Translate

Sunday, October 23, 2016

യൂണിഫോം സിവിൽ കോഡ് അഥവാ ഏകീകൃത സിവിൽ നിയമം, ഒരു പരിചിന്തനം


ജോസഫ് പടന്നമാക്കൽ


(ക്രിസ്ത്യാനികളെ സംബന്ധിച്ചടത്തോളം വരാൻ പോകുന്ന ദേശീയ നിയമത്തിൽ കാര്യമായ മാറ്റമില്ലാത്ത സ്ഥിതിക്ക് കർദ്ദിനാൾ ബസേലിയോസ് ക്ളീമീസ് ഉൾപ്പടെയുള്ളവർ ഈ നിയമത്തെ എതിർക്കുന്നതെന്തിന്? ക്രിസ്ത്യാനികളുടെ നിയമം വിദേശ രാജ്യമായ കാനോൻ നിയമത്തിന്റെ അടിസ്ഥാനത്തിലെന്നു പറയാൻ ഇദ്ദേഹത്തിന് യാതൊരു മടിയുമില്ല. രാജ്യദ്രോഹമല്ലേ ഈ പറയുന്നത്? )


ഇന്ത്യയുടെ ജനസംഖ്യയിൽ എൺപത് ശതമാനം ഹിന്ദുക്കളും പതിനാലു ശതമാനം മുസ്ലിമുകളും രണ്ടു ശതമാനം ക്രിസ്ത്യാനികളും ഏതാണ്ട് അത്രയും സിക്കുകാരും രണ്ടു ശതമാനം മറ്റു മതങ്ങളും ഉൾപ്പെടുന്നു.  മതങ്ങൾക്കെല്ലാം തുല്യമായ ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പാക്കണമെന്നുള്ളത് ബിജെപി സർക്കാരിന്റെ ഒരു അജണ്ടയായിരുന്നു.  ഒരുരാഷ്ട്രം, ഒരു ജനത, ഒരു നിയമം   കൈവരിക്കാൻ സാമൂഹിക സാംസ്ക്കാരിക വാദികളെയും പ്രേരിപ്പിക്കുന്നു. രാഷ്ട്രത്തിന് ഇന്നാവശ്യമുള്ള ഏകീകൃത നിയമ നിർമ്മാണത്തിൽ മഹത്തായ ആശയങ്ങൾ നിറഞ്ഞിരിക്കുന്നുവെങ്കിലും പ്രായാഗികതലത്തിൽ അത്തരമൊരു നിയമം നടപ്പാക്കുക എളുപ്പമല്ല. മതവും മത തീവ്രതയും രാഷ്ട്രീയവുമാണ് വിലങ്ങുതടികൾ. സ്വാതന്ത്ര്യം കിട്ടിയ നാളുമുതൽ മാറി മാറി വന്ന സർക്കാരുകൾ,  മതമാമൂലുകളെ അടിസ്ഥാനമാക്കിയുള്ള  നിയമങ്ങളെ ഇല്ലാതാക്കി സർവ്വർക്കും പ്രയോജനപ്രദമായ നിയമം നടപ്പാക്കുന്നതിന് ശ്രമിക്കുന്നുണ്ടായിരുന്നു. അപ്പോഴെല്ലാം രാഷ്ട്രീയവും മതവും ഒന്നായി ഏകീകൃത സിവിൽ നിയമത്തെ എതിർക്കുകയാണുണ്ടായത്.

കൊളോണിയൽ കാലത്ത് ബ്രിട്ടീഷ്കാർ മതങ്ങളുടെ നിഷ്ടൂരമായ ആചാരങ്ങളെ ഇല്ലാതാക്കാൻ പലവിധ സാമൂഹിക പരിഷ്‌കാരങ്ങളും നടത്തിയിട്ടുണ്ട്. ബംഗാളിലെ ഗവർണറായിരുന്ന വില്യം ബെനറ്റിൻക് (William Bentinck) ഹൈന്ദവരുടെയിടയിലുണ്ടായിരുന്ന 'സതി' നിർത്തലാക്കി. അതുവരെ വിധവയായ സ്ത്രീ ഭർത്താവ് മരിച്ചാൽ ചിതയിൽ ചാടി ആത്മാഹൂതി ചെയ്യണമായിരുന്നു. 1829-ൽ ബംഗാളിൽ സതി നിരോധ നിയമം പാസാക്കി. പിന്നീട് ആ നിയമം ഇംഗ്ലീഷ്കാർ വസിക്കുന്ന ഭൂവിഭാഗങ്ങളിൽ മുഴുവനായി വ്യാപിപ്പിച്ചു. 

രാജ്യത്തു ക്രിസ്ത്യാനികൾക്കും മുസ്ലിമുകൾക്കും ഹിന്ദുക്കൾക്കും വ്യത്യസ്‌തങ്ങളായുള്ള  സിവിൽ നിയമങ്ങളാണ് നിലവിലുള്ളത്. ഇതിൽ ഹിന്ദുക്കളുടെ സിവിൽ നിയമങ്ങളാണ് കൂടുതൽ നീതിയും മനുഷ്യത്വപരവുമായിട്ടുള്ളത്. സ്വാതന്ത്ര്യം ലഭിച്ചശേഷം ഹൈന്ദവർക്കു വേണ്ടിയുള്ള പരിഷ്‌ക്കരിച്ച സിവിൽ നിയമങ്ങൾ നടപ്പാക്കാൻ കാരണമായത് അംബേദ്ക്കറായിരുന്നുവെന്നതും സ്മരണീയമാണ്. ക്രൈസ്തവർക്കും ഇസ്‌ലാമികൾക്കുമായുള്ള മറ്റു രണ്ടു നിയമങ്ങളും മതങ്ങളുടെ മൗലിക വിശ്വാസത്തിൽ എഴുതപ്പെട്ടതായിരുന്നു. ഇന്ത്യാ മൊത്തമായുള്ള ഏകീകൃത നിയമത്തിന്റെ അഭാവത്തിൽ മതങ്ങൾ അവരുടെ നിയമങ്ങൾ കാലാന്തരത്തിൽ പരിഷ്‌ക്കരിക്കുമെന്നു രാഷ്ട്രശില്പികൾ കരുതിയിരുന്നു. എന്നാൽ കഴിഞ്ഞ എഴുപതു വർഷങ്ങൾ കാത്തിരുന്നിട്ടും മതം തികച്ചും പരിവർത്തന വിധേയമാകാതെ പാരമ്പര്യ വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കുകയായിരുന്നു. ''ഇന്ത്യാ ലോ മിഷ്യൻ' പരിഷ്ക്കരണങ്ങൾക്കായി നിലകൊള്ളുന്നുവെങ്കിലും വിവാഹ മോചന കാര്യങ്ങളിലോ ജീവനാംശ കാര്യങ്ങളിലോ യാതൊരു പുരോഗതിയും കൊണ്ടുവരാൻ ശ്രമിച്ചിട്ടില്ല. സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന യൂണിഫോം സിവിൽ കോഡിൽ പ്രശ്നങ്ങളുണ്ടാകുന്ന സ്ഥിതിക്ക് മുസ്ലിം ബോർഡിന് സമുദായ സാമൂഹിക പുരോഗമനത്തിനായുള്ള തീരുമാനങ്ങളെടുക്കാമായിരുന്നു. എന്നാൽ അതുണ്ടായില്ല. 

വിവാഹം, വിവാഹ മോചനം, പാരമ്പര്യ സ്വത്തുക്കൾ, സ്ത്രീകൾക്കും തുല്യവകാശങ്ങൾ മുതലായ സാമൂഹിക മാറ്റങ്ങൾക്കായി ബില്ല് നിർമ്മിക്കാനുള്ള സാധ്യതകൾ തേടി സർക്കാർ ഒരു നിയമ കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നു. സർക്കാരിന്റെ അത്തരമൊരു തീരുമാനം കാരണം വിവിധ സമുദായങ്ങളിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ കാരണമായി. ഭാരതത്തിൽ ഓരോ സമുദായത്തിനും പൗരനിയമങ്ങൾ വ്യത്യസ്തമായ രീതികളിലാണുള്ളത്. പാരമ്പര്യ സ്വത്തു വിഭജനകാര്യങ്ങളിലും വിവാഹം, വിവാഹമോചനത്തിലും ഹിന്ദുവിന് ഒരു നിയമം, മുസ്ലിമിനും, ക്രിസ്ത്യാനിക്കും പാഴ്സിക്കും മറ്റു നിയമങ്ങളുമാണുള്ളത്. ഏകീകൃത സിവിൽ നിയമമെന്നാൽ നിലവിലുള്ള മതങ്ങളും ജാതികളും വേർതിരിച്ചുള്ള നിയമങ്ങൾ റദ്ദ് ചെയ്ത് രാജ്യത്തിനു പൊതുവായ ഒരു നിയമം സൃഷ്ടിക്കുകയെന്നതാണ്.

ഏകീകൃത സിവിൽ നിയമങ്ങൾ ഭാരതമാകെയും നടപ്പാക്കണമെന്ന ശ്രമങ്ങൾ കൊളോണിയൽ കാലം മുതൽ തുടങ്ങിയതാണ്. അവർ നിയമങ്ങൾ കൊണ്ടുവന്നെങ്കിലും മതങ്ങളുടെ  എതിർപ്പുകൾ മൂലം അത്തരം സാമൂഹിക പരിഷ്‌ക്കാരങ്ങളൊന്നും നടപ്പാക്കാൻ സാധിച്ചില്ല. വലിയൊരു ജനസമൂഹത്തിന്റെ തീവ്ര ചിന്തകളെയും പ്രശ്നങ്ങളെയും പേടിച്ചു മതപരമായ കാര്യങ്ങളിൽ അവർ ഇടപെട്ടിരുന്നില്ല. ഒരേ മതത്തിലുള്ളവരുടെ വ്യക്തിഗത കാര്യങ്ങൾ അതാത് സ്ഥലത്തെ കോടതികൾ കൈകാര്യം ചെയ്തിരുന്നു. ഹിന്ദുക്കളുടെ കേസുകളാണെങ്കിലും വിവിധ സ്ഥലങ്ങളിൽ ജാതി തിരിച്ചുള്ള വ്യത്യസ്തങ്ങളായ നിയമങ്ങളുണ്ടായിരുന്നു. 1937-ൽ ബ്രിട്ടീഷ് സർക്കാർ  ഷാരിയാ നിയമങ്ങൾ അംഗീകരിച്ചുകൊണ്ട് മുസ്ലിമുകൾക്ക് പ്രത്യേകമായ നിയമങ്ങൾ പാസാക്കി.

ഇന്ത്യൻ ഭരണഘടന തയ്യാറാക്കുന്ന വേളകളിൽ ഓരോ മതങ്ങളുടെയും വ്യക്തിഗത നിയമങ്ങളെ സൂക്ഷ്മമായി പഠിച്ചു വിലയിരുത്തിക്കൊണ്ടുള്ള ചർച്ചകളുണ്ടായിരുന്നു. ഏകീകൃത നിയമം ഭാരതത്തിനു മൊത്തമായ ഐക്യബോധമുണ്ടാകുമെന്നും ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങൾ ലഘുകരിക്കുമെന്നും അന്നുള്ളവരുടെയിടയിലും വാദങ്ങളുണ്ടായിരുന്നു. എന്നാൽ പുരോഗമനപരമായ മൂല്യങ്ങളെക്കാൾ എതിർപ്പുകാരായിരുന്നു കൂടുതലായുണ്ടായിരുന്നത്. ഒരോ മതങ്ങളുടെയും മൂല്യങ്ങളും സാംസ്ക്കാരികതയും അതുമൂലം നശിക്കാനിട വരുമെന്നും മതന്യൂന പക്ഷങ്ങളുടെ താല്പര്യങ്ങൾക്ക് ഹാനികരമാവുമെന്നും ബില്ലിനെ എതിർത്തവർ വാദിച്ചു. ഏകീകൃത സിവിൽ നിയമങ്ങൾക്ക് ഒരു തീരുമാനമെടുക്കാൻ സാധിക്കാതെ വന്നതുമൂലം അത്തരമുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകി. ഹൈന്ദവർക്ക് മാത്രമായി ബില്ലുകൾ ഉണ്ടാക്കിയപ്പോൾ ബില്ലിനെതിരായി രാജ്യവ്യാപകമായ പ്രക്ഷോപണങ്ങൾ ഉണ്ടായിരുന്നു.

ഏകീകൃത പൗരാവകാശ നിയമങ്ങളുടെ ലക്ഷ്യം മതങ്ങൾ അനുശാസിക്കുന്ന വ്യക്തിഗത നിയമങ്ങളെ മാറ്റി മനുഷ്യത്വപരമായ നിയമങ്ങൾ പ്രാബല്യമാക്കുക എന്നുള്ളതാണ്. അത്തരം ഒരു നിയമ ഭേദഗതിയെ ഭാരതീയ ജനതാ പാർട്ടിയും കമ്യൂണിസ്റ്റുകാരും പിന്താങ്ങുമ്പോൾ കോൺഗ്രസ്സും ആൾ ഇന്ത്യ മുസ്ലിം ബോർഡും എതിർക്കുന്നത് കാണാം. ഹിന്ദു മതത്തെ സംബന്ധിച്ച് വിവാഹമോചനം അനുവദനീയമല്ല. സ്ത്രീകൾക്ക് തുല്യ സ്വത്തുക്കൾ നൽകുന്നതു സംബന്ധിച്ചും തർക്കങ്ങളുണ്ടായിരുന്നു. കൂട്ടുകുടുംബ വ്യവസ്ഥയെ തകർക്കുമെന്നും തീവ്ര ചിന്താഗതിക്കാർ വാദിച്ചു. ഹൈന്ദവ മതത്തെ മാത്രം പരിഷ്കരിക്കുന്ന നിയമങ്ങളും നീതിയല്ലെന്നു ചർച്ചകളിലുണ്ടായിരുന്നു. ഹിന്ദുക്കളിൽ ഐക്യമത്യം ഉണ്ടാക്കാൻ അത്തരം നിയമം ആവശ്യമെന്നായിരുന്നു നെഹ്രുവിന്റെ ചിന്താഗതി. ദേശീയ ഐക്യമത്യത്തിനു അത് ഉതകുമെന്നും നെഹ്‌റു മനസിലാക്കി. നെഹ്‌റു നിയമങ്ങളെ തന്നെ നാലായി വിഭജിച്ചു. വിവാഹം, വിവാഹ മോചനം പാരമ്പര്യ സ്വത്തു വിഭജനം, കുട്ടികളെ ദത്തെടുക്കുമ്പോൾ ഹിന്ദുക്കൾ അനുഷ്ഠിക്കേണ്ട കാര്യങ്ങൾ എന്നിവകൾ തരം തിരിച്ചു നിയമങ്ങൾ പാസാക്കി. 1950-ൽ ഹൈന്ദവ പരിഷ്‌കാര നിയമങ്ങൾ അധികം പ്രതിഷേധങ്ങളില്ലാതെ പാസാക്കാനും സാധിച്ചു.

1985-ലെ 'ഷാ ബാനോ' കേസിന്റെ സുപ്രീം കോടതി വിധി മുസ്ലിം വ്യക്തിഗത നിയമത്തിനെതിരായിരുന്നു. കേസിൽ സുപ്രീം കോടതിയുടെ തീരുമാനം യാഥാസ്ഥികരായ മുസ്ലിമുകളിൽ വലിയ ഒച്ചപ്പാടുകളുമുണ്ടാക്കി. ഇന്ത്യാ മുഴുവനായി ഏകീകൃത നിയമത്തിന്റെ ആവശ്യകതയും അന്നത്തെ വിധിന്യായത്തിൽ വ്യക്തമാക്കിയിരുന്നു.
അഞ്ചു കുട്ടികളുടെ തള്ളയായ 'ഷാബാനോ'യെന്ന മുസ്ലിം സ്ത്രീയെ അവരുടെ ഭർത്താവ് ഇസ്‌ലാമിക ആചാരപ്രകാരം മൂന്നുപ്രാവശ്യം തലാക്ക് ചൊല്ലി ഉപേക്ഷിക്കുകയുണ്ടായി. ഇസ്‌ലാമിക നിയമം അനുസരിച്ചു അവർ വീണ്ടും വിവാഹം കഴിച്ചില്ലെങ്കിൽ മൂന്നു മാസം വരെ  ജീവനാംശം കൊടുക്കാനെ അവരുടെ ഭർത്താവായിരുന്നയാൾക്ക് ബാദ്ധ്യതയുണ്ടായിരുന്നുള്ളൂ. ഇസ്‌ലാമിലെ ഹാഡിത്ത് നിയമമനുസരിച്ച് അയാൾ കോടതിയിൽ അങ്ങനെയുള്ള വാദങ്ങളുന്നയിച്ചു. കേസ് സുപ്രീം കോടതിയിൽവരെ പരിഗണനയിലുമെത്തി. അവർക്ക് ജീവിക്കാൻ മറ്റു മാർഗങ്ങളില്ലാഞ്ഞതിനാൽ അവരുടെ പുനർവിവാഹം വരെയോ മരിക്കുന്നവരെയോ ജീവനാംശം കൊടുക്കാൻ ഇന്ത്യൻ പീനൽ കോഡ് 125 വകുപ്പുപ്രകാരം വിധിയുണ്ടായി. നിയമം ഏവർക്കും ഒരുപോലെ ബാധകമെന്ന സുപ്രിം കോടതിയുടെ തീരുമാനത്തിൽ മുസ്ലിം വ്യക്തിഗത  നിയമത്തിനു തിരിച്ചടിയും  കോടതിയിൽ വിലയില്ലാതെയുമായി. മത മൗലികവാദികളായ മുസ്ലിമുകൾ ഈ വിധി മതത്തിനെതിരായ വിധിയായി കരുതിയും ഇസ്‌ലാമിക നിയമത്തെ പരിഗണിക്കാത്തതിലും ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ ആരംഭിച്ചു. മുസ്ലിമുകളിൽനിന്നും വന്ന എതിർപ്പുകാരണം കോൺഗ്രസ്സ് സർക്കാർ 1986-ൽ സ്ത്രീകളുടെ വിവാഹ മോചനം സംബന്ധിച്ച പുതിയ വകുപ്പ് പാർലമെന്റിൽ പാസാക്കുകയും  സുപ്രീം കോടതി വിധി അസാധുവാക്കുകയും ചെയ്തു. ഈ നിയമം അനുസരിച്ചു വിവാഹ മോചനം നേടിയ സ്ത്രീക്ക് മൂന്നു മാസം ചെലവിന് കൊടുത്താൽ മതിയാകും. 
മുസ്ലിം സമുദായവും ഷിയാ ബോർഡും ഈ വിധി അസാധുവാക്കിയതിൽ സർക്കാരിനെ അഭിനന്ദിക്കുകയും പുതിയ നിയമത്തിനു പിന്തുണ നൽകുകയുമുണ്ടായി. ഇന്ത്യാ ഒരു മതേതരത്വ രാജ്യമെന്ന നിലയിൽ മതത്തിന്റെയടിസ്ഥാനത്തിലുള്ള ഒരു നിയമ ഭേദഗതി ഖേദകരമായിട്ടാണ് സുപ്രീം കോടതി കണ്ടത്. മതത്തെ അകറ്റി നിർത്തുന്നതിനു പകരം ഈ നിയമം മൂലം ദേശീയ കാഴ്ചപ്പാട് തന്നെ അർത്ഥമില്ലാത്തതെന്നും വിലയിരുത്തി. ഇന്ത്യാ ഒന്നാണെന്നുള്ള ആദർശങ്ങൾക്കും വിലയില്ലാതെയായി. മതങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു നിയമ ഭേദഗതി സംസ്ഥാനങ്ങൾക്ക് നടപ്പാക്കാൻ സാധിക്കുമെങ്കിലും വോട്ടു ബാങ്കുകൾ പ്രതീക്ഷിച്ച് സംസ്ഥാനങ്ങൾ തയ്യാറാകാത്തതിലും കോടതി കുറ്റപ്പെടുത്തി.
മുസ്ലിമുകളിൽ ബഹുഭാര്യത്വം അനുവദിച്ചിട്ടുണ്ടെങ്കിലും ഹിന്ദുക്കളെക്കാളും ബുദ്ധമതക്കാരെക്കാളും ആദിവാസികളെക്കാളും ബഹുഭാര്യത്വം അവരുടെയിടയിൽ കുറവെന്നും കാണാം. ഇന്ത്യയുടെ സെൻസസ് കണക്കുകൾ ഇത് വ്യക്തമാക്കുന്നുമുണ്ട്. മുസ്ലിം സമുദായത്തിൽ നിയമപരമായി ബഹു ഭാര്യത്വം അനുവദനീയമായതുകൊണ്ട് അനേകം പേർ ഇസ്ളാം മതം സ്വീകരിക്കാനും താത്പര്യപ്പെടുന്നു. ക്രിസ്ത്യാനികളിൽ മതപരമായ വിവാഹമോചനം എളുപ്പമല്ലാത്തതിനാൽ കോടതിവഴിയേ സാധിക്കുകയുള്ളൂ. അതിനായി ഭരണഘടനയിൽ പ്രത്യേക ചട്ടങ്ങൾ എഴുതിയുണ്ടാക്കിയിട്ടുണ്ട്.
ഹിന്ദു നിയമം അനുസരിച്ച് ഒരു അമ്മയ്ക്ക് മക്കൾക്കൊപ്പം സ്വത്തുക്കളിൽ തുല്യവകാശമുണ്ട്. മരിച്ചുപോയ മകന്റെ സ്വത്തുക്കളിൽ അവകാശം മകന്റെ വിധവയ്ക്കായിരിക്കും. എന്നാൽ വിവാഹിതയായ മകൾ മരിക്കുകയാണെങ്കിൽ അവരുടെ മക്കൾക്കൊപ്പം അമ്മയ്ക്കും അവകാശം ലഭിക്കും. ഇങ്ങനെ മതങ്ങൾ തമ്മിലുള്ള വ്യക്തിഗതങ്ങളായ നിയമങ്ങളുടെ അന്തരം കാരണമാണ് ഏകീകൃതമായ ഒരു നിയമത്തിന്റെ ആവശ്യം വരുന്നത്. സ്ത്രീകൾക്ക് വിവാഹത്തിലും, വിവാഹമോചനത്തിലും, പാരമ്പര്യ സ്വത്തുക്കളിലും എല്ലാ മതങ്ങളിലും വിവേചനമാണുള്ളത്. 
ഇന്ത്യയെ സംബന്ധിച്ച് വിവിധ സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും ജാതികളുടെയും മദ്ധ്യേ ഏകീകൃതമായ ഒരു നിയമം നടപ്പാക്കുക എളുപ്പമല്ല. 1955-ലെ ഹിന്ദു വിവാഹ നിയമം അനുസരിച്ചാണെങ്കിലും ഹിന്ദുവിന്റെ നിർവചനത്തിൽ വരുന്ന എല്ലാ ജാതികളുടെയും നിലവിലുള്ള ആചാരങ്ങൾ അനുസരിച്ച് വിവാഹം നടത്തണം. മുസ്ലിമുകളെ സംബന്ധിച്ച് നീണ്ട ആചാരങ്ങൾ ഇല്ലെങ്കിലും ഷിയാകളുടെയും സുന്നികളുടെയും ഇടയിലുള്ള ആചാരങ്ങളിൽ വലിയ അന്തരമുണ്ട്. ഏകീകൃത നിയമം നടപ്പാക്കുന്നതിന് പ്രശ്നക്കാരായി മുമ്പിൽ നിൽക്കുന്നത് രാഷ്ട്രീയക്കാരാണ്. ഏകീകൃത സിവിൽ കോഡുകൾ സംബന്ധിച്ച് ബി.ജെപി.യ്ക്കും കോൺഗ്രസിനും കമ്യൂണിസ്റ്റുകാർക്കും അവരുടേതായ നയങ്ങളുണ്ട്. ഭൂരിഭാഗം ജനങ്ങൾക്കും നിയമം എന്തെന്നുപോലും അറിയത്തില്ല. അത്തരക്കാരാണ് രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങളായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും പ്രകടനങ്ങൾ നടത്തുന്നതും.    

ഏകീകൃത സിവിൽ കോഡിനെപ്പറ്റി പലർക്കും തെറ്റായ ധാരണകളുമുണ്ട്. ന്യൂന പക്ഷങ്ങളുടെ ഇടയിൽ ഇതേസംബന്ധിച്ചു ശക്തമായ രാഷ്ട്രീയ ചർച്ചകൾ നടത്തുന്നത് കാണാം. ഹിന്ദുക്കൾക്ക് മാത്രം ഈ നിയമം പ്രയോജനപ്പെടുന്നുവെന്നുള്ള മിഥ്യാധാരണകളും അജ്ഞരായ ജനത്തെ വഴിതെറ്റിക്കുന്നു. ഒരു പക്ഷെ സിവിൽ കോഡ് നിയമങ്ങൾ ഒറ്റയടിക്ക് നടപ്പിലായാൽ ദേശീയ തലങ്ങളിൽ പ്രത്യാഘാതങ്ങളുണ്ടായേക്കാം. സമുദായ മൈത്രിക്ക് കോട്ടം സംഭവിച്ചേക്കാം. പടിപടിയായുള്ള  ചെറിയ പരിഷ്‌ക്കാരങ്ങളിൽക്കൂടി യുക്തിപൂർവം നിയമം നടപ്പാക്കുകയായിരിക്കും നല്ലത്. നിയമങ്ങൾ ആധുനിക കാലത്തിനനുയോജ്യമായ വിധം മാറ്റങ്ങൾ വരുത്താനും ശ്രമിക്കാം. മതങ്ങൾ തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനുമായിരിക്കണം ലക്‌ഷ്യം. അങ്ങനെ ഏകീകൃത നിയമങ്ങൾ പൂർണ്ണമായും പിന്നീടുള്ള കാലഘട്ടത്തിൽ നടപ്പാക്കാനും സാധിക്കും. ഇന്ത്യാ ഒരു മതേതര രാഷ്ട്രമെന്ന നിലയ്ക്ക് എന്തുകൊണ്ട് ഓരോ മതങ്ങൾക്കും വ്യത്യസ്ത നിയമങ്ങൾ എന്നതും ചർച്ചാ വിഷയമാണ്. രാഷ്ട്രീയക്കാരുടെ തെരുവുകളിലെ പ്രസംഗങ്ങളിൽ ഇന്ത്യ ഒരു മതേതര രാഷ്ട്രമെങ്കിലും നിയമത്തിന്റെ പേജുകളിൽ മതമാണ് നിറഞ്ഞിരിക്കുന്നത്. നമുക്കൊരു ഏകീകൃത നിയമം രാജ്യത്തു നടപ്പാക്കാൻ സാധിക്കാതെ പോയത് മതഭ്രാന്തന്മാർ ഈ നാടിനെ ഭരിക്കുന്നതുകൊണ്ടായിരുന്നു. അവർ വെറുപ്പിന്റെ പ്രസംഗങ്ങളിൽക്കൂടി രാജ്യത്താകമാനം രക്തച്ചൊരിച്ചിലുകളുടെ വിപ്ലവങ്ങൾ നടത്തിക്കൊണ്ടിരുന്നു. 

രാജ്യത്തുടനീളമുള്ള മുസ്ലിം വനിതാ സംഘടനകൾ ഇന്ന് നിലവിലുള്ള ഇസ്‌ലാമിന്റെ വ്യക്തിഗത നിയമങ്ങൾ സ്ത്രീകളോട് വിവേചനം കാണിക്കുന്നുവെന്ന് കരുതുന്നു. തുല്യാവകാശങ്ങൾക്കായി പ്രതിഷേധങ്ങളും സംഘടിപ്പിക്കാറുണ്ട്. ഒരു കാരണവും കൂടാതെ ഒരു മുസ്ലിം പുരുഷന് മൂന്നു പ്രാവിശ്യം തലാക്ക് ചൊല്ലി സ്ത്രീയെ വിവാഹ ജീവിതത്തിൽ നിന്നും പുറത്താക്കാം. അതേസമയം സ്ത്രീയ്ക്ക് പുരുഷനെ ഒഴിവാക്കണമെങ്കിൽ, അയാൾ എത്ര വെറികെട്ടവനാണെങ്കിലും കോടതിയുടെ സഹായവും വേണം. വിവാഹ മോചനം ലഭിക്കണമെങ്കിൽ അവർക്ക് വർഷങ്ങളോളം കോടതിയിൽ പട പൊരുതുകയും വേണം. ഭർത്താവിന്റെ ക്രൂരതയും വ്യപിചാരവുമെല്ലാം തെളിവുകൾ സഹിതം കോടതിയിൽ ഹാജരാക്കേണ്ടിയും വരും. ഒരു സ്ത്രീയ്ക്ക് വിവാഹ മോചനം കോടതിവഴി നേടാൻ ദീർഘകാലവും ആവശ്യത്തിനുള്ള തെളിവുകളും ഹാജരാക്കേണ്ടപ്പോൾ പുരുഷന് യാതൊരു ചെലവുകളുമില്ലാതെ സ്ത്രീയിൽ നിന്നും വിവാഹമോചനം നേടാൻ സാധിക്കുന്നു. പുരുഷന് ഒരേ സമയം നാലു ഭാര്യമാരെ വിവാഹം കഴിക്കാം. സ്ത്രീയ്ക്ക് ഒരു ഭർത്താവേ പാടുള്ളൂ. ടെക്കനോളജിയുടെ വളർച്ചയോടെ ഒരു മുസ്ലിം മനുഷ്യന് നിമിഷങ്ങൾക്കുള്ളിൽ ഭാര്യയെ വിവാഹ മോചനം നടത്താം. പോസ്റ്റൽ വഴിയും, ഫോൺ, എസ്.എം.എസ്. മൊബയിൽ വഴിയും വിവാഹ മോചിതരാവുന്നുണ്ട്. ഇങ്ങനെ മനുഷ്യത്വ രഹിതമായ വിവാഹ മോചന രീതികൾ ഇസ്‌ലാമിക്ക് രാജ്യങ്ങളിലും മലേഷ്യ, ഇന്തോനേഷ്യ, പാക്കിസ്ഥാൻ വരെയും നിരോധിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ഇന്നും ഇസ്‌ലാമികളുടെയിടയിൽ അത്തരം ആചാരം തുടരുന്നു.

ക്രിസ്ത്യാനികൾക്കുള്ള നിയമം 1872- ൽ പാസാക്കിയ ക്രിസ്ത്യൻ നിയമവ്യവസ്ഥയനുസരിച്ചായിരിക്കും. എന്നാൽ ഗോവയിൽ എല്ലാ മതങ്ങൾക്കും തുല്യമായ ഏകീകൃത പൊതു നിയമങ്ങളുണ്ട്. വിവാഹ മോചനം സംബന്ധിച്ച് ക്രിസ്ത്യാനികൾക്ക് 1869-ൽ പാസാക്കിയ ക്രിസ്തീയ വിവാഹമോചന നിയമം ബാധകമായിരിക്കും. ആ നിയമം ഗോവയിൽ അസ്ഥിരപ്പെടുത്തിക്കൊണ്ട് ഏകീകൃത നിയമം  ക്രിസ്ത്യാനികൾക്കും ബാധകമാക്കി. അവിടെ 1954-ലെ സിവിൽ നിയമപ്രകാരം മതത്തിനു വെളിയിലും സിവിൽ വിവാഹം അനുവദിച്ചിട്ടുണ്ട്. 

സർക്കാരിന്റെ ഏകീകൃത സിവിൽ കോഡ് പൊതുവായി കത്തോലിക്കസഭ എതിർത്തിരിക്കുകയാണ്. സഭയ്ക്ക് ആത്മീയ കാര്യങ്ങൾ പരിഗണിക്കാൻ കാനോൻ നിയമങ്ങളുണ്ട്; വിവാഹം, വിവാഹമോചനം, പാരമ്പര്യ സ്വത്തവകാശം, മുതലായവകൾ കൈകാര്യം ചെയ്യുന്നത് സഭയുടെ കോടതികളാണെന്നാണ്' വരാനിരിക്കുന്ന ഈ നിയമത്തിനെതിരെ കാത്തലിക് സെക്യൂലർ ഫോം ജനറൽ സെക്രട്ടറിയായ ശ്രീ ജോസഫ് ഡിയാസ് പ്രതികരിച്ചിരിക്കുന്നത്. ഭൂരിപക്ഷ താല്പര്യത്തിനായി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ബിജെപി ശ്രമിക്കുന്നതെന്നു കർദ്ദിനാൾ ക്ളീമിയസ് ബസിലിയോസും (Baselios Cleemis Thottunkal) ആരോപണമുന്നയിച്ചു. ന്യൂനപക്ഷങ്ങളുടെ അധീനതയിലുള്ള സ്ഥാപനങ്ങളും സ്വത്തുക്കളും കയ്യടക്കാനും മത നേതൃത്വങ്ങളെ ഇല്ലായ്മ ചെയ്യാനുമാണ് സർക്കാർ പ്രയത്നിക്കുന്നതെന്നു പറഞ്ഞു കുറ്റപ്പെടുത്തി. ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിൽ കൈകടത്താൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി. ക്രിസ്ത്യാനികൾ ഈ നിയമത്തിനെതിരാണെന്നു തറപ്പിച്ചു പറയുകയും ചെയ്തു. 

സ്വത്തവകാശത്തിന്റെ പേരിൽ ട്രാവൻകൂർ സർക്കാർ 1916-ലും കൊച്ചി സർക്കാർ 1921-ലും ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമങ്ങൾ പാസാക്കിയിരുന്നു. വിവാഹിതരാകാത്ത സ്ത്രീ ജനങ്ങൾക്കു പുരുഷന്മാർക്കുള്ള സ്വത്തിന്റെ പകുതി അവകാശമുണ്ടായിരുന്നു. എന്നാൽ സ്ത്രീകൾ വിവാഹിതരായാൽ പൂർവിക സ്വത്തിന്മേൽ യാതൊരു അവകാശവും ഉണ്ടായിരുന്നില്ല. 'മേരി റോയി' എന്ന വിധവയായ സ്ത്രീയെ കുടുംബത്തിന്റെ സ്വത്തുക്കൾ ഒന്നും കൊടുക്കാതെ അവരുടെ സഹോദരൻ വീട്ടിൽ നിന്നും പുറത്താക്കി. അയാൾക്കെതിരായി മേരി റോയി കേസ് ഫയൽ ചെയ്യുകയും കോടതി അനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തു. രാജഭരണം നിലവിലുണ്ടായിരുന്ന തിരുവിതാംകൂറും കൊച്ചിയും സ്റ്റേറ്റുകൾ ഇന്ത്യൻ യൂണിയനിൽ ലയിച്ചതുകൊണ്ടു രാജനിയമങ്ങൾ അസാധുവെന്നായിരുന്നു വിധി. ഇന്ത്യാ നിയമങ്ങളനുസരിച്ചു ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലുള്ള ക്രിസ്ത്യാനികളെപ്പോലെ സ്വത്തുക്കളുടെ തുല്യമായ വീതം മേരി റോയിക്ക് നൽകാൻ വിധിയുമുണ്ടായി. ഇതനുസരിച്ചു ക്രിസ്ത്യൻ സ്ത്രീകൾക്കും സ്വത്തിന്റെ അവകാശം ലഭിക്കാൻ തുടങ്ങി. 

മുസ്ലിം സമൂഹത്തിൽ ഏകീകൃത സിവിൽ നിയമത്തിനെതിരെ തീവ്രമായ ചർച്ചകളുണ്ടെങ്കിലും  ക്രിസ്ത്യൻ സമൂഹം അത്തരം ഒരു നിയമത്തെ കാര്യമായി ഗൗനിക്കുന്നില്ല. ബഹുഭാര്യത്വം ക്രിസ്ത്യൻ സഭയിൽ അനുവദനീയമല്ല. വിവാഹ മോചനം സഭ അസാധാരണ സാഹചര്യങ്ങളിൽ മാത്രം അനുവദിക്കുന്നതു കൊണ്ട് വിവാഹമോചനങ്ങൾക്കായി കോടതികളെ ആശ്രയിക്കാം. ഇസ്ലാം മതത്തിലെപ്പോലെ 'തലാക്ക്' ചൊല്ലി സ്ത്രീയെ പുറത്താക്കാൻ സാധിക്കില്ല. രണ്ടു കൂട്ടരുടെയും ഉഭയസമ്മത പ്രകാരം സ്വത്തുക്കളിലും വിവാഹമോചനത്തിനും തീരുമാനങ്ങളെടുക്കാൻ കോടതി വഴികളിൽ സാധിക്കും. പാരമ്പര്യ സ്വത്തുക്കളിലും ഒരു കുടുംബത്തിലെ മറ്റുള്ള അംഗങ്ങളെപ്പോലെ  സ്ത്രീയ്ക്കും തുല്യാവകാശമുണ്ട്. ഏകീകൃത നിയമം കൊണ്ട് ഇന്നുള്ള നിയമത്തിനെക്കാളും വ്യത്യസ്തമായതു സംഭവിച്ചെങ്കിൽ മാത്രമേ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും കാരണമാവുന്നുള്ളൂ.

ഏകീകൃത നിയമത്തിൽ സ്ത്രീകൾക്ക് നീതി കിട്ടുമെങ്കിലും മാറ്റങ്ങൾക്കായുള്ള ശ്രമങ്ങൾ വലിയ പ്രത്യാഘാതങ്ങളും സൃഷ്ടിക്കും. ഇത്തരം ഒരു നിയമത്തിനായി കാത്തു നിൽക്കാതെ സ്ത്രീകൾ തന്നെ മുൻകൈ എടുത്ത് സമുദായ പരിഷ്ക്കർത്താക്കളെ ബോധവൽക്കരിക്കാൻ ശ്രമിക്കുകയാണെങ്കിൽ പ്രശ്നങ്ങൾ സമാധാനപരമായി കൈകാര്യം ചെയ്യാൻ സാധിക്കുമായിരുന്നു. പക്ഷെ എന്തെങ്കിലും പരിഷ്‌ക്കാരങ്ങൾക്ക് മുതിർന്നാൽ തന്നെ മതനിയമങ്ങൾ അവിടെ തടസമാകും. ഇസ്‌ലാമിക സാമൂഹിക വ്യവസ്ഥയിൽ പരിഷ്‌ക്കാരങ്ങൾ വരുത്തണമെങ്കിൽ സ്ത്രീ ശക്തികരണം ആവശ്യമാണ്. അതിനുള്ള ബോധവൽക്കരണവും സ്ത്രീകളിലുണ്ടാവണം. അഫ്‍ഗാനിസ്ഥാൻ, പാക്കിസ്ഥാൻ രാജ്യങ്ങൾ പോലെ ഇന്ത്യയിൽ മുസ്ലിം സ്ത്രീകൾക്ക് മതം  വിദ്യാഭ്യാസം നിഷേധിക്കാത്തത് ഒരു ആശ്വാസമാണ്. അതിന് അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി സ്ഥാപകനായ 'സർ സെയ്ദ്' പോലുള്ള മഹാന്മാരോട് കടപ്പെട്ടിരിക്കുന്നു. 

No comments:

Post a Comment