Translate

Thursday, August 11, 2016

ഏകീകൃത പൗര നിയമത്തിലെ മത-രാഷ്ട്രീയ സമസ്യ

 (ഡല്‍ഹികത്ത് : പി.വി. തോമസ്)

AMERICA  09-Aug-2016
(ഏകീകൃത നിയമം ഇന്ത്യയിലെ പൗരന്മാർക്ക് ഒന്നാകെ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ മത മൗലിക വാദികളും ക്രിസ്ത്യൻ പുരോഹിതരും എതിർക്കുന്നു. ഈ വിഷയത്തെപ്പറ്റി സാമാന്യം നല്ലവണ്ണം വിവരിച്ചിരിക്കുന്ന ശ്രീ പി.വി. തോമസിന്റെ ലേഖനം വായിക്കുക. അടിയിൽ എന്റെ കമന്റുമുണ്ട്. ഇമലയാളിയോട് കടപ്പാട്)  


ഇന്‍ഡ്യയിലെ എല്ലാ മതവിഭാഗങ്ങളിലും പെട്ട പൗരന്മാര്‍ക്കായി ഒരേയൊരു(പൊതു) വ്യക്തിനിയമം എന്നതാണ് ഇപ്പോള്‍ ചൂടുപിടിച്ചു വരുന്ന ഒരു ചര്‍ച്ച. ഇത് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു വിഷയം ആണ് താനും.

ഏകീകൃത പൗരനിയമം അതായത് യൂണിഫൈഡ്, സിവിള്‍ കോഡ് എന്നത് ഭരണഘടനയിലെ നിര്‍ദ്ദേശക തത്വങ്ങളില്‍ ഒന്നാണ്(ഡയറക്ടീവ് പ്രിന്‍സിപ്പിള്‍സ് ഓഫ് സ്റ്റേറ്റ് പോളിസി- ആര്‍ട്ടിക്കിള്‍ 44). ബി.ജെ.പി.യുടെയും സംഘപരിവാറിന്റെയു, പ്രത്യേകിച്ച് രാഷ്ട്രീയ സ്വയം സേവക് സംഘ്, അജണ്ടയില്‍ പ്രമുഖം ആണ് ഇത് വളെ വര്‍ഷങ്ങളായി. ബി.ജെ.പി.യുടെ തെരഞ്ഞെടുപ്പ് പ്രചരണ പത്രികയില്‍ ഇത് സ്ഥാനം പിടിക്കാറുമുണ്ട്. പരിവാറിന്റെ അജണ്ടയില്‍ പ്രധാനമായിട്ടുള്ള മറ്റ് ഇനങ്ങള്‍ ആണ് അയോദ്ധ്യയിലെ രാമക്ഷേത്രം നിര്‍മ്മാണം(ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് തന്നെ), കാശ്മീരിന് പ്രത്യേക ഭരണഘടന പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370-ന്റെ റദ്ദാക്കല്‍ തുടങ്ങിയവ. മറ്റൊരു പ്രധാന അജണ്ടയായ ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍ പരിവാര്‍ 1980 കളില്‍ തന്നെ ഉപേക്ഷിച്ചിരുന്നു, മാറുന്ന ഭൗമിക-രാഷ്ട്രീയ ജനതതി വിഷയങ്ങള്‍ കണക്കിലെടുത്തുകൊണ്ട്.

ഏകീകൃത പൗരനിയമത്തിനു കീഴില്‍ ഇന്‍ഡ്യയിലെ എല്ലാവരേയും കൊണ്ടുവരണമെന്നത് ഒരു ഭരണഘടന-രാഷ്ട്രീയ ആവശ്യം ആയിരുന്നു. പക്ഷേ, ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ചും മുസ്ലീങ്ങള്‍, അതിനെ എതിര്‍ത്തു. ക്രിസ്ത്യാനികളും ഒട്ടും പിറകിലല്ല. ഭൂരിപക്ഷക്കാരായ ഹിന്ദുക്കളുടെ വാദം ഇതായിരുന്നു. ഹിന്ദുനിയമം 1950 കളില്‍ പ്രാബല്ലയത്തില്‍ വന്നു.(അതിന്റെ ചരിത്രം പുറകെ പറയാം). എന്നാല്‍ മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും വ്യക്തിനിയമം ഇതുവരെ ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങള്‍ അനുസരിച്ച് നിര്‍മ്മിച്ചിട്ടില്ല. ഇത് എന്തുകൊണ്ട്?  അവര്‍ ഇപ്പോഴും അവരുടെ മതാചാരങ്ങള്‍ അനുസരിച്ചാണ് വിവാഹവും, വിവാഹമോചനവും, പിന്തുടര്‍ച്ചാവകാശവും, ദത്തെടുക്കലും, വിവാഹമോചനാന്തരമുള്ള ഭാര്യ/ഭര്‍ത്തൃപരിപാലനവും നടത്തുന്നത്. ഒരു രാജ്യത്ത് എന്തുകൊണ്ട് പല വ്യക്തിനിയമങ്ങള്‍? ഇതാണ് ചോദ്യം. ഇന്‍ഡ്യന്‍ ശിക്ഷാ നിയമവും, ശിക്ഷാനിയമാവലിയും (ക്രിമിനല്‍ പ്രൊസീഡിയര്‍ കോഡ്) എല്ലാ മതവിഭാഗങ്ങള്‍ക്കും ഒരു പോലെയാണെങ്കില്‍ എന്തുകൊണ്ട് വ്യക്തി നിയമങ്ങള്‍ മാത്രം വ്യത്യസ്തം? ഇതാണ് ചോദ്യം. ഈ ചോദ്യം ഒറ്റ നോട്ടത്തില്‍ ശരിയുമാണ്. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീം കൊലചെയ്താല്‍ ഇന്‍ഡ്യന്‍ ശിക്ഷാ നിയമം ഒന്നുതന്നെ. പിന്നെ എന്തിന് വിവാഹത്തിനും വിവാഹ മോചനത്തിനും മറ്റും വേറെവേറെ വ്യക്തി നിയമങ്ങള്‍? ഇതാണ് ഏകീകൃത പൗരനിയമത്തിന്റെ വിഷയം.
ഈ വിഷയം ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്നത് ബി.ജെ.പി. അധികാരത്തില്‍ വന്നതു കൊണ്ട് മാത്രം അല്ല. സുപ്രീം കോടതിയുടെ ചില ഇടപെടലുകളും ഇതിന്റെ പിറകില്‍ ഉണ്ട്. സുപ്രീം കോടതി മുസ്ലീം വിവാഹ മോചനത്തിന്റെ സാധുത(മൂന്ന് തലാക്ക്) യെ കുറിച്ചുള്ള ഒരു കേസ് വിചാരണ ചെയ്യവെ കേന്ദ്ര ഗവണ്‍മെന്റിന്റെ നോട്ട് ചോദിച്ചു ഏകീകൃത പൗരനിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച് എന്താണ് ഗവണ്‍മെന്റിന്റെ നയം? മൂന്ന് തലാക്കിലൂടെ മുസ്ലീങ്ങള്‍ക്ക്- പുരുഷന്മാര്‍ക്ക്- ഭാര്യയെ ഉപേക്ഷിക്കാമെന്നുള്ളത് മുസ്ലീം വ്യക്തിനിയമത്തിന്റെ ഭാഗം ആണ്. സുപ്രീം കോടതിയുടെ ഈ ചോദ്യത്തെ തുടര്‍ന്നു ജൂലൈ ആദ്യം കേന്ദ്ര ഗവണ്‍മെന്റിന്റെ നിയമ മന്ത്രാലയം ലോകകമ്മീഷനോട് ഇത് സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടു.

ലോകമ്മീഷന്‍ ഇപ്പോള്‍ ഇതിന്റെ ജോലിയില്‍ വ്യാപൃതമായിരിക്കുകയാണ്. ബി.ജെ.പി.യും സംഘപരിവാറും ഏകീകൃത പൗരനിയമത്തെ സ്വാഭാവികമായും അനുകൂലിക്കുന്നു. പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് പതിവു പോലെ ഇതിനെ തത്വത്തില്‍ അംഗീകരിക്കുന്നുവെങ്കിലും എതിര്‍ക്കുന്നു. എന്തുകൊണ്ട് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് സമാഗതമായിരിക്കുന്ന സമയത്ത്(2017) ഇത് കുത്തിപ്പൊക്കണം എന്നതാണ് കോണ്‍ഗ്രസിന്റെ ഒരു ആവലാതി. മറ്റ് രാഷ്ട്രീയകക്ഷികള്‍- ഇടതും പ്രാദേശിക കക്ഷികളും- ഒരു അഭിപ്രായസമന്വയം വേണമെന്ന കാരണത്തില്‍ തടിതപ്പുന്നു. അഭിപ്രായ സമന്വയം എന്നത് ശരി തന്നെയാണ്. പക്ഷേ, ഇതിനായി എത്രകാലം കാത്തിരിക്കണം? 60 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്തുകൊണ്ട് ഒരു അഭിപ്രായ സമന്വയം സാധിച്ചില്ല? അതിന്റെ അര്‍ത്ഥം ഇതില്‍ രൂഢമൂലമമായ രാഷ്ട്രീയം ഉണ്ട് എന്നുള്ളതാണ്. അതാണ് സത്യവും. ഒപ്പം മതമൗലീക വാദവും. പക്ഷേ, ഇവിടെ മറ്റൊരു ചോദ്യം ഉദിക്കുന്നത് ഏകീകൃത പൗരനിയമത്തിന്റെ വക്താക്കള്‍ ഇന്‍ഡ്യയുടെ തനതായ മത-സാംസ്‌ക്കാരിക നാനാത്വത്തെ ഉള്‍ക്കൊള്ളുന്നുണ്ടോ എന്നതാണ്. അതോ സംഘപരിവാറിന്റെ സാംസ്‌ക്കാരിക ദേശീയത എന്ന ആശയത്തെ മാത്രമോ? ഇത് വിശദീകരിക്കപ്പെടേണ്ടതാണ്, വിശകലനം ചെയ്യപ്പെടേണ്ടതാണ്. കാരണം ഇന്‍ഡ്യയുടെ സംസ്‌ക്കാരവും പൗരജീവിത സംഹിതകളും മതാചാരങ്ങളും യൂറോപ്യന്‍- അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും വിഭിന്നം ആണ്. പക്ഷേ, അത് ത്രിപ്പിള്‍ തലാക്ക് എന്ന സ്ത്രീവിരുദ്ധ വിവാഹമോചനത്തിനോ സ്ത്രീക്ക് അര്‍ഹമായ ജീവനാംശ നിഷേധത്തിനോ യാതൊരുവിധ ന്യായീകരണവും അല്ല.

ഇന്‍ഡ്യക്ക് വ്യത്യസ്തമായ മതനിയമങ്ങള്‍ ഓരോ മതവിഭാഗങ്ങള്‍ക്കും ഉണ്ടെന്നുള്ളത് സത്യം ആണ്. മുസ്ലീമിന് മുസ്ലീമിന്റെ വ്യക്തിനിയമവും ക്രിസ്ത്യാനിക്ക് ക്രിസ്ത്യാനിയുടെ മതനിയമവും. മറ്റുള്ളവര്‍ക്ക് മറ്റുള്ളവരുടേതും. ഇത് വിവാഹത്തെയും വിവാഹമോചനത്തെയും പിന്തുടര്‍ച്ചാവകാശത്തെയും ദത്തെടുക്കലിനെയും വിവാഹമോചനാനന്തരം ഭാര്യ/ഭര്‍ത്തൃ പരിപാലനത്തെയും സംബന്ധിച്ചുള്ളതാണ്. ഒരു ഏകീകൃത പൗരനിയമം നിലവില്‍ വന്നാല്‍ എല്ലാ മതസ്ഥര്‍ക്കുമായി ഒരു ചട്ടം ഉണ്ടാകും. മറ്റ് വ്യക്തിനിയമങ്ങള്‍ ഇല്ലാതാകും. ഇതാണ് എന്തുകൊണ്ടും അഭിമതം എന്നാണ് ഏകീകൃത പൗരനിയമത്തിന്റെ വക്താക്കളുടെ വാദം. ഇതോടെ മുസ്ലീം, ക്രിസ്ത്യന്‍, മറ്റ് മതവിഭാഗങ്ങളില്‍ നിലവിലിരിക്കുന്ന സ്ത്രീവിവേചനം ഇല്ലാതാകും. ബഹുഭാര്യാത്വം, ത്രിപ്പിള്‍ തലാക്ക് വിവാഹമോചനം എന്നിവ അസ്തമിക്കും. മതപരമായി എന്തെല്ലാം ന്യായീകരണം നല്‍കിയാലും ബഹുഭാര്യാത്വത്തിന്(ഇസ്ലാം) ഒരു പരിഷ്‌കൃതസമൂഹത്തില്‍ യാതൊരു സ്ഥാനവും ഇല്ല. ഇത് പ്രായോഗികമാക്കുന്നവര്‍ വളരെ ചുരുക്കം ആണെന്ന ന്യായീകരണവും ശരിയാണ്. അതുപോലെതന്നെ മറ്റു മതത്തില്‍പ്പെട്ടവര്‍ കൂടുതല്‍ വിവാഹം കഴിക്കുവാന്‍ ഇസ്ലാം മതത്തെ ദുരുപയോഗപ്പെടുത്തുന്നുവെന്നതും ശരിയാണ്. ചില ഉദാഹരണങ്ങള്‍ ഉണ്ട് ചൂണ്ടികാണിക്കുവാന്‍. പക്ഷേ, പേര് വെളിപ്പെടുത്തുന്നില്ല. ഇതില്‍ ഒരു ഉദാഹരണത്തിലെ കഥാപാത്രങ്ങള്‍ ഹിന്ദി സിനിമയിലെ പ്രമുഖ നായിക നായകനും ബി.ജെ.പി.യുടെ എം.പി.മാരും ആയിരുന്നു/ആണ്. ബഹുഭാര്യാത്വത്തിനെതിരായുള്ള സംഘപരിവാറിന്റെ മറ്റൊരുല്‍ക്കണ്ഠ അത് മുസ്ലീം ജനസംഖ്യാവര്‍ദ്ധനവിന് കാരണം ആകും എന്നതാണ്. പ്രായോഗിക തലത്തില്‍ ഇതിനു തെളിവ് ഇല്ല.

ഏകീകൃത പൗരനിയമ നിര്‍മ്മാണത്തില്‍ കോണ്‍ഗ്രസ് കാലാകാലമായി ഒരു കള്ളക്കളികളിക്കുകയാണ്. ഇത് ശുദ്ധമായ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗം ആണ്. വളരെ സെന്‍സിറ്റീവ് ആയിട്ടുള്ള ഒരു വിഷയം ആണെങ്കിലും കോണ്‍ഗ്രസിന് അത് ഭരിച്ച കാലമത്രയും ഇതിന് ഒരു സമവായം കണ്ടെത്തുവാന്‍ സാധിച്ചില്ലയെന്നത്  എന്തുപരാജയം ആണ്. അതുകൂടാതെ 1986-ല്‍ സുപ്രീം കോടതി ഷാബാനു കേസില്‍ വിവാഹമോചനാന്തര ആനുകൂല്യം നല്‍കിയത് രാജീവ് ഗാന്ധി ഗവണ്‍മെന്റ് ഒരു നിയമനിര്‍മ്മാണത്തിലൂടെ മറികടന്നു. ഈ നടപടി മുസ്ലീങ്ങളെ പ്രീണിപ്പിക്കുവാന്‍ ആയിരുന്നു വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി. പക്ഷേ, അത് മുസ്ലീം വനിതകള്‍ക്ക് എതിരായിരുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് എതിരായിരുന്നു. ഏകീകൃത പൗരനിയമം എന്ന ആശയത്തിനെതിരായിരുന്നു.

ഏകീകൃത പൗരനിയമത്തെയും ട്രിപ്പിള്‍ തലാക്കിനെയും സംബന്ധിച്ച് സുപ്രീം കോടതി കൃത്യമായ നിലപാട് സ്വീകരിച്ചപ്പോള്‍ മുസ്ലീം മതമേലധികാരികളും സംഘടനകലും ഇതിനെ നിരാകരിക്കുകയാണുണ്ടായത്. ഉദ്ദാഹരണമായി ആള്‍ ഇന്‍ഡ്യ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് സുപ്രീം കോടതിയുടെ നിയമാധികാരാതിര്‍ത്തിയെ തന്നെ ചോദ്യം ചെയ്യുകയുണ്ടായി. മുസ്ലീം ബോര്‍ഡിന്റെ അഭിപ്രായത്തില്‍ സുപ്രീം കോടതിക്ക് ഇതില്‍ ഇടപെടുവാനുള്ള അധികാരം ഇല്ല. കാരണം മുസ്ലീം വ്യക്തിനിയമം ഖുറാനില്‍ അധിഷ്ഠിതം ആണ്. അത് പാര്‍ലിമെന്റ് നിയമിച്ച ഒരു നിയമം അല്ല. മുസ്ലീം വ്യക്തിനിയമം ഭരണഘടന വാഗ്ദാനം ചെയ്തിട്ടുള്ള മനഃസാക്ഷിയുടെ സ്വാതന്ത്ര്യം ആണ്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഒരു സത്യവാങ്ങ്മൂലം ബോര്‍ഡുവാദിച്ചു ഒരു ഏകീകൃത പൗരനിയമം ദേശീയോദ്ഗ്രഥനം ഉറപ്പാക്കുന്നില്ല. ഹിന്ദു കോഡ് ഹിന്ദുമതത്തില്‍ ജാതി വിവേചനം ഇല്ലാതാക്കിയില്ല, ബോര്‍ഡ് ചൂണ്ടിക്കാട്ടി. രണ്ട് ലോക മഹായുദ്ധങ്ങള്‍ നടന്നതും ക്രിസ്ത്യന്‍ സേനകള്‍ തമ്മിലാണ്, ബോര്‍ഡ് വാദിച്ചു.

ബോര്‍ഡിന്റെ ഈ വാദം ബാലിശമാണ്. ഒരു രാജ്യത്തിന്റെ പരമോന്നത നീതിഗ്രന്ഥം അതിന്റെ ഭരണഘടനയാണ്. അതിനുശേഷമേ ഭഗവദ് ഗീതയും ഖുറാനും ബൈബിളും ഗുരുഗ്രന്ഥസാഹിബും മറ്റും മറ്റും ഉള്ളൂ. അല്ലെങ്കില്‍ നിയമ വ്യവ്സ്ഥയും രാഷ്ട്രം തന്നെയും ശിഥിലമായിപ്പോകും. അതുകൊണ്ടുതന്നെയാണ് സുപ്രീംകോടതി ഒരു വിധിയില്‍(ജൂലൈ 4, 2016) പറഞ്ഞത് ക്രിസ്തീയ പള്ളികോടതികള്‍ നല്‍കുന്ന വിവാഹമോചനത്തിന് നിയമസാധുത ഇല്ലെന്ന്. ഈവക സമാന്തര നീതിവ്യവസ്ഥ രാഷ്ട്രത്തിന് ഗുണം ചെയ്യുകയില്ല. ഷരിയത്തും(മുസ്ലീം) കാപ്പ് പഞ്ചായത്തുകളും(ഹിന്ദു) നിയമവിരുദ്ധം ആണ്.

എന്നാല്‍ ഇന്ന് ഏകീകൃത പൗരനിയമത്തിനായി അരയും തലയും മുറുക്കി വന്നിരിക്കുന്ന സംഘപരിവാറിന്റെ ഭൂതം എന്താണ്? എന്താണ് അവരുടെ യഥാര്‍ത്ഥ ഉദ്ദേശം? യഥാര്‍ത്ഥ ഉദ്ദേശം ന്യൂനപക്ഷ  വിരുദ്ധത ആണ്. ഭൂതം വളരെ ഇരുണ്ടതും ആണ്. വിശദീകരിക്കാം.
1950-കളില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും നിയമമന്ത്രി ബാബുറാം അംബേദ്ക്കറും ഹിന്ദുമതത്തെ ഭരിക്കുന്ന നിയമങ്ങള്‍ പുരോഗമനപരമായി പരിഷ്‌ക്കരിക്കുവാന്‍ തീരുമാനിച്ചു. ഇതാണ് ഹിന്ദു കോഡ് ബില്‍. ഇത് പ്രകാരം ബഹുഭാര്യാത്വം അവസാനിപ്പിക്കുവാനും പിതൃസ്വത്തില്‍ ഭാര്യക്കും മകള്‍ക്കും മകനോടൊപ്പം അവകാശം നല്‍കുവാനും വിവാഹമോചനാനന്തരം സ്ത്രീക്ക് നീതി ഉറപ്പ് വരുത്തുവാനും വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ ഇതിനെ ആദ്യമായി എതിര്‍ത്തത് രാഷ്ട്രീയ സ്വയം സേവക് സംഘ് ആയിരുന്നു. സംഘപരിവാറിന്റെ വാദപ്രകാരം ഒരു ഹിന്ദുവിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയ കാര്യങ്ങളില്‍ പിന്തുടരേണ്ടത് ഹിന്ദുധര്‍മ്മം ആണ്. ആര്‍.എസ്.എസ്. രാജ്യവ്യാപകമായ സമരം ഹിന്ദു കോഡ് ബില്ലിനെതിരെ സംഘടിപ്പിച്ചു. അംബദ്ക്കര്‍ വഴങ്ങിയില്ല. നെഹ്‌റു അല്പം ചഞ്ചലനായി. അംബേദ്ക്കര്‍ രാജിവച്ചു. അവസാനം ജനസംഘിന്റെയും ആര്‍.എസ്.എസി.ന്റെയും പ്രതിഷേധത്തിനിടയില്‍ ഹിന്ദുകോഡ് ബില്‍ പാര്‍ലിമെന്റ് പാസാക്കി. ഇതേ സംഘപരിവാറാണ് ഇന്ന് വേദം ഓതുന്നത് ഏകീകൃത പൗരനിയമത്തിന്റെ പേരില്‍.

ഇന്‍ഡ്യന്‍ ഭരണഘടനയുടെ നിര്‍ദ്ദേശക തത്വങ്ങളില്‍ വേറെയും ഏറെകാര്യങ്ങള്‍ ഉണ്ട്. ആര്‍ട്ടിക്കിള്‍ 44(ഏകീകൃത പൗരനിയമം) ആര്‍ട്ടിക്കിള്‍ 48(ഗോവധ നിരോധനം) മാത്രമല്ല നിര്‍ദേദശകതത്വ അനുഛേദകങ്ങള്‍. എന്നിട്ട് അവയൊന്നും നടപ്പിലാക്കുവാന്‍ എന്തുകൊണ്ട് മോഡി ഗവണ്‍മെന്റ് തിടുക്കം പിടിക്കുന്നില്ല? ഉദാഹരണായി ആര്‍ട്ടിക്കിള്‍ 47(മദ്യനിരോധനം), 39(ഡി)(സ്ത്രീ-പുരുഷന്മാര്‍ക്ക് തുല്യവേദനം) 46 (പാവങ്ങളുടെയും പട്ടികജാതിക്കാരുടെയും സാമ്പത്തിക ഉന്നമനം ഉറപ്പു വരുത്തുക). അങ്ങനെ വേറെയും. എന്തുകൊണ്ട് സ്റ്റെയിറ്റ് ഇതിനൊന്നുംപ്രാധാന്യം നല്‍കുന്നില്ല?
ഏകീകൃത പൗരനിയമം നല്ലതുതന്നെയാണ്. പക്ഷേ, അത് അടിച്ചേല്‍പിക്കരുത്. ഒരു സമവായം ഉരുത്തിരിച്ചെടുക്കണം. അവിടെയാണ് ഭരണാധികാരിയുടെ അടയാളം കാണിക്കേണ്ടത്. ഭരണനൈപുണ്യം തെളിയിക്കേണ്ടത്. ഇന്‍ഡ്യപോലുള്ള ഒരു രാജ്യത്തില്‍-നാനാത്വത്തില്‍ ഏകത്വം-പൗരനിയമങ്ങളുടെ നിര്‍മ്മാണത്തിന്റെ സങ്കീര്‍ണ്ണത മനസിലാക്കി കൊണ്ടാണ് ഭരണഘടനയുടെ ശില്പികള്‍ അതിനെ നിര്‍ദ്ദേശകതത്വങ്ങളില്‍ ഉള്‍പ്പെടുത്തിയത്; മൗലീകാവകാശങ്ങളില്‍ ഉള്‍പ്പെടുത്തിയത്; മൗലീകാവകാശങ്ങളില്‍ ഉള്‍പ്പെടുത്താതിരുന്നത്. ചരക്ക് സേവനനികുതിയുടെ ലാഘവത്തോടെ ഇതിനെ കാണരുത്. ഗവണ്‍മെന്റും രാഷ്ട്രീയപാര്‍ട്ടികളും മതാധികാരികളും രാഷ്ട്രതാല്‍പര്യത്തെ മുന്‍നിറുത്തി ഒരു ധാരണയില്‍ എത്തണം.

COMMENTS.
Joseph Padannamakkel 
യാഥാസ്ഥിതികരായ മതതീവ്രവാദികളുടെ നിയന്ത്രണം മൂലമാണ് ഭരണഘടനയുണ്ടായിട്ട് നീണ്ട 66 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യയ്ക്ക് ഒരു ഏകീകൃത സിവിൽകോഡിന് സാധിക്കാതെ പോയത്. 1950-ൽ ഭരണഘടനയുണ്ടായ ശേഷം ഹിന്ദുക്കൾക്കു മാത്രമായി ഭരണഘടനയിൽ മാറ്റം വരുത്തിയിരുന്നു. സ്ത്രീ സ്വാതന്ത്ര്യത്തിൻമേൽ ശക്തമായി വാദിച്ചുകൊണ്ടുള്ള അംബേദ്‌കറിന്റെ കടുംപിടുത്തമായിരുന്നു അന്നങ്ങനെയൊരു നിയമമുണ്ടാവാൻ കാരണമായത്. അല്ലായിരുന്നുവെങ്കിൽ മനുവിയൻ തത്ത്വങ്ങൾ ഇന്നും പ്രാബല്യത്തിലാവുമായിരുന്നു. 

ഇസ്‌ലാം ഉൾപ്പടെ മറ്റു മതക്കാർക്കും യൂണിഫോം നിയമ വ്യവസ്ഥകളെപ്പറ്റി പര്യാലോചിച്ചപ്പോൾ യാഥാസ്ഥിതികരായ മുസ്ലിമുകൾ എതിർത്തു. പാക്കിസ്‌താൻ വിഭജനശേഷം മറ്റൊരു ആഘാതം രാജ്യത്തു സൃഷ്ടിക്കാൻ അന്ന് നെഹ്‌റു സർക്കാർ തയ്യാറായിരുന്നില്ല. അതുകൊണ്ടു അത്തരം വ്യക്തിഗത നിയമങ്ങൾ സ്റ്റേറ്റ് സർക്കാരിന്റെ നിയന്ത്രണത്തിലാക്കികൊണ്ടുള്ള ഭരണഘടന വ്യവസ്ഥകളുണ്ടാക്കി.  ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഒരു മുസ്ലിം പുരുഷന് മൂന്നു തലാക്ക് ചൊല്ലി സ്ത്രീയെ ഉപേക്ഷിക്കാം. പുരുഷനാണ് അവിടെ മേധാവിത്വം. ക്രിസ്ത്യാനിക്ക് കാനോൻ നിയമവും ബാധകമാകാം. വിവാഹത്തിന്റെയും വിവാഹ മോചനത്തിന്റെയും പേരിൽ എന്തഴിമതികളും പുരോഹിതന് വിശ്വാസികളുടെ പേരിൽ അടിച്ചേൽപ്പിക്കുകയും ചെയ്യാം. 

യൂണിഫോം കോഡ് നടപ്പിലാക്കുന്നതിന് ഇന്ന് മുസ്ലിം സമുദായം എതിർത്തിരിക്കുകയാണ്. ക്രിസ്ത്യൻ പുരോഹിതർക്കും അത്തരം നീതിയധിഷ്ഠിതമായ നിയമം ഉൾക്കൊള്ളാനും സാധിക്കുന്നില്ല. പള്ളിയിൽ വെച്ച് നടക്കുന്ന വിവാഹങ്ങൾക്ക് ഇന്നുള്ളപോലെ നിയമ സാധുതയും  കാണില്ല. അത് പുരോഹിതന്റെ കഞ്ഞി മുട്ടിക്കുന്ന പ്രശ്‍നം കൂടിയാകും. ഇസ്‌ലാമിക നിയമമനുസരിച്ച് സ്ത്രീയ്ക്ക് പുരുഷനൊപ്പം പൂർവിക സ്വത്ത് ലഭിക്കില്ല.  

പ്രധാന മന്ത്രി നരേന്ദ്ര മോഡി ലോകമ്മീഷൻ മുമ്പാകെ ഈ വിഷയം അവതരിപ്പിച്ചിട്ടുണ്ട്. രാജ്യത്തിനുപകാരപ്രദമായ ഒരു നിയമം നടപ്പാക്കാൻ ശ്രമിക്കുമ്പോൾ സംഘ പരിവാറിന്റെ  കഴിഞ്ഞകാല ചരിത്രം എന്തിനു ചികയണം? നെഹ്രുവിയൻ യുഗത്തിലുണ്ടായിരുന്ന പ്രതിപക്ഷ കക്ഷി നേതാക്കൾ എല്ലാവരും തന്നെ അപ്രത്യക്ഷരായി. ഇന്ത്യൻ പൗരന്മാർക്ക് ഉപകാരപ്രദമായ നിയമവ്യവസ്ഥയ്ക്ക് പഴങ്കാലകഥകൾ ചികയാതെ ഇന്നുള്ള നേതൃത്വത്തിന്റെ ചിന്തകളെയാണ് മാനിക്കേണ്ടതെന്നും ലേഖകൻ മനസിലാക്കണം.


ഒരു മതേതര രാഷ്ട്രത്തിന് മതത്തിന്റെ നിയമങ്ങളല്ല വേണ്ടത്. ഉദാഹരണമായി മതപരമായ സ്വത്തുക്കൾ നിയന്ത്രിക്കാൻ ഹിന്ദുക്കൾക്ക് സർക്കാർ നിയന്ത്രണമുള്ള ദേവസ്വം ബോർഡുണ്ട്. മുസ്ലിമുകൾക്ക് സർക്കാർ നിയമ പ്രകാരമുള്ള വക്കഫ് ബോർഡും. ക്രിസ്ത്യാനികളുടെ നിയമം വരുമ്പോൾ പൂർവിക തലമുറകൾ മുതൽ സഭയിലുണ്ടായിരുന്നവർ സമ്പാദിച്ച സ്വത്തുക്കളുടെ അവകാശം മെത്രാനും പുരോഹിതർക്കും മാത്രം. ഒരു മതത്തിനു മാത്രമായ വ്യത്യസ്തമായ നിയമങ്ങൾ ഒരു ജനാധിപത്യ രാഷ്ട്രത്തിനും യോജിച്ചതല്ല.

ഏകീകൃത നിയമമുണ്ടാക്കാൻ ശ്രമിക്കുന്ന സർക്കാരിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്താൻ ശ്രമിക്കുന്ന മത യാഥാസ്ഥിതികരെ ഒറ്റപ്പെടുത്തേണ്ടതായുണ്ട്. ഇന്ത്യയ്ക്ക് ഒരു ഏകീകൃത നിയമം വേണമെന്ന് സുപ്രീം കോടതി പല പ്രാവിശ്യം ആവർത്തിച്ചിട്ടുള്ളതാണ്. സമുദായങ്ങളെ പ്രീതിപ്പെടുത്താനും വോട്ടു ബാങ്ക് വർദ്ധിപ്പിക്കാനും അത്തരം ഒരു നിയമവ്യവസ്ഥിതിയ്ക്കായി ഇതിനു മുമ്പുള്ള ഒരു സർക്കാരുകളും തയ്യാറായുമില്ല. സാമൂഹിക പരിഷ്കർത്താക്കളുടെ വാക്കുകൾക്കും വില കല്പിച്ചിരുന്നില്ല.

ഗോവയിൽ പോർട്ടുഗീസ് സർക്കാർ 1939-ൽ ഏകീകൃത സിവിൽ നിയമം നടപ്പാക്കിയിരുന്നു. ആ നിയമം എല്ലാ ജാതികൾക്കും തുല്യമായി ഇന്നും നടപ്പാക്കുന്നു. സ്റ്റേറ്റിന്റെ അധികാര പരിധിയിൽ നിന്നും വിട്ട് ഏകീകൃത നിയമം ഇന്ത്യയൊട്ടാകെ നടപ്പാക്കേണ്ടത്, ഒരു ജനാധിപത്യ രാജ്യത്തിനാവശ്യമാണ്.  പാർലിമെന്റിൽ ശക്തമായ ഭൂരിപക്ഷമുള്ള മോഡി സർക്കാരിന് ഈ നിയമം നടപ്പാക്കാൻ സാധിക്കില്ലെങ്കിൽ സമീപകാലങ്ങളിൽ ഇത്തരം ഒരു നിയമം പ്രതീക്ഷിക്കുകയും വേണ്ട. അവിടെ മെത്രാനും മുള്ളായും മതമൗലിക വാദികളും ഒരിക്കൽക്കൂടി വിജയം നേടുകയാണ്.

EMalayalee: http://emalayalee.com/varthaFull.php?newsId=126621

No comments:

Post a Comment