Translate

Saturday, August 20, 2016

'ക്‌നാനായത്തനിമ' - ഒരു പ്രതികരണം

ചാക്കോ കളരിക്കല്‍

തെക്കുംഭാഗ സമുദായത്തിലെ ഒരാള്‍ സമുദായത്തില്‍നിന്നുമാറി വിവാഹം ചെയ്താല്‍ അയാളെ പള്ളിയംഗത്തില്‍നിന്ന് ബഹിഷ്‌ക്കരണം ചെയ്യുന്ന നടപടിയെ ചോദ്യം ചെയ്ത് പല ലേഖനങ്ങളും ഈ അടുത്ത കാലത്ത് 'സത്യജ്വാല'യില്‍ വായിക്കുകയുണ്ടായി. ഈ വിഷയത്തെ സംബന്ധിച്ചുള്ള വായനക്കാരുടെ പ്രതികരണങ്ങള്‍ എഡിറ്റര്‍ ക്ഷണിച്ചിരിക്കുന്നതുകൊണ്ടാണീക്കുറിപ്പ്.


ഈ വിഷയ പരാമര്‍ശമായി ചരിത്രപരമായും കൂടാതെ കഴിഞ്ഞ 30 വര്‍ഷങ്ങളായി റോമില്‍നിന്നു ലഭിച്ചിട്ടുള്ള നിര്‍ദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയും ഞാന്‍ ഒരു ലേഖനം 2013-ല്‍ അല്മായശബ്ദം ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. 'കടന്നല്‍ക്കൂട്ടില്‍ കല്ലെറിയുക' എന്നു പറഞ്ഞപോലെ ആരുടെയൊക്കെയോ വികാരത്തെ തൊട്ടുകളിച്ചതുപോലെ തരംതാഴ്ന്ന പ്രതികരണങ്ങളുമായി ചിലര്‍ മുമ്പോട്ടുവന്നു. തെക്കുംഭാഗ സമുദായാംഗംപോലുമല്ലാത്ത (ഞാന്‍ വടക്കുംഭാഗ സമുദായക്കാരനാണ്) എനിക്ക് ഈ വിഷയത്തിലിടപെടാന്‍ എന്തവകാശമെന്നുവരെ ചിലര്‍ ചോദിച്ചു. കോട്ടയം/ഷിക്കാഗോ രുപതകള്‍ കത്തോലിക്കാ രുപതകളാണ്; തെക്കുംഭാഗ രുപതകളല്ല. കത്തോലിക്കനായ എനിക്ക് ആ രുപതകളില്‍ നടക്കുന്ന കൊള്ളരുതാത്ത നടപടികളെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യവും ഒരു തിരുത്തല്‍ ശക്തിയാകാനുള്ള കടമയുമുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം.

തെക്കു-വടക്കു വിഭാഗീയത രുക്ഷമായത് മാര്‍ മാക്കീലിന്റെ കാലം തൊട്ടാണ്. 1911 വരെ തെക്കു-വടക്കു ഭാഗക്കാരും പുറത്തുനിന്ന് കല്ല്യാണം കഴിച്ചവരും ഒരേ ഇടവകയിലെ അംഗങ്ങളായിരുന്നു. കോട്ടയം വികാരിയാത്ത് നിലവില്‍ വന്നതു മുതല്‍ സമുദായത്തില്‍ നടന്നിരുന്ന പുറത്താക്കല്‍ പരിപാടി രുപതയുടെ ഔദ്യോഗിക നടപടിയായി ആക്കിത്തീര്‍ത്തു. സമുദായത്തില്‍ മെത്രാന്റെയും പുരോഹിതരുടെയും മേല്‍ക്കോയ്മയെ സിമെന്റിട്ടുറപ്പിക്കാന്‍വേണ്ടി സമുദായത്തിന്റെ തനതായ അവകാശങ്ങളും ആചാരങ്ങളും മെത്രാന്റേതാക്കിതീര്‍ത്തു. കുന്നശ്ശേരി മെത്രാന്‍ താന്‍ തെക്കുംഭാഗ സമുദായ നേതാവും കൂടിയാണെന്ന് സ്വയം പ്രഖ്യാപിച്ചു. ഒരു മെത്രാന് ആധ്യാത്മീകാധികാരമല്ലാതെ സമുദായ നേതൃത്വമില്ലന്നുള്ള ചരിത്രവസ്തുതയെ മാര്‍ കുന്നശ്ശേരി തമസ്‌ക്കരിച്ചപ്പോള്‍ നട്ടെല്ലും കെല്പുമുള്ള സമുദായ നേതാക്കള്‍ അതിനെ എതിര്‍ക്കാന്‍ ഇല്ലാതെപോയി. മാര്‍ കുന്നശ്ശേരിയുടെ സമുദായനേതാവുകളി ശുദ്ധരക്തവാദം, എന്‍ഡോഗമി, ക്‌നാനായത്തനിമ, സ്വവംശ വിവാഹനിഷ്ഠ, മാറിക്കെട്ടിയവരെ പള്ളിക്കുപുറത്താക്കല്‍ തുടങ്ങിയ ആഭാസങ്ങളെ ആവേശപൂര്‍വ്വം നടപ്പിലാക്കാന്‍ ശ്രമിച്ചതിന്റെ  ഫലമായി സമുദായത്തിന്റെ ആധ്യാത്മിക വളര്‍ച്ചയ്ക്കും കാലോചിതമായ ആചാരപരിഷ്‌ക്കാരങ്ങള്‍ക്കും ദോഷം സംഭവിക്കുകയാണ് ചെയ്തത്.

ആദ്യകാല അമേരിക്കന്‍ കുടിയേറ്റക്കാര്‍ തെക്കു-വടക്കു വ്യത്യാസമില്ലാതെ ഒരേപള്ളിയില്‍ അംഗങ്ങളായി സന്തോഷപൂര്‍വ്വം കഴിഞ്ഞിരുന്ന ഒരു നല്ലകാലമുണ്ടായിരുന്നു. കുടിയേറ്റക്കാരുടെ ആത്മാവ് നശിക്കാതിരിക്കാന്‍ മാര്‍ കുന്നശ്ശേരിയുടെ നേതൃത്വത്തില്‍  'അജപാലന ശുശ്രുഷ' എന്ന കപടപ്പേരില്‍ പ്രവാസികളുടെ പിന്നാലെ സ്വന്തം കീശവീര്‍പ്പിക്കാന്‍ ക്ഷണിക്കാതെയെത്തിയ പുരോഹിത കഴുകന്മാരാണ് 'ക്‌നാനായത്തനിമ' എന്ന നാടകം അവതരിപ്പിച്ചുതുടങ്ങിയത്. അച്ചന്‍ ഭക്തന്മാരായ കുറെ പുതുമടിശീലക്കാര്‍ നാളെയെ മറന്ന് കാലഹരണപ്പെട്ട വംശീയമഹത്വത്തെ ഊതിവീര്‍പ്പിച്ചു് ശുദ്ധരക്ത വരേണ്യവര്‍ഗ്ഗമാകാന്‍ ഈ പഴുത് ഉപയോഗിച്ചുതുടങ്ങി. കാലക്രമേണ അമേരിക്കയിലും യുകെയിലുമെല്ലാം ക്‌നാനായത്തനിമ, വികാരത്തിന്റെ ഒരു പടികൂടി കടന്ന് തീവ്രവാദത്തിലും ക്‌നാനായ താലിബാനിസത്തിലും ചെന്നു നില്ക്കുകയാണിപ്പോള്‍. എന്നാല്‍ ഇവരുടെയൊക്കെ മക്കള്‍ അവര്‍ക്ക് തോന്നുന്ന ഇണയെ അവര്‍ തെരഞ്ഞെടുക്കുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ ജനിച്ചുവളരുന്ന പുതിയ തലമുറയുടെ മനോഭാവത്തെ ഉള്‍ക്കൊള്ളാന്‍ പഴയ തലമുറയുടെ വ്യര്‍ത്ഥാഭിമാനം അനുവദിക്കുന്നില്ല. എങ്കിലും തീവ്രവാദക്കാരുടെ മക്കള്‍പോലും മറ്റ് സമുദായത്തിലും ജാതിയിലും മതത്തിലും നിറത്തിലുമുള്ളവരെ കല്ല്യാണം കഴിക്കുന്നു. സ്വഭവനത്തില്‍ പ്രായോഗികമാക്കാന്‍ സാധിക്കാത്ത സ്വവംശ വിവാഹനിഷ്ഠയുടെ പേരില്‍, ജാതിത്തിരിവില്ലാത്ത ഈ നാട്ടില്‍വന്ന് രാഷ്ട്രീയക്കാരെപ്പോലെ പൊതുവഴിയില്‍ സമരം ചെയ്യുന്നതു കാണുമ്പോള്‍ ഇവിടെയുള്ളവര്‍ നമ്മെ പുഛിക്കുകയേയുള്ളു.

അമേരിക്കയിലെ തെക്കു-വടക്കു സമുദായക്കാരുടെ മെത്രാന്‍ മാര്‍ അങ്ങാടിയത്താണന്നും രണ്ടുകൂട്ടരും വാങ്ങിക്കൂട്ടുന്ന പള്ളികള്‍ അങ്ങാടിയത്തിന്റേതാണെന്നും അറിയാവുന്ന ക്‌നാനായക്കാര്‍ എന്തിന് 'അങ്ങാടിയാത്തുബഹിഷ്‌ക്കരണം' നടത്തുന്നു? അതിന് ഒരേയൊരു കാരണമേയുള്ളൂ. എന്‍ഡോഗമി ലംഘിച്ച് കല്ല്യാണം കഴിച്ചവരുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും തെക്കുംഭാഗ പള്ളികളില്‍ അംഗത്വം കൊടുക്കാന്‍ പാടില്ല. റോമിന്റെ നിര്‍ദേശത്തെ കാറ്റില്‍പറത്തി അങ്ങാടിയത്തുമെത്രാന്‍ ക്‌നാനായ താലിബാന്‍മാരെ പ്രീതിപ്പെടുത്താന്‍ ക്‌നാനായ മാതാപിതാക്കളില്‍നിന്നും ജനിച്ചവര്‍ക്കുമാത്രമെ ക്‌നാനായ പള്ളികളില്‍ അംഗത്വം നല്‍കൂ എന്ന ഒരു തിട്ടൂരം ഇറക്കി എന്നു കേട്ടു. മെത്രാന്‍ റോമിനെ അനുസരിക്കുന്നില്ലെങ്കില്‍ വിശ്വാസികള്‍ക്ക് മെത്രാനെയും അനുസരിക്കണ്ടല്ലോ. പ്രശ്‌നം ഇതുകൊണ്ടൊന്നും അവസാനിക്കാന്‍ പോകുന്നില്ല. സഭയും സമുദായവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് മെത്രാനും അച്ചന്മാരും കള്ളപ്രചരണം നടത്തിയാലും സമുദായം മാറി വിവാഹം ചെയ്യുന്നവരെ പുറത്താക്കല്‍ പരിപാടി അക്രൈസ്തവമാണെന്ന കാരണത്താല്‍ ആ കള്ളപ്രചരണത്തിന് ദീര്‍ഘായുസുണ്ടാവില്ല. ജീവനുള്ള ദേവാലയങ്ങള്‍ കെട്ടിപ്പടുക്കേണ്ടതിനുപകരം ജീവനില്ലാത്ത പള്ളിക്കെട്ടിടങ്ങളും മറ്റു സ്വത്തുക്കളും വാങ്ങിക്കൂട്ടാന്‍ അങ്ങാടിയാത്തുമെത്രാനും വൈദികരും അവരുടെ ശിങ്കിടികളും കാണിക്കുന്ന ആക്രാന്തം തികഞ്ഞ അജ്ഞതയും അസംബന്ധവുമാണെന്ന് പറയാതിരിക്കാന്‍ വയ്യ.


'അല്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ധരാത്രിക്കും കുടപിടിക്കും' എന്ന് കേട്ടിട്ടുണ്ട്. അതുപോലെ പ്രവാസി ജീവിതത്തില്‍ നാലു കാശുണ്ടാക്കിയപ്പോള്‍ യഹൂദരായി, വംശശുദ്ധി വര്‍ദ്ധിച്ചവരായി, വരേണ്ണ്യവര്‍ഗ്ഗമായി, ശുദ്ധരക്ത വക്താക്കളായി, ക്‌നാനായ തനിമയും പാരമ്പര്യവും പൊക്കിപ്പിടിക്കുന്നവരായി, അക്രൈസ്തവരായി, സ്വന്തം സഹോദരനും മകനുംപോലും പള്ളിഅംഗത്വം നിഷേധിക്കുന്നവരായി, അവസാനം മറ്റുള്ളവരാല്‍ അപഹാസ്യരുമായി. യൂ.കെയിലും അമേരിക്കയിലും കഴിയുന്ന തെക്കുംഭാഗക്കാര്‍ക്ക്, അവരുടെ സമുദായത്തിലെ 'പുറത്താക്കല്‍ പരിപാടി' ആചാരാഭാസമാണെന്ന് തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കേണ്ടവര്‍ക്ക്, കോട്ടയം രൂപതയിലുള്ള ക്‌നാനായക്കാര്‍ക്കുള്ള വകതിരിവുപോലും ഇല്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സഹതാപവും ഒപ്പം സങ്കടവും തോന്നുന്നു. സമുദായത്തെ നല്ല രീതിയില്‍ നയിക്കേണ്ട പ്രവാസികള്‍ അപരിഷ്‌കൃതരെപ്പോലെ ചിന്തിക്കുന്നത് ഒരു വിരോധാഭാസം തന്നെയാണ്.

No comments:

Post a Comment