Translate

Wednesday, September 14, 2016

'ഞാറയ്ക്കല്‍ കന്യാസ്ത്രീകള്‍ക്കെതിരെ നടന്ന കൈയേറ്റവും കേരളഹൈക്കോടതിയിലെ വന്‍തട്ടിപ്പും'

ഡോ. എം. ലീലാവതി
പുസ്തകനിരൂപണം

2016 സെപ്റ്റംബര്‍ ലക്കം സത്യജ്വാലയില്‍നിന്ന്‌

['സത്യജ്വാല'യില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചതും 2015 ഡിസംബര്‍ 26-ലെ KCRM പരിപാടിയില്‍ പ്രസാധനം നടത്തിയതുമായ അഡ്വ. ഡോ. ചെറിയാന്‍ ഗൂഡല്ലൂരിന്റെ പുസ്തകത്തെപ്പറ്റി പ്രശസ്ത സാഹിത്യനിരൂപക ഡോ. എം. ലീലാവതി എഴുതിയ നിരൂപണം 'സത്യജ്വാല' അഭിമാനത്തോടെ പ്രസിദ്ധീകരിക്കുന്നു.]

സത്യത്തിനും നീതിക്കുംവേണ്ടി വാക്കുകള്‍ വാളുകളാക്കി പൊരുതിക്കൊണ്ട് നീതിപാലകര്‍ക്കെതിരായി മുന്നേറാന്‍ അഭിഭാഷകവര്‍ഗ്ഗത്തില്‍ ധീരതയുള്ളവര്‍ വിരളമാണ്. ആ വിരളഗണത്തില്‍പ്പെടുന്നു, അഡ്വ. ഡോ. ചെറിയാന്‍ ഗൂഡല്ലൂര്‍. അദ്ദേഹത്തിന്റെ “Gandhi’s Concept of Truth and Justice” എന്ന പി.എച്ച്.ഡി. തീസ്സീസ്സിന്റെ മലയാളം പരിഭാഷയ്ക്ക് ഞാന്‍ അവതാരിക തുടങ്ങിയത്, ''ക്ഷുരകനെ ആര് ക്ഷൗരം ചെയ്യും?' എന്ന ചോദ്യത്തിന് സദൃശമായി, 'നീതിപാലകരില്‍ ചിലര്‍ ശിരോരൂഹംപോലെ വഹിക്കുന്ന അനീതിയെ ആരു വടിച്ചുകളയും'' എന്ന ചോദ്യത്തോടെയാണ്. ആ പുസ്തകത്തില്‍ ചില നീതിപാലകര്‍ പാലിച്ച അനീതിക്കെതിരെ രൂക്ഷമായ ആക്രമണത്തിനുള്ള ധീരത പ്രകടിപ്പിച്ചതു കണ്ടിട്ടാണ് ആ ചോദ്യം ഉന്നയിച്ചത്. 
ഗാന്ധിജിയുടെയും യേശുക്രിസ്തുവിന്റെയും സത്യ-നീതി സങ്കല്പങ്ങളാണ് ഡോ. ചെറിയാനെ നയിക്കുന്നത്. അവയ്‌ക്കെതിരെയുള്ള അഴിമതികള്‍ അദ്ദേഹത്തെ തീവ്രമായി പ്രകോപിപ്പിക്കുന്നു. പ്രതികരണത്തില്‍ തീക്ഷ്ണമായ വാക്കുകള്‍ വാളുകളാക്കുന്നു. മതാധികാരികളെ പ്രീണിപ്പിച്ച് നീതിനിര്‍വ്വഹണപദവികളാരോഹണം ചെയ്യുന്നവരായാലും, മതാധികാരികള്‍ക്കു വിധേയരായി നിലപാടുകള്‍ മാറ്റുന്ന നിസ്സഹായരായാലും നിര്‍ദ്ദാക്ഷിണ്യമായി വാക്കിന്റെ വാളുകൊണ്ട് അവരുടെ നേരും നെറിയുമറ്റ ഉദ്യമങ്ങളുടെ കടയ്ക്കല്‍ത്തന്നെ വെട്ടി കണ്ടംതുണ്ടമാക്കിയിടാനുള്ള വീറും വാശിയും, 'ഞാറയ്ക്കല്‍ കന്യാസ്ത്രീകള്‍ക്കെതിരെ നടന്ന കൈയേറ്റവും കേരള ഹൈക്കോടതിയിലെ വന്‍ തട്ടിപ്പും' എന്ന പുസ്തകത്തിലും കാണാം.
ഈ രംഗത്തേക്കു വിളിക്കാതെ വന്നുകയറിയ ഒരു ആക്റ്റിവിസ്റ്റ് എന്ന നിലയ്ക്കല്ല അദ്ദേഹം പ്രതിഷേധം ഉയര്‍ത്തുന്നത്. വിളിച്ചുവരുത്തി വക്കാലത്തു നല്‍കിയതിനുശേഷം, പണി പാതി തീര്‍ത്ത തൊഴിലാളിക്കു കൂലികൊടുത്തു പിരിച്ചയയ്ക്കുംപോലെ, ഫീസുപോലും സ്വീകരിച്ചിട്ടില്ലാതിരിക്കെ തിരസ്‌കൃതനായി അപമാനിക്കപ്പെടുന്ന ആളെന്ന നിലയ്ക്കാണ്. ഏകപക്ഷീയമായി അപ്രകാരം തിരസ്‌കരിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്ന വസ്തുതകൂടി വിസ്മരിച്ചുകൊണ്ടുള്ള ആ ചെയ്തിക്കെതിരെ പ്രതികരിക്കാനുള്ള ന്യായങ്ങള്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്, ഈ ഗ്രന്ഥത്തില്‍. മതാധികാരികള്‍ക്കെതിരെ താന്‍തന്നെ ഉന്നയിച്ച പരാതിയാണ്, അവരുടെ പ്രേരണയാല്‍ കക്ഷി പിന്‍വലിച്ചതും സ്വയം ഏര്‍പ്പെടുത്തിയ അഭിഭാഷനെതിരായി തിരിഞ്ഞതും! അതിവിചിത്രമായ ഈ പരിണാമത്തെ കേന്ദ്രമാക്കിയുള്ളതാണ്, മുന്‍പറഞ്ഞ ശീര്‍ഷകത്തിലുള്ള പുസ്തകത്തിന്റെ ഉള്ളടക്കം. ഇതിന് 'പ്രവാചകദൗത്യം' എന്ന ശീര്‍ഷകത്തോടെ അവതാരികയെഴുതിയിരിക്കുന്നത് ഒരു മതാധികാരിതന്നെയാണ്. സംഭവങ്ങളുടെ പരിണാമവൈചിത്രങ്ങളെപ്പറ്റി ഡോക്ടര്‍ ചെറിയാന്റെ നിലപാടുകളിലെ സത്യസന്ധത ഒരു പുരോഹിതപ്രമുഖന്‍തന്നെയായ അവതാരികാകൃത്ത് അംഗീകരിക്കുന്നു.
ഉന്നതസ്ഥാനങ്ങളില്‍ നടന്ന ചില അഴിമതികളെപ്പറ്റിയുള്ള പ്രസ്താവനകള്‍ ഈ പുസ്തകത്തിലുണ്ട്. അതില്‍പ്പെടുന്ന ഒന്നാണ് നിയുക്ത ജഡ്ജിയായിരുന്ന അഡ്വക്കേറ്റ് പി.ആര്‍. പരമേശ്വരന്റെ ആത്മഹത്യയ്ക്കു പ്രേരകമായ സ്ഥിതിവിശേഷം - ഒരു കത്തോലിക്കാ ബിഷപ്പും ഒരു ഹൈക്കോടതി ജഡ്ജിയും ഉള്‍പ്പെട്ട സ്ഥിതിവിശേഷം. മറ്റൊന്ന്, വേനല്‍ക്കാല അവധിസമയത്ത് നിയമിക്കപ്പെട്ട വെക്കേഷന്‍ ജഡ്ജിയില്‍നിന്ന്, കേസ്സിലെ പ്രതികള്‍ക്ക് കോടതിയില്‍ ഹാജരാകേണ്ടുന്നതിനുള്ള സമന്‍സിന് എല്ലാ വ്യവസ്ഥാപിതനിയമസമ്പ്രദായങ്ങളെയും തകിടംമറിച്ചുകൊണ്ട് ഒരു അഭിഭാഷകന്‍ സ്റ്റേ ഓര്‍ഡര്‍ 'തട്ടിപ്പില്‍ നേടിയെടുത്തു' എന്നതാണ്.
പ്രസ്തുത അഭിഭാഷകന്‍ കേരളാ ഗവര്‍മെന്റ് നിയമിച്ച അഡ്വക്കേറ്റ് ജനറല്‍ ആയിരുന്ന ഒരു ഘട്ടത്തില്‍ സുപ്രീംകോടതിയില്‍ ഒരു അഡ്വക്കേറ്റിനെ സ്വാധീനിച്ചതിന്റെ ഫലമായിട്ടാണ്, ഒരു ലാന്റ് അക്വിസിഷന്‍ കേസിലെ വിധി പരാതിക്കാര്‍ക്ക് നടപടികള്‍ സ്റ്റേ ചെയ്തു കിട്ടുന്നതിനെതിരായിപ്പോയതെന്നു കേട്ടിട്ടുണ്ട്. ഇരുപത്താറു പരാതിക്കാരില്‍ നാലുപേരുടെ പരാതികളില്‍ ഗവണ്‍മെന്റിന്റെ നടപടികള്‍ സ്റ്റേ ചെയ്തുകഴിഞ്ഞിരുന്ന ഘട്ടത്തിലാണ് 'ഇടപെടല്‍' ഉണ്ടായതെന്നു തോന്നുന്നു. സുപ്രീം കോടതിയിലെ ഡിവിഷന്‍ബഞ്ചിന്റെ മുന്നില്‍ ബാക്കിയുള്ള ഇരുപത്തിരണ്ടു പേരുടെ ഭാഗം വാദിക്കാന്‍ അവര്‍ ഫീസു കൊടുത്തു നിയമിച്ച അഭിഭാഷകന്‍ സന്നിഹിതനാകാഞ്ഞത് 'ഇടപെടലി'ന്റെ ഫലമാണെന്നുവേണം കരുതാന്‍. ഡിവിഷന്‍ ബഞ്ചിന്റെ വിധിയില്‍ ഇങ്ങനെയൊരു വാക്യമുണ്ടായിരുന്നു. “We want to place it in record that the learned counsel did not ask for a stay for the other part of the project.” ഇതറിഞ്ഞപ്പോഴുണ്ടായ ആഘാതമാണ് പരാതിക്കാരിലൊരാളായിരുന്ന എന്റെ ഭര്‍ത്താവിന്റെ നിര്യാണത്തിനു ഹേതുവായിത്തീര്‍ന്നത്. പരാതി സുപ്രീംകോടതിയിലെത്തുന്നതിനുമുമ്പ് കേരളാഹൈക്കോടതിയില്‍ നീതിപാലകരെ സ്വാധീനിച്ചിട്ടാണ് അവര്‍തന്നെ നല്‍കിയിരുന്ന സ്റ്റേ പിന്‍വലിച്ചതെന്നും കേട്ടിട്ടുണ്ട്.
ഡോക്ടര്‍ ചെറിയാന്റെ പുസ്തകത്തിലെ സത്യസന്ധവും ധീരവുമായ പരാമര്‍ശങ്ങള്‍ നമ്മുടെ ജനങ്ങളും ജനപ്രതിനിധികളും ശ്രദ്ധിക്കേണ്ടതാണ്. സത്യത്തിന്റെ ശബ്ദം മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദമോ, വനരോദനമോ ആയിക്കൂടാ.
''ഈ മണ്ണില്‍ കിടപ്പുണ്ട് ഗാന്ധി തേജഃകണം'' എന്നു പണ്ട് വള്ളത്തോള്‍ ആശ്വസിച്ചു. അങ്ങനെ ഇന്നും ആശ്വസിക്കാന്‍ വേണ്ടുന്ന മനോവാക്കുകര്‍മങ്ങള്‍ ഉള്ള ചുരുക്കം ചിലരില്‍ അഗ്രിമനായ ഒരാളുടെ നിസ്വാര്‍ത്ഥമായ, തികച്ചും പരാര്‍ത്ഥമായ, രോദനങ്ങള്‍ക്കും ആക്രോശങ്ങള്‍ക്കും ചെവികൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നാം നമ്മോടുതന്നെ ചെയ്യുന്ന അനീതിയായി അതു വിതയ്ക്കപ്പെടും. ആ അനീതി മുളച്ചുവളര്‍ന്ന് നൂറുമേനി അനീതി വിളയും. അതു സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണ്, ആരെയും അപമാനിക്കാനോ വേദനിപ്പിക്കാനോ വേണ്ടിയുള്ളതല്ല, ഈ ഗ്രന്ഥത്തിലെ മൂര്‍ച്ചയേറിയ വാക്കുകളുടെ വായ്ത്തലപ്രയോഗങ്ങള്‍. നിശിതമായ ക്ഷുരധാര അനീതിയുടെയും അഴിമതിയുടേയും വേരറുക്കാന്‍വേണ്ടി പ്രയോഗിക്കുമ്പോള്‍ ഇതിനു നിയുക്തമായ കൈകള്‍ക്ക് ശക്തി പകരേണ്ട ചുമതല എല്ലാ നല്ലവര്‍ക്കുമുണ്ട്.

No comments:

Post a Comment