Translate

Saturday, February 6, 2016

സഭാനവീകരണം - എഡിറ്റര്‍ക്ക് ഒരു മറുപടി

വയലാര്‍ മൈക്കിള്‍

''സമ്പൂര്‍ണ്ണമായ ഒരു തത്വത്തെ ലക്ഷീകരിച്ചു ശരിയായ ദിശയില്‍ നീങ്ങാമെന്നല്ലാതെ അപൂര്‍ണ്ണനായ മനുഷ്യന് സ്വന്തം ജീവിതത്തില്‍ ആ തത്വത്തെ പൂര്‍ണ്ണമായി ആവിഷ്‌കരിക്കാന്‍ സാദ്ധ്യമാവുകയില്ല.'' 'സത്യജ്വാല' മെയ് ലക്കത്തില്‍ എഡിറ്റര്‍ എഴുതിയ ഒരു ആശയമാണിത്.
മാന്യ എഡിറ്ററുടെ ഈ അഭിപ്രായത്തെ അല്പമൊന്നു വിശകലനംചെയ്യുന്നത് നവീകരണത്തിന്റെ യഥാര്‍ത്ഥ മാനങ്ങളിലേക്കു നീങ്ങാന്‍ സഹായകമാണെന്നു കരുതുന്നു.
1. സമ്പൂര്‍ണ്ണമായ തത്ത്വം ഉണ്ടോ? ഉണ്ടെങ്കില്‍ അത് എന്താണ്? സമ്പൂര്‍ണ്ണമായ തത്ത്വത്തെക്കുറിച്ചു പറയുമ്പോള്‍ ശ്രീ. മൂലേച്ചാലില്‍ എന്താണ് ഉദ്ദേശിച്ചത് എന്നു വ്യക്തമല്ല. എങ്കിലും, മനുഷ്യനെ സംബന്ധിച്ച സമ്പൂര്‍ണ്ണമായ തത്വം, 'തത്ത്വമസി' എന്നതാണ്. 'അതു നീയാകുന്നു', 'അഹം ബ്രഹ്മാസ്മി', 'അയമാത്മ ബ്രഹ്മ' ഇതെല്ലാമാണ് മനുഷ്യനെ സംബന്ധിച്ച പൂര്‍ണ്ണമായ തത്ത്വം.
നമ്മള്‍ ക്രിസ്ത്യാനികള്‍ ഇത്തരം പൂര്‍ണ്ണമായ തത്വത്തെക്കുറിച്ച് കൂടുതല്‍ ചിന്തിച്ച് തലചൂടാക്കാറില്ല. കാരണം, നാം ബൈബിളിലെ പൗലോസ് ശ്ലീഹായുടെയും പ്രവാചകന്മാരുടെയും വചനങ്ങളും മറ്റു സങ്കീര്‍ത്തനങ്ങളുമെല്ലാം പഠിച്ചും പള്ളിയില്‍നിന്നു കേട്ടും അതിന്റെ 'ഹാങ് ഓവറി'ല്‍ സമൂഹത്തോടുചേര്‍ന്നു ജീവിതം  നയിക്കുവാന്‍ പരിശ്രമിച്ചു സംതൃപ്തരാകുന്നു. സഭയുടെ ദൈവവിരുദ്ധപ്രവൃത്തികള്‍ മനസ്സിലാക്കുന്നവരില്‍ ചിലര്‍ അല്പം നവീകരണം ആഗ്രഹിക്കുന്നുവെന്നുമാത്രം. അതുകൊണ്ട് ഭൂരിഭാഗവും ശ്രീ മൂലേച്ചാലിലിന്റെ അഭിപ്രായത്തോടു ചേര്‍ന്നുനില്‍ക്കുന്നവരാണ് എന്നു പറയാം. സഭ പഠിപ്പിക്കുന്നതും മറ്റൊന്നല്ല, മനുഷ്യരെല്ലാം അപൂര്‍ണ്ണരും ജന്മനാ പാപികളും ആണ് എന്നുതന്നെയാണ്.
2.     മനുഷ്യന്‍ അപൂര്‍ണ്ണനാണ് എന്നു ചിന്തിക്കുന്നതുതന്നെ മനുഷ്യരായ നമ്മേക്കുറിച്ചുള്ള നമ്മുടെ അറിവിന്റെ പോരായ്മമൂലമാണ്. കാരണം, ഭൂമിയിലെ ജീവികളില്‍ പൂര്‍ണ്ണാവസ്ഥയില്‍ എത്തിച്ചേരുവാന്‍ കഴിവുള്ള ജീവി മനുഷ്യന്‍മാത്രമാണ്. അങ്ങനെയുള്ള പൂര്‍ണ്ണാവസ്ഥയെയാണ് ആത്മജ്ഞാനം, മോക്ഷം, നിര്‍വ്വാണം, യേശുവിന്റെ ഭാഷയില്‍ സ്വര്‍ഗ്ഗരാജ്യം എന്നെല്ലാം വിളിക്കുന്നത്.
മനുഷ്യന്‍ എന്ന ജീവരൂപം ദൈവത്തിന്റെ ആലയമായതുകൊണ്ടാണ് 'അതു നീയാകുന്നു' എന്ന് ഉപനിഷത്തുകള്‍ പ്രഘോഷിക്കുന്നത്.
മനുഷ്യനിലെ കര്‍മ്മങ്ങളുടെ ശക്തിശ്രോതസ്സ് പ്രപഞ്ചശക്തിയായ ദൈവമാണ്. മറ്റെല്ലാ ജീവികളുടെ കാര്യത്തിലും അതു അങ്ങനെതന്നെയാണ്. എന്നാല്‍ മനുഷ്യന്റെ പ്രത്യേകത, ദൈവാവസ്ഥയില്‍ എത്തിച്ചേരുവാന്‍ കഴിവുള്ള ഒരു ജീവിയാണവന്‍ എന്നതാണ്. അതായത്, ദൈവശക്തിയെ കൈവെള്ളയിലെ നെല്ലിക്കാപോലെ സ്വാധീനിക്കുവാന്‍ കഴിവുള്ള ഒരു ജീവി, അതാണു മനുഷ്യന്‍. അങ്ങനെയുള്ള അവസ്ഥയില്‍ എത്തിച്ചേര്‍ന്ന് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച്, ആത്മജ്ഞാനാവസ്ഥയില്‍ ജീവിച്ചുകൊണ്ട് സമൂഹത്തിലെ മനുഷ്യനെക്കുറിച്ചുള്ള കാഴ്ച്ചപ്പാടിലെ പോരായ്മകളെ ഉപമകളില്‍ക്കൂടി വിമര്‍ശനാത്മകമായി പ്രഘോഷിക്കുകയാണ് യേശു ചെയ്തത്.
ഇതു മനസ്സിലാക്കാതെയാണ്, യേശു മാത്രമാണ് ദൈവപുത്രന്‍ എന്നും മറ്റുള്ളവരെല്ലാം പാപികളും അപൂര്‍ണ്ണരുമാണെന്നും സഭ പഠിപ്പിച്ചുപോരുന്നത്. യേശു ദൈവപുത്രനാണ് എന്നു വിശ്വസിച്ച് സഭയോടു ചേര്‍ന്നുനിന്ന് സഭയുടെ ആരാധനാക്രമങ്ങള്‍ അനുഷ്ഠിച്ചാല്‍, മരിച്ചുകഴിഞ്ഞ് സ്വര്‍ഗ്ഗരാജ്യം ഉറപ്പാക്കാം എന്നും സഭ പഠിപ്പിക്കുന്നു. ഇതെല്ലാം പ്രപഞ്ചനിയമങ്ങളുടെ പ്രത്യക്ഷമായ ലംഘനമാണ്.
3. ''ശരിയായ ഏതൊരു തത്വവും മനുഷ്യന്റെ ചിന്തയ്ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മാനദണ്ഡവും മാര്‍ഗ്ഗദീപവുമായി വര്‍ത്തിക്കുകമാത്രമാണ് ചെയ്യുന്നത്'' എന്നും എഡിറ്റര്‍ എഴുതി യിരിക്കുന്നു.
ആത്മീയവിഷയങ്ങളെക്കുറിച്ചാണെങ്കിലും ശാസ്ത്രവിഷയങ്ങളെ സംബന്ധിച്ചാണെങ്കിലും ഇത് ഭാഗികമായിമാത്രമേ ശരിയാവുകയുള്ളു.
ഉദാഹരണത്തിന്, വിദ്യുച്ഛക്തിയുടെ കാര്യംതന്നെ പരിശോധിക്കാം. Electric energy  കണ്ടെത്തുകയും അതു പ്രായോഗികതലത്തില്‍ പ്രയോഗിക്കുകയും ചെയ്യുന്നതിനു മുന്‍പും അതൊരു പ്രപഞ്ചസത്യവും തത്വവുമായിരുന്നു. അതിലെ തത്വം ഇതാണ്, Magnetic field-നെ ചെമ്പുകമ്പികളുടെ ചുരുളുകള്‍ ഉപയോഗിച്ചു തുടര്‍ച്ചയായി തടസ്സപ്പെടുത്തിയാല്‍, ചെമ്പുകമ്പിയിലെ ഇലക്‌ട്രോണ്‍സ് കമ്പനാവസ്ഥയിലേക്കു ത്വരിതപ്പെടുകയും അങ്ങനെ ഇലക്ട്രിസിറ്റി എന്ന ഊര്‍ജ്ജം ഉല്‍പ്പാദിക്കപ്പെടുകയും ചെയ്യും.
ഈ തത്വത്തെ പ്രവൃത്തിയില്‍ കൊണ്ടുവരുവാന്‍ മനുഷ്യനു സാധിച്ചു. ഇന്ന് ഊര്‍ജ്ജത്തിന്റെ പ്രയോജനം മനുഷ്യരുടെ ജീവിതത്തിലെ എല്ലാ മേഖലകളിലും സ്‌ഫോടനാത്മകമായ തരത്തില്‍ പുരോഗതിയുണ്ടാക്കുകയും ചെയ്തു.
എന്നാല്‍, മനുഷ്യനെ സംബന്ധിച്ചുള്ള തത്വവും സത്യവും നിലനില്‍ക്കേ, അതു പ്രായോഗികതലത്തില്‍ കൊണ്ടുവരുവാന്‍ അവന് അറിയില്ല. അതിനുള്ള പഠനങ്ങളും ജീവിതരീതിയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഒരു മേഖലയില്‍നിന്നും ഒരു മതത്തില്‍നിന്നും ഉണ്ടാകുന്നുമില്ല. ഇതു മനുഷ്യനെ സംബന്ധിച്ച് വലിയൊരു പരാജയമാണ്.
ഇപ്പോഴത്തെ മതങ്ങള്‍ പഠിപ്പിക്കുന്ന മാനദണ്ഡവും മാര്‍ഗ്ഗദീപവും ശ്രീ മൂലേച്ചാലില്‍ അഭിപ്രായപ്പെട്ടതുപോലെ, ഒരിക്കലും കൂട്ടിമുട്ടാതിരിക്കുന്ന രണ്ട് സമാന്തരരേഖകള്‍പോലെയാണ്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യന്‍ പൂര്‍ണ്ണനാണ് എന്നും, മനുഷ്യനുമാത്രമേ പൂര്‍ണ്ണാവസ്ഥയായ ആത്മജ്ഞാനത്തില്‍ എത്തിച്ചേരുവാന്‍ കഴിയുകയുള്ളൂ എന്നതുമാണു വസ്തുത. ദൈവമായി പരിണമിക്കുവാന്‍ കഴിവുള്ള ജീവിയാണ് മനുഷ്യനെന്ന പ്രപഞ്ചസത്യം നാം, ക്രിസ്ത്യാനികള്‍, അംഗീകരിക്കുന്നില്ല. അതുകൊണ്ടാണ് ആ സത്യം താത്വികമാണെന്നു വിലയിരുത്തി മുന്നോട്ടുള്ള പാത സ്വയം അടച്ചുകളയുന്നത്. K.C.R.M.പോലുള്ള സഭാനവീകരണ പ്രസ്ഥാനങ്ങളിലുള്ളവരെ സത്യാന്വേഷണത്തില്‍നിന്നു പിന്‍തിരിപ്പിക്കുവാന്‍മാത്രമേ ഈ നിലപാട് സഹായിക്കൂ.
മനുഷ്യന്‍ എന്താണെന്നും മനുഷ്യന്റെ ശക്തിവിശേഷം എന്താണെന്നും ഗ.ഇ.ഞ.ങ-നു വ്യക്തമായ ധാരണ ഉണ്ടായാല്‍ മാത്രമേ, മനുഷ്യനെക്കുറിച്ചുണ്ടാകേണ്ട സ്ഥായിയായ അറിവിന്റെ അഭാവത്തെ ചൂഷണംചെയ്യുന്ന വ്യവസ്ഥാപിതസഭയെ നവീകരിക്കുവാന്‍ നമുക്കു സാദ്ധ്യമാകൂ എന്നാണ് എന്റെ എളിയ അഭിപ്രായം.
മാന്യ എഡിറ്ററുടെ അഭിപ്രായത്തില്‍ ഉറച്ചുനിന്നുകൊണ്ട് സഭയെ നവീകരിക്കുകയെന്നാല്‍, അതു വെറും തിരുത്തല്‍വാദം മാത്രമായിരിക്കും. അതുതന്നെ വലിയൊരു കാര്യമാണ് എന്നു സമ്മതിക്കുന്നു.
പാപമോചനവും രക്ഷയും സ്വര്‍ഗ്ഗരാജ്യവും എന്ന സ്വകാര്യലക്ഷ്യത്തിലേക്കു മനുഷ്യ മനസ്സുകളെ കേന്ദ്രീകരിച്ച് ഭക്തിയുടെ വൈകാരികതയില്‍ ആഘോഷമായി അനുഷ്ഠാനക്കച്ചവടം നടത്തി വിശ്വാസികളെ സന്തോഷിപ്പിച്ചു നിലനില്‍ക്കുകയാണ് ഇന്നത്തെ സഭ. അത്തരം ചൂഷണങ്ങളെ എതിര്‍ക്കുകയും അതിനുവേണ്ടി സമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന K.C.R.M. പ്രവര്‍ത്തകര്‍, പ്രപഞ്ചത്തേക്കുറിച്ചും ദൈവവും മനുഷ്യനുമായുള്ള ബന്ധത്തെക്കുറിച്ചും വിശ്വാസികളെ ബോധവല്‍ക്കരിക്കുവാന്‍കൂടി പ്രാപ്തരായിരിക്കണം എന്നുള്ളതാണ് എന്റെ എളിയ അഭിപ്രായം.
അതിനുവേണ്ടിയുള്ള ബോധവല്‍ക്കരണവും ചര്‍ച്ചകളും പഠനക്ലാസ്സുകളും ഗ.ഇ.ഞ.ങന്റെ പ്രവര്‍ത്തനഭാഗമാകേണ്ടതുണ്ട്. അതില്‍ക്കൂടി പൊതുസ്വീകാര്യമായ മനശ്ശാന്തി നല്‍കുന്നതും ആത്മീയ ഉണര്‍വ്വിലേക്കു മനസ്സിനെ തുറക്കുന്നതുമായ പ്രാര്‍ത്ഥനാരീതികളും സാധനാമാര്‍ഗ്ഗങ്ങളും കണ്ടെത്തി പ്രയോഗത്തില്‍ വരുത്തണം. അങ്ങനെ നമ്മുടെ അന്ധത മാറ്റുവാന്‍ കഴിയുന്നപക്ഷം, അന്ധരായ വഴികാട്ടികളില്‍നിന്നു വിശ്വാസികളെ രക്ഷിക്കുവാനും നമുക്കു കഴിയും.
മനുഷ്യന്‍ എന്ന യഥാര്‍ത്ഥ ദൈവാലയത്തെ തിരിച്ചറിയാതെ, ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ എത്തിച്ചേരുവാന്‍ മനുഷ്യനു കഴിയുന്ന ദൈവാനുഭവാവസ്ഥയെ അംഗീകരിക്കാതെ, സ്വര്‍ഗ്ഗരാജ്യമെന്നത് മരിച്ചുകഴിഞ്ഞാല്‍ എത്തുന്ന സ്ഥലമാണ് എന്നെല്ലാം പഠിപ്പിക്കുന്ന സത്യവിരുദ്ധരുടെ ആഗോളസംഘടനയാണ് ഇന്നുവരെ കത്തോലിക്കാസഭ. അജ്ഞതയുടെ അടിത്തറയില്‍ രാജകീയ അധികാരങ്ങളുടെ പിന്‍ബലത്തില്‍ സ്ഥാപിതമായ കത്തോലിക്കാസഭ, അതു പിറവികൊണ്ട പാശ്ചാത്യനാടുകളില്‍ ഏതാണ്ട് തിരസ്‌കരിക്കപ്പെട്ടുകഴിഞ്ഞു. അവരെ അനുകരിക്കുന്ന കേരളത്തിലെ സഭകളുടെ ഗതിയും മറ്റൊന്നാകാനിടയില്ല.
അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ ആദ്ധ്യാത്മിക വിഷയങ്ങളില്‍ ഭാരതക്രൈസ്
തവര്‍ സ്വന്തം പാരമ്പര്യത്തിലെ മഹത്ത്വങ്ങളെ തിരിച്ചറിയാന്‍ തയ്യാറാകണം.
മനുഷ്യന്റെ യഥാര്‍ത്ഥ ശക്തിയെക്കുറിച്ച് ഉപനിഷത്തുകളില്‍ക്കൂടി ആധികാരികമായി പ്രഘോഷിക്കപ്പെട്ട ഒരു നാട്ടില്‍ ജനിച്ച നമ്മളെന്തുകൊണ്ട് അതിലെ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ മടിക്കുന്നു? അതിലെ സനാതന സത്യങ്ങളെ ഗൗരവമായി കാണുവാന്‍ എന്തു കൊണ്ടു വിസമ്മതിക്കുന്നു? വേദപാഠപഠനങ്ങളില്‍ക്കൂടിയും സഭയുടെ ബൈബിള്‍ വ്യാഖ്യാന ങ്ങളില്‍ക്കൂടിയും ദൈവശാ സ്ത്രസിദ്ധാന്ത ങ്ങളില്‍ക്കൂടിയുമൊക്കെ നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ അടിയുറപ്പിച്ചിരിക്കുന്ന സ്വന്തം മതത്തിന്റെ മഹത്വത്തെയോര്‍ത്തുള്ള ചിന്ത മൂലമായിരിക്കുമോ ഇത്? പണ്ടെന്നോ ജീവിച്ചിരുന്ന സന്ന്യാസികളുടെ ഉപനിഷത്തുകള്‍ പ്രാകൃതമെന്നു വിലയിരുത്തി മാറ്റിവച്ചിരിക്കുകയായിരിക്കുമോ? എന്തായാലും അതിലെ സത്യങ്ങള്‍ അറിയുവാന്‍ നാം ആഗ്രഹിക്കുന്നില്ല. മനുഷ്യന്റെ സത്യാന്വേഷണവ്യഗ്രതയെ തുടക്കത്തിലേതന്നെ തള്ളിക്കളയുന്ന രീതിയാണ് ഇതെല്ലാം.
അജ്ഞതയിലും മാമോന്റെ സമൃദ്ധിയിലും കെട്ടിപ്പൊക്കിയ വലിയൊരു മണല്‍ക്കൊട്ടാരമാണ്, ഇന്നു കത്തോലിക്കാസഭ - സത്യത്തിന്റെ പേമാരി ഉണ്ടായാല്‍ ഒലിച്ചു പോകാന്‍മാത്രം കഴിയുന്ന മണല്‍ക്കൊട്ടാരം.!
ഇങ്ങനെയെല്ലാമുള്ളപ്പോള്‍, ശുദ്ധമായ അറിവിന്റെ നിറവിലേക്ക് നാം ഉണരേണ്ടിയിരിക്കുന്നു. അതിനാവശ്യമായ പഠനങ്ങളും ചര്‍ച്ചകളും തുടങ്ങേ ണ്ടിയിരിക്കുന്നു. എല്ലാ വെച്ചുകെട്ടുപ്രാര്‍ത്ഥനകളില്‍നിന്നും പ്രസംഗങ്ങളില്‍നിന്നും പിന്‍മാറി ആത്മാവിലേക്കു ചേരുവാന്‍ പര്യാപ്തമായ പ്രാര്‍ത്ഥനാരീതികളും സാധനകളും നാം കണ്ടെത്തി ആവിഷ്‌ക്ക രിക്കേണ്ടിയിരിക്കുന്നു.      
ഗ.ഇ.ഞ.ങന്റെ മുന്‍പോട്ടുള്ള ചുവടുവയ്പുകള്‍ സത്യത്തെ അറിഞ്ഞുകൊണ്ട്, അതിന്റെ ജ്വാലയുടെ വെളിച്ചത്തില്‍ മറ്റുള്ളവരെ നയിക്കുവാന്‍ പര്യാപ്തമാകുംവിധത്തിലുള്ളതാകട്ടെ!
ഫോണ്‍: 9535375318                                
- ബഹു. ലേഖകന്‍ നവീകരണത്തെക്കുറിച്ച് അങ്ങേയറ്റം ആഴമുള്ള ചിന്തകളാണ് അവതരിപ്പിച്ചിരിക്കുന്നത്. മനുഷ്യനെ ആത്മജ്ഞാനത്തിലേക്കും അങ്ങനെ ദൈവാവസ്ഥയിലേക്കും നയിക്കാന്‍ പ്രാപ്തിയുള്ള ഋഷിതുല്യരായ ജ്ഞാനികള്‍ക്കേ ശ്രീ വയലാര്‍ മൈക്കിള്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരത്തില്‍ പ്രവര്‍ത്തിക്കാനാവൂ. അദ്ദേഹത്തിനറിയാവുന്നതുപോലെ, ഗഇഞങ ഉന്നതമായ അത്തരം ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമല്ല. അതിനെ നയിക്കുന്നവരാരും ജ്ഞാനികളുമല്ല. അതൊരു സാമൂഹിക പരിഷ്‌ക്കരണപ്രസ്ഥാനം മാത്രമാണ്. കത്തോലിക്കാസമുദായത്തിനുമേലുള്ള പൗരോഹിത്യത്തിന്റെ പിടിമുറുക്കം അല്പമെങ്കിലുമൊന്ന് അയച്ചെടുക്കുക മാത്രമാണ് അതിപ്പോള്‍ ലക്ഷ്യമിടുന്നത് എന്നു പറയട്ടെ. എങ്കിലും, മതനവീകരണത്തിലെ ആത്മസാക്ഷാത്ക്കാരലക്ഷ്യം അനാവരണം ചെയ്യുന്ന ഇത്തരം ചിന്തകളെ KCRM ('സത്യജ്വാല'-യും) സ്വാഗതം ചെയ്യുന്നു.

1 comment:

  1. അദ്വൈത ബോധത്തില്‍ ,"ഞാനും പിതാവും ഒന്നാകുന്നു /എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു" എന്നു ക്രിസ്തു ആത്മജ്ഞാനത്തില്‍ പ്രഘോഷിച്ചെങ്കിലും, കുരിശില്‍ കയറാനുള്ള മാനുഷീക മടികാരണം, ഗത്സേമനയില്‍ "കഴിയുമെങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്നും നീക്കേണമേ" എന്നും, കുരിശിലെ മരണമൊഴികളുടെ കൂട്ടത്തില്‍ "ഏലിഏലി ലമ്മാ ശബക്താനീ" എന്നും (എന്റെ ദൈവമേ, എന്റെ ദൈവമേ, എന്നെ നീ കൈവിട്ടതെന്തു) എന്ന ദ്വൈതബോധത്തില്‍ കരച്ചിലും നിലവിളിയും നടത്തുകയുമില്ലായിരുന്നു! ഒരുവന്‍ ആത്മജ്ഞാനത്തില്‍ മനസുറയ്ക്കണമെങ്കില്‍, അവന്‍ മിനിമം ഗീതയെങ്കിലും കരളില്‍ ഉറച്ചിരിക്കണം ! അല്ലാതെ ഒരു ജന്മം മുഴുവന്‍ പോഴന്‍ പാതിരി ഉരുവിടുന്ന ജല്‍പനങ്ങളില്‍ മനമുറച്ചാല്‍ ആ ജന്മം പാഴായതുതന്നെ! ദൈവത്തെ തേടി പള്ളിയില്പോയി ,കത്തനാരുടെ വിഡ്ഢിത്തം കേട്ട് ചെവി നിറച്ചു ആത്മീകാന്ധതയുടെ കല്ലറകളില്‍ മൂടപ്പെട്ട തലമുറകളെ ഓര്‍ത്ത്‌ കാലം ഇനിയും വിലപിക്കട്ടെ!
    ,"ഞാനും പിതാവും ഒന്നാകുന്നു /എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു" എന്നു ഓരോ മനുഷ്യനും സ്വയമറിഞ്ഞു പറയുവോളം ദൈവരാജ്യവും നമുക്ക് അകലെ അകലെ അകലെ .

    ഒരു സഭയിലും ഒരു നവീകരണവും ഒരിക്കലും ആരാലും നടത്താനാവില്ല, കാത്തനാരും പാസ്ടരും അതില്‍ നേതാവ് കളിക്കുന്നിടത്തോളം കാലം ! ഇവന്മാരുടെ ഈ ഇടയന്‍ കളിയും ആടുകളുടെ അടിമത്തവും ഒന്നാമതായി ലോകത്ത് നിന്നും ഇല്ലാതെയാകണമെങ്കില്‍ നാം ക്രിസ്തുവിനെ രക്ഷകനായും ഗുരുവായും അന്ഗീകരിക്കണം! അവനെ അനുസരിക്കൂ..പള്ളിയിലെ പ്രാത്ഥന നിര്‍ത്തൂ ..എന്നിട്ടത് മനസിന്റെ മൌനത്തില്‍ ആഴ്ത്തൂ...അങ്ങിനെ നമുക്കും മനുഷ്യരാകാം..മനനമുള്ള മനുഷ്യര്‍! മനനങ്ങളുടെ ആഴങ്ങളില്‍ ഒരുവന് സ്വയം അവനില്‍ത്തന്നെ കണ്ടെത്താവുന്ന നിതാന്തമായ സത്യമാണ് 'ദൈവം' ! ദൈവം സത്യസ്യസത്യമാണ് ! സത്യംപോലെ മിഥ്യ ഈ മായാലോകത്തു നമ്മെ കുരങ്ങു കളിപ്പിക്കുമ്പോള്‍ , നാം നമ്മില്‍ത്തന്നെ ആ പരമസത്യത്തെ കണ്ടെത്തിയില്ലായെങ്കില്‍ "സര്‍വലോകവും നീ നേടിയാലും നിന്റെ ആത്മാവിനെ നീ കണ്ടെത്താത്ത പാഴ്ജന്മാമായി കാലത്തിന്റെ ചുഴിയില്‍ വീണു മറഞ്ഞുപോകും നിശ്ചയം !

    ReplyDelete