Translate

Tuesday, April 12, 2016

ദൈവനിഷേധവും ദൈവാഭിമുഖ്യവും

ദൈവനിഷേധികളുടെ എണ്ണം ഫെയ്സ്ബുക്കിൽ മാത്രമല്ല നാട്ടിലും കൂടിക്കൊണ്ടിരിക്കുന്നു. നിരീശ്വരവാദികളുടെ പല ഗ്രൂപ്പുകൾ തന്നെയുണ്ട്‌. സ്വന്തം വാക്യങ്ങളും ഉദ്ധരണികളുംകൊണ്ട് പലരും അവരുടെ ഉള്ളിലിരുപ്പ് വ്യക്തമാക്കാൻ ശ്രമിക്കുന്നുണ്ട്. അവയിൽ സമകാലികമായ ചിലത് പേര് വയ്ക്കാതെ താഴെ ചേർക്കുന്നു:
"നീ വിശ്വസിക്കുന്ന ശക്തി നിന്നെ രക്ഷിക്കുന്നില്ലെങ്കിൽ ഇനിയുമതിനെ നീ പേറണോ?"

"ആരാണ് ദൈവം? ക്ഷേത്രമുറ്റത്ത് പൊട്ടിത്തെറിച്ചവർ അലറിവിളിക്കുമ്പോഴും ശ്രീകോവിലിന്റെ ഇരുട്ടുമറയിൽ ഒളിഞ്ഞിരിക്കുന്ന കല്പ്രതിമയോ?"

"പൂരം കാണാൻ പോയ അച്ഛനിനിയും വന്നില്ല...
കമ്പക്കെട്ട് കഴിഞ്ഞപ്പോൾ,
ദൈവങ്ങളെല്ലാം നിശ്ശബ്ദർ!

ആ രാത്രി, അച്ഛൻ മോർച്ചറിയിലും
ദൈവം ശ്രീകോവിലിലും പള്ളിയുറങ്ങി!"

"അറിയില്ല എന്ന് പറയാൻ ധൈര്യമില്ലാത്തവർ പകരം ഉപയോഗിക്കുന്ന വാക്കാണ്‌ ദൈവം."

"ആനക്ക് മദം കൊടുക്കുന്നത് പ്രകൃതിയാണ്. മതമാകട്ടെ പ്രകൃതിവിരുദ്ധമായ മദമാണ്. അത് മനുഷ്യപ്രകൃതിയിലെ വികൃതചിന്തകളുടെ ഉല്പ്പന്നമാണ്."

"നിങ്ങൾക്ക് ദൈവത്തെ വില്ക്കാം. എന്നാൽ എല്ലാവരും അത് വാങ്ങണമെന്ന് നിബന്ധമരുത്."

"Be an atheist, be a humanist."

"If one says, 'God speaks to me', either he's lying or he's schizophrenic."
പ്രകൃതിശക്തികളുടെയെല്ലാം പിന്നിൽ അമാനുഷികമായ എന്തോ പ്രതിഷ്‌ഠിച്ചിട്ട്, സ്തുതിയും പൂജയും ബലിയുമൊക്കെയായി അതിനെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നതിലെ വിഡ്ഢിത്തത്തെയാണ് മേല്ക്കുറിച്ച പ്രതികരണങ്ങൾ നിന്ദിച്ചുതള്ളുന്നത്. എന്നാൽ ഇവരെല്ലാം ദൈവമെന്ന സങ്കല്പത്തെ തള്ളിപ്പറയുകയല്ല ചെയ്യുന്നത്. യുക്തിവാദികളും നിരീശ്വരവാദികളും പോലും വിമർശിക്കുന്നത് അനാശാസ്യങ്ങളിലേക്ക് നയിക്കുന്ന തെറ്റായ ദൈവസങ്കല്പങ്ങളെയാണ്. ദൈവസങ്കല്പം ബാലിശവും സ്വാർഥപരവും ആകുമ്പോഴാണ് മനുഷ്യൻ വഴിതെറ്റുന്നത്. അത്തരം ദൈവത്തെ നിരാകരിച്ചവരാണ് മുഖ്യധാരയിലുള്ള ശാസ്ത്രജ്ഞരെല്ലാം തന്നെ. സ്റ്റീവൻ ഹോക്കിംഗിനെപ്പോലെ കടുത്ത നിരീശ്വരവാദികൾ ഉണ്ടെങ്കിലും മിക്ക ശാസ്ത്രപ്രതിഭകളും അനാചാരങ്ങളുടെ ബലഹീനതകളിൽ ആണ്ടുപോകാത്ത ഒരീശ്വരസങ്കല്പത്തെ ഉള്ളിൽ  കൊണ്ടുനടക്കുന്നുണ്ട്. ആ ദൈവം മനുഷ്യന്റെ വ്യക്തിപരമായ വ്യാപാരങ്ങളിൽ ഇടപെടാതെ, പ്രപഞ്ചത്തിന്റെ അനുദിന നടത്തിപ്പ് അതിന്റെ അടിസ്ഥാന നിയമങ്ങൾക്ക് വിട്ടുകൊടുക്കുന്ന ഒരമൂർത്ത ശക്തിയാണ്. ഈ ശക്തിയുമായി മനുഷ്യന് ഹൃദയംകൊണ്ട് സമ്പർക്കം പുലർത്താം. ഇവിടെ ഹൃദയമെന്ന് പറയുന്നതാകട്ടെ, ഓരോ മനുഷ്യനിലും വികസിച്ചുവരേണ്ട, ചിന്താശക്തിയും പ്രപഞ്ചാഭിമുഖ്യവും ഒന്നുചേരുമ്പോഴുണ്ടാകുന്ന, ആന്തരികതയാണ്. എത്രമാത്രം അറിവുണ്ടായാലും ജീവനെയും അതിനെ നിലനിർത്തുന്ന പ്രപഞ്ച സംവിധാനത്തെയും സമഭാവനയോടെ കാണാനാകുന്നില്ലെങ്കിൽ - സ്നേഹമെന്തെന്ന് അനുഭവിച്ചറിയുന്നില്ലെങ്കിൽ - ഇത്തരമൊരു ഈശ്വരസങ്കൽപം സാദ്ധ്യമല്ല. എത്ര വലിയ ശാസ്ത്രവിജ്ഞാനത്തിനും അപ്പുറത്താണ് ആ ഈശ്വരാനുഭവം.
എന്റെ സുഹൃത്ത് തോമസ്‌ പെരുമ്പള്ളിൽ സംക്ഷിപ്തമായി ഒരിക്കൽ കുറിച്ചത് ഇങ്ങനെ: ഞാൻ വിശ്വസിക്കുന്ന ദൈവം അരൂപിയാണ്, സർവവ്യാപിയാണ്‌, പരിപൂർണ്ണമാണ്. സകല ചരാചരത്തെയും അതാക്കിതീർക്കുന്ന ചൈതന്യമാണ്. ഒന്നിനെയും സൃഷ്ടിക്കുന്നില്ല, രക്ഷിക്കുന്നില്ല. രോഗങ്ങൾ കൊടുക്കുന്നില്ല, സുഖപെടുതുന്നില്ല. പരീക്ഷണങ്ങൾ നടത്തുന്നില്ല, കൈക്കൂലി വാങ്ങിക്കുന്നില്ല, മധ്യസ്ഥരെ നിയോഗിക്കുന്നില്ല. സ്വർഗ്ഗത്തിൽ കൊണ്ടുപോകുന്നില്ല, നരകത്തിൽ തള്ളുന്നില്ല; ആരുടെയും കാര്യങ്ങളിൽ നേരിട്ട് ഇടപെടുന്നില്ല. എന്നിലും അപരനിലും ഓരോന്നിലുമുള്ള ഈ ചൈതന്യം എന്നും ഉണ്ടായിരുന്നു. അതിന് ആദ്യമോ അന്ത്യമോ ഇല്ല. അത് പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്കുന്നു. അതുതന്നെയാണ് പ്രപഞ്ചം. അതിലായിരിക്കുന്നതുവഴി ഞാനും അതാണ്.

Stephen Hawkingൻറെ വിശ്വവിഖ്യാതമായ പുസ്തകം A brief History of Time ന് ഒരു ചെറിയ അവതാരിക എഴുതിയത് Carl Sagan ആണ്. അസ്തിത്വമുള്ളതെല്ലാം ദൈവത്തിന്റെ ഒത്താശയില്ലാതെ തനിയെ ഉണ്ടായി നിലനില്ക്കുന്നു എന്ന് പറയുന്ന ഹോക്കിങ്ങിന്റെ കൃതിയെക്കുറിച്ച് സാഗൻ പറഞ്ഞു നിർത്തുന്നത് രസമുള്ള ഒരു വ്യാജോക്തി (irony) യോടെയാണ്. മലയാളത്തിലാക്കിയാൽ അതിന്റെ ഭംഗി നഷ്ടപ്പെടും. "This is also a book about God . . . or perhaps about the absence of God. The word God fills these pages. Hawking embarks on a quest to answer Einstein's famous question about whether God had any choice in creating the universe. Hawking is attempting, as he explicitly states, to understand the mind of God. And this makes all the more unexpected the conclusion of the effort, at least so far: a universe with no edge in space, no beginning or end in time, and [with] nothing for a Creator to do."

സൃഷ്ടാവെന്നോ പരിപാലകനെന്നോ ഉള്ള നിലയിൽ ദൈവത്തെപ്പറ്റി ചിന്തിക്കുമ്പോൾ, ദൈവാസ്തിത്വം മനുഷ്യയുക്തിയിൽ ഒരസ്സാദ്ധ്യതയായി പരിണമിക്കുന്നു. ദൈവമെന്ന ശബ്ദംപോലും ഒരാവശ്യമല്ല. 'ഒരു നല്ല (സന്തുഷ്ട) മനുഷ്യനായിരിക്കുവാൻ ദൈവത്തിൽ വിശ്വസിക്കണമെന്നില്ല' എന്ന് പോപ്‌ ഫ്രാൻസിസ് പറയുമ്പോൾ അതിലിതെല്ലാം സംഗ്രഹിച്ചിരിക്കുന്നു എന്ന് പറയാം.

3 comments:

  1. "നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രർക്ക് കൊടുത്തിട്ട് എന്നെ അനുഗമിക്കൂ "എന്ന ക്രിസ്തുവിന്റെ 'ദൈവവിളി' ഇന്നോളം മനസിലാക്കാൻ കൂട്ടാക്കാത്ത / മനസിലായെങ്കിലും, എള്ളോളവും മനസിലായില്ലെന്നു നടിക്കുന്ന കള്ളയുറക്കക്കാരാണീ കത്തനാർ കക്ഷിയാകെ / പുരോഹിതർ ആകമാനം ! "പണം", "പിരിവു" എന്നീ മുദ്രാവാക്യങ്ങൾ മനസിലേറ്റി നടക്കുന്ന ഈക്കൂട്ടർക്കു "ത്യാഗം" എന്തെന്ന് ഈ ജന്മം മനസിലാവുക അസാധ്യമാണ് താനും ! "സ്നേഹത്തിന്റെ മറുവശമാണ് ത്യാഗം! ; "ദൈവം" എന്നതോ ഇത് രണ്ടും ഏകോപിച്ച ചൈതന്യസത്തയും!" എന്നൊരു മതം (അഭിപ്രായം) ആദ്യമായി മാനവരാശിയോട് നേർക്കുനേർ പറഞ്ഞത് നസരായനാണ് ! അവനെ അറിയാത്ത, അവന്റെ മനനങ്ങൾ മനസിലേറ്റാത്ത മൺപുറ്റുകളാണീ മനുഷ്യത്വത്തെ എക്കാലവും മെതിക്കുന്ന മതനേതക്കളാകെ! ഈ തിരിച്ചറിവ് , "വിവേകം" ജനത്തിനു ഒരിക്കലും ഉണ്ടാകാൻ 'ഇടം' കൊടുക്കാത്ത കാപാലികരാണീ "ഇടയന്മാർ "! അവരുടെ 'ഇടയ'/മടയലേഖനങ്ങളോ തലമുറകളുടെ നാശത്തിലേക്കുള്ള എളുപ്പവഴിയും!

    "ദൈവസങ്കല്പം ബാലിശവും സ്വാർഥപരവും ആകുമ്പോഴാണ് മനുഷ്യൻ വഴിതെറ്റുന്നത്. അത്തരം ദൈവത്തെ നിരാകരിച്ചവരാണ് മുഖ്യധാരയിലുള്ള ശാസ്ത്രജ്ഞരെല്ലാം തന്നെ. സ്റ്റീവൻ ഹോക്കിംഗിനെപ്പോലെ കടുത്ത നിരീശ്വരവാദികൾ ഉണ്ടെങ്കിലും മിക്ക ശാസ്ത്രപ്രതിഭകളും അനാചാരങ്ങളുടെ ബലഹീനതകളിൽ ആണ്ടുപോകാത്ത ഒരീശ്വരസങ്കല്പത്തെ ഉള്ളിൽ കൊണ്ടുനടക്കുന്നുണ്ട്. ആ ദൈവം മനുഷ്യന്റെ വ്യക്തിപരമായ വ്യാപാരങ്ങളിൽ ഇടപെടാതെ, പ്രപഞ്ചത്തിന്റെ അനുദിന നടത്തിപ്പ് അതിന്റെ അടിസ്ഥാന നിയമങ്ങൾക്ക് വിട്ടുകൊടുക്കുന്ന ഒരമൂർത്ത ശക്തിയാണ്. ഈ ശക്തിയുമായി മനുഷ്യന് ഹൃദയംകൊണ്ട് സമ്പർക്കം പുലർത്താം. ഇവിടെ ഹൃദയമെന്ന് പറയുന്നതാകട്ടെ, ഓരോ മനുഷ്യനിലും വികസിച്ചുവരേണ്ട, ചിന്താശക്തിയും പ്രപഞ്ചാഭിമുഖ്യവും ഒന്നുചേരുമ്പോഴുണ്ടാകുന്ന, ആന്തരികതയാണ്. എത്രമാത്രം അറിവുണ്ടായാലും ജീവനെയും അതിനെ നിലനിർത്തുന്ന പ്രപഞ്ച സംവിധാനത്തെയും സമഭാവനയോടെ കാണാനാകുന്നില്ലെങ്കിൽ - സ്നേഹമെന്തെന്ന് അനുഭവിച്ചറിയുന്നില്ലെങ്കിൽ - ഇത്തരമൊരു ഈശ്വരസങ്കൽപം സാദ്ധ്യമല്ല. എത്ര വലിയ ശാസ്ത്രവിജ്ഞാനത്തിനും അപ്പുറത്താണ് ആ ഈശ്വരാനുഭവം."

    "ഞാൻ വിശ്വസിക്കുന്ന ദൈവം അരൂപിയാണ്, സർവവ്യാപിയാണ്‌, പരിപൂർണ്ണമാണ്. സകല ചരാചരത്തെയും അതാക്കിതീർക്കുന്ന ചൈതന്യമാണ്. ഒന്നിനെയും സൃഷ്ടിക്കുന്നില്ല, രക്ഷിക്കുന്നില്ല. രോഗങ്ങൾ കൊടുക്കുന്നില്ല, സുഖപെടുതുന്നില്ല. പരീക്ഷണങ്ങൾ നടത്തുന്നില്ല, കൈക്കൂലി വാങ്ങിക്കുന്നില്ല, മധ്യസ്ഥരെ നിയോഗിക്കുന്നില്ല. സ്വർഗ്ഗത്തിൽ കൊണ്ടുപോകുന്നില്ല, നരകത്തിൽ തള്ളുന്നില്ല; ആരുടെയും കാര്യങ്ങളിൽ നേരിട്ട് ഇടപെടുന്നില്ല. എന്നിലും അപരനിലും ഓരോന്നിലുമുള്ള ഈ ചൈതന്യം എന്നും ഉണ്ടായിരുന്നു. അതിന് ആദ്യമോ അന്ത്യമോ ഇല്ല. അത് പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്കുന്നു. അതുതന്നെയാണ് പ്രപഞ്ചം. അതിലായിരിക്കുന്നതുവഴി ഞാനും അതാണ്." എന്ന് പറഞ്ഞ പ്രവാചകരെ നിങ്ങള്ക്ക് കാലത്തിന്റെ "ഓശാന" ,സ്വാഗതം !

    ReplyDelete
  2. സാക്കിന്റെ ഈ പോസ്റ്റ്‌ വളരെയർത്ഥമുള്ളതും താത്ത്വികവുമാണ്. മതവും ദൈവവും തമ്മിൽ തെക്കും വടക്കും തമ്മിലുള്ള വ്യത്യാസമുണ്ട്. മതത്തെ നിർവചിക്കാം പക്ഷെ ദൈവത്തെ നിർവചിക്കാൻ സാധിക്കില്ല. നമ്മുടെ ഭാവനകളിലുള്ള ദൈവത്തെ എപ്പോൾ വേണമെങ്കിലും പല രൂപത്തിൽ മാറ്റാൻ സാധിക്കും. നാം വളർന്ന കുടുംബം, മാതാപിതാക്കൾ, സംസ്ക്കാരം എന്നിവകളോടൊപ്പം നമ്മുടെ ദൈവ സങ്കല്പവും ആശ്രയിച്ചിരിക്കുന്നു. മതമെന്നു പറയുന്നത് മനുഷ്യനുണ്ടാക്കിയ നിയമസംഹിതകളടങ്ങിയ ചില വിശ്വാസങ്ങൾ മാത്രം. ഭ്രാന്തൻ യുഗത്തിലുണ്ടാക്കിയ ചിന്തകൾ ഇന്നും സത്യങ്ങളായി ജനം വിശ്വസിച്ചു വരുന്നു. വിവിധ തരം വിശ്വാസങ്ങളോടെയുള്ള പരസ്പര വിരുദ്ധങ്ങളായ നിയമങ്ങളടങ്ങിയ നൂറു തരം മതങ്ങൾ ഇന്നു ഭൂമുഖത്തുണ്ട്. ഈ മതങ്ങളെല്ലാം ദൈവത്തിനാവശ്യമുണ്ടെന്നും തോന്നുന്നില്ല. നമുക്കു വേണ്ടത് നമ്മളായി ബന്ധപ്പെടുന്ന ദൈവത്തെയാണ്. അല്ലാതെ മനുഷ്യനുണ്ടാക്കിയ മതത്തിന്റെ സൃഷ്ടിയായ ദൈവത്തെയല്ല. മതം കല്പ്പിക്കുന്ന ദൈവത്തെ ചിന്തിച്ചാൽ നമ്മുടെ മനസു തന്നെ ഉത്തരം കിട്ടാത്ത ആശയ വൈരുദ്ധ്യങ്ങൾകൊണ്ട് നിറയും.

    ദൈവം എന്നെ സ്നേഹിക്കുന്നുവെന്ന് ഞാനറിയുന്നുവെങ്കിൽ അവിടെ മതത്തിന്റെ പ്രസക്തിയെന്ത്? ദൈവത്തെ സ്നേഹിക്കാൻ മതത്തിന്റെ നിയമങ്ങൾ വേണൊ? ദൈവത്തെ അറിയാൻ മുത്തു കുടകളുമേന്തി മെത്രാഭിഷേക നാളുകളിലും പൌരാഹിത്യ തിരുനാളുകളിലും അവരോടൊപ്പം നാമും പങ്കു ചേരണമോ?

    യേശു ഒരു മതം സ്ഥാപിച്ചിട്ടില്ല. അവിടുന്ന് ഒരു മതത്തെപ്പറ്റിയും സംസാരിച്ചിട്ടില്ല. മതം സ്ഥാപിച്ചവരും മതം കൊണ്ടു നടക്കുന്നവരും വർഗീയ വാദികളെന്നേ പറയാൻ സാധിക്കുള്ളൂ. മതം മനസ്സിൽ പ്രതിഷ്ഠിച്ചിരിക്കുന്നവർ ക്രിമിനൽ മനസുള്ളവരാണ്. അപരന്റെ വിശ്വാസത്തെ പുച്ഛിച്ചുകൊണ്ടുള്ള ഒരു വെറുപ്പ്‌ അവരുടെ മനസ്സിൽ അടിഞ്ഞു കൂടിയിരിക്കും. ഇന്ന് ലോകത്തിനു പ്രശ്നമായിരിക്കുന്നതും മതം കൊണ്ട് നടക്കുന്ന വർഗീയ വാദികൾ തന്നെ. എല്ലാ മതങ്ങൾക്കും സ്വർഗത്തിൽ ഒരു ദൈവമെയുള്ളൂവെങ്കിൽ പല തരം മതങ്ങളും അവരുടെയെല്ലാം ദൈവങ്ങളും തമ്മിൽ പരസ്പരം മല്ലടിക്കണമോ? ഒരു മതത്തിന്റെ ദൈവം മറ്റൊരു മതത്തിന്റെ ശത്രുവാകുന്നതെങ്ങനെ? സത്യമെന്തെന്നാൽ മതം കണ്ടു പിടിച്ചവർ സ്വന്തം താല്പര്യങ്ങളെ പരിരക്ഷിക്കാൻവേണ്ടി ദൈവത്തെ അറിയാത്തവരെ അടിമകളാക്കിയെന്നുള്ളതാണ്.
    വാസ്തവത്തിൽ മതം പഠിപ്പിക്കുന്നത്‌ ദൈവത്തെപ്പറ്റിയല്ല പിശാചിനെപ്പറ്റിയാണ്. കാരണം പിശാചുക്കളാണ് മനുഷ്യ ധർമ്മത്തിനു എതിരു നിൽക്കുന്നവർ. സ്വാർത്ഥത നിറഞ്ഞ ലോകത്തെ സൃഷ്ടിച്ചതും മതമാണ്‌. മതം നയിക്കുന്നവരും ചതിയന്മാരും കള്ളന്മാരുമാണ്. ഒരിയ്ക്കൽ യേശു അവരെ ദേവാലയത്തിൽ നിന്നും ആട്ടിയോടിച്ചിരുന്നു.

    ക്രിസ്തുമതം ദൈവം സ്നേഹമുള്ളവനെന്നു പഠിപ്പിക്കുന്നു. അതേ സമയം പാവങ്ങളിൽ നിന്നും പണക്കാരിൽ നിന്നും പള്ളിയ്ക്ക് പതാരമെന്നു പറഞ്ഞ് ധനം ശേഖരിക്കുന്നു. ഇത് മതത്തിന്റെ കപടതയല്ലേ? യേശു പോലും പള്ളിയ്ക്ക് പതാരം കൊടുക്കാൻ പറഞ്ഞിട്ടില്ല. സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനെന്നും പറഞ്ഞത് പള്ളി പുരോഹിതനെ തീറ്റാനല്ല. യേശു കണ്ട ദൈവം ദരിദ്രന്റെ രൂപത്തിലായിരുന്നു. ദരിദ്രനെയും ഉടുവസ്ത്രം ഇല്ലാത്തവനെയും സഹായിക്കാനായിരുന്നു അവിടുന്ന് പറഞ്ഞത്. മതത്തിൽ വിശ്വസിക്കാത്തവരെ കൊല്ലുകയെന്ന പ്രമാണവും ഭ്രാന്തൻ നായിക്കൾ എഴുതിയുണ്ടാക്കിയതാണ്? ദൈവം എങ്ങനെ മറ്റുള്ളവരെ കൊല്ലാൻ പറയും? വാസ്തവത്തിൽ മതമെന്നു പറയുന്നത് വഞ്ചന, കപടത നിറഞ്ഞ തട്ടിപ്പാണ്. ദൈവം അമ്പലങ്ങളിലും പള്ളികളിലുമില്ല. മനുഷ്യന്റെ ഹൃദയ കോവിലിൽ ദൈവം കുടികൊള്ളുന്നു. ചത്തവനെപ്പോലെ ചിന്തിക്കാൻ കഴിവില്ലാത്തവർ ദേവാലയങ്ങളിലും അമ്പലങ്ങളിലും നമസ്ക്കരിക്കാൻ പോവുന്നു. അവർ കാണുന്നതു സ്നേഹമുള്ള ദൈവത്തെയല്ല. ധനത്തിനാർത്തി പിടിച്ച, പിശാചിന്റെ വേഷം ധരിച്ച, അല്ലെങ്കിൽ മനസു നിറയെ പൈശാചികിത നിറഞ്ഞ അമ്പല, പള്ളി പുരോഹിതരെയും തട്ടിപ്പുകാരെയുമാണ്. മതഗ്രന്ഥങ്ങൾ ഓരോ കാലത്തെ മനുഷ്യരുണ്ടാക്കിയതാണ്.

    മനുഷ്യനറിയാൻ ദൈവം ആരോടും ഒന്നും അരുളി ചെയ്തിട്ടില്ല. ദൈവമെന്ന സങ്കല്പം അനശ്വരമായ എന്തോ ശക്തിയാണ്. ആരും കാണുകയോ സ്പർശിക്കുകയോ ചെയ്തിട്ടില്ല. കുറ്റവാളി മനസോടെ ആരെങ്കിലും ദൈവത്തെപ്പറ്റി പറയുന്നുവെങ്കിൽ, ധ്യാന കേന്ദ്രത്തിൽ നിന്നും ദൈവം അവരോടു സംസാരിച്ചെന്നു പറയുന്നുവെങ്കിൽ അതു വെറും പച്ചക്കള്ളങ്ങളെന്നു മനസിലാക്കണം. മനസിലെ ദൈവമെന്ന ആന്തരിക സൌന്ദര്യം മതം നശിപ്പിക്കുന്നു. മതം പ്രസംഗിക്കുന്നവരും ദൈവമെന്ന സത്തയെ അറിയാൻ പാടില്ലാത്തവരും കാപട്യ മനസ് നിറഞ്ഞവരാണെന്നും മനസിലാക്കണം.

    ReplyDelete
  3. "അനന്യനായ ദൈവത്തെ", തന്നിലെതന്നെ "ബോധ ചൈതന്യത്തെ", "അന്യമെന്നു" കരുതാൻ മനുഷ്യനെ പഠിപ്പിച്ച "കുരുടന്മാരായ വഴികാട്ടികളാണു" പുരോഹിതവർഗമാകെ ! അനിര്വച്ചനീയനായ ആ "സത്തയെ", "വായിൽ തോന്നിയതു കോതയ്ക്കു പാട്ട് "എന്ന പ്രകാരം, ഓരോ മതവും ഓരോ മതവിഭാഗങ്ങളും, വരച്ചുകാട്ടി വിരൂപിയാക്കിയ "അരൂപിയാണ്" പാവം ദൈവം ! ഒരുവനും ഒരുനാളും കണികാണാൻ പോലും കൊള്ളാത്ത നിക്രിഷ്ടജീവികളായ പുരോഹിതനെ വന്ദിക്കുന്നവരേ നിങ്ങള്ക്ക് ഹാ... കഷ്ടം ! വെറുമൊരു കൊന്നപൂവിന്റെ കണികാണാനുള്ള "ജന്മപുണ്ണ്യമില്ലാത്ത" ഈ പാഴ്ജന്മങ്ങളെ വിട്ടകന്നു പോകുവീൻ എന്ന ദർശനമാണു ക്രിസ്തു "പ്രാർഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതെന്ന "വിലക്ക്" മാനവരാശിയോടു തന്റെ മനുഷ്യാവതാരകാലത്ത് ഒരു കൂസലുമില്ലാതെ നല്കിയത്! "ചത്തവനെപ്പോലെ ചിന്തിക്കാൻ കഴിവില്ലാത്തവർ ദേവാലയങ്ങളിലും അമ്പലങ്ങളിലും നമസ്ക്കരിക്കാൻ പോവുന്നു. അവർ അവിടെ കാണുന്നതു സ്നേഹമുള്ള ദൈവത്തെയല്ല, പകരം ധനത്തിനാർത്തി പിടിച്ച, പിശാചിന്റെ വേഷം ധരിച്ച, അല്ലെങ്കിൽ മനസു നിറയെ പൈശാചികിത നിറഞ്ഞ അമ്പല, പള്ളി പുരോഹിതരെയും തട്ടിപ്പുകാരെയുമാണ്! അവരുടെ മതഗ്രന്ഥങ്ങൾ ഓരോ കാലത്തെ കുബുദ്ധികളായ കുറെ മനുഷ്യരുണ്ടാക്കിയതുമാണ് ." പ്രാർഥിക്കാൻ പഠിപ്പിക്കുന്ന ഒരു മതവും ദൈവത്തെ അറിഞ്ഞ മതങ്ങളല്ലെയല്ല !
    "ഈശനോടു പ്രാർഥിക്കാതെ പ്രാപിക്കൂ നീ അവനെ ,
    നിൻ ചേതസിനെ ഉണർത്തുമാ ബോധചേതന ;
    മുന്തിരിതൻ വള്ളിയോടു ചില്ലയൊന്നും പ്രാർഥിക്കില്ല,
    പ്രാപിച്ചവർ പരസ്പര പൂരകമൊന്നായ്" (അപ്രിയ യാഗങ്ങൾ )
    ക്രിസ്തുവിന്റെ "ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളുമാകുന്നു"എന്ന മൊഴി ഇതിനെ സാധൂകരിക്കുന്നു !
    "മതവും ദൈവവും തമ്മിൽ തെക്കും വടക്കും തമ്മിലുള്ള വ്യത്യാസമുണ്ട്. മതത്തെ നിർവചിക്കാം പക്ഷെ ദൈവത്തെ നിർവചിക്കാൻ സാധിക്കില്ല.
    യേശു ഒരു മതവും സ്ഥാപിച്ചിട്ടില്ല. അവിടുന്ന് ഒരു മതത്തെപ്പറ്റിയും സംസാരിച്ചിട്ടില്ല. മതം സ്ഥാപിച്ചവരും മതം കൊണ്ടു നടക്കുന്നവരും വർഗീയ വാദികളെന്നേ പറയാൻ നമുക്ക് സാധിക്കുള്ളൂ. മതം മനസ്സിൽ പ്രതിഷ്ഠിച്ചിരിക്കുന്നവർ "ക്രിമിനൽ" മനസുള്ളവരാണ്. അപരന്റെ വിശ്വാസത്തെ പുച്ഛിച്ചുകൊണ്ടുള്ള ഒരു വെറുപ്പ്‌ അവരുടെ മനസ്സിൽ കാലാകാലമായി അടിഞ്ഞു കൂടിയിരിക്കും. ഇന്ന് ലോകത്തിനു പ്രശ്നമായിരിക്കുന്നതും മതം കൊണ്ട് നടക്കുന്ന വർഗീയ വാദികൾ തന്നെയാണ് . എല്ലാ മതങ്ങൾക്കും സ്വർഗത്തിൽ ഒരു ദൈവമെയുള്ളൂവെങ്കിൽ പല തരം മതങ്ങളും അവരുടെയെല്ലാം ദൈവങ്ങളും തമ്മിൽ പരസ്പരം മല്ലടിക്കണമോ? ഒരു മതത്തിന്റെ ദൈവം മറ്റൊരു മതത്തിന്റെ ശത്രുവാകുന്നതെങ്ങനെ?
    "പലരാണു ദൈവങ്ങളെന്നു വന്നാകിലോ കലഹം സുലഭമാണൂയരത്തിലും'
    അവരുടെ അടിപിടി ഓശയോ ഇടിനാദം ? അറിവൂറും ശാസ്ത്രങ്ങൾ അപപാറമോ"?(സാമസംഗീതം )
    "സത്യമെന്തെന്നാൽ മതം കണ്ടു പിടിച്ചവർ സ്വന്തം താല്പര്യങ്ങളെ പരിരക്ഷിക്കാൻവേണ്ടി ദൈവത്തെ അറിയാത്തവരെ അടിമകളാക്കിയെന്നുള്ളതാണ്.
    വാസ്തവത്തിൽ മതം പഠിപ്പിക്കുന്നത്‌ ദൈവത്തെപ്പറ്റിയല്ല പിശാചിനെപ്പറ്റിയാണ്. കാരണം പിശാചുക്കളാണ് മനുഷ്യ ധർമ്മത്തിനു എതിരു നിൽക്കുന്നവർ. സ്വാർത്ഥത നിറഞ്ഞ ലോകത്തെ സൃഷ്ടിച്ചതും മതമാണ്‌. മതം നയിക്കുന്നവരും ചതിയന്മാരും കള്ളന്മാരുമാണ്. ഒരിയ്ക്കൽ യേശു കയറുകൊണ്ട് ചമ്മട്ടിയുണ്ടാക്കി അവരെ ദേവാലയത്തിൽ നിന്നും ആട്ടിയോടിച്ചിരുന്നു.എന്നത് നമുക്കും മാതൃകയാക്കാം " നമ്മുടെ ഹൃദയമാകുന്ന ദേവാലയത്തിൽനിന്നും പുരോഹിതനെ ആട്ടിപ്പുറത്താക്കി പടിയടച്ചു പിണ്ഡം വയ്ക്കൂ...

    ReplyDelete