Translate

Tuesday, November 29, 2016

മതമൗലികതീവ്രവാദം ക്രൈസ്തവസഭയില്‍ വര്‍ദ്ധിക്കുന്നു: മോര്‍ കൂറിലോസ്

KCNS പ്രോഗ്രാം റിപ്പോര്‍ട്ട്
കോട്ടയം: മതമൗലികതീവ്രവാദം കൈസ്ത്രവസഭയ്ക്കുള്ളില്‍ വര്‍ദ്ധിക്കുന്നെന്ന് യാക്കോബായ സുറിയാനി നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗ്ഗീസ് മോര്‍ കുറിലോസ് മെത്രാപ്പോലീത്ത.
'ക്‌നാനായ കത്തോലിക്കാ നവീകരണ സമിതി'(KCNS)യുടെ ആഭിമുഖ്യത്തില്‍ സാമുദായിക മൗലികവാദത്തിനും രാജ്യദ്രോഹ തീവ്രനിലപാടുകള്‍ക്കുമെതിരേ ഐ.എം.എ. ഹാളില്‍ നടത്തിയ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭകള്‍ക്കുള്ളിലെ അധര്‍മ്മത്തിനെതിരെയും അനീതികള്‍ക്കെതിരെയും പോരാടേണ്ട സമയമാണിത്. കുരിശ് ശരീരത്തില്‍ ധരിക്കാനുള്ള വെറും ആഭരണമാക്കി പലരും മാറ്റി. ക്രൈസ്തവസഭയ്ക്കുള്ളില്‍ത്തന്നെ നടക്കുന്ന വര്‍ഗ്ഗീയതയും വേര്‍തിരിവും ക്രിസ്തുവിനെതിരാണ്.
ക്‌നാനായ വംശീയവാദമുന്നയിച്ച് വിശ്വാസികളെ സഭയില്‍നിന്ന് പുറത്താക്കുന്നവര്‍ പുറത്താക്കുന്നത് ക്രിസ്തുവിനെത്തന്നെയാണെന്ന് തിരിച്ചറിയണം, അദ്ദേഹം പറഞ്ഞു. ദൈവത്തിന് മുഖപക്ഷമില്ല. സല്‍പ്രവൃത്തികള്‍ ചെയ്യുന്ന ഏവരെയും ദൈവം അംഗീകരിക്കും. ക്രിസ്തുവാണ് ലോകം കണ്ട വലിയ വിപ്ലവകാരി.
ആധുനിക കാലഘട്ടത്തില്‍ ക്രിസ്തുവും സഭകളും എതിര്‍ദിശകളിലാണു സഞ്ചരിക്കുന്നത്. എല്ലാവരെയും ഒന്നായിക്കാണുകയും വിവേചനത്തിനെതിരേ പൊരുതുകയും ചെയ്ത ക്രിസ്തുവിന്റെ ആദര്‍ശം നശിപ്പിക്കപ്പെട്ട അവസ്ഥയാണു നിലനില്‍ക്കുന്നത്. ഇതിനൊരു മാറ്റം അനിവാര്യമാണ്. എല്ലാവരെയും ഉള്‍ക്കൊള്ളേണ്ട ക്രൈസ്തവസഭകള്‍ പല കാര്യങ്ങള്‍ക്കും ക്രിസ്തുവിശ്വാസികള്‍ക്ക് അതിരു കല്‍പ്പിക്കുകയാണെന്ന് മെത്രാപ്പോലീത്ത കുറ്റപ്പെടുത്തി. സമ്പത്തിന്റെ പിടിയില്‍പ്പെട്ട ഒരു കൂട്ടമായി ക്രൈസ്തവര്‍ മാറി. യേശുവിന്റെമുമ്പില്‍ എല്ലാവരും ഒന്നാണെങ്കിലും സഭയുടെ മുന്നില്‍ അങ്ങനെയല്ല. കത്തോലിക്കാ സമുദായത്തില്‍ ക്‌നാനായ വിഭാഗക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പൊതുസമൂഹം ഏറ്റെടുക്കേണ്ട സമയമായെന്നും അദ്ദേഹം വ്യക്തമാക്കി.
''വംശസങ്കരം മനുഷ്യവര്‍ഗ്ഗത്തിന് ഗുണവര്‍ദ്ധകമാണെന്ന് ജീവശാസ്ത്രം സംശയരഹിതമാംവിധം തെളിയിച്ചിട്ട് സംവത്സരങ്ങള്‍ എത്രയോ കഴിഞ്ഞിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ്, ഈ ശാസ്ത്രയുഗത്തില്‍ ക്‌നാനായ സഭ സങ്കുചിത വീക്ഷണത്തിലേയ്ക്ക് ചുരുങ്ങാന്‍ സഭാംഗങ്ങളെ അനുശാസിക്കുന്നത്. ആ അനുശാസനം നടപ്പാക്കാന്‍ കര്‍ക്കശമായ ശിക്ഷാവിധികള്‍ ആയുധമാക്കുകയും ചെയ്യുന്നു. ജനാധിപത്യ ബോധമുള്ളവരിലെല്ലാം ആ കാഴ്ച ആശങ്കയുളവാക്കുന്നു.'' എന്ന് എം.കെ. സാനു അയച്ചു കൊടുത്ത സന്ദേശത്തില്‍ പറഞ്ഞു. ക്‌നാനായ സഭാംഗമല്ലാത്ത വ്യക്തിയെ വിവാഹം കഴിച്ചതിന്റെപേരില്‍ കുടുംബം പീഡിപ്പിക്കപ്പെട്ട അനുഭവം സഭാംഗമായ ലൂക്കോസ് വിവരിച്ചു. KCNS പ്രസിഡണ്ട് ടി.ഓ. ജോസഫ് അദ്ധ്യക്ഷത വഹിച്ച സംവാദപരിപാടിയില്‍, 'സുപ്രഭാതം' ചീഫ് എഡിറ്റര്‍, സ്‌നേഹവാണി ഡയറക്ടര്‍ റവ.ഡോ. ജയിംസ് ഗുരുദാസ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മണര്‍കാടു മാത്യു എന്നിവര്‍ പ്രസംഗിച്ചു. റെജി ലൂക്കോസായിരുന്നു മോഡറേറ്റര്‍. സമിതി ജനറല്‍ സെക്രട്ടറി കെ ലൂക്കോസ് മാത്യു സ്വാഗതവും ജോയിന്റ് സെക്രട്ടറി ജോണി കുരുവിള നന്ദിയും പറഞ്ഞു.

No comments:

Post a Comment