Translate

Saturday, November 12, 2016

കാരുണ്യവർഷം തീരുന്നു, (പരസ്പരം) വാരുന്ന വർഷം വരുന്നൂ!


കാപ്പിപ്പൊടിയച്ചന്റെ വറുത്ത തമാശകൾ അദ്ദേഹത്തിന്റെ ആരാധകരേപ്പോലും നിരാശപ്പെടുത്തിയെന്നാണു കേൾക്കുന്നത്; ചിക്കറി കൂടുതലായിരുന്നെന്നു തന്നെയാ പൊതുജനാഭിപ്രായം. വീഡിയോ കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്കു ചെയ്യുക (പെന്തക്കൊസുകാരുടെ മറുപടിയും കേൾക്കാം). ഇപ്പോ പെന്തക്കോസ്ത് പാസ്റ്റർമാർ ആ 'പേപ്പട്ടി വീഡിയോ' കാണിച്ചാണ് വോട്ടു പിടിക്കുന്നത്. നല്ല കളക്ഷനാണെന്നാണു കേട്ടത്. വാസ്തവത്തിൽ പുത്തൻപുരയച്ചൻ കത്തോലിക്കാ സഭയുടേ ഒരു പരിശ്ചേദം മാത്രമാണ്. അദ്ദേഹത്തിന്റെ പ്രസംഗം സോഷ്യൽ മീഡിയായിൽ ചർച്ചയായതിനേപ്പറ്റി നടന്ന ഇന്റർവ്യുവിൽ അദ്ദേഹം പറയുന്നത്, പറഞ്ഞതിനേപ്പറ്റി യാതൊരു പശ്ചാത്താപവുമില്ല (ക്ഷമിക്കരുതച്ചോ, വല്ലോരൊടും ക്ഷമിച്ചു സഭയെ നാണം കെടുത്തരുത്), ചില തലതിരിഞ്ഞ പെന്തക്കോസുകാരേപ്പറ്റിയാണു താനതു പറഞ്ഞതെന്നാണ് (പെന്തക്കോസുകാരിലും ഉപവിഭാഗമോ?). അവരുടെ (പൊതുവിൽ) തരികിടപ്പരിപാടികൾ കാരണം അന്യവിഭാഗങ്ങൾക്ക് പുറത്തിറങ്ങാൻ ബുദ്ധിമുട്ടുണ്ടാവുന്നെന്ന അർത്ഥത്തിലും അദ്ദേഹം ആ ഇന്റർവ്യുവിൽ സംസാരിച്ചു. കേരളത്തിൽ വന്നാൽ കഴുത്തറുപ്പൻ ക്യാപ്പിറ്റേഷനും ആർഭാടത്തിനും പേരുകേട്ട കത്തോലിക്കർ കാരണം പെന്തക്കോസുകാർക്കു വഴിനടക്കാൻ ബുദ്ധിമുട്ടുണ്ടെന്നുള്ളതു മറ്റൊരു കാര്യം. കാലൊടിഞ്ഞാലും ആസ്പത്രിയിലേക്കു പോവില്ലാത്തവരും, സ്വർണ്ണം കണ്ടാൽ കണ്ണടക്കുന്നവരും, വെള്ളയല്ലാതൊന്നും ഉടുക്കാത്തവരും, പ്ലാവിലയിൽ മാത്രം പ്രസവിക്കുന്നവരും, ആരെയെങ്കിലും പിരിച്ചില്ലെങ്കിൽ ഉറക്കം വരാത്തവരും - എല്ലാവരേയും ഒറ്റയടിക്ക് ക്രിസ്ത്യാനികൾ എന്ന വിഭാഗത്തിലാണ് അന്യജാതിക്കാർ പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ എല്ലാ പാപഭാരവും എല്ലാവരും തുല്യമായി ചുമക്കണം. 

പ്രിയ കാപ്പിപ്പൊടിയച്ചാ, ഗൾഫിൽ പോയ ഭർത്താവ് പെന്തക്കോസുകാരുടെ കൂടെക്കൂടി കത്തോലിക്കാ കുടുംബങ്ങളിൽ പ്രശ്നമുണ്ടാകുന്നതിനേപ്പറ്റി അച്ചൻ വ്യാകുലപ്പെടുന്നു. സഭക്കുള്ളിൽ നിന്നു മദ്യപാനം നടത്തി കുടൂംബങ്ങൾ തകർക്കുന്നവരെപ്പറ്റി പറയുമ്പോൾ അച്ചന്റെ വാക്കുകളിൽ ഈ തീവ്രത കാണുന്നില്ലല്ലോ. മദ്യശാലകൾ നടത്തുന്ന കത്തോലിക്കർ ചെയ്യുന്ന സാമൂഹ്യസേവനത്തേപ്പറ്റിയും അച്ചനൊന്നും പറഞ്ഞില്ല. കാണ്ഡമാലിലും ഡൽഹിയിലുമൊക്കെ കത്തോലിക്കരുടെമേൽ കുതിരകയറിയ 'ദളു'കളേപ്പറ്റിയും അച്ചനു പരാതിയില്ലെന്നു തോന്നുന്നു. ടോമച്ചനെ തട്ടിക്കൊണ്ടുപോയ തീവ്രവാദികളേപ്പറ്റിയും അച്ചനൊന്നും പരാമർശിച്ചു കേട്ടില്ല. അച്ചൻ പ്രതിപാദിക്കാത്ത വേറേയും ഒത്തിരി കാര്യങ്ങളുണ്ട്. ഞാൻ ഗൾഫിൽ വന്നകാലത്ത് ജീവൻ പോലും പണയപ്പെടുത്തി പ്രാർത്ഥനാക്കൂട്ടായ്മകൾ സംഘടിപ്പിക്കാൻ അവരുണ്ടായിരുന്നു - ഒത്തിരി ഭർത്താക്കന്മാർ ആ വഴി പോയിട്ടുമുണ്ട്. അന്നെവിടെയായിരുന്നു നമ്മുടെ പാരമ്പര്യക്കാർ? സ്ത്രീകളോട് കുടുംബജീവിതത്തിൽ അഴുക്കു ചിന്തകളുണ്ടാവരുതെന്നുപദേശിച്ചു ഭർത്താക്കന്മാരെ വെള്ളം കുടിപ്പിച്ച ചിക്കറിമാർ കലക്കിയിടത്തോളം കുടുംബങ്ങൾ പെന്തക്കോസുകാർ കലക്കിയിട്ടില്ല. ഇറാക്കിൽ പീഢനം സഹിച്ചും വിശ്വാസം സംരക്ഷിക്കുന്ന രക്തസാക്ഷികൾ കാപ്പിപ്പൊടിയച്ചന്റെ സീറോ മലബാറല്ലെന്നും ഓർക്കുക. 

സത്യത്തിൽ എന്റെ ഇത്രേം പ്രായത്തിനിടക്ക് ഇതുപോലെ കോരിത്തരിച്ച സന്ദർഭം ഉണ്ടായിട്ടില്ല. അത്താഴവും കഴിഞ്ഞു നാളെ രാവിലെ ക്യാപിറ്റേഷനായി കിട്ടാൻ സാദ്ധ്യതയുള്ള പണവും സ്വപ്നം കണ്ടുറങ്ങാൻ പോയവഴിക്ക് 500 ന്റേയും 1000 ന്റേയും നോട്ടുകൾ അന്ത്യകൂദാശകൾ പോലും സുബോധത്തോടേ സ്വീകരിക്കാതെ കാലഹരണപ്പെട്ടുവെന്ന വാർത്ത കേട്ട് തരിച്ചിരുന്നുപോയവരുടെ കഥകളൊന്നുമല്ല എന്നെ കോരിത്തരിപ്പിച്ചത്. ഇപ്രാവശ്യത്തെ 'സത്യജ്വാല' ക്കു പിന്നിലൊരു കഥയുണ്ട് - ഇസ്രായേലിൽനിന്നു പോലും ഇന്നേവരെ കേട്ടിട്ടില്ലാത്തത്ര വലിയ വിശ്വാസത്തിന്റെ ഒരു കഥ. വളരെ യാദൃശ്ചികമായി എന്റെ ചെവിയിൽ വന്നതാണിത് (സോഴ്സ് വെളിപ്പെടുത്തുന്നില്ല; അതുപോലെ, വിശദാംശങ്ങളും). 92 വയസ്സുള്ള ഒരു വൃദ്ധൻ, മൂന്നു പേരെയാണ് സത്യജ്വാലയുടെ ആയുഷ്കാല വരിക്കാരാക്കി ചേർത്ത് വരിസംഖ്യ വാങ്ങിയെടുത്ത് സത്യജ്വാലക്കാരെ ഏൽപ്പിച്ചത് - അക്കൂട്ടത്തിൽ സ്വന്തം കുടുക്കയിലുണ്ടായിരുന്ന ഇരുപതിനായിരം രൂപയും അദ്ദേഹം ചേർത്തു. ഇതദ്ദേഹം സർക്കുലേഷൻ മാനേജരുടെ വളരെ ദൂരെയുള്ള വീട്ടിൽ ഒറ്റക്കു കൊണ്ടുപോയി കൊടുത്തുവെന്നോർക്കുക. ഞാനാ മനുഷ്യന്റെ ഇശ്ചാശക്തിയുടെ മുന്നിൽ ഒരു നിമിഷം തലകുനിക്കുന്നു. അമേരിക്കക്കാർ ഫ്രണ്ട്സ് ഓഫ് സത്യജ്വാലയെന്നൊരു സംഘടന തന്നെ ഉണ്ടാക്കി. സത്യജ്വാല മരിക്കുന്നതാർക്കും ഇഷ്ടമില്ല - വരിക്കാരല്ലാത്ത മെത്രാന്മാർക്കും! സ്വന്തം ജനം പോലും വെറുക്കുന്ന ഒരു സഭയായി വളരെ വേഗം കത്തോലിക്കാസഭ പരിണാമപ്പെടുന്നുവെന്നർത്ഥം. 


picture curtsy 'laityvoice.blogspot.com'

ഓസ്ട്രേലിയായിൽ പെർത്തിനടുത്ത് പള്ളിപണിയാൻ അഞ്ചാറു ലക്ഷം പിരിച്ചല്ലോ. എന്തു ഫലം? അവിടെ പള്ളി പണിയാൻ സാധിക്കില്ലെന്ന് പറയുന്നത് അവിടുത്തെ നാട്ടുകാരാ (ആടുകൾത്തന്നെയാ പണിയൊപ്പിച്ചതെന്നും കേൾക്കുന്നു). ചായപ്പൊടിയുടെ ആത്മാവെന്നെ ആവേശിച്ചതുപോലെ; എന്റെ നാവിന്റെ കണ്ട്രോൾ പോകുമോ എന്തോ! ആ...ലേ....ലൂ....ജാ! 

സീറോമലബാറുകാരനെ കണ്ടാൽ ആരും കുമ്പിടുന്ന ഒരു കാലം വന്നേക്കാം; അല്ല, അതു വന്നുവെന്നു തോന്നുന്നു - ട്രമ്പ് ജയിച്ചത് അമേരിക്കയിലെ കത്തോലിക്കരുടെ വോട്ടുകൊണ്ടാണെന്നു സൂചിപ്പിക്കുന്നയൊരു ലേഖനം ഷാലോമിലുണ്ടെന്നു കേട്ടു. ഇടുക്കിയുടെ സൗന്ദര്യം മങ്ങുന്നുവെന്നും വരൾച്ചയിലേക്കാണു ജില്ല പോകുന്നതെന്നും ദീപിക പറയുന്നുണ്ട്. അതിന്റെ ഉത്തരവാദിത്വം ഇടുക്കി രൂപത ഏറ്റെടുക്കുമോ? എങ്ങിനെ ഏറ്റെടുക്കാൻ? എല്ലാവരും തിരക്കിലാണ് - കരുണയുടെ കവാടങ്ങൾ ഒന്നൊഴിയാതെ അടക്കണം. എന്നൊക്കെ എവിടൊക്കെയാണടയുന്നതെന്നറിയാൻ ദീപിക വായിക്കുക. 


നവ.12 ന് കോട്ടയത്തു നടക്കുന്ന കാരുണ്യവർഷ സമാപന ചടങ്ങുകളേപ്പറ്റി പരാമർശിക്കുന്നതിനിടയിൽ ഒരു പ്രമുഖപത്രം വിശേഷിപ്പിച്ചത് , കാരുണ്യം 'വഴിഞ്ഞൊഴുകിയ' വർഷമെന്നാണ്. ചേർത്തലയിൽ ഒരു ഭക്തയെ ദഹിപ്പിച്ച കഥയും, ഒരു റെക്ടർ കുറെയേറെ സെമ്മിനാരി വിദ്യാർത്ഥികളെ അരപ്പട്ടം കാണിച്ചു കൊടുത്തെന്ന കേസും, ഒരു കന്യാസ്ത്രി ഭ്രാന്തിനുള്ള മരുന്നു കഴിച്ച കേസും, ഒല്ലൂരിൽ ഒരു ചെന്നായയെ ആടുകളാക്രമിച്ച കഥയുമൊക്കെ നേരംവണ്ണം റിപ്പോർട്ട് ചെയ്യാൻ പല പത്രക്കാർക്കും കഴിഞ്ഞിട്ടില്ല. ആ സങ്കടം തീർക്കാൻ ഈ അവസരം ഉപയോഗിച്ചവരും കാണും. ഒരു നല്ലകാര്യവും ഇതിനിടക്കു നടക്കുന്നുണ്ട് - ദയാഭായിയെ ചടങ്ങിനു ക്ഷണിച്ചിട്ടുണ്ട്. മംഗളം മംഗളമായിത്തന്നെ 'കത്തോലിക്കാ സഭക്കുള്ളിൽ ഉൾപ്പോരെ'ന്നു പറഞ്ഞിരിക്കുന്നു. മാർ ആലഞ്ചേരി കോട്ടയത്തു വരാത്തത് താനിരിക്കേണ്ടിടത്തു പിണറായിയിരിക്കുന്നതുകൊണ്ടാണെന്നാരും ധരിക്കരുത്; ചങ്ങനാശ്ശേരിക്കാരാരും പ്രസംഗിക്കാനില്ലാത്തത് അന്നു മാമ്മൂടു ചന്തയായതുകൊണ്ടാണെന്നും ആരും ധരിക്കരുത്. കാഞ്ഞിരപ്പള്ളി - പാലാ ഗ്രൂപ്പിൽ ഒരു ദുർബ്ബല വിഭാഗവും കോട്ടയം പരിപാടിയിലില്ലെന്നറിയുന്നു. ഇതിന്റെയൊന്നും കാരണം എന്നൊടാരും ചോദിക്കരുത് - സത്യമായും എനിക്കറിയില്ല. ഉള്ളിൽ പരസ്പരം ചെളിവാരിയേറു തുടങ്ങിയെന്നു നേരത്തെ ഞാൻ കേട്ടിരുന്നു.

ഇനി മുതൽ വചനപ്രഘോഷണത്തിനു പുതിയ തന്ത്രങ്ങളായിരിക്കും ഉണ്ടാവുക. ഓരോത്തിടത്തും (തൃശ്ശൂരിൽ ബോൺ നത്താലെ 2016 ഓഫീസ് മന്ത്രി ശിവകുമാർ ഉദ്ഘടനം ചെയ്തതുപോലെ) സാമൂഹ്യ രാഷ്ട്രീയ നേതാക്കന്മാരായിരിക്കും ബ്രാൻഡ് അംബാസ്സഡർമാർ. എന്തു ചെയ്താലും നാലു പേരറിയണം. പാലിശ്ശേരിയിൽ ഒരു പാലിയേറ്റീവ് കെയർ തുടങ്ങിയതിന്റെ ബഹളം തൃശ്ശൂരിൽ നടക്കുന്നു. വലതു കൈ ചെയ്യുന്നത് ഇടതുകൈ പോലും അറിയരുതെന്ന് കർത്താവ് പറഞ്ഞിട്ടുണ്ട്; അല്ലായിരുന്നെങ്കിൽ ഇക്കാര്യം ഡൽഹിയിലും ഫ്ലക്സടിച്ചു പരസ്യപ്പെടുത്തിയേനെ. ഇന്നു പിണറായി വിജയനെക്കൊണ്ടു കോട്ടയത്തു കാരുണ്യ വർഷസമാപനം ഉദ്ഘാടനം ചെയ്യിക്കുന്നവർ നാളെ എം എം മണി എം എൽ എ യോട്  പള്ളി വെഞ്ചരിക്കാനും ആവശ്യ്യപ്പെട്ടേക്കാം. യൂസഫ് അലി, വെള്ളാപ്പള്ളി നടേശൻ മുതൽപ്പേരിൽ ആരെങ്കിലും ഒരാൾ ഇല്ലെങ്കിൽ നമ്മുടെ നേതാക്കന്മാർക്ക് വേദിയിൽ ഇരിപ്പുറക്കുന്നില്ല. മറ്റുസമുദായക്കാരാരും നമ്മുടെ മെത്രാന്മാരെ അങ്ങോട്ടു കാര്യമായി വിളിക്കുന്നില്ല; മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ പിന്നിതല്ലേയുള്ളല്ലോ മാർഗ്ഗം! കുറെ ചാരപ്പൊടിയച്ചന്മാരും മെത്രാന്മാരും!  ഈ ദുഷ്ടന്മാരുടെ ഏഴയിലോക്കത്തുകൂടിപ്പോലും പരി. ആത്മാവു പോകില്ല ...ഉറപ്പ്! 
"ആല്ലേലൂജാ! ... എല്ലാവരും കൈയ്യടിച്ചേ .... ആല്ലേലൂജാ (ഉച്ചത്തിൽ)!" 

മെത്രാന്മാർ പരസ്പരം അടിച്ചതുകൊണ്ടു തീരുന്നതല്ല സഭക്കുള്ളിലെ പ്രശ്നം. സമുദായം സമുദായാംഗങ്ങൾക്കു വിട്ടുകൊടുക്കുക, മതകാര്യങ്ങൾ വൈദികരും നടത്തുക. വൈദികരില്ലെന്നോർത്താരും വിഷമിക്കേണ്ട; കമ്യുണിറ്റി പൗരോഹിത്യം ആദ്യകാലത്തു സാദ്ധ്യമായിരുന്നെങ്കിൽ ഇന്നും സാദ്ധ്യമാണ്. സഭ നന്നായി മുന്നോട്ടു പോകണമെന്നതല്ലല്ലോ ആവശ്യമല്ലേ?

No comments:

Post a Comment