Translate

Friday, October 7, 2016

വരുന്നൂ മാർത്തോമ്മാ കാർഡ്!




പ്രമേഹത്തിനുള്ള മരുന്നു കണ്ടുപിടിച്ചെന്നു വാർത്ത; എയിഡ്സിനു പ്രതിവിധി കണ്ടുപിടിച്ചെന്നും വാർത്ത. നേരെ കാഞ്ഞിരപ്പള്ളിക്കു പോരെ ശാസ്ത്രജ്ഞന്മാരെ - എന്തുമേതും പരീക്ഷിക്കാൻ ഇത്രയും പറ്റിയ സ്ഥലം നിങ്ങൾക്കു ഭൂമിയിൽ വേറൊരിടത്തും കിട്ടാൻ സാദ്ധ്യതയില്ല. അവകാശികളില്ലാതെ വന്നേക്കാവുന്ന സ്വത്തുക്കൾ ഏറ്റെടുത്താലെന്തു സംഭവിക്കുമെന്നു പരീക്ഷിച്ചു ഫലമുറപ്പുവരുത്തിയതു കാഞ്ഞിരപ്പള്ളിയിലാ; കുരിശു കുഴിച്ചിട്ടാൽ മുളക്കുമോന്നു കൃത്യമറിയാവുന്നതും കാഞ്ഞിരപ്പള്ളിക്കാർക്കാ; കുരിശും പലിശയുമെങ്ങിനെ ഒരു വള്ളിയിൽ കോർക്കാമെന്നു പരീക്ഷിച്ചതും കാഞ്ഞിരപ്പള്ളിയിലാ. 'ജാതിപത്ര'മുണക്കുന്നതെങ്ങിനെയെന്നും കാഞ്ഞിരപ്പള്ളിക്കാർക്കറിയാം - കാഞ്ഞ ബുദ്ധിയുള്ളവരാ സർവ്വരും തന്നെ. പക്ഷേ, സണ്ടേസ്കൂളിനു വേദപാഠക്ലാസ്സ് എന്നതിനു പകരം മതപഠനക്ലാസ്സെന്നാക്കി വേദപഠനം ഏതാണ്ടപ്പാടെ തന്നെ ഒഴിവാക്കിയ അതികാഞ്ഞ ബുദ്ധി കാഞ്ഞിരപ്പള്ളിക്കാരുടേതല്ല. പാലാക്കാർക്കു വേണ്ടാത്ത ദയാഭായിയെ പരീക്ഷിച്ചതും കാഞ്ഞിരപ്പള്ളിയിലാണ്. പേയ്മെന്റ് സീറ്റുമായി തിരഞ്ഞെടുപ്പിനു ചെന്നാൽ എത്രാമതാകുമെന്നും കാഞ്ഞിരപ്പള്ളിക്കാരൊടു ചോദിച്ചു നോക്കിക്കെ, അവർ പറയും - കൃത്യമായ മറുപടി. ഒരു നാടകനടിയെ ഒറ്റക്കു കിട്ടിയാൽ ഒരു മഹാനാടകം തന്നെ പ്രത്യേക സ്റ്റേജില്ലാതെ കളിക്കാമെന്നു കണ്ടുപിടിച്ചതും, പ്രഷർ താഴാതെ നോക്കാൻ പാതിരാക്കേതെങ്കിലും കൊച്ചു ക്ലിനിക്കിൽ ചെന്നാൽ മതിയെന്നു കണ്ടുപിടിച്ചതുമൊക്കെ കാഞ്ഞിരപ്പള്ളിക്കാർ. മഹാന്മാരാ അവർ, മഹാന്മാർ! ആലപ്പുഴഭാഗത്തുണ്ടായ തുള്ളലിനു ചികിൽസിക്കാൻ വൈദ്യരു പോയതു കാഞ്ഞിരപ്പള്ളിയിൽ നിന്നാ; കാഞ്ഞിരപ്പള്ളിക്കാരവരുടെ കമ്പ്യുട്ടർ ശരിയാക്കുന്നത് ചിറ്റൂരാ; അല്ലാതെ ചിറക്കടവിലല്ല. കാഞ്ഞിരപ്പള്ളിയിൽ കുറഞ്ഞോരു കാലമായി നടന്നിടത്തോളം പരീക്ഷണങ്ങൾ വേറൊരിടത്തും നടന്നു കാണാനിടയില്ല (ഭാര്യവീടവിടെയായതുകൊണ്ട് പറയുകയാന്നു കരുതരുത്). സംഗതി ഇങ്ങിനെയൊക്കെയാണെങ്കിലും, ഞാൻ മാർക്സിസ്റ്റാണോ, ബി ജെ പി യാണോ അതോ കോൺഗ്രസ്സാണോ അല്ലെങ്കിൽ എനിക്കു പ്രായമെത്രയായി, ബുദ്ധിയുണ്ടോ വിവരമുണ്ടൊയെന്നൊക്കെപ്പോലും നിശ്ചയമില്ലാത്ത ആളുകളും കാഞ്ഞിരപ്പള്ളിയിലുണ്ട് - എല്ലാംകൂടി ഒത്തു വരില്ലല്ലോ!

ഈ പോക്കെങ്ങോട്ടാണെന്നു തീർത്തു പറയാൻ എന്നേക്കൊണ്ടു പറ്റുന്നില്ല. വാടകക്കു വൈദികനെ വേണോയെന്നുള്ള ചോദ്യം അത്മായാശബ്ദത്തിൽ കണ്ടതു മുതൽ എന്റെയുള്ളിൽ തീയാ. നാളെ ആമസോണിലും, ഫ്ലിപ് കാർട്ടിലുമൊക്കെ (ഇപ്പോൾ ചില പള്ളികളുടെ മുമ്പിൽ കാണുന്നതുപോലെ) കൂദാശക്കു റേറ്റ് നിശ്ചയിച്ചു പരസ്യം വന്നാലെന്താ സ്ഥിതി? യുബെറിലൊ ഓലായിലോയൊക്കെ ടാക്സി വിളിക്കുന്നതുപോലെ എളുപ്പത്തിൽ കൂദാശ കിട്ടുമെന്നു വന്നാലത്തെ അവസ്ഥയൊന്നാലോചിച്ചു നോക്കിക്കേ? ദിവസക്കുർബ്ബാനക്ക് ആകർഷണീയമായ റേറ്റുകളുമായി വൈദികർ ഫ്ലക്സടിപ്പിച്ചാലും അതിശയിച്ചിട്ടു കാര്യമില്ല; അവർക്കും ചിലവു കഴിയണ്ടേ? കുറച്ചു കാര്യങ്ങളൊക്കെ വിശ്വാസികൾക്കും മനസ്സിലായിത്തുടങ്ങി - കിഴക്കോട്ടു നോക്കാവുന്നതുപോലെ കുഴിച്ചിടുന്നതിലല്ല കാര്യം (ശവം കണ്ണു തുറക്കില്ലല്ലോ!), കിഴക്കാംതൂക്കായുള്ള പള്ളിപ്പറമ്പിൽ നിവർന്നുകിടന്നിട്ടും കാര്യമില്ല. ആളു പോയാൽ വീട്ടുമുട്ടത്തു പന്തലിടുന്നവർക്കു വാടക, ജനറേറ്ററിനു വാടക, പാട്ടുകാർക്കു കൂലി, കുരിശിനും കൊടക്കും പടി, കുഴിക്കാണം; തൊടുന്നതിനു മുഴുവൻ കാശ് .....! പിന്നെയൊരച്ചനെ വാടകക്കെടുത്താലെന്താ കുഴപ്പം? ഒപ്പീസിന്റെ കാലാവധി അഞ്ചു വർഷം വേണ്ടവർക്ക് മെത്രാനെയും വാടകക്കെടുക്കാമല്ലൊ! വി. പത്രോസ്സിന്റേയും വി. എസ്തപ്പാനോസിന്റേയുമൊക്കെ ഗതികേടു നോക്കിക്കെ! ചെറിയ ഒപ്പീസു പോലും അവർക്കു കിട്ടിയോ? ഇന്നാരുന്നേൽ ജെറൂസലേമിൽ ചെന്നു കുറി വാങ്ങി ദാവീദിന്റെ ഒപ്പും വാങ്ങി വേണമായിരുന്നവരെ കുഴിച്ചിടാൻ. ദഹിപ്പിക്കാനാണേലും മെത്രാന്റെ അനുവാദം വേണമെന്നല്ലേ വികാരിയച്ചന്മാർ പറയുന്നത്. ഈ മാരണം പിടിച്ച കെ സി ആർ എം കാർ ചോദിക്കുന്നത് മെത്രാന്റെ അനുവാദമുണ്ടേൽ ദഹിപ്പിക്കാൻ വെട്ടുകല്ലും വെള്ളോം മതിയോന്നാ. 


ഇംഗ്ഗ്ലണ്ടിലും എന്തെങ്കിലും ഉടനേ നടക്കും. അവിടെ ജീവിക്കണമെങ്കിൽ സംസ്കൃതവും പഠിക്കണമെന്ന അവസ്ഥ! സാമവേദത്തിൽ ഇപ്രകാരമാണ് പറയുന്നത്, "ലിവ്ഹ്യ ഗോപ്ത്ത്രം മഹക്യൗദാധിന കുറയന്തി ഹവ്യയാനാ പരയ തസീൻ, പ്രജ പതിർതെ വേഭയം അത്മാനം യാഗനം കൃത്വാ പ്രായശ്ചിത്." ഈ ശ്ലോകത്തിന്റെ അർത്ഥമായി ഒരിംഗ്ലീഷ് പ്രവാചകൻ പറയുന്നത്, 'ലോകരക്ഷകന്‍ ഒരു കാലിത്തൊഴുതില്‍ കന്യകയുടെ മകനായി അവതാരമെടുക്കും, ലോകത്തിന്റെ മുഴുവനായ അവന്‍ തന്റെ ജനത്തിന്റെ പാപപരിഹാരത്തിനായി (yagna), തന്റെ ശരീരത്തെ തന്നെ ദാനമാക്കി അനുവദിച്ചിരിക്കുന്നു, ലോകം മുഴുവന്റെയും രക്ഷ യേശുവിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂയെന്നുമാണ് ഈ ശ്ലോകം ലോകത്തെ ഓര്‍മ്മിപ്പിക്കുന്ന' തെന്നാണ്. ഇതിന്റെയർത്ഥം ഇങ്ങിനെയാണോന്നു വല്ലോരോടും ചോദിക്കുന്നതിനു മുമ്പ് വായനക്കാരാദ്യം ഈ വാചകം സാമവേദത്തിലുണ്ടൊന്നു പരിശോധിക്കുക, അതുപോലെ, ഇവിടെ എഴുതിയിരിക്കുന്നതതുപോലെയാണോന്നും നോക്കണം. 'ഉറി'യിലേപ്പോലെ നല്ല ടെൻഷനിൽ ഇടക്കു മുള്ളുവേലികെട്ടി ഇരുകൂട്ടരും നിൽക്കുമ്പോൾ ഓരോ സ്റ്റെപ്പും അതീവ ശ്രദ്ധയോടെ വേണം. ഞാൻ വാളുമായാ വന്നിരിക്കുന്നതെന്നു കർത്താവു പറഞ്ഞതിനെ ഞാനാളുമായാ വന്നിരിക്കുന്നതെന്നു വ്യഖ്യാനം ചെയ്ത വിരുതരും ഉണ്ടെന്നു വെച്ചോ; അതുകൊണ്ടാ പറയുന്നെ. സംസ്കൃതം മലയാളത്തിലാക്കിയാൽ മിനിമം പകുതിയോളം വാക്കുകളെങ്കിലും കൂടുതൽ വേണമെന്നത് എനിക്കേതായാലും പുതിയ അറിവാ. ഇനി ഉണ്ണീശോയെ കാണാൻ ബത്ലഹേമിൽ വന്നത് നാരദമഹർഷിയും സംഘവുമായിരുന്നോ? പ്രവാചകരെകൊണ്ടു തോറ്റു! അധികകാലം കഴിയുന്നതിനു മുമ്പ് ശ്രാമ്പിക്കൽ പിതാവിന്റെ വരവും നേരത്തെ രാമായണത്തിൽ പറഞ്ഞിട്ടുള്ളതാന്നും പറഞ്ഞ്, കാട്ടാളൻ വന്നു 'മാ നിഷാദയെന്നു' മുനിയുടെ വായിൽ നിന്നു കേൾക്കുന്നതിനു മുമ്പുള്ള ഒരു ശ്ലോകവും കൂടി ചൊല്ലിയാൽ നമുക്കെന്തു ചെയ്യാൻ പറ്റും? ഒരു കുട്ടി, പൗലോസ് ശ്ലീഹാ കുറേ ഇന്ത്യാക്കാർക്കെഴുതിയ (കൊറിന്ത്യ) കത്തു വായിച്ചതുപോലിരിക്കും, ആകമാനസഭയുടെ കാര്യം. പ്രിയ പ്രവാചകാ, സംസ്കൃതമില്ലാതെ സ്വന്തമായ ഒരഡ്രസ്സ് കർത്താവിനുണ്ട് - നിങ്ങൾക്കറിയില്ലെങ്കിലും.

ആലഞ്ചേരിപിതാവു ചെല്ലുന്നിടത്തെല്ലാം പറയും 'ഇത്രേം' വേണ്ടാരുന്നെന്ന് (ഇപ്പോ പറഞ്ഞു മടുത്തു കാണും!). 'ഇത്രേം' ഉള്ളിടത്ത്, അതു പാറേപ്പള്ളിയായാലും ഞാൻ വരുകില്ലെന്നു പറഞ്ഞാൽ 'ഇത്രേം' പെടേന്നത്രേമാകില്ലേ? പ്രീകാനാ കോഴ്സിൽ പോകുന്നവർ പറയുന്നു, കല്യാണം സിമ്പിളാക്കണം, സ്വർണ്ണം മിനിമം മതി, ഒത്തുകല്യാണം നടത്തരുതെന്നൊക്കെ അച്ചന്മാർ ഫ്രീയായി പറയുന്നുവെന്ന്. ഒത്തുകല്യാണത്തിനു പാരീഷ് ഹോൾ തരില്ലെന്നു പറഞ്ഞാൽ തീരുന്ന പ്രശ്നമല്ലേ ഒത്തുകല്യാണത്തിന്റേത്? കത്തോലിക്കന്റെ അന്തസ്സുയർത്തുന്ന കാര്യങ്ങൾ പറഞ്ഞാൽ ജനത്തിനു മനസ്സിലാകും പിതാക്കന്മാരെ. കല്യാണം ഇമ്മിണി ചെറുതായിരിക്കണമെന്നു പറയുന്നവർ പ്രെസ്റ്റണിൽ കാണിക്കുന്നപോലത്തെ തട്ടിപ്പും കൂടി ഒഴിവാക്കണം അത്രേയുള്ളൂ! ആദ്യം തൊഴുത്തു നന്നാക്കുക, പിന്നെ മാമ്മേ കെട്ടുക. കാലാവധികഴിഞ്ഞവരെ മെത്രാനാക്കി ഇരുത്തരുതെന്ന് എത്ര പ്രാവശ്യമായി പറയുന്നു.  

എല്ലാം ആധുനീകരിക്കുന്നുണ്ട് നമ്മൾ - ബാത്ത് അറ്റാച്ചെഡ് പള്ളികളായിക്കഴിഞ്ഞു. എല്ലാ പള്ളികൾക്കും തന്നെ വെബ്സൈറ്റുകളുമായിക്കഴിഞ്ഞു. എന്നാപ്പിന്നെ കല്യാണക്കുറികൾക്കൂടി 'ഈ മെയിലായി' സ്വീകരിച്ചു കൂടേ? ഒന്നു ഫോൺ വിളിച്ചാൽ കൺഫർമേഷനും കിട്ടുമല്ലോ! അല്ലെങ്കിൽ, ഓരോ കുഞ്ഞാടിനും (സ്മാർട്ട്) മാർത്തോമ്മാ കാർഡ് ഏർപ്പെടുത്തുക. കുമ്പസ്സാരിക്കാൻ ചെല്ലുന്നിടത്തും സ്കാനർ ഉണ്ടെങ്കിൽ എത്ര രൂപാ ദശാംശം കൊടുത്തെന്നും അവൻ അവസാനം കുമ്പസ്സാരിച്ചതെന്നാണെന്നുമൊക്കെ അറിയാൻ പറ്റുമല്ലോ. പള്ളിയുടെ വാതിൽക്കൽ ഈ കാർഡിട്ടാലെ വാതിൽ തുറക്കാവൂ. ഈ സംവിധാനമുണ്ടെങ്കിൽ അയാളെത്ര പ്രാവശ്യം പള്ളിയിൽ പോയെന്നും എത്ര മണിക്കൂർ പള്ളിയിലിരുന്നെന്നുമൊക്കെ അറിയാൻ കഴിയും. ഇപ്പോൾ തന്നെ കുഞ്ഞാടുകളുടെ ക്രെഡിറ്റ് കാർഡ് നംബർ ഉപയോഗിച്ചു മാസവരി പിടിക്കുന്ന ഏർപ്പാട് ചിക്കാഗോയിലുണ്ട്. ഈ സാധനമുണ്ടെങ്കിൽ കുറിയന്വേഷിച്ചാരും തെക്കു വടക്കു നടക്കണ്ടല്ലോ. പള്ളിശവക്കോട്ടയിൽ സംസ്കരിക്കപ്പേടാനുള്ള എലിജിബിലിറ്റി ടെസ്റ്റ് റിസൽറ്റും ഇതിൽ ചേർക്കാം. നേർച്ച ബാങ്കു വഴി അടക്കാമെങ്കിൽ പതാരവും കുടിശ്ശിഖയും അങ്ങിനെയടക്കാനുള്ള സൗകര്യമുണ്ടാക്കാമല്ലൊ? എന്താ, ഇതിനെപ്പറ്റിയൊക്കെ ചിന്തിക്കാത്തത്? വിശ്വാസിക്ക് വികാരിയച്ചന്റെ മുമ്പിൽ ഓച്ചാനിച്ചു നിൽക്കാനുള്ള അവസരം പാഴാക്കാനാവില്ല - അത്രേയല്ലേയുള്ളൂ? ഇംഗ്ഗ്ലണ്ടിൽ ലത്തീൻ വൈദികർ വിശ്വാസികളുടെ തോളിൽ കൈയ്യിട്ടു നടക്കുമായിരുന്നെങ്കിൽ ഇനിയിപ്പോൾ എല്ലാവരുടേയും പോക്കറ്റിൽ കൈയ്യിട്ടു നടക്കുന്ന സീറോ വൈദികരേയെ കാണാൻ കിട്ടൂ. ഒതുക്കത്തിൽ ഇംഗ്ലണ്ടിലേക്കു വിസാ ഒപ്പ്പിക്കാമെന്നുള്ള പ്രതീക്ഷയിൽ കുറേ പാലാക്കാരും കഷായം കുടിക്കുന്നുണ്ടെന്നു കേട്ടു. പാലാക്കാരുടെ മാനം പാലാക്കാരുടെ കൈയ്യിലാണെന്ന് എല്ലാ പാലാക്കാരും ഓർക്കുക! മുഴുവൻ മാണികൊണ്ടുപോയിക്കളഞ്ഞുവെന്നു പറഞ്ഞാരുമൊഴിയണ്ട! 

തനിക്കടിച്ച എട്ടുകോടിയിൽ ഒരു കോടി അനാഥാലയത്തിനെന്നു ഗണേഷ് (ഓണം ബമ്പർ ജേതാവ്); ഭണ്ഡാരത്തിൽ വീണത് ഭണ്ടാരം തന്നെ കൊണ്ടുപോട്ടെയെന്നു ഞാൻ!

No comments:

Post a Comment