Translate

Saturday, October 1, 2016

ഒരു ലക്ഷം ഫ്രീ!

കത്തോലിക്കാ സഭ നന്നായോന്നു ചോദിച്ചാൽ, ഇല്ല; പക്ഷേ, മേജർ നന്നാവുന്നുണ്ടോന്നു ചോദിച്ചാൽ ഉണ്ടു താനും. അദ്ദേഹമെവിടെച്ചെന്നാലും ലാളിത്യത്തെപ്പറ്റി ഒരു 'പാര' എല്ലാവർക്കുമായി കൊടുത്തിട്ടേ, കത്തോലിക്കാ സഭയിലെ പ്രതിസന്ധിയേപ്പറ്റിപ്പോലും പറയൂ. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ എന്നു കർത്താവു പറഞ്ഞതുപോലെ എന്നെ മോഡലായിട്ടെടുക്കാൻ അദ്ദേഹം പറയുന്നില്ല, വേറേതെങ്കിലും മെത്രാനെ മോഡലാക്കാനും അദ്ദേഹം പറയുന്നില്ല. അതു സൂക്ഷിച്ചേ പറയാവൂന്ന് എല്ലാ പ്രസംഗകർക്കും അറിയാം. ബാംഗ്ലൂർ സെ. ജോൺസ് മെഡിക്കൽ കോളേജുകാരെ മോഡലാക്കാൻ ഇവിടുത്തെ സ്വാശ്രയക്കാരോടു പറയുന്നതെങ്ങിനെ? ഒന്നാമതവർ ലത്തീൻ, രണ്ടാമതവർ ക്യാപ്പിറ്റേഷൻ വാങ്ങുന്നുമില്ല. അതാണോ കേരളത്തിലെ സ്ഥിതി? മദർ തെരേസായെ മോഡലാക്കാൻ പറഞ്ഞാൽ ബാക്കിയുള്ള കന്യാസ്ത്രികളും മഠം വിട്ടെന്നിരിക്കും. തോമ്മാശ്ലീഹായെ മോഡലാക്കിയതിന്റെ ഫലം നാം കണ്ടും കഴിഞ്ഞു. തുകൊണ്ടാ സ്വയം നന്നാകാൻ വട്ടായിട്ടുള്ളവർ മുതൽ വട്ടായിട്ടില്ലാത്തവർ വരെ ആവർത്തിച്ചു പറയുന്നത്.

ഇവിടെ പ്രതിസന്ധി ഉണ്ടെന്നു മാത്രമല്ല, അതു കൂടിക്കൊണ്ടുമിരിക്കുന്നു. പണ്ടു നോട്ടിസടിക്കുന്നത്, നവീകരണക്കാർ മെത്രാനെതിരായിരുന്നെങ്കിൽ ഇപ്പോൾ മെത്രാന്മാർ നവീകരണക്കാർക്കെതിരേയാണെന്ന വ്യത്യാസമുണ്ട്. പ്രതിസന്ധിയെന്നു പറയുന്നത്, ബ്ലോഗ്ഗുകാരുണ്ടാക്കുന്നതാണെന്നും, ഏതു കൂട്ടായ്മയിലും ഒരു ബ്ലോഗ്ഗുകാരനെങ്കിലും കണ്ടേക്കാമെന്നും എല്ലാർക്കുമറിയില്ലെങ്കിലും വേത്താനത്തച്ചനറിയാം; അതദ്ദേഹം കഴിഞ്ഞ പെരുന്നാളിനു ചിക്കാഗോ പള്ളിയിൽ തുറന്നു പറയുകയും ചെയ്തു. പ്രതിസന്ധി പുറത്തുനിന്നല്ല അകത്തുനിന്നാണെന്ന് മേജർ അത്ര തെളിച്ചങ്ങു പറയുന്നില്ലെങ്കിലും ശ്രാമ്പിക്കൽ മെത്രാനെ സ്വീകരിക്കാൻ വേണ്ടിയുള്ള 'സഹായ ഫണ്ട്' കമ്മറ്റിക്കാർ അതു പറഞ്ഞു തുടങ്ങി. അപവാദപ്രചാരണം നടക്കുന്നുവെന്നാണ് അവരും പറയുന്നത്. അതു കേൾക്കുംമ്പോൾ ഇംഗ്ലണ്ടിലുള്ള അലക്സച്ചായന് കലി കയറും. അങ്ങേരു ചോദിക്കുന്നത് മേജറിനു ഗർഭമുണ്ടെന്ന് ആരെങ്കിലും പറഞ്ഞോന്നാ? ക്യാൻസർ രോഗിയായ വീട്ടമ്മയെ അച്ചൻ പറ്റിച്ചെന്നു കേസു കോടതിയിൽ വന്നതിൽപ്പിന്നെയാ അതു ബ്ലോഗ്ഗിൽ വന്നത്. അതു തന്നെയല്ലേ മോനിക്കായെ മെത്രാൻ പറ്റിച്ചെന്നു പറഞ്ഞപ്പോഴും സംഭവിച്ചത്? മേരി സെബാസ്റ്റ്യൻ കന്യാസ്ത്രി മഠംകാരെ അപമാനിച്ചെന്നു പറയുന്നവർ ആ കന്യാസ്ത്രിയോട് ഒന്നു സംസാരിക്കുമോ, പ്ലീസ്? ആരെങ്കിലും ഞാറക്കൽ പോയി അവിടുത്തെ കന്യാസ്ത്രികളോടൊന്നു ചോദിക്കുമോ, എന്താണു സംഭവിച്ചതെന്ന്? നിരപരാധിയായ സഹനദാസൻ ബെനഡിക്റ്റച്ചനോടു ക്ഷമ പറഞ്ഞെന്ന് പറയുന്ന വീട്ടുകാരെ കാണിച്ചു തരുന്നവർക്കു ഒരു ലക്ഷം രൂപാ തരും ഇപ്പൻ സാർ; അല്ലെങ്കിൽ സാറിനു കൊടുക്കണം ഒരു ലക്ഷം! പന്തയം പിടിക്കാൻ ആളുണ്ടോ? 

ഇപ്പോൾ ബ്ലോഗ്ഗ് വായനക്കാർ കൂടി; കൂടിയെന്നു പറഞ്ഞാൽ കണ്ടമാനം! അതു ബ്ലോഗ്ഗിന്റെ കുഴപ്പമാണോ? നാലു വർഷം മുമ്പ് ഏറ്റവും കൂടുതൽ ഹിറ്റെന്നു പറയുന്നത് 500 ആയിരുന്നെങ്കിൽ, 'ദളിതന്റെ ശവം പള്ളി സിമിത്തേരിയിൽ നിന്നു മാന്തി പഞ്ചായത്തു ശ്മശാനത്തിൽ കുഴിച്ചിട്ട' വാർത്ത വായിച്ചത് 50000 ൽ പരം പേരാണ്. ഫെയിസ്ബുക്കിലൂടെ അതു വായിച്ചത് അതിലേറെപ്പേർ വരും. അല്മായാശബ്ദത്തിന്റെ ഇംഗ്ലിഷ് പോർട്ടൽ റാങ്കിങിൽ ഇന്ത്യയിലെ സഭാവാർത്താ പ്രസിദ്ധീകരണങ്ങളിൽ റ്റോപ്പാണെന്നോർക്കണം. സത്യം അറിയാൻ മെത്രാന്മാർപോലും അവിടെയാണു വരിക. പറയുന്നതപവാദമാണെന്ന് അതിന്റെ ചീഫ് എഡിറ്റർ കോട്ടൂർ സാറിനോടു നേരിട്ടൊന്നു പറഞ്ഞു നോക്കിക്കേ; അപ്പോൾ കേൾക്കാം അദ്ദേഹത്തിന്റെ വായിലിരിക്കുന്നത്. സത്യവാദം മാത്രം പ്രചരിപ്പിക്കുന്നവർ ഒരു കാര്യം പറഞ്ഞെ? പത്തുവർഷങ്ങൾക്കു മുമ്പുവരെ, കാണാൻ വണ്ടി പിടിച്ചു വിശ്വാസികൾ പൊക്കോണ്ടിരുന്ന അത്ഭുതങ്ങൾക്കൊക്കെ ഇപ്പോൾ എന്തുപറ്റി? സത്യത്തിൽ പ്രതിസന്ധി ഉണ്ടാക്കുന്നത് കാനോനും കാനോന്റെ സന്തതികളുമാ. അത്മായൻ ഏതെങ്കിലും കോടതിയിൽ പോയി ഒന്നു മുറുമ്മിയാൽ ആവിയായിത്തീരുന്നതേയുള്ളൂ കാനോൻ. അതു കാണാൻ ഒല്ലൂരിൽ വരെ പോകുകയും വേണ്ട. ബാംഗ്ലൂരുകാരും ഇയ്യിടെ അതു കണ്ടു. ബാംഗ്ലൂർ ആർച്ച് ബിഷപ്പിനോട് കോടതി പറഞ്ഞതു കേട്ടോ, "ഹിന്ദുവായാലും മുസ്ലീമായാലും സിക്കായാലും ക്രിസ്ത്യാനിയായാലും ഒരു രാജ്യത്ത് ഒരു സംരക്ഷണം, ഒരു നീതിയെന്നാണ്." അത്മായനെ പഠിപ്പിക്കാൻ വേണ്ടി അടച്ചപള്ളി അവിടെ മെത്രാൻ തന്നെ തുറന്നു. നാലു മാസം അരമനയിൽ അടയിരുന്നയൊരു കടലാസ്, ഒരു വക്കീൽ നോട്ടീസ് കിട്ടി ഒരു മിനിറ്റിനുള്ളിൽ പുറത്തുവന്ന കഥ ചിക്കാഗോക്കാരും പറയും. 

ഇത്രേം നാളും ഊറാല ഞങ്ങളുടെ കൈയ്യിലാണെന്നു പറഞ്ഞു കുമ്പ വീർപ്പിച്ചു നടന്നവരുടെ അതിരുകൾക്കുള്ളിലേക്കു മൂന്നു കി.മീ കടന്നല്ലെ അവിടുത്തെ തീവ്രവാധി ക്യാമ്പുകളെല്ലാം റജി ഞള്ളാനിയും കൂട്ടരും കത്തിച്ചു കളഞ്ഞത്! ഊറാല മാത്രമല്ല, തൊപ്പിയും വടിയും വാടകക്കു കൊടുക്കുമെന്നല്ലേ റജിസാർ പറയുന്നത്. അച്ചനെയും കപ്യാരേയും വാടകയ്കാരെങ്കിലും വിളിക്കുമോന്നു സംശയിക്കുന്നവർ അറിയുക, പുലിക്കുന്നേൽ ജോസഫ് സാറിനു പോലും ആവശ്യക്കാർ ധാരാളമുണ്ടായിരുന്നു. മാത്രമല്ല, റജിയുടെ സൈന്യം പണിതുടങ്ങിയും കഴിഞ്ഞു. പുതിയയിനം ഏലം കണ്ടുപിടിക്കാമെങ്കിൽ പിന്നെ ഇതാണോ പ്രശ്നം? അദ്ദേഹത്തിനു പണ്ടു പ്രസിഡന്റ് അംഗീകാരവും ആദരവും കൊടുത്തത് പിൽക്കാല സംഭവങ്ങൾക്കൂടി പരിഗണിച്ചായിരിക്കണം. സഭക്കുള്ളിലാണെങ്കിലും, പള്ളിക്കു പുറത്തു മെത്രാന് വിലയില്ലാന്നു പറഞ്ഞാൽ എന്താ സ്ഥിതി? വത്തിക്കാനിലാണെങ്കിൽ ഇവിടുള്ളവരെ എന്തു ബഹുമാനമാ എല്ലാർക്കും. ഒരു മൂന്നടി മണ്ണേ ഇംഗ്ലണ്ടിൽ ചോദിച്ചുള്ളൂ, പക്ഷേ ഒരു രാജ്യം മുഴുവനല്ലേ മാർപ്പാപ്പാ പാലാക്കാർക്കു കൊടുത്തത്. മഹാബലിക്കു പറ്റിയതു പോലെ മാർപ്പാപ്പാക്കു പറ്റിയില്ല! പതിനായിരം ഡോളർ തന്നാൽ എലിസബത്തു രാജ്ഞിയുടെ കൂടെയിരുന്ന് അത്താഴം കഴിപ്പിക്കാമെന്നു പറഞ്ഞ് മനുഷ്യരെ കളിപ്പിക്കുന്ന ഒരു സംഘം പാലായിലിറങ്ങിയിട്ടുണ്ടെന്നു കേൾക്കുന്നു. ബ്ലോഗ്ഗുകാർ അവധിക്കച്ചവടം തുടങ്ങാനും ഇടയുണ്ടെന്നു സാരം! എന്തെല്ലാം കേട്ടാലാ കർത്താവേ, ഈ ജീവനൊന്നു പോയിക്കിട്ടുക?

ഒരൊറ്റദിവസത്തെ പത്രം എടുത്തു നോക്കിയാലും കേരളാമന്ത്രിസഭക്കെതിരെ കമാന്നൊരക്ഷരം പറയാൻ ഒരു മെത്രാനുമില്ല. അടുത്ത പ്രാവശ്യം ബി ജെ പി യാണെങ്കിലും ഇതു തന്നെയായിരിക്കും സംഭവിക്കുക. മെത്രാന്മാരുടെ മൂച്ചു കാണണമെങ്കിൽ കോൺഗ്രസ്സ് അധികാരത്തിൽ വരണം. ഞാഞ്ഞൂലു മുതൽ നീർക്കോലിവരെ തലപൊക്കും. കരുണയുടെ വർഷമായിട്ടും ക്യാപ്പിറ്റേഷനും കൂടി, ഫീസും കൂടി; അപ്പോൾ കരുണയുടെ വർഷം കഴിഞ്ഞാലത്തെ സ്ഥിതിയൊന്നോർത്തു നോക്കിക്കേ. പക്ഷേ, വിശ്വാസികൾ കരുണയുടെ വർഷം ആ അരൂപിയിൽ തന്നെ ജീവിച്ചു; അല്ലായിരുന്നെങ്കിൽ പാലിയേക്കര ടോൾ ഗേറ്റിനടുത്തുള്ള ഒരു പള്ളിയിൽ വളയെഴുന്നെള്ളിപ്പു സംബന്ധിച്ച തർക്കം വന്നപ്പോൾ വികാരിയെ തടഞ്ഞു വെക്കുക മാത്രമല്ല രണ്ടെണ്ണം പെട്ടക്കിട്ടു പെടപ്പിക്കുകയും ചെയ്തേനെ. അവിടെ കുടുംബകൂട്ടായ്മയുടെ കേന്ദ്ര സമിതി യോഗം നടന്നത് പോലീസ് സംരക്ഷണയിൽ ആണെന്നും കേട്ടു.

ക്നാനായാക്കാരെ ശൂദ്ധരക്തവാദികൾ എന്നു പറഞ്ഞു കളിയാക്കിക്കോ. പവ്വം വിതച്ച മാർത്തോമ്മാവാദം നാളെ സീറോയെയും ആ പരുവമാക്കില്ലേ? നമുക്കു ലളിതനേയും വേണ്ട ആരെയും വേണ്ടാ! കഴിഞ്ഞ ജൂണിൽ ചെന്നൈയിലുള്ള സീറൊ കത്തോലിക്കരിൽ ചിലർ 'ഹിസ് ബിയാറ്റിറ്റൂഡ്' ആലഞ്ചേരി ജോർജ്ജ് മാറിനെഴുതി ചോദിച്ചത്, 1960 വരെ ഭൂരിഭാഗവും ദളിതരായ തമിൾ കത്തോലിക്കരെ പള്ളിയിൽ ഒരു പ്രത്യേകസ്ഥലത്തിരുത്തുകയും പ്രത്യേക സ്ഥലത്ത് അടക്കുകയും ചെയ്തത് ഓർമ്മയുണ്ടോന്നും തമിൾ കത്തോലിക്കരെല്ലാം അങ്ങിനെയല്ലേ സീറോയിൽ നിന്നൊഴിവായതെന്നുമാണ്. ഞാൻ ചോദിക്കുന്നത്, ഇത്തിരികൂടിയ കാര്യമാ - ദളിതനായ ഒരു ബിഷപ്പിനെ ഉന്നതരായ കുറേ വൈദികർ തട്ടിക്കൊണ്ടുപോയിട്ട് ജോർജ്ജു ചേട്ടൻ കാര്യമായി ഒന്നും മിണ്ടാത്തതെന്നാന്നാ. മൂന്ന് ഇറ്റലിക്കാരെ ജയിലാക്കിയപ്പോൽ രക്തം തിളച്ച ശരീരമാണല്ലോ അത്. അടുത്ത തലമുറക്ക് ഒരു നൂറുവർഷം ചൊറിഞ്ഞുകൊണ്ടിരിക്കാനുള്ള പണി ഒരൊറ്റമെത്രാനായി ഉണ്ടാക്കി വെച്ചിട്ടുണ്ട്. 

മോഡിജിയോട് ഒരഭ്യർത്ഥന, ഇവിടുള്ള പത്തു പതിമൂന്നു തീവ്രവാദിക്യാമ്പുകൾ കൂടി ഒന്നൊതുക്കിതന്നാൽ സന്തോഷമായിരുന്നു. ഇവിടുത്തെ തീവ്രവാദികൾ മംഗലാപുരത്തുനിന്നും മുസ്സൗറിസ്സിൽ നിന്നുമൊക്കെ കൊണ്ടുവന്ന മീൻ ഞങ്ങൾ കൂട്ടാൻ വെച്ചത് ഫ്രിഡ്ജിലിരുന്നിട്ടും പുകയുന്നു. ഞാനിതെഴുതുമ്പോഴും പുക നിന്നിട്ടില്ല.  

No comments:

Post a Comment