിയ മനസ്സില്‍ തോന്നിയ രണ്ടു കാര്യങ്ങള്‍ ഇവിടെ അവതരിപ്പിക്കാം:
(1) KCRM-ന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ മിക്കവാറും പാലാ കേന്ദ്രീകരിച്ചാണല്ലോ നടക്കുന്നത്. പാലാ രൂപതയുടെകീഴില്‍ ഏതാണ്ട് 160 ഇടവകപ്പള്ളികള്‍ ഉണ്ട്. ഇതില്‍ ഓരോ ഇടവകപ്പള്ളിയിലേക്കും മാസികയുടെ 5 കോപ്പി വീതം സൗജന്യമായി എല്ലാ മാസവും അയയ്ക്കുന്നു എന്നിരിക്കട്ടെ. ഈ മാസിക കൈയില്‍ കിട്ടുന്നവര്‍ മാത്രമല്ല, അറിഞ്ഞും കേട്ടും മറ്റു കുറെ ആളുകള്‍ക്കുകൂടി മാസിക വായിക്കുന്നതിന് അവസരം കിട്ടും. താല്‍പ്പര്യം ഉദിക്കുന്നവര്‍ സ്വയമേവ മാസികയുടെ വരിക്കാരാകുകയും ചെയ്യും.
ഇടവകപ്പള്ളികളിലേക്ക് അയയ്ക്കുന്ന കോപ്പികള്‍, ആരുടെ പേരിലയയ്ക്കും എന്നത് ഒരു പ്രശ്‌നമാണ്. ഓരോ പള്ളിയോടനുബന്ധിച്ചും ഓരോ വിമത(rebel)ഗ്രൂപ്പും ഉണ്ടായിരിക്കും. ആ ഗ്രൂപ്പിനെ കണ്ടുപിടിച്ചാല്‍ അതില്‍ വ്യക്തിത്വമുള്ള ഒരാളിന്റെപേരില്‍ അയയ്ക്കാവുന്നതാണ്. ആ വ്യക്തി മറ്റുള്ളവര്‍ക്ക് മാസിക എത്തിച്ചുകൊടുക്കും.
ഓരോ പള്ളിയിലേക്കും അഞ്ചു കോപ്പികള്‍വീതം സൗജന്യമായി അയയ്ക്കുന്നുവെങ്കില്‍, മാസികയുടെ വിലയും തപാല്‍ ചെലവുകളും ആരു വഹിക്കും എന്നതാണ് അടുത്തപ്രശ്‌നം. ഇപ്പോള്‍ KCRM-വുമായി അടുത്തു സഹകരിക്കുന്ന വ്യക്തികളെ സംബന്ധിച്ച് തങ്ങളുടെ ഇടവകയിലേക്ക് മാസികയുടെ അഞ്ചു കോപ്പികള്‍ സ്‌പോണ്‍സര്‍ ചെയ്യുകയെന്നത് ഒരു വലിയ കാര്യമല്ല; ഒരു ചെറിയ 'ത്യാഗം', അത്രമാത്രം. ത്യാഗങ്ങളില്‍ക്കൂടിമാത്രമേ ഒരു പ്രസ്ഥാനം ശക്തിപ്രാപിക്കുകയുള്ളു എന്ന ആപ്തവാക്യം ഇവിടെ ഓര്‍മിക്കാം. ഇപ്പോഴത്തെ വിലനിലവാരത്തില്‍ മാസികയുടെ ഒരു കോപ്പി ഒരു വര്‍ഷത്തേക്ക് വരിസംഖ്യ 200 രൂപയില്‍ താഴെയാണ്. 1 കിലോ പോത്തിറച്ചിക്ക് വില 280 രൂപ. പ്രസ്ഥാനവുമായി സഹകരിക്കുന്ന മാന്യന്മാര്‍ 5 ഞായറാഴ്ചകളില്‍ 1 കിലോ പോത്തിറച്ചിവീതം കുറച്ചു വാങ്ങിയാല്‍മതി എന്നു തീരുമാനിച്ചാല്‍ അവര്‍ക്ക് മാസികയുടെ 5 കോപ്പികള്‍ അനായാസേന സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയും. (ഈ സ്‌ക്കീം നടപ്പിലാക്കുകയാണെങ്കില്‍ എന്റെ ഇടവക (രത്‌നഗിരി)യിലേക്കുള്ള മാസികയുടെ 5 കോപ്പികല്‍ അയയ്ക്കുന്നതിനുള്ള ചെലവുകള്‍ അഡ്വാന്‍സായി ഞാന്‍ സര്‍ക്കുലേഷന്‍ മാനേജരുടെപേരില്‍ അയയ്ക്കുന്നതായിരിക്കും). ഒരു പക്ഷേ 160 പള്ളികളിലേക്കും സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നു വന്നേക്കാം. ഒരു 100 സ്‌പോണ്‍സര്‍മാരെയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞാല്‍ അതു വലിയൊരു കാര്യമായിരിക്കും
(2) അടുത്ത പരിപാടി അല്‍പംകൂടി സാഹസികത വേണ്ടിവരുന്നതാണ്. പല ഭാഷകളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരമുള്ള മാസികയാണ്, 'റീഡേഴ്‌സ് ഡൈജസ്റ്റ്'. അവര്‍ എല്ലാ വര്‍ഷവും വര്‍ഷാരംഭത്തിലും ക്രിസ്മസ്, ദീപാവലി മുതലായ ഉത്സവസീസണുകളിലും മാസികയില്‍ ഒരു ഡിസ്‌കൗണ്ട് കൂപ്പണ്‍ വയ്ക്കാറുണ്ട്. മാസികയുടെ വരിക്കാര്‍ക്ക് ഈ കൂപ്പണ്‍ പൂരിപ്പിച്ച് ഒന്നോ അതിലധികമോ വ്യക്തികള്‍ക്ക് ഒരു വര്‍ഷത്തേക്ക് മാസിക സ്‌പോണ്‍സര്‍ ചെയ്യാം. അങ്ങനെ സ്‌പോണ്‍സര്‍ ചെയ്യുന്ന മാസികയ്ക്ക് വരിസംഖ്യയില്‍ 10 ശതമാനത്തോളം ഡിസ്‌കൗണ്ട് ഉണ്ടാകും. ഒരു ചെറിയ സമ്മാനം സ്‌പോണ്‍സര്‍ ചെയ്യുന്ന വരിക്കാരനും നല്‍കും. ഇങ്ങനെയൊരു പരിപാടി 'സത്യജ്വാല'യില്‍ തുടങ്ങിയാലെന്താ? ഒരു വര്‍ഷത്തേക്കുള്ള 12 ലക്കം സ്‌പോണ്‍സര്‍ ചെയ്യുമ്പോള്‍ ഒരു ഡിസ്‌കൗണ്ട് എന്ന രീതിയില്‍ 1 മാസത്തെ ലക്കംകൂടി സൗജന്യമായി അയയ്ക്കുന്നു എന്നു വയ്ക്കുക. അങ്ങനെ പുതിയതായി വരിക്കാരാകുന്ന വ്യക്തികള്‍ ഓരോരുത്തരും അവരവരുടെ സ്‌നേഹിതവലയത്തിലുള്ള ഒരാള്‍ക്കുകൂടി ഒരു വര്‍ഷത്തേക്കു മാസിക സ്‌പോണ്‍സര്‍ ചെയ്യുമെങ്കില്‍ എന്തായിരിക്കും മാസികയുടെ സര്‍ക്കുലേഷനിലെ വളര്‍ച്ച! (ഈ സ്‌കീം ഇല്ലാതെതന്നെ ഞാന്‍ ഒരാള്‍ക്കുവേണ്ടി ഒരു വര്‍ഷത്തേക്കുള്ള മാസിക സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട്. സ്‌കീം നടപ്പാകുമെങ്കില്‍ ഒന്നോ രണ്ടോ വ്യക്തികള്‍ക്കുകൂടി സ്‌പോണ്‍സര്‍ ചെയ്യുവാന്‍ സന്നദ്ധനുമാണ്).

ഇന്നത്തെ കത്തോലിക്കാ 'വിശ്വാസി'കളില്‍ ഒരു നല്ല ശതമാനവും, 'സത്യജ്വാല' പ്രതിനിധാനം ചെയ്യുന്ന എല്ലാ ആശയങ്ങളോടും യോജിപ്പുള്ളവരല്ലെങ്കില്‍ത്തന്നെയും അതു മുന്നോട്ടുവയ്ക്കുന്ന ചിന്താഗതി(The line of thinking) യോട് അനുഭാവമുള്ളവരാണ്. എന്നാല്‍, അവരിലേറെപ്പേരും പ്രതികരണശേഷി ഉണര്‍ത്താതെ ആലസ്യത്തില്‍ (Passive and Inatriculate) കഴിയുന്നവരാണ്. മറ്റൊരു കൂട്ടര്‍ ഇങ്ങനെയൊരു പ്രസിദ്ധീകരണം ഉള്ളതായി അറിഞ്ഞിട്ടില്ലാത്തവരുമാണ്. അവരിലേക്കെല്ലാം ഈ മാസിക എത്തിച്ചുകൊടുക്കുകയെന്ന കടമ KCRM ഏറ്റെടുക്കേണ്ടതുണ്ട് എന്നാണ് എനിക്കു തോന്നുന്നത്.                  
ഫോണ്‍: 828129545

2 comments:

  1. VISIT : http://almayasabdam.blogspot.in/2016/12/6.html

    ReplyDelete
  2. This comment has been removed by the author.

    ReplyDelete