Translate

Friday, August 19, 2016

''ക്രൈസ്തവര്‍ക്കുമാത്രം നിയമം വേണ്ടെന്നു പറയുന്നത് സ്വയം താഴ്ത്തിക്കെട്ടുന്നതിനു തുല്യം''- ജസ്റ്റീസ് കെ.റ്റി. തോമസ്



[2016 ജൂലൈ 11-ന് കോട്ടയം ഐ.എം.എ. ഹാളില്‍ 'ക്രൈസ്തവസഭാചട്ടങ്ങള്‍ ഇന്ത്യന്‍ഭരണഘടനയെ വെല്ലുവിളിക്കുന്നുവോ' എന്ന വിഷയത്തില്‍ 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍' (JCC) സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പത്മഭൂഷണ്‍ ജസ്റ്റീസ് കെ.റ്റി. തോമസ് നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹം.]
വേദിയിലും സദസ്സിലുമുള്ള മാന്യവ്യക്തികളേ,
സഭാസ്വത്തുക്കള്‍ ഭരിക്കുന്നതിന് ഒരു നിയമം വേണം എന്ന ആശയത്തില്‍ 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍' രൂപം കൊണ്ടിട്ട് കുറേ വര്‍ഷമായിരിക്കുന്നു. ഞാനൊരു റിപ്പബ്ലിക്കന്‍ ചിന്താഗതിക്കാരനാണ്. റിപ്പബ്ലിക് എന്നു പറഞ്ഞാല്‍, നിയമത്തിനു വിധേയമായിരിക്കുന്ന രാജ്യം എന്നാണര്‍ത്ഥം. നിയമത്താല്‍ ഭരിക്കപ്പെടുന്നില്ലെങ്കില്‍ ഒരു രാജ്യം റിപ്പബ്ലിക് ആകുന്നില്ല. അവിടെ നടമാടുക അരാജകത്വമായിരിക്കും. അതുകൊണ്ടാണ്, 'നിയമം അവസാനിക്കുന്നിടത്ത് അരാജകത്വം ആരംഭിക്കുന്നു' (where the law ends there anarchy begins) എന്നു പറയുന്നത്. അപ്പോള്‍ നിയമമില്ലാത്ത ഒരു ജനാധിപത്യസംവിധാനത്തെക്കുറിച്ച് നമുക്കു ചിന്തിക്കാനാവില്ല.
ഭരണഘടനയ്ക്കുള്ളില്‍ വരുന്ന രണ്ടു വിഷയങ്ങള്‍ സംബന്ധിച്ച് കേരളഹൈക്കോടതിയില്‍ മുമ്പെനിക്കു വിധി പറയേണ്ടി വന്നിട്ടുണ്ട്. കേരളഹൈക്കോടതിയുടെ, മൂന്നു ജഡ്ജിമാരെങ്കിലും ഉണ്ടായിരിക്കണമെന്ന നിബന്ധനയുള്ള, ഫുള്‍ ബെഞ്ചിലായിരുന്നു രണ്ടു കേസ്സുകളും വന്നത്. ക്രിസ്ത്യന്‍ വിവാഹമോചനം നല്‍കുന്നതിന് സഭാകോടതികള്‍ക്കുള്ള അവകാശത്തെപ്പറ്റി തീരുമാനിക്കുന്നതിനായിരുന്നു ഒരു കേസ്. കാലങ്ങളായി നിലനിന്നുപോന്നിരുന്ന ഒരു നിലപാട്, സഭാകോടതികള്‍ നല്‍കുന്ന വിവാഹമോചനം സാധുവായിരിക്കുമെന്നും വിവാഹബന്ധത്തിലേര്‍പ്പെട്ടവര്‍ തമ്മില്‍ പിരിയുന്നതിന് അതു മതിയാകുമെന്നുമായിരുന്നു. വാദം മുഴുവന്‍ കേട്ടുകഴിഞ്ഞപ്പോള്‍, ആ ഫുള്‍ബെഞ്ചിലെ സീനിയര്‍ ജഡ്ജ് എന്ന നിലയില്‍ കേസ് സെറ്റു ചെയ്യുന്നതും വിധിയെഴുതുന്നതും എന്റെ ചുമതലയായി. വിവാഹം നടത്തുന്നതിനുള്ള അവകാശം സഭകള്‍ക്കുണ്ടെങ്കിലും, വിവാഹബന്ധം വേര്‍പെടുത്താനുള്ള അവകാശം സഭകള്‍ക്കുണ്ടെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല എന്നാണു ഞാന്‍ എഴുതിയത്. കാരണം, ഒരിക്കല്‍ വിവാഹിതരായിക്കഴിഞ്ഞാല്‍, വിവാഹത്തിലുള്‍പ്പെട്ട വ്യക്തികള്‍, രാജ്യത്തിന്റെ നിയമപരിരക്ഷയ്ക്ക് അര്‍ഹരായിത്തീരുന്നു. ഭരണഘടനയ്ക്കുമുമ്പില്‍ അവരുടെ പദവി (status) മാറുന്നു. നിയമപരമായ ഒരു പദവി (legal status) യിലേക്ക് അവര്‍ കടക്കുകയാണ്. അതുകൊണ്ട്, വിവാഹശേഷം അവരെ ഭരിക്കേണ്ടതു സഭയുടെ നിയമത്തേക്കാളുപരി, സിവില്‍നിയമം അഥവാ രാജ്യത്തിന്റെ നിയമമായിരിക്കണം. ഇതാണ് അന്നു ഞങ്ങള്‍ മൂന്നുപേരും കണ്ടെത്തിയത്. അതുകൊണ്ട്, സഭാകോടതികള്‍ വിവാഹം വേര്‍പെടുത്തിയാലും നിയമത്തിനുമുമ്പില്‍ അവര്‍ വിവാഹമോചിതരാകുന്നില്ല. ഇന്ത്യയില്‍ നിയമപരമായി നിലനില്‍ക്കുന്ന കോടതികളിലൂടെ മാത്രമേ അതു സാധിക്കൂ. ഇന്ത്യന്‍ വിവാഹമോചനനിയമം (Indian Divorce Act) അനുസരിച്ച് വിവാഹമോചനം നേടുന്നില്ലെങ്കില്‍, സഭ ബന്ധം വേര്‍പെടുത്തിയവര്‍ നിയമത്തിനുമുമ്പില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍തന്നെയായിരിക്കും. അവര്‍ വേറെ വിവാഹം കഴിച്ചാല്‍ അത് ബഹുഭര്‍ത്തൃത്വമോ ബഹുഭാര്യത്വമോ (bigamy) ആകും.
ഈ വിധിക്കെതിരെ സഭകള്‍ അന്നു സുപ്രീംകോടതിയില്‍ അപ്പീല്‍ കൊടുത്തപ്പോള്‍ അതു കേട്ടത് ജസ്റ്റീസ് മജുംദാര്‍, ജസ്റ്റീസ് എന്‍.പി. സിംഗ് എന്നിവരായിരുന്നു. ഞാനെഴുതിയ വിധിയിലെ ആദ്യവാചകം, 'Christian marriage is a sacrament' എന്നായിരുന്നു. സഭകള്‍ക്കുവേണ്ടി ഹാജരായ സീനിയര്‍ വക്കീലിനോട് ഇതിന്റെ അര്‍ത്ഥമെന്തെന്നു വിശദീകരിക്കാന്‍ ജഡ്ജിമാര്‍ ആവശ്യപ്പെട്ടു. അതു വിശദീകരിക്കാന്‍ ആ വക്കീല്‍ 25 മിനിട്ടു സമയമെടുത്തിട്ടും അതെന്താണെന്നു ജഡ്ജിമാര്‍ക്കു മനസ്സിലായില്ല. അവസാനം അവര്‍ പറഞ്ഞു: 'ഞങ്ങള്‍ക്ക് ഒരു കാര്യത്തിലേ ആശ്വാസമുള്ളൂ. ഇതെന്താണെന്നു മനസ്സിലാക്കിയിട്ടുള്ള ഒരാളാണ് ഈ ജഡ്ജുമെന്റ് എഴുതിയതെന്നു ആ ജഡ്ജിയുടെ പേരില്‍നിന്നു ഞങ്ങള്‍ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നതാണത്. സുപ്രീംകോടതി, ഫലത്തില്‍, കേരളഹൈക്കോടതിയുടെ വിധി സ്ഥിരപ്പെടുത്തുകയാണു ചെയ്തത്. നിയമമാണു പരമമായിട്ടുള്ളത് (Law is Supreme) എന്നു ചൂണ്ടിക്കാണിക്കുന്നതിനാണ് ഞാന്‍ ഈ വിധിയെക്കുറിച്ച് ഇവിടെ പറഞ്ഞത്.
ക്രിസ്ത്യാനികളുടെ കാര്യത്തില്‍ ഈ നിലപാടു സ്വീകരിച്ചതിന്റെ പേരില്‍ എനിക്കു വലിയ ദോഷമൊന്നും സംഭവിച്ചില്ല. കാരണം, ഞാന്‍തന്നെ ഒരു ക്രിസ്ത്യാനി ആണല്ലോ. എന്നാല്‍, ഹിന്ദുക്കളുടെ ഒരു വിഷയം സംബന്ധിച്ച കേസില്‍ ഒരു വലിയ വിമര്‍ശനം എനിക്കെതിരായി വന്നു. അതായത്, ക്ഷേത്രങ്ങളില്‍ പൂജാരിമാരാകാന്‍ ബ്രാഹ്മണര്‍ക്കുമാത്രമേ സാധിക്കുകയുള്ളൂ എന്ന നിയമത്തെ ചോദ്യംചെയ്ത് കേരളഹൈക്കോടതിയില്‍ വന്ന ഒരു കേസ് ഞാനുള്‍പ്പെട്ട ഫുള്‍ബെഞ്ചിന്റെ മുമ്പില്‍ വന്നപ്പോളായിരുന്നു, അത്. ആ ഫുള്‍ബെഞ്ചിന്റെയും തലവനായിരിക്കേണ്ട സാഹചര്യം എനിക്കുണ്ടായി. വാദം മുഴുവന്‍ കേട്ടുകഴിഞ്ഞ് ഞങ്ങള്‍ പറഞ്ഞ വിധിയുടെ സാരം ഇതായിരുന്നു. 'ക്ഷേത്രങ്ങള്‍ ഇന്ത്യന്‍ഭരണഘടന പറയുന്ന നിയമത്തിനു വിധേയരായി നില്‍ക്കുന്നിടത്തോളം കാലം, ഇന്ത്യയിലെ ദളിത്-പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരുള്‍പ്പെടെ എല്ലാവര്‍ക്കും പൂജാരിമാരാകാന്‍ അവകാശമുണ്ട്.' അതു ഒരുപാടു ചര്‍ച്ചകള്‍ക്കിടയാക്കി. എന്നോടൊപ്പമിരുന്ന രണ്ടു ജഡ്ജിമാരും ഹിന്ദുക്കളായിരുന്നു. എങ്കിലും അവരെന്നോടു യോജിച്ചു. അതുകൊണ്ട് അതും ഐകകണ്‌ഠ്യേനയുള്ള ഒരു വിധിയായിത്തീര്‍ന്നു. അതും സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. പ്രതീക്ഷയ്ക്കു വിരുദ്ധമായി, കേരളഹൈക്കോടതിയുടെ വിധി സുപ്രീംകോടതി അസ്ഥിരപ്പെടുത്തുകയാണുണ്ടായത്
പൊതുജനങ്ങളുടെ പണംകൊണ്ടു നടത്തുന്ന എല്ലാ കാര്യങ്ങള്‍ക്കും നിയമം അനിവാര്യമാണ്. ജനാധിപത്യത്തിന്റെ രണ്ടുമുഖമുദ്രകളില്‍ ഒന്നു സുതാര്യത (transparancy) യും രണ്ട്, കണക്കു ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വ (accountabilit്യ)വുമാണ്. ഇതു രണ്ടുമില്ലാത്ത ഒരു കാര്യവും പൊതുജനങ്ങളുടെ പണമുപയോഗിച്ചു ചെയ്യുന്നതിനെ ഭരണഘടന അനുകൂലിക്കുന്നില്ല. ക്രിസ്തീയസമുദായങ്ങളുടെ സ്വത്തുക്കളുടെ ഭരണത്തിന് നിയമം വേണമെന്നു പറയുന്നതിന്റെ പിന്നിലുള്ളതും ഇതേ ആശയമാണ്. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ നിയമമുണ്ടല്ലോ എന്നു സഭാധികാരികള്‍ പറഞ്ഞുകഴിഞ്ഞാല്‍, അത് ഇന്ത്യയില്‍ നിയമമാണോ എന്ന ചോദ്യമാണുയരുക. ഇന്ത്യന്‍ ഭരണഘടനയുടെ 26-ാം വകുപ്പിലാണു മതസംബന്ധിയായ സ്വത്തുവകകള്‍ കൈകാര്യം ചെയ്യുന്നതിനേക്കുറിച്ചു പറഞ്ഞിരിക്കുന്നത്. 26-ാം വകുപ്പിന്റെ അവസാനത്തെ ഉപവകുപ്പു പറയുന്നത്, 'മതസംബന്ധമായിട്ടുള്ള എല്ലാ വസ്തുവകകളും (properties) ഭരിക്കേണ്ടത് നിയമാനുസൃതമായിരിക്കണം' (Shall be administered in accordance with law) എന്നാണ്. നിയമമെന്നു പറഞ്ഞാലെന്താണ്? ഭരണഘടനയില്‍ പറയുന്നതനുസരിച്ച് നിയമമുണ്ടാക്കാന്‍ കഴിവുള്ള രണ്ടു പ്രസ്ഥാനങ്ങള്‍ മാത്രമേയുള്ളൂ. ഒന്ന്, രാജ്യത്തെ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികളടങ്ങുന്ന പാര്‍ലമെന്റാണ്. രണ്ടാമത്തേത്, സംസ്ഥാനങ്ങളിലെ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ അംഗങ്ങളായുള്ള നിയമസഭകളും. ഈ രണ്ടു പ്രതിനിധിസഭകളിലും നിര്‍മ്മിക്കുന്ന നിയമത്തെ മാത്രമേ ഭരണഘടനയില്‍ നിയമമെന്നു പറയുകയുള്ളൂ.
നിയമങ്ങളുടെ കൂട്ടത്തില്‍, ഇന്ത്യന്‍ ഭരണഘടന, പരമ്പരാഗതമായ നടപടിക്രമങ്ങളെയും വിശ്വാസങ്ങളെയുംകൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൗലികാവകാശങ്ങളുമായി ഒത്തുപോകാത്ത എന്തെങ്കിലും അവയിലുണ്ടെങ്കില്‍, അതു സഭയുടെ വകയായാലും മറ്റേതെങ്കിലും സമുദായത്തിന്റെ വകയായാലും ആരുടെ വകയായാലും, അതെല്ലാം സ്വയമേവ അസാധുവായിത്തീരുമെന്ന് 13-ാം വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
'ഞങ്ങള്‍ക്ക് പാര്‍ലമെന്റോ അസംബ്ലിയോ പാസാക്കുന്ന നിയമം ആവശ്യമില്ല. അതു കൂടാതെ ഭരിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഞങ്ങള്‍ക്കുണ്ട്. കാരണം, മതസ്വാതന്ത്ര്യം ഇന്ത്യന്‍ഭരണഘടന ഉറപ്പു നല്‍കിയിട്ടുള്ള മൗലികാവകാശമാണ്' എന്നൊക്കെ ചില മതാധിപന്മാര്‍ പറയാറുണ്ട്. അവരോടു പറയാനുള്ള മറുപടി, ഇത് അവരുടെ മാത്രം ആഗ്രഹമല്ല എന്നാണ്. ചിട്ടി നടത്തുന്നവരും പണമിടപാടുകാരും ഒക്കെ ആഗ്രഹിക്കുന്ന കാര്യമാണത്. അതുപോലെതന്നെ, സ്വന്തമായോ സമുദായത്തിന്റേതായോ സ്‌കൂളുകള്‍ നടത്തുന്ന മിക്ക മാനേജ്‌മെന്റുകളും, തങ്ങളെ നിയന്ത്രിക്കാന്‍ ഒരു നിയമമില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നു വിചാരിക്കുന്നുണ്ട്.
മതസ്വാതന്ത്ര്യത്തെക്കുറിച്ച് ഭരണഘടന എന്താണു പറയുന്നതെന്നു നോക്കാം. 25-ാം വകുപ്പിലാണ് ഇതേക്കുറിച്ചു പറഞ്ഞിരിക്കുന്നത്. അതു ശ്രദ്ധയോടുകൂടി വായിച്ചാല്‍ മനസിലാകുന്ന രണ്ടുകാര്യങ്ങളുണ്ട്. ഒന്ന്, ഈ വകുപ്പു പറയുന്നത്, മതമുള്ളവര്‍ക്കും മതമില്ലാത്തവര്‍ക്കും അവരുടെ മനസ്സാക്ഷിക്കനുസരിച്ചുള്ള വിശ്വാസം പുലര്‍ത്താന്‍ അവകാശമുണ്ടെന്നാണ്. അപ്പോള്‍, മതത്തില്‍പ്പെട്ടവര്‍ക്കും മതനിഷേധികള്‍ക്കും ഒരുപോലെയാണ് ഈ അവകാശം നല്‍കപ്പെട്ടിരിക്കുന്നത്. ഇതു നാം മറക്കാന്‍ പാടില്ലാത്ത ഒരു കാര്യമാണ്. രണ്ടാമതായി, ഈ അവകാശം ഭരണഘടന കൊടുത്തിരിക്കുന്നത് നാലു കാര്യങ്ങള്‍ക്കു വിധേയമായിട്ടാണ്. (1) Public order: അതു ക്രമസമാധാനപാലനത്തിനു വിധേയമായിരിക്കണം. (2) Public health: പൊതുജനാരോഗ്യത്തിനു വിധേയമായിരിക്കണം. (3) Public morality: പൊതുസദാചാരത്തിനു വിധേയമായിരിക്കണം. (4) Fundamental rights: മൗലികാവകാശങ്ങള്‍ക്കു വിധേയമായിരിക്കണം. ഈ നാലു അവകാശങ്ങള്‍ക്കു കീഴില്‍ മാത്രമേ മതങ്ങളുടെ അവകാശങ്ങള്‍ക്ക് സാധുതയുള്ളൂ എന്ന് 25-ാം അനുച്ഛേദത്തില്‍ വ്യക്തമായി എഴുതിവച്ചിട്ടുണ്ട്. അതിന്റെ അര്‍ത്ഥം, ഈ നാലുവിഷയങ്ങളാണ് ഭരണഘടനാശില്പികള്‍ മതങ്ങളുടെ അവകാശങ്ങളേക്കാള്‍ വലുതായി കണ്ടത് എന്നാണ്. ഇതും നാം മറക്കാന്‍ പാടില്ല.
മൗലികാവകാശങ്ങള്‍ സംബന്ധിച്ച വകുപ്പുകളില്‍ പ്രധാനപ്പെട്ടതാണു 14-ാം അനുച്ഛേദം. നിയമത്തിനുമുമ്പില്‍ എല്ലാവരും സമന്മാരാണ് എന്ന് അതു നിഷ്‌ക്കര്‍ഷിക്കുന്നു. ഇതു സംബന്ധിച്ചുള്ള വിശദീകരണങ്ങളടങ്ങുന്ന മുഖ്യവിധിന്യായങ്ങളില്‍ (judgements) പ്രധാനമായി പറഞ്ഞിരിക്കുന്നത്, സുതാര്യത (transparancy)യും കണക്കു ബോധിപ്പിക്കാനുള്ള ബാധ്യത (accountability)യുമില്ലാത്ത യാതൊന്നും 14-ാം അനുച്ഛേദനത്തിനു കീഴില്‍ വരില്ലെന്നാണ്. അപ്പോള്‍, ആരെയാണു കണക്കു ബോധിപ്പിക്കേണ്ടത്? അതിനുത്തരമായുള്ള ഒരു ആപ്തവാക്യമാണ്, 'every donor is entitled to know how his money is spent' എന്നത്. പണം കൊടുക്കുന്ന ഓരോരുത്തര്‍ക്കും തന്റെ പണം എങ്ങനെയാണു വിനിയോഗിക്കപ്പെട്ടതെന്ന് അറിയാനുള്ള അവകാശമുണ്ട്. അതുകൊണ്ട് പരസ്യമായി കണക്കു ബോധിപ്പിക്കണം. കണക്ക് എന്നു പറഞ്ഞാല്‍ അത് പബ്ലിക് ഓഡിറ്റിംഗ് (Public auditing) കണക്കാണ്.
ഹിന്ദുസമുദായത്തെ സംബന്ധിച്ചിടത്തോളം പബ്ലിക് ഓഡിറ്റിംഗ് അവരുടെ എല്ലാ ക്ഷേത്രങ്ങള്‍ക്കും നിര്‍ബന്ധമാണ്. അതില്‍ത്തന്നെയുള്ള മറ്റൊരു നിബന്ധന, രണ്ടു ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന ഒരു ബെഞ്ച് കാലാകാലങ്ങളില്‍ അതിന്റെ സുതാര്യത പരിശോധിച്ച് അംഗീകരിക്കണം എന്നതാണ്. ഇക്കാരണത്താല്‍, ഹിന്ദുക്കളുടെ ഏതെങ്കിലും ക്ഷേത്രം നഷ്ടപ്പെട്ടുപോയതായോ ഗവണ്‍മെന്റ് എടുത്തുകൊണ്ടുപോയതായോ ഇതുവരെ കേട്ടിട്ടില്ല. ഇതുതന്നെ മുസ്ലീം സമുദായത്തിനും ബാധകമാണ്. അതാണ് 'വഖഫ് ആക്ട്'. ഈ ആക്ട് പറയുന്നത്, മുസ്ലീം ജനതയുടെ പൊതുസ്വത്തുക്കള്‍ ഭരിക്കപ്പെടേണ്ടത് ഈ നിയമപ്രകാരമായിരിക്കണമെന്നാണ്. അതു പരിശോധിക്കുന്നതിന് ഒരു ഹൈക്കോടജി ജഡ്ജി ഉള്‍പ്പെട്ട 'വഖഫ് ട്രിബ്യൂണ'ലുണ്ട്. ഇന്ത്യയിലെ ഏറ്റവും അംഗസംഖ്യ കുറഞ്ഞ സിക്കുമതസ്ഥര്‍ക്കും തങ്ങളുടെ മതസ്വത്തുക്കള്‍ ഭരിക്കാന്‍, 'സിഖ് ഗുരുദ്വാരാ ആക്ട്' എന്ന പേരില്‍ ഒരു നിയമമുണ്ട്. പിന്നെ, ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്ന തിരുപ്പതി ക്ഷേത്രത്തിന്റെ സ്വത്തു ഭരിക്കാന്‍, 'തിരുപ്പതി-തിരുമല ദേവസ്ഥാന ആക്ട്' എന്ന പേരില്‍ ഒരു നിയമമുണ്ട്. ക്ഷേത്രത്തില്‍ വരുന്ന ഓരോ ചില്ലിക്കാശിന്റെയും കണക്കെഴുതി ഓഡിറ്റ് ചെയ്തു കോടതിയുടെ മുമ്പാകെ സമര്‍പ്പിച്ച് അംഗീകാരം വാങ്ങിയിരിക്കണമെന്നാണ് അതില്‍ വ്യവസ്ഥചെയ്തിരിക്കുന്നത്. ഈ പറഞ്ഞ ഒരു കൂട്ടരുടെയും ഒരു സ്വത്തുപോലും ഗവണ്‍മെന്റ് എടുത്തതായി ആരും ആരോപിച്ചിട്ടില്ല.
കാര്യങ്ങള്‍ സുതാര്യമായി നടത്തണമെന്നു പറയുന്നത് ഒരു റിപ്പബ്ലിക്കന്‍ സവിശേഷത (republican character) യാണെങ്കില്‍ അതിനെ എന്തുകൊണ്ടെതിര്‍ക്കുന്നു? ക്രൈസ്തവസമൂഹത്തിനുമാത്രം ഇത്തരമൊരു നിയമം ആവശ്യമില്ല എന്നു പറയാന്‍ കഴിയുന്നതെങ്ങനെ?
അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളെയും സെനറ്റ് അംഗങ്ങളെയും അഭിസംബോധന ചെയ്തുകൊണ്ട് അടുത്തകാലത്ത് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗത്തിന് വലിയ കൈയടി കിട്ടുകയുണ്ടായി. ''ഇന്ത്യന്‍ ഭരണഘടനയാണ് ഇന്ത്യാക്കാരായ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വിശുദ്ധഗ്രന്ഥം'' (We the Indians consider the most holy book is the constitution of India) എന്നാണദ്ദേഹം പറഞ്ഞത്. എനിക്കു യാതൊരു സംശയവുമില്ലാത്ത കാര്യമാണത്. ഇന്ത്യന്‍ ഭരണഘടന നമ്മളെ സംബന്ധിച്ചിടത്തോളം ഒരു വിശുദ്ധഗ്രന്ഥംതന്നെയാണ്. അതു പറയുന്നത് നമ്മുടെ ആരാധനക്രമമല്ല, നമ്മുടെ അവകാശങ്ങളാണ്. മദ്രാസ് ലോ കോളേജില്‍ ഞങ്ങളെ ഭരണഘടന പഠിപ്പിച്ചിരുന്ന പ്രൊഫ. അരുണാചലം ഞങ്ങളോട്, 'ബൈബിളും മഹാഭാരതവും ഭഗവദ്ഗീതയും ഖുറാനും വായിക്കുന്നതോടൊപ്പം, ഓരോ ദിവസവും ഭരണഘടനയുടെ ഒരു പേജെങ്കിലുംകൂടി വായിച്ചിരിക്കണ'മെന്നു പറയുമായിരുന്നു. അദ്ദേഹം ഇതു പറയുമ്പോള്‍ ഞങ്ങളന്ന് തമാശയായി മാത്രമേ എടുത്തുള്ളൂ. ഇപ്പോഴാണതിന്റെ വലുപ്പം മനസ്സിലാകുന്നത്. ഇത്രയും വിപുലവും വൈവിദ്ധ്യങ്ങള്‍ നിറഞ്ഞതുമായ ഈ രാജ്യത്ത്, സാംസ്‌കാരികവും ഭാഷാപരവുമായ വൈവിദ്ധ്യങ്ങള്‍ ഏറെയുള്ള ഈ രാജ്യത്ത്, വിവിധ മതങ്ങള്‍ പുലരുന്ന ഈ രാജ്യത്ത്, ഒരു മതത്തിന്റെയും അനുയായികളല്ലാത്തവരായ ആളുകളുമുള്ള ഈ രാജ്യത്ത് അതിനെയെല്ലാം ഒരു നിയമത്തിന്റെ കീഴില്‍ കൊണ്ടുവന്ന് എല്ലാറ്റിനെയും അരക്കിട്ടുറപ്പിച്ചിട്ട്, രാജ്യത്ത് മേലാല്‍ എല്ലാക്കാര്യങ്ങളും ഈ നിയമത്താല്‍ ഭരിക്കപ്പെടണമെന്നു അനുശാസിക്കുന്ന ഒന്നാണ് നമ്മുടെ ഭരണഘടന. ഭരണഘടനയെന്ന ഈ നിയമസംഹിതയുടെ സൃഷ്ടികളാണ് ഇന്ത്യയിലെ സകലഅധികാരസ്ഥാപനങ്ങളും. ഇന്ത്യയുടെ രാഷ്ട്രപതി ഈ ഭരണഘടനയുടെ സൃഷ്ടിയാണ്. ഇന്ത്യന്‍ പാര്‍ലമെന്റും നിയമസഭകളും സുപ്രീംകോടതിയും മറ്റു കോടതികളുമെല്ലാം ഈ ഭരണഘടനയുടെ സൃഷ്ടികളാണ്. ഭരണഘടന സൃഷ്ടികര്‍ത്താവും ബാക്കിയെല്ലാം സൃഷ്ടികളുമായി മാറ്റപ്പെട്ട ഒരു വലിയ വിപ്ലവത്തിന്റെ രൂപമാണ് ഇന്ത്യന്‍ റിപ്പബ്ലിക്. അതുകൊണ്ട്, 'ഈ റിപ്പബ്ലിക്കില്‍ പ്രാബല്യത്തിലുള്ള എല്ലാ നിയമങ്ങളും പാര്‍ലമെന്റോ നിയമസഭകളോ പാസ്സാക്കിയവ ആയിരിക്കേണ്ടതുണ്ട്. ആ നിയമത്തില്‍ എല്ലാത്തരത്തിലുമുള്ള പരിരക്ഷ മതങ്ങള്‍ക്കു കൊടുക്കണം. സര്‍വ്വപരിരക്ഷകളും നല്‍കിക്കൊണ്ട് ആ മതസമൂഹങ്ങള്‍ക്കുവേണ്ടി നിയമം പാസ്സാക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്നു ചോദിച്ചാല്‍, ആ സമുദായങ്ങളുടെ സമ്പത്ത് സുതാര്യമായി വിനിയോഗിക്കപ്പെടുന്നുവെന്ന ബോധ്യം അവ നടത്തുന്നവര്‍ക്കുപോലും ഉണ്ടാകാന്‍വേണ്ടിയാണ്. നിയമമില്ലെങ്കില്‍, സുതാര്യതയും കണക്കു ബോധിപ്പിക്കാനുള്ള ബാധ്യതയുമില്ലാതാകുന്നു. സ്വന്തം തറവാട്ടിലെ സ്വത്ത് എന്ന മട്ടിലാകും കാര്യങ്ങളുടെ നടത്തിപ്പ്. അതുകൊണ്ടാണ്, പൊതുജനം നല്‍കുന്ന പണം കൈകാര്യം ചെയ്യുന്നവര്‍ക്ക് പൊതുജനത്തെ കണക്കു ബോധിപ്പിക്കാന്‍ ബാധ്യതയുണ്ടെന്നു പറയുന്നത്. ഇക്കാര്യം മനസ്സിലാക്കിയവരുടെ നേതൃത്വമുള്ളതുകൊണ്ടാണ്, 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍' എന്ന പ്രസ്ഥാനം ഇത്രയും ശക്തമായി മുന്നോട്ടു പോകുന്നത്.
ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ തലവനായി നിയോഗിക്കപ്പെട്ട നിയമപരിഷ്‌ക്കരണ കമ്മീഷനില്‍, കേരളത്തിലെ ക്രൈസ്തവസമൂഹത്തിന്റെ സ്വത്തുഭരണം സംബന്ധിച്ച് ഒരു നിയമം ക്രോഡീകരിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. ഞാനുമായിക്കൂടി ചര്‍ച്ച നടത്തിയിട്ടുവേണം, അതിന്റെ രൂപരേഖ തയ്യാറാക്കാന്‍ എന്ന് ജസ്റ്റീസ് കൃഷ്ണയ്യര്‍ കമ്മീഷനിലെ തന്റെ സഹപ്രവര്‍ത്തകരോടു പറഞ്ഞിട്ടുണ്ടായിരുന്നു. അവരെല്ലാം എന്റെ വീട്ടില്‍ വന്നു ചര്‍ച്ചനടത്തുകയും ഒരു ട്രസ്റ്റ് നിയമത്തിനു രൂപരേഖ തയ്യാറാക്കുകയും ചെയ്തു. വീണ്ടും, കൃഷ്ണയ്യരുടെ മുന്നിലിരുന്ന് ഇതു സംബന്ധിച്ചു ചര്‍ച്ചചെയ്യുകയുണ്ടായി. തുടര്‍ന്ന്, കമ്മീഷന്‍ അതിന് അന്തിമരൂപം നല്‍കുകയും ഗവണ്‍മെന്റിനു സമര്‍പ്പിക്കുകയും ചെയ്തതാണ്. വാസ്തവത്തില്‍ അതു പാസ്സാക്കാന്‍ സര്‍ക്കാരിനു വലിയ ബുദ്ധിമുട്ടൊന്നുമില്ല. അതിനകത്തു വരുത്തേണ്ട മാറ്റങ്ങള്‍ നിയമസഭയുടെയോ അല്ലെങ്കില്‍ പാര്‍ലമെന്റിന്റെയോ കമ്മിറ്റികള്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ച് സഭകളുമായിക്കൂടി ആശയവിനിമയം നടത്തി ധാരണയിലെത്തിയാല്‍ മതി.


എന്തായാലും, ഇന്ത്യയിലെ ക്രൈസ്തവരുടെ സ്വത്തുവകകള്‍ ഭരിക്കാന്‍ ഒരു നിയമം നിര്‍മ്മിച്ച് പാര്‍ലമെന്റില്‍ പാസ്സാക്കിയെടുക്കേണ്ടത് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെതന്നെ ഒരാവശ്യമായി മാറിയിരിക്കുകയാണ്. ക്രൈസ്തവര്‍ക്കുമാത്രം ഒരു നിയമം വേണ്ട എന്നു പറയുന്നത്, മറ്റുള്ളവരുടെ മുമ്പില്‍ നമ്മെത്തന്നെ താഴ്ത്തിക്കെട്ടുന്നതിനു തുല്യമാണ്. അതു ശരിയല്ല. ക്രൈസ്തവസമുദായം മോശമായ ഒന്നാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. മറ്റൊരാള്‍ക്കു ജീവന്‍ കൊടുക്കാന്‍വേണ്ടി സ്വന്തം ജീവന്റെ, ശരീരത്തിന്റെ, ഭാഗം മുറിച്ചു നല്‍കാന്‍ തയ്യാറായ ഫാ. ഡേവീസ് ചിറമേല്‍, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, ബിഷപ്പ് ജേക്കബ് മുരിക്കന്‍ എന്നിവരെല്ലാമുള്‍പ്പെടുന്ന ഒരു സമുദായത്തിന്റെ കാര്യമാണ് ഞാന്‍ പറയുന്നത്. അങ്ങനെയുള്ള ആളുകളുള്‍പ്പെടുന്ന ഒരു സമൂഹത്തിനുവേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്. സുതാര്യതയും കണക്കു ബോധിപ്പിക്കാനുള്ള ഉത്തരവാദിത്വവുംകൂടി ഈ സമൂഹത്തിനുണ്ടാകുന്നപക്ഷം, ഇന്ത്യയിലെ മറ്റു ജനങ്ങളോടൊപ്പം ഇന്ത്യന്‍ ഭരണഘടനയ്ക്കുകീഴില്‍ അനുസരണയുള്ള ജനങ്ങളായി ഭവിക്കാന്‍ നമുക്കു കഴിയും. അതിനു തയ്യാറാണെന്ന വിളംബരം പ്രസിദ്ധപ്പെടുത്തുന്ന ഒരു യോഗമായി ഇതു മാറട്ടെ! അതിനുള്ള പ്രചോദനം ഉണ്ടാകട്ടെ എന്നുള്ള ആശംസയോടുകൂടി ഞാന്‍ ഈ ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നു.

1 comment:

  1. പ്രസിദ്ധ നിയമജ്ഞനും ജഡ്ജിയുമായിരുന്ന ശ്രീ കെ.റ്റി. തോമസിന്റേതായ ഈ ലേഖനം വളരെ വിജ്ഞാനപ്രദമാണ്. ഇത്തരം ലേഖനങ്ങൾ മനസിരുത്തി വായിക്കാൻ ഒരു പുരോഹിതനോ അഭിഷിക്തനോ തയ്യാറാവുകയില്ലെന്നുള്ളതും വസ്തുതയാണ്.

    ഒരു വിശ്വാസി സഭയ്ക്ക് സംഭാവന നൽകുമ്പോൾ അയാൾക്ക് എന്തെങ്കിലും ലക്ഷ്യമുണ്ടായിരിക്കും. തന്റെ സംഭാവന മറ്റുള്ളവർക്ക് ഉപകാരപ്രദമായിരിക്കണമെന്നും ചിന്തിക്കും. അയാൾ കൊടുക്കുന്ന പണം ദരിദ്രരുടെ ക്ഷേമത്തിനായിരിക്കാം. പാവപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനായിരിക്കാം. ഭവനരഹിതരായവരുടെ വാസ സ്ഥലത്തിനായിരിക്കാം. സുനാമി ഫണ്ടിനായിരിക്കാം. എന്നാൽ സംഭാവന നൽകുന്നവരുടെ ലക്ഷ്യങ്ങൾ തകർത്തുകൊണ്ട് സഭയ്ക്ക് കിട്ടിയ പണം പുരോഹിതർ ധൂർത്തടിക്കുന്നതും പരിതാപകരമാണ്. പുരോഹിതർ ആരും ചോദിക്കാനാളില്ലാതെ പള്ളിയുടെ പണം പൊതുജനങ്ങളിൽനിന്നും മറച്ചുവെച്ചു ദുരുപയോഗം ചെയ്തു ആർഭാടമായി ജീവിക്കുന്ന കാഴ്ചകളാണ് നാമിന്നു കാണുന്നത്.

    തമിഴ്‌നാട്ടിൽ സുനാമിയുണ്ടായപ്പോൾ അതിന്റെ പേരും പറഞ്ഞു കേരള മെത്രാന്മാർ വിദേശത്തുനിന്നും വലിയൊരു തുക ശേഖരിച്ചിരുന്നു. അന്ന് ലഭിച്ച പണം മുഴുവൻ അഭിഷിക്ത ലോകം മുക്കിയെന്നാണ് അറിവ്. കോടിക്കണക്കിനു രൂപാ കിട്ടിയ ഫണ്ടിൽ നിന്നും ഒറ്റ രൂപാ പോലും അവർ അന്ന് അവശതയനുഭവിച്ചവർക്കുവേണ്ടി ഉപയോഗിച്ചില്ല. ഇങ്ങനെയുള്ള സഭാ പ്രസ്ഥാനങ്ങൾക്ക് വീണ്ടും വീണ്ടും പണം കൊടുക്കാൻ വിഡ്ഢികളായ ഭക്തന്മാരുമുണ്ട്. സർക്കാരിന്റെ നിയമങ്ങളിൽക്കൂടി ഇത്തരക്കാരെ ഒന്ന് മൂക്കുകയറിടെണ്ടതാവശ്യമല്ലേ?

    കേരളത്തിലെ മറ്റൊരു സഭയുടെ മെത്രാപ്പോലീത്താ ബി. എം. ഡബ്ള്യൂ കാറിൽ മാത്രമേ സഞ്ചാരിക്കൂവെന്നു വാശി പിടിച്ചുകൊണ്ട് കോടിക്കണക്കിനു രൂപാ മുടക്കി ഇടവകക്കാരെക്കൊണ്ടു കാറു വാങ്ങിപ്പിക്കുന്നതും മെത്രാനും കാറുമായുള്ള ഫോട്ടോയും ഫേസ് ബുക്കിൽ വൈറലായിരുന്നു. കാഞ്ഞിരപ്പള്ളി മെത്രാനെപ്പോലുള്ള നമ്മുടെ സീറോ മലബാർ മെത്രാന്മാരും അതിൽ ഒട്ടും കുറവല്ല. മോനിക്കായുടെ തട്ടിയെടുത്ത വസ്തുക്കളുടെ കണക്കുപോലും ആരെയും ബോധിപ്പിച്ചിട്ടുമില്ല. ചോദിക്കാനാളില്ലാതെ അഭിഷിക്ത ലോകം കോൺസ്റ്റാന്റിന്റെ രാജകീയ പ്രൗഢിയോടെ ജീവിക്കുന്ന കാഴ്ചകളാണ് നാം കാണുന്നത്. ഇങ്ങനെ അനാവശ്യമായി ധൂർത്തടിക്കുന്ന പണത്തിനുള്ള കണക്കുകൾ പൊതുജനത്തെ ബോധ്യപ്പെടുത്താൻ മെത്രാൻമാർ മടിക്കുന്നു. അഭിഷിക്തലോകം അങ്ങനെ ആഗ്രഹിക്കുകയും ചെയ്യുന്നു

    ശ്രീ കെ.റ്റി. തോമസ് പറഞ്ഞതുപോലെ ക്രിസ്ത്യാനിക്കു മാത്രമുള്ള ഒരു പ്രത്യേക നിയമം ക്രിസ്ത്യാനികൾക്കപമാനകരമാണ്‌. ഇന്ത്യയുടെ നിയമവ്യവസ്ഥിതിയെ ലോകം പുച്ഛിക്കും. സഭാസ്വത്തുക്കളുടെ കണക്കു സഭാ വിശ്വാസികളെയും ബോധ്യപ്പെടുത്തണം. അത് സഭയുടെ ഒരു മാനവിക ധർമ്മം കൂടിയാണ്. വിശ്വാസികൾ പണം ദാനം ചെയ്യുന്നത് പുരോഹിതരെ തീറ്റാൻ മാത്രമല്ല. അത് സമുദായ ക്ഷേമത്തിനായും ജാതി മത ഭേദമില്ലാതെ സമൂഹത്തിന്റെ സേവനത്തിനായുമാണ്. ക്രിസ്തുവിന്റെ നിയമ പുസ്തകത്തിലെ സാരവും അതാണ്. സഭാ വിശ്വാസികൾ നൽകുന്ന പണം കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്ന പുരോഹിതരുടെ കോടതി ചെലവുകൾക്കു വേണ്ടിയുള്ളതല്ല. സഭയുടെ വലിയൊരു ധനശേഖരം കൊക്കന്റെയും പുതുക്കയുടെയും കോട്ടൂരിന്റെയും ലൈംഗിക ചൂഷണത്തിനായി ചെലവാക്കി. ഇങ്ങനെ സഭയുടെ പണം ദുർവിനിയോഗം ചെയ്യാതെ സർക്കാരിന്റെ നിയന്ത്രണത്തിൽ ആഡിറ്റിങ്ങും ആവശ്യമാണ്. ലൈംഗിക പീഡന കേസുകളിലും മറ്റുമായി ചാരിയെപ്പോലുള്ള വൻകിട വക്കീലന്മാർക്ക് വിശ്വാസികളുടെ പണം വിനിയോഗം ചെയ്യുന്നുവെങ്കിൽ അതിന്റെ കണക്കും വ്യക്തമായി അറിയാനുള്ള അവകാശവും സംഭാവന നല്കുന്നവർക്കുണ്ട്. മറ്റുള്ള സമുദായങ്ങളിലെ സ്വത്തുക്കളിൽമേൽ സർക്കാർ ഓഡിറ്റിങ് നടത്തുമ്പോൾ എന്തുകൊണ്ട് ക്രിസ്ത്യൻ സ്ഥാപനങ്ങളെ സർക്കാരിന്റെ ഓഡിറ്റിങ്ങിൽ നിന്നും ഒഴിവാക്കുന്നുവെന്നതും ഉത്തരം കിട്ടാത്ത ചോദ്യമാണ്

    ReplyDelete