Translate

Wednesday, June 22, 2016

വരുന്നൂ വള്ളിക്കെട്ടു മാതാവ് !


സർക്കാരിനു ഭരണം നടത്താൻ പരാതി-പരിഹാര സംവിധാനം, വിവരാവകാശ വകുപ്പ്, വിജിലൻസ്, പോലീസ് എല്ലാം ഉണ്ടായിട്ടും പറ്റുന്നില്ല. ഇതൊന്നുമില്ലാതെ കത്തോലിക്കാ സഭ എത്ര നാളായി ഇവിടെ തുടരുന്നു? കണ്ടു പഠിക്കട്ടെ! അഭയാകേസ് പോലെ അഴിയാത്ത കുരുക്കുകളാണെങ്കിലും കൈകാര്യം ചെയ്യാൻ സഭക്ക് ചില മാർഗ്ഗങ്ങളുണ്ട്. ഈയ്യിടെ ഒരു മാതാവ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.... വള്ളിക്കെട്ടു മാതാവെന്നാണ് പേര്. എണ്ണ മാതാവ്, കണ്ണുനീർ മാതാവ് തുടങ്ങി നിരവധി ഇനം മാതാവുകൾ ഓൾറെഡി ഇവിടുണ്ട്. പുതുതായുണ്ടായ ചില വിശുദ്ധന്മാർക്കു സുപ്രധാന വകുപ്പുകളൊന്നും കൊടുക്കാത്തതിൽ വ്യാപകമായ പരാതി നിലവിലുണ്ടായിരിക്കെയാണ്, ഈ വകുപ്പ് കൂടി മാതാവിന് കൊടുത്തത്. എത്ര വലിയ കുരുക്കാണെങ്കിലും വള്ളിക്കെട്ടു

മാതാവിനോടുള്ള നൊവേന ചൊല്ലിയാൽ സംഗതി ക്ലീൻ ! ഏതെങ്കിലും കാരണവശാൽ ഞങ്ങടെ കാഞ്ഞിരപ്പള്ളി വല്യ മെത്രാന് എന്തെങ്കിലും തട്ടുകേട് പറ്റിയാൽ ആരെങ്കിലും വള്ളിക്കെട്ടു മാതാവിനോട് പ്രാർത്ഥിച്ചതുകൊണ്ടാണെന്നു കരുതരുത്. പ്രാർത്ഥനകൊണ്ട് ഫലം ഗാരന്റിഡ് അല്ലെന്നു ദീപികക്കു പോലും അറിയാം. യോഗാ ചെയ്താൽ രോഗ സൗഖ്യം ഉറപ്പെന്ന് പറയുന്ന ദീപിക അങ്ങിനെയൊരു ബഹുമതി നൊവേനകൾക്കു ചാർത്തി കണ്ടിട്ടില്ല.

അന്തർദ്ദേശീയ യോഗാ ദിനം ഒരിടത്ത്, സ്‌കൂളുകളായ സ്‌കൂളുകളിലെല്ലാം യോഗാ... യോഗാ നടത്തുന്ന കന്യാസ്ത്രീകളുടെയും അച്ചന്മാരുടേയും ഫോട്ടോകൾ ഒന്നൊന്നായി പുറത്തും വരുന്നു. അതിന്റെ ഇടക്ക് യോഗായിലൂടെ പിശാചു വരുന്നുവെന്നു പ്രസംഗിക്കുന്നു, ചില സീറോ മലബാർ അധമന്മാർ! അവരിൽ ചിലരുടെ കൈവശം ധ്യാനകേന്ദ്രങ്ങൾ, ചിലരുടെ കൈവശം ശക്തമായ മാധ്യമങ്ങൾ! പ്രാണിക് ഹീലിങ്ങും റെയ്‌ക്കിയുമൊക്കെ യോഗായാണെന്നു മനസ്സിലാക്കാൻ ഈ കുരങ്ങന്മാർ ഇനിയും നൂറു വര്ഷങ്ങൾക്കൂടിയെങ്കിലും എടുക്കും. യോഗാ വിരുദ്ധരെ കേൾക്കാനും കുറെപ്പേരുണ്ട്, എല്ലാവരെയും സഹിക്കാൻ ഒരു മേജറും. ഈ യോഗാ ചെയ്യുന്നവരെയാകട്ടെ യോഗാ പഠിപ്പിക്കുന്ന അച്ചന്മാരും കന്യാസ്ത്രികളും വെറുതെ വിടുന്നില്ല - അതതിലും രസം! യോഗായുടെ ഇടയിലുള്ള ശ്വസനം, കൃത്യമായും എങ്ങിനെ വേണമെന്നു നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. അതങ്ങിനെ തന്നെ ചെയ്യാതെ യോഗായുടെ ഫലം പൂർണ്ണമായി കിട്ടുകയുമില്ല. സൂര്യ നമസ്കാരത്തിന്റെയിടക്ക് യേശുവേ സ്തുതിയെന്നു കൂടി ചൊല്ലാൻ തുടങ്ങിയാലത്തെ സ്ഥിതി ഒന്നാലോചിച്ചു നോക്കിക്കേ? ഇവന്മാര് നമ്മളെ ചിരിപ്പിച്ചു കൊല്ലും. സൂര്യ നമസ്കാരം കഴിഞ്ഞിട്ടോ ഇതു തുടങ്ങുന്നതിനു മുമ്പോ അങ്ങിനെ ചെയ്താൽ അവർക്കിഷ്ടപ്പെടില്ല. ആരെങ്കിലും ചോദിച്ചാൽ പറയും പഥഞ്ജലി മഹർഷി കർത്താവിന്റെ ശിക്ഷ്യനായിരുന്നെന്ന്. 

ഇയ്യിടെ അത്മായാ കമ്മീഷൻ ചെയർമാന്റെ ഒരു പ്രസ്താവന ഞാൻ വായിച്ചു. ന്യുന പക്ഷ കമ്മറ്റികളിൽ രാഷ്ട്രിയക്കാരല്ല വേണ്ടത് ന്യുനപക്ഷങ്ങളാണെന്നാണ് അദ്ദേഹം പറയുന്നത്. ഈ ഔദ്യോഗിക അത്മായാ കമ്മീഷനിൽ പണ്ടുണ്ടായിരുന്നത് മൂന്നു മെത്രാന്മാരും ഒരു അത്മായനുമായിരുന്നെന്നു കേട്ടിട്ടുണ്ട്. ഇപ്പോൾ ഈ പ്രസ്താവന ഇറക്കിയ വിരുതനും അത്മായനല്ലെന്നോർക്കുക. ആദ്യം അത്മായാ കമ്മീഷൻ അത്മായർക്കു കൊടുത്തിട്ടു മെത്രാന്മാർ കുരച്ചിരുന്നെങ്കിൽ! സ്വന്തം കണ്ണിലെ കോലിന്റെ കാര്യം ബൈബിളിലാണെന്നു തോന്നുന്നു, എവിടെയോ പറഞ്ഞിട്ടുണ്ട്. കാരണമില്ലാതെ അരിശപ്പെടുന്ന ഭാര്യയെയും, കാരണത്തോടെ അരിശപ്പെടുന്ന ഭാര്യയെയും, അരിശപ്പെടാൻ കാരണം തേടുന്ന ഭാര്യയെയും സൂക്ഷിക്കണം എന്നാണ് ചൊല്ല്. അതുപോലെ തന്നെ മെത്രാന്മാരെയും സൂക്ഷിക്കുക; അവരെ ചൊടിപ്പിച്ചാൽ കേടെപ്പോഴും അത്മായനു തന്നെ! 

മെത്രാന്മാർക്കിട്ടു പണിയാനും ഇപ്പോൾ വിശ്വാസികൾ പഠിച്ചു വരുന്നു. അഹമ്മദാബാദിലെ മെത്രാൻ ആർച്ച് മെത്രാനായി സ്ഥലം മാറിപ്പോയപ്പോൾ പകരം നിർദ്ദേശിച്ച വൈദികൻ ഏതെല്ലാം അനാവശ്യ അധാർമ്മിക പ്രവർത്തികളിൽ ഇടപെട്ടിട്ടുണ്ടെന്നു കാണിച്ച് ഒരു വക്കീൽ മാർപ്പാപ്പാക്ക് പരാതി കൊടുത്തു. മെത്രാന്റെ ഇഷ്ടപുത്രനെ ലിസ്റ്റിൽ നിന്നു നീക്കി റോമിൽ നിന്നുത്തരവും വന്നു. ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങിനെ സംഭവിച്ചതെന്നാണ് കേട്ടത്. എവിടെങ്കിലും ഒന്നു ക്ലിക്ക് ചെയ്താൽ ബാക്കി പണി മലയാളി നടത്തിക്കൊള്ളും - ഉറപ്പ്! 

പണ്ട് മത്തായി ചാക്കോ എന്നൊരു മുൻ കമ്മ്യുണിസ്റ് എം എൽ എ മരിക്കുന്നതിനു മുമ്പ് അന്ത്യകൂദാശ സുബോധത്തോടെ സ്വീകരിച്ചിരുന്നെന്നൊരു മെത്രാൻ പറഞ്ഞു. മെത്രാന്മാർക്കെന്താ പറയാൻ വയ്യാത്തെ? അതുണ്ടാക്കിയ പൊല്ലാപ്പ് നാം കണ്ടതല്ലേ? നികൃഷ്ട ജീവി ഒന്നാമൻ ബഹുമതി ഒരു ബിഷപ്പിനു അതു വഴി ചാർത്തികിട്ടുകയും ചെയ്തയിരുന്നല്ലൊ. കാസർഗോഡ് ഒരു മുസ്ലിമിന്റെ കുഴിമാടം പത്തു വർഷങ്ങൾ കഴിഞ്ഞു തുറന്നപ്പോൾ ഒരു തരി പോലും അഴുകാതെയിരിക്കുന്നുവെന്നൊരു വാർത്ത വായിച്ചു, അടുത്തിടെ. എന്റെ വിറയൽ ഇപ്പോഴും പോയിട്ടില്ല! അയാൾ മരിക്കുന്നതിന് മുമ്പ് മാമ്മോദിസാ മുങ്ങിയിരുന്നെന്നോ വല്ലോം ഒരു മെത്രാൻ പറഞ്ഞാൽ എന്താകും സ്ഥിതി? പെരുമ്പാവൂരെ ജിഷയുടെ കാര്യം ആരെങ്കിലും ഓർക്കാറുണ്ടോ? മരിച്ച ദിവസം ജിഷ എവിടൊക്കെ പോയെന്ന് പോലീസിനു പോലും അറിയില്ല. ഏതെങ്കിലും ഒരച്ചൻ ആ കുട്ടി എന്റെയടുത്ത് വന്നു രാവിലെ മാമ്മോദീസാമുങ്ങിയെന്നും മുഴുവൻ കുമ്പസ്സാരം നടത്തിയെന്നുമൊക്കെ പറഞ്ഞാൽ എന്താകും സ്ഥിതി? ചാരിത്ര്യം രക്ഷിക്കാൻ മരണം വാങ്ങിയ മരിയാ ഗൊരേത്തിയും ജിഷയും തമ്മിൽ പിന്നെന്തു വ്യത്യാസം കാണും? എത്ര പുണ്യവാന്മാരെ കിട്ടിയാലും തികയില്ലെന്നു പറഞ്ഞു നടക്കുന്ന നമ്മുടെ പിതാക്കന്മാരെ പേടിക്കുക തന്നെ വേണം. 

പിണറായി വിജയൻ മുഖ്യ മന്ത്രിയായതിന്റെ ഷോക്കിൽ നിന്നും മിക്ക മെത്രാന്മാരും പുറത്തു വന്നിട്ടില്ല. മെത്രാന്മാരുടെ ഇംഗിതങ്ങൾക്കു ജനം കൊടുത്ത വിലയും അവർ കണ്ടു കഴിഞ്ഞു. കോൺഗ്രസ്സിനെ അവർ വളർത്തി വളർത്തി ഒരു വഴിക്കാക്കി. ഇനി അവശേഷിച്ചിരിക്കുന്ന ഒരു കേരള കോൺഗ്രസ്സുണ്ട്. അതിനെ യു ഡി എഫിൽ നിന്നു മാറ്റി ബി ജെ പി യിൽ ആക്കിയാൽ ബാക്കിയും ശരിയാകും. പിന്നെ ആദ്യം മുതൽ വീണ്ടും തുടങ്ങാം. മോഹൻലാൽ മാത്രമല്ല മെത്രാന്മാരും പിണറായിക്കെഴുതാൻ സാധ്യതയുണ്ട്. മോഹൻലാൽ തുറന്ന കത്തെഴുതിയാൽ, മെത്രാന്മാർ അടഞ്ഞ കത്തെഴുത്തും അത്രേ വ്യത്യാസമുള്ളൂ. നേരത്തെ സോണിയാ ഗാന്ധിക്ക് കത്തെഴുതി പരിചയമുള്ളവർ ഇവിടുണ്ട്. പരസ്യ പ്രസ്താവനകൾ വഴി അവരാരും പിണറായിയെ തോണ്ടാൻ ഇടയില്ല; അതിനുള്ള ധൈര്യവും അവർക്കില്ല. തീവ്രവാദത്തിനെതിരെ ലോകം ഒന്നിക്കണം എന്നു കർദ്ദിനാൾ പറഞ്ഞാൽ, പാത്രിയർക്കീസ്സ് ബാവാ പങ്കെടുത്ത ചടങ്ങിൽ ചാവേർ ആക്രമണം ഉണ്ടായത് ശരിയായില്ലായെന്നോ, ടോം അച്ചനെ മോചിപ്പിക്കണം എന്നൊക്കെയേ അർത്ഥം കാണൂ. 

ഒരമേരിക്കൻ കഥയുണ്ട്. ഒരു സായിപ്പ് മാനസാന്തരപ്പെട്ടു, കഴിഞ്ഞ കാല കൊടുംപാപങ്ങൾ മുഴുവൻ ഏറ്റു പറഞ്ഞു കുമ്പസ്സാരിക്കുകയും ചെയ്തു. ഈ സായിപ്പിനു ലത്തീൻ അച്ചൻ കൊടുത്ത ശിക്ഷ, ഏതെങ്കിലും സിറോ മലബാർ പള്ളിയിൽ പോയി ഞായറാഴ്ച മുഴുവൻ കുർബാന കാണാനാണ്. സായിപ്പ്, അച്ചന്റെ തന്തക്കും തള്ളക്കും പറഞ്ഞിട്ട് ഇറങ്ങിപ്പോയെന്നാണ് ജനസംസാരം! ആ ശിക്ഷ അൽപ്പം കടുത്തു പോയീന്നാണ് എന്റെയും അഭിപ്രായം. 

No comments:

Post a Comment