Translate

Saturday, December 17, 2016

ജോസഫ് പുലിക്കുന്നേൽ എന്ന പ്രസ്ഥാനം


ചാക്കോ കളരിക്ക

ഓരോരോ കാലഘട്ടങ്ങളിൽ ഓരോരോ ജന്മങ്ങൾ പ്രത്യക്ഷപ്പെടുമെന്ന് നാം കേട്ടിട്ടുണ്ട്. ആഗോള കത്തോലിക്കാസഭയെയും പ്രത്യേകിച്ച് സീറോ മലബാർ സഭയെയും നേർവഴിയിലേക്ക് തിരിക്കാനുള്ള ഒരു ആധുനിക ജന്മമാണ് ശ്രീ ജോസഫ് പുലിക്കുന്നേൽ.

ഓശാന ലൈബ്രേറിയനും 'ഏകാന്ത ദൗത്യം ജോസഫ് പുലിക്കുന്നേലിന്‍റെ ജീവിതം' എന്ന പുസ്തകത്തിന്‍റെ എഡിറ്ററുമായ ശ്രീമതി റോസമ്മ എബ്രാഹം തൻറെ ആമുഖത്തിൽ ശ്രീ. ജോസഫ് പുലിക്കുന്നേലിനെപ്പറ്റി എഴുതിയിരിക്കുന്നത്, "ആശയങ്ങളുടെ ആഴങ്ങൾകൊണ്ട് ഉയരങ്ങൾ കീഴടക്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റെത്." എന്നാണ്. ജീവിതത്തിൽ അനേകം പ്രതിസന്ധികളെ നേരിടേണ്ടിവന്നിട്ടുള്ള അദ്ദേഹം കഴിഞ്ഞ 45 ർഷത്തിനുമേൽ, കത്തോലിക്കാ സഭയും സീറോ മലബാർ സഭയും വളരെ കുഴഞ്ഞുമറിഞ്ഞ ഒരു അന്തരീക്ഷത്തിൽകൂടി നീങ്ങിക്കൊണ്ടിരുന്ന അവസരത്തിൽ, മാതോമാ ക്രിസ്ത്യാനികളുടെ പൗരാണിക ലോകത്തിന്‍റെ ശ്രുതി വർത്തമാനകാലത്തിന്‍റെ മനസ്സിൽ വ്യക്തമായും സുശക്തമായും സഭാമേലധികാരികൾക്കും സമൂഹത്തിനും തുറന്നുകാട്ടി. മാർതോമായുടെ മുത്തിരിത്തോട്ടത്തിൽ സ്നേഹശൂന്യരായ, കാരുണ്യശൂന്യരായ, പണക്കൊതിയന്മാരായ മെത്രാന്മാരായ കാട്ടാനകളുടെ ആക്രമണങ്ങൾക്കെതിരായി ഒറ്റയാനായി ശക്തിയുക്തം അദ്ദേഹം പോരാടി. പുലിക്കുന്നേലിന്‍റെ സേവനത്തെയും സ്വാധീനത്തെയും കേവലം ഒരു അളവുകോലുകൊണ്ട് അളക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. എങ്കിലും വളരെയധികം പരിവർത്തനങ്ങൾ സഭയിലും സമൂഹത്തിലും സംഭവിച്ചിട്ടുണ്ടെന്നും സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നും എടുത്തു പറയാതെ വയ്യ. പുലിക്കുന്നൻ ഒരു പ്രസ്ഥാനമാണ്; അതിനായി അവതരിച്ച ഒരു വ്യക്തിയുമാണ്.

പള്ളിയിൽ പോകാനും അച്ചന്മാരെ അനുസരിക്കാനും പള്ളിക്ക് സംഭാവന നല്കാനും പ്രാർത്ഥിക്കാനും മാത്രമെ കടമയുള്ളൂ എന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തെ ചിന്തിക്കാനും പ്രതികരിക്കാനും ശീലിപ്പിക്കാൻ അദ്ദേഹം പരിശ്രമിക്കുന്നു. ആശയപരമായ ഒരാവേശം അതിന് ആവശ്യമാണ്. അത് വേണ്ടുവോളം അദ്ദേഹത്തിനുണ്ട്. സമൂഹത്തിൽ മാറ്റംവന്നാലേ സഭാമേലധികാരികൾക്ക് മാറ്റം വരൂ എന്നദ്ദേഹം വിശ്വസിക്കുന്നു. ശക്തവും സംഘടിതവും സ്ഥാപനവൽകൃതവുമായ സഭാശക്തിക്കെതിരെയാണ് അദ്ദേഹം പോരാടുന്നതെന്നോർക്കണം. സഭയിലും സമൂഹത്തിലും ആരോഗ്യപരവും അഭികാമ്യവുമായ മാറ്റങ്ങൾ സംഭവിക്കുന്നത് സ്വതന്ത്രവിമർശനങ്ങൾ വഴിയാണ്.

സത്യത്തിലും നീതിയിലും നടക്കാത്തവരാണ്, സത്യത്തിലും നീതിയിലും സഭയെ വിമർശിക്കുന്നവരെ, ചെയ്യുന്നതെല്ലാം തെറ്റാണെന്നും സഭാദ്രോഹികളാണെന്നും പറഞ്ഞ് വിമർശിക്കുന്നത്. ദൈവത്തിനുവേണ്ടി അധികാരം കൈകാര്യം ചെയ്യുമ്പോൾ വിമർശനത്തെ സ്വാഗതം ചെയ്യും; അല്ലാത്ത അധികാരികൾ ബഹളം ഉണ്ടാക്കും. "നിങ്ങളിൽ പ്രധാനിയാകണം എന്ന് ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ദാസനാവണം" എന്ന ഉപദേശത്തോടെയാണ് യേശു അധികാരസ്ഥാപനം നടത്തിയത്. അധികാര കേന്ദ്രീകൃത സഭയെയല്ല യേശു സ്ഥാപിച്ചത്. മറിച്ച്, പരസ്പര സ്നേഹ, സേവന കൂട്ടായ്മയെയാണ് കർത്താവ് സ്ഥാപിച്ചത്. കർത്താവിന്‍റെ സഭയാണിത് എന്നുപറഞ്ഞ് ഇതുകൊണ്ടുനടക്കാൻ നാം ലജ്ജിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. വിമർശനം സഭാസമൂഹത്തിൽ മുഴുവനും പരന്നിട്ടുണ്ടെങ്കിലും വിമർശനങ്ങളെ വെറും മുഖവിലക്കെടുത്ത് മെത്രാന്മാർ തങ്ങളുടെ നയങ്ങളിൽ പുനർവിചിന്തനം ചെയ്യാൻ തയ്യാറല്ല. അതിനാൽ ഇന്ന് വ്യവസ്ഥാപിതസഭയും ജനങ്ങളും തമ്മിലുള്ള വിടവ് വർദ്ധിച്ചുകൊണ്ടിരിക്കുന്നു.

അധികാരത്തിന് വഴിപ്പെടുന്ന ചിന്താഗതിമൂലം സഭാവിമർശനത്തെ - അത് സത്യമായാൽ തന്നെയും - മോശമായ അഭിപ്രായം ജനങ്ങളിൽ ഉണ്ടാക്കുന്നു. അത്തരം ചിന്താഗതിയെ ഊട്ടിവളർത്തുകയാണ് പൗരോഹിത്യമേധാവിത്വം ഇന്നും ചെയ്തുകൊണ്ടിരിക്കുന്നത്. ശ്രീ. പുലിക്കുന്നേൽ സഭയ്‌ക്കെതിരായി പ്രവർത്തിക്കുന്ന ഒരാളാണെന്ന് പരക്കെ ഒരഭിപ്രായം പുരോഹിതപ്പട സൃഷ്ടിച്ചെടുത്തു. അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ പ്രസ്ഥാനത്തെയും അനുകൂലിക്കുന്നതിനുപകരം എതിർക്കാനാണ് സഭാധികാരം തുനിഞ്ഞത്. തെറ്റിദ്ധരിക്കപ്പെട്ട അദ്ദേഹത്തിന്‍റെ സംഭാവനകളെ മേലധികാരികളും വിശ്വാസികളും കാര്യമായി സ്വീകരിച്ചില്ല. കണ്ടതുപറഞ്ഞാൽ കഞ്ഞിയില്ല' എന്ന അനുഭവമാണ് അദ്ദേഹത്തിനുണ്ടായത്. ശ്രീ. പുലിക്കുന്നേൽ ചെയ്തതൊക്കെ സഭയെ നശിപ്പിക്കാനാണെന്ന് ഒരുകൂട്ടർ ചിന്തിക്കുമ്പോൾ മറ്റൊരുകൂട്ടർ അദ്ദേഹത്തിന്‍റെ സേവനങ്ങൽ മഹത്തരമാണെന്ന് അനുമാനിക്കുന്നു. സ്വാർത്ഥചിന്തയുള്ള കുറെ അധികാരികൾക്ക് അദ്ദേഹം എന്നും കണ്ണിൽ കരടായിരുന്നു. അപവാദങ്ങൾകൊണ്ട് അപകീർത്തിപ്പെടുത്തി അദ്ദേഹത്തെ ഇല്ലാതാക്കാൻ സഭാധികാരം കിണഞ്ഞു ശ്രമിച്ചു. അത്തരം ഹീനവും മനുഷ്യത്വരഹിതവുമായ പ്രവൃത്തികൾ ചെയ്യാൻപോലും സഭാധികാരം മടികാണിച്ചില്ല. അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ കണ്ണുതുറപ്പിക്കാനായി ശ്രീ. പുലിക്കുന്നേൽ മറ്റുള്ളവരുടെ വിമർശനം സ്വയം ഏറ്റുവാങ്ങുകയാണ് ചെയ്തത്.

വിശ്വാസികളും പട്ടക്കാരും സ്വരുമയോടെ കഴിയുകയും പള്ളിക്കാര്യങ്ങൾ ഒന്നിച്ചു നിർവഹിക്കുകയും ചെയ്തുപോന്ന മാർതോമാനസ്രാണി പൈതൃകം ഒരു പഴഞ്ചൻ ചിന്താഗതിയും രീതിയുമാണെന്ന് മെത്രാന്മാർ കാണുന്നു. ജനങ്ങളെ സഹകരിപ്പിക്കാതെ മാറ്റിനിർത്തി സഭയുടെ ദൗത്യനിർവഹണം സ്വയം ഏറ്റെടുത്ത് നടത്തുകയാണ് സഭാധികാരം ഇന്നു ചെയ്യുന്നത്. അതാണ് മെത്രാന്മാരുടെ മോഡേണിസം. സഭ ദൈവജനമാണെന്നുള്ള സങ്കല്പത്തിൽ ഒന്നാം നൂറ്റാണ്ടുമുതൽ വളർന്നുവന്ന മാർതോമാ ക്രിസ്ത്യാനികളുടെ ദേശത്തുപട്ടക്കാരും കുടുംബത്തലവന്മാരും ചേർന്ന ദ്രാവിഡരീതിയിലുള്ള പ്രാദേശിക ഭരണരീതിയായിരുന്നു പള്ളിയോഗങ്ങൾ. പടിഞ്ഞാറൻ സഭയിൽനിന്നും വ്യക്തമായി വേറിട്ട ആ പള്ളിഭരണരീതി നസ്രാണികളുടെ കൂട്ടായ്മയുടെയും പങ്കാളിത്തത്തിന്‍റെയും വിലപ്പെട്ട പൈതൃകമായിരുന്നു. പക്ഷേ, അധികാരദുർമോഹികളായ മെത്രാന്മാർ പാശ്ചാത്യമാതൃകയിലുള്ള, വികാരിയെ ഉപദേശിക്കുന്ന, പാരിഷ്കൗൺസിൽ സ്ഥാപിച്ച് നമ്മുടെ 2000 വർഷം പഴക്കമുള്ള പള്ളിയോഗപൈതൃകത്തെ, മാർതോമാപൈതൃകത്തെ, നശിപ്പിച്ചുകളഞ്ഞു. നാണമില്ലാത്തതുകൊണ്ടുമാത്രമാണ് ഇവർ ഇന്നിപ്പോൾ മാർതോമാപൈതൃകം പ്രസംഗിച്ചു നടക്കുന്നത്!

രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തീക സംഭവവികാസങ്ങളെ സഭ ഉൾക്കൊള്ളാൻ ശ്രമിക്കുമ്പോൾത്തന്നെ പള്ളിയോഗജനാധിപത്യസമ്പ്രദായത്തിന്‍റെ നേരെ കണ്ണടച്ച് ഏകാധിപത്യഭരണം സഭയിൽ നടപ്പാക്കി. കൂടാതെ പാരീഷ്‌കൗൺസിലിനെ വെറും ഉപദേശകസമിതികളായി തരംതാഴ്ത്തിയതോടെ നസ്രാണികൾക്ക് പണ്ടുമുതലേ ഉണ്ടായിരുന്ന ജനകീയ സഭാഭരണാധികാരം നിഷേധിക്കപ്പെട്ടു. ജനാധിപത്യം ഏറ്റവും അധ:പതിച്ച ഭരണരീതിയാണെങ്കിലും മറ്റേതു ഭരണരീതിയേക്കാളും മികച്ചതും അതുതന്നെ. ജനാധിപത്യ മൂല്യമോ സാമാന്യമര്യാദയോ ഇല്ലാതെ മെത്രാന്മാരും പുരോഹിതരും തങ്ങളുടെ അധികാരം തികച്ചും വ്യക്തിപരമായി കണക്കാക്കുമ്പോൾ അതിനെ ചോദ്യം ചെയ്യാൻ സാ ര്‍ ശ്രമിച്ചിട്ടുണ്ട്.

അന്ധമായ അധികാരഭയത്തിൽനിന്നു നസ്രാണിക്രിസ്ത്യാനികളെ മോചിപ്പിച്ചത് ശ്രീ. പുലിക്കുന്നേലാണ്. സഭാധികാരത്തെയും പൗരോഹിത്യത്തെയും ചോദ്യം ചെയ്യാൻ സമുദായാംഗങ്ങൾക്ക് അദ്ദേഹത്തിന്‍റെ നിലപാട് ധൈര്യം പകർന്നു. വി. കെ. കുര്യൻ സാറിന്‍റെ മരണാനന്തരശുശ്രൂഷ പള്ളിയധികാരികൾ നടത്തിക്കൊടുക്കാതിരുന്നപ്പോൾ അവരെ വെല്ലുവിളിച്ച് പുലിക്കുന്നേലിന്‍റെ കാർമികത്വത്തിൽ മരിച്ചടക്ക് നടത്തി. മുപ്പത്തിൽപരം വിവാഹത്തിനും അദ്ദേഹം സാക്ഷിയായിനിന്ന് നടത്തിക്കൊടുക്കുകയുണ്ടായി. ഇന്ന് ജനങ്ങൾ സഭാനേതൃത്വത്തെ അന്ധമായി അനുകരിക്കാതെ പ്രതികരിക്കുന്നതായി കാണാം. സോഷ്യൽ മീഡിയ അതിന് തെളിവാണ്.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഇടമറ്റം എന്ന ഗ്രാമത്തിൽ ഏപ്രിൽ 14, 1932-ൽ പുലിക്കുന്നേൽ മിഖായേലിന്‍റെയും എലിസബത്തിന്‍റെയും മകനായി ശ്രീ. ജോസഫ് പുലിക്കുന്നേൽ ജനിച്ചു. ഭരണങ്ങാനം സെൻറ് മേരീസ് ഹൈസ്‌കൂൾ, മൈസൂർ സെൻറ് ഫിലോമിനാസ് കോളേജ്, മദ്രാസ് ലയോള കോളേജ്, മദ്രാസ് പ്രസിഡൻസി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സാമ്പത്തികശാസ്ത്രത്തിൽ ബി. എ. ഓണേഴ്സ് കരസ്ഥമാക്കിയ അദ്ദേഹം കോഴിക്കോട് ദേവഗിരി സെൻറ് ജോസഫ് കോളേജിൽ അധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു. ഇരുപത്തിയാറാം വയസ്സിൽ ഡിഗ്രിക്കാരിയായ കാവാലം മണ്ഡകപ്പള്ളിൽ കൊച്ചുറാണിയെ വിവാഹം കഴിച്ചു. അദ്ദേഹം കേരളാ കോൺഗ്രസിന്‍റെ സ്ഥാപകനേതാക്കളിൽ ഒരാളാണ്. കൂടാതെ കേരളാ യൂണിവേഴ്സിറ്റി സെനറ്റുമെമ്പറും ആയിരുന്നിട്ടുണ്ട്. തെറ്റിദ്ധാരണയുടെ പേരിൽ കുറ്റമില്ലാതെ ശിക്ഷിക്കപ്പെട്ട് ദേവഗിരി കോളേജിലെ ലെക്ചർസ്ഥാനത്തുനിന്നും പുറത്തുവന്നു. അതുകൊണ്ട് കേരളക്രൈസ്തവർക്കുവേണ്ടി ഒരുപാട് സേവനങ്ങൾ ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഒരു പുരുഷായുസ്സിൽ ഭാവന ചെയ്യാൻ അസാധ്യമായ കാര്യങ്ങൾ അദ്ദേഹം സാധിച്ചുകഴിഞ്ഞു. വളരെയധികംപേർ അതൊരു ദൈവനിയോഗമായി കാണുന്നു.

സീറോമലബാർ സഭയുടെ വരും തലമുറയ്ക്ക് വെളിച്ചമേകാൻ അസാമാന്യമായ ധീരതയും വ്യക്തിപ്രഭാവവും ഇച്‌ഛാശക്തിയുമുണ്ടായിരുന്ന ശ്രീ. പുലിക്കുന്നേൽ മറ്റ് എല്ലാ മേഖലകളും ഉപേക്ഷിച്ച് തന്‍റെ ജീവിതം സഭാനവീകരണപ്രസ്ഥാനത്തിനായി മാറ്റിവച്ചു. ലിറ്റർജി, ദൈവശാസ്ത്രം, കാനോൻനിയമം, സഭാചരിത്രം, സഭാപാരമ്പര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ സ്വയം പഠിച്ച് ആ വിഷയങ്ങളിലെല്ലാം അദ്ദേഹം അവഗാഹം നേടി.  അല്മായർക്കും സഭാപഠനങ്ങളിൽ നിപുണരാകാമെന്ന് അദ്ദേഹം തെളിയിച്ചു. അദ്ദേഹത്തോട് സംവാദിക്കാൻ ഒരു മെത്രാനോ പുരോഹിതനോ ഇന്ന് ധൈര്യപ്പെടുകയില്ല.

ശ്രീ. പുലിക്കുന്നേലിന്‍റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിക്കുന്ന ഓശാനമാസികയായിരുന്നു അദ്ദേഹത്തിന്‍റെ നാവ്. കേരള നസ്രാണികളുടെ മഹത്തായ ഭാരതീയ പാരമ്പര്യപൈതൃകങ്ങൾ നശിപ്പിച്ച് പാശ്ചാത്യ സഭാസ്വഭാവം അടിച്ചേല്പിക്കാൻ സഭാധികാരം കിണഞ്ഞു പരിശ്രമിച്ചപ്പോൾ അതിനെ യുക്തിഭദ്രവും ശക്തിയുക്തവും എതിർത്തത് ഓശാനയാണ്. നാട്ടുരാജാക്കന്മാർപോലും പോർട്ടുഗീസ് ഭരണത്തെ അനുകൂലിച്ച നിലപാട് സ്വീകരിച്ചപ്പോൾ നസ്രാണികൾ ആ വിദേശശക്തിയോട് എതിർത്ത് തങ്ങളുടെ പള്ളികളുടെ നിയന്ത്രണം  അവർക്ക് നൽകാതിരിക്കാൻ നീണ്ട സമരം ചെയ്ത പാരമ്പര്യം നമുക്കുണ്ട്. 1653-ൽ മട്ടാഞ്ചേരിയിൽ 4000-നുമേൽ നസ്രാണി പള്ളിപ്രതിനിധികൾ തങ്ങളും തങ്ങളുടെ തലമുറകളും ഉള്ളിടത്തോളം കാലം “സാമ്പാളൂർ പാതിരിമാരെ” (വിദേശാധിപത്യം) അംഗീകരിക്കുകയില്ലന്ന് സത്യം ചെയ്തു. കൂനൻകുരിശുസത്യം എന്നത് അറിയപ്പെടുന്നു. അതാണ് വിദേശീയർക്കെതിരായ ഇന്ത്യാക്കാരുടെ ആദ്യവിപ്ലവം.1632 ക്രിസ്മസ് ദിനങ്ങളിൽ നസ്രാണികൾ ഏഴുദിവസം ഇടപ്പള്ളിയിൽ യോഗം ചേർന്നു. ബ്രിട്ടോ മെത്രാൻ പള്ളിയുടെമേൽ അധികാരം ഭരിക്കുകയില്ലെന്ന് എഴുതി ഒപ്പിട്ടുകൊടുത്തു. എങ്കിലും പോർട്ടുഗീസുകാർ 500 വർഷങ്ങൾക്കുമുമ്പ് എന്തു ചെയ്യണമെന്ന് ആഗ്രഹിച്ചോ അതെല്ലാം നാട്ടുമെത്രാന്മാർ കഴിഞ്ഞ 30 വർഷംകൊണ്ട് നടപ്പാക്കിക്കഴിഞ്ഞു. സമുദായത്തിന്‍റെ കോടിക്കണക്കിനു വിലവരുന്ന സമ്പത്ത് പൗരോഹിത്യ ഏകാധിപത്യഭരണത്തി ല്‍ അമർന്നിരിക്കയാണിന്ന്. നസ്രാണി സഭയുടെ പൂർവ്വകാലചരിത്രവും സമകാലിക വ്യവസ്ഥയും കൂട്ടിയിണക്കി പഠിച്ചാലേ ഓശാനയുടെ സംഭാവന മനസ്സിലാക്കാൻ സാധിക്കൂ.

സഭയുടെ ഘടനയും വിദേശസ്വാധീനവും സഭാസമ്പത്തിന്‍റെ ഏകാധിപത്യപരമായ ഭരണവുമാണ് മതനീതി നഷ്ടപ്പെടാനും സഭയ്ക്കുള്ളിലെ അനീതിക്ക് മുഖ്യകാരണവുമെന്നുള്ള കാഴ്ചപ്പാട് സഭാസമൂഹത്തിൽ പുലിക്കുന്നേൽ അവതരിപ്പിച്ചു. ഓരോ പള്ളിയുടെയും സ്വത്തും സ്ഥാപനങ്ങളും അതത് പള്ളിക്കാരുടേതായിരുന്നു. ആ സ്വത്തുക്കളുടെ ഉടമാവകാശമോ ഭരണാവകാശമോ മെത്രാന് ഉണ്ടായിരുന്നില്ല. പള്ളിയെന്നാൽ പുരോഹിതരുടെ മാത്രമല്ല അത് സാമാന്യ ജനങ്ങളുടേതുമാണെന്ന തിരിച്ചറിവ് നസ്രാണികൾക്ക് പണ്ടുണ്ടായിരുന്നു. പുതുതലമുറയ്ക്ക് അതുണ്ടാകേണ്ടിയിരിക്കുന്നു.

മെത്രാന്മാരും പുരോഹിതരും അവിടെയും ഇവിടെയും കാട്ടിക്കൂട്ടുന്ന ഒറ്റപ്പെട്ട സംഭവങ്ങളോട് പ്രതികരിക്കുന്നതിലുപരി മാർതോമാ ക്രിസ്ത്യാനികളുടെ സാമുദായിക ജീവിതത്തിന്‍റെ ആന്തര ഒഴുക്കിനെ നിയന്ത്രിക്കുകയും വികലമാക്കുകയും ചെയ്യുന്ന ശക്തികൾക്കെതിരായി പോരാടുന്നതിനും അതിന് നേരായ ദിശാബോധം നല്കുന്നതിനുമാണ് അദ്ദേഹം ഊന്നൽ നല്കിയത്. പുരോഹിത പത്രാധിപന്മാരുടെ കീഴിൽ പ്രസിദ്ധപ്പെടുത്തുന്ന ഔദ്യോഗിക ജിഹ്വകൾ ഒരുകാലത്തും അല്മായന്‍റെ അവകാശങ്ങൾക്കായി പോരാടാറില്ല. 'പെണ്ണെഴുത്ത്' പോലുള്ള പദപ്രയോഗം കൊണ്ട് സ്ത്രീകളെപ്പോലും അവഹേളിക്കുന്ന വൈദിക പ്രസിദ്ധീകരണങ്ങളാണ് അവയൊക്കെ.

മാർതോമായാൽ സ്ഥാപിതമായ അപ്പോസ്തലിക നസ്രാണി കത്തോലിക്കാസഭയുടെ  പുനരുജ്ജീവനമായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. അത് നമ്മെ 'മാർതോമായുടെ മാർഗവും വഴിപാടും' എന്ന നമ്മുടെ പഴയ അന്ത:സത്തയിലേയ്ക്കു തിരികെ കൊണ്ടുവരുവാനുള്ള ആഹ്വാനമായിരുന്നു. ആചാരാനുഷ്ഠാനങ്ങൾകൊണ്ട് ദൈവത്തെ പ്രീണിപ്പിച്ച് മോക്ഷം നേടുകയല്ല മനുഷ്യജീവിതത്തിൽറെ ലക്ഷ്യം, മറിച്ച്, ജീവിതം മറ്റുള്ളവർക്കുവേണ്ടി സമർപ്പിച്ചു ജീവിക്കുകയാണ് യേശുവിന്‍റെ സന്ദേശമെന്ന് അദ്ദേഹം അവതരിപ്പിച്ചു.

ആധ്യാത്മികത കേവലം കുറെ ഭക്താഭ്യാസങ്ങളും ധ്യാനപരിപാടികളും വിശുദ്ധരോടുള്ള വണക്കവുമായി അധ:പതിച്ചിരിക്കുകയാണെന്ന് അദ്ദേഹത്തിന് ബോദ്ധ്യമായി. യേശുവചനങ്ങളെ മനനം ചെയ്ത് ലഭിക്കുന്ന ആഴത്തിലുള്ള ഒരു ക്രൈസ്തവദർശനം ഉണ്ടാകാനുള്ള സ്വയപരിശ്രമങ്ങൾ ജനങ്ങളിൽ നടക്കുന്നില്ല. അതിനാൽ ധ്യാനാരവത്തിലും തിരുനാളാഘോഷങ്ങളിലും വൈകാരികമായി മുങ്ങിപ്പോകുന്ന ഒരു മതപ്രസ്ഥാനമായി കത്തോലിക്കാസഭ തരംതാഴ്ത്തപ്പെടുന്നു. അതു മനസ്സിലാക്കിയ ശ്രീ. പുലിക്കുന്നേൽ, ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ പ്രമാണ ഗ്രന്ഥമായ ബൈബിൾ വിവർത്തനത്തിന് മുൻകൈയെടുത്തു. എല്ലാ ക്രൈസ്തവവിഭാഗങ്ങൾക്കും സ്വീകാര്യമായ തരത്തിൽ തയാറാക്കിയ മലയാളം ഓശാന ബൈബിളിന്‍റെ പ്രചാരം വിസ്മയകരമാണ്. പത്തുലക്ഷത്തിലേറെ ഓശാന ബൈബിൾ ഏതാനും വർഷങ്ങൾകൊണ്ട് വിറ്റഴിഞ്ഞു. ശ്രീ. പുലിക്കുന്നേലിന്‍റെ ആശയനേതൃത്വത്തിന്നും സഭാവിമർശനങ്ങൾക്കും സഭാനവീകരണസംരംഭങ്ങൾക്കും അടിത്തറ ബൈബിൾതന്നെയായിരുന്നു.

പഠിപ്പും പാണ്ഡിത്യവുമുള്ള അല്മായന്‍റെ അഭിപ്രായങ്ങൾപോലും മെത്രാന്മാര്‍ അർത്ഥമില്ലാത്ത ജല്പനങ്ങൾ എന്ന ഭാവത്തിൽ അവഗണിക്കുകയാണ് അല്ലെങ്കിൽ അവഗണിക്കുന്നതായി നടിക്കുകയാണ്. പുലിക്കുന്നേലിനെപ്പോലുള്ള വിവരമുള്ള അല്മായരുടെ എണ്ണം കൂടിയതോടെ ഔദ്യോഗികസഭ ചർച്ചയ്ക്കുള്ള വേദികളുടെ വാതിലുകളെല്ലാം അടച്ചുപൂട്ടി.

കാനോൻ നിയമം രാഷ്ട്രീയമനോഭാവത്തിൽ എഴുതിയുണ്ടാക്കിയതാണ്. യേശുദർശനത്തിന്‍റെ ആന്തരികചൈതന്യം അതിൽ തൊട്ടുതേച്ചിട്ടില്ല. തിരുവചനത്തിലെ അടിസ്ഥാനമൂല്യങ്ങളുടെ എതിർപകർപ്പാണ് കാനോൻ നിയമം. നിയമമുണ്ടാക്കാനും വ്യാഖ്യാനിക്കാനും നടപ്പാക്കാനുമുള്ള സ്വാതന്ത്ര്യം കാനോൻ നിയമം വഴി മെത്രാനുണ്ട്. കത്തോലിക്കാസഭ കാനോൻ നിയമസംഹിതപ്രകാരം സ്വയംഭരണം നടത്തുന്ന സംഘടനയാണെന്നും അതിനാൽ രാഷ്ട്രനിയമം അതിന് ബാധകമല്ലെന്നുമുള്ള ഗർവ്വാണ് മെത്രാന്മാർക്കുള്ളത്.

സ്വന്തമായി ചിന്തിക്കാനും പറയാനും എഴുതാനും സ്വാതന്ത്ര്യം നല്കാത്ത ഒരു സഭയിൽ നാം വിഡ്ഢികളായി ജീവിക്കുന്നു. തലച്ചോറാകുന്ന വിശിഷ്ട അവയവത്തെപ്പോലും അവർ അപമാനിക്കുന്നു! ഈ സഭ നമ്മുടെ കൂട്ടായ്മയെ അനുദിനം തകർത്തുകൊണ്ടിരിക്കുന്നു. സഭാരാഷ്ട്രീയത്തിലൂടെ അധികാരസ്ഥാനങ്ങൾ അനർഹർക്കും പങ്കിട്ടുകൊടുക്കുന്ന അവസ്ഥയിലേക്ക് സഭ അധ:പതിച്ചിരിക്കുന്നു. മെത്രാൻസ്തുതിപാഠകരുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു. അവിടെ അനീതി കൊടികുത്തിവാഴുന്നു. സൂര്യൻ അസ്തമിക്കാത്ത സീറോ മലബാർ സാമ്രാജ്യത്തെ സ്വപ്നംകണ്ട് സഭാധികാരികൾ പള്ളികൊള്ളുന്നു. ഈ സഭയുടെ ഇപ്പോഴത്തെ പോക്കിൽ നാം ലജ്ജിക്കണം.

നസ്രാണികൾക്ക് ആത്മാഭിമാനവും ആത്മവിശ്വാസവും ഉണ്ടാകുന്നതിന് ശ്രീ. പുലിക്കുന്നേൽ വഹിച്ച പങ്ക് ചെറുതല്ല. മെത്രാന്മാരും പുരോഹിതരും ഭാവിയിൽ സഭാനവീകരണ പ്രസ്ഥാനക്കാരോടുള്ള ഇന്നത്തെ നിലപാടിലും സമീപനത്തിലും മാറ്റങ്ങൾ വരുത്താതിരിക്കാൻ നിർവാഹമില്ല.

പ്രശസ്തി കാംക്ഷിക്കാതെ, ആർഭാടങ്ങളെ ഒഴിവാക്കി, ലളിതജീവിതത്തിന് പ്രാധാന്യം നല്കി ശുഭവസ്ത്രധാരിയായി ജീവിക്കുന്ന അദ്ദേഹം ഓശാന മൗണ്ടിൽ പല സ്ഥാപനങ്ങളും സ്ഥാപിച്ചു. ആശ്രയമില്ലാത്തവർക്ക് അദ്ദേഹം അത്താണിയായി; പാവപ്പെട്ടവർക്കുവേണ്ടി ആവുന്നത്ര അദ്ദേഹം ചെയ്തു. ഓശാന മാസിക, ഓശാന മലയാളം ബൈബിൾ, ഗുഡ് സമരിറ്റൻ പ്രോജക്റ്റ്, ക്യാൻസർ പാലിയേറ്റീവ് സെൻറർ, ഓശാനവാലി പബ്ലിക് സ്‌കൂൾ, പ്രമേഹരോഗ ബാലികാ ഭവനം, ഭാരതീയ ക്രൈസ്തവപഠനകേന്ദ്രം, സുനാമി ബാധിതർക്ക് വീടുനിർമ്മിക്കൽ തുടങ്ങി പല പ്രസ്ഥാനങ്ങളും ജീവകാരുണ്യപ്രവർത്തനങ്ങളും അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ഓശാനയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹികസേവനങ്ങളും ആതുരശുശ്രൂഷാ സംരംഭങ്ങളും മാതൃകാപരമാണെന്നകാര്യം എടുത്തുപറയേണ്ടതുതന്നെ.

ഓശാന ലൈബ്രറിയും ഓശാനയിൽനിന്നു പ്രസിദ്ധീകരിച്ച സഭാസംബന്ധിയായ അനേകം പുസ്തകങ്ങളും പഠനക്ലാസ്സുകളും ചർച്ചാസഹവാസങ്ങളുമെല്ലാം വളരെ വിലപ്പെട്ടതാണ്. ശ്രീ. പുലിക്കുന്നേലിന്‍റെ പഠനകേന്ദ്രത്തിന്‍റെ മുദ്രാവാക്യംതന്നെ "വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും ഒരിടം" എന്നതാണ്.

വളരെ ചെലവുകുറഞ്ഞ രീതിയിലും പരമ്പരാഗത രീതിയിലും പരിസ്ഥിതി കണക്കിലെടുത്തുകൊണ്ടും ആകാരഭംഗിയോടും തടികൊണ്ടും നിർമ്മിച്ച കെട്ടിടങ്ങൾകൊണ്ട് അലംകൃതമായ പതിനൊന്നേക്കറോളം വരുന്ന ഓശാനാമൗണ്ട് ആരെയും ആകർഷിക്കും. പ്രകൃതിസുന്ദരമായ, ശാന്തസുന്ദരമായ, മനോഹരമായ ഓശാന ഗസ്‌റ്റ്‌ ഹൌസിൽ ഞാനും കുടുംബവും പലവട്ടം, ചിലപ്പോൾ മാസങ്ങളോളം, താമസിച്ചിട്ടുണ്ട്.

മറ്റുള്ളവരെ  -  ഭിന്നാഭിപ്രായക്കാരെ - അംഗീകരിക്കാൻ ശ്രീ. പുലിക്കുന്നേലിന് സ്വതവേ ബുദ്ധിമുട്ടാണ്. അതദ്ദേഹത്തിന്‍റെ പ്രത്യേക സ്വഭാവമായി കരുതിയാൽ മതി. എല്ലാവരും എല്ലാം തികഞ്ഞവരല്ലല്ലോ. 'ഓശാനയുടെ 25 വർഷം വിലയിരുത്തലുകൾ' എന്ന പുസ്തകത്തിൽ ഡോ എം. വി. പൈലി അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ്: "ഓശാന അതിന്‍റെ ദൗത്യം എന്നെന്നും തുടരേണ്ടതാണ്. അതിന്‍റെ ദൗത്യം നാളെയും തുടരാൻ പറ്റിയ പ്രതിഭകളെ വാർത്തെടുക്കേണ്ടതുണ്ട്." അതിൽ ശ്രീ. പുലിക്കുന്നേലിന് പരാജയം പറ്റിയോ? ആ കാര്യം ഭാവി തീരുമാനിക്കട്ടെ.
ശ്രീ. പുലിക്കുന്നേലിന്‍റെ എല്ലാ നിരീക്ഷണങ്ങളും ഏകകണ്ഠമായി അംഗീകരിക്കണമെന്നില്ല. എന്നാൽ അവ പ്രസക്തങ്ങളാണെന്ന് സാർവ്വത്രിക സമ്മതം ഉണ്ടാകും. അതുകൊണ്ടുതന്നെ അവകൾ അനവധി സംവാദങ്ങൾക്ക് വഴിമരുന്നിടുകയും ചെയ്യും. അതാണ് പുലിക്കുന്നേൽ പ്രസ്ഥാനത്തിന്‍റെ പ്രത്യേകത.
വൈദികനായ (വേദജ്ഞാനി) ശ്രീ. പുലിക്കുന്നേലിനെ അത്ഭുതാദരവുകളോടെ മാത്രമേ കാണാൻ കഴിയൂ. ഒരു നിർണായക കാലഘട്ടത്തിൽ നീതിക്കുവേണ്ടി പോരാടിയ, ശബ്ദമുയർത്തിയ, ധീരമായി സഭയെ നയിച്ച മഹാനായി ഭാവിയിൽ അദ്ദേഹം അറിയപ്പെടും. ശ്രീ. ജെയിംസ് ഐസക് കുടമാളൂരിന്‍റെ വാക്കുകൾ കടമെടുത്തുകൊണ്ട് ഞാൻ പറയട്ടെ: "കേരളസഭയിൽ അപൂർവമായി പ്രത്യക്ഷപ്പെട്ട മഹാ തേജസ്സുകളിൽ ഒന്നായി ഭാവിയിൽ ജോസഫ് പുലിക്കുന്നേൽ അറിയപ്പെടും." ആ ജന്മത്തിന്‍റെ വിധി അതുതന്നെ.

No comments:

Post a Comment