Translate

Thursday, December 10, 2015

നവകൊളോണിയലിസത്തിന്റെ നാല്ക്കവലയില്‍ - ആമുഖം i

ജോര്‍ജ് മൂലേച്ചാലില്‍

(അല്പം ദീര്‍ഘവും ആലോചനാമൃതവുമായതിനാല്‍ 'നവകൊളോണിയലിസത്തിന്റെ നാല്ക്കവലയില്‍' എന്ന ലേഖനസമാഹാരത്തിന്റെ ഈ ആമുഖലേഖനം മൂന്നു ഭാഗങ്ങളായാണ് പ്രസിദ്ധീകരിക്കുന്നത്. പുസ്തകം വേണ്ടവര്‍ ഈ മാസംതന്നെ 100 രൂപാ മുഖവിലയുള്ള ഈ പുസ്തകത്തിന് 60 രൂപാ നേരിട്ട് (നവോത്ഥാനം ബുക്‌സ്, വള്ളിച്ചിറ 686574, മൊബൈല്‍:  9497088904, email : geomoole@gmail.com) അയച്ചുകൊടുത്താല്‍ ഉടന്‍തന്നെ സാധാരണ പോസ്റ്റില്‍ പുസ്തകം അയച്ചുതരും.
I
എന്റെ ഗുരുനാഥനായി ഞാന്‍ കണക്കാക്കുന്ന ഡി. പങ്കജാക്ഷകുറുപ്പുസാര്‍ മനുഷ്യമനസ്സിന്റെ മൂന്നു തലങ്ങളെപ്പറ്റി പറഞ്ഞിട്ടുള്ള ഒരു സത്യം ഓരോ നിമിഷവും എന്റെ ഓര്‍മ്മയിലുണ്ട്. അദ്ദേഹം പറഞ്ഞു: ''പ്രകൃതി, വികൃതി, സംസ്‌കൃതി എന്ന മൂന്നു തലങ്ങള്‍ മനസ്സിനുണ്ട്. 'സ്വാര്‍ത്ഥത' പ്രകൃതിയാണ്, 'സ്വകാര്യമാത്രപരത' വികൃതിയാണ്, 'നിസ്വാര്‍ത്ഥത' സംസ്‌കൃതിയും. നിസ്വാര്‍ത്ഥതയിലേക്കു വളരാന്‍ ശ്രമമില്ലാതെ വന്നാല്‍ സ്വഭാവികമായി സ്വാര്‍ത്ഥത സ്വകാര്യമാത്രപരതയായി താണുപോകും'' (പുതിയ ലോകം പുതിയ വഴി: ആദ്യപതിപ്പ്, പേജ്: 51-52). മറ്റു ജീവികളെപ്പോഴും പ്രകൃതിയുടെ ചാലിലാണെന്നും അവ അതതിന്റെ ജന്മസിദ്ധസ്വഭാവങ്ങളില്‍നിന്ന് ഉയരുകയോ താഴുകയോ ചെയ്യാറില്ല എന്നും നമുക്കറിയാം. മനുഷ്യനു ലഭിച്ച വിശേഷബുദ്ധിയാണ് സംസ്‌കൃതിയിലേക്കുയരണമോ വികൃതിയിലേക്കു താഴണമോ എന്നു നിശ്ചയിക്കാനുള്ള സ്വാതന്ത്യം അവനു നല്‍കുന്നത്. വിശേഷബുദ്ധിയെ അനുഗ്രഹമാക്കാനും ശാപമാക്കാനും മനുഷ്യനു കഴിയും എന്നു ചുരുക്കം.
ഇന്നിനെ നിരീക്ഷിച്ചാല്‍ മനുഷ്യമനസ്സുകള്‍ വികൃതിയിലേക്ക് അധോഗതിയിലേക്ക്, സംഘടിതമായി കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണെന്നു കാണാം. ദൈവികതയിലേക്കുയരാന്‍ ശേഷിയുള്ള മനുഷ്യമനസ്സ് പൈശാചികതയിലേക്ക് നിപതിച്ചുകൊണ്ടിരിക്കുന്നു. ഇതിനു കാരണമന്വേഷിച്ചാല്‍, സ്വാര്‍ത്ഥതയില്‍നിന്നും നിസ്വാര്‍ത്ഥയിലേക്കുയരാന്‍ മനുഷ്യരെ പ്രേരിപ്പിച്ചിരുന്ന മതദര്‍ശനങ്ങളുടെയും സാമൂഹികപ്രസ്ഥാനങ്ങളുടെയും വിദ്യാഭ്യാസരീതികളുടെയും വേരറ്റുപോയതാണു ഹേതു എന്നു കാണാം. മാത്രമല്ല, ഇവയെല്ലാം ജീര്‍ണിച്ച്, മനുഷ്യമനസ്സിലെ സഹജസ്വാര്‍ത്ഥതയെ സ്വകാര്യമാത്രപരതയിലേക്ക് വലിച്ചുതാഴ്ത്തി അധഃപതിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളായിത്തീര്‍ന്നിരിക്കുന്നതായും കാണാം.
നിസ്വാര്‍ത്ഥത ത്യാഗത്തിലേക്കും കഷ്ടപ്പാടുകളിലേക്കുമുള്ള വഴിയാണെന്നൊരു ധാരണ പരക്കെയുണ്ട്. എന്നാല്‍ കാര്യം നേരേ മറിച്ചാണെന്നതാണു വസ്തുത. മറ്റുള്ളവരെയുംകൂടി ഉള്‍ക്കൊള്ളാന്‍ കഴിയുംവിധം മനസ്സ് വിശാലമാക്കുന്നതോടെ സ്വയം വളരുകമാത്രമല്ല, ജീവിതാസ്വാദനത്തിന്റെ പുതിയ പുതിയ വാതായനങ്ങള്‍ ഒരുവനു തുറന്നുകിട്ടുകകൂടിയാണ്. ജന്തുസഹജമായ ചോദനകളില്‍മാത്രമായി തളം കെട്ടിനില്‍ക്കാതെ, അവയെ മറികടക്കാന്‍ കഴിയുന്നു. ജീവിതം വിവിധ തലങ്ങളും മാനങ്ങളുമുള്ളതായിത്തീരുന്നു. സ്‌നേഹിക്കുന്നതിലും സ്‌നേഹിക്കപ്പെടുന്നതിലും, ആദരിക്കുന്നതിലും ആദരിക്കപ്പെടുന്നതിലും, കൊടുക്കുന്നതിലും കൊള്ളുന്നതിലുമുള്ള സന്തോഷം, കൃതാര്‍ത്ഥത, കൃതജ്ഞത മുതലായ ഉല്‍കൃഷ്ടവികാരങ്ങളാല്‍ സംസ്‌കൃതചിത്തനാകുന്നു. മനസ്സ് ഒന്നിനൊന്നു സജീവവും സംവേദനക്ഷമവും സര്‍ഗ്ഗാത്മകവുമാകുന്നു. മനസ്സുകളില്‍ മൂല്യസൃഷ്ടിയും സൗന്ദര്യ-സൃഷ്ടിയും നടക്കുകയും അതെല്ലാം നിര്‍വൃതിദായകങ്ങളാക്കുകയും ചെയ്യുന്നു. സ്വയം പ്രകാശനത്തിന്റെയും സ്വയം നല്‍കലിന്റെയും അന്തമില്ലാത്ത ഈ വഴിയിലൂടെ യഥാശക്തി മുന്നോട്ടുപോകുകയെന്നാല്‍ അതിനര്‍ത്ഥം, ജീവിതം ആവോളം ആസ്വദിക്കുകയെന്നും ആസ്വാദ്യമാക്കുകയെന്നുമാണ്. അങ്ങനെ ചെയ്യുന്നവര്‍ ജീവിതം ത്യജിക്കുകയല്ല, ജീവിതം നേടുകയാണു ചെയ്യുന്നത്. സംതൃപ്തിയും സാഫല്യബോധവും ശാന്തിയും എപ്പോഴും അവരോടൊപ്പമുണ്ടാകും. മാത്രമല്ല, അവരുടെ ജീവിതം മനുഷ്യകുലത്തിനാകെ മുതല്‍കൂട്ടാകുകയും, ആ നിലയില്‍ അവര്‍ അനശ്വരരാകുകയും ചെയ്യും.
എന്നാല്‍ ലോകത്തില്‍ ഇന്നു വ്യവസ്ഥാപിതമായിക്കഴിഞ്ഞിരിക്കുന്ന ആധുനികനാഗരികത മുന്നോട്ടുവയ്ക്കുന്ന ജീവിതസങ്കല്പവും സാമ്പത്തിക-രാഷ്ട്രീയനിലപാടുകളും മനുഷ്യരെ ഇപ്രകാരം ഔന്നത്യത്തിലേക്കു വളരാന്‍, ഉന്നതശീര്‍ഷരാകാന്‍ അനുവദിക്കുന്നില്ല. അവിടെ ജീവിതമെന്നാല്‍ സാമ്പത്തികജീവിതംമാത്രമാണ്. ജീവിതവിജയമെന്നാല്‍ ഓരോരുത്തരുടെയും ജീവിതത്തിലെ സാമ്പത്തികവിജയമാണ്. അതിനുള്ള വഴി മാത്സര്യത്തിന്റേതും പ്രകൃതിചൂഷണത്തിന്റേതുമാണ്. ജീവിതം ഭദ്രമാക്കാനും സുഖം വിലയ്ക്കുവാങ്ങാനും ആവശ്യമായ പണം നേടുകയാണു ജീവിതലക്ഷ്യം. അതിനായി കമ്പോളനിയമങ്ങളെ മനുഷ്യര്‍ അംഗീകരിച്ചനുസരിക്കേണ്ടിയിരിക്കുന്നു. കാരണം, എല്ലാ ക്രയവിക്രയങ്ങളുടെയും കേന്ദ്രവും മാധ്യമവും മാര്‍ക്കറ്റാണ്. ഇവിടെ മറ്റെല്ലാ ചരക്കുകള്‍ക്കുമൊപ്പം, മനുഷ്യനും അവന്റെ സര്‍ഗ്ഗാത്മകവും ബൗദ്ധികവുമായ ശേഷികളും വരെ സ്വകാര്യസ്വത്തുക്കളും വില്പനച്ചരക്കുകളുമാണ്.... വ്യാവസായികവിപ്ലവത്തോടെ ഉദ്ഘാടനം ചെയ്യപ്പെട്ട വ്യാവസായിക-കമ്പോളവ്യവസ്ഥിതി, 21-ാം നൂറ്റാണ്ടില്‍ മനുഷ്യനെ എത്തിച്ചിരിക്കുന്നത് ഈ സ്ഥിതിയിലാണ്.
(തുടരും)

ഫോണ്‍: 9497088904    ജോര്‍ജ് മൂലേച്ചാലില്‍
email   : geomoole@gmail.com.    വള്ളിച്ചിറ P.O. കോട്ടയം - 686574

1 comment: