Translate

Tuesday, December 1, 2015

കുടുംബസിനഡും ലോകത്തിന്റെ മാറ്റവും


ജോര്‍ജ് മൂലേച്ചാലില്‍ (എഡിറ്റര്‍, സത്യജ്വാല)

നവംബര്‍ 2015 മുഖക്കുറി

കണ്ണും കാതും തുറന്നുവച്ച് ലോകം കാത്തിരുന്ന ഒന്നായിരുന്നു, റോമില്‍ ഈ ഒക്‌ടോബര്‍ 4-ന് ആരംഭിച്ച് 25-ന് അവസാനിച്ച ഫാമിലി സിനഡ്. ഇതിനു മുന്നൊരുക്കമായി 2014 ഒക്‌ടോബറില്‍ ഒരു അസാധാരണ സിനഡ് നടത്തുകയുണ്ടായി എന്നതില്‍നിന്നുതന്നെ, ഈ സിനഡിന് ഫ്രാന്‍സീസ് മാര്‍പ്പാപ്പാ എത്രമാത്രം പ്രാധാന്യം നല്‍കിയിരുന്നു എന്നു വ്യക്തമാണ്. അതിനെത്തുടര്‍ന്നും വലിയ ഒരുക്കങ്ങളാണ് ലോകമാസകലം ഈ സൂനഹദോസിനുവേണ്ടി നടത്തപ്പെട്ടത്. അതിലേറ്റവും മുഖ്യം, രൂപതാതലത്തില്‍ നടത്തപ്പെട്ട കുടുംബസര്‍വേ ആയിരുന്നു. കുടുംബബന്ധങ്ങളിലെ വിടവുകള്‍, വിവാഹമോചനം, പുനര്‍വിവാഹം, വിവാഹം കൂടാതെയുള്ള ഒന്നിച്ചു ജീവിക്കല്‍, സ്വലിംഗവിവാഹം എന്നിങ്ങനെ ആധുനികലോകത്തില്‍ വര്‍ദ്ധിച്ചുവരുന്ന നൂതനപ്രവണതകളെയും പ്രശ്‌നങ്ങളെയും അതിലുള്‍പ്പെട്ട മനുഷ്യരെയും സഭ എങ്ങനെ സമീപിക്കണം എന്നതായിരുന്നു, സിനഡിന്റെ മുഖ്യപ്രമേയം. ഇക്കാര്യങ്ങളില്‍ കുടുംബസ്ഥരുടേകൂടി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സിനഡില്‍ പ്രതിഫലിക്കണമെന്ന ലക്ഷ്യത്തോടെയാണ്, തങ്ങളുടെ രൂപതകളിലെ കുടുംബങ്ങളുടെയിടയില്‍ ഇതെല്ലാം സംബന്ധിച്ച് ഒരു അഭിപ്രായസര്‍വ്വേ നടത്താന്‍, അതിനാവശ്യമായ മാര്‍ഗ്ഗരേഖകള്‍ നല്‍കി, മെത്രാന്മാരെ മാര്‍പ്പാപ്പാ ചുമതലപ്പെടുത്തിയത്. (ഇന്ത്യയിലെ മെത്രാന്മാര്‍ ഈ സര്‍വ്വേ പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നു എന്നോര്‍ക്കുക.) ഈ സര്‍വ്വേയിലൂടെ സമാഹരിക്കപ്പെട്ട കുടുംബസ്ഥരുടെ താരതമ്യേന തുറന്നതും അനുഭവങ്ങളുടെ ചൂരുള്ളതുമായ കാഴ്ചപ്പാടുകള്‍, സഭയുടെ വാതിലുകള്‍ മലര്‍ക്കെ തുറക്കാനാഗ്രഹിക്കുന്ന ഫ്രാന്‍സീസ് മാര്‍പ്പാപ്പായ്ക്ക് ശക്തി പകരുന്നവയായി എന്നുവേണം കരുതാന്‍. അതിന്റെ അടിസ്ഥാനത്തിലായിരിക്കണം, 'മുഴുവന്‍ ദൈവജനത്തെയും ഉള്‍പ്പെടുത്തി നടത്തപ്പെടുന്ന ഒന്നാണ് ഈ സിനഡ്' എന്ന് അവിടെ കൂടിയിരുന്ന 270 ബിഷപ്പുമാരെ അദ്ദേഹം ഓര്‍മ്മിപ്പിച്ചത്. തുടര്‍ന്ന്, ലോകമെമ്പാടുമുള്ള കുടുംബങ്ങളെ അഭിസംബോധന ചെയ്ത്, അവര്‍ നല്‍കിയ പിന്തുണ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നുവെന്നും, മറ്റേതു കാലത്തെയുംകാള്‍ അതേറ്റവും ആവശ്യമായിരുന്ന ഒരു കാലഘട്ടമാണിതെന്നും അദ്ദേഹം പറയുകയും ചെയ്തു.
എന്താണീ കാലഘട്ടത്തിന്റെ പ്രത്യേകതയെന്നാല്‍, നൂറ്റാണ്ടുകളായി ശരിയെന്നു കരുതപ്പെട്ടിരുന്ന വ്യവസ്ഥാപിത കാഴ്ചപ്പാടുകളെല്ലാം മനുഷ്യന്റെ സുസ്ഥിതിക്കും നിലനില്‍പിനുതന്നെയും വിനയായിരിക്കുന്നു എന്ന തിരിച്ചറിവിന്റെയും, നിലനില്പിന്റെ പുതിയ വഴികള്‍ തേടാന്‍ മനുഷ്യന്‍ ആരംഭിച്ചിരിക്കുന്നു എന്നതിന്റെയും ഒരു സവിശേഷ ചരിത്രമുഹൂര്‍ത്തമാണിത് എന്നതാണത്. പാശ്ചാത്യലോകത്തു ജന്മംകൊണ്ടതും ഇന്നു ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്നതുമായ ആധുനികവികസനവീക്ഷണങ്ങളെല്ലാം മനുഷ്യന്റെ മൂല്യബോധത്തെയും സര്‍ഗ്ഗാത്മകതയെയും ശോഷിപ്പിക്കുകയും ജീവിതത്തെ അന്തസാരശൂന്യവും ഉപരിപ്ലവവുമാക്കുകയാണു ചെയ്യുന്നത് എന്ന് ഈ കാലഘട്ടത്തിലെ മനുഷ്യര്‍ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. അമൂല്യവും മഹത്വത്തിന്റെ വിത്തുകളാല്‍ അനുഗൃഹീതവുമായിരിക്കുന്ന മനുഷ്യജീവിതത്തെ ഈ ആധുനികത, കേവലം ഉപജീവനത്തിനും അതിജീവനത്തിനുമുള്ള മാത്സര്യമാക്കി മാറ്റിയിരിക്കുന്നുവെന്നും തന്മൂലം, ജീവിതത്തിന്റെ സാംസ്‌കാരികവും കാല്പനികവും ആത്മീയവുമായ തലങ്ങളിലേക്കു കടന്ന് ജീവിതത്തിന് അര്‍ത്ഥം നല്‍കാന്‍ കഴിയാതെ പോകുന്നുവെന്നുമുള്ള അവബോധവും വ്യഥയും മനുഷ്യനിലിന്നു കൂടിവരുന്നു. ഇക്കാരണങ്ങളാല്‍, സമസ്തജീവിതമേഖലകളിലും ഒരു സമൂലവീക്ഷണവ്യതിയാനം (paradigm shift) അനിവാര്യമായിരിക്കുന്നുവെന്ന് അല്പമെങ്കിലും മുന്നോട്ടുകാണാന്‍ ശേഷിയുള്ളവരെല്ലാം ചിന്തിച്ചുതുടങ്ങിയിരിക്കുന്ന ഒരു കാലഘട്ടമാണിത്.
ഇതേപോലത്തെ ഒരു സമൂലവീക്ഷണവ്യതിയാനം പാശ്ചാത്യവേരുകളുള്ള കത്തോലിക്കാസഭയിലും ആവശ്യമാണെന്ന ചിന്ത രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍മുതല്‍ ഇവിടെയുണ്ട്. നിലവില്‍ അതൊരു അടഞ്ഞ സംവിധാനമാണെന്നും, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന യേശുവിന്റെ സ്‌നേഹസന്ദേശത്തിന് അവിടെ നിലനില്പില്ലെന്നും, അതുകൊണ്ട് സഭയെ വീണ്ടും വിശ്വാസികളുടെ കൂട്ടായ്മ എന്ന സങ്കല്പത്തിലെത്തിക്കേണ്ടതുണ്ടെന്നുമുള്ള ചിന്തയ്ക്കു വ്യാപകമായി വിത്തിട്ടത് ആ സൂനഹദോസാണ്. എന്നാല്‍, തുടര്‍ന്നുവന്ന യാഥാസ്ഥിതികരും സിദ്ധാന്തവാദികളുമായ ഏതാനും മാര്‍പ്പാപ്പാമാരും അവര്‍ വാഴിച്ച മെത്രാന്മാരും ചേര്‍ന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പകുതി തുറന്നുവച്ച സഭയുടെ വാതില്‍ തിരിച്ചുതള്ളി അടയ്ക്കുകയായിരുന്നു. സഭയെ രാജകീയപൗരോഹിത്യം പിടിച്ചടക്കിയ നാലാം നൂറ്റാണ്ടുമുതല്‍ യേശുവിന്റെ ജീവത്തായ സ്‌നേഹദര്‍ശനം, ഉണങ്ങിവരണ്ട വിശ്വാസസത്യങ്ങള്‍(creeds)കൊണ്ടും പുരോഹിതസിദ്ധാന്തങ്ങള്‍(dogma)കൊണ്ടും മറയ്ക്കപ്പെട്ടു. അവയുടെ അടിസ്ഥാനത്തിലുള്ള നിയമങ്ങ (codes)ളുടെയും അനുഷ്ഠാനങ്ങ(cult)ളുടെയും അനുസരിക്കലും ആചരിക്കലുംമാത്രമായി ക്രൈസ്തവജീവിതം മാറി. അതു നിര്‍വ്വഹിക്കുന്നതില്‍ വീഴ്ചവരുത്തുന്നവര്‍ സഭയ്ക്കു പുറത്തുപോകാന്‍ നിര്‍ബ്ബന്ധിതരായി. ജനിച്ചു
വളര്‍ന്ന സമൂഹത്തില്‍നിന്ന് സിദ്ധാന്തപരമായ അഭിപ്രായവ്യത്യാസങ്ങള്‍മൂലവും എല്ലാക്കാര്യങ്ങളും പാലിക്കാന്‍ കഴിയാത്തതിന്റെപേരിലും വിശ്വാസികളെ പുറത്താക്കി സാമൂഹികമായി ഒറ്റപ്പെടുത്തുന്ന അക്രൈസ്തവസമീപനം തെറ്റാവരത്തോടെ പുലരുകയാണ്, ഇന്നും സഭയില്‍. ഈ ദുസ്സഹസാഹചര്യത്തോടുള്ള സാമൂഹികപ്രതികരണമായി വേണം, പാശ്ചാത്യക്രൈസ്തവരുടെ ഇന്നത്തെ പള്ളിബഹിഷ്‌കരണത്തെ കാണാന്‍ എന്നു തോന്നുന്നു. സഭയോടും സഭാകാര്യങ്ങളോടുമുള്ള വിമുഖത എല്ലായിടത്തും ഇന്നു കൂടിവരുകയുമാണ്.
സഭയുടെമേലുള്ള സിദ്ധാന്തങ്ങളുടെ പിടി അയച്ചുകൊണ്ടുവരുകയും, എല്ലാവരെയും ആശ്ലേഷിക്കുന്ന യേശുവിന്റെ സ്‌നേഹമൂല്യങ്ങളെ സഭയില്‍ കുടിയിരുത്തുകയും ചെയ്യുകയെന്നതാണ് ഈ പ്രതിസന്ധിയെ നേരിടാനുള്ള ഏകപോംവഴിയെന്ന് ക്രാന്തദര്‍ശിയായ ഫ്രാന്‍സീസ് മാര്‍പ്പാപ്പാ കാണുന്നു. എന്നാല്‍, അതൊരു വിളംബരംകൊണ്ടോ ചാക്രികലേഖനമിറക്കിയോ നടപ്പാക്കാവുന്ന കാര്യമല്ലതാനും. മാറ്റം അസാദ്ധ്യമെന്നു തോന്നിപ്പോകുന്ന തരത്തില്‍ മരവിച്ചുകിടക്കുന്ന സഭാശരീരത്തെ തട്ടിയും തലോടിയും ഉണര്‍ത്തിയെടുത്തേ അതു സാധിക്കൂ. അടയിരുന്ന് കൃത്യമായ അളവില്‍ ചൂടുകൊടുത്തുകൊണ്ട് മുട്ട വിരിയിക്കുന്നതുപോലെ, സാവധാനത്തില്‍ മാത്രം നടത്താവുന്ന ഒരു പ്രക്രിയയാണത്. സ്ഥാനമേറ്റ നിമിഷംമുതല്‍, മൃതമായിക്കഴിഞ്ഞിരുന്ന ഇന്നത്തെ സഭയിലേക്കു ചൂടും വെളിച്ചവും പകര്‍ന്ന് ലോകത്തില്‍ യേശുവിന്റെ സഭയെ വിരിയിച്ചെടുക്കാനുള്ള പരിശ്രമത്തിലാണദ്ദേഹം.
അതിന് സിദ്ധാന്തചര്‍ച്ചയ്ക്കു പകരം, വിശ്വാസികളായ മനുഷ്യരുടെ ജീവല്‍പ്രശ്‌നങ്ങള്‍ ചിന്താവിഷയങ്ങളായി ഇട്ടുകൊടുത്ത്, വചനാധിഷ്ഠിതമായി അവ എങ്ങനെ പരിഹരിക്കാം എന്നു ചോദിക്കുകയും, അതിനു തന്റേതായ മറുപടികള്‍ പറയുകയും ചെയ്യുന്ന ഒരു സമീപനമാണദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ഈ സമീപനത്തിന്റെ വലിയൊരു ആവിഷ്‌കാരമായിട്ടാണ് കുടുംബവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും സഭയുടെ സമീപനങ്ങളും ചിന്താവിഷയമാക്കി കഴിഞ്ഞ ഒക്‌ടോബറിലും ഈ ഒക്‌ടോബറിലുമായി രണ്ടു സിനഡുകള്‍ നടത്തിയത്.
മോശെയ്ക്കും മോശെയുടെ നിയമങ്ങള്‍ക്കുമെതിരെ സംസാരിക്കാന്‍ നീയാര് എന്ന ഫരിസേയരുടെയും വേദജ്ഞരുടെയും ചോദ്യങ്ങളെ യേശു നേരിട്ട അതേ സമചിത്തതയോടെയാണ്, സഭാനിലപാടുകളുടെ കാര്‍ക്കശ്യത്തിനെതിരെ യേശുവിന്റെ സ്‌നേഹത്തെയും കരുണയെയും ഉയര്‍ത്തിക്കാട്ടി ഫ്രാന്‍സീസ് മാര്‍പ്പാപ്പാ യാഥാസ്ഥിതികമെത്രാന്മാരുടെ വായടപ്പിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഈ രണ്ടു സിനഡുകളിലെയും അദ്ദേഹത്തിന്റെ വാക്കുകള്‍ തെളിയിക്കുന്നു. എന്നാല്‍, മാര്‍പ്പാപ്പാ ഈ സിനഡിന്റെ സമാപനപ്രസംഗത്തില്‍ (കാണുക: പേജ്,5) വിശേഷിപ്പിച്ചപ്രകാരത്തില്‍, 'സുവിശേഷത്തെ സിദ്ധാന്തവല്‍ക്കരിച്ച് മറ്റുള്ളവര്‍ക്കുനേരെ എറിയാനുള്ള നിര്‍ജീവചീളുകല്ലുകളാക്കുന്നവ'രുടെയും, 'മോശയുടെ സിംഹാസനത്തിലും ന്യായാധിപസ്ഥാനങ്ങളിലുമിരുന്ന് ഉല്‍കൃഷ്ടതാഭാവത്തോടെ ഉപരിപ്ലവതീര്‍പ്പുകള്‍ കല്പിക്കുന്നവ'രുടെയും, 'സഭാപഠനങ്ങളുടെപിന്നില്‍ ഒളിച്ചിരിക്കുന്ന അടഞ്ഞ ഹൃദയമുള്ള'വരുടെയും ഹൃദയകാഠിന്യം പെട്ടെന്നൊന്നും മയപ്പെടുകയില്ല. എങ്കില്‍പ്പോലും, സഭാസമീപനങ്ങളില്‍ മാറ്റമുണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ച മിക്ക കാര്യങ്ങളും അവസാനവോട്ടെടുപ്പില്‍ കേവലഭൂരിപക്ഷത്തോടെ അംഗീകരിക്കപ്പെട്ടു. അതൊരു വലിയ വിജയമാണ്.
യേശു വിവാഹമോചനത്തെയോ വ്യഭിചാരത്തെയോ സ്വലിംഗവിവാഹത്തെയോ അനുകൂലിച്ചിട്ടില്ല എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ പാപികളെ തേടിവന്ന അവിടുന്ന് ഇതിലെല്ലാം ഉള്‍പ്പെട്ട മനുഷ്യര്‍ക്കെതിരെ തീര്‍ച്ചയായും മുഖംതിരിക്കുമായിരുന്നുമില്ല. ഇക്കാര്യങ്ങളില്‍ 'പാപി'കളെന്നു വിധിച്ച് മനുഷ്യരെ പുറന്തള്ളിക്കൊണ്ടിരിക്കുന്ന ആധികാരികസഭയെ യേശുവിന്റെ ഈ കാരുണ്യം ചൂണ്ടിക്കാട്ടി തിരുത്തുവാനുള്ള ഭഗീരഥപ്രയത്‌നമായിരുന്നു മാര്‍പ്പാപ്പായുടേത്. അങ്ങനെയുള്ളവര്‍ക്ക് കുമ്പസാരവും കുര്‍ബാനയും സഭാജീവിതവും നിഷേധിക്കരുതെന്നും അവര്‍ക്കും സഭാമക്കളെന്ന അംഗീകാരം നല്‍കണമെന്നുംമാത്രമാണ് മാര്‍പ്പാപ്പയും അദ്ദേഹത്തെ പിന്തുണച്ച മെത്രാന്മാരും വാദിച്ചത്. അത്, പാപത്തെപ്പറ്റിയുള്ള സഭയുടെ പ്രബോധനങ്ങള്‍ തെറ്റാണെന്നു വ്യാഖ്യാനിക്കാനിടവരുത്തുമെന്നതിനാല്‍ അനുവദിക്കാനാവില്ല എന്ന് ഭൂരിപക്ഷയാഥാസ്ഥിതികമെത്രാന്മാരും വാദിച്ചു. അവസാനം, പാപത്തെക്കുറിച്ചുള്ള സഭാനിലപാടു നിലനിര്‍ത്തുന്നതില്‍ യാഥാസ്ഥിതികപക്ഷവും, 'പാപി'കളോടുള്ള സമീപനത്തില്‍ അയവുവരുത്തുന്നതില്‍ പുരോഗമനപക്ഷവും വിജയിച്ചു...
സഭയ്ക്കുപുറത്തു വിവാഹമോചിതരായവര്‍ക്കും പുനര്‍വിവാഹം നടത്തിയവര്‍ക്കും കുര്‍ബാനയടക്കമുള്ള കൂദാശകള്‍ ഉപാധികളോടെ നല്‍കാന്‍ തീരുമാനമായി. സ്വലിംഗവിവാഹത്തെ തള്ളിപ്പറഞ്ഞുകൊണ്ടുതന്നെ, അവര്‍ക്കെതിരെ വിവേചനംപാടില്ല എന്ന നിലപാടിനും അംഗീകാരമായി. സ്ത്രീകള്‍ക്കു സഭയില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കണമെന്ന നിര്‍ദ്ദേശവും തത്വത്തില്‍ അംഗീകരിക്കപ്പെട്ടു.
ശുഭാപ്തിവിശ്വാസവും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ കത്തോലിക്കാസഭയുടേപോലും നിലപാടുകളില്‍ അയവുവരുത്താനാകും എന്ന അത്ഭുതസന്ദേശമാണ് ഫ്രാന്‍സീസ് മാര്‍പ്പാപ്പാ നമുക്കിവിടെ നല്‍കുന്നത്. ഇതെല്ലാം ഒരു തുടക്കം മാത്രമാണെന്നും നാം കാണണം. ഇപ്പോള്‍ത്തന്നെ, തള്ളപ്പെട്ട നിര്‍ദ്ദേശങ്ങള്‍പോലും അടഞ്ഞ അദ്ധ്യായങ്ങളാകാതിരിക്കാന്‍, മുഴുവന്‍ സിനഡ് റിപ്പോര്‍ട്ടും പരസ്യപ്പെടുത്താനും ബിഷപ്‌സ് കോണ്‍ഫറന്‍സുകളിലേക്കയച്ച് അതു വ്യാപകമായി ചര്‍ച്ച ചെയ്യാനവസരം സൃഷ്ടിക്കാനും അദ്ദേഹം തീരുമാനിച്ചുകഴിഞ്ഞു. ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ മനുഷ്യസ്‌നേഹപ്രചോദിതങ്ങളായ ആശയങ്ങള്‍, അരിമാവില്‍ പുളിമാവുപോലെ പ്രവര്‍ത്തിച്ച് മനുഷ്യഹൃദയങ്ങളെ കൂടുതല്‍ മാര്‍ദ്ദവമുള്ളതാക്കുവാന്‍ ഇതെല്ലാം ഉതകുകതന്നെ ചെയ്യും. അടുത്ത ഘട്ടങ്ങളിലായി, സഭാസമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യത്തോടെയുള്ള സഭാസിനഡുകള്‍ക്കു തുടക്കമുണ്ടായാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല. അങ്ങനെ സഭാകാര്യങ്ങള്‍ സുതാര്യമാകുകയും വിഷയചര്‍ച്ചകളും അഭിപ്രായരൂപീകരണവും വിശ്വാസികളുടെ തലത്തിലേക്കുവരെ വ്യാപിക്കുകയും ചെയ്യുന്നതോടെ യാഥാസ്ഥിതികസഭാദ്ധ്യക്ഷന്മാരുടെ സ്വരം ദുര്‍ബലമാകുകയും, സഭ യേശുവിന്റെ സഭയാകാനാരംഭിക്കുകയും ചെയ്യും.
മറ്റൊരു ലോകം സാധ്യമാണ് എന്നതുപോലെ, മറ്റൊരു സഭയും സാധ്യമാണ്. മറ്റൊരു ലോകത്തെ സാധ്യമാക്കാന്‍തന്നെ മറ്റൊരു സഭയെ സാധ്യമാക്കേണ്ടതുമുണ്ട്. കാരണം, മനുഷ്യത്വരഹിതമായ ഇന്നത്തെ ലോകത്തിന്റെ നിര്‍മ്മിതിയില്‍ മുഖ്യ പങ്കുവഹിച്ചത് മനുഷ്യത്വം ചോര്‍ന്നുപോയ ക്രൈസ്തവസഭയായിരുന്നു. ലോകം ഇന്നും അതിന്റെ ദുസ്വാധീനത്തിലാണ്.

No comments:

Post a Comment