Translate

Tuesday, August 2, 2016

വിശുദ്ധന്മാരും വിശുദ്ധകളും വെളുത്തവരും സുന്ദരികളും ആയിരിക്കണമെന്ന് കൽപ്പിച്ചതാര്?

വെറും 70 കൊല്ലം മുമ്പ് മരിച്ച സാധാരണ ഒരു സുറിയാനി സ്ത്രീയുടെതിൽ കവിഞ്ഞ അതിസൗന്ദര്യവും നിറവും അവകാശപ്പെടാൻ ഇല്ലാത്ത വിശുദ്ധ അൽഫോൻസാമ്മ എങ്ങനെ ബോളിവുഡ് സുന്ദരിയെ പോലെയായി: ഒരു വൈദികൻ തുടങ്ങിവച്ച ചർച്ച സോഷ്യൽ മീഡിയ ഏറ്റുപിടിക്കുമ്പോൾ..

August 01, 2016 | 11:09 AM | Permalink



മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മതത്തെ വിമർശിച്ചാൽ അതിനോട് സഹിഷ്ണതയോടെ പെരുമാറാൻ മടി കാണിക്കുന്നവരുടെ കാലത്താണ് നാം ജീവിക്കുന്നത്. ഇങ്ങനെയൊരു കാലത്ത് മതത്തിന്റെ സവർണ്ണ കാഴ്ചപ്പാടുകളെ വിമർശനാത്മകമായി കാണേണ്ടതിന്റെ ആവശ്യകതയാണ് ഒരു വൈദികൻ തുടങ്ങിവച്ചത്. നമ്മുടെ ദൈവങ്ങളും വിശുദ്ധരാക്കപ്പെട്ടവരുമെല്ലാം അതീവ സുന്ദരന്മാരും സുന്ദരികളും ആയിരിക്കുന്നതിന്റെ സാംഗത്യത്തെയാണ് ജിജോ കുര്യൻ എന്ന വൈദികൻ ചോദ്യം ചെയ്യുന്നത്. യേശുദേവൻ എന്നു പറയുന്നോൾ തന്നെ നമുക്ക് മുന്നിൽ ഒരു പൊതുരൂപം ഉയർന്നുവരും. അതുപോലെ തന്നെയാണ് ശ്രീനാരായണ ഗുരുവിന്റെ കാര്യത്തിലും. ആരോ വരച്ച സുന്ദരമുഖത്തിന് പിന്നാലെയാണ് ഭക്തലക്ഷങ്ങൾ ഇപ്പോഴും പരക്കം പായുന്നത്. ഈ സാഹചര്യത്തിലാണ് ജിജോ കുര്യൻ എന്ന വൈദികന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാകുന്നത്.

നമ്മുടെ വിശുദ്ധന്മാരും വിശുദ്ധകളും എന്തുകൊണ്ടാണ് സുന്ദരീസുന്ദരന്മാരായിരിക്കുന്നത് എന്ന പൊതുചോദ്യമാണ് ഫാദർ ജിജോ കുര്യൻ ഉയർത്തുന്നത്. വിശുദ്ധയായി പ്രഖ്യാപിച്ച അൽഫോൻസാമ്മയുടെ ചിത്രം സഹിതമാണ് വൈദികന്റെ ചോദ്യം. അൽഫോൻസാമ്മയുടെ രണ്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കുന്നത്. അൽഫോൻസാമ്മയുടെ ഓർമ്മദിവസമാണ് ഇത്തരത്തിലൊരു കുറിപ്പ് അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തത്.

പതിറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്നവരുടെ കാര്യത്തിൽ ചിലപ്പോൾ ചിത്രങ്ങളും യഥാർത്ഥ രൂപവും തിട്ടപ്പെടുത്താൻ അസാധ്യമായ ഘട്ടത്തിൽ സുന്ദര രൂപങ്ങളെ പൂജിക്കാറുണ്ട്. എന്നാൽ, 70 വർഷം മുമ്പ് ജീവിച്ചരുന്ന അൽഫോൻസാമ്മയുടെ ഫോട്ടോകൾ നമ്മുക്ക് ലഭ്യമാണ്. എന്നാൽ അവരുടെ നാമകരണ സമയത്ത് ഇത്തരം ഫോട്ടോകൾ ഒന്നും തന്നെ പ്രചരിപ്പിക്കാതെ ഏതോ ഒരു കലാകാരൻ തന്റെ ഭാവനയുടെ നിറം ചേർത്ത് വരച്ചെടുത്ത അതീവ സുന്ദരിയും ഒരു പാശ്ചാത്യ സ്ത്രീയുടെ വെളുപ്പും ഉള്ള ഒരു ചിത്രമാണ് സഭ വ്യാപകമായി പ്രചരിപ്പിച്ചത്. രണ്ട് ചിത്രങ്ങൾ സഹിതം ഫാ. ജിജോ കുര്യൻ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ:

'ഒരു കാലത്തും ചരിത്രത്തിൽ നിന്ന് മിത്തുകളെ വേർതിരിച്ചെടുക അത്ര എളുപ്പമാവില്ല. മനുഷ്യന്റെ ചരിത്രം സംഭവിക്കുകയല്ല, സൃഷ്ടിച്ചെടുക്കുകയാണ്. അതുകൊണ്ടാണ് വെറും 70 വർഷങ്ങൾക്ക് മുൻപ് നമ്മുടെ ഇടയിൽ ജീവിച്ചുപോയ അൽഫോൻസ എന്ന വിശുദ്ധ സന്യാസിനിയുടെ യഥാർത്ഥ രൂപത്തെ കണ്ടെടുക്കുക കൂടി ഇന്ന് വിഷമമാകുന്നത്. വിശുദ്ധിയെക്കുറിച്ചുള്ള വാർപ്പുമാതൃകകളിൽ അവർ സുന്ദരികൾ/സുന്ദരന്മാർ ആയിരിക്കണം, വെളുത്തവർ ആരിയിക്കണം. (അങ്ങനെ കൊളോനിയൻ പാശ്ചാത്യസംസ്‌കാരത്തിന്റെ ധാരണകൾ പലതും..). ഇന്ന് അൽഫോൻസയുടെ ഓർമ്മദിനം. ചരിത്രത്തെ നിലനിർത്താൻ ഒരു ശ്രമം അവളുടെ ചരിത്രത്തിലെ രൂപവും സൃഷ്ടിച്ചെടുത്ത രൂപവും.'

സ്വഭാവിക സംശയം ഉയർത്തിക്കൊണ്ട് വൈദികൻ ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. നാനൂറിലേറെ പേർ ഷെയയർ ചെയ്യുകയും 800ലേറെ പേർ ലൈക്ക് ചെയ്യുകയും ചെയ്തു. നൂറ് കണക്കിന് പേരാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. കറുപ്പിനെ അനാകർഷകമാക്കുന്നത് പലപ്പോഴും മതം തന്നെയാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കച്ചവടവൽക്കരിക്കപ്പെടുന്ന ആത്മീയതയാണ് കറുത്തവളായ അൽഫോൻസാമ്മയെ വെളുത്തവളാക്കുന്നത് എന്നാണ് നല്ലൊരു ശതമാനവും അഭിപ്രായപ്പെടുന്നത്.

ഇന്ത്യയിൽ സൗന്ദര്യ വിപണി നിർമ്മിക്കാൻ സുസ്മിതയെയും ഐശ്വര്യായെയും ലോകസുന്ദരികളാക്കിയത് പോലെ ഒരു കോർപ്പറേറ്റു തന്ത്രമാണ്. അതുപോലെ തന്നെയാണ് വിശുദ്ധ അൽഫോൻസാമ്മയെ ബോളിവുഡ് സുന്ദരിയാക്കിയ വിധത്തിലുള്ള ഫോട്ടോ ഷോപ്പ് മാറ്റത്തിന് പിന്നിലെന്നും ചിലർ ഫേസ്‌ബുക്ക് ചർച്ചയിൽ അഭിപ്രായപ്പെടുന്നു. അൽഫോൻസാമ്മയെ വിശുദ്ധയാക്കിയതിനെപോലും ചോദ്യം ചെയ്യുന്ന വിധത്തിലേക്ക് ചർച്ചകൾ പോയിട്ടുണ്ട്. വിശുദ്ധയാക്കാൻ വേണ്ടിഅൽഫോൻസാമ്മ അനുഭവിച്ച ദുരിതങ്ങൾ പരിശോധിച്ചാൽ എന്തുകൊണ്ടും അവർ അത്രകണ്ട് സുന്ദരിയായിരിക്കില്ലെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. അതുതന്നെയാണ് ശവമഞ്ചത്തിൽ കിടക്കുന്ന അൽഫോൻസാമ്മയുടെ ഫോട്ടോ തെളിയിക്കുന്നതും. രോഗിണിയായ അവർ മരണത്തോട് അടുത്തപ്പോൾ സാധാരണയിൽ താഴെ ഒരു സൗന്ദര്യത്തിലേക്ക് മാറുന്നതായി ആ ചിത്രത്തിൽ നോക്കുന്ന ആർക്കും മനസ്സിലാകും.

ചെറുപ്പത്തിലേ പാവങ്ങളോട് കരുണകാട്ടി, സൗന്ദര്യം നശിപ്പിച്ച് വിവാഹം ഒഴിവാക്കാൻ സ്വയം പൊള്ളലേൽപ്പിച്ചു. സന്യാസിനിയായതിനുശേഷം ദീർഘകാലം കഠിനമായ രോഗപീഡകൾ സഹിച്ചു. മരണശേഷം അത്ഭുതങ്ങൾ പ്രവർത്തിച്ചു... ഇങ്ങനെ പോകുന്നു അൽഫോൻസാമ്മയെക്കുറിച്ചുള്ള വിവരണങ്ങൾ. ഈ വിവരണങ്ങളും പലർ ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. അൽഫോൻസാമ്മയെ മാത്രം ചൂണ്ടിയണ് ചർച്ച ആരംഭിച്ചതെങ്കിലും വിശുദ്ധന്മാരും വിശുദ്ധകളും വെളുത്തവരും സുന്ദരികളും ആയിരിക്കുന്നതിന്റെ സവർണ്ണമതാത്മകതയാണ് സൈബർ ലോകത്ത് സജീവമാകുന്നത്.

അതേസമയം അൽഫോൻസാമ്മയുട ചിത്രം ഇന്ത്യൻ സ്റ്റാമ്പിലും ഇടംപിടിച്ചിരുന്നു. 1996ൽ പുറത്തിറക്കിയ സ്റ്റാമ്പിൽ അൽഫോൻസാമ്മ കറുത്തവൾ ആണെങ്കിൽ വിശുദ്ധയാക്കപ്പെട്ട ശേഷം അവരുടെ വർണ്ണം മറ്റുകയായിരുന്നു. ഈ സ്റ്റാമ്പിലെ ചിത്രവും പുതിയ ചിത്രവുമായുള്ള സാദൃശ്യവും ഇതോടെ സൈബർ ലോകത്ത് ചർച്ചയായി.

വൈദികന്റെ അഭിപ്രായവുമായി ബന്ധപ്പെട്ട് വന്ന ചില പ്രതികരണങ്ങൾ ഇങ്ങനെയാണ്:

രാമപുരത്തെ കുഞ്ഞച്ചൻ ദളിതരുടെയിടയിൽ പ്രവർത്തിച്ചതിനാൽ അദ്ദേഹം ജീവിച്ചിരുന്ന കാലമെല്ലാം 'പെലയൻ കുഞ്ഞച്ചനാ'യിരുന്നു. പിന്നീട് വിശുദ്ധൻ കുഞ്ഞച്ചനായപ്പോൾ അദ്ദേഹത്തിന്റെ ചിത്രത്തിനു വെളുപ്പു വന്നു. ദിവ്യപ്രഭാവലയവും പ്രത്യക്ഷപ്പെട്ടു. അന്ധവിശ്വാസത്തിന്റെ കച്ചവടവത്ക്കരണത്തിൽ എന്തെല്ലാം മറിമായങ്ങൾ!- ഇയ്യോബ് ജോൺ

ഓരോ പള്ളിയിൽ കയറുമ്പോഴും ഞാൻ ഓടി അൾത്താരയിലെ യേശുവിനെയാണ് നോക്കാറ്. ഷാരൂഖ് ഖാൻ മുതൽ പൃഥ്വിരാജ് വരെയുള്ളവരെ അവിടെ കാണാറുണ്ട്. പക്ഷെ എന്റെ യേശുവിനെ ഇന്നുവരെ എവിടെയും കണ്ടിട്ടില്ല. -ജോസി വർക്കി.

മറുനാടൻ മലയാളി

3 comments:

  1. 'പത്തുകല്പനകൾ' എന്തെന്നറിയാത്ത കത്തനാര് ശില്പിയെകൊണ്ട് ഉണ്ടാക്കി, ചിക്കിലി പിരിക്കാൻ നാടാകെ നാട്ടിയ പുണ്ണ്യവാള പ്രതിമകൾ ഒന്നുംതന്നെ ദൈവത്തെ "ഹൃദയസ്തനായ [സ്വർഗ്ഗസ്ഥനായ] പിതാവേ" എന്ന് വിളിക്കുന്നവന് ആവശ്യമേയില്ല! "നിങ്ങൾ യാചിക്കും മുൻപേ നിങ്ങൾ യാചിക്കുന്നത് ഇന്നതെന്നു നിങ്ങളുടെ പിതാവ് അറിയുന്നുവല്ലേ" എന്ന യേശുവിന്റെ തിരുവചനത്തിൽ വിശ്വാസമില്ലാതെ, കത്തനാര് പറയുന്ന ബിംബങ്ങളെയെല്ലാമാരാധിക്കുന്ന വിവരദോഷികൾക്കെ ഇവ "കറുത്തതോ , വെളുത്തതോ, യൂറോപ്പിനാൽസുന്ദരിയോ, ആഫ്രിക്കൻകാപ്പിരിയോ" എന്നൊക്കെ ചികയേണ്ടതുള്ളൂ ! "കറുപ്പിനഴക് വെളുപ്പിനഴക് "എന്നൊക്കെ പാടിയാലും , സ്വയം മനസിലെ അഴുക്കു ഈ ജനം കാണുന്നുമില്ല ! കാലത്തിന്റെ ശാപം ! കത്തോലിക്കാസഭ വിഗ്രഹാരാധനയെ ചിക്കിലിയുണ്ടാക്കാൻ മെനഞ്ഞുണ്ടാക്കി , സീനായ് മലയിലെ മോശയുടെ കല്പനകൾ കടലിലെറിഞ്ഞു ! കാലത്തിന്റെ പോക്കേ .......samuelkoodal

    ReplyDelete
  2. വേണമെങ്കില്‍ വിശ്വസിക്കാം. 1.അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ പ്രാര്‍ത്ഥിച്ചു ജന്മനാ വളഞ്ഞിരുന്ന കാല്‍പാദം നേരെയക്കിയത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. 2. തീപ്പെട്ടിയും സിഗരെറ്റ്‌ ലിറ്ററും 70 വര്ഷം മുന്‍പ് വിരളമായിരുന്നു. വീടടുപ്പുകളിലെ തീ ഒരിക്കലും അണയാന്‍ അനുവദിക്കില്ല.3. രാത്രി ചാരം കൊണ്ടു കനല്‍ കട്ട മൂടിയിട്ടാല്‍ രാവിലെയും കനലില്‍ തീ ഉണ്ടാകും. 4. അവിചാരിതമായി തീ കെട്ട് പോയാല്‍, ചാരക്കുഴിയില്‍ എപ്പോഴും തീ പുകയുന്നുണ്ടാവും. 5. പാവം അന്നക്കുട്ടി, (അതായിരുന്നോ അല്ഫോന്സാമ്മയുറെ )കന്ന്യക നാമം?) വെളുപ്പിനെ ഉണര്‍ന്നു അടുപ്പിലെ ചാരം മാറ്റി തീ കത്തിക്കാന്‍ ശ്രമിച്ചു. 6. അതില്‍ പരാജയപ്പെട്ടപ്പോള്‍ നേരേ ചാരക്കുഴിയിലക്ക് നടന്നു. 7. 2 അടി വീതിയും 5 അടി നീളവും 2 അടി ആഴവും ആണ് സാധാരണ ചാരക്കുഴി. ചാരവും ഉമിയും ഇടാനാണ് ചാരക്കുഴി. ഉമി എപ്പോഴും കത്തി എരിഞ്ഞു കൊണ്ടിരിക്കും 8. തീ എടുക്കാന്‍ ശ്രമിച്ച അന്നക്കുട്ടി കാല്‍ വഴുതി ചരക്കുഴിയില്‍ പെട്ടു. ഒരുകാല്‍ പതിച്ചപ്പോള്‍ മറ്റേ കാലും കുഴിയില്‍ പെട്ടു. 9. പൊള്ളല്‍ വന്ന കാലില്‍ മരുന്ന് പുരട്ടി സുഖപ്പെടുതിയത് അയല്‍ക്കാരന്‍ പറപ്പള്ളി മത്തായി ആയിരുന്നു. 10. കാല്‍ സുഖപ്പെട്ടുവെങ്കിലും വെളുത്ത പാട് പോയില്ല. 11.പാണ്ടു മാരന്‍ മത്തായി ചുവന്ന ചന്ദനം അരച്ചു അന്നക്കുട്ടിയുടെ കാലില്‍ ഇട്ടിരുന്നു. . 12. ഈ വാസ്തവം മത്തായിയുടെ ഭാര്യ പറപ്പള്ളി ത്രേസ്സ്യ (എന്റെ വല്ല്യമ്മ) പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്. 13. ബുദ്ധിശാലിയായിരുന്ന മുരിക്കന്‍ ലുക്കാച്ചന്‍ ഒരു ചിത്രകാരനെ കൊണ്ട് അല്ഫോന്യുസാമ്മയുടെ ചെറുപ്പകാലത്തെ ഭാവനാചിത്രങ്ങള്‍ വര്പ്പിക്കുന്നതും കാണാനുള്ള ഭാഗ്യവും എനിക്ക് ഉണ്ടയിട്ടുമുണ്ടു. (Exaggeration is a form of lie: M.K.Gandhi.)

    ReplyDelete
  3. എം.കെ. ഗാന്ധിയുടെ ഉദ്ധരണി ചേർത്തത് നന്നായി. അതുകൊണ്ട് മിസ്റ്റർ പി. വി. ജോസഫിന്റെ അനുഭവകഥയല്ലെന്നു മനസിലായി. ഈ കല്ലുവെച്ച നുണ ആരെഴുതിയതെന്നു മനസിലാകുന്നില്ല ഇത്തരം സാധാരണ നുണകൾ തൊടുത്തു വിടുന്നത് മാന്നാനത്തെ കൊവേന്ത കത്തനാന്മാരാണ്. പണംകൊണ്ട് കൊഴുത്തിരിക്കുന്ന കൊവേന്തക്കാർ പണമെങ്ങനെ ചിലവാക്കണമെന്നറിയാതെ നുണകൾ നിറഞ്ഞ പുസ്തകങ്ങളെഴുതാൻ പ്രത്യേക ഫണ്ട് നീക്കി വെച്ചിട്ടുണ്ട്. അതിനായി കൊവേന്തയിൽ തന്നെ ചില അർദ്ധ പണ്ഡിതരായ പുരോഹിതരുമുണ്ട്. പണ്ട് അവരുടെ കുപ്പായനിറം തവിട്ടുനിറമായിരുന്നു. തവിട്ടുകുപ്പായത്തിൽ മനുഷ്യത്വം കുറവെന്ന് തോന്നിയതിനാലായിരിക്കാം അവർ വെള്ളകുപ്പായവും ധരിക്കാൻ തുടങ്ങിയത്. മരാമത്തുപണി ചെയ്യിപ്പിക്കുന്ന വിശുദ്ധ ചാവറയുടെ അത്ഭുതത്താൽ ഷോപ്പിംഗ് കോമ്പ്ലെക്സുകളും ആകാശം മുട്ടെ കത്തീഡ്രലുകളും കോഴകോളേജുകളും ഉയർന്നു വരുന്നുണ്ട്. പുരോഹിതർക്കും ചില ചെറുകിട പുരോഹിത വാലാട്ടികളായ കോൺട്രാക്റ്റർമാർക്കും ഇടവെട്ടും കിട്ടും. പള്ളിയുടെ പഴയ ഉരുപ്പടികൾ വിറ്റു കിട്ടുന്നത് കത്തനാരുടെ പോക്കറ്റിലും.

    വണക്കമാസത്തിൽ ഉപമയെന്നു പറഞ്ഞു മുപ്പത്തിമൂന്നു നുണകളുണ്ടായിരുന്നു. അത് എഴുതുന്നതും പ്രസിദ്ധീകരിച്ചിരുന്നതും മാന്നാനം കൊവേന്ത പ്രസിൽനിന്നും. ഇസ്പാനിയാ എന്ന സ്ഥലത്ത് എസ്തപ്പാനെന്ന ഒരാളിന്റെ ചങ്കിൽ വെടി വെച്ചിട്ടും വെടിയുണ്ട കയറിയില്ല. വെടിയുണ്ടകൾ അയാളുടെ വെന്തിങ്ങായിൽ തട്ടിത്തെറിച്ചു പോയിയെന്നാണ് വണക്കമാസ കഥ. പേടിച്ചരണ്ട പാലാ മീനച്ചിലുള്ളവർ വെന്തിങ്ങാ ധരിക്കാതെ പുറത്തിറങ്ങില്ലായിരുന്നു. അതിൽനിന്നും പണമുണ്ടാക്കിയതും കൊവേന്തക്കാരായിരുന്നു. കോടിക്കണക്കിനു രൂപാ ചിലവാക്കി ഒരു മരാമത്ത് പുരോഹിതനെ വിശുദ്ധനാക്കിയെന്ന നേട്ടവും അവരുടെ കള്ളങ്ങൾകൊണ്ട് സാധിച്ചു. മുടക്കിയ മുതൽ നേർച്ചകാഴ്ചകളിൽക്കൂടി പണ്ടേ മുതലാക്കി കാണും.

    അൽഫോൻസാ പ്രേമനൈരാശ്യം വന്ന് തീയിൽ ചാടിയെന്നായിരുന്നു അടുത്ത കാലം വരെ കേട്ടിരുന്ന കഥ. ഏതായാലും കള്ളങ്ങൾകൊണ്ട് നെയ്തെടുത്ത പുതിയ ഒരു കഥ കേട്ടതിലും സന്തോഷം. നേട്ടം മുഴുവൻ പാലായിലെ കയ്യപ്പാസ് തിരുമേനിമാർക്കും. പൂന്തോട്ടങ്ങളും കൊട്ടാരങ്ങളും അരമനകളും ഉയർന്നു വരുന്നതും അല്ഫോൻസായുടെ അതിശയം തന്നെ. ഇനി ഒരു വെടിക്കെട്ടു കൂടി പാലായിൽ നടത്തിയാൽ ജീവനും കൊണ്ട് രക്ഷപെടുന്നവർ അല്ഫോൻസായുടെ അത്ഭുതംകൊണ്ടെന്നു പറയും. ഭരണങ്ങാനത്തു നിന്നും കറൻസിയുടെ ചാക്കുകെട്ടുകൾ അരമനയിലെത്തിക്കാൻ കൂടുതൽ പുരോഹിതരെ അന്ന് നിയമിക്കേണ്ടിയും വരും.

    കാലും കയ്യും അനക്കാൻ മേലാത്തവർ പള്ളിക്കു ചുറ്റും നീന്തി പണവും നേർച്ചയിട്ടു പോവും. അവിടെനിന്നും കിട്ടുന്ന പണം കൊണ്ട് ഈ പുരോഹിതർ അന്തസായി നാലു നേരം വെട്ടി വിഴുങ്ങിക്കൊണ്ടിരിയ്ക്കും. ഒറ്റയൊരു പുരോഹിതനെങ്കിലും നാളിതുവരെയായി പള്ളിക്കു ചുറ്റും മുട്ടേൽ നീന്തുന്നതായി കണ്ടിട്ടില്ല. അതെ സമയം ഇവർ തൊടുത്തുവിടുന്ന പച്ചക്കള്ളങ്ങൾ വിശ്വസിക്കാൻ പാവം വിഡ്ഢികളായ വിശ്വാസികളെന്നുമുണ്ട്.

    ReplyDelete