Translate

Thursday, May 19, 2016

ജോസ്സൂട്ടിയെന്ന നസ്രാണി

എന്തെല്ലാം കണ്ടാലാ ഈ ജീവിതം ഒന്നവസാനിക്കുക? യു ഡി എഫ് ജയിക്കുന്നേ ജയിക്കട്ടെന്നു കരുതി മെത്രാൻ സമിതി അൽപ്പം ആത്മസംയമനം പാലിച്ചതാ; ഇത്രേം വേണ്ടാരുന്നെന്നിപ്പോ തോന്നുന്നുണ്ടാവും. തൃശ്ശൂരിന്റെ ഗതി നോക്കിയാട്ടെ, അവിടെ ആനയും ഉറുമ്പും പോലും കുത്തിയത് അരിവാൾ ചുറ്റികയിലാ. അനുഗ്രഹം വാങ്ങിക്കാൻ അരമനയിൽ വന്ന എല്ലാവരും ഔട്ട്‌! കാഞ്ഞിരപ്പള്ളിയുടെ അവസ്ഥ കേട്ടാൽ ആരും കരഞ്ഞു പോകും. ഒരു പാർട്ടിയെ തന്നെ പിളർത്തി നാലുപേർക്ക് ഇടതുപക്ഷ സീറ്റും മേടിച്ചു കൊടുത്തതിൽ നിർണ്ണായക പങ്കു വഹിച്ചുവെന്നു പറയപ്പെടുന്ന ഒരാളുണ്ടവിടെ - ഇന്നവിടുണ്ടോയെന്നറിഞ്ഞൂടാ. അയാളുടെ പിന്നാലെ കൂടിയ നാലു പേരോ - ഓൾ ഔട്ട്‌! ഇടുക്കിയിലോ? മെത്രാൻ ക്വസ്റ്യൻ മാർക്കിട്ട റോഷി ഇൻ, ഫ്രാൻസിസ് ഔട്ട്‌.  മരിച്ചിടത്തു നിന്നല്ല കാറിച്ച കേൾക്കുന്നതെന്നു പറഞ്ഞ പോലെയായി കാര്യങ്ങൾ. പാലായിലെ കാര്യം അതിലും രസം; ഓടിനടന്നഴിമതിക്കെതിരായി പ്രസംഗിച്ചു മെത്രാൻ; മാണി ജയിക്കുകയും ചെയ്തു. ഇയ്യാളെ ആരാ മെത്രാനാക്കിയതെന്നു ചോദിച്ച ജോർജ്ജിനോട് പകരം ചോദിക്കാൻ പോയ മെത്രാന്റെ സ്ഥാനാർത്തിക്കു ജോർജ്ജിനു കിട്ടിയ ഭൂരിപക്ഷത്തോളം പോലും വോട്ടു കിട്ടിയില്ല. എന്താ സ്ഥിതി? മെത്രാന്മാരുടെ മിടുക്കു പള്ളിയിൽ കാണിച്ചാൽ മതിയെന്നു വിശ്വാസികൾ നിശ്ചയിച്ചു തുടങ്ങിയെന്നു വേണെമെങ്കിലും അനുമാനിക്കാം. 

വെള്ളാപ്പള്ളിക്കു പോകാനൊന്നുമില്ല; അതാണോ മെത്രാന്മാരുടെ സ്ഥിതി? പക്ഷെ, മെത്രാന്മാരെ അങ്ങിനെ എഴുതി തള്ളാൻ വരട്ടെ. അവരാ ഈ ഇടതു പക്ഷത്തെ ഇത്ര വലിയ ഭൂരിപക്ഷത്തിന് അധികാരത്തിലെത്തിച്ചതെന്നാണ് പൊതു സംസാരം. ന്യൂന പക്ഷത്തിന്റെ പേരും പറഞ്ഞു  ജാലിയൻ വാലാ ബാഗും പൊക്കിപ്പിടിച്ച് ഉമ്മൻ ചാണ്ടിയിൽ നിന്നും വാങ്ങാവുന്നതെല്ലാം അവർ വാങ്ങി - അതുകൊണ്ടേന്താ? ന്യൂന പക്ഷമില്ലാത്തിടങ്ങളിലെല്ലാം ജനങ്ങൾ കോൺഗ്രസ്സിനിട്ടും താങ്ങി - സംഗതി ഈ പരുവത്തിലുമായി. കടപ്പായും കാഞ്ഞിരപ്പള്ളിയുമൊക്കെ സർവ്വ മെത്രാന്മാർക്കും ഒരു പാഠമായിരുന്നെങ്കിൽ! 

ഉള്ളതു പറഞ്ഞാൽ പാംപ്ലാനിസാർ സി സി വി യിൽ എഴുതിയ ജോസ്സൂട്ടിയെന്ന നസ്രാണിയുടെ കഥ (ഇംഗ്ലിഷ്) വായിച്ചു ഞാൻ തരിച്ചിരുന്നു പോയി! എത്ര സിമ്പിളായി ഒരു മണ്ടൻ നസ്രാണിയുടെ ജീവിത കഥ അദ്ദേഹം വരച്ചിരിക്കുന്നു. വണക്കമാസം വായിക്കാനുള്ള വിദ്യാഭ്യാസം മാത്രമായി കപ്പയോടും ചേനയോടും കാച്ചിലിനോടും സൊറ പറഞ്ഞു ജീവിക്കുകയും, ഇളം പ്രായത്തിൽ കല്യാണം കഴിക്കുകയും, സ്വന്തം ഭാര്യയെ അമ്മയുടെ കസ്റ്റഡിയിൽ നിന്നു മോചിപ്പിക്കാൻ കഴിയാതെ വവർഷങ്ങളോളം ജീവിക്കേണ്ടിയും വന്ന ജോസ്സൂട്ടിയുടെ കാൽക്കൽ നമസ്കരിച്ചുകൊണ്ട് ഇന്നു ഞാൻ നിർത്തുന്നു. 

1 comment:

  1. It appears that there was a secret understanding between the LDF leaders and some of the Bishops. And there is strong feeling among many minorities that only the Leftists alone could ensure their protection.

    ReplyDelete