Translate

Tuesday, August 23, 2016

കത്തോലിക്കാസഭയുടെ മൈക്രോഫിനാന്‍സ് ക്രമക്കേട്: പരാതി കിട്ടിയിട്ടും തൊടാന്‍ പോലീസിനു ഭയം!

ടി.കെ. സുനില്‍കുമാര്‍

(2016 ആഗസ്റ്റ്  ലക്കം സത്യജ്വാല മാസികയിൽനിന്ന്)  

കൊച്ചി: കത്തോലിക്കാസഭ സംസ്ഥാനമെമ്പാടും നടത്തിവരുന്ന മൈക്രോഫിനാന്‍സ് പദ്ധതികളിലെ ക്രമക്കേടുകള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് മടിക്കുന്നു. സഭയുടെ കീഴിലെ 32 രൂപതകളിലുമുള്ള സര്‍വ്വീസ് സൊസൈറ്റികളില്‍ പലതും നിയമവിരുദ്ധമാണ്. ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തവയാണ് ഈ സൊസൈറ്റികള്‍.
റിസര്‍വ് ബാങ്ക് ചട്ടങ്ങളും നിക്ഷേപനിയന്ത്രണനിയമങ്ങളും മറികടന്ന് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പോലീസിന് സ്വമേധയാപോലും നടപടിയെടുക്കാം. എന്നാല്‍, പരാതികള്‍ കിട്ടിയിട്ടും ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല.
ദരിദ്രകുടുംബങ്ങള്‍ക്കു താങ്ങായി ലഘുസമ്പാദ്യനിക്ഷേപം എന്ന പേരില്‍ നടപ്പിലാക്കിയ പദ്ധതികളിലാണ് വ്യാപകമായ ക്രമക്കേടുകള്‍ നടക്കുന്നത്. 
പാവപ്പെട്ട വീട്ടമ്മമാരില്‍നിന്നു മൂന്നു ശതമാനം പലിശയ്ക്കു ശേഖരിക്കുന്ന തുക 13 ശതമാനംവരെ പലിശയ്ക്കു മ്യൂച്വല്‍ ഫണ്ടുകളിലും മറ്റും നിക്ഷേപിച്ചു വന്‍സാമ്പത്തികനേട്ടമാണ് സൊസൈറ്റികള്‍ ഉണ്ടാക്കിയത്. വരാപ്പുഴ രൂപതയുടെ കീഴിലെ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്കെതിരെ പരാതികളുണ്ടായിട്ടും, റിസര്‍വ് ബാങ്ക് അന്വേഷണം നടന്നിട്ടും, ഇതുവരെ നടപടിയുണ്ടായില്ല. എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്കെതിരായ പരാതികള്‍ റിസര്‍വ് ബാങ്ക് 2016 ജനുവരിയില്‍ സംസ്ഥാന പോലീസിനു കൈമാറിയിരുന്നു.
മൈത്രി സമ്പാദ്യപദ്ധതിയെന്ന പേരില്‍ തങ്ങളില്‍നിന്നു സമാഹരിച്ച തുക മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ച് വന്‍ ലാഭമുണ്ടാക്കിയെന്നു രണ്ടു നിക്ഷേപകര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡിനു (സെബി) കഴിഞ്ഞ ദിവസം പരാതി നല്‍കി.
പിന്നാക്ക കോര്‍പറേഷനില്‍നിന്ന് 25 കോടി
സഭയുടെ സൊസൈറ്റികള്‍ 2002-03 മുതല്‍ 2015-16 വരെ 25 കോടിയിലധികം രൂപ രണ്ടു ശതമാനം പലിശയ്ക്കു സംസ്ഥാന പിന്നാക്കക്ഷേമകോര്‍പറേഷനില്‍നിന്ന് സ്വീകരിച്ചിട്ടുണ്ട്.
ന്യൂനപക്ഷ വികസനകോര്‍പറേഷനില്‍നിന്നും വന്‍തുക വായ്പയെടുത്തിരുന്നു. ഇതിന്റെ നടത്തിപ്പിനെക്കുറിച്ച് അന്വേഷണം വേണമെന്ന് മറ്റൊരു പരാതിക്കാരനായ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ജോസഫ് വെളിവില്‍ ആവശ്യപ്പെട്ടു.
നെയ്യാറ്റിന്‍കര സൊസൈറ്റിയിലും ക്രമക്കേട്
കത്തോലിക്കാസഭയുടെ നെയ്യാറ്റിന്‍കര രൂപതയുടെ കീഴിലുള്ള നെയ്യാറ്റിന്‍കര ഇന്റഗ്രല്‍ ഡെവല്പമെന്റ് സൊസൈറ്റി മൈക്രോ ഫിനാന്‍സ് പദ്ധതിക്കായി സംസ്ഥാന പിന്നാക്ക വികസനകോര്‍പറേഷനില്‍ നിന്നു വാങ്ങിയ മൈക്രോ ക്രെഡിറ്റ് ലോണ്‍ വിനിയോഗത്തിലും ക്രമക്കേട് നടന്നു. മൂന്നു ശതമാനം പലിശയ്ക്ക് 1,49,30,000 രൂപയാണ് വായ്പ. ഇത് ചട്ടങ്ങള്‍ ലംഘിച്ച് സര്‍ക്കാരുദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു വിതരണംചെയ്തു. കോര്‍പറേഷന്‍ സൊസൈറ്റിയോടു വിശദീകരണം തേടിയിരിക്കയാണ്.
(കടപ്പാട്: കേരളകൗമുദി, ജൂലൈ 19)

1 comment:

  1. Please read and comment http://almayasabdam.blogspot.in/2016/08/blog-post_17.html

    ReplyDelete