Translate

Friday, September 16, 2016

ദൈവശാസ്ത്രപഠനമോ മോചനമാര്ഗ്ഗം ? - സെബാസ്റ്റ്യന്‍ വട്ടമറ്റം

'അത്മായദൈവശാസ്ത്രത്തിനൊരു ആമുഖം' -- പ്രൊഫ. കെ. റ്റി. സെബാസ്റ്റ്യന്‍
ഗ്രന്ഥനിരൂപണം


കേരളകത്തോലിക്കാസഭയില്‍ 'കുഞ്ഞാടുകള്‍' എന്നും 'വിശ്വാസികള്‍' എന്നും വിളിക്കപ്പെടുന്ന അല്‍മേനികളെ തിരുമേനികളുടെ നുകത്തില്‍നിന്നു മോചിപ്പിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഒരു വന്ദ്യവയോധികനാണ് പ്രൊഫ. കെ. റ്റി. സെബാസ്റ്റ്യന്‍. അതിനായി അദ്ദേഹം ഏറെക്കാലമായി എഴുതുകയും സഭാവേദികളില്‍ വാദിക്കുകയും ചെയ്തുവരുന്നു. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഒരു പുസ്തകമാണ്, കഴിഞ്ഞ വര്‍ഷം, ഭരണങ്ങാനം 'ജീവന്‍ ബുക്‌സ്' പ്രസിദ്ധീകരിച്ച 'അത്മായദൈവശാസ്ത്രത്തിനൊരു ആമുഖം'.
ആഗോളസഭയുടെ ചരിത്രത്തില്‍ മൂന്നു ഘട്ടങ്ങളിലായി നിലവില്‍ വന്ന സഭയുടെ മൂന്നു തരഭേദങ്ങളെ ഗ്രന്ഥകാരന്‍ അടയാളപ്പെടുത്തുന്നു: 1. എല്ലാ സഭാംഗങ്ങള്‍ക്കും തുല്യതയും പൗരോഹിത്യവുമുണ്ടായിരുന്ന ആദിമസഭ 2. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലംമുതല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ (1962-1965) വരെയുള്ള ഹയരാര്‍ക്കിക്കല്‍ വൈദികമേധാവിത്ത സഭ 3. കൗണ്‍സിലിനു ശേഷമുള്ള ദൈവജനത്തിന്റെ സഭ.
'മാര്‍ത്തോമ്മായുടെ മാര്‍ഗം' പിന്തുടര്‍ന്നുപോന്ന കേരളസഭയില്‍ മേല്‍പ്പറഞ്ഞ ആദിമസഭയോട് ഏറെ സമാനതകളുള്ള പാരമ്പര്യമാണു പോര്‍ട്ടുഗീസുകാരുടെ ആഗമനം വരെ നിലനിന്നിരുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ ഈ മഹത്തായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കേരളത്തിലെ സഭാനേതൃത്വം പരാജയപ്പെട്ടു. അദ്ദേഹം എഴുതുന്നു: ''സാര്‍വ്വത്രികസഭയുടെ വേദികളില്‍ പങ്കെടുക്കുന്ന മെത്രാന്മാരും വിദഗ്ധരും ക്ഷമിക്കുക. നമ്മുടെ പാരമ്പര്യത്തെയും സഭാദര്‍ശനത്തെയും കുറിച്ച് ഈ വേദികളില്‍ അവര്‍ സംസാരിക്കാതിരുന്നത് വലിയൊരു കൃത്യവിലോപമായി. ഈ കൃത്യവിലോപം ഇന്ന് ഒരു നാണക്കേടിന്റെ തലംവരെ എത്തിയിരിക്കുന്നു''(പുറം 37).
വത്തിക്കാന്‍കൗണ്‍സിലിനു ശേഷം അതേ പാരമ്പര്യമുയര്‍ത്തിപ്പിടിച്ച്  സ്വതന്ത്ര സീറോ-മലബാര്‍ സഭ സാക്ഷാത്ക്കരിക്കുന്നതില്‍ അവര്‍ വിജയിച്ചു. എന്നാല്‍ തോമ്മാമാര്‍ഗ്ഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവിടത്തെ  പള്ളിയോഗത്തിന്റെ ജനായത്തസ്വഭാവമംഗീകരിക്കാന്‍ മെത്രാന്മാരും സംഘവും ഇന്നോളം തയ്യാറായിട്ടില്ല.
1992-ല്‍ നിലവില്‍വന്ന സീറോ-മലബാര്‍ സഭ 1995-ല്‍ പള്ളിയോഗനടപടിക്രമത്തിന്റെ കരടുരേഖ പ്രസിദ്ധപ്പെടുത്തി. ''കൈവയ്പ് ലഭിച്ച വൈദികര്‍ സഭയിലെ ഭരണകര്‍ത്താക്കളും അല്‍മായര്‍ ഭരണീയരുമാണെന്നുള്ള(വകുപ്പ് 979) കാലഹരണപ്പെട്ടതും വികലവുമായ കാഴ്ചപ്പാടിന്റെ സ്വാധീനത്തിലാണ്'' അതെഴുതപ്പെട്ടത്. കരടുരേഖ പുറത്തുവന്നപ്പോള്‍ത്തന്നെ അതിലെ പ്രതിലോമപരമായ വകുപ്പുകള്‍ക്കെതിരെ അല്‍മായപക്ഷത്തുനിന്നുകൊണ്ട് പ്രതികരിച്ചയാളാണ് ഗ്രന്ഥകാരന്‍. കാതലായ പല മാറ്റങ്ങളും അദ്ദേഹം നിര്‍ദ്ദേശിക്കുകയും ചെയ്തു. ''ഭരണാധികാരം കൈയൊപ്പുള്ളവര്‍ക്കുമാത്രം എന്നായിരുന്നില്ല നമ്മുടെ പാരമ്പര്യം'' എന്നദ്ദേഹം തറപ്പിച്ചുപറഞ്ഞു.  എന്നാല്‍ തോമ്മാമാര്‍ഗ്ഗത്തില്‍ പള്ളിയോഗത്തിനുണ്ടായിരുന്ന  അധികാരാവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന അദ്ദേഹത്തിന്റെ സുപ്രധാനനിര്‍ദ്ദേശം തീര്‍ത്തും അവഗണിക്കപ്പെടുകയാണുണ്ടായത്. 
          അങ്ങനെ ആഗോളസഭയിലെ മൂന്നാം കാലഘട്ടത്തിനു തുടക്കംകുറിച്ച വത്തിക്കാന്‍ കൗണ്‍സില്‍ അല്‌മേനികളില്‍ ഉണര്‍ത്തിവിട്ട പ്രത്യാശയൊന്നും കേരളസഭയില്‍ സഫലമായിട്ടില്ലെന്നു ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു. മാറ്റത്തിനു വിലങ്ങുതടികളായി പ്രവര്‍ത്തിച്ച പുരോഹിതമേധാവികളെ പ്രതിക്കൂട്ടിലാക്കുകയും ചെയ്യുന്നു.
          കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ ആശംസയും ആര്‍ച്ച്ബിഷപ്പ് പൗവ്വത്തിലിന്റെ അവതാരികയും ഡോ. പി. സി. അനിയന്‍കുഞ്ഞ് എന്ന അല്‌മേനിയുടെ പ്രവേശികയും കടന്നുവേണം പുസ്തകത്തിന്റെ ഉള്ളടക്കത്തിലേക്കു കടക്കാന്‍.  താനുള്‍പ്പെടെയുള്ള സഭാനേതൃത്വത്തിനെതിരെ ഗ്രന്ഥകാരനുന്നയിക്കുന്ന ആരോപണങ്ങളെക്കുറിച്ചും നവീകരണനിര്‍ദ്ദേശങ്ങളെക്കുറിച്ചും കര്‍ദ്ദിനാള്‍ തന്ത്രപരമായി മൗനം പാലിക്കുന്നു. ആര്‍ച്ച് ബിഷപ്പിനാകട്ടെ, അതെക്കുറിച്ചൊക്കെ പറയാനുള്ളതിത്ര മാത്രം: ''ഈ ഗ്രന്ഥത്തില്‍ ഊന്നിപ്പറയുന്ന ഒരു കാര്യം ഇങ്ങനെയുള്ള സമിതികള്‍ ആലോചനാസമിതികള്‍ മാത്രമായാല്‍ പോരാ, അവ തീരുമാനങ്ങളെടുക്കുന്ന സമിതികളായിരിക്കണമെന്നതാണ്. ഇന്നത്തെ കുഴഞ്ഞുമറിഞ്ഞ സാഹചര്യങ്ങളില്‍ ഇതെത്ര പ്രായോഗികമാകുമെന്നു പറയാനാവില്ല. വിഘടിതഗ്രൂപ്പുകളും നാമമാത്രവിശ്വാസികളും രാഷ്ട്രീയഭ്രമക്കാരും അരങ്ങുതകര്‍ക്കുന്ന വേളയില്‍ ഇത്തരം സമിതികളെല്ലാം ശരിയായ തീരുമാനമെടുക്കാന്‍ പര്യാപ്തമാകുമോ എന്നു ചിന്തിക്കേണ്ടതാണ്.'' ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നല്‍കുന്ന കാര്യത്തില്‍ പണ്ടു സായിപ്പിനുണ്ടായിരുന്ന അതേ അങ്കലാപ്പ്!
           ഇതിലും വിചിത്രമാണ് അല്‍മേനിയായ അനിയന്‍കുഞ്ഞിന്റെ പ്രതികരണം. അദ്ദേഹമെഴുതുന്നു, ''നിയമപരമായി ഉപദേശകസമിതിയെങ്കിലും, പ്രയോഗത്തില്‍ തീരുമാനമെടുക്കുന്ന സമിതിയായി പള്ളിയോഗങ്ങള്‍ നിലനിന്നുപോരുന്നു.'' എങ്കില്‍പ്പിന്നെ അതു നിയമപരംകൂടി ആക്കിയാലെന്താ എന്നു ചോദിച്ച് നമുക്കിദ്ദേഹത്തെ, ഈ കാരുണ്യവര്‍ഷത്തില്‍, വിഷമിപ്പിക്കാതിരിക്കാം.
വത്തിക്കാന്‍ സൂനഹദോസിനു മുമ്പുണ്ടായിരുന്ന സഭയിലെ അധികാരഘടനയെക്കുറിച്ചു വ്യക്തമായ സൂചനകള്‍ പുസ്തകത്തിലുണ്ട്. വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ട പത്താം പീയൂസ് മാര്‍പ്പാപ്പ വൈദികാധികാരത്തെക്കുറിച്ചു പറയുന്നതിങ്ങനെ: ''സഭാംഗങ്ങളെ പഠിപ്പിക്കാനും നയിക്കാനുമുള്ള അവകാശവും അധികാരവും ഹൈരാര്‍ക്കിക്കു മാത്രമുള്ളതാകുന്നു. ആള്‍ക്കൂട്ടത്തെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഒറ്റ അവകാശം മാത്രമേ ഉള്ളൂ: അധികാരികളെ അനുസരിക്കുകയും അവര്‍ക്കു പൂര്‍ണമായി വിധേയരായിരിക്കുകയും ചെയ്യുക''(പുറം 48). ഇതു പാശ്ചാത്യലത്തീന്‍സഭയിലെ കാര്യം. പോര്‍ച്ചുഗീസുകാരുടെ ആഗമനത്തോടെ നമ്മുടെമേലും പിടിമുറുക്കിഈ ഭരണക്രമം. സുറിയാനികത്തോലിക്കരെ അതില്‍നിന്നു മോചിപ്പിക്കുവാന്‍ ത്യാഗപൂര്‍വ്വം പ്രവര്‍ത്തിച്ചയാളാണ് മാര്‍ ളൂയീസ് പഴേപറമ്പില്‍. എന്നാല്‍ എറണാകുളം വികാരിയാത്തിന്റെ ആദ്യമെത്രാനായി അധികാരമേറ്റപ്പോള്‍ ലത്തീന്‍സഭയുടെ അതേ ഭരണശൈലി അദ്ദേഹവും സ്വീകരിക്കുകയാണുണ്ടായത്.
1918-ല്‍ ചില അല്‍മായ നേതാക്കളൊത്തുകൂടി 'കത്തോലിക്കാ മഹാജനസഭ'(ഇപ്പോഴത്തെ എ. കെ. സി. സി.)യ്ക്കു രൂപം നല്‍കി. ഇതിനു സഭയുടെ അംഗീകാരം കിട്ടാന്‍ അവരുടെ നേതാവ് തെള്ളിയില്‍ മാത്തൂച്ചന്‍ മാര്‍ പഴേപറമ്പിലിനെ സമീപിച്ചു. കുറേയേറെ നേരം മാത്തൂച്ചനെ മുട്ടിന്മേല്‍ നിര്‍ത്തിയശേഷമാണ് ളൂയീസ് മെത്രാന്‍ പ്രസാദിച്ചതും 'കത്തോലിക്കാ മഹാജനസഭ'യ്ക്ക് അംഗീകാരം നല്‍കിയതും. അതും രണ്ടു വ്യവസ്ഥകള്‍ക്കു വിധേയമായി: ഒന്ന്, ''സഭയുടെയോ വൈദികരുടെയോ കാര്യങ്ങളില്‍ സംഘടന ഇടപെടരുത്. രണ്ട്: സംഘടനയുടെ അധ്യക്ഷന്‍ ബിഷപ്പുതന്നെ ആയിരിക്കും''(പുറം 49). അധികാരപ്രമത്തനായ ഈ മെത്രാന്‍ ഇന്നും തന്റെ പിന്‍ഗാമികളിലൂടെ സഭയില്‍ വാണരുളുന്നു.
പഴയ ഒരനുഭവമാണിപ്പോള്‍  ഓര്‍മ്മയിലെത്തുന്നത്. ്യൂഞാനന്നു കോളേജില്‍ ബിരുദവിദ്യാര്‍ത്ഥി. മറ്റൊരു കോളേജില്‍ 'ഐക്കഫ്' എന്ന വിദ്യാര്‍ത്ഥിസംഘടന നടത്തിയ ഒരു വര്‍ക്ക്ക്യാമ്പില്‍ ഞാനും പങ്കെടുത്തു. പത്തിരുപതു പേര്‍ ഒരാഴ്ച ഒരുമിച്ചു താമസിച്ച് ഒരു പാവപ്പെട്ട കുടുംബത്തിനു വീടു പണിതു കൊടുക്കലായിരുന്നു പ്രധാന പരിപാടി. ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഞങ്ങളിലൊരാളെപ്പോലെ പങ്കെടുത്ത ഒരു വൈദികനായിരുന്നു നേതൃത്വം നല്‍കിയിരുന്നത്. അദ്ദേഹമെന്റെ മനസ്സില്‍ ഒരു മാതൃകാപുരോഹിതനായി സ്ഥാനം പിടിച്ചു.
പി.ജി.യും കഴിഞ്ഞ് ഞാന്‍ ജോലി തേടി ഗോവയിലേക്കു പോയി. അവിടെ ലൊയോള സ്‌കൂളില്‍ പഠിപ്പിക്കുമ്പോള്‍ പഴയ മാതൃകാവൈദികന്‍ ബിഷപ്പായെന്ന വാര്‍ത്ത കേട്ട് ഏറെ സന്തോഷിച്ചു. മൂന്നു കൊല്ലംകൂടി കഴിഞ്ഞ് ഞാന്‍ ആ ബിഷപ്പിന്റെ കീഴിലുള്ള കോളേജില്‍ത്തന്നെ ജോലിക്കായി ഇന്‍ര്‍വ്യൂവിനെത്തി. അതില്‍ വിജയിച്ചയുടനെ പ്രിന്‍സിപ്പല്‍ എന്നോടു പറഞ്ഞു പിതാവിനെ പോയി കാണണമെന്ന്. പഴയ ക്യാമ്പിന്റെ ഓര്‍മ്മക്കുളിരുമായി അരമനയില്‍ ചെന്ന ഞാന്‍ കൈകള്‍(കൂപ്പുന്നതിനു പകരം) നീട്ടിപ്പിടിച്ച് ''അച്ചനെന്നെ ഓര്‍മ്മയുണ്ടോ?'' എന്നു ചോദിച്ച് ബിഷപ്പിന്റെ അടുത്തേക്കു ചെന്നു.
അദ്ദേഹത്തിന്റെ  പ്രതികരണം വളരെ തണുപ്പനായിരുന്നു. യാന്ത്രികമായി എന്തോ ഉപദേശിച്ചിട്ടെന്നെ തിരിച്ചയച്ചു. എന്റെ മനസൊന്നു തണുത്തത് എനിക്കുശേഷം ബിഷപ്പിനെ കണ്ട അദ്ധ്യാപകന്‍ അയാളുടെ അനുഭവം പിന്നീടു പങ്കുവച്ചപ്പോഴാണ്. പണ്ട് ളൂയീസ് മെത്രാന്‍ മാത്തൂച്ചനോടു ചെയ്തതുപോലെ, ബിഷപ്പ് അയാളെയും   മുട്ടിന്മേല്‍ നിര്‍ത്തുകയും തലയില്‍ കൈവച്ചനുഗ്രഹിക്കുകയും ചെയ്തു. പഴയ സൗഹൃദമോര്‍ത്തിട്ടാവാം എന്നെയാ പീഡനത്തില്‍ നിന്നൊഴിവാക്കിയത്.
സെബാസ്റ്റ്യന്‍സാര്‍ പുസ്തകത്തില്‍ വിവരിക്കുന്ന ഒരു സംഭവമുണ്ട്. വത്തിക്കാന്‍ കൗണ്‍സിലിന്റെ തുടക്കം. വിവിധവിഷയങ്ങളുടെ മുന്‍ഗണനാക്രമമാണ് ചര്‍ച്ചാവിഷയം. ഒട്ടാവിയാനി എന്ന കര്‍ദ്ദിനാള്‍  പറഞ്ഞു, ''ആദ്യം നമുക്കു പറയേണ്ടത് സഭയെക്കുറിച്ചും പാപ്പായെക്കുറിച്ചും കൂരിയായെക്കുറിച്ചുമാണ്. പിന്നീടു വിശ്വാസികളെക്കുറിച്ച്''(പുറം 54). പുരോഗമനവാദിയായ ഒരു ബിഷപ്പ് പ്രതികരിച്ചതിങ്ങനെയാണ്, ''തിരുമേനീ, ഞങ്ങളുടെ പ്രതീക്ഷ മാര്‍പ്പാപ്പായും മെത്രാന്മാരും വിശ്വാസികള്‍തന്നെ ആണെന്നാണ്. അതുകൊണ്ടാദ്യം ജ്ഞാനസ്‌നാനം സ്വീകരിച്ച ദൈവജനത്തെക്കുറിച്ചും അവരുടെ പങ്കിനെക്കുറിച്ചും സംസാരിക്കാം'' (പുറം 55). വിശ്വാസികളെന്നാല്‍  തങ്ങളെ സേവിക്കാന്‍മാത്രം നിയുക്തരായ പ്രജകള്‍ മാത്രമാണെന്നു കരുതുന്നവര്‍ ഇന്നും സഭയിലുണ്ടെന്ന് ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു.
വത്തിക്കാന്‍ കൗണ്‍സിലിനും അതിനെ പിന്തുടര്‍ന്നു നടന്ന ഭാരതസഭാസെമിനാറിനും ശേഷം നടന്ന മറ്റൊരു സംഭവവും മെത്രാന്മാരുടെ ഈ സമീപനത്തിന് ഉദാഹരണമായി ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നു. പാസ്റ്ററല്‍ കൗണ്‍സിലിന്റെ ഘടന എന്തായിരിക്കണം എന്നതിനെക്കുറിച്ച് ഒരു സര്‍വ്വേ നടന്നു. അതിലൊരു മെത്രാന്റെ മറുപടി ഇങ്ങനെയായിരുന്നുവത്രേ, ''എന്റെ രൂപതയില്‍ അല്‌മേനികളെ കൂടാതെതന്നെ എനിക്കൊരുപാട് പ്രശ്‌നങ്ങളുണ്ട്.'' അല്‍മേനികളെ കഴിവതും ഒഴിവാക്കി പുറത്തു നിര്‍ത്തേണ്ട പ്രശ്‌നക്കാരായി കാണുന്ന അധികാരോന്മത്തന്‍!  
ഇതിനൊക്കെ മാറ്റം വരുത്തുമെന്നു പ്രതീക്ഷയുണര്‍ത്തുന്നതായിരുന്നു 1987-ല്‍ റോമില്‍ നടന്ന, അല്‍മായരെക്കുറിച്ചുള്ള മെത്രാന്‍സിനഡ്. അതും 'എല്ലാവരെയും നിരാശപ്പെടുത്തി'(പുറം 56) എന്നു ഗ്രന്ഥകാരന്‍. ഈ ലേഖകന് ഒരു സംഭവമോര്‍മ്മവരുന്നു. പ്രസ്തുത സിനഡില്‍ ഭാരതസഭയെ പ്രതിനിധീകരിച്ചു പങ്കെടുത്ത ഏക അല്‍മേനിയായ ഈ ഗ്രന്ഥകാരന്‍ എസ്. ബി. കോളേജില്‍ എന്റെ സഹപ്രവര്‍ത്തകനായിരുന്നു. അദ്ദേഹം റോമില്‍നിന്നു തിരിച്ചെത്തിയപ്പോള്‍ സ്റ്റാഫ് അസ്സോസിയേഷന്‍ ഒരു സ്വീകരണം നല്‍കി. സിനഡില്‍ താനുന്നയിച്ച കാര്യങ്ങളൊക്കെ വിവരിച്ചശേഷം അദ്ദേഹം പറഞ്ഞു. യൂറോപ്പിലാണ് സഭയിന്ന് ഏറ്റവും ചൈതന്യവത്തായി നിലകൊള്ളുന്നത് എന്ന്. എങ്കില്‍ സഭാകേന്ദ്രം കേരളത്തിലേക്കു മാറ്റണമെന്നു വാദിച്ചുകൂടായിരുന്നോ എന്നായിരുന്നു സരസനായ ഒരു പ്രൊഫസറുടെ(കെ. കെ. ഫ്രാന്‍സിസ്) ചോദ്യം. ഈ നര്‍മ്മഭാഷണം കാര്യമായെടുത്ത ശുദ്ധമനസ്‌കനായ പ്രിന്‍സിപ്പലച്ചന്‍ (ഫാ. പുളിക്കപ്പറമ്പില്‍) പ്രതികരിച്ചത് പാരമ്പര്യവും ബൈബിള്‍ വചനങ്ങളുമനുസരിച്ച് കേന്ദ്രം വത്തിക്കാന്‍തന്നെ ആയിരിക്കണം എന്നാണ്.
അന്ന് അതൊക്കെ വെറും തമാശയായി തോന്നിയെങ്കിലും പ്രൊഫസറുടെ ചോദ്യത്തിലൂടെ വെളിപ്പെടുന്ന ഒരു സത്യമുണ്ട്. അല്‍മായരെ പ്രതിനിധീകരിച്ച് സെബാസ്റ്റ്യന്‍സാര്‍ വത്തിക്കാനില്‍ പോയതും പറഞ്ഞതുമൊന്നും ഇവിടുള്ള അല്മായസമൂഹം പൊതുവേ അത്ര കാര്യമായെടുത്തിരുന്നില്ല. ഇതു സാറിനോടുള്ള സ്‌നേഹക്കുറവുകൊണ്ടൊന്നുമായിരുന്നില്ല. മെത്രാന്മാരുടെ സദസ്സില്‍ പോയി, അവര്‍ തങ്ങളുടെ കുഞ്ഞാടു മാത്രമെന്നു കരുതുന്ന ഒരു അല്‍മേനി എന്തു പറഞ്ഞിട്ടും കാര്യമില്ലെന്ന ഞങ്ങളുടെയൊക്കെ ബോധ്യമായിരുന്നു യഥാര്‍ത്ഥ കാരണം. മെത്രാന്‍സിനഡ് അല്‍മായരുടെ വിളിയും ദൗത്യവും എന്താണെന്ന് വ്യക്തമാക്കിയെങ്കിലും 'ഇതേക്കുറിച്ചുള്ള കാര്യമായ ചര്‍ച്ചയോ പഠനമോ അല്‍മായരുടെ നേതൃത്വവേദികളില്‍പോലും നടക്കുന്നില്ല'(പുറം 89) എന്നാണ് സാറിന്റെ മനോവിഷമം. എന്തിന് അവരിതൊക്കെ നടത്തണം? മാറ്റമുണ്ടാകണമെങ്കില്‍ തിരുമേനിമാരുടെ മനസ്സുമാറണം എന്നാണല്ലോ സാറുതന്നെ പറഞ്ഞുവയ്ക്കുന്നത്. ''ഹൈരാര്‍ക്കിയുടെ മനോഭാവത്തില്‍ മാറ്റം ഉണ്ടായെങ്കില്‍ മാത്രമേ അല്‍മായരുടെ മാന്യതയും അവകാശങ്ങളും പുനഃസ്ഥാപിക്കപ്പെടുകയുള്ളു'' എന്ന കാര്യത്തില്‍ അദ്ദേഹത്തിന് യാതൊരു സംശയവുമില്ല. അതുകൊണ്ടാവാം ഇതേ ലക്ഷ്യത്തോടെ കേരളത്തില്‍ അല്‍മായരുടെ നേതൃത്വത്തില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവരുന്ന സഭാനവീകരണപ്രസ്ഥാനങ്ങളെക്കുറിച്ച് ഗ്രന്ഥകാരന്‍ മൗനം പാലിക്കുന്നത്.
സഭയുടെ അരമനക്കോടതികളിലാണ് അല്‍മേനികള്‍ ഏറെ വിവേചനമനുഭവിക്കുന്നത്. 1999-ല്‍ ചങ്ങനാശേരിയില്‍ ഒരു അരമനക്കോടതിവിധി പുറത്തായി. ഒരു വൈദികന്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കി എന്നായിരുന്നു പരാതി. സംഭവം നടന്നെന്നു ബോധ്യപ്പെട്ട അരമനക്കോടതി  വൈദികനില്‍ കണ്ടെത്തിയ കുറ്റം അയാള്‍ തന്റെ (പെണ്‍കുട്ടിയുടെയല്ല) 'കന്യാത്വ'വും സല്‍പ്പേരും കളങ്കപ്പെടുത്തി എന്നായിരുന്നു. അതിനയാള്‍ക്കു വിധിച്ചത് ചെറിയ ചില പ്രായശ്ചിത്തങ്ങള്‍ മാത്രം, പെണ്‍കുട്ടിക്ക് പര്യാപ്തമായ പ്രതിഫല (റെമ്യൂണറേഷന്‍)വും. ഈ അരമനരഹസ്യം പുറത്തുകൊണ്ടുവന്ന ഈ ലേഖകനെ ഗ്രന്ഥകാരനന്ന് നേരിട്ട് അനുമോദിച്ചത് ഇന്നും ഓര്‍ക്കുന്നു. എന്നാല്‍, തികച്ചും അല്‍മായവിരുദ്ധമായ അരമനക്കോടതികളെക്കുറിച്ച് ഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നേയില്ല.
''സാമ്പത്തികകാര്യങ്ങളുടെ ഭരണം അല്‍മായര്‍ക്കു വിട്ടുകൊടുക്കുകയെന്നതാണ് സഭയുടെ പുതിയ നിലപാട്'' (പുറം 144). എന്നാണ് ഗ്രന്ഥകാരന്‍ വെളിപ്പെടുത്തുന്നത്. പക്ഷേ, കേരളസഭയില്‍ അത്തരം കാര്യങ്ങളൊക്കെ കൈവയ്പ്പുള്ളവരുടെ കൈപ്പിടിയിലാണ്. ''പള്ളിവക വസ്തുക്കളുടെ സൂക്ഷിപ്പും പരിപാലനവും മുഖ്യമായും കൈക്കാരന്റെ ചുമതലയും ഉത്തരവാദിത്തവുമായിരിക്കണ''മെന്ന (പുറം 144) ശ്രദ്ധേയമായ നിര്‍ദ്ദേശംപോലും അംഗീകരിക്കപ്പെട്ടില്ല. കേരളത്തിലെ മത-സമുദായ സംഘടനകളില്‍ സാമ്പത്തികകാര്യങ്ങളില്‍ ആരെയും കണക്കു ബോധിപ്പിക്കാന്‍ ബാധ്യതയില്ലാത്ത അപൂര്‍വ്വം ചിലതിലൊന്നാണ് കത്തോലിക്കാസഭ. ഈ സ്ഥിതിയില്‍ മാറ്റം വരുത്താനുദ്ദേശിച്ചുണ്ടാക്കിയതാണ് നിര്‍ദ്ദിഷ്ട ചര്‍ച്ച് ആക്ട്(ജസ്റ്റീസ് വി. ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായുള്ള കമ്മീഷന്റെ 'കേരള ക്രൈസ്തവസഭയുടെ വസ്തുക്കളും സ്ഥാപനങ്ങളും സംബന്ധിച്ച ട്രസ്റ്റ് ബില്‍', കരടുനിയമം). ധനവിനിയോഗകാര്യങ്ങളില്‍ അല്‍മേനികള്‍ക്കും പങ്കാളിത്തമുറപ്പാക്കുന്ന പ്രസ്തുത ബില്ലിനെക്കുറിച്ചും ഗ്രന്ഥകാരന്‍ മൗനംപാലിക്കുന്നു.
വൈദികാധിപത്യത്തില്‍നിന്നുള്ള മോചനത്തിനായി പുസ്തകത്തിലുള്ള ഒരേയൊരു മാര്‍ഗ്ഗം അല്‍മേനികള്‍ അല്‍മായ ദൈവശാസ്ത്രം പഠിക്കുക എന്നുള്ളതാണ്. പക്ഷേ സാറുതന്നെ സമ്മതിക്കുന്നത്, തകരാറ് അല്‍മേനികളുടെ ഭാഗത്തല്ല, പുരോഹിതമേലാളരുടെ ഭാഗത്താണെന്നാണല്ലോ. അവരെ നേരെയാക്കാനെന്താണു വഴി? പണ്ട് സാധു ഇട്ടിയവിര പറഞ്ഞ ഒരു കഥയുണ്ട്. ഒരു മെത്രാനു നടുവേദന. ചവിട്ടിത്തിരുമ്മണമെന്നു വൈദ്യന്‍. പക്ഷേ, തിരുമേനിയില്‍ കാലുവയ്ക്കാന്‍ വിശ്വാസികളാരും തയ്യാറല്ല. ഒടുവില്‍ തിരുമ്മറിയാവുന്ന ഒരു കമ്മ്യൂണിസ്റ്റ്കാരന്‍ വന്നു തിരുമേനിയുടെമേല്‍ കാല്‍വയ്പ്പുനടത്തി രോഗം ഭേദമാക്കി. അപ്പോള്‍ തിരുമ്മറിയാവുന്ന, അമിതാധികാരത്തെ ചോദ്യം ചെയ്യുന്ന, അല്‍മേനികളുടെ കാല്‍വയ്പ്പിലൂടെയേ മെത്രാന്മാരും അങ്ങനെ സഭയും നവീകരിക്കപ്പെടുകയുള്ളു. അതിന് അല്‍മേനികളുടെ അടിമബോധം മാറണം. അതിനൊരുപക്ഷേ അല്‍മായദൈവശാസ്ത്രമൊക്കെ പ്രയോജനപ്പെട്ടേക്കും.

ഈ വിയോജിപ്പുകള്‍ നിലനില്‍ക്കുമ്പോഴും സെബാസ്റ്റ്യന്‍സാറിന്റെ ആത്മാര്‍ത്ഥതയെയും അല്‍മായമോചനത്തിനായുള്ള പ്രതിജ്ഞാബദ്ധതയെയും ഉള്ളുനിറഞ്ഞ ആദരവോടെയാണ് ഞാന്‍ നോക്കിക്കാണുന്നത്.

No comments:

Post a Comment