Translate

Wednesday, March 9, 2016

വൈദികർ ഏകാന്ത തടവറയിൽ.

 

കർത്താവേ ശത്രുക്കൾക്കു പോലും ഇങ്ങനെ വരുത്തരുതെ എന്ന പ്രാർത്ഥനയാണ് എന്റെ മനസ്സിൽ കടന്നുവരുന്നത്.


 വൈദിക ജോലിയിലേയ്ക്ക് കടന്നുവരുന്ന കുട്ടികൾ അവരുടെ പരിശിലനകാലത്ത് ലഭിക്കുന്ന അറിവുകളുടെയും വിശ്വാസങ്ങളുടെയും അന്തവിശ്വാസങ്ങളുടെയും അടിസ്ഥാനത്തിൽ കുടുംബജീവിതത്തിൽ നിന്നും വിട്ടുനിൽക്കുവാൻ നിർബന്ധിതരായിത്തീരുന്നു. സഭയിലെ വിശ്വാസങ്ങളും അന്തവിശ്വാസങ്ങളും മൂലം അവർ ദൈവത്തിന്റെ പ്രതിപുരുഷൻമാരാണെന്ന തെറ്റായ വിശ്വാസം അവരിൽ അടിച്ചേൽപ്പിക്കപ്പെടുന്നു.  വിശ്വാസ സമുഹം കൂടി വൈദികന് കൃത്രിമ പരിവേഷം ചാർത്തിനൽകുന്നതുവഴി ഈ വ്യക്തി നേർച്ചക്കോഴിയെപ്പൊലെയോ ഇറച്ചിക്കായി കഴുത്തറുത്ത് കൊല്ലുവാൻ മാറ്റിനിർത്തപ്പെട്ട  മൃഗത്തെപ്പോലെയോ നിസ്സഹായരായി, പ്രതികരിക്കുവാൻ കഴിയാതെ മാറ്റിനിർത്തപ്പെടുന്നു. ളോഹക്കുള്ളിൽ അകപ്പെട്ട വൈദികന് രക്ഷപെടുവാൻ കഴിയാത്ത അവസ്ഥയിൽ അകപ്പെട്ടുപോകുന്നു
.

  പിന്നീടുണ്ടാവുന്ന ജീവിത സാഹചര്യങ്ങളെ മുഴുവൻ മനസ്സില്ലാ മനസ്സോടെ സഹിക്കുവാൻ വിധിക്കപ്പെടുന്നു.
ഏകാന്ത തടവറയിലെ ജീവിതം അനുഭവിക്കുന്ന ഈ മനുഷ്യന്റെ ജീവിതത്തിന്റെ ഭൗതീക തലത്തിലേയ്ക്ക് തിരിഞ്ഞു നോക്കി കരുണ കാണിക്കുന്നതിനോ ആത്മ സംഘർഷത്തെ മനസ്സിലാക്കുന്നതിനോ വിശ്വാസ സമൂഹവും മനസ്സുവയ്ക്കാറില്ല. മനുഷ്വത്വം നഷ്ടപ്പെട്ട ജനസമുഹം വളർന്നുവരുകയാണ്.സ്വന്തം കുടുംബത്തിൽപെട്ടവർ പോലും ഇവരുടെ നൊമ്പരങ്ങൾ കാണുവാൻകൂട്ടാക്കുന്നില്ല ആത്മിയതയുടെയോ ഭൗതികതയുടെയോഎന്തിന്റെപേരിലായാലുംഇതുകടുത്തഅനീതിയാണ്.
വളരെയധികം പുരോഹിതരിൽ മാനസ്സിക പിരിമുറുക്കവും നിരാശഭാവവും ജീവിതത്തോടുള്ള വിരക്തിയും വർദ്ധിച്ചുവരികയാണ്.നിരവധിപേർ വൈദിക ജോലി ഉപേക്ഷിച്ച് ഇറങ്ങിപ്പോരുന്നു.  കഠിന ഹൃദയരായിമാറുന്നവരുടെ എണ്ണവും വൻ തോതിൽ കുടിവരുന്നു. അവരുടെ ജീവിതസാഹചര്യങ്ങളേയോർത്ത് പ്രതികരിക്കുവാൻ കഴിയാതെ പുരോഹിതർ, ഈ ജീവിതം ഞങ്ങൾക്ക് വളരെയധികം സന്തോഷപ്രദമാണെന്ന് കള്ളം പറയിക്കുന്ന സമ്മർദ്ദ സാഹചര്യമാണ് ഇവിടെയുള്ളത്. വൈദികരോട് സമുഹം മനുഷ്യത്വരഹിതമായ, കണ്ണിൽചോരയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നത്. മനുഷ്യാവകാശ ലംഘനമാണ് ഇവിടെ നടക്കുന്നത് എന്നതിൽ യാതോരുതർക്കവുമില്ല. 


നിരവധി പള്ളികളിൽ ഒരു പുരോഹിതൻ മാത്രമാണ് ഉള്ളത്. രാത്രികാലങ്ങളിൽ പള്ളിമുറിയിൽ ഒറ്റക്കുതാമസിക്കുന്ന ഒരച്ചന് ഒരു നെഞ്ചുവേദന അനുഭവപ്പെട്ടാൽ , പനിയൊന്നു കൂടിയാൽ, ഒരു കള്ളന്റെ ആക്രമണമുണ്ടായാൽ ,ഒരുതലചുറ്റലുണ്ടായാൽ, ഭയപ്പെടുത്തുന്ന ഒരു ശബ്ദം സെമിത്തേരിയുടെ ഭാഗത്തുനിന്നുമുണ്ടായാൽ  ഈ പാവം മനുഷ്യൻ എന്തുചെയ്യും . പള്ളിയുടെ കോമ്പൗണ്ട് വിട്ട് വളരെ ദൂരത്തിലായിരിക്കുമല്ലോ വിടുകൾ ഉള്ളത്. നമ്മളിൽ ആരെങ്കിലും സെമിത്തേരിയുടെ സമീപം ഒറ്റക്കു രാത്രികാലങ്ങളിൽ അരമണിക്കൂർ താമസിക്കുവാൻ പറഞ്ഞാൽ എത്രപേർക്ക് സാധിക്കുമെന്ന് ആലോചിക്കുക. കൂരിരിട്ടിൽ ഒറ്റക്കു താമസിച്ച് ജനങ്ങളെ സേവിക്കുവാൻ ക്രിസ്തുഎവിടെയാണ് പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യം മനസ്സിലാക്കി എല്ലാ പള്ളികളിലും രണ്ടോ അതിലധികമോ പുരോഹിതരെ നിയമിക്കുവാൻ സഭാ നേതൃത്വവും തയ്യാറാവണം ഇതിനായിവിശ്വാസ സമൂഹവും സഭാനേതൃത്വത്തിന്റെമേൽ സമ്മർദ്ദംചെലുത്തണം. മെത്രാൻമാരുടെ അരമനകളിലും രൂപതാ ആസ്ഥാനങ്ങളിലും  നിരവധി അച്ചൻമാർ താവളമടിക്കുന്നത് എന്തിനാണ്. 

പുരോഹിതർക്ക് നൽകുന്ന ശംബളം പുനപരിശോധിക്കണം. കോടാനുകോടി രൂപ സമ്പത്തുള്ള സഭ പുരോഹിതർക്ക്‌നൽകുന്നത് വളരെ തുശ്ചമായ ശംബളമാണ് സാമ്പത്തിക പ്രയാസം കാരണം പല പുരോഹിതർക്കുംപള്ളിയുടെ പണത്തിൽ നിന്നും പണം കട്ടെടുക്കുകയോ വിശ്വാസികളുടെകയ്യിൽ നിന്നും കടം വാങ്ങുകയൊ ചെയ്യെണ്ട്ിവന്നിട്ടുണ്ട്. ഇരുപതും മുപ്പതും വർഷങ്ങൾ പുരോഹിതനായി ജോലിചെയ്തിട്ട് പുറത്തേയ്ക്കുവന്നാൽ യേശുവിന്റെ പേരുപറഞ്ഞ്ചില്ലിക്കാശുപോലും നൽകാതെ അവരെ പറഞ്ഞയക്കുന്നു എന്നുമാത്രമല്ല നാട്ടിലും വീട്ടിലും ഭ്രഷ്ടുകൽപ്പിക്കുകയും ചെയ്യുന്നു.ഇതു കൊടും ക്രൂരതയാണ്. 


നമ്മുടെയോക്കെ കുടുംബങ്ങളിൽ നിന്നും പോയവരാണിവരെന്ന പരിഗണനയുമില്ല. കുടുംബ സ്വത്തുക്കൾ രൂപതയോ സ്വന്തക്കാരോഇതിനോടകം തട്ടിയെടുത്തിട്ടുണ്ടാവാമെന്നതിനാൽ ജീവിതം അസഹനിയമായിത്തിരുന്നു. ഇതിലെ ശരി കാണുവാൻ സമൂഹം തയ്യാറാകണം. 


ദൈവം മനുഷ്യനും മറ്റു ജീവജലങ്ങൾക്കും ലോകത്തിന്റെ നിലനിൽപ്പിനും സൃഷ്ടികർമ്മത്തിന്റെ പൂർത്തികരണത്തിനുമായി നൽകിയിരിക്കുന്ന വരദാനമാണ് സെക്‌സ് .

ഒരു പുരോഹിതൻ ഈ ദൈവാംശത്തെ അടക്കിവയ്ക്കുവാൻ നിർബന്ധിതനായി തീരുന്നു. പൗരുഷവും ഓജസും തേജസ്സുംഉണ്ടായിരുന്നിട്ടും ശിഖണ്ഡിയെപ്പൊലെ , ആ ഭാവത്തിൽ ജീവിക്കണമെന്നു പറയുന്നത് കടുത്ത അപരാധമാണ്. ദൈവാനന്ദത്തിന്റെ പുർത്തീകരണമാണ് സെക്‌സ് 

.ഇതിന്റെപൂർത്തികരണത്തിനായിഒരു പുരോഹിതൻ അധാർമ്മികവും നിയമവിരുദ്ധവുമായ മാർഗ്ഗങ്ങൾ തേടേണ്ടിവന്നാൽ   സമൂഹം അവനെ കുറ്റവിചാരണ നടത്തുകയും കല്ലെറിയുകയും ചെയ്യുന്നു.   ഈ വ്യക്തിയെ വിചാരണചെയ്യുവാൻ സമൂഹത്തിന് ധാർമ്മികമായി എന്തധികാരമാണുള്ളതെന്നു ചിന്തിക്കണം .ആയിരക്കണക്കിനു  കത്തോലിക്കാ പുരോഹിതർ  കുഞ്ഞുങ്ങളേയും വീട്ടമ്മമാരേയും കന്യാസ്ത്രീകളേയും  ദുരുപയോഗം ചെയ്തുവെന്നും കൊലപ്പെടുത്തിയെന്നുമുള്ള

വാർത്തകൾ കാണുകയും നിരവധി വൈദികർ ജയിലിൽ അടക്കപ്പെടുകയും ചെയ്യുന്നു. കത്തോലിക്കാ പുരോഹിതരുടെ സെക്‌സിനെ നിർബന്ധിതമായി അടിച്ചമർത്തിവയ്ക്കുവാൻ തീരുമാനിച്ചത് ഈ സമൂഹമല്ലേ. കത്തോലിക്കാ പുരോഹിതർക്കും മറ്റു സഭകളിലെ പുരോഹിതരേപ്പോലെ വിവാഹം കഴിക്കുവാൻ അനുവാദം നൽകണമെന്ന് വിശ്വാസ സമൂഹം റോമിനോട് ആവശ്യപ്പെട്ടാൽ ഉടൻ നടപ്പാക്കിക്കിട്ടുമല്ലോ, അല്ലെങ്കിൽ റോം വരെ എന്തിനു പോകണം സീറോമലബാർ സഭക്ക് സ്വതന്ത്ര പദവി റോം തന്നിട്ടുളളതിനാൽ അവരുടെ പഴയ പൈതൃകത്തിലേയ്ക്ക് എപ്പോൾ വേണമെങ്കിലും തിരികെ പോകുവാൻ അധികാരമുള്ളതിനാൽ നമ്മുടെ പുരോഹിതർക്ക് വിവാഹം കഴിക്കുവാൻ അനുവാദം നൽകുവാൻ കെ. സി. ബി. സി. അരമണിക്കൂർ കൂടുകയേ വേണ്ടു. മെത്രാൻ്മാരും ഡീക്കൻമാരും കുടുംബസ്ഥനായിരിക്കണമെന്നാണ് വിശുദ്ധ ബൈബിൾ പഠിപ്പിക്കുന്നത്..(1 തിമോത്തിയോസ് 3)... ഇപ്പോൾ നടക്കുന്നത് ദൈവവിരുദ്ധമായ നടപടിയാണ്.ഇതു തിരുത്തപ്പെടണം.ഇക്കാര്യത്തിൽ വിശ്വാസ സമൂഹം സഭാനേതൃത്വത്തിന്റെ മേൽ ശക്തമായ സമ്മർദ്ദം ചെലുത്തണം. പുരോഹിതർക്കിടയിൽ രഹസ്യ ബാലറ്റിലൂടെ  അഭിപ്രായ സർവ്വേ നടത്തണം. 


കുടുംബ ജീവിതം നയിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ ഒരു പുരോഹിതനെക്കാൾ ആയിരം മടങ്ങ് കുടുതൽ ദൈവത്തിനു പ്രീതികരമായി ജീവിച്ച് കടന്നുപോകുന്നു. പുരോഹിത ജോലിയിലേയ്ക്ക് കടന്നുവരുന്നവർ മജ്ജയും മാംസവുമുള്ള പച്ചയായ  മനുഷ്യരാണെന്നുളള സത്യം സമൂഹം തിരിച്ചറിയണം.എന്തിന്റെ പേരിലായാലും  രാത്രിയുടെ യാമങ്ങളിൽ കൂരിരുട്ടിൽ ഏകാന്ത തടവറയിൽ ശവക്കല്ലറകൾക്ക് കൂട്ടായും സെക്‌സിനെ അടിച്ചമർത്തിയും ജീവിക്കേണ്ടവരാണോ നമ്മോടൊപ്പം നമ്മുടെ കുടുബങ്ങളിൽ പറവകളെപ്പോലെ ജീവിച്ച ഇവരെന്ന് ഓർക്കണം .  ഇവരുടെ ജീവിതങ്ങൾ തല്ലിക്കെടുത്തിയതിന് ഇവരുടെ മാതാപിതാക്കളും സഹോദരങ്ങളും മാത്രമല്ല സമൂഹം മുഴുവൻ കുറ്റക്കാരാണ്.  മാനുഷീക മൂല്യങ്ങൾക്ക് വിലതരുന്നില്ലങ്കിൽ അതുകിട്ടിയെന്നുറപ്പായിട്ടേയിനി നമ്മുടെ കുടുംബങ്ങളിൽ നിന്നും ഇനി കുഞ്ഞുങ്ങളെ സെമിനാരികളിലേയ്ക്കു വിടൂ എന്ന് നമ്മളും തീരുമാനിക്കണം. സഭയിലെ പുരോഹിതരും ഈ അധാർമ്മികതക്കെതിരെ പരസ്യമായി രംഗത്തുവരണം...
            റെജി ഞള്ളാനി , ദേശീയ ചെയർമാൻ.
കെ. സി. ആർ. എം - എക്‌സ് പ്രീസ്റ്റ് ,നൺസ്
അസോസിയേഷൻ. 


No comments:

Post a Comment