Translate

Tuesday, December 13, 2016

ജോസഫ് പുലിക്കുന്നേല്‍ കുമ്പസാരിച്ചു കുര്‍ബാനകൈക്കൊണ്ടു!!?

(തന്റെ മകന്‍ രാജു തന്നെപ്പറ്റി നടത്തിക്കൊണ്ടിരിക്കുന്ന വ്യാജപ്രചാരണത്തെപ്പറ്റി ജോസഫ് പുലിക്കുന്നേല്‍ 2016 ജൂലൈ-സെപ്റ്റംബര്‍ ലക്കം ഓശാനത്രൈമാസികയില്‍ എഴുതിയ മുഖലേഖനത്തിന്റെ അവസാനഭാഗം)
ഓശാന ത്രൈമാസിക 2016 ജൂലൈ-സെപ്റ്റംബര്‍ ലക്കം വായിക്കാന്‍ സന്ദര്‍ശിക്കുക:
http://www.josephpulikunnel.com/wp-content/uploads/2016/10/Hosanna-July-Sep.-2016.pdf
........കഴിഞ്ഞ പത്തിലേറെ കൊല്ലങ്ങളായി രാജു എന്നോട് അകന്നു ജീവി ക്കുകയാണ്. കാരണം ഞാന്‍  സ്ഥാപിച്ച ഓശാനമൗണ്ട് അവനു വേണമെന്ന് പറഞ്ഞു. ഓശാനമൗണ്ട് ഒരു പൊതു സ്ഥാപനമാണെന്നും അത് പുലിക്കുന്നേല്‍ കുടുംബത്തിന്റെ വകയല്ലെന്നും ഞാന്‍ അവനോടു പറഞ്ഞു. എങ്കിലും അവന്‍ ഓശാനമൗണ്ട് കാര്യങ്ങളില്‍ ഇടപെടുകയും എന്നെക്കുറിച്ച് അനേകം ദൂഷണങ്ങള്‍ അച്ചടിച്ച് സമീപപ്രേദശങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഓശാനമൗണ്ടിലെ സ്ഥാപനങ്ങളുടെ നടത്തിപ്പിനും ബൈബിള്‍ തര്‍ജമയ്ക്കും ഹോളണ്ടിലുള്ള ഒരു ക്രൈസ്തവ സംഘടന എന്നെ സഹായിച്ചിരുന്നു. ആ ക്രൈസ്തവ സംഘടനയോട് എന്നെക്കുറിച്ച് കുറെ അപരാധങ്ങള്‍ പറഞ്ഞു പരത്തി.
മാത്രമല്ല ഞാന്‍ വിദേശപണം ദുര്‍വിനിയോഗം ചെയ്യുന്നുവെന്ന് നോട്ടീസ് അച്ചടിച്ച് പാലായിലും പരിസരപ്രദേശങ്ങളിലും വിതരണം ചെയ്യുകയുണ്ടായി. വിതരണത്തിന് അവന്‍ ഓശാനാമൗണ്ടിലെ സ്റ്റാഫിനെയാണ് ഉപയോഗിച്ചത്. അതു മനസ്സിലാക്കി ഈ സ്റ്റാഫ് അംഗങ്ങളെ ഡയറക്ടര്‍ ബോര്‍ഡ് ഓശാനമൗണ്ടില്‍നിന്നും പിരിച്ചുവിട്ടു. അവരെ ഉപയോഗിച്ച് രാജു പാലായില്‍ കൊച്ചുറാണി മെമ്മോറിയല്‍ എന്ന പേരില്‍ ഒരു ആശുപത്രി തുടങ്ങി. രാജുവിന്റെ സ്വാര്‍ഥതാല്പര്യങ്ങള്‍ക്കുവേണ്ടിയാണ് തങ്ങളെ ഉപയോഗിച്ചിരുന്നത് എന്നു മനസ്സിലാക്കിയ അവര്‍ അവസാനം എന്നോടു ക്ഷമപറഞ്ഞ് വരുകയും അവര്‍ക്കു കിട്ടാനുള്ള ആനുകൂല്യങ്ങള്‍ കൊടുക്കുകയും ചെയ്തു. അവസാനം അവര്‍ തൊഴിലില്ലാതെ അലഞ്ഞു നടന്ന് സ്വന്തം നിലയില്‍ വേലയെടുത്ത് ജീവിക്കുന്നു. ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല.
പിതൃസംബന്ധമായ സ്വത്ത് ഒരു ട്രസ്റ്റ് ഉണ്ടാക്കി അവിടെനിന്നുള്ള ആദായം ഞാന്‍ ആരംഭിച്ച ആശുപത്രിക്കും മറ്റ് പ്രസ്ഥാനങ്ങള്‍ക്കുമായി ഉപയോഗിക്കണമെന്ന് എഴുതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്വത്തിന്റെ പേരില്‍ ഒരു അവകാശവും ഞാന്‍ എന്റെ ഒരു പെണ്‍മക്കള്‍ക്കും കൊടുത്തിട്ടില്ല.
ഞാന്‍ കൂടി അംഗമായ ഗുഡ് സമരിറ്റന്‍ പ്രോജക്ട് ഇന്ത്യ ഓരോ കൊല്ലവും ദരിദ്രരായ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിനായി 1000 രൂപാ വെച്ച് മാസംതോറും നല്‍കുന്നുണ്ടായിരുന്നു. പഠനംകഴിഞ്ഞ് ജോലി കിട്ടുമ്പോള്‍ ആ പണം ഗഡുക്കളായി തിരിച്ചുതരണമെന്നായിരുന്നു വ്യവസ്ഥ. ഇങ്ങനെ പണം കൊടുത്തവരുടെ ലിസ്റ്റ് രാജു ഓഫീസില്‍നിന്നും ചോര്‍ത്തിയെടുത്ത്, പണം തിരിച്ചടക്കേണ്ടെന്നും ആ പണം ധൂര്‍ത്തടിക്കുകയാണെന്നും അവരെ എഴുതി അറിയിച്ചതുമൂലം പലരും പണം തിരിച്ചുതരാതെയായി. അങ്ങനെ ആ പ്രസ്ഥാനം എന്റെ മകന്‍ രാജു ഇല്ലെന്നാക്കി. ഇങ്ങനെ വളരെയധികം ദ്രോഹങ്ങള്‍ എന്നോടും സ്ഥാപനത്തോടും അതിലുപരി ഈ നാട്ടിലെ ദരിദ്രരായ നിരവധി ആളുകളോടും അവന്‍ ചെയ്തു. എന്തിന് ഗുഡ് സമരിറ്റന്‍ പ്രോജക്ട് ഇന്ത്യയുടെ ബോര്‍ഡ് അംഗങ്ങളുടെ പേരിലും അവന്‍ കേസ് കൊടുത്തു. അങ്ങനെ രാജു എല്ലാ വിധത്തിലും എന്നെ ദ്രോഹിച്ചു.
ഇപ്പോള്‍ ബൈബിള്‍ വാചകങ്ങള്‍ എടുത്ത് ഉദ്ധരിച്ച് പ്രസംഗിക്കുന്നത് അവന് സഭയുടെ പിന്തുണ കിട്ടാന്‍ വേണ്ടിയിട്ടാണ്. ഞാന്‍ മുരിക്കനച്ചനോട് ഷാജി അച്ചനെ വിടണമെന്ന് പറഞ്ഞിട്ടില്ല. ഷാജി അച്ചന്‍ സ്വയമേവ വന്നതാണ്.
ബിഷപ് മുരിക്കനോ ഷാജി അച്ചനോ പൂവത്തോട് പള്ളി വികാരിയോ ഞാന്‍ കുമ്പസാരിച്ചെന്നോ കുര്‍ബാന കൈക്കൊണ്ടെന്നോ ആരോടും പറഞ്ഞിട്ടില്ല.
ക്രിസ്തുവിന്റെ പേരില്‍ അവന്‍ എന്നോടും സ്ഥാപനത്തോടും ചെയ്ത തെറ്റുകള്‍ ഓര്‍ക്കുന്നതുതന്നെ എനിക്കു വിഷമമാണ്. അവന്‍ ചെയ്ത നീചപ്രവര്‍ത്തികളെ സാധൂകരിക്കുന്നതിന് ഇപ്പോള്‍ വിശ്വാസത്തിന്റെ മേലങ്കി അണിയുന്നുവെന്ന് മാത്രം.
ഞാന്‍ അവനെ എന്റെ വീട്ടില്‍നിന്നും ഇറക്കി വിട്ടിട്ടില്ല. അവന്‍ സ്വയം ഭ്രാന്തനാണെന്ന് കരുതിയതാണ്. അല്ലാതെ പെങ്ങന്‍മാരോ അളിയന്മാരോ അവനെ കുറ്റപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ കുറച്ച് വേദവാക്യം ഉദ്ധരിച്ച് ധ്യാനപ്രസംഗം നടത്തി സ്വയം മുഖം രക്ഷിക്കാനുള്ള ഒരു പദ്ധതിയാണ് ഇത്. പാലാ ബിഷപ്മാരോട് അടുക്കാന്‍ ഇത് ഒരു അവസരമായി അവന്‍ കണക്കാക്കുന്നു. ഇപ്പോള്‍ തന്നെ വളരെ ദീര്‍ഘിച്ചുപോയ ഈ ലേഖനം ഇവിടെ അവസാനിപ്പിക്കുന്നു.
എന്ന് ജോസഫ് പുലിക്കുന്നേല്‍

2 comments:

  1. "ആകാശമേ, കേൾക്ക ; ഭൂമിയേ,ചെവിതരിക
    ഞാൻ മക്കളെ പോറ്റിവളർത്തി ,അവരെന്നോട് മത്സരിക്കുന്നു "
    എന്ന യഹോവയുടെ ദുഃഖം ഏറ്റുവാങ്ങേണ്ടി വരുന്ന മാതാപിതാക്കൾ, അവരുടെ മക്കളെ "മാതാ പിതാ = ഗുരു ദൈവം" എന്ന ഭാരതീയ വേദാന്ത 'ഫോർമുല' ചെറുപ്രായത്തിലേ പഠിപ്പിക്കാതെ, പകരം പള്ളീലച്ഛനെ ദൈവമാക്കി ചിത്രീകരിച്ചു! അവരെ "പിതാവേ/അച്ഛാ "പൊന്നു തിരുമേനി/തിരുമനസ്സ്" എന്നൊക്കെ വിളിപ്പിച്ചതിനാൽ, ജന്മംകൊടുത്തു പോറ്റി വളർത്തിയ മാതാപിതാക്കളെ കണ്ണീരു കുടിപ്പിച്ചാലും, പള്ളീലച്ചൻ കുമ്പസാര കൂദാശയിലൂടെ ഏതു പാപവും ശാപവും തിർത്തു നീക്കിക്കളയും എന്ന് സൺ‌ഡേ സ്കൂൾ ക്ലാസ്സിലെ ഇവരെ പഠിപ്പിച്ചതിനാൽ തലമുറകൾ ഏതനീതിയും ചെയ്തു ശാപഗ്രസ്തരായി ! "അപ്പനെ ദുഷിക്കുന്നവന്റെ കണ്ണ് കാട്ടാരികത്തെ കാക്കകൾ കൊത്തിപ്പറിക്കട്ടെ" എന്ന ബൈബിൾ വചനപ്രകാരം ''ഈ മക്കൾ ജനിക്കാതെയിരുന്നെങ്കിൽ എത്ര നന്നായിരുന്നു'' എന്ന് മാത്രമേ നമുക്കും പറയുവാനുള്ളൂ...samuelkoodal

    ReplyDelete
  2. Please visit and read http://www.malayalamdailynews.com/?p=266674

    ReplyDelete