Translate

Sunday, December 13, 2015

തലശ്ശേരി -കോളയാടു പള്ളിയിൽ സഘർഷം


തലശ്ശേരി -  രൂപതയിൽപ്പെട്ട കോളയാടു പള്ളിയിൽ പാരീഷ്ഹാൾ നിർമ്മാണവുമായി ബന്ധപ്പെട്ടവിഷയമാണ് സംഘർഷത്തിനിടയാക്കിയത്. നിലവിൽ നല്ല പാരീഷ്ഹാൾ കെട്ടിടം ഉണ്ടായിട്ടും ലക്ഷങ്ങൾ മുടക്കി പുതിയ കെട്ടിടം നിർമ്മിക്കുന്നതിനെ ഭൂരിപക്ഷം വിശ്വാസികളും എതിർത്തിരുന്നതും സാമ്പത്തിക തകർച്ചമുലം ജീവിതം ദുരിതപൂർണ്ണമായതിനാൽ ഈ തിരുമാനത്തിൽ നിന്നും പിൻമാറണമെന്നും ആവശ്യപ്പെട്ട് വിശ്വാസികൾ രൂപതാ മെത്രാൻ ജോർജ്ജ് ഞരളക്കാട്ടിനെ സമീപിച്ചിരുന്നു.

പ്രതികാരബുദ്ധിയോടെ പെരുമാറിയ കോളനാട് സെന്റ് അൽഫോൻസ പള്ളി വികാരി ഫാദർ കുര്യാക്കോസ് കവളക്കാട്ട് വിശ്വാസികളെ രണ്ടു തട്ടായി തിരിച്ച് പ്രശ്‌നങ്ങളുണ്ടാക്കിച്ചിരുന്നു .ഞായറാഴ്ച നടന്ന പൊതുയോഗത്തിൽ വിശ്വാസികളിൽ നിന്നും നിർബന്ധിത പിരിവ് നടത്തരുതെന്നും പള്ളിയിലെ കണക്കുകളിൽ ലക്ഷങ്ങളുടെ ക്രമക്കേടുണ്ടെന്നും സത്യസന്ധമായ കണക്കുകൾ വിശ്വാസികളെ ബോധ്യപ്പെടുത്തണമെന്നും പള്ളിയുടെ സ്വത്തുക്കൾ ക്രമവിരുദ്ധമായി സ്വകാര്യ വ്യക്തിക്ക് കൈമാറരുതെന്നും ആവശ്യപ്പെട്ട് പൊതുയോഗത്തിലെത്തിയവരെ അച്ചൻെറ  അടുപ്പക്കാർ കൈയ്യേറ്റം ചെയ്യുകയും അസഭ്യവാക്കുകൾ ചൊരിയുകയും ചെയ്തു . ഒരു കൈക്കാരന്റെ നേതൃത്വത്തിലാണ്  സംഭവം നടന്നത്.

ഭീകരാന്തരീഷത്തെത്തുടർന്ന് വിശ്വാസികൾ ചിതറിപ്പോവുകയും പൊതുയോഗം അലങ്കോലപ്പെട്ട് അവസാനിക്കുകയും ചെയ്തു. കെ. സി. ആർ.എം. പ്രവർത്തകരുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായെങ്കിലും സംഘർഷം നിലനിൽക്കുകയാണ്. ഈ പള്ളിയിലെ 300-ൽ താഴെയുള്ള പാവപ്പെട്ട കർഷക കുടുബങ്ങളുടെ മേലാണ് 70 ലക്ഷംരൂപയുടെ നിർബന്ധിത ഭാരം അടിച്ചേൽപ്പിക്കുന്നത്. കാർഷികമേഖല അപ്പാടെ തകർന്നിരിക്കുന്ന ഈ സാഹചര്യത്തിൽ എങ്ങനെ ഈ തുക കണ്ടെത്തുമെന്നറിയാതെ കുഴങ്ങുകയാണ് വിശ്വാസികൾ. ആത്മിയ ശുശ്രൂഷക്ക് വിശ്വാസികൾ നിയോഗിച്ചിരിക്കുന്ന പുരോഹിതൻ വിശ്വാസികളെ എല്ലാവരേയും സ്‌നേഹത്തിൽ ഒരുമിപ്പിച്ചുനിർത്തുകയും പള്ളിയിൽ ലഭിക്കുന്ന സംഭാവനകൾ അവിടുത്തെ പാവപ്പെട്ടവരുടെ ആവശ്യങ്ങൾക്ക് ചിലവഴിക്കുകയും ചെയ്യേണ്ട വ്യക്തിയാണ്. ഇവിടെ നേരേ വിപരീത ഫലമാണുണ്ടായിരിക്കുന്നത് എന്നോർക്കണം.

വികാരിയച്ചന്റെ പണത്തോടുള്ള ആർത്തിയും സ്വാർത്ഥതയും മൂലം  ആദ്യകാല മലബാർ കുടിയേറ്റ ചിരിത്രമുള്ളതും ഏകമനസ്സോടെ ജീവിച്ചുവന്നിരുന്നതുമായ ഒരു ജനതയുടെ ഹൃദയങ്ങളിൽ പകയുടെയും വിദ്വേഷത്തിന്റെയും വിത്തുകളാണ് അച്ചൻ പാകിയിരിക്കുന്നത്. ഇവിടുത്തെ ജനങ്ങളുടെ ഹൃദയങ്ങളിൽ ആഴത്തിലുള്ള മുറിവുകളാണുണ്ടാക്കിയിരിക്കുന്നത്. അടുത്തവർഷം വിരമിച്ച് പ്രീസ്റ്റു ഹോമിലേയ്ക്ക് പോകുന്ന അച്ചന്റെ മനസ്സ് ഇപ്പോഴും പണസമ്പാദനത്തിലും ജനങ്ങളെ തമ്മിലടിപ്പിക്കുന്നതിലുമാണെന്നത് ഖേദകരമാണ്.

 വിശ്വാസികൾ മുമ്പത്തെപോലെ സ്‌നേഹത്തോടും ,ഒത്തൊരുമയോടും കൂടെ ജീവിക്കണമെന്നും പ്രശ്‌നങ്ങൾ മനസ്സിലാക്കി ശാന്തതയോടെ ചർച്ച ചെയ്ത് ജനങ്ങൾക്കാവശ്യമില്ലാത്ത പാരീഷ് ഹാൾ നിർമ്മാണം വേണ്ടെന്നു വച്ച്. വിശ്വാസികളെ അമിത സാമ്പത്തികഭാരത്തിൽ നിന്നും ഒഴിവാക്കണമെന്നും വിശ്വാസികൾ സംയമനം പാലിക്കണമെന്നും കെ. സി. ആർ. എം . പേരാവൂർ റീജണൽ കമ്മറ്റി ആഹ്വാനം ചെയ്തു. പൊട്ടിത്തെറിയുടെ വക്കിലെത്തിനിൽക്കുന്ന ഈ വിഷയ ത്തിൽ അഭിവന്ദ്യ മാർ ജോർജ്ജ് ആലഞ്ചേരി അടിയന്തിരമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നും ആവശ്യപ്പെടുന്നു.

No comments:

Post a Comment